Campus Alive

ഭൂരിപക്ഷവും ന്യൂനപക്ഷവും: നിര്‍വ്വചനത്തിലെ സങ്കീര്‍ണ്ണതകള്‍

അര്‍ജുന്‍ അപ്പാദുരെയുടെ Fear of small numbers എന്ന പുസ്തകത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് എന്റെ സംസാരം തുടങ്ങാനാണ് ഞാനുദ്ദേശിക്കുന്നത്. വളരെ ലളിതമായ ചോദ്യമാണ് അപ്പാദുരെ ചോദിക്കുന്നത്: എന്തുകൊണ്ടാണ് സമൂഹങ്ങള്‍ ചെറിയ അക്കങ്ങളെ ഭയക്കുന്നത്? ഭൂരിപക്ഷം വരുന്ന സമൂഹങ്ങള്‍ക്ക് ഭയക്കാന്‍ മാത്രം എന്താണ് ഈ ചെറിയ നമ്പറുകള്‍ക്കുള്ളത്? അപ്പാദുരെ പറയുന്നത് അടിസ്ഥാനപരമായി ഭൂരിപക്ഷം ന്യൂനപക്ഷത്തെ ഇഷ്ടപ്പെടുന്നില്ല എന്നാണ്. കാരണം ഭൂരിപക്ഷത്തിന്റെ ശുദ്ധിയെക്കുറിച്ച (purity) സങ്കല്‍പ്പങ്ങള്‍ക്ക് ന്യൂനപക്ഷം ഭീഷണിയാണ്. വളരെയധികം പ്യൂരിറ്റന്‍ ആയ ഭൂരിപക്ഷം എന്ന ആശയത്തെ ന്യൂനപക്ഷം നിരന്തരമായി വെല്ലുവിളിക്കുന്നുണ്ട്.

ഏതര്‍ത്ഥത്തിലാണ് ന്യൂനക്ഷം ഭൂരിപക്ഷത്തിന്റെ പ്യൂരിറ്റിയെ വെല്ലുവിളിക്കുന്നത്? ഉാഹരണത്തിന് നിറയെ വെള്ളമുള്ള ഒരു ബക്കറ്റിലേക്ക് ഒരു ചെറിയ അളവിലുള്ള വിഷം ചേര്‍ത്താല്‍ തന്നെ ആ ബക്കറ്റിലെ വെള്ളം മലിനമാകും. അഥവാ, ഭൂരിപക്ഷത്തിന്റെ പ്യൂരിറ്റിയെ മലിനമാക്കാന്‍ അധികമാളുകളൊന്നും വേണ്ട എന്നര്‍ത്ഥം. അതേസമയം എന്റെ ചോദ്യമിതാണ്: എന്താണ് യഥാര്‍ത്ഥത്തില്‍ ന്യൂനപക്ഷത്തിന്റെ അടയാളം? എങ്ങനെയാണ് ന്യൂനപക്ഷത്തെ നമ്മള്‍ നിര്‍വ്വചിക്കുക? ന്യൂനപക്ഷം ഒരിക്കലും ഒരു ഐഡന്റിറ്റി എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നില്ല. അങ്ങനെയല്ല അത് നിലനില്‍ക്കുന്നത്. ന്യൂനപക്ഷം എന്ന പദം വളരെയധികം ആപേക്ഷികമാണ്. ന്യൂനപക്ഷം എന്ന ആശയത്തിലൂടെ നിങ്ങള്‍ക്കൊരിക്കലും അതിനെ നിര്‍വ്വചിക്കാന്‍ കഴിയില്ല. എനിക്കൊരിക്കലും ഇവിടെ നിന്ന് കൊണ്ട് ഞാന്‍ ന്യൂനപക്ഷമാണ് എന്ന് പറയാന്‍ കഴിയില്ല. എന്തുകൊണ്ടാണ് ഞാന്‍ ന്യൂനപക്ഷമാകുന്നത് എന്ന് നിര്‍വ്വചിക്കുന്ന ഇതര ഘടനകളെ പരിഗണിക്കാതെ എനിക്കതിന് സാധ്യമല്ല. ഇതാണ് യഥാര്‍ത്ഥത്തില്‍ ഭൂരിപക്ഷ-ന്യൂനപക്ഷ സംഘര്‍ഷത്തിന്റെ വേര് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

അക്കങ്ങളുടെ അടിസ്ഥാനത്തില്‍ ന്യൂനപക്ഷത്തെ മനസ്സിലാക്കുന്നതാണ് കൂടുതല്‍ എളുപ്പം. ന്യൂനപക്ഷവുമായി ബന്ധപ്പെട്ട് ഞാന്‍ മനസ്സിലാക്കുന്ന കാര്യങ്ങള്‍ ഇവയാണ്: 1) ഇതര സ്വത്വങ്ങളെപ്പോലെ ന്യൂനപക്ഷം സ്വയം നിര്‍ണ്ണയിക്കുന്നില്ല.2) ന്യൂനപക്ഷങ്ങളാണ് ഭൂരിപക്ഷങ്ങളെ നിര്‍മ്മിക്കുന്നത്. ഞാന്‍ മനസ്സിലാക്കുന്നത് ന്യൂനപക്ഷം എന്നതിന്റെ നിര്‍വ്വചനമല്ല യഥാര്‍ത്ഥ പ്രശ്‌നം എന്നാണ്. മറിച്ച്, ഭൂരിപക്ഷം എന്ന ആശയത്തിന്റെ നിര്‍വ്വചനമാണ്. നമുക്കൊരിക്കലും ന്യൂനപക്ഷം എന്ന ചോദ്യവുമായി എന്‍ഗേജ് ചെയ്യാതെ ഭൂരിപക്ഷത്തെ നിര്‍വ്വചിക്കുക സാധ്യമല്ല. അഥവാ, ന്യൂനപക്ഷത്തിന്റെ സാന്നിധ്യമില്ലാതെ ഭൂരിപക്ഷത്തെ മനസ്സിലാക്കാന്‍ കഴിയില്ല.

വിഭജിതമാക്കപ്പെട്ട ഒരുപാട് ന്യൂനപക്ഷങ്ങള്‍ ചേര്‍ന്നാണ് ഭൂരിപക്ഷം തന്നെയുണ്ടാകുന്നത്. ഉദാഹരണത്തിന് ഹിന്ദു ഭൂരിപക്ഷത്തെ എടുക്കുക. യഥാര്‍ത്ഥത്തില്‍ അതൊരു വിരോധാഭാസമാണ്. എന്താണത് എന്ന് എനിക്കറിയില്ല. നിരവധി ന്യൂനപക്ഷ സമുദായങ്ങള്‍ ചേര്‍ന്നാണ് ഭൂരിപക്ഷം എന്ന ആശയം ഉണ്ടാകുന്നത് എന്നാണ് ഞാന്‍ പറയുന്നത്. അപ്പോള്‍ വളരെ ഏകോന്‍മുഖമായ അര്‍ത്ഥത്തില്‍ ഹിന്ദു ഭൂരിപക്ഷം എന്ന് നിര്‍വ്വചിക്കുക അസാധ്യമാണ്. അതേസമയം ഭൂരിപക്ഷം എന്ന ആശയത്തിന് നിലനില്‍ക്കണമെങ്കില്‍ ഒരുപാട് ന്യൂനപക്ഷങ്ങള്‍ ചേര്‍ന്നതാണ് അതെന്ന യാഥാര്‍ത്ഥ്യത്തെ മറച്ചുവെക്കേണ്ടതുണ്ട്. അങ്ങനെ മാത്രമേ ഭൂരിപക്ഷത്തിന് നിലനില്‍ക്കാന്‍ കഴിയുകയുള്ളൂ. അങ്ങനെ വരുമ്പോള്‍ തീര്‍ച്ചയായും ന്യൂനപക്ഷം എന്ന ആശയം നിര്‍മ്മിതമാണ്.

എന്റെ ചോദ്യമിതാണ്: ന്യൂനപക്ഷം എന്ന ആശയത്തെ നിര്‍മ്മിക്കാതെ തന്നെ ഭൂരിപക്ഷത്തെ നിര്‍വ്വചിക്കുക സാധ്യമാണോ? ഞാന്‍ നേരത്തെ സൂചിപ്പിച്ചത് പോലെ തന്നെ ഭൂരിപക്ഷത്തിന്റെ നിലനില്‍പ്പ് സാധ്യമാകുന്നത് നിരന്തരമായി ന്യൂനപക്ഷം എന്ന ആശയത്തെ നിര്‍മ്മിക്കുന്നതിലൂടെയാണ്. അഥവാ, ന്യൂനപക്ഷം നിര്‍മ്മിക്കപ്പെടുന്നത് തന്നെ ഭൂരിപക്ഷത്തെ നിര്‍മ്മിക്കാന്‍ വേണ്ടിയാണ്. ഭൂരിപക്ഷത്തെക്കുറിച്ച വ്യവഹാരങ്ങളെല്ലാം തന്നെ അങ്ങനെയാണ് പ്രവര്‍ത്തിക്കപ്പെടുന്നത്. പത്മാവതി എന്ന സിനിമ നിങ്ങള്‍ ഒരുപക്ഷേ കണ്ടിട്ടുണ്ടാകും. എങ്ങനെയാണ് ആ സിനിമ ന്യൂനപക്ഷം എന്ന ആശയത്തെ നിര്‍മ്മിക്കുന്നത് എന്നതാണ് ചോദ്യം. അലാവുദ്ദീന്‍ ഖില്‍ജിയെ അവതരിപ്പിക്കുന്നതിലൂടെ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സമുദായത്തെ ഒരു പ്രത്യേക രീതിയില്‍ നിര്‍മ്മിക്കുകയാണ് സിനിമ ചെയ്യുന്നത്. ഈ സിനിമക്കെതിരെ പ്രതിഷേധിച്ചവരാരും തന്നെ ഈ പ്രശ്‌നത്തെ അഭിമുഖീകരിച്ചിട്ടില്ല. സിനിമയില്‍ രാജയും അലാവുദ്ദീന്‍ ഖില്‍ജിയുമുണ്ട്. രാജക്ക് നിലനില്‍ക്കണമെങ്കില്‍ ഖില്‍ജിയുടെ നിലനില്‍പ്പ് അനിവാര്യമാണ്. ഖില്‍ജിയില്ലാതെ രാജയില്ല. അഥവാ, ഖില്‍ജി എന്ന റിലേഷനെ മുന്‍നിര്‍ത്തിയാണ് രാജ കുലീനമായ ഒരു ജീവിതത്തെ അലങ്കരിക്കുന്നത്. എങ്ങനെയാണ് ന്യൂനപക്ഷം\ഭൂരിപക്ഷം എന്നത് നിര്‍മ്മിക്കപ്പെടുന്നത് എന്നത് സിനിമയില്‍ വളരെ വ്യക്തമാണ്. എങ്ങനെയാണ് ന്യൂനപക്ഷം നിര്‍മ്മിക്കപ്പെടുന്നത് എന്നും എന്തെല്ലാം ഘടനകളാണ് അതിനായി ഉപയോഗിക്കപ്പെടുന്നത് എന്നുമാണ് സിനിമ കാണിക്കുന്നത്.

ന്യൂനപക്ഷം നിര്‍മ്മിക്കപ്പെടാന്‍ ഒരുപാട് പേരൊന്നും വേണ്ടതില്ല. മറിച്ച്, ഒരാള്‍ മാത്രം മതി. അപ്പാദുരെ അതിനെക്കുറിച്ചാണ് എഴുതുന്നത്. എന്നാല്‍ പ്യൂരിറ്റിയുടെ അടിസ്ഥാനത്തിലാണ് ന്യൂനപക്ഷം ഉയര്‍ത്തുന്ന ഭീഷണിയെ അപ്പാദുരെ അടയാളപ്പെടുത്തുന്നത്. ഇന്ത്യയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ഡൈനാമിസം അതിലേറെ സങ്കീര്‍ണ്ണമാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

ന്യൂനപക്ഷത്തെ ഒരിക്കലും എണ്ണം എന്ന നിലക്ക് മനസ്സിലാക്കാന്‍ കഴിയില്ല. കാരണം ന്യൂനപക്ഷത്തിന്റെയും ഭൂരിപക്ഷത്തിന്റെയും ഇടയില്‍ പൊതുവായ പല ഘടകങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ടാണ് എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ന്യൂനപക്ഷം എന്ന ആശയത്തെ മനസ്സിലാക്കുന്നതില്‍ പരിമിതിയുണ്ടെന്ന് ഞാന്‍ പറയുന്നത്. കാരണം എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ മനസ്സിലാക്കപ്പെടുമ്പോള്‍ വളരെ അടിസ്ഥാനപരമായ വ്യത്യാസങ്ങളെ അവഗണിച്ചു കൊണ്ട് പൊതുവായതിനെക്കുറിച്ച് സംസാരിക്കേണ്ടി വരും. ഹിന്ദു ഭൂരിപക്ഷം എന്ന ആശയത്തിന്റെ നിര്‍മ്മാണത്തില്‍ അതാണ് സംഭവിച്ചത്. വളരെയധികം individual ആയ നിരവധി സമുദായങ്ങളാണ് ഹിന്ദു എന്ന ഏകോന്‍മുഖമായ ഒരു ആശയത്തിന്റെ കീഴില്‍ മനസ്സിലാക്കപ്പെടുന്നത്. എങ്ങനെയാണ് വളരെ ബഹുസ്വരമായ സംസ്‌കാരങ്ങളെ വളരെ നിര്‍ണ്ണിതമായ കാറ്റഗറിഗള്‍ക്കുള്ളില്‍ അടയാളപ്പെടുത്താന്‍ കഴിയുന്നത്? എന്തുകൊണ്ടാണ് ആളുകള്‍ ന്യൂനപക്ഷം എന്ന ആശയത്തെക്കുറിച്ച് അതിന്റെ സങ്കീര്‍ണ്ണതകളെ പരിഗണിക്കാതെ സംസാരിക്കുന്നത്? ന്യൂനപക്ഷം\ഭൂരിപക്ഷം എന്ന കാറ്റഗറികളെ തള്ളിക്കളയുകയാണ് വേണ്ടത് എന്നാണ് എന്റെ പക്ഷം. എന്തടിസ്ഥാനത്തിലാണ് ന്യൂനപക്ഷം, ഭൂരിപക്ഷം എന്ന കാറ്റഗറികള്‍ നിര്‍മ്മിക്കപ്പെടുന്നത് എന്ന ചോദ്യമാണ് യഥാര്‍ത്ഥത്തില്‍ നാം ഉന്നയിക്കേണ്ടത്. എന്നെ സംബന്ധിച്ചിടത്തോളം ന്യൂനപക്ഷത്തെ ശക്തിപ്പെടുത്തുക എന്നതല്ല, മറിച്ച് ഭൂരിപക്ഷം എന്ന ആശയത്തെ പൊളിക്കുക എന്നതാണ് ഏറെ പ്രധാനപ്പെട്ട കാര്യം. ഉദാഹരണത്തിന്, ഞാന്‍ നേരത്തെ സൂചിപ്പിച്ചത് പോലെ ഹിന്ദു ഭൂരിപക്ഷത്തിന് നിലനില്‍പ്പ് സാധ്യമാകുന്നത് മുസ്‌ലിം ന്യൂനപക്ഷം എന്ന ആശയത്തെ നിര്‍മ്മിക്കുന്നതിലൂടെയാണ്. ഇവിടെ ഹിന്ദു ഭൂരിപക്ഷം എന്ന ആശയത്തെ തന്നെ ചോദ്യം ചെയ്യുകയും വെല്ലുവിളിക്കുകയും ചെയ്യുക എന്നതാണ് പ്രധാനം എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍  എം.എസ്.എഫ് നടത്തിയ സി.എച്ച് മുഹമ്മദ് കോയ  അനുസ്മരണ  സദസ്സില്‍ സറൂക്കായ് നടത്തിയ പ്രഭാഷണത്തിന്റെ സംഗ്രഹരൂപം

സുന്ദര്‍ സറൂക്കായ്