Campus Alive

പ്രാർത്ഥന എന്ന പ്രതിരോധം

പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യകാലം മുതൽ ചർച്ച് മിഷണറി സൊസൈറ്റി, ലണ്ടൻ മിഷണറി സൊസൈറ്റി തുടങ്ങിയ മിഷണറി സൊസൈറ്റികളിൽ ചേർന്ന കേരളത്തിലെ കേരളത്തിലെ ഏതാനും ദലിത് സമുദായങ്ങളിലെ പ്രാർഥനകളെക്കുറിച്ചും പ്രാർത്ഥനാ സമ്പ്രദായങ്ങളെക്കുറിച്ചുമുള്ള പഠനമാണിത്. ആംഗ്ലിക്കൻ സഭയുടെ ഭാഗമായിരുന്ന ഈ രണ്ട് മിഷനറി സംഘടനകളും 1850 മുതൽ ദലിത് സമുദായത്തിൽ സജീവമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തോടെ ആയിരക്കണക്കിന് ‘മതപരിവർത്തനങ്ങൾ’ നടത്തിയെടുക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. 1840-കളുടെ അവസാനത്തിൽ കേരളത്തിലെ ദലിത് സമുദായത്തിലെ ജാതി അടിമത്തത്തിനെതിരെ പ്രവര്‍ത്തനം നടത്തിയതും (1855-ൽ അടിമത്തം അവസാനിപ്പിക്കുന്നത് വരെ) ഇതേ മിഷണറികൾ തന്നെ ആയിരുന്നു. ഉന്നതജാതി (ഹിന്ദു – കൃസ്ത്യൻ) ഭൂപ്രഭുക്കൾ താഴ്ന്ന ജാതി അടിമകളെ വാങ്ങുകയും വിറ്റഴിക്കുകയും ചെയ്തിരുന്ന സമ്പ്രദായമാണ് ജാതീയ അടിമത്തം.

ആംഗ്ലിക്കൻ സഭയിലെ കേരളത്തിലെ പരമ്പരാഗത ഉന്നതജാതിയായ സിറിയൻ ക്രിസ്ത്യാനികളുടെ സാന്നിദ്ധ്യവും, സഭയിൽ ജാതിമേധാവിത്വം നിലനിർത്തുന്നതിനുള്ള അവരുടെ പരിശ്രമങ്ങളും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ദലിതർക്കിടയിൽ എതിർപ്പുകൾ രൂപപ്പെടാൻ കാരണമായി. 1910 ൽ തിരുവല്ലായിൽ പൊയ്കയിൽ യോഹന്നാൻ (1879-1939) സ്ഥാപിച്ച പ്രത്യക്ഷ രക്ഷാ ദൈവസഭ (PRDS) ഇതിൽ വളരെ പ്രാധാന്യമർഹിക്കുന്നതാണ്. ഈ പ്രസ്ഥാനം മുഖ്യധാരാ ചർച്ചുകളുടേതിൽനിന്ന് വ്യതിരിക്തമായ സമ്പ്രദായവും സഭാചാരങ്ങളും വളർത്തിയെടുത്തിട്ടുണ്ട്. ആംഗ്ലിക്കൻ ചർച്ചിന്റെയും പ്രത്യക്ഷ രക്ഷാ ദൈവസഭയുടെയും സവിശേഷമായ പ്രാർത്ഥനാരീതികളാണ് ഇവിടെ പഠന വിഷയം.

ഈ പ്രാർഥനകൾക്ക് ജനങ്ങളുടെ മേൽ ഗണ്യമായ സ്വാധീനമുണ്ടായിരുന്നു. ഉദാഹരണത്തിന് പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യകാലത്ത് മിഷനുകളിൽ ചേര്‍ന്ന ദലിതർക്ക് അതൊരു പുതിയ അനുഭവമായിരുന്നു. അതുവരെ ഭൂവുടമകളുടെ വയലുകളിലെ കർശനമായ ജോലി സമയങ്ങളാണ് അവരുടെ സാമൂഹ്യജീവിതത്തെ നിർണയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അവർക്ക് അടിമജാതികൾക്കായി മിഷണറിമാർ സ്ഥാപിച്ച സ്കൂളുകളിൽ പ്രാർഥനകൾക്ക് വരേണ്ടതുണ്ട്. ഇതവരിൽ സമുദാത്തെ കുറിച്ചുള്ള പുതിയ ഭാവനകള്‍ സാധ്യമാക്കി. ഒത്തുചേരലുകളിൽ പ്രാർഥനകൾ നിർണായക പങ്ക് വഹിച്ചു. ദലിതർക്കിടയിൽ പ്രവര്‍ത്തിച്ചിരുന്ന മിഷണറിമാർ അവരിൽ ചിലർ പ്രാർഥനകൾ പഠിക്കുന്നതിൽ വലിയ ഉത്സാഹമുള്ളവരാണെന്ന് കണ്ടു. ദലിതുകൾ പ്രാർഥനകൾക്ക് വൈകാരികമായി എങ്ങനെ ഉൾക്കൊണ്ടു എന്നും അവർ രേഖപ്പെടുത്തുന്നു. പ്രാർഥനാപഠനത്തിനിടക്ക് അടിമകളുടെ കണ്ണുകൾ സജലമാകുന്നത് കണ്ട് അന്വേഷിച്ച മിഷണറിക്ക് കിട്ടിയ മറുപടി ആദ്യമായാണ് തങ്ങൾക്ക് ഒരാളെ പിതാവേ എന്ന് അഭിസംബോധന ചെയ്യാൻ സാധിക്കുന്നത് എന്നായിരുന്നു. വയലുകളിലെ കഠിനജോലികളിൽ നിന്ന് ഇളവ് കൊതിച്ചിരുന്ന അടിമജാതിക്കാർക്ക് പ്രാർഥനകളും അനുബന്ധാനുഷ്ഠാനങ്ങളും പുതിയൊരു സമയബോധവും പകർന്നുനൽകി. 2012 സെപ്തംബറിൽ ഞാൻ നടത്തിയ ഫീല്‍ഡ് വർക്കിൽ പ്രായമായ ദളിതർ പ്രാർഥനാസമയത്ത് അവരനുഭവിച്ചിരുന്ന ആശ്വാസത്തെക്കുറിച്ച് പറയുന്നു. പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ ചടങ്ങുകളിൽ അടിമത്ത കാലത്തിന്റെ അനുസ്മരണത്തിന് ഇപ്പോഴും പ്രാധാന്യമുണ്ട്. പുതിയ ലോകവീക്ഷണങ്ങൾ നൽകുന്നതിലൂടെ പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളുടെ ദൈനംദിന ജീവിതത്തിൽ പുതിയ അർത്ഥതലങ്ങൾ സൃഷ്ടിക്കുന്നതിൽ പ്രാർഥനകൾ പ്രധാനമായി തുടരുന്നതായി ഈ നിരീക്ഷണങ്ങൾ കാണിക്കുന്നു.

ചരിത്രപരമായിത്തന്നെ പ്രാർത്ഥനയെ അടിച്ചമർത്തലുകൾക്കെതിരെ ഫലപ്രദമായ ആയുധമായി ഉപയോഗിച്ചുപോന്നിട്ടുണ്ട്‌. കേരളത്തിലെ ദളിതർ പ്രാർത്ഥനയെ ജാതീയ അടിച്ചമർത്തലിനെതിരെയുള്ള പ്രതിരോധമാക്കിയതിന്റെ രണ്ട്‌ ഉദാഹരണങ്ങളാണിവിടെ പങ്കു വെക്കുന്നത്. ആദ്യ സംഭവം നടന്നത്‌ 1937 ഫെബ്രുവരി 10 ന്‌ കൊല്ലം ജില്ലയിലെ തുരിത്തിക്കര എന്ന ഗ്രാമത്തിലാണ്‌. അവിടെ ദളിതർക്കിടയിൽ “സാൽവേഷൻ ആർമി” സജീവമായിരുന്നു. പ്രസ്തുത ഗ്രാമത്തിൽ പൊതു ജല സ്രോതസ്സുകളിൽനിന്നോ ഭൂവുടമകളുടെ കിണറുകളിൽനിന്നോ കുടിവെള്ളം എടുക്കുന്നതിന്‌ ദളിതർക്ക്‌ വിലക്കുകൾ ഉണ്ടായിരുന്നു. വേനൽക്കാലത്ത്‌ വറ്റിപ്പോകുമായിരുന്ന ഒരേയൊരു കിണർ മാത്രമാണ്‌ ദളിതർക്ക്‌ ഈ ഗ്രാമത്തിൽ ഉണ്ടായിരുന്നത്‌.
അങ്ങനെയിരിക്കെ ഒരു ദളിത്‌ കുടുംബത്തിന്‌ അവരുടെ മകന്റെ വിവാഹ വേളയിൽ ജലക്ഷാമം നേരിട്ടു. അടുത്തുള്ള വയലിൽ ഒരാൾ കിണർ കുഴിച്ചിട്ടുണ്ടായിരുന്നു. ദളിത്‌ കുടുംബം അതിൽ നിന്ന്‌ വെള്ളം എടുക്കാൻ അനുമതി കരസ്ത്ഥമാക്കിയിരുന്നുവെങ്കിലും അങ്ങോട്ടെത്താൻ ഒരു നായർ ഭൂവുടമയുടെ സ്ഥലത്തുകൂടെ കടന്നുപോകണമായിരുന്നു. ദളിതർ തന്റെ സ്ഥലത്തുകൂടി നടന്ന്‌ വെള്ളമെടുക്കുന്നത്‌ കണ്ട ഭൂവുടമ സ്ഥലത്ത്‌ കുതിച്ചെത്തി അവരെ പുറത്താക്കി. കുടിവെള്ള സ്രോതസ്സിലേക്കുള്ള വഴി അടഞ്ഞതിൽ നിരാശിതരും ദുഖിതരുമായ ദളിതർ അവരുടെ വറ്റിയ കിണരിനരികിൽ കൂടി നിന്ന്‌ പ്രാർത്ഥന തുടങ്ങി.

ആബാലവൃദ്ധം ജനങ്ങൾ ദീർഘനേരം പ്രാർത്ഥനയിൽ മുഴുകി. പെട്ടെന്ന്‌ കിണറ്റിനകത്തുനിന്ന്‌ അവർ ഒരു ശബ്ദം കേട്ടു. കിണറ്റിലേക്കെത്തിനോക്കിയപ്പോൾ അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട്‌ വെള്ളം പൊങ്ങി വരുന്നതാണ്‌ കാണാൻ കഴിഞ്ഞത്‌. അവരുടെ സന്തോഷത്തിന്‌ അതിരുകളില്ലായിരുന്നു. അടുത്ത നാൾ സദ്യ കേമമായി നടന്നു. പിന്നീട്‌ ജലനിരപ്പ്‌ താഴുകയും സ്ഥിരപ്പെടുകയും ചെയ്തു. അതിനുശേഷം കിണർ വറ്റിയിട്ടില്ല എന്ന്‌ ജനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.
ഇന്ന്‌ തുരിത്തിക്കരയിലെ ജനങ്ങൾ ഹൃദയംതൊട്ട പ്രാർത്ഥനക്ക്‌ ദൈവം ഉത്തരം നൽകിയ പ്രസ്തുത സംഭവത്തെ വലിയ പ്രാധാന്യത്തോടെ അനുസ്മരിച്ചുപോരുന്നു. ഞങ്ങളുടെ ഗവേഷകസംഘം അവിടം സന്ദർശ്ശിച്ചപ്പോൾ ഗ്രാമീണർ സംഭവത്തിന്റെ വാർഷികാഘോഷങ്ങളുടെയും പ്രത്യേക അനുസ്മരണപ്രാർത്ഥനയുടെയും നോട്ടീസുകളും ലഘുലേഖകളും നൽകുകയുണ്ടായി. ജനങ്ങൾ ഈ “അത്ഭുത കിണറി”ലെ വെള്ളം ശേഖരിക്കുകയും അതിലെ “വിശുദ്ധ ജലം” അവരവരുടെ കിണറുകളിലെ വെള്ളം വറ്റിപ്പോകാതിരിക്കാനായി ഒഴിക്കുകയും ചെയ്തുപോരുന്നു. ഭൂപ്രഭുക്കന്മാരുടെ അടിച്ചമർത്തലുകൾക്കെതിരെ പ്രാർത്ഥനയെ ശക്തമായ ഉപകരണമായി ഉപയോഗിക്കുന്നു എന്നതാണ്‌ ഈ ആഖ്യാനത്തിലെ മർമ്മം. മേൽപ്പറഞ്ഞ സംഭവത്തിന്റെ യുക്തിപരമായ വ്യാഖ്യാനങ്ങളിലേക്ക്‌ ഞാൻ പോകുന്നില്ല. ഇതിലെ യാതാർത്ഥ്യവും കഥാംശവും വേർതിരിക്കുന്ന സൂക്ഷ്മപരിശോധനയും ഇവിടെ നടത്തുന്നില്ല. ഈ ആഖ്യാനത്തെ വിശകലനം ചെയ്യുക എന്നതിൽ മാത്രമാണെന്റെ ഊന്നൽ. ജനപ്രിയ മതം, പ്രാർത്ഥനയുടെ പങ്ക്‌, പൊതു അവബോധം എന്നിവയുടെ വിവിധ വശങ്ങളിലേക്കുള്ള അന്വേഷണം.

മറ്റൊരു സന്ദർഭത്തിൽ, കീഴാള ചരിത്രകാരനായ ശാഹിദ്‌ അമീൻ യു പി യിലെ ഗൊരഖ്പൂർ ജില്ലയിലെ ഗ്രാമീണ കർഷകർക്കിടയിൽ ഗാന്ധിക്കുള്ള ജനകീയ പ്രതിഛായയെക്കുറിച്ച്‌ പറയുന്നുണ്ട്. ഇവിടെ സാധാരണ ജലനിരപ്പിൽ നിന്നും മൂന്നടി ഉയരത്തിലുള്ള ഒരു കിണറ്റിൽ നിന്ന് രണ്ട്‌ നീരുറവകൾ പ്രവഹിക്കുന്നത്‌ മഹാത്മാ ഗാന്ധിയുടെ അത്ഭുത സിദ്ധിയായാണ്‌ ജനങ്ങൾ കാണുന്നത്‌. കാർഷിക സമൂഹങ്ങളിലെ ജനപ്രിയ മതത്തിന്റെ ഘടകങ്ങളുമായി മിശ്രണം ചെയ്തുകൊണ്ട്‌ ഗാന്ധിയുടെ ഇമജിന്റെ സവിശേഷമായ നിർമ്മാണം ഇതിലുൾക്കൊള്ളുന്നു എന്നാണ്‌ അമീൻ ഇതിനെ വിശദീകരിക്കുന്നത്‌. നമ്മുടെ വിഷയത്തിൽ മിഷനറി ചർച്ചുകളിൽ ചേരുന്ന ദളിതർ വലിയ മാറ്റങ്ങളും വ്യക്തി/സാമൂഹ്യ ജീവിതപ്രതിസന്ധികൾക്ക്‌ പരിഹാരവും പ്രതീക്ഷിക്കുന്നതായി കാണുന്നു.

പ്രാർത്ഥന വ്യക്തിയുടെയും സമൂഹത്തിന്റെയും പ്രതിസന്ധികളെ പരിഹരിക്കുന്നതിന്റെ മറ്റൊരു ഉദാഹരണം കൂടി പറയാം. ഞങ്ങളുടെ ഫീൽഡ്‌ വർക്കിൽനിന്ന് ഉദാഹരിക്കാം. കഴിഞ്ഞ എഴുപത്തി അഞ്ച്‌ വർഷമായി പ്രതിമാസ പ്രാർത്ഥനാ യോഗങ്ങൾ നടത്തിവരുന്ന ദളിത്‌ ക്രിസ്ത്യൻ ഗ്രൂപ്പിനെ കാണാനുവാനായി ഞങ്ങൾ രണ്ടായിരത്തി പതിമൂന്ന് മർച്ച്‌ പതിനെട്ടിന്‌ തെക്കൻ കേരളത്തിലെ കൊട്ടാരക്കര സന്ദർശ്ശിച്ചിരുന്നു. ഞാൻ സംഘടിപ്പിച്ച ദളിത്‌ പ്രാർത്ഥനയെ സംബന്ധിച്ച ഒരു ചർച്ചയിൽ പങ്കെടുത്ത സുഹൃത്ത്‌ വിവരം തരുന്നത്‌ വരെ ഇതേക്കുറിച്ച്‌ എനിക്ക്‌ ഒരു ധാരണയും ഇല്ലായിരുന്നു. അദ്ദേഹം പ്രസ്തുത പ്രതിമാസ പ്രാർത്ഥനായോഗത്തിന്റെ എഴുപത്തി അഞ്ചാം വാർഷികത്തോടനുബന്ധിച്ച്‌ ഈ ദളിത്‌ കൃസ്ത്യാനികൾ ഇറക്കിയ ചില പ്രസിദ്ധീകരണങ്ങൾ എനിക്കയച്ചു തന്നു. തുടർന്ന് വലിയ തോതിലുള്ള ഫീൽഡ്‌ വർക്കിന്റെ ഭാഗമായിൽ അവരെ കാണാൻ ഞങ്ങൾ തീരുമാനിച്ചു. സമുദായത്തിലും പ്രാർത്ഥനായോഗങ്ങളിലും സജീവരായ പതിനഞ്ചു പേരെയാണ്‌ മാർച്ച്‌ പതിനെട്ടിന്റെ യോഗത്തിന്‌ ഞങ്ങൾ ക്ഷണിച്ചത്‌. ദളിത്‌ കൃസ്ത്യാനികൾക്ക്‌ മാത്രമായ സി എം എസ്‌ ആംഗ്ലിക്കൽ ചർച്ചിൽ നിന്നുള്ള ഒരു ബിഷപ്പ്‌ അതിൽ സംബന്ധിച്ചിരുന്നു. സമുദായത്തിലെ മുതിർന്നവരും ദളിത്‌ കൃസ്ത്യൻ സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവരായ ചെറുപ്പക്കാരുമായിരുന്നു ബാക്കിയുള്ളവർ.

ചർച്ചയിൽ പങ്കെടുതവരിൽ ഹോമിയോ ഡോക്റ്ററായി വിരമിച്ച ഒരാൾ പ്രാർത്ഥനയിലൂടെ തന്റെ പ്രയാസങ്ങൾ പരിഹരിച്ച ഒരു സംഭവം ഓർത്തെടുത്തു. അദ്ദേഹത്തിന്റെ മാതാപിതാക്കൾ പ്രദേശത്തെ ഭൂവുടമകൾക്കു കീഴിൽ പണിയെടുത്തിരുന്ന ഭൂരഹിത തൊഴിലാളികളായിരുന്നു. ദിവസവും രാവിലെ അദ്ദേഹം സ്കൂളിൽ പോകുമ്പോൾ മാതാപിതാക്കൾ ഭൂവുടമയുടെ വയലിൽ പണിക്ക്‌ പോകും. ഒരുദിവസം അദ്ദേഹം പിതാവിനോട്‌ തനിക്ക്‌ നല്ല വിശപ്പുള്ളതിനാൽ സ്കൂളിൽ പോകുന്നില്ല എന്ന്‌ പറഞ്ഞു. ഇതു കേട്ട പിതാവ്‌, പണിക്കാർക്കുള്ള ഭക്ഷണത്തിൽ നിന്ന്‌ ഒരു പങ്ക്‌ നൽകാം എന്ന ധാരണയിൽ പാടത്തേക്ക്‌ ചെല്ലാൻ ആവശ്യപ്പെട്ടു. ഭക്ഷണം കിട്ടുമെന്ന സന്തോഷത്തിൽ ആ ബാലൻ പതിനൊന്ന്‌ മണിയോടെ തന്റെ രക്ഷിതാക്കൾ പണിയെടുത്തിരുന്ന പാടത്തെത്തി. പണിക്കാരെല്ലാവരും ഭക്ഷണം വിളമ്പുന്നതും കാത്തിരിക്കുകയായിരുന്നു.

അവിടെയെത്തിയ ബാലൻ ചുറ്റും നോക്കിയെങ്കിലും ആഹാരം എവിടെയാണെന്നു കാണാൻ കഴിഞ്ഞില്ല. ആവസാനം പിതാവ്‌ ഭക്ഷണം കഴിച്ചുകൊള്ളാൻ പറഞ്ഞപ്പോൾ മാത്രമാണ്‌ അവന്‌ ഭക്ഷണം എവിടെയാണിരിക്കുന്നത്‌ എന്ന്‌ തിരിച്ചറിഞ്ഞത്‌. ഭൂവുടമയുടെ ആൾക്കാർ നിലത്ത്‌ കുഴികളുണ്ടാക്കി അതിൽ ചേമ്പിലകൾ വച്ച്‌ അതിൽ കഞ്ഞി ഒഴിച്ചു കൊടുക്കക്കുകയായിരുന്നു- ദളിതരുടെ സാമീപ്യത്താൽ അശുദ്ധരാകാതിരിക്കാനായിരുന്നു ഇത്‌! ചേമ്പില കഞ്ഞി മണ്ണിൽ കുതിർന്നു പോകുന്നതിൽ നിന്നും തടയും. പ്ലാവില കൊണ്ടുണ്ടാക്കിയ കുമ്പിളോ ചിരട്ടയോ ഉപയോഗിച്ചാണ്‌ പണിക്കാർ കഞ്ഞി കോരിക്കുടിച്ചിരുന്നത്‌. ചിലപ്പോൾ അവർ ചേമ്പില കീറി വെള്ളം ഊറ്റിക്കളഞ്ഞ്‌ ചോറുമാത്രം വാരിത്തിന്നും. തന്റെ മകന്റെ വിശപ്പ്‌ കണ്ട പിതാവ്‌, ചേമ്പില കീറി വെള്ളമൂറ്റിക്കളഞ്ഞ്‌ കുഴിയിൽ നിന്നും ചോറ്‌ കോരിക്കൊടുത്തു. ഞെട്ടിപ്പോയ ബാലൻ കരയാൻ തുടങ്ങി. അവന്‌ തന്റെ മാതാപിതാക്കൾ പണിസ്ഥലത്തനുഭവിക്കുന്നതിനെക്കുറിച്ച്‌ ധാരണയില്ലായിരുന്നു. ഇനിയൊരിക്കലും ആഹാരത്തിനുവെണ്ടി വാശിപിടിക്കില്ല എന്ന്‌ ആ ബാലൻ കണ്ണീരോടെ പിതാവിനെ അറിയിച്ചു. വീട്ടിലേക്കു മടങ്ങിയപ്പോഴും ആ ബാലൻ കരച്ചിൽ തുടരുകയും കണ്ണീരോടെ ഈ അവസ്ഥയും വിധിയും മാറ്റിത്തരാൻ ദൈവത്തോട്‌ പ്രാർത്ഥിക്കുകയും ചെയ്തു.
ഇത്‌ ആയിരത്തി തൊള്ളായിരത്തി നാൽപതുകളിലോ അമ്പതുകളിലോ നടന്ന സംഭവമായിരിക്കാം. ഏങ്കിലും ഞങ്ങളോട്‌ സംഭവം വിവരിക്കുന്നതിനിടയിൽ അവിടെയുള്ളവരെയെല്ലാം അസ്വസ്ഥപ്പെടുത്തിക്കൊണ്ട്‌ അദ്ദേഹം വിങ്ങിപ്പൊട്ടാൻ തുടങ്ങി. ആ പ്രാർത്ഥനയാണ്‌ ദാരിദ്ര്യത്തെയും ഇല്ലായ്മയെയും വിദ്യാഭ്യാസത്തിലൂടെ മറികടക്കാനും സർക്കാർ ജോലി തരപ്പെടുത്തിക്കൊണ്ട്‌ കുടുംബത്തെ ജാതീയ അടിച്ചമർത്തലുകൾ സൃഷ്ടിച്ച ദൗർബല്യങ്ങളിൽനിന്ന്‌ ഉയർത്തിക്കൊണ്ടുവരാനും തന്നെ സഹായിച്ചത്‌ എന്ന് വിശ്വസിക്കുന്നതായി അദ്ദേഹം തന്നെ പറയുന്നു.

Original link: http://forums.ssrc.org/ndsp/2013/02/26/from-the-lords-prayer-to-invoking-slavery-through-prayers-religious-practices-and-dalits-in-kerala-india/

http://forums.ssrc.org/ndsp/2013/09/24/prayer-as-resistance/

 

വിവർത്തനം : മുഹ്‌സിൻ ആറ്റാശ്ശേരി

സനല്‍ മോഹന്‍

Associate Professor, School of Social Sciences, Mahatma Gandhi University