Campus Alive

കാശ്മീർ സമരം, ഇന്ത്യൻ മുസ്‌ലിംകൾ, ഹിന്ദു നാഷണലിസം: സൽമാൻ സയ്യിദ് സംസാരിക്കുന്നു

യുകെയിലുളള ലീഡ്‌സ് സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് സോഷ്യോളജി ആന്‍ഡ് സോഷ്യല്‍ പോളിസിയുടെ തലവനാണ് പ്രൊഫസര്‍ സല്‍മാന്‍ സയ്യിദ്. അവിടെ സാമൂഹിക സിദ്ധാന്തങ്ങളുടേയും അപകോളനീകരണ ചിന്തയുടേയും അദ്ധ്യക്ഷത വഹിക്കുക കൂടി ചെയ്യുന്നുണ്ട് അദ്ദേഹം. ഈ മാസാദ്യം ഇസ്താംബുള്‍ സബാഹത്തിന്‍ സൈം സര്‍വ്വകലാശാലയിലെ സെന്റര്‍ ഫോര്‍ ഇസ്‌ലാം ആന്‍ഡ് ഗ്ലോബല്‍ അഫയേഴ്‌സ് സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനത്തിനിടയില്‍ ഇന്ത്യയിലെ മുസ്‌ലിം സമുദായമായി ബന്ധപ്പെട്ട അനേകം വിഷയങ്ങളെക്കുറിച്ചും സ്വയം നിര്‍ണയാവകാശത്തിനു വേണ്ടി കാശ്മീരില്‍ നടക്കുന്ന സമരങ്ങളെ സംബന്ധിച്ചും റിയാസുൽ ഖാലിഖുമായി അദ്ദേഹം നടത്തിയ ചര്‍ച്ചയുടെ പ്രസക്ത ഭാഗങ്ങൾ.

  • ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്നും മതേതര രാജ്യമെന്നുമുള്ള പ്രതിച്ഛായ  ഇസ്‌ലാമോഫോബിയയുടെ കാര്യത്തില്‍ ഒരു സൂക്ഷ്മപരിശോദനയില്‍ നിന്നും ഇന്ത്യയ്ക്ക് മറയാവുന്നുണ്ടെന്ന് താങ്കള്‍ കരുതുന്നുണ്ടോ?

1947 ന്റെ കഥ എപ്പോഴും ഒരു ‘നല്ല സഹോദരന്റെയും’ ഒരു ‘ചീത്ത സഹോദരന്റെയും’ കഥയെന്നപോലെയാണ് പറയാറുളളത്. പരാജിതനെന്നും പാക്കിസ്ഥാനായിരിക്കും, വിജയി ഇന്ത്യയും. എന്നാല്‍ ഈ രണ്ട് രാജ്യങ്ങളിലും യഥാര്‍ത്ഥത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളുമായി ഇതിന് യാതൊരു ബന്ധവുമില്ല. ഇന്ത്യന്‍ വരേണ്യതയ്ക്കും; മിക്ക യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും ഇങ്ങനെയൊരു പ്രതിച്ഛായ വളരെ പ്രധാനപ്പെട്ടതാണ്. ഇത് ഭാഗികമായി ഇസ്‌ലാമോഫോബിയയുടെ നിര്‍മിതിയാണ് എന്നതാണതിനു കാരണം. വിജയകരമായ മുസ്‌ലിമായിരിക്കാന്‍ സാധിക്കുന്ന ഏകയിടം ഇന്ത്യയാണെന്നും, അവർ ഇന്ത്യയിൽ ലയിച്ചു ചേർന്നവരും ഏറെ പ്രിയപ്പെട്ടവരും ആണെന്ന് ഇതില്‍ പറഞ്ഞുവയ്ക്കുന്നു. ഇവിടെ രണ്ട് കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. എണ്ണത്തെ കുറിച്ചുള്ള കാര്യമാണ് ആദ്യത്തേത്. ഇന്ത്യയിലെ മുസ്‌ലിംകളുടെ എണ്ണത്തെ ഉയർത്തി കാണിക്കുന്നത് ദ്വിരാജ്യ സിദ്ധാന്തത്തെ (two nation theory)യും അതു വഴി വിഭജനത്തെയും താറടിക്കുന്നതിനാണ്. ഇതാണ് പശ്ചാത്തലം. ഇതുകൊണ്ടാണ് കാശ്മീരിലെ സമരത്തെ ദേശീയ വിമോചന പ്രസ്ഥാനമെന്ന നിലയില്‍ ഒരിക്കലും അംഗീകരിക്കാത്തത്. ഇതുകാരണമാണ് കാശ്മീരിനെ ഈ ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ പോലീസിനാലും പട്ടാളത്താലും നിയന്ത്രിക്കപ്പെടുന്ന നാടെന്ന നിലയില്‍ കണക്കിലെടുക്കാത്തത്. യഥാര്‍ത്ഥത്തില്‍ സമകാലിക ലോകത്ത് സൈനിക കീഴ്‌പ്പെടുത്തലിന്റെ ദുരിതം ഏറ്റവുമധികം കാലമായി അനുഭവിച്ചുപോരുന്നവരാണ് കാശ്മീരി ജനത. തന്ത്രപൂർവ്വമായ ഒരു ഒഴിഞ്ഞുമാറൽ ഇവിടെ സംഭവിക്കുന്നുണ്ട്. അതുകൊണ്ടാണ്, ബീഫ് കഴിച്ചതിന്റെയൊ, മറ്റേതെങ്കിലും കാരണങ്ങളാലോ മുസ്‌ലീങ്ങള്‍ കൈയ്യേറ്റം ചെയ്യപ്പെടുമ്പോഴും ഒന്നും സംഭവിക്കാത്തത്. ഇത് നരേന്ദ്ര മോദി അധികാരത്തില്‍ വന്നതിനുശേഷം ആരംഭിച്ച കാര്യങ്ങളല്ല. 1947 മുതല്‍ തന്നെ ഇതെല്ലാം നടന്നുപോരുന്നുണ്ട്. ഇതെല്ലം ചെയ്യുന്നവർക്ക് എപ്പോഴും അധികാര വര്‍ഗത്തിന്റെ ഏജൻസികളിൽ നിന്നും ഏതെങ്കിലും തരത്തിലുളള പിന്തുണ ലഭിച്ചിട്ടുണ്ട്.

മുസ്‌ലിം ജനസമൂഹത്തിനെതിരായ വംശഹത്യകള്‍ മുറയ്ക്ക് നടന്നുപോരുമ്പോഴും മതേതര രാജ്യമെന്ന അവകാശ വാദം ഇന്ത്യ നിലനിർത്തിപ്പോന്നിട്ടുണ്ട് . വാസ്തവത്തില്‍ ഇന്ത്യയിലെ മുസ്‌ലിം സമൂഹം കൂടുതല്‍ കൂടുതല്‍ നഗരവല്‍കരിക്കപ്പെട്ടതിന് (urbanized) ഇത്തരം അക്രമണങ്ങള്‍ കൂടി കാരണമായിട്ടുണ്ട്. എന്നിട്ടും ഇന്ത്യന്‍ വ്യവഹാരങ്ങളില്‍ മുസ്‌ലിം വംശഹത്യകളെ സംബന്ധിച്ചുളള വിവരണങ്ങൾ കണ്ടെത്താന്‍ സാധിക്കുകയില്ല. ഇന്ത്യയിലെ ധീരരായ സാമൂഹിക പ്രവര്‍ത്തകര്‍ പോലും ഇതിനെകുറിച്ച് മിണ്ടില്ല.
രസകരമായൊരു വസ്തുതയെന്തെന്നാല്‍ സ്ത്രീ- പുരുഷാനുപാതത്തെ സംബന്ധിച്ച വര്‍ഷങ്ങളായുളള കണക്കുകള്‍ പരിശോധിച്ചാല്‍ പാക്കിസ്ഥാനില്‍ അത് മെച്ചപ്പെടുകയും ഇന്ത്യയില്‍ അത് മോശമായിരിക്കുകയുമാണെന്ന് കാണാം. എന്നാല്‍ ഇതില്‍ ഏത് രാജ്യമാണ് സ്ത്രീകളോടുളള സമീപനത്തില്‍ മുന്‍പില്‍ എന്ന ചോദ്യത്തിന് ആളുകള്‍ ഇന്ത്യ എന്നാണ് ഉത്തരം പറയുക. ഇത്തരം കാര്യങ്ങള്‍ ഒത്തിരിപ്പേര്‍ അറിയുന്നില്ല.

ചുരുക്കിപ്പറഞ്ഞാല്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ, മതേതരത്വ രാജ്യമാണെന്ന ആശയം, 1947 മുതല്‍ അത് നടത്തിപ്പോന്ന സ്ഥാപനവൽകൃത ഇസ്‌ലാമോഫോബിയയേയും, മുസ്‌ലിംകള്‍ക്കെതിരായ സ്ഥാപനവൽകൃത അതിക്രമങ്ങളെയും പൂര്‍ണമായും മറച്ചുവെയ്ക്കുകയാണ് ചെയ്യുന്നത്.

  • ‘ഹിന്ദു ഇന്ത്യ’ എന്ന ആശയത്തെ എങ്ങിനെ കാണുന്നു?

ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്ന ആശയം വിരോധാഭാസമാണ്. ഇന്ത്യന്‍ ദേശീയവാദികള്‍ ഉപയോഗിച്ച ഇന്ത്യ എന്ന പദം സംസ്‌കൃതത്തില്‍ നിന്നുളളതല്ല. ഇന്ത്യ പ്രഥമമായി ഹിന്ദുക്കളുടെ നാടിയിരുന്നു എന്ന് ധരിച്ചിരുന്നു യൂറോപ്പ്യൻ എത്‌നോഗ്രാഫഴ്സാണ്  ഇന്ത്യ എന്ന ആശയത്തെ ഭാഗികമായി നിര്‍മിച്ചിട്ടുളളത്. അതുകൊണ്ടുതന്നെ ഹിന്ദുക്കളല്ലാത്തവർ- അടിസ്ഥാനപരമായി മുസ്‌ലീങ്ങൾ- ഇവിടെ അധിനിവേശത്തിന്റെ ഫലമായി വന്നവരാണ് എന്നാണ് പരിഗണിക്കുക. ഈ ആഖ്യാനത്തെ ബ്രിട്ടീഷുകാര്‍ സ്വീകരിക്കുകയും പിന്നീട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പിന്‍പറ്റുകയും ചെയ്തു. ഇന്ത്യ എന്നതിനെ മൗലികമായും ഹിന്ദു എന്നാണ് കണക്കാക്കുന്നത്, അങ്ങിനെയാണ് നിര്‍വ്വചിക്കപ്പെട്ടിട്ടുളളത്. എന്നാല്‍ ഇവയൊന്നും എംപിരിക്കലായ ഭൂമിശാസ്ത്ര (empirical geographies)ത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതല്ല, മറിച്ച് ഇവ ആളുകളുടെ ഉളളില്‍ നിലനില്‍ക്കുന്നവയാണ്.

  • വളര്‍ന്നുവരുന്ന ഇസ്‌ലാമോഫോബിയ കാരണം ഇന്ത്യയില്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാണ് ?

മുസ്‌ലീങ്ങള്‍ സമീപകാലത്തെ കുടിയേറ്റക്കാരാണെന്ന ചിന്തയാണ് പശ്ചാത്യരാജ്യങ്ങളിലെ ഇസ്‌ലാമോഫോബിയയുടെ അടിസ്ഥാനം എന്നാല്‍ ഇന്ത്യ, ചൈന, തായ്‌ലന്റ്, റഷ്യ പോലുളള രാജ്യങ്ങളില്‍ നിങ്ങള്‍ക്ക് മുസ്‌ലീങ്ങള്‍ സമീപകാല കുടിയേറ്റക്കാരാണെന്ന് പറയാന്‍ സാധിക്കില്ല. കാരണം ഈ സ്റ്റേറ്റുകള്‍ രൂപീകരിക്കുപ്പെട്ടുവന്നത് ഇവര്‍ക്ക് ചുറ്റുമാണ്. അതായത് ഈ രാജ്യങ്ങള്‍ ആധുനിക ദേശ രാഷ്ട്രങ്ങളായി മാറുന്നതിനുമുന്‍പേ തന്നെ മുസ്‌ലീങ്ങള്‍ അവിടെയുണ്ട്. ഇവിടെ ഇസ്‌ലാമോഫോബിയ പ്രകടമാകുന്നത് പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും കുറച്ച് വ്യത്യസ്തമായാണ്. പാശ്ചാത്യ രാജ്യങ്ങളില്‍ പ്രചരിക്കുന്ന ഇത്തരം ആശയങ്ങള്‍ ഇവിടെ സ്വീകരിക്കാതെ പോകുന്നു എന്നല്ല അര്‍ത്ഥം. ഇന്ത്യയെപോലുളള രാജ്യങ്ങളില്‍ ഇസ്‌ലാമോഫോബിയ കേന്ദ്രീകരിച്ചിട്ടുളളത്, ദേശീയ സ്വത്വത്തില്‍ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ സ്ഥാനത്തെ സംബന്ധിച്ചുളള ചര്‍ച്ചകളിലാണ്.

നെഹ്‌റുവിന്റെ മതേതര യുക്തിയ്ക്കും, മോദിയുടെ വര്‍ഗീയ യുക്തിയ്ക്കും ഇതില്‍ അടിസ്ഥാനപരമായി വലിയ വ്യത്യാസമില്ല. ന്യൂനപക്ഷങ്ങളോട് ദേശീയ ഭൂരിപക്ഷത്തിലേക്ക് സമന്വയിക്കാനാണ് രണ്ടും ആവശ്യപ്പെടുന്നത്. അവരുടെ സാമൂഹിക സാംസ്‌കാരിക ജീവിത രീതികളെ ഉപേക്ഷിക്കുക എന്നതാണ് ഇതിന്റെ അര്‍ഥം. എല്ലാവരും ഹിന്ദുവാണെന്നു പറയുന്നതിലൂടെ എല്ലാ ന്യൂനപക്ഷങ്ങളെയും ഏകജാതീയമാക്കുകയാണ് ഇതിന്റെ ഒരു മാതൃക ചെയ്യുന്നത്. മറ്റേത് മതേതര മാതൃകയാണ്. പ്രബലമതമായ ഹിന്ദുമതത്തില്‍ നിന്നാണ് ഇതിന്റെ അച്ച് സ്വീകരിച്ചിട്ടുളളത്. അതുകൊണ്ടുതന്നെ ആരെയും അതില്‍ പ്രവേശിപ്പിക്കും. സമകാലിക ഇന്ത്യയില്‍ മതേതരത്വം ഉപയോഗിക്കപ്പെടുന്നത് മുസ്‌ലിംങ്ങളെ അനുസരണയുള്ളവരാക്കി മാറ്റുന്നതിനാണ് .

  • ഹിന്ദു ഫാസിസ്റ്റുകള്‍ ഇന്ത്യയില്‍ വര്‍ദ്ധിതമായി അവകാശവാദം ഉന്നയിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക്, പ്രത്യേകിച്ച് മുസ്‌ലിംങ്ങള്‍ക്ക് ഇന്ത്യയില്‍ ഏതുതരത്തിലുളള ഭാവിയാണുളളത് ?

മുന്‍പ് അമേരിക്കയില്‍ നിലനിന്നിരുന്ന ജിം ക്രോ(Jim Crow) വ്യവസ്ഥിതിയ്ക്ക് സമാനമായൊരു സാഹചര്യമാണ് ഇന്ത്യയില്‍ ഉയര്‍ന്നു വരുന്നത്. ആഫ്രിക്കന്‍ അമേരിക്കന്‍ വംശജര്‍ അടിമത്വത്തില്‍ നിന്നും മോചിതരായ ശേഷം, അവര്‍ക്ക് സാമ്പത്തിക സാമൂഹിക അവകാശങ്ങള്‍ നിഷേധിക്കുന്നതിനായി അവിടെ നിയന്ത്രണങ്ങളുടെ വിപുലമായൊരു വ്യവസ്ഥിതി പതുക്കെ രൂപപ്പെട്ടുവന്നു.

വളരെയധികം തട്ടുകളുളള ഒന്നാണ് ഇന്ത്യന്‍ സമൂഹം. അടുപ്പമുളളവര്‍ പറയാറുണ്ട് ഡല്‍ഹിയില്‍ റസ്റ്റോറന്റുകളില്‍ ഭക്ഷണം കഴിക്കാനവര്‍ക്ക് ഭയമാണെന്ന്; തങ്ങള്‍ ബീഫ് കഴിക്കുകയാണെന്ന് ആളുകള്‍ കരുതിയേക്കുമെന്നതാണ് കാരണം. മുസ്‌ലിംങ്ങളുടെ പെരുമാറ്റത്തെയും, സ്വയം മനസ്സിലാക്കലിനേയും, പൊതുമണ്ഡലത്തിലുളള പങ്കാളിത്തത്തെയുമെല്ലാം ഇത് ബാധിക്കും. ദളിതരേയും, പുരോഗമനവാദികളേയും പോലുളള പാര്‍ശ്വവത്കൃതരുമായി സഖ്യം ചേരുക എന്നതാണ് ഇതിനുളള ഒരേയൊരു പരിഹാരം.

മുസ്‌ലിംങ്ങളുടേയും, ഇതരന്യൂനപക്ഷങ്ങളുടേയും ഭാവി, ഏതുതരത്തിലുളള ഇന്ത്യയാണ് ആവര്‍ഭവിക്കുക എന്നതിനെയും ഏതു തരത്തിലുളള ദേശീയ പദ്ധതികളിലാണ് അവര്‍ പങ്കാളികളാകുന്നത് എന്നതിനേയും ആശ്രയിച്ചിരിക്കും. ആവശ്യപ്പെടുമ്പോള്‍ ഒരു വിഭാഗം അധികാരം ഒഴിയണമെങ്കില്‍ അതിനുവേണ്ടി പോരാടേണ്ടതുണ്ട്. അധികാരി വർഗം അതിന്റെ അധികാരം നിലനിര്‍ത്താന്‍ നഖശിഖാന്തം ശ്രമിക്കും. എന്തെങ്കിലും ഒരു അത്ഭുതം സംഭവിച്ചാലേ മാറ്റമുണ്ടാകൂ. അതിനായി ഭാവി ഇന്ത്യയ്ക്കുവേണ്ടി ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന വ്യത്യസ്തങ്ങളായ കീഴാള പോരാട്ടങ്ങളെ ഒത്തുചേര്‍ന്ന് വിശാലമായൊരു പോരാട്ടമായി മാറ്റേണ്ടതുണ്ട്. എന്നാല്‍ ഇത്തരം പോരാട്ടങ്ങള്‍ ഒരിക്കലും ഐക്യപ്പെടുന്നില്ലെന്ന്  അധികാരികൾ എപ്പോഴും ഉറപ്പ്‌വരുത്തും.

  • എന്തുകൊണ്ടാണ് കാശ്മീരിന്റെ സമരങ്ങൾക്ക് അവിടുന്ന് പുറത്തേക്ക് കടക്കാന്‍ സാധിക്കാത്തത് ?

കാശ്മീരിലെ സമരങ്ങൾ ഇന്ത്യന്‍ നയങ്ങളുടെ പരാജയത്തെയാണ് കാണിക്കുന്നതെന്നതിൽ സംശയമില്ല. കാശ്മീരിലെ പ്രതിരോധത്തിനു കാരണക്കാര്‍ ‘പുറത്തുനിന്നുളള പ്രക്ഷോഭകാരികളാണെന്നാണ്’ ഇന്ത്യയുടെ അവകാശവാദം. എന്നാല്‍ കാശ്മീരില്‍ അസ്വസ്ഥകളൊന്നുമില്ലെങ്കില്‍ ഈ പറയുന്ന ‘പുറത്തുനിന്നുളള പ്രക്ഷോഭകാരികള്‍ക്ക്’ അവിടെ ഇടമുണ്ടാകുമായിരുന്നില്ല. 8,00,000 സുരക്ഷാ ഉദ്യോഗസ്ഥരെ ഈ ‘പുറത്തുനിന്നുളള പ്രക്ഷോഭകാരികളെ’ കൈകാര്യം ചെയ്യാന്‍ മാത്രമായി ആവശ്യം വരികയുമില്ലായിരുന്നില്ല. ഇത് അവിടുത്തെ ജനസമൂഹം തന്നെയാണ്. കാശ്മീരിലെ പോരാട്ടം അവിടുന്ന് പുറത്തേക്ക് കൊണ്ടുവരാന്‍ സാധിക്കാത്തത് പല കാരണങ്ങള്‍ കൊണ്ടാണ്. ഒന്ന്, എപ്പോഴൊക്കെ പാക്കിസ്ഥാന്‍ കാശ്മീര്‍ വിഷയം ഉന്നയിച്ചിട്ടുണ്ടോ അപ്പോഴൊക്കെ അതൊരു ഇന്ത്യ-പാക് പ്രശ്‌നമായി മാറിയിട്ടുണ്ട്. ഇത് പാക്കിസ്ഥാന്റെ നയങ്ങളുടെ കൂടി പാളിച്ചയായാണ് ഞാന്‍ കാണുന്നത്. എന്നാല്‍ പാക്കിസ്ഥാന്‍ ഒന്നും ചെയ്തില്ലായിരുന്നെങ്കില്‍ കാശ്മീരിലെ അവസ്ഥ ഇന്നത്തേതിലും മോശമാകുമായിരുന്നു എന്നും എനിക്ക് തോന്നുന്നു.

മറ്റൊരു പ്രശ്‌നം എന്താണെന്നുവച്ചാല്‍, കാശ്മീരിനെ ഒരു ആഭ്യന്തര പ്രശ്‌നമായി കൈകാര്യം ചെയ്യാന്‍ ഇന്ത്യക്കെന്നും സാധിച്ചിട്ടുണ്ട്. ആ അര്‍ത്ഥത്തില്‍ തങ്ങളുടെ രാജ്യത്തെ ന്യൂനപക്ഷങ്ങളുമായി പ്രശ്‌നങ്ങളുളള പല വന്‍ശക്തികളുമായി യോജിപ്പ് നേടിയെടുക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. കാശ്മീരിന്റെ കാര്യത്തില്‍, ഏതെങ്കിലും തരത്തിലുളള നീതിയാവുന്നതിനു പകരം നിയമം പോലും ഒരു മര്‍ദ്ദിതവ്യവസ്ഥയായി മാറുകയാണെന്ന ചിന്ത ഉയര്‍ന്നുവരുന്നുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത്  ഇതാണ് സംഭവിച്ചത്. ഒരര്‍ത്ഥത്തില്‍ സൈന്യത്തിന്റെ കീഴ്‌പ്പെടുത്തല്‍ അനുഭവിക്കുന്നത് കലാപസമയങ്ങളില്‍ മാത്രമല്ല. മറിച്ച്, അവരുടെ ദൈനംദിന യാഥാര്‍ത്ഥ്യത്തിന്റെ ഭാഗമാണത്. ചെറുപ്പക്കാരാണിവിടെ മുന്‍നിരയിലുളളത്. അത് ഏറിയും കുറഞ്ഞും ഒരു ആഗോള പ്രതിഭാസമാണ്.

ന്യൂനപക്ഷത്തിനോ, കീഴാള വിഭാഗത്തിനോ മേൽ ബലാല്‍കാരം നടത്തുന്നത് ഇന്ത്യയില്‍ അസാധാരണമായി കണക്കാക്കുന്നില്ല. അത് സ്വാഭാവികമായി തീര്‍ന്നിരിക്കുന്നു. അത് വ്യാപിച്ച്, സൈന്യത്തിന്റെ ഹിംസാത്മകമായ കീഴ്‌പ്പെടുത്തലും സ്വാഭാവികമായതാകുന്നു.

  • ജനഹിത പരിശോധന നടത്തിയാല്‍ കാശ്മീരികള്‍ എങ്ങോട്ടാകും പോവുക?

ജനഹിത പരിശോധനയില്‍ ജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നെങ്കില്‍ വളരെ മുന്‍പേ തന്നെ ഇന്ത്യ അത് നടത്തിയേനെ. കാശ്മീര്‍ സ്വതന്ത്രമാവുകയാണെങ്കില്‍ അത് ഇന്ത്യയ്‌ക്കോ പാക്കിസ്ഥാനോ ദോഷം ചെയ്യില്ല. എന്നാല്‍ ഇന്ത്യയ്ക്ക് അയല്‍ രാജ്യങ്ങളുമായുളള ബന്ധങ്ങളെ സംബന്ധിച്ചുളള റെക്കോര്‍ഡ് പാക്കിസ്ഥാന് ആത്മവിശ്വാസം നല്‍കും. കാരണം ഇന്ത്യ തന്റെ പല അയല്‍ രാജ്യങ്ങളുമായുളള ബന്ധങ്ങളും വഷളാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സ്വതന്ത്ര കാശ്മീരിന് ഇന്ത്യ ഒരു നല്ല അയല്‍ രാജ്യമായിരിക്കുമെന്ന് വിശ്വസിക്കാന്‍ തരമില്ല. മറുവശത്ത്, കാശ്മീര്‍ പാക്കിസ്ഥാനുമായി ശത്രുതയിലാകുന്നതിനുളള സാധ്യത വളരെ കുറവാണെന്നുതന്നെ പറയാം.
ഫലസ്തീനെ സംബന്ധിച്ചെന്നതുപോലെയൊരു വ്യക്തത കാശ്മീരിലെ പോരാട്ടത്തിലില്ല. അതിന് ഇന്ത്യയെ കൊളോണിയല്‍ ശക്തിയായി പുനര്‍വര്‍ണിക്കേണ്ടതുണ്ട്.

  • കാശ്മീരിനു മുന്‍പില്‍ ഇനിയെന്ത് മാര്‍ഗമാണുളളത് ?

അവരനുഭവിക്കുന്ന വെല്ലുവിളികളെ വിലകുറച്ചു കാണാതെ, സംഘടിതരാവുക എന്നതും, രാഷ്ട്രീയപരമായി കൂടുതല്‍ സചേതനരാവുക എന്നതുമാണ് കാശ്മീരി ജനതയ്ക്കു മുന്നിലെ ഏക മാര്‍ഗം. ഇതവരുടെ ദൈനംദിന പോരാട്ടങ്ങളുടെ ഭാഗമാകണം. പെട്ടെന്നൊരു ഫലം ലഭിക്കണമെന്നില്ല. എന്നാല്‍ വിമോചന സാധ്യതയ്ക്കുളള ഉപാധി ഇതാണ്. സൈന്യത്തിന്റെ കീഴ്‌പ്പെടുത്തല്‍ അവസാനിപ്പിക്കാനാദ്യം മനസ്സിനെ അതില്‍ നിന്നും മോചിപ്പിക്കണം. ഭാവിയിലെ കാശ്മീരിനെക്കുറിച്ചുളള വര്‍ണനകളുടെ അഭാവമാണിവിടെയുളളത്. അത് എങ്ങിനെയുളളതായിരിക്കും? സൈന്യത്തിന്റെ കീഴ്‌പ്പെടുത്തലും ബലാല്‍ക്കാരവും ശരിയല്ലെന്ന് നമുക്കറിയാം. എന്നാല്‍ ഏതുതരത്തിലുളള സമൂഹത്തെയാണ് നമുക്കാവശ്യം? ഇത്തരം സംഭാഷണങ്ങള്‍ ആരംഭിക്കേണ്ടതുണ്ട്. ഭാവിയകുറിച്ചുളള പ്രതീക്ഷകള്‍ നാമ്പിടാന്‍ അത് സഹായിക്കും.

  • അടുത്തക്കാലത്ത്, ചില യുവാക്കള്‍ കാശ്മീരിലെ രാഷ്ട്രീയ ശക്തിയെ ഐസിസുമായോ അല്‍ ഖ്വാഇദയുമായോ കണ്ണിചേര്‍ക്കാന്‍ ശ്രമിക്കുന്ന ചില സംഭവങ്ങള്‍ ഉണ്ടായി. കാശ്മീരിന് ഈ ആശയവുമായി ഐക്യപ്പെട്ടുപ്പോകാന്‍ സാധിക്കുമോ?

ഇല്ല. സ്വബോധമുളളവരാരും ഐസിസുമായി യോജിക്കരുത്. കാരണം മുസ്‌ലിം വിമോചനമെന്നത് സങ്കുചിതമായ രക്തം ചിന്തലാകരുത്. ബഅതിസത്തിന്റെയും തക്ഫീറിസ(ആളുകളെ കാഫിർ ആയി പ്രഖ്യാപിക്കൽ) ത്തിന്റെയും മിശ്രണം എന്നതിനപ്പുറമുള്ള ഒന്നാവണം ‘വിമോചനം’. തക്ഫീറിസം ഉളളിടത്ത് നല്ലൊരു ഭാവിയുണ്ടാകില്ല. മുസ്‌ലിം സമൂഹങ്ങളെ അസ്ഥിരവും, ശിഥിലവുമാക്കിത്തീര്‍ക്കാന്‍ തക്ഫീറിസം എങ്ങിനെയാണ് ഉപയോഗിച്ചു പോന്നിട്ടുളളതെന്ന് ചിന്തിച്ചാല്‍ അതുമായി ബന്ധപ്പെട്ടവയെല്ലാം പ്രശ്‌നമായിത്തീരുമെന്ന് മനസ്സിലാകും.
അതുകൊണ്ടുതന്നെ കാശ്മീരിലെ രാഷ്ട്രീയ ഗതിയെ ഐസിസുമായി കണ്ണിച്ചേര്‍ക്കുന്നത് കാശ്മീരിലെ രാഷ്ട്രീയാവകാശ പോരാട്ടങ്ങള്‍ക്ക് മാത്രമല്ല, മുസ്‌ലിം ‘ഉമ്മ’യുടെ ഭാവിക്കുതന്നെ വിപരീതഫലമാണ് ചെയ്യുക.

[റിയാസുൽ ഖാലിഖ് തുര്‍ക്കി ഇസ്താംബുൾ സബാഹത്തിന്‍ സൈം സര്‍വകലാശാലയിലെ, സെന്റര്‍ ഫോര്‍ ഇസ്‌ലാം ആന്‍ഡ് ഗോബല്‍ അഫയേഴ്‌സുമായി ചേർന്ന് പ്രവർത്തിക്കുന്നു]

മൊഴിമാറ്റം: അനഘ എം എ

സൽമാൻ സയ്യിദ്