Campus Alive

അബ്ദുല്‍ അസീസ് സചേതിന: ജീവിതവും ചിന്തകളും

വിര്‍ജീനയിലെ ജോര്‍ജ് മാസണ്‍ (George Mason) യൂണിവേഴ്സിറ്റിയിലെ പ്രൊഫസറും International Institute of Islamic Thought (IIIT) ചെയറുമാണ് അബ്ദുല്‍ അസീസ് സചേതിന. ശീഈ തിയോളജിയിലും ഇസ്ലാമും മനുഷ്യാവകാശവും പോലുളള മേഖലകളിലും പ്രസിദ്ധനായ പണ്ഡിതനാണ് അദ്ദേഹം. ഇസ്ലാമിക പഠനത്തിന്റെ രീതിശാസ്ത്രവുമായി ബന്ധപ്പെട്ടുളള അദ്ദേഹത്തിന്റെ പഠനങ്ങള്‍ ഇറാന്‍ ഗവണ്‍മെന്റ് പേര്‍ഷ്യന്‍ ഭാഷയില്‍ പ്രസിദ്ധീകരിക്കുകകയും ഇറാനിലെ മതകലാലയങ്ങള്‍ക്ക് പാഠപുസ്തകമായി നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവിതത്തെയും സ്‌കോളര്‍ഷിപ്പിനെയും കുറിച്ച് The Maydan വെബ്‌പോര്‍ട്ടല്‍ പ്രസിദ്ധീകരിച്ച സുദീര്‍ഘ അഭിമുഖത്തിന്റെ സ്വതന്ത്ര, സംഗ്രഹ വിവര്‍ത്തനം.


താങ്കൾ വളർന്നുവന്ന പശ്ചാത്തലത്തെയും ആദ്യകാല വിദ്യാഭ്യാസത്തെയും പരിചയപ്പെടുത്താമോ?

താന്‍സാനിയയിലെ ഇന്ത്യന്‍ വേരുകളുളള ഒരു ശീഈ കുടുംബത്തിലാണെൻറെ ജനനം. അവിടുത്തെ ബ്രിട്ടീഷ് സ്‌കൂളില്‍ നിന്ന് 1959ല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി മൂന്നു വര്‍ഷം ഓട്ടോമന്‍ ബാങ്കില്‍ ജോലി നോക്കിയതിനു ശേഷമാണ് ഞാന്‍ ഉന്നത വിദ്യാഭ്യാസത്തിനായി തീരുമാനമെടുക്കുന്നത്. സാമ്പത്തിക ശേഷിയുളളവര്‍ ഇംഗ്ലണ്ടിലേക്കും അല്ലാത്തവര്‍ ഇന്ത്യയിലേക്കുമാണ് അക്കാലത്ത് താന്‍സാനിയയില്‍ നിന്ന് ഉന്നതപഠനത്തിനായി പോയിക്കൊണ്ടിരുന്നത്. ഇംഗ്ലണ്ട് എനിക്ക് പ്രാപ്യമല്ല എന്നതിനാല്‍ സ്വാഭാവികമായും ഇന്ത്യയായിരുന്നു എന്റെ ഉന്നം. അങ്ങനെയാണ് ഞാന്‍ അലീഗഢിലെത്തിച്ചേരുന്നത്. ഇസ്ലാമിക് സ്റ്റഡീസായിരുന്നു എന്റെ താല്‍പര്യം. അലീഗഢ് അന്നതിന് മികച്ച കേന്ദ്രവുമായിരുന്നു. ബെര്‍ണാഡ് ലൂയിസ് അടക്കമുളള ഓറിയന്റലിസ്റ്റുകള്‍ അവിടെ സന്ദര്‍ശിക്കുകയും ക്ലാസുകള്‍ നയിക്കുകയും ചെയ്തിരുന്നു. പ്രൊഫ. മഖ്ബൂല്‍ അഹ്മദ്, പ്രൊഫ. ഖാലിദ് നിസാമി, പ്രൊഫ. മുഹമ്മദ് ഇര്‍ഫാന്‍ ഹബീബ്, മൗലാനാ അക്ബറാബാദി, മൗലാനാ അലി നഖി നഖാവി, തുടങ്ങിയ പ്രമുഖരില്‍ നിന്ന് ജ്ഞാനം നേടാനുള്ള അവസരം അലീഗഢിലുണ്ടായി.

എങ്ങിനെയാണ് പിന്നീട് നിങ്ങള്‍ ഇറാനിലെത്തിച്ചേരുന്നത്?

Sayyed Ali Naqi Naqvi

അലീഗഢിലുളള കാലത്തു തന്നെ ഒരു പടിഞ്ഞാറന്‍ യൂണിവേഴ്സിറ്റിയില്‍ ഇസ്ലാമിക് സ്റ്റഡീസില്‍ ഗവേഷണം നടത്തണം എന്ന തീരുമാനം എന്റെ മനസ്സിലുണ്ടായിരുന്നു. എന്നാല്‍ ഇറാനില്‍ നിന്നും PhD പൂര്‍ത്തിയാക്കിയ എന്റെ അധ്യാപകനാണ്, ഇസ്ലാമിക വിജ്ഞാനീയങ്ങളില്‍ ആഴമുളള അവഗാഹമില്ലാതെ പടിഞ്ഞാറന്‍ യൂണിവേഴ്സിറ്റിയിലേക്ക് പോവുന്നത് പാഴ്‌വേലയാണ് എന്ന് മനസ്സിലാക്കിത്തരുന്നത്. ഇറാനിലേക്ക് പോയി ഇസ്ലാമിക പഠനം തുടരാനും പിന്നീട് പാശ്ചാത്യ സർവകലാശാലകളിലെ ആധുനിക രീതിശാസ്ത്രം അതിന്റെ മേല്‍ പ്രയോഗവല്‍ക്കരിക്കാനുമുളള അദ്ദേഹത്തിന്റെ ഉപദേശം ഞാന്‍ സ്വീകരിക്കുകയായിരുന്നു. അങ്ങനെ 1966 ല്‍ ഞാന്‍ ഇറാനിലെത്തി. അവിടെ മര്‍ഷാദ് യൂണിവേഴ്സിറ്റിയില്‍ (Marshad University)  ബിരുദ പഠത്തിന് ചേരുകയും ഇസ്ലാമിക പഠനം തുടരുകയും ചെയ്തു. പേര്‍ഷ്യന്‍ ഭാഷയിലായിരുന്നു ബിരുദം. അതേ സമയം തന്നെ പരമ്പരാഗത മദ്റസയില്‍ നിന്ന് ഫിഖ്ഹും ഉസൂലുകളും ദൈവശാസ്ത്രവും പഠിക്കാനാരംഭിക്കുകയും ചെയ്തു. അത്തരമൊരു വിദ്യാഭ്യാസം ആത്മീയമായ വളര്‍ച്ചയുടെ കൂടെ കാലഘട്ടമായിരുന്നു. അതേ പോലെ തന്നെ ആ മദ്റസകളില്‍ അവര്‍ പുലര്‍ത്തിയിരുന്ന വിശാലതയും ഏറെ ശ്രദ്ധേയമാണ്. ശിയാ മദ്ഹബിനു പുറമേ നാല് സുന്നി മദ്ഹബുകളും പഠിക്കാനുളള അവസരം അവിടെ എനിക്കുണ്ടായി. ഒരു ശിയാ വിശ്വാസി ആയിരിക്കെ തന്നെ താന്‍സാനിയയിലെ ബഹുസ്വരമായ അന്തരീക്ഷത്തിലെ ജീവിതം ഇസ്ലാമിനകത്തുള്ള വ്യത്യസ്ത അഭിപ്രായങ്ങളെ കൂടുതല്‍ തുറന്ന മനസ്സോടെ സമീപിക്കാന്‍ എന്നെ പ്രാപ്തമാക്കിയിരുന്നു.

ഷാ ഭരണ കാലത്താണ് നിങ്ങള്‍ ഇറാനിലെത്തുന്നത്. അലി ശരീഅത്തിയൊക്കെ അക്കാലത്ത് ഇറാനിലെ ബൗദ്ധിക മണ്ഡലങ്ങളില്‍ സജീവമാണ്. ശരീഅത്തിയുമായി നിങ്ങള്‍ക്ക് വ്യക്തിപരമായ അടുപ്പമുണ്ടായിരുന്നതായും കേട്ടിട്ടുണ്ട്. ഇറാന്‍ വിപ്ലവത്തിന് മുമ്പുളള ആ കാലഘട്ടത്തെ വിശദമാക്കുമോ ?

ഷാ ഭരണകൂടമാണ് അറുപതുകളില്‍ യൂണിവേഴ്സിറ്റികളില്‍ തിയോളജി ഡിപ്പാര്‍ട്ടുമെന്റുകള്‍ ആരംഭിക്കുന്നത്. ആ കാലഘട്ടത്തില്‍ ലോകത്തിലെ തന്നെ മികച്ച പ്രൊഫസര്‍മാരാണ് ഇറാനിലെ യൂണിവേഴ്സിറ്റികളിലുണ്ടായിരുന്നത്. പാശ്ചാത്യ ലോകത്തെ വ്യത്യസ്ത സർവ്വകലാശാലകളിൽ നിന്ന് ഗവേഷണം പൂര്‍ത്തിയാക്കിയവരായിരുന്നു അവര്‍. ആധുനിക രീതിശാസ്ത്രങ്ങളുപയോഗപ്പെടുത്തി ഇസ്ലാമിനെ പഠിക്കുന്നതായിരുന്നു ഇത്തരം ഡിപ്പാര്‍ട്ടുമെന്റുകളുടെ സ്വഭാവം. പരമ്പരാഗത മദ്റസുകളുടെ സ്വാധീനത്തെ ചെറുക്കുക എന്നതായിരുന്നു ഇതിനു പിന്നിലെ ഭരണാധികാരികളുടെ ഉദ്ദേശ്യം. ഉലമാ പാരമ്പര്യവും യൂണിവേഴ്സിറ്റിയിലെ ഇസ്ലാമിക വിദ്യാഭ്യാസവും ഏറ്റുമുട്ടുന്നത് അന്ന് തന്നെ ഏറെ പ്രകടമായിരുന്നു. പ്രമാണങ്ങളെ പുതിയ സാഹചര്യങ്ങളുമായി ചേർത്തുവെക്കേണ്ടതുണ്ടോ എന്നുളളതായിരുന്നു സംഘര്‍ഷത്തിന്റെ അടിസ്ഥാനം. പരമ്പരാഗത വിദ്യാഭ്യാസത്തില്‍ അങ്ങനെയുണ്ടായിരുന്നില്ല. എന്നാല്‍ യൂണിവേഴ്സിറ്റികള്‍ അത്തരമൊരു രീതിശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയാണ് നിലനിന്നിരുന്നത്.

അലി ശരീഅത്തി

അലി ശരീഅത്തി അന്നവിടെ ഇസ്ലാമിക ചരിത്രത്തില്‍ അധ്യാപകനാണ്. അവിടുന്ന് തുടങ്ങിയ സൗഹൃദം 1977 ല്‍ അദ്ദേഹം ലണ്ടനില്‍ വെച്ച് മരണപ്പെടുന്നതു വരെ തുടര്‍ന്നു. ശരീഅത്തിയൊക്കെ നേരത്തേ സൂചിപ്പിച്ച സംഘര്‍ഷത്തെ ഉള്‍ക്കൊണ്ടിരുന്നു. മതത്തിന്റെ സാമൂഹിക ശാസ്ത്രകാരന്‍ എന്ന നിലയില്‍ ശരീഅത്തിയുടെ ഇസ്ലാമിക ചരിത്രത്തെ കുറിച്ചുളള ആലോചനകൾ ഉള്‍ക്കാഴ്ച്ചാപരമായിരുന്നു. അദ്ദേഹം ആധുനിക രീതിശാസ്ത്രങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ഇസ്ലാമിക ചരിത്രത്തെ വിശദീകരിച്ചിരുന്നത്. എന്നാല്‍ അതേ സമയം പാരമ്പര്യത്തോടും സംസ്‌കാരത്തോടും അദ്ദേഹം അഗാധമായ ബന്ധം സൃഷ്ടിക്കുകയും ചെയ്തു. ഇസ്ലാമിക്- ഇറാനിയന്‍ വേരുകളോടുളള ഈയൊരു ആത്മ ബന്ധം അദ്ദേഹത്തെ ഇസ്ലാമിന്റെ പ്രാരംഭ കാലത്തെക്കുറിച്ചുളള അദ്വിതീയനായ വ്യഖ്യാതാവാക്കി. പാശ്ചാത്യ വിദ്യാഭ്യാസം നേടിയ മറ്റുളളവരെ പോലെ പടിഞ്ഞാറന്‍ വല്‍ക്കരിക്കപ്പെട്ട ആളായിരുന്നില്ല അദ്ദേഹം.

ഈയൊരു സംഘര്‍ഷം ഇന്നും അക്കാദമിക്സിലെ ഇസ്ലാമിക പഠനത്തില്‍ പ്രധാനപ്പെട്ട ഒന്നാണല്ലോ? ഈയൊരു രംഗത്ത് താങ്കളുടേതായ സംഭാവനകളുമുണ്ട്.

തീര്‍ച്ചയായും, ഉദാഹരണത്തിന്, ഇറാനിലെ ജ്ഞാനമണ്ഡലത്തില്‍ വിമര്‍ശനാത്മക രീതിശാസ്ത്രം ഉപയോഗിച്ച് ഇസ്ലാമിനെ പഠിക്കുന്നത് ഉലമാക്കളുടെയും പാരമ്പര്യത്തിന്റെയും ആധികാരികതയെയും പ്രാമാണികതയെയും ഇല്ലാതാക്കുമെന്ന് പല പണ്ഡിതരും വാദിച്ചിട്ടുണ്ട്. സുന്നീ ലോകത്തു നിന്നും വ്യത്യസ്തമായി അധികാരികളില്‍ നിന്നും ഏറെ സ്വതന്ത്രരായവരും അതിനാല്‍ തന്നെ കൂടുതല്‍ സ്വാധീനമുള്ളവരുമാണ് ഇറാനിലെ പാരമ്പര്യ ഉലമാക്കള്‍. അതേ സമയം തന്നെ അലീ ശരീഅത്തിയെ പോലെ ആധുനിക വിദ്യാഭ്യാസം നേടിയ, എന്നാല്‍ തദ്ദേശീയ ജനതയുടെ പാരമ്പര്യത്തെ ആഴത്തില്‍ ഉള്‍ക്കൊള്ളുന്ന ആളുകള്‍ പാരമ്പര്യ ഇസ്ലാമിനെ മനസ്സിലാക്കുന്നതില്‍ തന്നെ ആധുനിക രീതിശാസ്ത്രങ്ങള്‍ ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്ന പക്ഷക്കാരായിരുന്നു. ശരീഅത്തിയുടെ വിദ്യാര്‍ഥികളില്‍ മദ്രസാ വിദ്യാര്‍ഥികളുമുണ്ടായിരുന്നു. അവര്‍ അദ്ദേഹത്തിന്റെ ആശയങ്ങളെ മദ്രസകളില്‍ പ്രചരിപ്പിക്കുകയും ഉലമാക്കള്‍ അതിനോട് യോജിക്കുകയും വിയോജിക്കുകയും ചെയ്തുകൊണ്ട് മുന്നോട്ട് വരികയും ചെയ്തു. അബ്ദുല്‍ കരീം സോറോഷ്, സയ്യിദ് ഹുസൈന്‍ നസ്ർ തുടങ്ങിയവരെല്ലാം തന്നെ ഇത്തരത്തിലുള്ള സംവാദങ്ങളുടെ ഭാഗവാക്കായ ആളുകളാണ്.

അധ്യാപന/ഗവേഷണ രീതിശാസ്ത്രങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും സംവാദങ്ങളും ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. എന്നെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട മേഖലയുമാണത്. ഇറാനിലെ പരമ്പരാഗത മദ്രസാ പഠനകേന്ദ്രങ്ങളില്‍ ഞാന്‍  അധ്യാപന രീതിശാസ്ത്രം പഠിപ്പിക്കുന്നുണ്ട്. അവിടങ്ങളിലെ ഇസ്ലാമിക പഠനത്തിനായി പുതിയ തരത്തിലുള്ള സമീപനങ്ങള്‍ അതുവഴി രൂപപ്പെടുന്നുണ്ട്. പ്രമാണങ്ങളെ വിമര്‍ശനാത്മകമായി സമീപിക്കുന്ന രീതിശാസ്ത്രത്തെ നിരവധി രാജ്യങ്ങളില്‍ പരിചയപ്പെടുത്തുവാനും സംസ്ഥാപിക്കുവാനും എനിക്ക് കഴിഞ്ഞിട്ടുണ്ട്. രീതിശാസ്ത്രത്തെ പറ്റിയുള്ള എന്റെ ലക്ചറുകള്‍ പേര്‍ഷ്യന്‍ ഭാഷയില്‍

അബ്ദുൽ കരീം സോറോഷ്

പ്രസിദ്ധീകരിച്ചിട്ടുണ്ട്. മദ്റസകളില്‍ ആധുനിയ രീതിശാസ്ത്രം പഠിപ്പിക്കുന്നതിനായി അവരതിനെ ഉപയോഗപ്പെടുത്തുന്നുമുണ്ട്. മനുഷ്യാവകാശം, മത ബഹുസ്വരത, അക്കാദമിക രീതിശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ ഞാന്‍ പ്രഭാഷണങ്ങളും നടത്താറുണ്ട്. മതത്തെ അക്കാദമികമായി പഠിക്കുക എന്ന ആധുനിക രീതിശാസ്ത്രം തന്നെയാണ് ഇവിടങ്ങളിലൊക്കെ ഞാന്‍ പഠിപ്പിക്കുന്നത്. ഒരു പക്ഷേ ഇത് ‘നിയോ-ഓറിന്റലിസം’ എന്ന് വിളിക്കപ്പെടുന്നുണ്ടാവാം. പക്ഷേ അതൊരു മോശം കാര്യമാണ് എന്ന് ഞാന്‍ കരുതുന്നില്ല. ഇത്തരത്തിലുള്ള രീതിശാസ്ത്രങ്ങളെ ഉപയോഗപ്പെടുത്തുന്നില്ല എങ്കില്‍ നമ്മള്‍ ദുര്‍ബലമായ ചരിത്രരചനയില്‍ കാലം കഴിച്ചുകൂട്ടും. അല്ലെങ്കില്‍ സങ്കീര്‍ണ്ണമായ മുസ്ലിം സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങള്‍ ചരിത്രപരമായി മതാശയങ്ങള്‍ക്ക് മേല്‍ ചെലുത്തിയ സ്വാധീനങ്ങളെ പറ്റി തീര്‍ത്തും അപര്യാപ്തമായതും ഉപരിപ്ലവവുമായ ജ്ഞാനം കൊണ്ട് നമ്മള്‍ തൃപ്തിയടയും. പരമ്പരാഗ മതനേതൃത്വത്തിനിടയില്‍ നിന്നുമുള്ള സ്വീകാര്യത എന്നത് ദീര്‍ഘകാലത്തെ പ്രവര്‍ത്തനഫലമായുണ്ടായ കാര്യമാണ്. ഞാനിന്ന് ഖുമ്മിലെയും നജഫിലെയും മദ്രസകളില്‍ പഠിപ്പിക്കുകയും അവരുടെ അക്കാദമിക കണ്‍സള്‍ട്ടന്റ് ആയി പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. ഇസ്ലാമിനെ കുറിച്ചുള്ള അക്കാദമി പഠനങ്ങള്‍ക്ക് ഇടം ലഭിക്കുന്ന സമീപനങ്ങള്‍ വികസിച്ചുവരുന്നുണ്ട് എന്ന് കാണാന്‍ കഴിയും.

ഇറാനിലെ അഞ്ചുവര്‍ഷത്തെ പഠനത്തിന് ശേഷമാണ് താങ്കള്‍ ടൊറന്റോയിലേക്ക് പോകുന്നത്. ഒരു പാശ്ചാത്യ സര്‍വ്വകലാശാലയിലെ ഇസ്ലാമിക പഠനത്തിലെ സന്നിഗ്ദതകള്‍ പങ്കുവെക്കാമോ.

ഇറാനിലെ അഞ്ച് വര്‍ഷക്കാലം(1965-1971) ഏറെ ഉള്‍ക്കാഴ്ച്ചകള്‍ നല്‍കിയിരുന്നു. ഇസ്ലാമിക മൗലിക പ്രമാണങ്ങളും പരമ്പരാഗത രീതിശാസ്ത്രങ്ങളും ആധുനിക രീതിശാസ്ത്രങ്ങളുമെല്ലാം വിശാലമായിത്തന്നെ ഞാന്‍ പരിചയപ്പെട്ടു. അറബി, ഉര്‍ദു, പേര്‍ഷ്യന്‍ ഭാഷകളിലും ഞാന്‍ അവഗാഹം നേടിക്കഴിഞ്ഞിരുന്നു. എന്നാല്‍ ആധുനിക രീതിശാസ്ത്രം ഉപയോഗപ്പെടുത്തി ഇസ്ലാമിനെ പഠിക്കാന്‍ പ്രാപ്തി നേടേണ്ടതുണ്ട് എന്ന ആശയം ആദ്യമേ എന്റെ മനസ്സിലുണ്ട്. അതിന്റെ പൂര്‍ത്തീകരണം എന്ന നിലക്കാണ് ഞാന്‍ ടൊറന്റോ യൂണിവേഴ്സിറ്റിയില്‍ എത്തുന്നത്.

ഭാഷാശാസ്ത്രമുപയോഗിച്ച് (Philology) ക്ലാസിക്കല്‍ അറബ്-പേര്‍ഷ്യന്‍ സ്രോതസ്സുകളെ വിശകലനം ചെയ്യുന്ന ഓറിയന്റലിസ്റ്റുകളായിരുന്നു ടൊറന്റോയിലെ പ്രഫസര്‍മാരിലധികവും. ആ നിലക്ക് രീതിശാസ്ത്രത്തിനായുള്ള എന്റെ അന്വേഷണങ്ങള്‍ പ്രമാണ-ചരിത്ര പഠനങ്ങളില്‍ (Textual-Historical Studies) എത്തിച്ചേര്‍ന്നു എന്ന് പറയാം. ഞാന്‍ ചരിത്രത്തില്‍ കോഴ്സുകള്‍ ചെയ്യുകയും എം.എ ഷബാന്‍ (M.A Shaban) മാര്‍ഷല്‍ ഹഡ്സണ്‍ (Marshall Hudgson) തുടങ്ങിയവരുടെ കൃതികള്‍ പഠിക്കാനാരംഭിക്കുകയും ചെയ്തു. ഇസ്ലാമിന് പുറത്തുനിന്നുകൊണ്ട് ഇസ്ലാമിനെ പഠിക്കാന്‍ ഞാന്‍ പരുവപ്പെടേണ്ടിയിരുന്നു. അധ്യാപകര്‍ക്ക് എന്റെ മതപരമായ പ്രതിബദ്ധതയെ പറ്റി അറിയുന്നതിനാല്‍ തന്നെ അവരിക്കാര്യത്തില്‍ വളരെയധികം ജാഗ്രതയുള്ളവരും ആയിരുന്നു. ഇസ്ലാമിനെ വലിയ അളവില്‍ പ്രതിരോധിച്ചുകൊണ്ടും ക്ഷമാപണരൂപത്തിലുമായിരുന്നു തുടക്കകാലത്ത് എന്റെ പേപ്പറുകളുണ്ടായിരുന്നത്. അവരതിനെ സമ്പൂർണ്ണമായി തള്ളിക്കളയുകയും എന്റെ സ്രോതസ്സുകളെ വിമർശനാത്മകമായി സമീപിക്കാൻ അനുതാപപൂർവ്വം പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. Insider- outsider എന്നത് ഇസ്ലാമിക പഠനവുമായി ബന്ധപ്പെട്ട് ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷമാണ്. ‘അകത്തുള്ളവർ’ മനസ്സിലാക്കുന്നതുപോലെ ഒരു ആധികാരിക ഇസ്ലാമാണോ ഉള്ളത് അതല്ല ‘പുറമേയുള്ളവർ’ പറയുന്നതു പോലെ പല ഇസ്ലാമുകളാണോ ഉള്ളത്? ഇസ്ലാമിലെ പ്രാമാണിക ഗ്രന്ഥങ്ങളെയും പണ്ഡിതാഭിപ്രായങ്ങളെയും അവയുടെ ചരിത്ര-സാമൂഹിക സാഹചര്യത്തെ മനസ്സിലാക്കിക്കൊണ്ട് സമീപിക്കുന്നത് സങ്കീര്‍ണ്ണമായ ഇസ്ലാമിക ചരിത്രത്തിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലാന്‍ കൂടുതല്‍ പ്രാപ്തി നല്‍കും എന്നാണ് ടൊറന്റോയിലെ വിദ്യാഭ്യാസം എനിക്ക് മനസ്സിലാക്കിത്തന്നത്.

മഹ്ദി സങ്കല്‍പ്പത്തെ കുറിച്ചായിരുന്നു താങ്കളുടെ ഗവേഷണം. പിന്നീടത് പുസ്തകമായി പ്രസിദ്ധീകരിക്കുകയും ചെയ്തു.

മഖാലാത്ത് അല്‍ ഇസ്ലാമിയ കവർ

അതെ, The Doctrine of Mahdi’ism in Imami Shi’ism: A Study of Doctrinal Evoluion in the 9th and 10th Centuries എന്ന എന്റെ ആദ്യ പുസ്തകം ടൊറന്റോയിലെ ഗവേഷണത്തിന്റെ ഫലമാണ്. ഇതിലെ പരിണാമം എന്ന പദം നേരത്തെ സൂചിപ്പിച്ച സംഘര്‍ഷത്തെ ഉള്‍ക്കൊള്ളുന്നുണ്ട്. പരമ്പരാഗതമായ ധാരണയനുസരിച്ച് മതത്തിലെ വിശ്വാസപരമായ കാര്യങ്ങള്‍ക്ക് പരിണാമം സംഭവിക്കുന്നില്ല, അത് നല്‍കപ്പെട്ടതാണ്. എന്നാല്‍ കാര്യങ്ങളെ ചരിത്രവത്കരിച്ച് മനസ്സിലാക്കുമ്പോള്‍ മറ്റുപല ഉള്‍ക്കാഴ്ച്ചകളും നമുക്ക് ലഭിക്കുന്നു.

മഹ്ദി എന്ന ആശയം എങ്ങനെയാണ് വിവിധ കാലങ്ങളിലൂടെ വികസിച്ചു വന്നത് എന്നാണ് ഞാന്‍ അന്വേഷിച്ചത്. ഉദാഹരണത്തിന് ഇമാം അശ്അരിയുടെ വിവിധ മുസ്ലിം സെക്ടുകളെ പറ്റിയുള്ള ‘മഖാലാത്ത് അല്‍ ഇസ്ലാമിയ’എന്ന പുസ്തകത്തില്‍ സമുദായത്തെ ഭാവിയില്‍ രക്ഷപ്പെടുത്താന്‍ വരുന്ന വിമോചകനെ പറ്റിയുള്ള പരാമര്‍ശങ്ങളൊന്നും തന്നെയില്ല. അതേ പോലെ ശിയാ വിശ്വാസ പ്രകാരം 12ാമത്തെ ഇമാമിന്റെ അപ്രത്യക്ഷമാവലിനെക്കുറിച്ചുള്ള (occultation) പ്രാഥമിക സ്രോതസ്സുകളുടെ കാലഗണന പരിശോധിക്കുമ്പോൾ അതുമായി ബന്ധപ്പെട്ട മിക്ക സ്രോതസ്സുകളും എഴുതപ്പെട്ടത് occultation ന് ഏറെ പിന്നീടാണ് എന്ന് കാണാന്‍ കഴിയും. ഈ വിഷയത്തില്‍ വ്യത്യസ്ത പണ്ഡിതരുടെ അഭിപ്രായങ്ങള്‍ പരിശോധിക്കുകയും അവയുടെ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങള്‍ക്ക് അതിലുള്ള സ്വാധീനത്തെ മനസ്സിലാക്കാന്‍ ശ്രമിക്കുകയുമാണ് ഞാന്‍ ചെയ്തത്.

താങ്കളുടെ രണ്ടാമത്തെ പുസ്തകം The Just Ruler in Shi’ite Islam എന്നുള്ളതാണ്. പിന്നീട് 2002 ല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട The Islamic Roots Of Islamic Pluralism എന്ന പുസ്തകവും പുറത്തിറങ്ങി. രാഷ്ട്രീയ ചിന്തകളുമായി ബന്ധപ്പെട്ട താങ്കളുടെ അന്വേഷണങ്ങളെ കുറിച്ച്..

ഗുപ്തമായ അവസാനത്തെ ഇമാമിന്റെ അസാന്നിധ്യത്തില്‍ ശിയാ സമൂഹം എങ്ങനെയാണ് മുന്നോട്ട് പോവുന്നത് എന്നതായിരുന്നു The Just Ruler ന്റെ അടിസ്ഥാന പ്രമേയം. അതുപോലെ തന്നെ ആയത്തുള്ള ഖുമൈനി എങ്ങനെയാണ് ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാന്റെ സ്ഥാപകനും നേതാവുമായത് എന്നതും ആ പുസ്തകത്തില്‍ പ്രാധാന്യപൂര്‍വ്വം ചര്‍ച്ച ചെയ്തിരുന്നു. ശിയാ ചിന്താ പ്രസ്ഥാനത്തിലെ നിയമവ്യവഹാരങ്ങളിലൂടെയുള്ള നീണ്ട സഞ്ചാരമായിരുന്നു യഥാര്‍ഥത്തില്‍ ആ പുസ്തകം. ഫിഖ്ഹിലെയും ഉസൂലുല്‍ ഫിഖ്ഹിലെയും വ്യാഖ്യാന സമീപനങ്ങള്‍ മനുഷ്യാവകാശം, ജനാധിപത്യം, ജൈവ-ധാര്‍മ്മികത(Bio-Ethics) തുടങ്ങി ആധുനിക വിഷയങ്ങളിലേക്ക് എത്താന്‍ എനിക്ക് പ്രാപ്തി നല്‍കിയിട്ടുണ്ട്. അത്തരത്തിലുള്ള അന്വേഷണങ്ങളുടെ ഫലമായിരുന്നു 2002ലെ പുസ്തകം.


Original Link : https://www.themaydan.com/2017/09/interview-abdulaziz-sachedina-life-scholarship/

അബ്ദുൽ അസീസ് സചേതിന