Campus Alive

ഒരു ബ്രാഹ്മണ കലാലയം വിദ്യാര്‍ത്ഥികളെ നേരിടുന്നതിങ്ങനെയൊക്കെയാണ്

ഹൈദരബാദ് യൂനിവേഴ്‌സിറ്റി ഒരിക്കല്‍ കൂടി പ്രക്ഷോഭത്താല്‍ ആളിക്കത്തുകയാണ്. രോഹിത് വെമുലയെന്ന പോരാളിയുടെ ആത്മത്യാഗം ആഗോള ശ്രദ്ധയിലത്തെിച്ച രാഷ്ട്രീയം വീണ്ടും ഉച്ചത്തില്‍, കൂടുതല്‍ തീവ്രമായി മുഴങ്ങുകയാണ്. വെമുലയടക്കമുള്ളവരെ പീഡിപ്പിച്ചതില്‍ ഒന്നാം പ്രതിയായ വൈസ് ചാന്‍സലര്‍ അപ്പാറാവു പോഡ്‌ലെ കാമ്പസില്‍ തിരിച്ചത്തെിയതാണ് സമരം തീവ്രമാകാനുള്ള സാഹചര്യം. വിദ്യാര്‍ഥി പ്രക്ഷോഭം ആളിക്കത്തുകയും രാജ്യത്തിനകത്തും പുറത്തും രോഹിത് വെമുല ഉയര്‍ത്തിയ രാഷ്ട്രീയ ചോദ്യങ്ങള്‍ ഇടിമുഴക്കമാവുകയും ചെയ്ത സന്ദള്‍ഭത്തിലാണ് അപ്പാറാവു ലോങ് ലീവില്‍ പ്രവേശിച്ചത്. കാമ്പസില്‍ പ്രതിഷേധം അടങ്ങിയെന്ന് കണ്ടാണ് അപ്പാ റാവു തിരിച്ചത്തെിയത്. എന്നാല്‍ രോഹിതിന്റെ കൂട്ടുകാരുടെ സമരവീര്യം തെല്ലും അടങ്ങിയിട്ടില്ല എന്ന് തെളിയിക്കുന്ന ‘സ്വീകരണമാണ്’ വിദ്യാര്‍ഥികള്‍ അദ്ദേഹത്തിന് നല്‍കിയത്. പത്രക്കാരെ വിളിച്ചുവരുത്തി തന്റെ തിരിച്ചുവരവ് പ്രഖ്യാപിക്കാനുള്ള അപ്പാറാവുവിന്റെ ശ്രമം നടന്നില്ല. ‘കൊലയാളി വി.സി തിരിച്ചു പോവുക’ എന്ന മുദ്രാവാക്യവുമായി വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് വാര്‍ത്താ സമ്മേളനം മാറ്റിവെച്ചു. അപ്പാറാവുവിനെ ഞങ്ങള്‍ക്ക് വേണ്ടെന്ന് പ്രഖ്യാപിച്ച് വിദ്യാര്‍ഥികള്‍ നടത്തുന്ന ജനാധിപത്യ സമരത്തെ പോലീസിനെയും കാമ്പസ് അഡ്മിനിസ്ട്രഷനെയും ഉപയോഗിച്ച് അടിച്ചമര്‍ത്താനുള്ള ശ്രമമാണ് പിന്നീട് കണ്ടത്. എ.ബി.വി.പി തരംപോലെ ‘തങ്ങളുടെ’ വി.സിക്കനുകൂലമായി വിദ്യാര്‍ഥികള്‍ക്കെതിരായ അക്രമത്തില്‍ പങ്കുകൊള്ളുന്നുണ്ട്. അധ്യപകരിലെ ഒരു വിഭാഗവും വിദ്യാര്‍ഥി യൂനിയന്‍ പ്രവര്‍ത്തകരുമെല്ലാം സമരത്തോടൊപ്പം ചേര്‍ന്നിട്ടുണ്ട്. കാമ്പസില്‍ വിദ്യര്‍ഥികളെ ഭീകരമായ രീതിയിലാണ് പോലീസ് അടിച്ചമര്‍ത്തിയത്. നിരവധിപേര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു. നൂറുക്കണക്കിന് സമരാനുകൂലികളുടെ പേരില്‍ കേസെടുത്തിട്ടുണ്ട്. 36 പേരെ ഹൈദരാബാദിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ തടങ്കലില്‍ വെച്ചിരിക്കയാണ്. കാമ്പസിലെ വൈദ്യുതിയും ഇന്റര്‍നെറ്റ് ബന്ധവും വിച്ഛേദിച്ചിട്ടുണ്ട്. മെസുകള്‍ അടച്ചിടുകയും ക്ലാസുകള്‍ഇരുപത്തേഴാം തീയതി വരെ നിര്‍ത്തിവെച്ചിട്ടുമുണ്ട്. സ്വന്തം ജീവന്‍ ബലിനല്‍കി രോഹിത് വെമുല കരുത്ത് പകര്‍ന്ന രാഷ്ട്രീയം പട്ടിണിക്കിട്ടാല്‍ തളര്‍ന്നു പോകും എന്ന മൂഢധാരണയിലാണ് ഭരണകൂടം. പ്രക്ഷോഭത്തിന്റെ കാര്യത്തില്‍ മാധ്യമങ്ങളുടെ സമീപനവും വിദ്യാര്‍ഥി വിരുദ്ധമാണ്. ഹൈദരാബാദ് സര്‍വകലാശാല ചാനലുകളില്‍ ‘ലൈവ്’ ആയി നിന്ന സമയത്ത് കാമ്പസിലത്തെി സമരത്തിന് പിന്തുണയര്‍പ്പിച്ച മുഖ്യധാരാ രാഷ്ട്രീയക്കാര്‍ ഇതുവരെയും വിദ്യാര്‍ഥികളെ തിരിഞ്ഞു നോക്കിയിട്ടില്ല. വിവിധ കാമ്പസുകളില്‍ നിന്നും വിദ്യാര്‍ഥി കൂട്ടായ്മകളില്‍ നിന്നും ഉയരുന്ന ഐക്യദാര്‍ഡ്യ ശബ്ദങ്ങള്‍ മാത്രമാണ് ഇതിന്ന് അപവാദം.

കാമ്പസ് വിദ്യാര്‍ഥികളുടെ സോഷ്യ മീഡിയ കുറിപ്പുകളില്‍ സമരത്തിന്റെ തീവ്രതയും വിദ്യാര്‍ഥികളെ അടിച്ചമര്‍ത്താനുള്ള അധികൃതരുടെ ശ്രമവും വായിച്ചെടുക്കാനാവും. അവയില്‍ ചില ഫേസ്ബുക് കുറിപ്പുകള്‍..

മാനസി മോഹന്‍ എസ്:

ഹൈദരാബാദ് യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികളായ ഞങ്ങള്‍ക്കെതിരായ പോലീസിന്റെ കിരാത ആക്രമണത്തെ അപലപിക്കുക. യാതൊരു പ്രകോപനവും കൂടാതെ പോലീസ് ഞങ്ങളെ പിടിച്ചുമാറ്റുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. മാത്രമല്ല, വാക്കുകൊണ്ടും ശാരീരികമായും അപമാനിച്ചു. പലരുടെയും ശരീരത്തില്‍ ബ്‌ളേഡ് രൂപത്തിലുള്ള ആയുധം കൊണ്ടുണ്ടായ മുറിവുകളുണ്ട്. പുരുഷ പോലീസുകാര്‍ വിദ്യാര്‍ഥിനികളെ യാതൊരു കരുണയും മാന്യതയും ഇല്ലാതെ വിദ്യാര്‍ഥിനികളെ ആക്രമിച്ചു. ഇത്രയധികം അക്രമങ്ങള്‍ നടത്താന്‍ അവരെ പ്രേരിപ്പിച്ചതെന്താണെന്ന് ഇപ്പോഴും ദുരൂഹമാണ്. ഇപ്പോള്‍ യൂനിവേഴ്‌സിറ്റി പോലീസ് നിയന്ത്രണത്തിലാണെന്ന് പറയാം. വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തികൊണ്ട് പോലീസ് കാമ്പസില്‍ ചൂറ്റിയടിക്കുകയാണ്. ഇത് സഹിക്കാവുന്നതിലുമപ്പുറത്താണ്…എല്ലാത്തിനുമപ്പുറം യാതൊരടിസ്ഥാനവുമില്ലാതെ വിദ്യാര്‍ഥികളെയും അധ്യാപകരെയും അറസ്റ്റ് ചെയ്തിരിക്കുന്നു. നിയമവിരുദ്ധമായി അറസ്സ്‌സ് ചെയ്ത 36 വിദ്യാര്‍ഥികളെയും രണ്ട് അധ്യാപകരെയും ഉടന്‍ വിട്ടയക്കണം.
നീതി ലഭിക്കുംവരെ ഞങ്ങള്‍ പോരാടും.

 

സഞ്ജന കൃഷ്ണന്‍:

ഒരു വിദ്യാര്‍ഥിയോട് പോലീസ് അറസ്റ്റ് ചെയ്യുന്നതിനിടെ നിന്റെ പേരെന്താണെന്ന് ചോദിച്ചു. അവന്‍ മറുപടി പറഞ്ഞു’അജ്മല്‍’.
പോലീസുകാരന്‍ പറഞ്ഞു’ഓ.. നീ മുസ്‌ലിമാണല്ലേ? നീ തീര്‍ച്ചയായും അറസ്റ്റ് ചെയ്യപ്പെടണം’

ശെറിന്‍ ബീയീസ്:

എന്ത് ഭീകരതയാണ് എച്ച്.സി.യുവില്‍ നടക്കുന്നത്? എങ്ങനെയാണ് ഒരു കാമ്പസിലെ ഇന്റര്‍നെറ്റും വൈദ്യുതിയും വിച്ഛേദിക്കാനും മെസ് അടച്ചിടാനും സാധിക്കുന്നത്? എങ്ങനെയാണ് വിദ്യാര്‍ഥികളെ ബലാല്‍സംഘം ചെയ്യുമെന്ന് ഭീഷണിപ്പെടുത്താനാകുന്നത്? ഇതൊന്നും കണക്കിലെടുക്കാതിരിക്കണോ? ഈ സംഭവങ്ങളെ എങ്ങനെയാണ് മാധ്യമങ്ങള്‍ നോക്കിക്കാണുന്നത്? രാജ്യത്തെ നീതിബോധത്തിന്റെയും സ്വാതന്ത്ര തൃഷ്ണയുടെയും അടിസ്ഥാനങ്ങളെ ഉലക്കാന്‍ ഈ ചോദ്യങ്ങള്‍ മതിയാവില്ലേ?

 

ഫസീഹ് അഹ്മദ് ഇ.കെ

വിദ്യാര്‍ഥികള്‍ രാവിലെ മുതല്‍ വിശന്നിരിക്കുകയാണ്. ഷോപ്‌കോംപില്‍ ഭക്ഷണം പാകം ചെയ്യാന്‍ പോലീസ് വിദ്യാര്‍ഥികളെ അനുവദിക്കുന്നില്ല. ആരെങ്കിലും അവരോട് സംസാരിക്കാന്‍ ചെന്നാല്‍ അവരെ പോലീസ് വാനിലേക്ക് വലിച്ചിഴക്കുകയാണ്. ഇവിടെ എന്തു നടക്കുന്നു എന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ ഒരൊറ്റ മാധ്യമവും ഇവിടെയില്ല.

പ്രീതി രഘുനാഥ്

കാമ്പസിലെ ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ മെസില്‍ കയറി സ്വന്തം നിലക്ക് ഭക്ഷണം തയാറാക്കുകയാണ്. സൗത്ത് കാമ്പസില്‍ വിദ്യാര്‍ഥികള്‍ക്ക് കുടിക്കാന്‍ വെള്ളമില്ല. പലരും ബാത്ത്‌റൂം വെള്ളം കുടിക്കുകയാണ്. പ്രാഥമിക കാര്യങ്ങള്‍ക്കുള്ള വെള്ളം പോലും ഇവിടെയില്ല.

 

വൈഖരി ആര്യാട്ട്

ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയില്‍ ഇപ്പോള്‍ അപ്രഖ്യാപിത അടിയന്തരവസ്ഥ നിലനില്‍കുകയാണ്. ഭക്ഷണമില്ല, വെള്ളമില്ല, വൈദ്യുതിയില്ല, ഇന്റര്‍നെറ്റുമില്ല. എല്ലാ പ്രതിരോധങ്ങളെയും അടിച്ചമര്‍ത്താന്‍ ‘സംഘ്’ അഡ്മിസ്‌ട്രേഷനും പോലീസും എ.ബി.വി.പിയും സകല അടവും പയറ്റുകയാണ്. മാധ്യമങ്ങള്‍ പോലീസ് അതിക്രമത്തിന്റെ യാഥാര്‍ഥ്യം മറച്ചുവെക്കുകയാണ്. അക്രമരഹിതമായ വിദ്യാര്‍ഥി സമരത്തെ തെമ്മാടിത്തമായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണവര്‍. ഇവിടെ പുറത്തുനിന്ന് ഭക്ഷണം വാങ്ങിക്കഴിക്കാന്‍ കഴിയുന്നവരേക്കാള്‍ ഭക്ഷണത്തിനായി മെസിനെ ആശ്രയിക്കുന്നവരാണുള്ളത്. അത് ഭക്ഷണത്തിന്റെ ഗുണം കൊണ്ടൊന്നുമല്ല, മറിച്ച് അതേ ഞങ്ങളില്‍ പലര്‍ക്കും വാങ്ങാന്‍ കഴിയൂ എന്നതിനാലാണ്. നിങ്ങള്‍ സബ്‌സിഡി നിരക്കില്‍ ഭക്ഷണം ലഭിക്കുന്ന കാന്റീനുകളും ഭക്ഷണഹാളുകളും അടച്ചുപൂട്ടുമ്പോള്‍, നിങ്ങള്‍ ‘പ്രിവിലേജ്ഡ്’ അല്ലാത്തതിന്റെ പേരില്‍ ഒരു വലിയ സമൂഹത്തെ ശിക്ഷിക്കുകയാണ്. വിദ്യര്‍ഥികളെ കൊന്നൊടുക്കാനാണോ നിങ്ങളീ ‘നാസീ ക്യാമ്പ്’ നടത്തുന്നത്? സംഘ്’ അഡ്മിസ്‌ട്രേഷനും പോലീസും എ.ബി.വി.പിയും വിദ്യാര്‍ഥി സമൂഹത്തെ വഞ്ചിച്ച് ഇന്ന് ഞങ്ങളുടെ ചോരകൊണ്ട് ‘ഹോളി’ ആഘോഷിക്കുകയാണ്.

.