Campus Alive

മന:ശാസ്ത്ര വ്യവഹാരങ്ങളിലെ മുസ്‌ലിം വിരുദ്ധ വംശീയത

2015-ൽ, യുകെ തീവ്രവാദ വിരുദ്ധ സുരക്ഷാ നിയമം പാസാക്കുകയും , സാമൂഹിക പ്രവർത്തകർ, സ്കൂൾ ജീവനക്കാർ, ആരോഗ്യ പ്രവർത്തകർ എന്നിവരുൾപ്പെടെയുള്ള പൊതുമേഖലാ ജീവനക്കാർക്ക് “ആളുകൾ തീവ്രവാദത്തിലേക്ക് ആകർഷിക്കപ്പെടുന്നത് തടയേണ്ടതിന്റെ ആവശ്യകത കണക്കിലെടുത്ത് നിയമപരമായ ചുമതലയായി നിശ്ചയിക്കുകയും ചെയ്തു.  “റാഡിക്കലൈസേഷന്റെ സാധ്യതയുള്ള അടയാളങ്ങൾ” റിപ്പോർട്ടുചെയ്യുക എന്നതാണ് പ്രധാനമായും ഈ ചുമതല.ഇത് മൂന്നും നാലും വയസ്സുള്ള കുട്ടികളെ “ഡി-റാഡിക്കലൈസേഷൻ” പ്രോഗ്രാമുകളിലേക്ക് റിപ്പോർട്ട്‌ ചെയ്യുന്നതിലേക്ക് വരെ എത്തിച്ചു. ആരോഗ്യ മേഖലയിലെ തന്നെ അനവധി പ്രവർത്തകർ ഇതിനെതിരെ സമരവുമായി രംഗത്തുവരികയും ചെയ്തു. യുകെയുടെ തീവ്രവാദ വിരുദ്ധ സുരക്ഷാ നയത്തിന്റെ ഭാഗമായി വളർന്നുവരുന്ന ഈ പ്രശ്നങ്ങൾ ഏത് രീതിയിലാണ് മുസ്‌ലിംകളെ വംശീയവൽക്കരിക്കുന്നത് എന്ന് ആഴത്തിൽ ചർച്ച ചെയ്യുന്ന ഡോ.താരിഖ്‌ യൂനുസിന്റെ പുസ്തകമാണ് ‘ ദ മുസ്‌ലിം, സ്റ്റേറ്റ് ആൻഡ് മൈൻഡ് ‘ (The Muslim, State and Mind).

യൂറോ കേന്ദ്രീകൃതമായ രാഷ്ട്രീയ അവബോധത്തിൽ നിലയുറപ്പിക്കുന്ന യൂറോപ്യൻ മന:ശാസ്ത്ര വ്യവഹാരങ്ങൾ മുസ്‌ലിം വിരുദ്ധ വംശീയതയെ എങ്ങനെയെല്ലാം വ്യവസ്ഥാപിതമാക്കുന്നു എന്ന് പുസ്തകത്തിലൂടെ വിമർശനാത്മകമായി താരിഖ്‌ യൂനുസ് വിശകലനം ചെയ്യുന്നുണ്ട്. പശ്ചാത്യ രാജ്യങ്ങളിലെ വർധിച്ചുവരുന്ന മുസ്‌ലിം രാഷ്ട്രീയവൽക്കരണങ്ങളെ മറക്കടക്കാൻ മനഃശാസ്ത്ര വ്യവഹാരങ്ങളാണ് ഫലപ്രദമായി വിനിയോഗിക്കപ്പെടുന്നത്. മുസ്‌ലിമിനെ നേർക്കുനേരെ ബാധിക്കുന്ന  സ്റ്റേറ്റ് സെക്യൂരിറ്റി പ്രോജക്ടുകളും കൗണ്ടർ ടെററിസം പ്രോഗ്രാമുകളും യൂറോപ്പിൽ തന്നെ വലിയ തോതിൽ രാഷ്ട്രീയ വിചാരണക്കും നിയമപരമായ വെല്ലുവിളികൾക്കും വിധേയമാകുന്നുണ്ട് എന്നത് യഥാർഥ്യമാണ്.

9/11 ന് ശേഷം യൂറോപ്യൻ രാഷ്ട്രങ്ങളിൽ സവിശേഷമായി വളരുന്ന സ്റ്റേറ്റ് സ്പോൻസർ ചെയ്യുന്ന ഇസ്‌ലാമോഫോബിയയെയും, ഭരണകൂട വേട്ടകളെയും നേരിടുന്നതിന്റെ ഭാഗമായാണ് മുസ്‌ലിംകളുടെ രാഷ്ട്രീയവൽക്കരണവും ആക്റ്റിവിസങ്ങളും കൂടുതൽ വിപുലീകരിക്കപ്പെട്ടത്. അത്കൊണ്ട് തന്നെ പ്രത്യക്ഷത്തിലുള്ള മുസ്‌ലിം വിരുദ്ധതകളെ നേരിടുന്ന പൊതു പ്രവർത്തന സംസ്കാരം മുസ്‌ലിംകളുടെ രാഷ്ട്രീയവൽക്കരണങ്ങളുടെ വളർച്ചയിൽ പ്രാധാന ഘടകമാണ്. എന്നാൽ കൗണ്ടർ ടെററിസത്തിന്റെ (CVE-Countering Violent Extremism) തന്നെ ഭാഗമായ ആരോഗ്യ മനഃശാസ്ത്ര സംവിധാനങ്ങളിലെ ഇസ്‌ലാമോഫോബിയ സ്ഥാപനവൽകൃതമായി തന്നെ യുകെ പോലുള്ള രാഷ്ട്രങ്ങളിൽ തുടരുന്നുണ്ട്. ഇത് മുസ്ലിങ്ങളുടെ രാഷ്ട്രീയമായ അഭിലാഷങ്ങളെയും ഇടപെടൽ ബോധത്തെയും നിയന്ത്രിക്കാൻ പര്യാപ്തമായ പദ്ധതികൂടിയാണ് എന്നതാണ് യാഥാർഥ്യം.

യുകെയുടെ കൗണ്ടർ ടെററിസം സ്ട്രാറ്റജികളിൽ (CVE) ഏറ്റവും പ്രധാനപ്പെട്ടതാണ് “പ്രതിരോധം”( prevent terrorism )മാനസികമായും, ഭൗതികമായും. ദുർബലരായ മനുഷ്യരെ തീവ്രവാദി ആക്കുന്നതിൽ നിന്ന് തടയുക എന്ന നയമാണ് അതിലൂടെ മുന്നോട്ട് വെക്കപ്പെട്ടത്. ഏതൊരാളിലും തീവ്രതയുടെ പ്രകടമായ അടയാളങ്ങളും സൂചനകളും കാണാമെന്നും അത് കണ്ടാൽ  പൊതുരംഗത്തും ആരോഗ്യ-മനഃശാസ്ത്ര രംഗത്തും പ്രവർത്തിക്കുന്ന ആളുകൾക്ക് അതിനെ പരിചരിക്കാനുള്ള ഇടപെടലുകൾ ആകാമെന്നുമുള്ള അനുവാദം ഈ നയം നൽകുന്നു. പൂർണമായും വംശീയവും ഇസ്‌ലാമോഫോബിക്കുമായ ഒരു നയമാണ് അതെന്ന വിമർശനമാണ് താരിഖ് യൂനുസ് നടത്തിയിട്ടിട്ടുള്ളത്. സംശയത്തിന്റെ ആനുകൂല്യത്തിൽ ഒരു ശരാശരി മുസ്‌ലിമിന്റെ ഏതൊരു ചലനത്തേയും പെരുമാറ്റത്തെയും നിരീക്ഷിക്കാൻ നിയമപരമായ അനുവാദം ദേശസുരക്ഷയുടെ പേരിൽ പൗരന്മാർക്ക് തന്നെ നൽകുന്നതിലൂടെ ഇസ്‌ലാഫോബിയ നിയമസാധുത നൽകപ്പെട്ട ഒരു പൊതു പ്രവർത്തനമായി മാറിത്തീരുകയാണ്.തീവ്രവാദത്തെ തടയാനുള്ള ഈ പദ്ധതി ഇസ്‌ലാമിസ്റ്റ് തീവ്രവാദികളുടെ സാന്നിധ്യം ഉള്ളയിടങ്ങളിൽ നടപ്പിലാക്കുക എന്നതിൽ നിന്ന് വളരുകയും മുസ്‌ലിംകൾ കൂടുതലായി താമസിക്കുന്ന മേഖലകളിൽ വ്യാപിപ്പിക്കപ്പെടുകയും ചെയ്തു. ഒരു മുസ്‌ലിമിനെ എങ്ങനെ മനസിലാക്കണം എന്ന കാര്യത്തിൽ ഒരു വ്യക്തിയുടെ സഹജമായ വിചാരങ്ങളെ സ്വാധീനിക്കുകയും, ആ വിചാരങ്ങളെ വംശീയവൽക്കരിക്കുകയും, ദേശീയ മൂല്യങ്ങളായി അതിനെ പഠിപ്പിക്കുകയും പരിചയപ്പെടുത്തുകയും ചെയ്യുന്നു. സംശയത്തോടെ നോക്കാൻ ശീലിപ്പിക്കുന്നു. ആരോഗ്യ പ്രവർത്തകർ, പൊതു പ്രവർത്തകർ, അധ്യാപകർ, വിദ്യാർത്ഥികൾ എന്ന് തുടങ്ങി എല്ലാവരിലും ഇത് നിയമപരമായ ചുമതലയായി മാറുന്നു. ഒരു വ്യക്തിക്ക് ഒരു മുസ്‌ലിമിനെക്കുറിച്ചുള്ള സ്വാഭാവിക വീക്ഷണത്തിനും, ബോധ്യങ്ങൾക്കും മുൻവിധികൾക്കും നിയമാനുസൃത അംഗീകാരവും ചുമതലയും നൽകുക എന്ന മാറ്റമാണ് കൗണ്ടർ ടെററിസം സ്ട്രാറ്റജികൾ കൊണ്ടുവന്നിട്ടുള്ളത്.

കോളോണിയൽ വിരുദ്ധതയോടുള്ള പ്രതിവിപ്ലവ തന്ത്രം എന്ന നിലയിൽ ‘മതഭ്രാന്ത്‌ ‘എന്ന ആഖ്യാനം ശക്തമായി ലോകത്ത് നിലനിന്നിരുന്നു. കോളോണിയലിസത്തെ എതിർത്തിരുന്ന മുസ്‌ലിം പാരമ്പര്യങ്ങളെ ‘മതഭ്രാന്ത്‌ ‘ എന്ന ആഖ്യാനത്തിൽ തളച്ചിട്ടിരുന്നതിന്ന് സമാനമായ യുക്തിയെ പിന്തുടർന്നുകൊണ്ടാണ് ഇന്നത്തെ തീവ്രവാദ വിരുദ്ധ പദ്ധതികളും മുന്നോട്ടു പോകുന്നത് എന്ന് താരിഖ് യൂനുസ് വ്യക്തമാക്കുന്നുണ്ട്.ആഗോള തലത്തിൽ,പ്രത്യേകിച്ച് യൂറോ അമേരിക്കൻ രാഷ്ട്രങ്ങളിൽ ഇന്ന് നടക്കുന്ന തീവ്രവാദ വിരുദ്ധ പ്രതിവിപ്ലവ തന്ത്രങ്ങൾ (Counter- Insurgency strategies ) മുസ്‌ലിംകളെ നിരന്തരം നിയന്ത്രിക്കാനും ക്രമീകരിക്കാനും നിരീക്ഷണത്തിൽ കൊണ്ടുവരാനും വേണ്ടിയാണ് വലിയതോതിൽ നടപ്പിലാക്കപ്പെടുന്നത്.മുസ്‌ലിംകളെ ഉപദ്രവകരമയെ പെരുമാറ്റങ്ങൾ ഉണ്ടാക്കുന്ന പ്രവണതകളിൽ നിന്നും നേരത്തെ തന്നെ കണ്ടെത്തി തടയുക എന്ന പ്രവർത്തനമാണിത്. കുറ്റകൃത്യത്തിന് മുമ്പുള്ള പ്രതിരോധ തന്ത്രം എന്ന നിലയിൽ ആണ് അത് ആവിഷ്ക്കരിക്കപ്പെടുന്നത്. ഭാവിയിൽ ഇവർ ചെയ്യാൻ സാധ്യതയുള്ള ആക്രമണങ്ങളെ നേരത്തെ കണ്ടെത്തി പ്രതിരോധിക്കുക എന്ന മനഃശാസ്ത്രപരമായ സമീപനം ഈ പദ്ധതികളുടെ ഭാഗമായി വ്യവസ്ഥാപിതമായി നടപ്പിലാക്കപ്പെടുന്നു. സംശയാസ്പദമായ ശരീരങ്ങൾ ,സംശയാസ്പദമായ മാനസികാരോഗ്യം കാത്തു സൂക്ഷിക്കുന്നവർ എന്നിങ്ങനെ തുടങ്ങിയ മുസ്‌ലിംകളെക്കുറിച്ചുള്ള കാഴ്ചപ്പാട് വെച്ചുപുലർത്തുകയും അതിന്റെ തന്നെ തുടർച്ചയായി സംശയാസ്‌പദമായ പൗരത്വം എന്ന നിർണയത്തിലേക്ക് മുസ്‌ലിംകളുടെ കാര്യത്തിൽ എത്തിച്ചേരുകയും ചെയ്യുക എന്നത് 9/11 ന് ശേഷം കൂടുതൽ ശക്തിപ്രാപിച്ചിട്ടുണ്ട്. മുസ്‌ലിംകളെ സംബന്ധിച്ച് ശക്തിപ്പെട്ട ഈ വ്യവഹാരത്തെ ദേശസുരക്ഷയുടെ തലത്തിലേക്ക് ഉയർത്തുന്ന പ്രക്രിയയാണ് സുരക്ഷവൽക്കരണം (securitization ). ഇതിനെ വിശദീകരിച്ചുകൊണ്ട് താരിഖ് യൂനുസ് വ്യക്തമാക്കുന്നത് ഇങ്ങനെയാണ്.

“മുസ്‌ലിംകൾക്ക് പശ്ചാത്യ മതേതര ലിബറൽ മൂല്യങ്ങളിലേക്ക് ഉൾചേരാൻ സാധിക്കുമോ ഇല്ലയോ എന്നത് പശ്ചാത്യൻ ലോകത്ത് തന്നെ ഏറെക്കാലമായി നടക്കുന്ന സംവാദമായിരുന്നു.ഈ സംവാദങ്ങൾ ലളിതമായ തീർപ്പുകളിലേക്കാണ് എത്തിചേരുന്നത്. ഒന്നുകിൽ മുസ്‌ലിംകൾ പശ്ചാത്യൻ മതേതര ലിബറിൽ മൂല്യങ്ങളിലേക്ക് ലയിച്ചു ചേരുക, അല്ലെങ്കിൽ അവരുടെ ഉത്‌ഭവ രാഷട്രങ്ങളിലേക്ക് മടങ്ങിപ്പോകുക. എന്നാൽ 9/11 ന് ശേഷം അതിന് ഉണ്ടായ മാറ്റം ഇങ്ങനെയാണ്. പശ്ചാത്യൻ മതേതര ലിബറൽ മൂല്യങ്ങളിലേക്ക് നിങ്ങൾ ലയിച്ചുചേരുക, അല്ലെങ്കിൽ നിങ്ങൾ സ്വയം തന്നെ രാജ്യത്തിന്റെ ഒരു സുരക്ഷ ഭീഷണിയായി  പ്രത്യക്ഷപ്പെടുക”. ഈ രീതിയിൽ സുരക്ഷ ഭീഷണിയായി മുസ്‌ലിംകളെ സവിശേഷമായി അടയാളപ്പെടുത്തുന്ന പ്രക്രിയ പ്രാഥമികമായി നടക്കുന്നത് സ്കൂൾ കരിക്കുലത്തിൽ ആണ്. ബ്രിട്ടനിൽ സ്കൂൾ കരിക്കുലത്തിൽ തീവ്രവാദ പ്രതിരോധം ബ്രിട്ടന്റെ അടിസ്ഥാന മൂല്യമായി പഠിപ്പിക്കപ്പെടുന്നുണ്ട്..മുസ്‌ലിംകൾ ദേശീയ പൗരന്മാരായി സ്വയം അടയാളപ്പെടുത്തുകയും ദേശീയ മൂല്യങ്ങൾ പ്രകടമായി തന്നെ പങ്കുവെക്കുകയും ചെയ്യുകയാണ് എങ്കിൽ അവർ ഭീകരവൽക്കരിക്കപ്പെടാനുള്ള സാധ്യത വളരെ കുറവാണ് എന്നും, അവർ അതിലേക്ക് പെട്ടെന്ന് വഴുതി വീഴില്ല എന്നുമാണ് ബ്രിട്ടന്റെ സ്കൂൾ കരിക്കുലത്തിന്റെ ഭാഗമായി തന്നെ മുന്നോട്ടു വെക്കപ്പെടുന്നത്. രണ്ടാമതായി ‘സുരക്ഷവൽക്കരണം’ നിലകൊള്ളുന്നത് ആരോഗ്യ-മനഃശാസ്ത്ര സംവിധാനങ്ങളിലാണ്. ഭീകവാദത്തിന് വിധേയരായവർ ഏതെങ്കിലും അർത്ഥത്തിൽ മാനസികമായി ദുർബലരാണ് എന്ന അടിസ്ഥാന കാഴ്ചപ്പാടാണ് മനഃശാസ്ത്ര രംഗത്ത് സുരക്ഷവൽക്കരണത്തിന്റെ (Securitization ) ഭാഗമായി നിലനിൽക്കുന്നത്. ദേശസുരക്ഷക്ക് ഭീഷണി എന്ന ഗണത്തിൽ നിന്ന് തീവ്ര വലതുപക്ഷ സ്വഭാവമുള്ള കാഴ്ചപ്പാടുകൾ പ്രകടമാക്കുന്ന വ്യക്തികളും ഗ്രൂപ്പുകളും, തീവ്ര പുരുഷമേധാവിത്വ -സ്ത്രീവിരുദ്ധ കാഴ്ചപ്പാടുകൾ പ്രകടമാക്കുന്ന വ്യക്തികളും ഗ്രൂപ്പുകളും ഒഴിവാക്കപെടുകയും ഇസ്‌ലാം -മുസ്‌ലിം എന്ന ഒന്നിലേക്ക് ചുരുങ്ങുകയും ചെയ്തു. ഈ ചുരുങ്ങലിന് പിന്നിൽ കൗണ്ടർ വയലന്റ് എക്സ്ട്രീമിസം പ്രൊജക്‌ടുകളുമായി (CVE) സാഹകരിച്ചു പ്രവർത്തിക്കുന്ന ആരോഗ്യ-മനഃശാസ്ത്ര സംവിധാനങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ട് എന്നാണ് താരിഖ്‌ യൂനുസിന്റെ നിഗമനം. തീവ്രവാദത്തിലേക്ക്  (radicalization ) ഒരാൾ വഴുതി വീഴുന്നു എന്ന് ബ്രിട്ടനിലെ ഒരു ആരോഗ്യ-സ്ഥാപനം അവരുടെ തന്നെ അളവുകോൽ ഉപയോഗിച്ച് നിർണയിക്കുകയും കണ്ടെത്തുകയും ചെയ്യുന്നു. അങ്ങനെ നിഗമനത്തിൽ കണ്ടെത്തപ്പെടുന്നവരുടെ വിവരങ്ങൾ തീവ്രവാദ വിരുദ്ധ പദ്ധതിയുടെ ഭാഗമായ സ്റ്റേറ്റ് പ്രൊജക്റ്റിലേക്ക് റിപ്പോർട്ട്‌ ചെയ്യുന്നു. മുസ്‌ലിം ആയ ഒരു വ്യക്തി ഒരു മാനസികാരോഗ്യ വിദഗ്‌ദനെ സന്ദർശിച്ചാൽ അദ്ദേഹത്തിൽ തീവ്രവാദത്തിലേക്ക് വഴുതി വീഴുന്ന അടയാളങ്ങൾ ഉണ്ടോ എന്ന് കണ്ടെത്താനുള്ള മാർഗങ്ങൾ മാനസികാരോഗ്യ വിദഗ്ധൻ പ്രത്യക്ഷമായോ പരോക്ഷമായോ പ്രയോഗിക്കും. മുസ്‌ലിമിനെകുറിച്ചുള്ള വംശീയവും സാംസ്‌കാരികവുമായ മുൻവിധി ആ വ്യക്തിയിൽ ഉണ്ടെങ്കിൽ മാനസികാരോഗ്യ സംവിധാനങ്ങൾക്ക് യോജിക്കാത്ത അശാസ്ത്രീയ രീതികൾ പോലും ചിലപ്പോൾ  അവലംബമാക്കിയെന്ന് വരും.ഇതിൽ ഏറ്റവും അപകടകരമായത് എന്ന് താരിഖ്‌ യൂനുസ് ചൂണ്ടികാണിക്കുന്നത് ഒരു മുസ്‌ലിം മാനസികാരോഗ്യ സംവിധാനത്തെ സമീപിച്ചാൽ തീവ്രവാദത്തിലേക്ക് അയാൾ വഴുതി വീഴുന്നുണ്ടോ എന്ന പരിശോധന പ്രത്യക്ഷമായോ പരോക്ഷമായോ നടക്കുന്നുണ്ട് എന്നതാണ്. അത്പോലെ തന്നെ ദേശീയ ആരോഗ്യ സംവിധാനങ്ങളും പോലീസും തമ്മിലുള്ള ബന്ധങ്ങളും ഒരുമിച്ചുള്ള പ്രവർത്തനങ്ങളും ഇതിന്റെ അപകട സ്വഭാവം വർധിപ്പിക്കുന്നു. തീവ്രവാദത്തിലേക്ക് വഴുതി വീഴുന്നു എന്ന നിഗമനത്തിൽ ആരോഗ്യ സേവന സംവിധാനങ്ങൾ പോലീസിലേക്ക് റിപ്പോർട്ട് ചെയ്യുന്നതും പോലീസ് തിരിച്ചു മാനസിക ആരോഗ്യ സംവിധാനങ്ങൾക്ക് കൈമാറുന്നതുമായ ആളുകളിൽ അധികവും മുസ്‌ലിം യുവാക്കൾ ആണ് എന്നതും താരിഖ്‌ യൂനുസ് ചൂണ്ടികാണിക്കുന്നുണ്ട്. ഏതെങ്കിലുമൊരു മാനസികാരോഗ്യ സംവിധാനത്തിന് മുമ്പിൽ മുസ്‌ലിംകൾ തങ്ങളുടെ മാനസിക നിലകൾ പങ്കുവെക്കാൻ സാധിക്കാത്ത വിധം അല്ലെങ്കിൽ അതിന് മടിക്കുന്ന വിധം ഈ സംവിധാനങ്ങൾ വംശീയമായ മുൻവിധിയോടെ പ്രവർത്തിക്കുന്നുവെന്നതാണ് ഗുരുതരമായ പ്രശ്നമെന്ന് താരിഖ്‌ യൂനുസ് വ്യക്തമാക്കുന്നുണ്ട്.

രാഷ്ട്രീയവൽക്കരിക്കപെടുകയും വംശീയവൽക്കരിക്കപ്പെടുകയും ചെയ്തിട്ടുള്ള ആരോഗ്യ മനഃശാസ്ത്ര സംവിധാനങ്ങളും സംരംഭങ്ങളും ദേശസുരക്ഷ വ്യവഹാരങ്ങൾക്കും രാഷ്ട്രീയ അധികാരഘടനകൾക്കും സംരക്ഷണ കവചം ഒരുക്കിക്കൊണ്ടിരിക്കുകയാണ്. രാഷ്ട്രസുരക്ഷക്ക് ഭീഷണിയായ മുസ്‌ലിം തീവ്രവാദിയെ ഭൂതത്തിലും വാർത്തമാനത്തിലും നിർണയിച്ചുറപ്പിക്കാനും, ഭാവിയിലേക്കുള്ള അവന്റെ വളർച്ചയെ ഭയക്കുകയും ചെയ്യുന്ന, അതിനെതിരെയുള്ള പൊതു പ്രവർത്തനം വർത്തമാനത്തിൽ തന്നെ നിർവഹിക്കുന്ന പൗര സമൂഹത്തിന്റെ വളർച്ചയെ ഉറപ്പുവരുത്താനും കൗണ്ടർ എക്സ്ട്രീമിസം പ്രൊജക്റ്റുകൾക്ക് സാധിക്കുന്നുണ്ട് എന്ന് താരിഖ്‌ യൂനുസിന്റെ പുസ്തകത്തിൽ നിന്ന് വായിച്ചെടുക്കാം. ഭാവിയിലെ വയലന്റ് ഭീകരവാദിയെ വാർത്തമാനത്തിൽ തന്നെ മനഃശാസ്ത്രപരമായി തിരിച്ചറിഞ്ഞുകൊണ്ട് അതിനെ നേരിടുന്ന പൊതുപ്രവർത്തന സംസ്കാരം ഭരണകൂടം നിയമപരമായി വളർത്തിയെടുക്കുകയാണ്. ബ്രിട്ടനിലെ മനഃശാസ്ത്ര വ്യവഹാരങ്ങളുടെ വംശീയ -രാഷ്ട്രീയ സ്വഭാവത്തെക്കുറിച്ച് താരിഖ്‌ യൂനുസ് നടത്തുന്ന വിമർശനാത്മക പഠനം 9/11 ന് ശേഷമുള്ള ലോകരാഷ്ട്രങ്ങളുടെ ഭീകരവിരുദ്ധപദ്ധതികളിലും പ്രതിഫലിക്കുന്ന കാര്യമാണ്. ഇന്ത്യയുടേത് അടക്കമുള്ള രാഷ്ട്രങ്ങളിലെ ഭീകരത -ദേശസുരക്ഷ വ്യവഹാരങ്ങളെ വിശകലനം ചെയ്യാൻ രീതിശാസ്ത്രപരമായ സാധ്യത ‘ദ മുസ്ലിം, സ്റ്റേറ്റ് ആൻഡ് മൈൻഡ്’ എന്ന താരിഖ്‌ യൂനുസിന്റെ പുസ്തകം തുറന്നു നൽകുന്നുണ്ട്.

 

ലദീദ ഫർസാന

സ്റ്റുഡന്റ് ലീഡർ
ജാമിഅ മില്ലിയ്യ, ഡൽഹി