Campus Alive

ഖൈറുവാൻ: ആഫ്രിക്കയിലെ ആദ്യ ഇസ്ലാമിക നഗരം

അൽ മഗ്‌രിബ് അൽ അദ്നാ, ഇഫ്‌രീഖിയ്യ എന്നെല്ലാം വിളിക്കപ്പെട്ടിരുന്ന നോർത്ത് ആഫ്രിക്കയുടെ മധ്യ ഭാഗങ്ങൾ കീഴടക്കാൻ അറബ് മുസ്ലിംകൾക്ക് ഏകദേശം അൻപതോളം വർഷങ്ങൾ വേണ്ടി വന്നു. കാർതേജ് (Carthage) ശക്തികേന്ദ്രമാക്കിയിരുന്ന ബൈസാന്റിയ ആയിരുന്നു തീരങ്ങളിൽ അധികാരം കയ്യാളിയിരുന്നത്. ഉൾപ്രദേശത്തെ മരുപ്പച്ചകൾ ബെർബെർ ഗോത്രവർഗത്തിന്റെ (Berber tribes) നിയന്ത്രണത്തിലുമായിരുന്നു. പ്രവാചകൻ മുഹമ്മദ് (സ) യുടെ വിയോഗത്തിന്റെ പതിനൊന്നു വർഷങ്ങൾക്ക് ശേഷം, CE 643 ൽ അലക്‌സാൻഡ്രിയ കീഴടക്കാൻ അയക്കപ്പെട്ട അറബ് ജനറൽ അംറ് ബിൻ ആസ് പിന്നീട് കൂടുതൽ പടിഞ്ഞാറ് ഭാഗത്തേക്ക് പോയിക്കൊണ്ടിരുന്നു. മരുമകൻ ഉഖ്‌ബ ബിൻ നാഫിയും അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നു. അറബി വൃത്തങ്ങൾ പ്രകാരം, തന്റെ സഹോദരീ പുത്രനെ മധ്യ ലിബിയയിലേക്ക് ഒരു സൈനികാക്രമണത്തിനായി അയക്കുകയായിരുന്നു ഇബ്ൻ ആസ്. തീരദേശ തുറമുഖങ്ങളോ പട്ടണങ്ങളോ ഒന്നും തന്നെ പിടിച്ചടക്കാൻ അറബ് സൈന്യത്തിന് സാധിച്ചില്ലെങ്കിലും ഇബ്ൻ നാഫിയുടെ അനുഭവങ്ങളെ വിലപ്പെട്ടതായി ഗണിക്കപ്പെട്ടു.

ഇരുപത്തിയേഴു വർഷങ്ങൾക്ക് ശേഷം, ഡമസ്കസ് ആസ്ഥാനമാക്കിയിരുന്ന ഖിലാഫത്ത്, നോർത്ത് ആഫ്രിക്കയിലേക്കുള്ള തങ്ങളുടെ സൈനിക പ്രവർത്തനം പുനരാരംഭിക്കാൻ തീരുമാനിച്ചു. ഒരു സ്ഥായിയായ സൈനിക താവളം സ്ഥാപിക്കുകയായിരുന്നു അവരുടെ ഒരു ലക്ഷ്യം. ഖലീഫ മുആവിയ, ഇബ്ൻ നാഫിയെ അതിന് ചുമതലപ്പെടുത്തുകയും ചെയ്തു. കടലിൽ നിന്നും ഒരു ദിവസത്തെ യാത്രാ ദൂരമുള്ള, ബൈസാന്റിയൻ നാവിക സേനയിൽ നിന്നും സഖ്യസംഘടിതമായി അറബികളെ ആക്രമിച്ചിരുന്ന ബെർബെർ ഗോത്ര വർഗം അധിവസിക്കുന്ന മലമ്പ്രദേശങ്ങളിൽ നിന്നും സുരക്ഷിതമായ അകലത്തിലുള്ള, ഉൾപ്രദേശത്തെ സമതലമായിരുന്നു ഇബ്ൻ നാഫി തെരഞ്ഞെടുത്തത്. പേർഷ്യനിൽ നിന്നും അറബീകരിക്കപ്പെട്ട Caravan എന്ന അർഥം വരുന്ന, നിലവിൽ Garrison Camp (സൈനിക പാളയം) എന്നതിനോട് അർത്ഥപരമായി അടുത്ത് നിൽക്കുന്ന പദമായ “അൽ ഖൈറുവാൻ” എന്നായിരുന്നു  ഇബ്ൻ നാഫി പ്രദേശത്തെ നാമകരണം ചെയ്തത്. റോമക്കാരും ബൈസാന്റിയക്കാരും മുൻകാലത്ത് അധിവസിച്ചിരുന്ന ഈ പ്രദേശം പിന്നീട് നശിച്ചു പോവുകയായിരുന്നു എന്ന് ആദ്യ കാല അറബ് ചരിത്രകാരന്മാർ പറയുന്നു.

The Great Mosque of Khairouan

സമർത്ഥമായൊരു നീക്കമായിരുന്നു അത്; ഖൈറുവാനിൽ ഒരു വലിയ മസ്ജിദും (The Great Mosque of Khairouan) ഭരണകൂട മന്ദിരവും നിർമ്മിച്ച്, പന്ത്രണ്ടു വർഷങ്ങൾക്ക് ശേഷമാണ് ഇബ്ൻ നാഫിയുടെ അറബ് സേന കൂടുതൽ പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങുന്നത്. ചില സോഴ്സുകൾ അദ്ദേഹം മോറോക്കൻ തീരങ്ങൾ വരെ എത്തിയിരുന്നു എന്ന് തെളിയിക്കുന്നു. ഖൈറുവാനിലേക്കുള്ള ബെർബെർ പ്രതിയോഗികളുടെ ഒളിയാക്രമണത്തിൽ ഇബ്ൻ നാഫി കൊല്ലപ്പെട്ടെങ്കിലും, അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ വിജയം അറബ് മുസ്ലിംകളുടെ അധികാര വ്യാപനത്തെ വിഭാവനം ചെയ്യാൻ തുടർന്ന് വന്ന നേതാക്കന്മാർക്ക് ഉപകാരപ്രദമായി. മുഖ്യ ഭരണ കാര്യാലയമായും നോർത്ത് ആഫ്രിക്കയുടെ ഇതര ഭാഗങ്ങളിലേക്കും -711 ലെ ഐബീരിയയിലെ അറബ് അധിനിവേശത്തിനു ശേഷം- യൂറോപിലേക്കുമുള്ള നിർണായക സംഗമസ്ഥലമായിത്തീർന്നു ഖൈറുവാൻ. ഇസ്ലാമിന്റെ ആഗമനവും, തുടർന്ന് വന്ന സാംസ്‌കാരിക സ്വാധീനവും പൂർവ്വ സംസ്കാരങ്ങളെയെല്ലാം അതിശയിക്കുന്നതായിരുന്നു. വാന്തെൽ (Vendal) ഭരണകർത്താക്കൾക്ക് ശേഷം “അൽ അന്തുലുസ്” ആയി മാറിയ ഐബീരിയക്ക് പുറമെ, ദക്ഷിണ മെഡിറ്ററേനിയൻ തീരങ്ങളിലേക്കും, സെനഗൽ നദീ തടത്തിനു തെക്ക് ഭാഗത്തെ അറ്റ്ലാന്റിക് തീരങ്ങളിലേക്കും, സഹാറ മരുഭൂമിയുടെ ഉൾപ്രദേശങ്ങളിലേക്കും, നൈജർ നദിയുടെ സമീപ പട്ടണങ്ങളിലേക്കും അറബ് സ്വാധീനം വികസിക്കുകയുണ്ടായി.

“കടുത്ത പ്രതികൂലാന്തരീക്ഷത്തിലാണ് ഖൈറുവാൻ രൂപപ്പെട്ട് വരുന്നത്. ഒരുപാട് രാജവംശങ്ങൾ അതിനു വേണ്ടി മത്സരിക്കുകയും അതിനെ ആഗ്രഹിക്കുകയും ചെയ്തു.”- Khairouan Association to Safeguard the City യുടെ പ്രസിഡന്റും, പ്രാദേശിക ചരിത്രകാരനുമായ മുറാദ് റമ്മാഹ് (Mourad Rammah) പറയുന്നു. പ്രസ്തുത സംഘടന നിമിത്തം 1988 ൽ യുനെസ്കോയുടെ വേൾഡ് ഹെറിറ്റേജ് സൈറ്റ് (UNESCO World Heritage Site) പട്ടികയിൽ ഉൾപ്പെടുത്താൻ സാധിച്ചു എന്നദ്ദേഹം പറയുന്നു. ഇബ്ൻ നാഫിയുടെ ആഗമനത്തോടടുത്ത് തന്നെ ഖൈറുവാനിൽ എത്തിച്ചേർന്ന പഴക്കം ചെന്ന കുടുംബമായ ഖൈസിൽ പെട്ടവരാണ് റമ്മാഹ്. റമ്മാഹിന്റെ പ്രപിതാക്കളിൽ പതിനാലാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളിൽ ജീവിച്ച അബൂ അബ്ദു റഹ്മാൻ അൽ റമ്മാഹ് അൽ ഖൈസ്, നഗരത്തിലെ പ്രധാന ഫഖീഹും മസ്ജിദിലെ ഇമാമുമായിരുന്നു. ഇബ്ൻ നാഫി നിർമ്മിച്ച ഗവർണറുടെ വസതി അധികകാലം നിലനിന്നില്ല. എന്നാൽ ശക്തവും മഹോന്നതവുമായ പൂർവ്വകാല നാഗരിക ദർശനത്തിൽ നിന്നാണ് ഇത്തരമൊരു മസ്ജിദ് നിർമ്മിക്കപ്പെട്ടത് എന്ന് റമ്മാഹ് വിശദീകരിക്കുന്നു. നോർത്ത് ആഫ്രിക്കയിലെ ഏറ്റവും പുരാതനമായ മസ്ജിദാണിത്. പലപ്പോഴായി പുനർനിർമ്മിക്കപ്പെടുകയും നവീകരിക്കപ്പെടുകയും ചെയ്ത മസ്ജിദ് ഏറക്കുറെ പൂർണമായി ആവിഷ്കരിക്കപ്പെട്ടത് ഒൻപതാം നൂറ്റാണ്ടിൽ ഖൈറുവാൻ നഗരത്തിന്റെ  സ്വാധീനവലയത്തെ വിശാലമാക്കിയ അഗ്ലബികൾക്ക് (Aghlabids)  കീഴിലാണ്.

അറബ് ഭൂമിശാസ്ത്രജ്ഞനായ അൽ മുഖദ്ദസി നൂറ്റാണ്ടിന്റെ അവസാനത്തിൽ എഴുതുന്നു: “നിശാപൂരിനെക്കാൾ വശ്യവും ഡമസ്ക്കസിനേക്കാൾ വിപുലവും അഫ്സഹാനിനേക്കാൾ പ്രശംസനീയവുമാണ് ഖൈറുവാൻ.” ഒരു വിമർശകനും കൂടിയായ അദ്ദേഹം എഴുതുന്നു: “അവിടുത്തെ വെള്ളം അത്ര നന്നല്ല. സംഭരണികളിൽ മഴവെള്ളം സൂക്ഷിച്ചാണ് അവർ ജലശേഖരണം നടത്തുന്നത്” സമകാലീന ഇസ്ലാമിക നഗരങ്ങളിൽ പ്രയോഗത്തിലുണ്ടായിരുന്നതിനേക്കാൾ അത്യധികം വികസിതമായ ജലസേചന പദ്ധതിയെക്കുറിച്ച് അൽ മുഖദ്ദസി പരാമർശിക്കുന്നുണ്ട്: “ഒരു നൂറ്റാണ്ടു മുമ്പ് തന്നെ നഗരഭിത്തികൾക്ക് പുറത്ത്‌ അൻപത് വൃത്താകൃത കുളങ്ങൾ അഗ്ലബികൾ നിർമ്മിക്കുകയും മഴ വെള്ളവും വാദിയും (നീർച്ചാൽ) ഉപയോഗിച്ച് നിറക്കുകയും ചെയ്തിരുന്നു. നൂറ്റി ഇരുപത് മീറ്റർ വ്യാസവും ഏകദേശം അഞ്ച് മീറ്റർ ആഴവുമുള്ളതായിരുന്നു അവയിൽ ഏറ്റവും വലുത്. അതിന്റെ മധ്യത്തിലായി, രാജകുടുംബങ്ങൾക്കും ഉദ്യോഗസ്ഥന്മാർക്കും വിശ്രമിക്കാനായി ഒരു അഷ്ടഭുജ ഗോപുരവുമുണ്ടായിരുന്നു. ഇന്ന്, നാല് നീർത്തടങ്ങൾ (Cistern) ഉൾകൊള്ളുന്ന നഗരമൊരു പബ്ലിക് പാർക്കും ചരിത്രപ്രാധാന്യമർഹിക്കുന്ന സ്ഥലവുമാണ്.

തുനീസിലെ National Heritage Institute ൻറെ ജനറൽ ഡയറക്റ്ററാണ് ഫൗസി മഹ്ഫൂള് (Faouzi Mahfoudh). പത്തൊൻപതാം നൂറ്റാണ്ടിൽ ഒരു ടൗൺ ഹാൾ ആയിരുന്ന, പതിനൊന്നാം നൂറ്റാണ്ടിൽ നവീകരിക്കപ്പെട്ട കൊട്ടാരത്തിലാണ്  സ്ഥാപനത്തിന്റെ ഓഫീസുകൾ സജ്ജീകരിച്ചിരിക്കുന്നത്. മഹ്ഫൂള് പറയുന്നു: “ദിഗ്വിജയങ്ങൾക്ക് മധ്യേ രൂപപ്പെടുത്തിയെടുത്തൊരു നഗരമാണെങ്കിൽ കൂടിയും, മതം, ശാസ്ത്രം, പാണ്ഡിത്യം, നിയമം, വാസ്തുവിദ്യ തുടങ്ങിയവയിൽ ഇസ്ലാമിക നോർത്ത് ആഫ്രിക്കയുടെ പ്രഥമ സാംസ്കാരിക കേന്ദ്രമായി വർത്തിക്കുന്നു എന്നതാണ് അതിന്റെ പ്രധാന്യം വർധിപ്പിക്കുന്നത്.” എണ്ണൂറുകളിൽ സ്ഥാപിതമായ ഖൈറുവാനിലെ യൂണിവേഴ്‌സിറ്റിയാണ്  ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ആദ്യത്തേത്. ഔദ്യോഗികമായി നാമകരണം ചെയ്യപ്പെട്ടിട്ടില്ലായിരുന്നെങ്കിലും, ആഫ്രിക്കയിൽ അവിരാമമായ പ്രവർത്തനം കാഴ്ചവെക്കുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ മൊറോക്കോയിലെ ഫെസി(Fez) ലെ University of Al Qarawiyyn ന്റെ സ്ഥാപനത്തിന് നിദാനമായത് ഇതായിരുന്നു. ഇബ്ൻ നാഫിയുടെ പരമ്പരയിൽ വരുന്ന ഫാത്തിമ അൽ ഫിഹ്‌രിയാണ് (Fatima al Fihri) സർവ്വകലാശാലയ്ക്ക് നാന്ദി കുറിച്ചത്. കിഴക്ക് ഭാഗത്ത് ഈജിപ്തിൽ, ഖൈറുവാനിലെ മാതൃകയിൽ തൊള്ളായിരത്തി എഴുപതിൽ, ഫാത്തിമികൾ കെയ്‌റോയിലെ University of Al Azhar സ്ഥാപിക്കുകയുണ്ടായി. വിജ്ഞാനത്തിന്റെ ദീപസ്തംഭമായി നഗരത്തെ മാറ്റിയെടുത്ത -ബാഗ്‌ദാദിൽ നിലനിന്നിരുന്നതു പോലോത്ത മൾട്ടി ഡിസിപ്ലിനറി ബൈതുൽ ഹിക്മയും ഒൻപതാം നൂറ്റാണ്ടിൽ ഖൈറുവാനിലുണ്ടായിരുന്നു.

പതിനാറാം നൂറ്റാണ്ടിലെ പ്രദേശത്തെ തന്റെ അനുഭവങ്ങളെകുറിച്ചെഴുതിയ സ്പാനിഷ് ചരിത്രകാരൻ ലൂയിസ് ഡെൽ മർമെൽ കാർവജെൽ (Luis del Mármol Carvajal) പറയുന്നു: “ഫ്രഞ്ചുകാർ പാരിസിലേക്കും സ്പാനിഷുകാർ സലാമാങ്കയിലേക്കും പോകുന്നത് പോലെ ആഫ്രിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ജനങ്ങൾ ഖൈറുവാനിലെ യൂണിവേഴ്സിറ്റിയിൽ എത്തിച്ചേരാറുണ്ടായിരുന്നു. ആഫ്രിക്കയിലെ മുതിർന്ന എഴുത്തുകാരും ഡോക്റ്റേഴ്സും തങ്ങൾ അവിടെ പഠിച്ചിരുന്നു എന്ന് വീമ്പ് പറഞ്ഞിരുന്നു.” മഹ്ഫൂള് തുടരുന്നു: “ഈ സമ്പന്നമായ വിനിമയം അറബ് ഇസ്ലാമിക ലോകവുമായി മാത്രമായിരുന്നില്ല, മറിച്ച് യൂറോപ്പുമായും നിലനിന്നിരുന്നു.” നഗരവുമായുള്ള  ബന്ധങ്ങളെ പരിപോഷിപ്പിക്കുന്നതിലും, വിദ്യാഭ്യാസ വികാസത്തിനും കലാപരമായ സ്വാധീനത്തിനും പ്രചോദനമാവുന്നതിലും വാണിജ്യം വലിയ പങ്കു വഹിച്ചിരുന്നു. “സംസ്കാരങ്ങളുടെയും മതങ്ങളുടെയും പരീക്ഷണശാലയായിരുന്നു നഗരം. പടിഞ്ഞാറിൽ നിന്നുള്ള ബെർബെർ, കിഴക്കു നിന്നുള്ള അറബികൾ, ജൂതന്മാർ, ക്രിസ്ത്യാനികൾ തുടങ്ങിയവരുടെ സാംസ്കാരിക മൂലകങ്ങളുടെ സംഗമഭൂമിയായിരുന്നു നഗരം.” ഖുറൈശ്, മുളർ, റാബിയ, കഹ്താൻ, തുടങ്ങിയവയിൽ നിന്നുള്ള അറബികളുടെയും ഖുറാസാനിൽ നിന്നുള്ള പേർഷ്യക്കാരുടെയും റൂമിൽ (Rum) നിന്നുള്ള ബെർബെറുകളുടെയും ഖൈറുവാനിലെ സാന്നിധ്യത്തെ കുറിച്ച് അറബ് എഴുത്തുകാരൻ അൽ യാഖൂബി (Al Ya’qubi) പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

“ഖൈറുവാനിലെ ശാസ്ത്ര മേഖലക്കുണ്ടായിരുന്ന പ്രാധാന്യത്തെ പരിഗണിക്കുമ്പോൾ ഒരുപാട് ഉദാഹരണങ്ങൾ കണ്ടെത്താൻ കഴിയും.” മഹ്ഫൂള് പറയുന്നു: “അതിൽ വിശിഷ്ടമായ രണ്ടെണ്ണം നമുക്കിവിടെ പരാമർശിക്കാം: പത്താം നൂറ്റാണ്ടിലെ പ്രമുഖ ഡോക്ടറും ഫാർമസിസ്റ്റുമായിരുന്ന ഇബ്നുൽ ജസ്സാർ  (Ibn al-Jazzar), സാലേർണോ (Salerno ) മോണ്ട്പെലിയർ (Montpellier) യൂണിവേഴ്സിറ്റികളിലൂടെ യൂറോപ്പിൽ വൈദ്യ ശാസ്ത്രത്തിൽ പുരോഗമനങ്ങൾ കൊണ്ടുവന്ന കോൺസ്റ്റന്റൈൻ (Constantine the African) എന്നിവരാണവർ. ഇറ്റലിയിലെ മോണ്ടികേസ്സിനോ സന്യാസി മഠത്തിൽ (Montecassino Abbey) വൈദ്യം പഠിപ്പിക്കുന്നതിന് മുൻപ് കോൺസ്റ്റന്റൈൻ എന്ന ക്രിസ്തുമത വിശ്വാസി ഖൈറുവാനിൽ പഠനം നടത്തിയിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. അവിടെ, താൻ തന്നെ കൊണ്ടുവന്ന അറബി ഗ്രന്ഥങ്ങൾ പരിഭാഷപ്പെടുത്താൻ തന്റെ ഊർജം മുഴുവൻ വിനിയോഗിച്ചതിനാൽ “പടിഞ്ഞാറിലെ കിഴക്കിന്റെ ഗുരുനാഥൻ” എന്ന് അദ്ദേഹം വിളിക്കപ്പെട്ടു. കിഴക്കിൽ നിന്നുള്ള ശാസ്ത്ര-വൈദ്യ ഗ്രന്ഥങ്ങളുടെ വ്യവസ്ഥിതമായ പരിഭാഷകൾക്ക് സിസിലികളും (Sicilians) ടോളിഡോകളും (Toledans) വെനേഷ്യകളും (Venetians) മുതിരുന്നത് വരെ ഒന്നൊന്നര നൂറ്റാണ്ടോളം കോൺസ്റ്റന്റൈനിന്റെ തർജ്ജമകളായിരുന്നു മൗലികമായി പരിഗണിക്കപ്പെട്ടിരുന്നത്.

ഇത്തരത്തിൽ പ്രശസ്തമായൊരു നഗരമാണെന്നതിനാൽ തന്നെ, ചരിത്രകാരന്മാരുടെയും ഭൂമിശാസ്ത്രജ്ഞന്മാരുടെയും മുഖ്യ ലക്ഷ്യസ്ഥാനമായിരുന്നു ഖൈറുവാൻ. (തലമുറകളോളമുള്ള തീർത്ഥാടകരുടെയും ലക്ഷ്യസ്ഥാനമായിരുന്നു ഇത്, ഇസ്ലാമിന്റെ നാലാമത്തെ വിശുദ്ധ നഗരമാണിതെന്നും ചിലർ വാദിക്കുന്നു.) യാത്രികരുടെ രേഖകളും വ്യത്യസ്ത കാലങ്ങളിലെ നഗരത്തെക്കുറിച്ചുള്ള ചിത്രീകരണങ്ങളും അതിന്റെ നാഗരികവും സാമൂഹികവുമായ സൗഭാഗ്യങ്ങളുടെ ഉയർച്ചകളെയും, അനന്തരം നേരിട്ട തകർച്ചയെയും വിശദീകരിക്കുന്നുണ്ട്. ജനറൽ ഡിസ്ക്രിപ്ഷൻസ് ഓഫ് ആഫ്രിക്ക എന്ന പുസ്തകത്തിന്റെ രചയിതാവും പതിനാറാം നൂറ്റാണ്ടിലെ നയതന്ത്രജ്ഞനും യാത്രികനുമായ യൂറോപ്പിൽ ലിയോ ആഫ്രിക്കാനസ് എന്നറിയപ്പെട്ടിരുന്ന ഹസ്സൻ അൽ വസ്സാൻ (Hassan al wazzan) ഖൈറുവാന്റെ വീണ്ടെടുപ്പിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്: “പരിതാപകരമെങ്കിലും ഏറക്കുറെ നഗരമിന്ന് ജനവാസമുള്ളതായ് തുടങ്ങിയിട്ടുണ്ട്. പാവപ്പെട്ട കരകൗശല വിദഗ്ധരെ മാത്രമേ നിലവിലവിടെ കാണാൻ കഴിയൂ. അവരിലധികവും ആടിന്റേയും ചെമ്മരിയാടിന്റെയും തോല് ഊറക്കിടുന്ന, യൂറോപ്യൻ തുണിത്തരങ്ങൾ ലഭ്യമല്ലാത്ത നുമീഡിയയിൽ ലെതർ വസ്ത്രങ്ങൾ വിൽക്കുന്നവരാണ്. ഇത് ഒരു നേരത്തെ അന്നത്തിനേ അവർക്ക് തികയൂ.”

പത്താം നൂറ്റാണ്ട് മുതൽ, ഖൈറുവാൻ നഗരത്തെ നിഷ്പ്രഭമാക്കിക്കൊണ്ട് തുനിസ്, മറാഖേഷ്, ഫെസ്, ത്ലെംസൻ തുടങ്ങിയ നഗരങ്ങൾ ശക്തിയാർജ്ജിച്ചു. വംശീയ സംഘട്ടനങ്ങളും വിനാശകരമായി ഭവിച്ചു. ഖൈറുവാന്റെ ജനസംഖ്യ കുറഞ്ഞു വന്നെങ്കിലും ഒരു തീർത്ഥാടന കേന്ദ്രമെന്ന പ്രാധാന്യത്തെ അത് സംരക്ഷിച്ചു. പത്താം നൂറ്റാണ്ടിന്റെ അവസാനത്തിൽ ശക്തരായ ഫാത്തിമി ഭരണകർത്താക്കൾ ഖൈറുവാനിൽ നിന്നും നൈൽ നദിക്കരയിലെ പുതിയ നഗരമായ അൽ ഖാഹിറയിലേക്ക് (കെയ്റോ) തലസ്ഥാനത്തെ മാറ്റിസ്ഥാപിച്ചു. സാമ്പത്തികവും രാഷ്ട്രീയവുമായ തിരിച്ചടികൾ തീർത്തും വേദനാജനകമായിരുന്നു. പിന്നാലെ, കുറച്ച് പതിറ്റാണ്ടുകൾക്ക് ശേഷം പ്ലേഗിന്റെ വരവുമുണ്ടായി. ബാനി ഹിലാൽ ഗോത്ര വർഗം നഗരത്തിൽ കവർച്ച നടത്താൻ തുടങ്ങിയ 1045 ലാണ് ഒരു പ്രശ്നപരിഹാരം സംജാതമാവുന്നതും പ്രദേശം വിപുലമായൊരു ഗ്രാമീണ സമ്പദ് വ്യവസ്ഥയിലേക്ക് മടങ്ങുകയും ചെയ്യുന്നത്. റമ്മാഹ് പറയുന്നു: “തന്റെ പൂർവ്വകാല പ്രതാപത്തെ പൂർണമായും തിരിച്ചു പിടിക്കാൻ സാധിച്ചില്ലെങ്കിലും നോർത്ത് ആഫ്രിക്കയെയും യൂറോപ്പിനെയും രൂപപ്പെടുത്തിയെടുത്തത് അതിന്റെ പൈതൃകമാണ്.” “പാശ്ചാത്യ ഇസ്ലാമിക ലോകത്തിന്റെ ബൗദ്ധികാടിത്തറ ഉരുവം കൊണ്ടത് ഇവിടെ നിന്നാണ്.” ഇന്നത്തെ നോർത്ത് ആഫ്രിക്കയിലുടനീളം അവരുടെ ദൈനം ദിന ജീവിതത്തിലെ ഇസ്ലാമിക നിയമത്തിന്റെ പ്രയോഗത്തിൽ ഈ യാഥാർഥ്യത്തെ കണ്ടെത്താനാവും. സുന്നി ഇസ്ലാമിലെ നാല് മദ്ഹബുകളിലൊന്നും, നോർത്ത് ആഫ്രിക്കയിൽ പ്രസിദ്ധമായതുമായ മാലികീ ചിന്താധാര വികാസം പ്രാപിച്ചത് ഖൈറുവാനിൽ നിന്നാണ്.

വാസ്തുശിൽപകലയിൽ, വിവിധ ഇടങ്ങളിൽ ഇന്ന് കാണാനാകുന്ന സ്വാധീനത്തെ പ്രകടമാക്കുന്നതാണ് ഖൈറുവാനിലെ ഗ്രേറ്റ് മസ്ജിദ്. അതിന്റെ ലളിതമായ ചതുരാകൃത മിനാരങ്ങൾ, കിഴക്കു ഭാഗത്തെ പിൽക്കാല തലസ്ഥാനങ്ങളിലെ അംബരചുംബികളായ മിനാരങ്ങളിൽ നിന്നും ശക്തമായ വ്യതിരിക്തത പുലർത്തുന്നതാണ്. പടിഞ്ഞാറിലെയും ഉത്തര ഭാഗങ്ങളിലെയും ഡിസൈനേഴ്സിനെ സ്വാധീനിച്ച മാതൃകയായിരുന്നു ഖൈറുവാനിലേത്. നിലവിൽ ചുറ്റുഭാഗത്തും കത്തീഡ്രൽ ഗോപുരങ്ങളാൽ ചുറ്റപ്പെട്ട, കോർദോബയിലേയും സ്പെയിനിലെയും പതിനൊന്നാം നൂറ്റാണ്ടിലെ പള്ളിയുടെ യഥാർത്ഥ മിനാരങ്ങൾക്ക്, മൂന്ന് ചതുര സ്തംഭങ്ങൾക്ക് മുകളിലായി സ്ഥാപിക്കപ്പെട്ട കുംഭഗോപുരങ്ങളുള്ള ഖൈറുവാനിലെ മിനാരങ്ങളുമായ് ഏറെ സാദൃശ്യതയുണ്ട്. തുനീഷ്യയുടെ പടിഞ്ഞാറ് മുതൽക്ക് ഏകദേശം എല്ലാ മിനാരങ്ങൾക്കും ഇന്ന് ചതുരാകൃതിയാണ്. ഗ്രേറ്റ് മസ്ജിദിന്റെ മുപ്പത്തിരണ്ട് മീറ്റർ നീളമുള്ള മിനാരമാണ് ഖൈറുവാനിലെ നീളം കൂടിയ കെട്ടിടം. വല്ലപ്പോഴൊക്കെ മാത്രമേ വാഹനങ്ങൾ എത്തിച്ചേരാറുള്ളൂവെങ്കിലും, നഗരത്തിലെ പ്രധാന തെരുവുകളെല്ലാം അങ്ങോട്ട് നയിക്കുന്നതാണ്‌.

ആദ്യകാല യാത്രികർക്കെന്നപോലെത്തന്നെ, നിരനിരയായിക്കിടക്കുന്ന കടകൾക്കും സ്തംഭനിബിഢമായ ആരാധനാശാലകൾക്കുമിടയിലെ അവ്യക്തമായ ചക്രവാളത്തിൽ വരച്ചു വെച്ച ഈ മഹോന്നത പ്രതാപത്തിന്റെ അടയാളങ്ങൾ ഇന്നും ദൃശ്യമാണ്. നഗരത്തോടടുക്കുംതോറും ഫ്ളാറ്റുകളിലേക്കും കടകളിലേക്കും ഇലക്ട്രിക് പോസ്റ്റുകളിലേക്കുമൊക്കെ വഴിമാറുന്ന വിളനിലങ്ങൾക്കും തരിശുഭൂമികൾക്കും മദ്ധ്യേ, മരുഭൂമിയിലെ ദീപസ്തംഭമായ് ഈ മിനാരം നിലകൊള്ളുന്നു. ആരാധനാസമയങ്ങൾക്കിടയിൽ പള്ളിക്കടുത്തേക്ക് ഇരച്ചെത്തുന്ന ടൂറിസ്റ്റ് ബസ്സുകളിൽ നിന്നുമിറങ്ങുന്ന സഞ്ചാരികൾ അവിടെ സമയം ചിലവഴിക്കുകയും ഫോട്ടോകൾ എടുക്കുകയും ചെയ്യും. വിശ്വാസികൾ അടുത്ത നമസ്കാരത്തിന് വേണ്ടി തിരിച്ചു വരുമ്പോഴേക്കും രംഗം ശാന്തമായിട്ടുണ്ടാവും. ലോകപൈതൃക പട്ടികയിലുൾപ്പെട്ട പ്രദേശമെന്ന നിലക്കുള്ള നഗരത്തിന്റെ സാർവത്രിക മൂല്യത്തെക്കുറിച്ച് പരാമർശിക്കുന്ന യുനെസ്കോ, മൊത്തം മുപ്പത്തിയാറ് കെട്ടിടങ്ങളേയും നോർത്ത് ആഫ്രിക്കയിലെ ഇസ്ലാമിന്റെ ആദ്യശതകത്തിലെ നാഗരികതയുടെ അസാധാരണ സാക്ഷ്യമായിട്ടാണ് കണക്കാക്കുന്നത്. ഇത്തരം ബഹുമതികളും നീണ്ടകാലത്തെ സ്വാധീന ശക്തിയും ഉണ്ടായിട്ടു കൂടിയും, തുനീഷ്യൻ കടലോര റിസോർട്ടുകളിൽ വിനോദത്തിനെത്തുന്നവരേക്കാൾ താരതമ്യേനെ കുറഞ്ഞ സന്ദർശകരെ നഗരത്തിലെത്തിലെത്തുന്നുള്ളൂവെന്ന് റമ്മാഹ് വിലപിക്കുന്നു.

courtesy: AramcoWorld september october 2019

വിവർത്തനം: അൻശിഫ് അലി

Ana M. Carreño Leyva