Campus Alive

രോഹിത് വെമുലയുടെ വിദ്യാര്‍ത്ഥി രാഷ്ട്രീയം

‘അഡ്മിഷന്‍ സമയത്തുതന്നെ ദലിത് വിദ്യാര്‍ഥികള്‍ക്ക് കുറച്ച് വിഷമത്തെിച്ചുകൊടുക്കണം, അംബേദ്കറെ വായിക്കാന്‍ തോന്നുമ്പോള്‍ കുടിക്കുക എന്ന നിര്‍ദേശത്തോടെ. അല്ലെങ്കില്‍ ഒരു നല്ല കയര്‍ അവരുടെ റൂമിലത്തെിച്ചുകൊടുക്കുക…’ തന്നെയും അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷനിലെ മറ്റ് നാല് വിദ്യാര്‍ഥികളെയും എ.ബി.വി.പിയിലെ ഒരു വിദ്യാര്‍ഥിയെ ആക്രമിച്ചെന്ന കള്ളക്കേസിന്റെ പേരില്‍ ഹൈദരാബാദ് സര്‍വകലാശാലയില്‍നിന്ന് പുറത്താക്കിയപ്പോള്‍ രോഹിത് വെമുല എന്ന ദലിത് വിദ്യാര്‍ഥി വൈസ് ചാന്‍സലര്‍ക്കെഴുതിയ കത്തിലെ വരികളാണ് കൊടുത്തത്. ഇങ്ങനെയൊരു കത്ത് കിട്ടിയിട്ടും വൈസ് ചാന്‍സലര്‍ ഒരു നടപടിയുമെടുത്തില്ല. ഇതെഴുതി വെറും ഒരു മാസത്തിനകം, അതായത് കഴിഞ്ഞ ജനുവരി 17ന് രോഹിത് തന്റെ ജീവനൊടുക്കി.

രോഹിതിനെ കൊലക്കുകൊടുത്ത സര്‍വകലാശാലക്കും എ.ബി.വി.പിക്കും, ബി.ജെ.പിക്കുമെതിരെയുള്ള രോഷം കത്തിപ്പടരുകയാണ്. ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയെ സ്തംഭിപ്പിച്ചുകൊണ്ട് ആയിരത്തോളം വിദ്യാര്‍ഥികള്‍ ഇപ്പോഴും അവിടെ സമരത്തിലാണ്. ‘രോഹിതിന്റെ വ്യവസ്ഥാപിതമായ കൊലപാതകത്തിന് (Institutional Murder) കാരണമായവരെ ശിക്ഷിക്കണമെന്ന ആവശ്യമാണിവര്‍ ശക്തമായി മുന്നോട്ട് വെക്കുന്നത്. അതുപോലെ, നിരവധി കേന്ദ്ര/സംസ്ഥാന സര്‍വകലാശാലകളിലും, മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും രോഹിത് വെമുലയുടെ കൊലയാളികളെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ദലിത് ബഹുജന പ്രതിഷേധം നടന്നുകൊണ്ടിരിക്കുന്നു. ഇങ്ങനെയൊരവസ്ഥയില്‍ സവര്‍ണ പൊതുമണ്ഡലവും, അതിന്റെ പത്രമാധ്യമങ്ങളും രോഹിത് വെമുലയുടെ ആത്മഹത്യയെക്കുറിച്ച് സംസാരിക്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്.
രോഹിതിന്റെ മരണത്തിനുശേഷം മാത്രം ഉണ്ടായിവന്ന ഈ സഹതാപത്തിന്റെയും സാഹോദര്യത്തിന്റെയും ദേശീയതരംഗം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പേ ഉണ്ടായിരുന്നെങ്കില്‍ ആ വിദ്യാര്‍ഥി ഇന്നും ജീവനോടെ ഉണ്ടാകുമായിരുന്നു. ഇനിയിതൊന്നും പറഞ്ഞിട്ട് കാര്യമില്ല. രോഹിതിന്റെ മരണം ഉണ്ടാക്കിയ നഷ്ടം ഒരിക്കലും നികത്താനാവില്ലെങ്കിലും ആവുന്നത്ര പ്രതിഷേധ പരിപാടികള്‍ നടത്തി ഹൈദരാബാദില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികളുടെ മുന്നേറ്റത്തെ ശക്തിപ്പെടുത്തുക എന്നതുതന്നെയാണ് ഇപ്പോള്‍ ഏറ്റവും പ്രധാനം. അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷനും രോഹിത് വെമുലയും മുന്നോട്ടുവെച്ച വിദ്യാര്‍ഥി രാഷ്ട്രീയത്തെ കൂടുതല്‍ വ്യക്തമായി തിരിച്ചറിയുക എന്നതും പ്രധാനമാണ്.

സവര്‍ണരുടെ മണ്ഡല്‍ വിരുദ്ധ സമരങ്ങള്‍ക്കെതിരെ ഇവിടുത്തെ ദലിത് ബഹുജന സംഘടനകള്‍ നടത്തിയ കരുത്തേറിയ ചെറുത്തുനില്‍പ്പിന് ശേഷമാണ് പല ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അതുവരെ നിലനിന്നിരുന്ന ബ്രാഹ്മണാധിപത്യം തകരാന്‍ തുടങ്ങുന്നത്. വാസ്തവത്തില്‍, മണ്ഡല്‍ കമീഷനാനന്തരം തന്നെയാണ് പല ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എസ്.സി/എസ്.ടി സംവരണംപോലും ശരിയായ രീതിയില്‍ നടപ്പാക്കപ്പെടുന്നത്. മണ്ഡല്‍ കമീഷന്‍ അവസാനം നടപ്പാക്കിയിട്ടും, പിന്നെയും കുറെക്കാലം കഴിഞ്ഞാണ് പിന്നാക്കവിഭാഗ സംവരണം ഒരു യാഥാര്‍ഥ്യമായിത്തീരുന്നത്. മണ്ഡലിലൂടെയും സംസ്ഥാനതലത്തിലുള്ള സംവരണത്തിലൂടെയും ഉന്നതവിദ്യാഭ്യാസ രംഗത്തേക്ക് കടന്നുവന്ന ദലിത്, ആദിവാസി, പിന്നാക്കവിഭാഗങ്ങളിലെ വിദ്യാര്‍ഥികളെ ഒന്നുകില്‍ ബ്രാഹ്മണ വ്യവസ്ഥയിലേക്ക് ആവാഹിച്ച് ഇല്ലാതാക്കുക, അതല്ലെങ്കില്‍ അവരെ പുറന്തള്ളുക എന്നൊരു പ്രവര്‍ത്തനമാണ് സര്‍വകലാശാലകള്‍ ചെയ്തുപോന്നിട്ടുള്ളത്. കാരണം, കീഴ്ജാതികള്‍ക്ക് അറിവ് നിഷേധിക്കുക എന്നത് ബ്രാഹ്മണ ജാതിവ്യവസ്ഥയുടെതന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരാവശ്യമാണ്. ഇങ്ങനെയൊരു നിഷേധത്തിലൂടെ ഉണ്ടായിവരുന്ന ജ്ഞാനാധികാരത്തിലൂടെയാണ്, ന്യൂനപക്ഷങ്ങളായ ബ്രാഹ്മണരും മറ്റ് മേല്‍ജാതികളും ഭൂരിപക്ഷംവരുന്ന കീഴാളരുടെ മേലെ തങ്ങളുടെ അധികാരം നിലനിര്‍ത്തുന്നത്. അതുകൊണ്ട് തന്നെയാണ് ഉന്നത വിദ്യാഭ്യാസ മണ്ഡലം അവര്‍ എന്നും അഗ്രഹാരങ്ങളായി നിലനിര്‍ത്തിപ്പോകുന്നത്.

സംവരണം നടപ്പാക്കുന്നതില്‍ വീഴ്ചവരുത്തിയും ക്ലാസ് റൂമുകളില്‍നിന്നും കോണ്‍ഫറന്‍സ് ഹാളുകളില്‍നിന്നും അക്കാദമിക പ്രസാധന രംഗത്തുനിന്നും കീഴാള വിദ്യാര്‍ഥികളെ മാറ്റിനിര്‍ത്തിയും ദലിത് വിദ്യാര്‍ഥികളെ നിരന്തരം പരീക്ഷയില്‍ തോല്‍പിച്ചും അവരുടെ സ്‌കോളര്‍ഷിപ്പുകള്‍ പിടിച്ചുവെച്ചും വ്യവസ്ഥാപരമായ നൂലാമാലകളിലവരെ കുടുക്കിയൊക്കെയുമാണ് മേല്‍ജാതികള്‍ സര്‍വകലാശാലകളെ ബ്രാഹ്മണാധിപത്യത്തില്‍ കൊണ്ടുവരുന്നത്. ഇങ്ങനെയൊരു അക്കാദമിക അന്തരീക്ഷം ഏറ്റവും കൂടുതല്‍ ക്രൂരമായി പുറന്തള്ളുന്നത് ദലിത്, ആദിവാസി വിദ്യാര്‍ഥികളെയാണെന്നതില്‍ ഒരു സംശയവുമില്ല. ഇതുകൊണ്ടുതന്നെ ഉന്നത വിദ്യാഭ്യാസരംഗത്തും അക്കാദമിക സ്ഥാപനങ്ങളിലും ദലിത്, ആദിവാസി വിദ്യാര്‍ഥികളുടെ ആത്മഹത്യനിരക്ക് വളരെക്കൂടുതലാണ്. ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയില്‍ തന്നെ കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ എട്ട് ദലിത് വിദ്യാര്‍ഥികളാണ് ആത്മഹത്യചെയ്യാന്‍ നിര്‍ബന്ധിതരാവുന്നത്.

ഇങ്ങനെയൊരവസ്ഥയില്‍ കീഴാള വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങളെ അംഗീകരിക്കാനോ, അവരെ ഏതെങ്കിലും തരത്തില്‍ ശാക്തീകരിക്കാനോ, കാമ്പസുകളില്‍ സവര്‍ണരായ അധ്യാപകര്‍ക്കോ, അവരുടെ സംരക്ഷണത്തിനടിയില്‍ വളരുന്ന ഇടത്, ഇടത്-റാഡിക്കല്‍, സ്ത്രീപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്കോ ഒരിക്കലും കഴിഞ്ഞിട്ടില്ല. ഇതിനെ മറികടക്കാന്‍ വേണ്ടി തന്നെയാണ് ഇവരില്‍ നിന്ന് വേറിട്ടൊരു ദലിത് വിദ്യാര്‍ഥി രാഷ്ട്രീയ വ്യവഹാരം കാമ്പസുകളില്‍ വളര്‍ന്നുവന്നത്. ഇത്തരത്തിലുള്ള ഒരു രാഷ്ട്രീയമാണ് ദലിത് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ തന്നെ മുസ്ലിം, ആദിവാസി പിന്നാക്ക വിഭാഗങ്ങളെക്കൂടെ ഉള്‍പ്പെടുത്തി കുറെക്കൂടി വിശാലമായ ഒരു വിദ്യാര്‍ഥി രാഷ്ട്രീയത്തിലേക്ക് നീങ്ങുന്നത്. കഴിഞ്ഞ ഏതാനും കൊല്ലങ്ങളായി കണ്ടു വരുന്ന പുതിയൊരു മാറ്റമാണിത്. കീഴാള വിഭാഗങ്ങളിലെ ഏതെങ്കിലുമൊരു വിഭാഗത്തെ മാത്രം ഉയര്‍ത്തിപ്പിടിക്കാതെ, വ്യത്യാസങ്ങളോടുതന്നെ ഒരുമിച്ചുനിന്ന് ബ്രാഹ്മണ-മേല്‍ജാതി അധികാരത്തെ വെല്ലുവിളിക്കുന്ന ഒരു രാഷ്ട്രീയമാണ് ഇതിലൂടെ ഉയര്‍ന്നുവന്നത്.

ഇങ്ങനെയൊരു ബഹുജന രാഷ്ട്രീയം നിലവിലുള്ള ഇടത-്‌വലത്-സ്ത്രീപക്ഷ രാഷ്ട്രീയങ്ങളെ പലതരത്തില്‍ ചോദ്യംചെയ്യുന്നതായിരുന്നു. അതുകൊണ്ട് തന്നെ ഇടത്-വലത് വിദ്യാര്‍ഥി വിഭാഗങ്ങള്‍ ഇവരെ പ്രത്യക്ഷമായും പരോക്ഷമായും ആക്രമിച്ചുകൊണ്ടേയിരിക്കുന്നു. തങ്ങളുടെ ജാതി ഹിന്ദു സ്വരൂപം മറച്ചുവെക്കാന്‍ മെനക്കെടാത്ത എ.ബി.വി.പിപോലുള്ള സംഘടനകള്‍ ഇവര്‍ക്കെതിരെ തുറന്ന യുദ്ധം തന്നെ പ്രഖ്യാപിച്ചു. അങ്ങനെയാണ് ജെ.എന്‍.യു, ഇഫ്‌ളു, ഉസ്മാനിയ യൂനിവേഴ്‌സിറ്റി കാമ്പസുകളിലെല്ലാം ഇവര്‍ ബഹുജന വിദ്യാര്‍ഥികളെ നേരിട്ടാക്രമിക്കാന്‍ തുടങ്ങിയത്. ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയില്‍തന്നെ, ‘മുസഫര്‍നഗര്‍ ബാക്കി ഹെ’ എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ മുന്നോട്ട് വന്നതിനുശേഷമാണ് രോഹിതും കൂട്ടരും എ.ബി.വി.പിയുടെ കള്ളക്കേസില്‍ കുടുക്കപ്പെടുന്നതും കേന്ദ്രമന്ത്രിയുടെയും എം.എച്ച്.ആര്‍.ഡിയുടെയും നിരന്തര സമ്മര്‍ദത്തിന് വഴങ്ങി യൂനിവേഴ്‌സിറ്റി ഇവരെ പുറത്താക്കുന്നതും.

ചുരുക്കിപ്പറഞ്ഞാല്‍ നിലവിലുള്ള അധികാര വിഭാഗങ്ങളുടെ ജ്ഞാന/രാഷ്ട്രീയ പദ്ധതികളെ പാടെ ചോദ്യംചെയ്യുന്ന ഒരു പുതിയ വിദ്യാര്‍ഥി അക്കാദമിക രാഷ്ട്രീയത്തിന്റെ ഭാഗമായാണ് അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷനും അതിനുവേണ്ടി പ്രവര്‍ത്തിച്ച രോഹിത് വെമുലയും നിലനിന്നിട്ടുള്ളത്. വാസ്തവത്തില്‍ കീഴാള രാഷ്ട്രീയത്തിന്റെ ചരിത്രപരമായ രണ്ട് പ്രധാന ധാരകളാണ് ഇങ്ങനെയൊരു പുതിയ വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ പ്രതിഫലിക്കുന്നത്.

ആദ്യംതന്നെ, ഗാന്ധിയന്‍ ദേശീയതക്കു മുമ്പെ പലയിടങ്ങളിലും കീഴ്ജാതിമുസ്ലിം സമുദായങ്ങള്‍ ഒരുമിച്ചുനിന്ന് ബ്രാഹ്മണ വ്യവസ്ഥയെ ചോദ്യംചെയ്യുന്ന നിരവധി ചരിത്രമുഹൂര്‍ത്തങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇങ്ങനെയൊരു കൂട്ടായ്മയെക്കുറിച്ചാണ് ‘അസ്പൃശ്യരായ ജാതികളിലെ തെമ്മാടികള്‍ (Untouchable hooiligans) മുസ്ലിം തെമ്മാടികള്‍ക്കൊപ്പം ചേര്‍ന്ന് ജാതി ഹിന്ദുക്കളെ കൊന്നുകളയും’ എന്ന് ഗാന്ധി ഭയത്തോടെ പറഞ്ഞത്. ഈ കൂട്ടായ്മയെ തന്നെയാണ് ഗാന്ധിയന്‍ ദേശീയത തകര്‍ത്തില്ലാതാക്കിയത്. പിന്നീട്, അംബേദ്കര്‍ വായനകളിലൂടെ ഗാന്ധിയന്‍ രാഷ്ട്രീയത്തെ തള്ളിപ്പറഞ്ഞ കാന്‍ഷി റാമാണ് ഇങ്ങനെയൊരു കൂട്ടായ്മ വീണ്ടെടുക്കാന്‍ ശ്രമിച്ചത്. ദലിത്പിന്നാക്ക-ആദിവാസി-മുസ്ലിം സമുദായങ്ങളാണ് ഭൂരിപക്ഷമെന്നും ഇവര്‍ ഒരുമിച്ചുനിന്നാല്‍ ന്യൂനപക്ഷമായ ബ്രാഹ്മണരെയും മേല്‍ജാതികളെയും തകര്‍ക്കാന്‍ കഴിയുമെന്നും കാന്‍ഷി റാം വാദിച്ചു.

അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പോലെയുള്ള പുതിയ വിദ്യാര്‍ഥി മുന്നേറ്റങ്ങളില്‍ ഇത്തരം കീഴാള രാഷ്ട്രീയ ധാരകളാണ് പുനരവതരിപ്പിക്കുന്നത്. ഇതൊന്നും കാണാതെയാണ് പലരും രോഹിതിനെ ഹിന്ദുത്വയുടെ ഇരയായി മാത്രം ചുരുക്കുന്നത്. ദലിത് വിദ്യാര്‍ഥികള്‍ അക്കാദമിക സ്ഥാപനങ്ങളില്‍ അനുഭവിക്കുന്ന ജാതീയമായ പീഡനങ്ങള്‍പോലും ഇത്തരം വായനകള്‍ കാണുന്നില്ല. അതേസമയം, ഗാന്ധിയന്‍ സഹതാപത്തോടെ രോഹിതിന്റെ ദലിത് വിദ്യാര്‍ഥി ജീവിതത്തിന്റെ കഷ്ടപ്പാടുകളെയോര്‍ത്ത് പെട്ടെന്നിപ്പോള്‍ കരയുന്നു. രോഹിത് അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷനിലൂടെ മുന്നോട്ടുവെച്ച ശക്തമായ ജാതിക്കെതിരെയുള്ള പ്രതിരോധത്തിന്റെ റാഡിക്കല്‍ ബഹുജന്‍ രാഷ്ട്രീയം കാണുന്നുമില്ല. ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ക്കൊപ്പം രോഹിതിന് നീതികിട്ടാന്‍ വേണ്ടി പലരീതിയില്‍ സംഘടിക്കുമ്പോള്‍ ഇങ്ങനെയൊരു രാഷ്ട്രീയത്തെയാണ് നാമെല്ലാവരും മുറുകെപ്പിടിക്കേണ്ടത്.

കടപ്പാട്: മാധ്യമം

ജെനി റൊവീന