Campus Alive

മതസ്വാതന്ത്ര്യം. ന്യൂനപക്ഷം, ഇസ്‌ലാം: സബ മഹ്മൂദ് സംസാരിക്കുന്നു

അഞ്ച് ദിവസം മുമ്പാണ് സബ മഹ്മൂദ് മരണപ്പെട്ടത്. സെക്കുലരിസം, ഫെമിനിസ്റ്റ് തിയറി, എത്തിക്‌സ്, ഫെമിനിസ്റ്റ് സബ്ജക്ട് തുടങ്ങിയവയായിരുന്നു സബയുടെ പ്രധാന പഠന മേഖലകള്‍. Politics of Piety: The Islamic Revival and the Feminist subject, Religious Difference in a Secular Age: A Minority Report എന്നിവയാണ് പ്രധാന പുസ്തകങ്ങള്‍. മതത്തെയും സെക്കുലരിസത്തെയും കുറിച്ച സ്‌കോളര്‍ഷിപ്പിന്റെ സ്വഭാവത്തെ തന്നെ മാറ്റിമറിച്ചു എന്നതാണ് സബയുടെ പ്രസക്തി. Immanent Frame ല്‍ വളരെ മുമ്പ് പ്രസിദ്ധീകരിച്ച Nathan Schneider ന്റെ സബയുമായുള്ള സംഭാഷണത്തിന്റെ സംഗ്രഹ വിവര്‍ത്തനമാണിത്.

ഞാന്‍ കോളേജില്‍ പഠിക്കുമ്പോഴാണ് ‘Rehearsed spontaneity and the conventionality of Ritual എന്ന നിങ്ങളുടെ ലേഖനം വായിക്കുന്നത്. മത പ്രാക്ടീസുകളെക്കുറിച്ച എന്റെ ചിന്തയെ ആ ലേഖനം നന്നായി സ്വാധീനിച്ചിട്ടുണ്ട്. മതത്തെക്കുറിച്ച അത്തരത്തിലുള്ള ഒരു വിലയിരുത്തലിലേക്ക് നയിച്ച അനുഭവങ്ങള്‍ നിങ്ങള്‍ക്കുണ്ടായിട്ടുണ്ടോ?

സബാ: തലാല്‍ അസദിന്റെ The Idea of an Anthropology of Islam എന്ന പഠനം എന്നെ ആഴത്തില്‍ സാധീനിച്ചിട്ടുണ്ട്. എന്റെ ഡിഗ്രി പഠനകാലത്താണ് ഞാന്‍ ആ ലേഖനം വായിക്കുന്നത്. മതപഠനങ്ങള്‍ക്ക് അന്ന് ആന്ദ്രപ്പോളജിയില്‍ ആരും വലിയ പ്രാധാന്യമൊന്നും കൊടുത്തിരുന്നില്ല. അസദിന്റെ പഠനം ഞാന്‍ ഒരുപാട് തവണ വായിക്കുകയുണ്ടായി. ഇസ്‌ലാമിനെക്കുറിച്ചും, മതങ്ങളെക്കുറിച്ച് തന്നെയും പുതിയ ചോദ്യങ്ങള്‍ ചോദിക്കാന്‍ ആളുകളെ ആ പഠനം നിര്‍ബന്ധിതരാക്കി.

എന്ത്‌കൊണ്ടാണ് കൈറോവിനെ നിങ്ങള്‍ ഒരു പ്രധാന പഠന കേന്ദ്രമാക്കി തെരെഞ്ഞെടുത്തത്?

ഞാനാദ്യം അള്‍ജീരിയയിലേക്കാണ് പോയത്. എന്നാല്‍ അക്കാലത്ത് അവിടെ ആഭ്യന്തര യുദ്ധം നടക്കുകയായിരുന്നു. അതിനാല്‍ തന്നെ ഫീല്‍ഡ് വര്‍ക്ക് അസാധ്യമായിരുന്നു. കൈറോവിലാണ് വളരെ വൈബ്രന്റ് ആയ സംവാദങ്ങള്‍ സെക്കുലരിസത്തെക്കുറിച്ചും ഇസ്‌ലാമിസത്തെക്കുറിച്ചുമൊക്കെ നടക്കുന്നത്.

ഇസ്‌ലാമിക് മൂവ്‌മെന്റുകളെ പൊതുവെ നോക്കിക്കണ്ടിരുന്ന രീതികളെയാണ് ഞാന്‍ കൈറോവിലെ മുസ്‌ലിം ജീവിതത്തെ മുന്‍നിര്‍ത്തി വിമര്‍ശനത്തിന് വിധേയമാക്കിയത്. രാഷ്ട്രീയത്തെക്കുറിച്ച് വളരെ നിര്‍ണ്ണിതമായ അര്‍ത്ഥത്തിലാണ് ആളുകള്‍ സംസാരിച്ചിരുന്നത്. ഇസ്‌ലാമിക രാഷ്ട്രീയം എന്ന് വ്യവഹരിക്കപ്പെടുന്ന രാഷ്ട്രീയ ഭാവനയും അതില്‍ നിന്ന് മുക്തമായിരുന്നില്ല. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ഭാഷയില്‍ തന്നെയായിരുന്നു ഇസ്‌ലാമിക രാഷ്ട്രീയവും സംസാരിച്ചിരുന്നത്. അതിനാല്‍ തന്നെ രാഷ്ട്രീയം എന്ന റിലേഷന് പുറത്ത് നില്‍ക്കുന്ന മത പ്രാക്ടീസുകളെക്കുറിച്ചാണ് ഞാന്‍ പഠിക്കാന്‍ ശ്രമിച്ചത്. രണ്ട് കാര്യങ്ങളാണ് അതിലൂടെ എനിക്ക് ബോധ്യപ്പെട്ടത്. ഒന്ന്, ലിബറല്‍ രാഷ്ട്രീയ സിദ്ധാന്തത്തിലെ എത്തിക്‌സും രാഷ്ട്രീയവും തമ്മിലുള്ള വിഭജനത്തിന്റെ പരിമിതികള്‍, രണ്ടാമതായി Affect, embodied praxis തുടങ്ങിയവക്ക് രാഷ്ട്രീയ ഭാവനകളിലും പ്രൊജക്ടുകളിലുമുള്ള കേന്ദ്രസ്ഥാനം.

ഇപ്പോള്‍ താങ്കളേര്‍പ്പെട്ടിരിക്കുന്ന പ്രൊജക്ട് എന്താണ്?

മിഡിലീസ്റ്റില്‍ നിലനില്‍ക്കുന്ന ന്യൂനപക്ഷാവകാശം, മതസ്വാതന്ത്ര്യം തുടങ്ങിയ കണ്‍സപ്റ്റുകളിലൂടെ എങ്ങനെയാണ് ക്രൈസ്തവ-മുസ്‌ലിം ബന്ധങ്ങള്‍ ചരിത്രപരമായി പരിണാമത്തിന് വിധേയമായത് എന്നാണ് ഞാനിപ്പോള്‍ പരിശോധിക്കുന്നത്. ഈജിപ്ത് കേന്ദ്രീകരിച്ചാണ് ഞാനിതന്വേഷിക്കുന്നത്. അതോടൊപ്പം Politics of Religious freedom: contested Norms and local practices എന്ന തലക്കെട്ടില്‍ യൂറോപ്പ്, മിഡിലീസ്റ്റ്, അമേരിക്ക തുടങ്ങിയവിടങ്ങളില്‍ മതസ്വാതന്ത്രം എന്ന ആശയം പരിണാമത്തിന് വിധേയമാകുന്നത് എന്ന ഒരു പഠനവും ഞാന്‍ തയ്യാറാക്കുന്നുണ്ട്. വളരെ സവിഷേഷവും സിംഗുലറുമായ വിഷയമായി മതസ്വാതന്ത്ര്യത്തെ മനസ്സിലാക്കാന്‍ കഴിയുമോ എന്നാണ് ഞാന്‍ പരിശോധിക്കുന്നത്.

നിങ്ങളുടെ വര്‍ക്കുകളിലെല്ലാം സ്വാതന്ത്ര്യം എന്നത് ഒരു പ്രധാനപ്പെട്ട ആശയമായി കടന്നുവരുന്നുണ്ട്.

തീര്‍ച്ചയായും. സ്വാതന്ത്ര്യം, പ്രത്യേകിച്ചും മതസ്വാതന്ത്ര്യം എന്ന ആശയം എന്നെ സംബന്ധിച്ചിടത്തോളം താല്‍പര്യജനകമായ വിഷയം തന്നെയാണ്. മതസ്വാതന്ത്ര്യത്തെ വ്യക്തിപരമായ സ്വാതന്ത്ര്യമായാണ് പൊതുവെ മനസ്സിലാക്കപ്പെടുന്നത്. എന്നാല്‍ വളരെ കമ്മ്യൂണിറ്റേറിയനായി മതസ്വാതന്ത്ര്യത്തെ മനസ്സിലാക്കുന്ന പാരമ്പര്യങ്ങളെക്കൂടി നാം മനസ്സിലാക്കേണ്ടതുണ്ട്. സ്വാതന്ത്ര്യം എന്ന ആശയത്തെ തന്നെ എങ്ങനെയാണവ ഡിസ്‌റപ്പ്റ്റ് ചെയ്യുന്നത് എന്നാണ് ഞാന്‍ അന്വേഷിക്കുന്നത്. മിഡിലീസ്റ്റ് കേന്ദ്രീകരിച്ചാണ് അതിന് വേണ്ടിയുള്ള ഫീല്‍ഡ് വര്‍ക്കുകള്‍ ഞാന്‍ ചെയ്യുന്നത്.

critique of secular എന്ന നിങ്ങളുടെ പഴയ വര്‍ക്കിനെക്കുറിച്ച് സംസാരിക്കാമോ?

യുസി ബെര്‍ക്ക്‌ലിയില്‍ വെച്ചാണ് ആ പുസ്തകത്തെക്കുറിച്ച ആലോചനകള്‍ നടന്നത്. സെക്കുലാരിറ്റിയോടുള്ള വിമര്‍ശനാത്മകമായ എന്‍ഗേജ്‌മെന്റുകളെ ഒരു പുസ്തക രൂപത്തില്‍ പബ്ലിഷ് ചെയ്യുക എന്നതായിരുന്നു ഉദ്ദേശ്യം. ദാനിഷ് കാര്‍ട്ടൂണ്‍ വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ആ പുസ്തകത്തെക്കുറിച്ച ആലോചനകള്‍ ഞങ്ങള്‍ രൂപപ്പെടുത്തിയത്. വെന്‍ഡി ബ്രൗണ്‍, തലാല്‍ അസദ്, ജൂഡിത് ബട്‌ലര്‍ എന്നിവരായിരുന്നു എന്നെക്കൂടാതെ ആ പുസ്തകത്തിന്റെ പണിപ്പുരയില്‍ ഉണ്ടായിരുന്നത്. യഥാര്‍ത്ഥത്തില്‍ എന്നെ സംബന്ധിച്ചിടത്തോളം ഡാനിഷ് കാര്‍ട്ടൂണ്‍, സാത്താനിക് വേഴ്‌സസ് വിവാദങ്ങള്‍ മുസ്‌ലിംകളുടെ മതപരപതയുടെ സങ്കീര്‍ണ്ണതകളെ മനസ്സിലാക്കാന്‍ സഹായിച്ചിട്ടുണ്ട്. ആ സങ്കീര്‍ണ്ണതകളെ സെക്കുലാരിറ്റിയുടെ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുക അസാധ്യമാണ് എന്നാണ് ഞാന്‍ പറയാന്‍ ശ്രമിച്ചത്. അഥവാ, നിയമത്തിന്റെയും സ്റ്റേറ്റിന്റെയുമെല്ലാം ആശങ്കകളെ മുന്‍നിര്‍ത്തിയല്ല മതവിശ്വാസത്തിന്റെ Affect കളെ നോക്കിക്കാണേണ്ടത്. മാത്രമല്ല, ഭൂരിപക്ഷ സമുദായത്തിന്റെ മൂല്യങ്ങളെ മാപിനിയാക്കിയാണ് ന്യൂനപക്ഷ സമുദായത്തിനുണ്ടാകേണ്ട മൂല്യങ്ങള്‍ വ്യവഹരിക്കപ്പെടുന്നത്. അതുകൊണ്ടാണ് ആവിഷ്‌കാര സ്വാതന്ത്ര്യം, വ്യക്തിസ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം തുടങ്ങിയ പരികല്‍പനകള്‍ ഇസ്‌ലാമിനെക്കുറിച്ചാകുമ്പോള്‍ അപര്യാപ്തമാണ് എന്ന് ഞാന്‍ പറയുന്നത്.

എന്റെ തന്നെ രാഷ്ട്രീയ ബോധ്യങ്ങളെ വെല്ലുവിളിക്കാനും തിരുത്താനും എന്റെ വര്‍ക്കുകള്‍ എന്നെ സഹായിച്ചിട്ടുണ്ട്. പൊളിറ്റിക്കല്‍ എന്ന കാറ്റഗറിയിലൂടെ മുസ്‌ലിം മതപരതയെ (Religiosity) നോക്കിക്കാണുന്നതിന്റെ പ്രശ്‌നങ്ങളെ മനസ്സിലാക്കാന്‍ അതിലൂടെ എനിക്ക് സാധിച്ചിട്ടുണ്ട്. അഥവാ, അവകാശം, നീതി, അധികാരം, ആവിഷ്‌കാര സ്വാതന്ത്ര്യം തുടങ്ങിയ പൊളിറ്റിക്കല്‍ കാറ്റഗറികളിലൂടെ മുസ്‌ലിം മതപരപതയെ മനസ്സിലാക്കുന്നതില്‍ പരിമിതിയുണ്ടെന്നാണ് ഞാന്‍ പറയുന്നത്.

ഫെമിനിസ്റ്റ്-ഇസ്‌ലാമിക പാരമ്പര്യങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന സങ്കീര്‍ണ്ണതകളും വെല്ലുവിളികളും എന്തൊക്കെയാണ്?

രണ്ട് പാരമ്പര്യങ്ങളിലും നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളെയും സങ്കീര്‍ണ്ണതകളെയും ആത്മപരിശോധനയോടെ സമീപിക്കാന്‍ സാധ്യമാകണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. വളരെ എസ്സെന്‍ഷ്യലായ ധാരണകളാണ് മുസ്‌ലിം പാരമ്പര്യത്തെക്കുറിച്ച് ഫെമിനിസ്റ്റ് ലോകത്ത് നിലനില്‍ക്കുന്നത്. മാത്രമല്ല, സെക്കുലാരിറ്റിയുടെ ഭാഷയാണ് അതിനവര്‍ ഉപയോഗിക്കുന്നത്. അഥവാ, ജെന്‍ഡറിനെക്കുറിച്ച സെക്കുലറായ മനസ്സിലാക്കലിന്റെ അടിസ്ഥാനത്തിലാണ് ഫെമിനിസം ഇസ്‌ലാമിനെ നിര്‍വചിക്കുന്നത്. ചുരുക്കത്തില്‍, ഇസ്‌ലാമിനെ പഠി്ക്കുന്ന\നോക്കുന്ന മുഴുവന്‍ പരിശ്രമങ്ങളും ഭാഷയുടെ വയലന്‍സിനെക്കുറിച്ച് ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെന്നാണ് ഞാന്‍ പറയുന്നത്. അല്ലാത്ത പക്ഷം വളരെ എസ്സന്‍ഷ്യലും സ്ട്രക്ച്ചറലുമായ ഇസ്‌ലാം നോട്ടത്തില്‍ ചുരുങ്ങിപ്പോകേണ്ടി വരും.

സബ മഹ്മൂദ്‌