Campus Alive

ആന്റണി ബോര്‍ഡൈന്‍: മധ്യപൂര്‍വ്വേഷ്യയുടെ സഹയാത്രികന്‍

ആന്റണി ബോര്‍ഡൈന്‍, തീന്‍മേശ ഇഷ്ടപ്പെടുന്ന ഏത് മനുഷ്യനും പരിചിതമായ പേരാണത്. യുഎസ് സെലിബ്രിറ്റി ഷെഫും മികച്ച അവതാരകനുമായ അദ്ദേഹത്തിന്റെ ആകസ്മിക മരണവാര്‍ത്ത ലോക ജനത ഞട്ടലോടെയാണ് കേട്ടത്. സിഎന്‍ എന്‍ ചാനലിന്റെ ഭക്ഷണയാത്ര പരിപാടി Parts Unknown ടിവി സിരീസിന്റെ അവതാരകനായിരുന്നു അദ്ദേഹം. പ്രശസ്ത പാചക പുസ്തക ഗ്രന്ഥമായ Kitchen Confidential Adventures in the Culinary Underbelly യുടെ കര്‍ത്താവായ അദ്ദേഹം ലോക രാജ്യങ്ങളുടെ വിവിധയിനം ഭക്ഷണരുചികളെ പരിചയപ്പെടുത്തുന്നതിന് വേണ്ടി ആരംഭിച്ച പ്രശസ്ത ടിവി പരമ്പരയാണ് കുക്ക്‌സ് ടൂര്‍.

ഭക്ഷണത്തിന് മുമ്പില്‍ കാഴ്ചക്കാരെ സൃഷ്ടിക്കാനായിരുന്നു ബോര്‍ഡൈന് പ്രിയം. തീന്‍ മേശക്ക് മുമ്പിലിരുന്ന് ഒരോ രാജ്യത്തിന്റെ ചരിത്രവും സ്ംസ്‌കാരവും രാഷ്ട്രീയവും പഠിക്കാനും വിമര്‍ശിക്കാനും അദ്ദേഹം സമയം കണ്ടത്തി. പാചകക്കാരന്‍ എന്നതിലുപരി സ്‌നേഹം വിളമ്പുന്ന സഞ്ചാരി എന്ന് പറയാവുന്ന രീതിയിലേക്ക് അദ്ദേഹത്തിന്റെ യാത്രകള്‍ മാറിക്കഴിഞ്ഞിരുന്നു. വിശിഷ്യാ മധ്യപൂര്‍വ്വേഷ്യയിലേക്കുള്ള യാത്രകള്‍ അദ്ദേഹം തന്റെ കുറിപ്പുകളിലും എപ്പിസോഡിലും ഡോക്യുമെന്ററിയിലും മനോഹരമായി പറഞ്ഞുവെക്കുന്നുണ്ട്. മരണവാര്‍ത്ത കേട്ട സമയത്ത് സോഷ്യല്‍ മീഡിയകളില്‍ ലോകജനത മുഴുവന്‍ തങ്ങള്‍ക്കിഷ്ടപ്പെട്ട കൂട്ടുകാരന്റെ വിരഹവേദന അവരുടെ പോസ്റ്റുകളിലൂടെ അറിയിച്ചുകൊണ്ടിരുന്നു. 2002ല്‍ കുക്ക്‌സ് ടൂര്‍, 2005ലെ നോ റിസര്‍വേഷന്‍, 2015ലെ പാര്‍ട്‌സ് അണ്‍നോണ്‍, തുടങ്ങിയ ടിവി സീരിസുകളിലൂടെ അദ്ദേഹത്തിന് ലക്ഷക്കണക്കിന് പ്രേക്ഷകരെ കയ്യിലെടുക്കാന്‍ സാധിച്ചു.

ഭക്ഷണവിഭങ്ങളെ കുറിച്ചുള്ള സംഭാഷണത്തേക്കാളുപരി ഓരോ പ്രദേശത്തെയും പാരമ്പര്യ സാമൂഹിക ചിഹ്നങ്ങളെയും രീതികളെയും സൂക്ഷമമായി അവലോകനം ചെയ്യാനും വിമര്‍ശവിധേയമാക്കാനും അദ്ദേഹം ശ്രദ്ധിച്ചു. തന്റെ നിലപാടുകള്‍ ടിവി പരമ്പരകളിലൂടെ തുറന്നുപറയാനും അദ്ദേഹം മടിച്ചില്ല. പ്രത്യേകിച്ച് ന്യൂനപക്ഷ വിഭാഗങ്ങളുടെയും പ്രാന്തവത്കരിക്കപ്പെട്ട ജനതയുടെയും കൂടെ നില്‍ക്കാനും അവര്‍ക്ക് ഊര്‍ജം നല്‍കാനും അദ്ദേഹം സമയം കണ്ടത്തി. പ്രമുഖ പാചക എഴുത്തുകാരിയായ ആന്ദ്രേ ന്‍ഗുയേന്‍ (Andrew Nguyen) ‘അവഗണിക്കപ്പെട്ട ഭക്ഷണവിഭങ്ങള്‍’ എന്ന് വിശേഷിപ്പിച്ചതിനെ അദ്ദേഹം മുഖ്യധാരയിലേക്ക് കൊണ്ടുവന്നു. വിവിധ രാജ്യങ്ങളില്‍ നിന്ന് തനിക്ക് ഭക്ഷണം നല്‍കിയ ആളുകളുടെ മുഖത്ത് നോക്കി, അവരുടെ ജീവിതമറിഞ്ഞ് അവരുടെ കഥകള്‍ അദ്ദേഹം ജനങ്ങള്‍ക്ക് വിവരിച്ചു. A Cooking Gene: A  Journey Through African American Culinary History in the Old South  എന്ന പുസ്തകത്തിന് ജയിംസ് ബേര്‍ഡ് അവാര്‍ഡ് നേടിയ പ്രമുഖ ഭക്ഷണ ചരിത്രകാനായ മൈക്കല്‍ ട്വിറ്റി (Michael Twitty) പറഞ്ഞത് വളരെ ശ്രദ്ധേയമാണ്. ഒരു കറുത്ത വര്‍ഗക്കാരനെ സംബന്ധിച്ചിടത്തോളം വെളുത്തവന്റെ വരേണ്യ ഭക്ഷണ സാമ്രാജ്യത്തെ നിരന്തരം വിമര്‍ശനവിധേയമാക്കിയവരാണ് ബോര്‍ഡൈന്‍. ആഫ്രിക്കന്‍ നാഗരികതയുടെ കളിത്തൊട്ടിലെന്ന് അദ്ദേഹം വിളിച്ച ഹെയ്തിയിലേക്ക തന്റെ കാമറകണ്ണുകളെ പായിപ്പിച്ചു.

ഡയറ്റ്‌റൈറ്റ് യൂണിവേഴ്‌സിറ്റിയിലെ നിയമാധ്യപകനും ‘അമേരിക്കന്‍ ഇസ്‌ലാമോഫോബിയ’ എന്ന വിഖ്യാത പുസ്തകത്തിന്റെ രചയിതാവുമായ ഖാലിദ് ബെയ്ദൂന്‍ അദ്ദേഹത്തെക്കുറിച്ച് അഭിപ്രായപ്പെട്ടത് ഇങ്ങനെ: ”നിത്യജീവിതത്തിന്റെ ഭാഗമായി കഴിയുന്ന അറബ്- അറബേതര മുസ്‌ലിം സമൂഹത്തിന്റെ ജീവിതാനുഭങ്ങളെ രാഷ്ട്രീയ പ്രേരിതമല്ലാതെ, ലളിതമായി മാനവികവല്‍കരിക്കാന്‍ ബോര്‍ഡൈന്‌ സാധിച്ചു”. 2006ല്‍ ഹിസ്ബുല്ലയും ഇസ്രയേലും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന വേളയില്‍ ലബനാനിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര യമ്മി അവാര്‍ഡ് വരെ നേടികൊടുത്തു. ബി ബി സി റിപ്പോര്‍ട്ടറായ കിം കട്ടാസിനൊപ്പം, കലാപം കൊണ്ടു കുഴഞ്ഞുമറിഞ്ഞ ജനതയെ സൂക്ഷമമായി കാമറയില്‍ പകര്‍ത്താന്‍ അദ്ദേഹം ധൈര്യം കാണിച്ചു. ഇതുപോലെയുള്ള രാജ്യങ്ങളിലുള്ള കലാപ ജീവിതങ്ങളാണ് ബോര്‍ഡൈനിനെ പാര്‍ട്ട് അണ്‍നോണ്‍ എന്ന ടിവി പരമ്പരയിലേക്ക് എത്തിച്ചത്. അതുകൊണ്ടായിരിക്കാം ലബനാനിനെക്കുറിച്ചുള്ള പരമ്പരയില്‍ അദ്ദേഹം ഒരു നെടുവീര്‍പ്പിട്ട് സ്വയം സമാധാനിച്ച് പറയുന്നുണ്ട് ”ഒരുപക്ഷേ നീ ലോകത്തിന് മുമ്പില്‍ മികച്ച രാഷ്ട്രമായി വരും.”

ഭക്ഷണത്തെ കേവല നിലനില്‍പിന്റെ വസ്തുവായി കാണുന്നതിനപ്പുറം ആദരവ്, സ്വീകാര്യത, അനുഭൂതി എന്നിവ ആര്‍ജിക്കാനുള്ള ഉപാധിയായി അദ്ദേഹം മനസ്സിലാക്കിയിരുന്നു. പാര്‍ട്ട് അണ്‍നോണിലെ ഫലസ്ഥീന്‍- ഇസ്രായേല്‍ എപ്പിസോഡ് ചിത്രീകരിച്ചതിന് ബോര്‍ഡൈന് മുസ്‌ലിം പബ്ലിക് അഫേഴ്‌സ് കൗണ്‍സിലിന്റെ ശ്രദ്ദേയമായ അവാര്‍ഡ് ലഭിക്കുകയുണ്ടായി. അദ്ദേഹവുമായി സഹകരിച്ച് The Gaza Kitchen: A Palestine Culinary Journey എന്ന ഗ്രന്ഥം എഴുതിയ ലൈല അല്‍ ഹദ്ദാദ് കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ തന്റെ കൊച്ചുമകളുടെ ഫോട്ടോ പോസ്റ്റിട്ടതിനുശേഷം പറഞ്ഞു ”എപ്പിസോഡിന്റെ ഷൂട്ടിംഗിനിടയില്‍ എട്ട് മാസമുള്ള എന്റെ മകള്‍ക്ക് ഒരു നല്ല കഥപറച്ചിലുകാരനായിരുന്നു ബോര്‍ഡൈന്‍. മകള്‍ വേഗം ഉറങ്ങാനുള്ള വഴികാട്ടിയായിരുന്നു അദ്ദേഹം”. ഗാസ ശക്തമായ സൈനിക നിരീക്ഷണത്തിലായിട്ടു പോലും ഫലസ്ഥീനികളുടെ ദുരിതം മനസ്സിലാക്കുന്നതിലും അവരുടെ കൂടെകഴിയുന്നതിലും അദ്ദേഹത്തിന് പൂര്‍ണ്ണ സമ്മതമായിരുന്നു. വെസ്റ്റ്ബാങ്കും ഗാസയും നടന്ന് കണ്ട അദ്ദേഹം പറഞ്ഞുവത്രേ ”ഞാന്‍ ചെയ്തത് ധീരോദാത്തമായ ദൗത്യമല്ല, മറിച്ച് പ്രാഥമികമായ മാനുഷിക കടമയാണ്. ഇസ്രായേലുകള്‍ ചെയ്യുന്നത് എനിക്ക് വിശ്വസിക്കാന്‍ സാധിക്കുന്നില്ല, അവര്‍ ഫലസ്ഥീനികളുടെ മനുഷ്യത്വമാണ് മോഷ്ടിക്കുന്നത്.”

ഫലസ്തീനിന് പുറമേ ബോര്‍ഡൈന്‍ ലിബിയ, ലെബനാന്‍, വിയറ്റനാം, കോംഗോ, കിര്‍ഗിസ്ഥാന്‍, മ്യാന്‍മര്‍, ഇറാന്‍, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ ഭക്ഷണ പര്യടനം നടത്തിയിട്ടുണ്ട്. ഭക്ഷണത്തേക്കാള്‍ പൊളിറ്റിക്കലായി ലോകത്ത് ഒന്നുമില്ല എന്ന അഭിപ്രായം പുലര്‍ത്തുന്ന വ്യക്തിത്വമായത് കൊണ്ട്തന്നെ ജനങ്ങളോട് അദ്ദേഹം ചോദിച്ചിരുന്നന്നത് ആര് ഭക്ഷിക്കുന്നു, എന്ത് ഭക്ഷിക്കുന്നു, ഇപ്പോള്‍ എന്ത് ഭക്ഷിക്കുന്നു എന്നതിനെക്കുറിച്ചായിരുന്നു. ഇറാനിലും ബൈറൂത്തിലും എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ അല്‍പം സവിശേഷമുള്ളതായിരുന്നു. എന്താണ് നിങ്ങളെ സന്തുഷ്ടരാക്കുന്നത്, ഏത് തരം ഭക്ഷണം നിങ്ങള്‍ സേവിക്കുന്നു, ഏത് ഭക്ഷണമാണ് അടുത്ത പത്ത് വര്‍ഷം മുതല്‍ നിങ്ങളുടെ മക്കള്‍ക്ക്‌
നല്‍കാന്‍ ഉദ്ദേശിക്കുന്നത് എന്നീ ചോദ്യങ്ങളിലേക്ക് അവ രൂപാന്തരപ്പെട്ടു. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്ന് അദ്ദേഹത്തിന് ലഭിച്ച ആതിഥ്യ മര്യാദ അദ്ദേഹത്തിന്റെ മുന്‍വിധികളെ മാറ്റിമറിച്ചിരുന്നു. ഇസ്‌ലാമിക് റിപബ്ലിക് എന്ന് പേര് കേട്ടിരുന്ന ഇടങ്ങളില്‍ കയറിചെന്നപ്പോഴും ഞാന്‍ അവര്‍ക്ക് വേണ്ടപ്പെട്ട അതിഥിയായിരുന്നുവെന്ന് വാഷിംഗ്ടണ്‍ പോസ്‌ററില്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം സ്മരിക്കുന്നുണ്ട്. ഇറാനിലെ സുപ്രസദ്ധ നഗരങ്ങളായ തെഹ്‌റാനും ഇസ്ഫഹാനും സന്ദര്‍ശിക്കുന്ന വേളയില്‍, താമസിച്ചിരുന്ന ഹോട്ടലിലെ ജീവനക്കാര്‍ ഞങ്ങളുടെ ഗ്രൂപ്പിലുള്ള അംഗത്തിന്റെ ജന്മദിനം ഗംഭീരമായി ആഘോഷിച്ചിരുന്നുവെന്നത് വളരെ കൗതുകത്തോടെയാണ് അദ്ദേഹം ഓര്‍ക്കുന്നത്. വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന യുഎസ് -ഇറാന്‍ വൈര്യവും ബ്രീട്ടീഷ് ഭരണകൂടത്തിന്റെ അട്ടിമറി ചരിത്രവും ഷായുടെ മുന്നേറ്റവും അന്നത്തെ തീന്‍മേശക്ക് മുമ്പിലെ പ്രധാന ചര്‍ച്ചകളായിരുന്നു. നാടിനോടുള്ള അടങ്ങാത്ത പ്രിയവും പേര്‍ഷ്യന്‍ നാഗരികതയുടെ മഹത്തായ പാരമ്പര്യത്തില്‍ ഇറാഖിനെ കൂടെചേര്‍ക്കുന്ന മാനസിക ബന്ധവും ആ ജനതയില്‍ ബോര്‍ഡൈന്‍ ദര്‍ശിച്ചിരുന്നു. കുഴഞ്ഞുമറിഞ്ഞ രാഷ്ട്രത്തെക്കുറിച്ചുള്ള മുന്‍വിധികളെ മാറ്റിമറിക്കാന്‍, വാഷിംഗ് ടണ്‍ പോസ്റ്റിന്റെ കറസ്‌പോണ്ടറ്റായ ജാസന്‍ റസിയന്‍, അദ്ദേഹത്തിന്റെ ഭാര്യ യഗാനെ സലാഹി തുടങ്ങിയവരുടെ സ്‌നേഹം നിറഞ്ഞ സംഭാഷണങ്ങള്‍ എത്രയോ പര്യപ്തമായിരുന്നുവെന്ന് ബോര്‍ഡൈന്‍ സ്മരിക്കുന്നുണ്ട്.

കുടിയേറ്റ സമൂഹങ്ങള്‍ക്ക് വേണ്ടിയും സ്ത്രീജനതയുടെ അവകാശങ്ങള്‍ക്കുവേണ്ടിയും അദ്ദേഹം തന്റെ സമയം നീക്കിവെച്ചിരുന്നു. വ്യവസായ ലോകത്തിന്റെ നട്ടല്ലാണ് കുടിയേറ്റ സമൂഹമെന്ന് വിശേഷിപ്പിച്ച അദ്ദേഹം, 2016ലെ തെരഞ്ഞെടുപ്പില്‍ കുടിയേറ്റ സമൂഹത്തിന്റെ അവകാശങ്ങള്‍ക്ക് വേണ്ടി ശക്തമായി ചെറുത്തുനിന്നു. അമേരിക്ക എന്ന സ്വപ്‌നം സമ്പൂര്‍ണമാക്കുന്നതില്‍ നിര്‍ണായകമായ പങ്ക് അമേരിക്കക്കാരനല്ലാത്ത ഏത് പൗരനും ഉണ്ടെന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചിരുന്നു. പ്രസിഡണ്ട് ടൊണാള്‍ഡ് ട്രംപിന്റെ യാത്രാ നിരോധനപ്രഖ്യാപനം വന്ന സമയത്ത് അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെ ”എന്റെ അമേരിക്കന്‍ ജീവിതത്തില്‍ ഞാന്‍ കണ്ട ലജ്ജാകരമായ മുഹൂര്‍ത്തമാണിത്. സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയുടെ നിഴലില്‍ ദീര്‍ഘകാലം കഴിഞ്ഞ സമൂഹത്തിന് മുമ്പില്‍ ഈ പ്രസ്താവന വിരോധാഭാസം നിറഞ്ഞ കേവല തമാശ മാത്രമാണ്”. ബോര്‍ഡൈന്‍ ട്രംപിന്റെ കടുത്ത വിമര്‍ശകനായിരുന്നു. ട്രംപിന്റെ വാഷിംഗ്ടണ്‍ ഹോട്ടലില്‍ താന്‍ ഭക്ഷിക്കുകയില്ല എന്ന് തുറന്ന് പ്രഖ്യാപിച്ച അദ്ദേഹത്തോട് പ്രമുഖ ചാനല്‍ റിപ്പോര്‍ട്ടര്‍ ഒരിക്കല്‍ ചോദിച്ചുവത്രേ ”ഉത്തര കൊറിയന്‍ സ്വേഛാധിപതിയായ കിം ജോണ്‍ ഉന്നും ട്രംപു തമ്മിലുള്ള കൂടിക്കാഴ്ചയില്‍ താങ്കള്‍ക്ക് ഭക്ഷണം വിളമ്പാന്‍ അവസരം ലഭിച്ചാല്‍ എന്തു ചെയ്യും, ഉടനെ അദ്ദേഹം മറുപടി പറഞ്ഞു ”ഹെംലോക്ക്”.

പ്രമുഖ ഷെഫായ മരിയോ ബതാലി, കാമുകിയും നടിയുമായ ഏഷ്യോ അര്‍ജെന്റോ തുടങ്ങിയവരുമായി ഉണ്ടായ സ്ത്രീവിരുദ്ധ ലൈംഗികാക്രമണങ്ങള്‍ക്കെതിരെ മീറ്റൂ മൂവ്‌മെന്റിന് ശക്തമായ പിന്തുണ നല്‍കിയിരുന്നു അദ്ദേഹം. റെസ്റ്റോറന്റ് വ്യവസായം എന്ത് കൊണ്ട് സ്ത്രീകളോട് ഇത്രമാത്രം നീചമായി പെരുമാറുന്നുവെന്ന് അദ്ദേഹം നിരന്തരം ചോദിച്ചുകൊണ്ടിരുന്നു. ഭക്ഷണം തേടിയുള്ള തന്റെ യാത്രകള്‍ ഭക്ഷണ സംസ്‌കാരം കൊണ്ട് ഒരു സമൂഹം മറച്ചുവെക്കുന്ന സങ്കടങ്ങളെയും ദുരിതങ്ങളെയും മുഖ്യധാരയില്‍ കൊണ്ടുവരാനായിരുന്നുവെന്ന്‌ ബോര്‍ഡൈന്‍ എന്ന അറുപത്കാരന്‍ തെളിയിച്ചുകഴിഞ്ഞിരിക്കുന്നു .

സി സാലിഹ് അമ്മിനിക്കാട്‌