Campus Alive

നീതിയുടെ വിരൂപ മുഖം: അബ്ദുൽ വാഹിദ് ശൈഖിന്റെ ‘ഇന്നസെന്റ് പ്രിസണേഴ്സ്’ എന്ന പുസ്തകത്തെക്കുറിച്ച് ….

ഘടനാപരമായി ഇന്ത്യയിൽ വളരെ എളുപ്പം സാധിക്കുന്ന നിരപരാധികളായ മുസ്ലീംകളെ തീവ്രവാദ കുറ്റം ചുമത്തുന്ന പോലീസിന്റെ ക്രൂര രീതികളെ വെളിപ്പെടുത്തുന്നുണ്ട് ഈ പുസ്തകം.

“അധികാരത്തിനെതിരെയുള്ള മനുഷ്യന്റെ പോരാട്ടം എന്നാൽ മറവിക്കെതിരെ ഓർമ്മകൾ കൊണ്ടുള്ള പോരാട്ടമാണ്”

മിലാൻ കുന്ദേര, “ദ ബുക്ക് ഓഫ് ലോട്ടർ ഏൻഡ് ഫോർഗെറ്റിങ്ങ്”

ജനങ്ങളാൽ ഉണ്ടാക്കപ്പെട്ട യഥാർത്ഥ പരമാധികാരം എന്ന് ഭരണഘടന തന്നെ പറയുന്ന ഭരണകൂടം ജനങ്ങളെ തന്നെ വിഴുങ്ങിയാൽ എന്തായിരിക്കും അവസ്ഥ? നിയമനടപടികൾ കൊണ്ട് ജനങ്ങളെ സംരക്ഷിക്കാൻ ബാധ്യതപ്പെട്ടിട്ടുള്ള പോലീസ് ഒരു കൂട്ടം ക്രിമിനലുകൾ ആയി മാറിയാൽ ; ജനങ്ങൾക്കെതിരെ ഗൂഢാലോചന നടത്തി നിരപരാധികളെ അറസ്റ്റ് ചെയ്യുകയും പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്താൽ എന്ത് ചെയ്യും? ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട അവരുടെ അവകാശങ്ങളെയും താൽപര്യങ്ങളെയും സംരക്ഷിക്കേണ്ട ജനപ്രതിനിധികൾ തന്നെ അവരെ രാജ്യദ്രോഹികളും ഭീകരവാദികളും ആക്കുകയും അസംബ്ലികളിലും പാർലമെന്റിലും ഡ്രാക്കോണിയൻ നിയമങ്ങൾ പാസാക്കി പോലീസിനെ അവർക്കെതിരെ സജ്ജമാക്കുകയും ചെയ്താൽ എന്ത് ചെയ്യും ?

ഭരണഘടനയുടെ അടിസ്ഥാനത്തിൽ സ്വതന്ത്രമായി നടപടികളെ പരിശോധിക്കേണ്ട നിയമവ്യവസ്ഥ തന്നെ ജനങ്ങൾക്ക് എതിരെയുള്ള അന്യായമായ നടപടികൾക്ക് ന്യായം ചമച്ചാൽ എന്ത് ചെയ്യും ? ജനങ്ങളുടെ മധ്യവർത്തിയായി നിന്ന് ഭരണകൂടാധികാരങ്ങളെ ചോദ്യം ചെയ്യേണ്ട മാധ്യമങ്ങൾ “ഗോഡി മീഡിയ” ആവുകയും ഭരണകൂടത്തിന്റെ കുഴലൂത്ത്കാരാവുകയും ചെയ്താൽ എന്ത് ചെയ്യും? എന്നാൽ ഈ പറഞ്ഞതെല്ലാം വല്ലപ്പോഴും സംഭവിച്ച് പോകുന്നതല്ല ഘടനയുടെ സ്വഭാവം തന്നെ ഇങ്ങനെ ആവുകയും നീതി ഒരു ഇത്തിരിവെട്ടം പോലെ വല്ലപ്പോഴും സംഭവിക്കുകയുമാണ് ചെയ്യുന്നതെങ്കിൽ? നമ്മൾ ജീവിക്കുന്നത് വളരെ ഭീകരമായ ഒരു വ്യവസ്ഥയിൽ തന്നെയാണ്. അത് നമുക്ക് മുന്നിൽ തുറന്നു കാണിച്ചു തരുന്നുണ്ട് “ഇന്നസെന്റ് പ്രിസണേഴ്സ്”.

ക്രൂരമായ പ്രവർത്തന രീതി

ഇന്ത്യയിലെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയുടെ തകർച്ചയുടെ നമ്മെ അസ്വസ്ഥമാക്കുന്ന പരമ്പര തന്നെ ഈ വ്യവസ്ഥയുടെ ഇരയാക്കപ്പെട്ട് കോടതി വെറുതെ വിടുന്നതിന് മുൻപ് തന്റെ യൗവനത്തിന്റെ ഒമ്പത് വർഷം ജയിലിൽ കഴിഞ്ഞ ഇദ്ദേഹത്തിന്റെ ആഖ്യാനത്തിലൂടെ ഈ പുസ്തകം നമുക്ക് മുന്നിൽ വെളിവാക്കുന്നുണ്ട്.

ജൂലൈ 11, 2006 ന് 209 ആളുകൾ കൊല്ലപ്പെടുകയും 700 ഓളം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്ത, വെസ്റ്റേൺ റെയിൽവേയിലെ മുംബൈ ലോക്കൽ ട്രെയിനുകളിൽ 11 മിനിട്ടുകൾക്കുള്ളിൽ 7 സ്ഥലങ്ങളിൽ നടന്ന സ്ഫോടന പരമ്പരയായിരുന്നു ഇവരുടെ കേസ്, ഒരു കൂട്ടം മുസ്ലീം യുവാക്കളെ ഉടൻ അറസ്റ്റ് ചെയ്ത ശേഷം അവസാനം 13 പേരെ സ്പെഷ്യൽ മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ട് (MCOCA) കോടതിയിൽ ഹാജരാക്കുകയും അവിടെ വെച്ച് അഞ്ച് പേർക്ക് വധശിക്ഷയും ഏഴ് പേർക്ക് ജീവപര്യന്തവും ഗ്രന്ഥകർത്താവിനെ വെറുതെ വിടാനും ആയിരുന്നു വിധി പുറപ്പെടുവിച്ചത്.

എന്നാൽ ഇതിൽ കൂടുതൽ അസ്വസ്ഥപ്പെടുത്തുന്നതെന്തെന്ന് വെച്ചാൽ അതൊരു പാറ്റേൺ വെളിപ്പെടുത്തുന്നുണ്ട് എന്നതാണ്. നിരപരാധികളായ മുസ്‌ലിംകളുടെ മേൽ തീവ്രവാദ കുറ്റം ചുമത്തുകയും അവരുടെ ജീവിതം ഇല്ലാതാക്കലുമാണ് ഇന്ന് ഇന്ത്യയിൽ യഥാർത്ഥ പ്രതികളെ പിടികൂടുന്നതിനേക്കാൾ ലാഭകരവും എളുപ്പവും. പ്രത്യേകിച്ച് അമേരിക്കയുടെ 9/11 ന് ശേഷമുള്ള പട്ടാള ക്യാംപയിൻ ആയ “ആഗോള ഭീകര വിരുദ്ധ യുദ്ധ”ത്തിന്റെ കൂടി പശ്ചാത്തലത്തിൽ. അതിന് ശേഷം ഇന്ത്യൻ ഭരണകൂടം ഇന്ത്യയിലെ സ്ഥിരം ഭീകരരായി മുസ്‌ലിംകളെ ആക്കിത്തീർക്കുകയും ചെയ്തിട്ടുണ്ട്.

ഈ ആഗോള സാഹചര്യം ഉപയോഗപ്പെടുത്തി നിരപരാധികളായ മുസ്ലിംകളെ ഇരകളാക്കാൻ ഭീകരവിരുദ്ധ ഡ്രാക്കോണിയൻ നിയമങ്ങൾ ഉണ്ടാക്കി അതിന് നിയമ സാധുത നൽകി പോലീസിനും സുരക്ഷാ സേനകൾക്കും പ്രത്യേക അധികാരങ്ങൾ നൽകുകയും. അവർ മുസ്ലിംകളെ വളഞ്ഞിട്ട് പിടിച്ച് അവരെ ക്രൂരമായി അപമാനിക്കുകയും പീഡിപ്പിക്കുകയും ചെയ്ത് ആവശ്യമുള്ള മൊഴി പറയിച്ച് ജീവപര്യന്തമോ വധശിക്ഷയോ നിയമപരമായോ അല്ലാതെയോ ശിക്ഷിക്കുകയും ചെയ്യുന്നുണ്ട്. മാത്രമല്ല എല്ലാ ഭീകരാക്രമണ കേസിലും രാജ്യ സുരക്ഷയുടെ പേരിൽ ജനങ്ങളിൽ നിന്ന് ഇവയെല്ലാം മറച്ച് പിടിക്കുകയും ചെയ്യുന്നു. ഇതെല്ലാം ദേശീയതയുമായി ബന്ധപ്പെട്ട് കിടക്കുന്നുണ്ട് എല്ലാ ക്രിമിനൽ പ്രവർത്തനങ്ങൾക്കും ജനസമ്മതി ഉണ്ടാക്കിയെടുക്കാൻ ദേശീയതയെയാണ് ഉപയോഗപ്പെടുത്തുന്നത്. ഇതിന്റെ എല്ലാം ഫലമായി ഉണ്ടാകുന്ന വർഗീയ ഭ്രാന്തിൽ ഇന്ത്യയിലെ ഏഴിലൊന്ന് ഭാഗമായ മുസ്ലിംകളെ വ്യവസ്ഥാപിതമായി മാനുഷിക പരിഗണന പോലുമില്ലാത്തവരാക്കി കൊണ്ടിരിക്കുകയാണ്.

അബ്ദുൽ വാഹിദ് ശൈഖെന്ന ഗ്രന്ഥകാരൻ ഇങ്ങനെ ഇരയാക്കപ്പെട്ട വ്യക്തിയാണെന്നാണ് അദ്ദേഹം തന്നെ പറയുന്നത് (പേജ് 277-319) അദ്ദേഹത്തെ ഇത് പോലെ നിരന്തരം പോലീസ് കസ്റ്റഡിയിലെടുത്ത് ഓരോ തവണയും പീഡിപ്പിച്ച് അതിന്റെ തുടർച്ചയായി ഒമ്പത് വർഷം അഴിക്ക് പിന്നിലാക്കുന്നുമുണ്ട്. ഈ 13 പേരിലെ 11 പേരുടെ മൊഴി തന്നെ ക്രൂരമായ പീഡനങ്ങളും ഒരു സ്ത്രീയെ ബലാൽസംഗം ചെയ്തതുൾപ്പടെ ഇരകളുടെ കുടുംബാംഗങ്ങളെ പീഡിപ്പിച്ചും ഉണ്ടാക്കിയെടുത്തതാണ് അതല്ലാതെ മറ്റൊരു തെളിവും പോലീസിന്റെ കൈയിലില്ല എന്നാണ് ഗ്രന്ഥകാരൻ പറയുന്നത്. തന്റെ തടവ് ജീവിതത്തിനിടയിൽ നിയമ ബിരുദം നേടിയ ശൈഖ്; കുറ്റസമ്മതമൊഴിയെ ഔദ്യോഗികമാക്കുന്ന അഞ്ച് ഘട്ടമായിട്ടുള്ള പ്രക്രിയയെ പറ്റി പറയുന്നുണ്ട് ഇതിൽ. നിയമ പുസ്തകങ്ങൾ പ്രകാരം ഡി.സി.പി ലെവൽ പോലീസ് ഉദ്യോഗസ്ഥരും നിയമ ഉദ്യോഗസ്ഥരും ഉണ്ടാവേണ്ട പ്രക്രിയയാണ് അത് എന്നാൽ അതിന്റെ ലംഘനം മാത്രമേ ഇവിടെ സംഭവിക്കുന്നുള്ളൂ. വ്യക്തിപരമായ പശ്ചാത്താപത്തിന്റെ അസാധാരണമായ ഫലം ആണ് കുറ്റസമ്മതം എന്ന് നാം കണക്കാക്കിയാലും പോലീസ് കസ്റ്റഡിയാണതിന് പ്രധാന കാരണം. പതിനൊന്ന് കേസിലെ ഏഴെണ്ണത്തിലും പന്ത്രണ്ട് കുറ്റാരോപിതരിൽ പതിനൊന്ന് പേരും കുറ്റസമ്മത മൊഴി നൽകിയിട്ടുണ്ട്. ഇത് പോലിസിന്റെ സാക്ഷികൾക്ക് തിരക്കഥ തയ്യാറാക്കാൻ സഹായിച്ചിട്ടുമുണ്ട്.

എല്ലാ തീവ്രവാദ കേസിലും വളരെ കാര്യമായി ഈ കുറ്റസമ്മത മൊഴി സമർപ്പിക്കാറുണ്ട് ആരോപിതരെ പ്രതിസന്ധിയിലാക്കാനുള്ള അടിസ്ഥാനമായി അത് വർത്തിക്കാറും ഉണ്ട്. നിയമ വ്യവസ്ഥക്ക് ഇതിലെ സത്യാവസ്ഥ തുറന്ന് കാണിക്കുന്നതിൽ വലിയ പങ്കുണ്ട് പക്ഷേ അവർ അത് മന:പൂർവ്വം കണ്ടില്ലെന്ന് നടിക്കും. ഈ പതിനൊന്ന് പേരും കോടതിയിൽ വെച്ച് അവരെ പോലീസ് ക്രൂരമായ പീഡനങ്ങൾക്ക് വിധേയമാക്കി ബലം പ്രയോഗിച്ച് വെള്ളക്കടലാസിൽ ഒപ്പിടുവിക്കയാണ് ചെയ്തതെന്ന് കരഞ്ഞ് പറഞ്ഞിരുന്നു. പോലീസതിൽ അവരുടെ
കഥകൾ എഴുതിപ്പിടിപ്പിക്കുകയാണ് ചെയ്തിരുന്നത് എന്നും അവർ ഒരു മൊഴിയും നൽകിയിട്ടില്ല എന്നും കോടതിയിൽ അവർ പറഞ്ഞപ്പോഴും കോടതി അത് കണ്ട ഭാവം നടിക്കാതെ ആ മൊഴി വെച്ച് അവർക്ക് വധശിക്ഷ വരെ നൽകുകയാണ് ചെയ്തത്.

പോലീസിനുള്ള നിയമപരിരക്ഷ

പോലീസ്കാർക്ക് യഥാർത്ഥ പ്രതികളെ പിടികൂടുന്നതിനേക്കാൾ നിരപരാധികളായ മുസ്‌ലിംകളെ പിടിച്ച് കളള സാക്ഷികളെ വെച്ച് കള്ള മൊഴികൾ വെച്ച് അവരുടെ മേൽ കേസുകൾ കെട്ടിച്ചമക്കുന്നതിലെ അധിക താൽപര്യത്തിന്റെ കാരണം, യഥാർത്ഥ പ്രതികളെ പിടികൂടിയാൽ പ്രമോഷൻ, സാമ്പത്തിക ലാഭങ്ങൾ പ്രസിഡന്റിന്റെ അവാർഡ് തുടങ്ങിയവയൊന്നും ലഭിക്കില്ല എന്നതും അവ രണ്ടാമത്തെ വഴിയിൽ ലഭിക്കുകയും ചെയ്യും എന്നത് കൂടിയാണ്. പോലീസ് മേഖലയിലെ താഴെ തട്ടിലെ ഉദ്യോഗസ്ഥരാണ് ഇത്തരം കാര്യങ്ങൾ ചെയ്യാറുള്ളത് എന്ന ഒരു പൊതുബോധത്തിന് വിരുദ്ധമായി ഇവയെല്ലാം ചെയ്യുന്ന ഉയർന്ന ചില ഉദ്യോഗസ്ഥരുടെ പേരുകൾ കൂടി ഈ പുസ്തകം പരാമർശിക്കുന്നുണ്ട്. രാഷ്ട്രീയത്തിലെ ഉന്നതരുടെ സഹായം തന്നെയാണ് ഇവരുടെ കരുത്ത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

പുസ്തകത്തിൽ പറയുന്നത് പോലെ “സത്യസന്ധമല്ലാത്ത അന്വേഷണങ്ങൾ, കസ്റ്റഡി പീഡനങ്ങൾ, എൻകൗണ്ടറുകൾ എന്നിവ ഇന്ത്യയിൽ സർവസാധാരണമാണ് പോലീസിന് അതിന് നിയമ പരിരക്ഷയുമുണ്ട്” ഒരു പോലീസ്കാരൻ വളരെ ചുരുക്കമായേ ഇതിന് കുറ്റാരോപിതൻ പോലുമാകുകയുള്ളൂ.മാലേഗാവ് സ്ഫോടനം അതിനൊരുദാഹരണമാണ് അവിടത്തെ മുസ്‌ലീം പള്ളി പരിസരത്തെ ഖബർസ്ഥാനിൽ നടന്ന സ്ഫോടനത്തിൽ 31 പേർ കൊല്ലപ്പെടുകയും 300 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു അവരെല്ലാം തന്നെ മുസ്‌ലിംകളുമായിരുന്നു. ഭീകര വിരുദ്ധ സ്ക്വാഡ് ചെയ്തതെന്തെന്നാൽ 9 നിരപരാധികളായ മുസ്‌ലിംകളെ ഉടനെ അറസ്റ്റ് ചെയ്ത് അവർക്കെതിരെ തെളിവുകൾ കെട്ടിച്ചമക്കുകയും സ്വാഭാവികമായും അവർക്കെല്ലാം വധശിക്ഷ കോടതി വിധിക്കുകയും ചെയ്തിരുന്നു. എന്നാൽ ദേശീയ അന്വേഷണ ഏജൻസി അന്വേഷണം ഏറ്റെടുത്തപ്പോൾ അവർക്കെതിരെ ഒരു തെളിവും കണ്ടെത്തിയില്ലെന്ന് മാത്രമല്ല അത് ചെയ്തത് ഒരു ഹിന്ദു തീവ്രവാദ ഗ്രൂപ്പ് ആണെന്ന് കണ്ടെത്തുകയും ചെയ്തു. എന്നാൽ അസിസ്റ്റന്റ് കമ്മീഷണർ പദവിയിലുള്ള ഒരുദ്യോഗസ്ഥൻ ആണിതിന് ഉത്തരവാദിയെന്ന് കണ്ടെത്തിയിട്ടും അയാൾക്കെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ല എന്നത് തന്നെ വ്യവസ്ഥയിലെ പുഴുക്കുത്തുകൾ നമുക്ക് വ്യക്തമായി കാണിച്ച് തരുന്നുണ്ട്.

അത് പോലെ തന്നെ അക്ഷർധാം കേസിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല സെപ്റ്റംബർ 24, 2002 ന് ഗുജറാത്ത്, ഗാന്ധിനഗറിലെ അക്ഷർധാം മന്ദിറിലെ സ്വാമി നാരായണിനെതിരെ നടന്ന സൂയിസൈഡ് ആക്രമണമായിരുന്നു അത്. ആ കേസിൽ സി.ബി.ഐ അറസ്റ്റ് ചെയ്ത 6 മുസ്ലീം പുരുഷൻമാരെയും സ്പെഷ്യൽ പോട്ട കോടതി കുറ്റവാളികളായി കണക്കാക്കുകയും 3 പേർക്ക് വധശിക്ഷയും ഒരാൾക്ക് ജീവപര്യന്തവും രണ്ട് പേർക്ക് കഠിന ജീവപര്യന്തം വിധിക്കുകയും ഗുജറാത്ത് ഹൈക്കോടതി അത് ശരി വെക്കുകയും ചെയ്തിരുന്നു. എന്നാൽ സുപ്രീം കോടതി ഇവർ എല്ലാവരെയും വെറുതെ വിടുന്ന വിധിയാണ് പുറപ്പെടുവിച്ചത്. സൂയിസൈഡ് ആക്രമണകാരികളുടെ രക്തം പുരണ്ടതും വെടിയുണ്ട തുളച്ചതുമായ പോക്കറ്റിൽ നിന്ന് ലഭിച്ച യാതൊരു കറയും പുരളാത്ത രണ്ട് കത്തുകളായിരുന്നു ഈ കേസിലെ പ്രധാന തെളിവ്. സുപ്രീം കോടതി ഈ തെളിവുകൾ എല്ലാം തള്ളിക്കളയുകയാണുണ്ടായത്.”അന്വേഷണ ഏജൻസികൾ ഒരുപാട് ആളുകളുടെ മരണത്തിന് കാരണമായ ഈ സംഭവത്തിൽ യഥാർത്ഥ പ്രതികളെ പിടികൂടുന്നതിന് പകരം കഴിവ് കെട്ട അന്വേഷണം കാഴ്ച്ച വെക്കുകയും നിരപരാധികളായ ആളുകളെ വലിയ വകുപ്പുകൾ ചാർത്തുകയും ചെയ്യുകയാണുണ്ടായത്” എന്ന് സുപ്രീം കോടതി പ്രസ്താവിക്കുകയും ചെയ്തു.
ഇങ്ങനെയാണെങ്കിൽ കൂടി സുപ്രീം കോടതി പോലീസിനെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ല. അപ്പോഴേക്ക് ഇരകളുടെ വിലപ്പെട്ട 12 വർഷം നഷ്ടപ്പെട്ടിരുന്നു പോലീസുദ്യോഗസ്ഥർക്ക് വിവിധ പ്രമോഷനുകളും മറ്റ് നിരവധി അംഗീകാരങ്ങളും ലഭിച്ച് കഴിഞ്ഞിരുന്നു. നിയമ സംവിധാനങ്ങൾക്ക് പോലീസിനോടുള്ള ഈ വിധേയത്വം അവർക്ക് നിയമത്തിന് നിരക്കാത്ത രീതിയിൽ പെരുമാറാനുള്ള നിയമ പരിരക്ഷ സാധ്യമാക്കുന്നുണ്ട്. ശൈഖ് ഈ വ്യവസ്ഥയെ പോലീസ് രാജ് എന്നാണ് വിളിക്കുന്നത്.

നിയമത്തിന് കീഴിൽ ജയിലിൽ അടക്കപ്പെട്ടാലും ഇവർക്ക് പോലീസ് കസ്റ്റഡിയിൽ നിന്ന് ഏറ്റ മൂന്നാം മുറ പീഡനങ്ങൾ അതോട് കൂടി അവസാനിക്കുകയൊന്നുമില്ല. ജയിലുകൾ നിയമം വഴി നിയന്ത്രിക്കപ്പെടേണ്ടതും പോലീസ് കസ്റ്റഡിയേക്കാൾ സുരക്ഷിതവുമാവേണ്ടതുമാണ്. പക്ഷേ പ്രയോഗത്തിൽ ഇവ രണ്ടും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല. ജയിലുകൾ സൂപ്രണ്ട്മാരുടെ ഒട്ടും സുതാര്യമല്ലാത്ത നിയമത്തിന് കീഴിലായിരിക്കും പോലീസുമായി അന്തർധാരയിലുമായിരിക്കും.

ജയിലർക്ക് നേരെയുള്ള നിയമാനുസൃതമായ ഒരു ചോദ്യം ചോദിച്ചാൽ പോലും അതൊരു അപമാനിക്കാനുള്ള ശ്രമമായി കണക്കാക്കി നിങ്ങളെ ഭീകരമായി മർദ്ദിച്ചേക്കാം. ജയിലിലേക്ക് പ്രതികളെ സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായി ഒരു കാരണവുമില്ലാെതെ ആളുകളെ മർദ്ദിക്കുന്നതിന് ഞാൻ തന്നെ സാക്ഷിയായിട്ടുണ്ട് ചെറിയ തെറ്റായ പെരുമാറ്റങ്ങൾക്ക് പോലും ക്രൂരമായ പീഡനവും ഏകാന്ത തടവും അവിടെ ലഭിക്കും. എത്ര നിയമവിരുദ്ധമായ കാര്യം നടന്നാലും അത്ര എളുപ്പം ഒരു പരിഹാരം ഇതിനൊന്നും സാധ്യമല്ല. ജയിലറുടെ വാക്കുകൾക്കാണ് അവിടെ നിങ്ങളുടെ പീഡനം തടുക്കാൻ കഴിവുള്ളൂ.

ശൈഖ് ഈ കേസിൽ പെടുന്നതിന് മുൻപ് ഒരു സ്കൂൾ അധ്യാപകനായിരുന്നു പോലീസ് പീഡനങ്ങളിലും ഭീഷണികളിലും തളരാതെ അദ്ദേഹം അതിനെതിരെ തന്റെ ജീവിതം മാറ്റി വെക്കാൻ തീരുമാനിക്കുകയാണുണ്ടായത്.അതിന്റെ ഭാഗമായി അദ്ദേഹം അനുഭവിച്ച എല്ലാ പീഡനങ്ങളും അദ്ദേഹം എഴുതി. ലിബറൽ സെക്കുലർ ജനാധിപത്യ എന്നെല്ലാം വിളിക്കുന്ന ഭരണകൂടത്തിന്റെ നെറികേടുകൾ തുറന്ന് കാട്ടി. ഇന്ത്യൻ ക്രിമിനൽ നീതി വ്യവസ്ഥയുടെ അനീതിക്കിരയാവുന്ന ആദ്യത്തെ ആളൊന്നുമല്ല അദ്ദേഹം. പക്ഷേ അത് തുറന്ന് കാട്ടാൻ ധൈര്യം കാട്ടിയ വളരെ ചുരുക്കം ആളുകളിലൊരാണ് അദ്ദേഹം എന്ന് തീർച്ചയായും നമുക്ക് പറയാം. തീവ്രവാദ കേസുകളിൽ പെട്ട് വധശിക്ഷയിൽ നിന്നൊക്കെ രക്ഷപ്പെട്ട് തടവ് ജീവിതം കഴിഞ്ഞ് വരുന്ന ഭൂരിഭാഗം പേരും എല്ലാം മറക്കാനും ഒതുക്കി വെച്ചും അവർ പോലും അറിയാതെ ഈ വ്യവസ്ഥയെ പിന്തുണക്കുകയാണ് ചെയ്യാറുള്ളത്.

ശൈഖ് അദ്ദേഹത്തിന്റെ അനുഭവങ്ങൾ പറഞ്ഞ് പോകുന്നതിനപ്പുറം കൃത്യമായ വിലയിരുത്തലുകളും നടത്തുന്നുണ്ട്. ഭാവിയിൽ ഇരകളാക്കപ്പെടുകയാണെങ്കിൽ അതിൽ നിന്ന് വഴുതിമാറാനുള്ള പ്രായോഗിക മാർഗങ്ങളും പറഞ്ഞ് വെക്കുന്നുണ്ട് അത് വഴി പോലീസിന് അത്ര എളുപ്പം നിങ്ങളെ ഇരകളാക്കുന്നതിൽ വിജയിക്കാൻ സാധിക്കില്ല. പോലീസിന്റെ തുടർച്ചയായ പീഡനങ്ങൾ നേരിട്ട ശൈഖിപ്പോൾ ഇന്ത്യയിലുടനീളം ഈ വ്യവസ്ഥയുടെ ഭീകരതയെക്കുറിച്ച് ആളുകളെ മനസ്സിലാക്കി കൊണ്ടിരിക്കുകയാണ്.

ഞങ്ങൾ 16 മനുഷ്യവകാശ സംരക്ഷകരെ ജയിലിലടച്ച് വിയോജിപ്പുകളെ നിയന്ത്രിക്കാൻ ഭരണകൂടം ശ്രമം നടത്തിയ ഭീമ കൊറേഗാവ് കേസിൽ 31 മാസത്തെ തടവ് ജീവിതം കഴിഞ്ഞ് ജാമ്യം കിട്ടിയ സമയത്ത് ഞാൻ ഈ പുസ്തകം വായിച്ചപ്പോൾ ഒരു ദേജാ-വൂ പോലെയാണ് എനിക്ക് തോന്നിയത്. എന്നാൽ നമുക്ക് ചുറ്റിലുമുള്ള ഭീകരമായ യഥാർത്ഥ്യം തിരിച്ചറിയണമെന്നുളളവർ തീർച്ചയായും വായിക്കേണ്ട പുസ്തകമായിട്ടാണ് ഞാൻ ഇതിനെ മനസ്സിലാക്കുന്നത്.

വിവർത്തനം : നസീഫ് പൊന്നാനി

കടപ്പാട് : സ്ക്രോൾ ഡോട്ട് ഇൻ

ആനന്ദ് തെല്‍തുംഡെ