Campus Alive

ഇബ്‌നുഅറബിയും സിഗ്മണ്ട് ഫ്രോയിഡും: ദൈവിക നൈതികതയെക്കുറിച്ച ആലോചനകള്‍

എത്ര വലിയ വിപ്ലവ ചിന്തകര്‍ക്കിടയിലും നിങ്ങള്‍ക്ക് സാമ്യതകള്‍ കണ്ടെത്താനാകും. സിഗ്മണ്ട് ഫ്രോയിഡും അതില്‍ നിന്ന് ഒഴിവായിരുന്നില്ല. ക്ലാസിക്കല്‍ ഇസ്‌ലാമിക ചിന്തകരില്‍ നിന്നുള്ള ആശയങ്ങള്‍ ഫ്രോയിഡിന്റെ ചിന്തകളില്‍ അറബികള്‍ കണ്ടെത്തിയിട്ടുണ്ട്. 1940-50 കളില്‍ ഫ്രോയിഡിന്റെ രചനകള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടപ്പോള്‍ ഇബ്‌നുഅറബിയുടെ സ്വാധീനം അദ്ദേഹത്തില്‍ കണ്ടെടുക്കുകയുണ്ടായി.

റോമന്‍ ഭരണത്തിന് കീഴില്‍ ഈജിപ്ത് പ്രധാനപ്പെട്ട ഒരു പഠനകേന്ദ്രവും അലക്‌സാണ്ട്രിയ, ഏഥന്‍സ്, റോം തുടങ്ങിയ സാമ്രാജ്യങ്ങളെല്ലാം പരസ്പരം പങ്കുവെച്ചിരുന്ന ക്ലാസിക്കല്‍ ബൗദ്ധിക ലോകത്തിന്റെ ഭാഗവുമായിരുന്നു. ഗ്രീക്ക് ഫിലോസഫി (പ്രത്യേകിച്ചും പ്ലാറ്റോ, അരിസ്‌റ്റോട്ടില്‍ എന്നിവരുടെ രചനകള്‍) വ്യാപകമായി അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിരുന്ന കാലമായിരുന്നു അത്. ഹെലെനിക് ഫിലോസഫിയുടെ സജീവതയിലേക്കാണ് അത് നയിച്ചത്. ഈജിപ്ഷ്യന്‍ തിരക്കഥാകൃത്തും നോവലിസ്റ്റുമായിരുന്ന തൗഫീഖ് അല്‍ ഹകീം പറയുന്നത് ഗ്രീക്ക് ആശയങ്ങള്‍ ഇസ്‌ലാമിക ഫിലോസഫിയിലേക്ക് ധാരാളമായി കടന്നുവന്നിട്ടുണ്ട് എന്നാണ്. മാത്രമല്ല, ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ഫ്രോയിഡിനെ വിവര്‍ത്തനം ചെയ്യുമ്പോള്‍ അറബ് ബുദ്ധിജീവികള്‍ മിസ്റ്റിക്കലായ ഇസ്‌ലാമിക പദാവലികള്‍ കണ്ടെടുത്തിട്ടുണ്ട് എന്നും ഹക്കീം എഴുതുന്നുണ്ട്.

1945 ന്റെ തുടക്കത്തില്‍ അക്കാദമിക മനശ്ശാസ്ത്രജ്ഞനും ഫ്രോയിഡിയന്‍ സൈക്കോ അനലിറ്റിക്ക് പാരമ്പര്യത്തെക്കുറിച്ച് ധാരാളമായി എഴുതുകയും ചെയ്തിട്ടുള്ള യൂസുഫ് മുറാദ് സൈക്കോളജിയിലും സൈക്കോഅനാലിസിസിലുമുള്ള ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മ്മന്‍ പദങ്ങളുടെ അറബിക് നിഘണ്ടു തയ്യാറാക്കുകയുണ്ടായി. അതില്‍ ഫ്രോയിഡിന്റെ unconscious എന്ന ആശയം പ്രത്യേകം ശ്രദ്ധിക്കപ്പെടുകയുണ്ടായി. കാരണം ഇബ്‌നുഅറബിയുടെ അല്ലാ ശുഊര്‍ (al-la-shu’ur) എന്ന ആശയത്തോട് അതിന് സാമ്യതയുണ്ട്. The Bezels of Wisdom എന്ന ഗ്രന്ഥത്തില്‍ ഇബ്‌നു അറബി അതിനെക്കുറിച്ച് എഴുതുന്നുണ്ട്. തീര്‍ച്ചയായും ഇബ്‌നുഅറബിയുടെ നിഗൂഢവും കവിതാത്മകവുമായ രചനകള്‍ അറബ് ഫ്രോയിഡിയന്‍മാരെ സ്വാധീനിച്ചിട്ടുണ്ട്. മുകളില്‍ സൂചിപ്പിച്ച പുസ്തകത്തില്‍ ഇബ്‌നുഅറബി ഇബ്രാഹീം (അ) ന്റെ കഥ വിവരിക്കുന്നുണ്ട്. ഇബ്രാഹീം (അ) നോട് സ്വപ്‌നത്തില്‍ അല്ലാഹു മകനെ അറുക്കണമെന്ന് ആവശ്യപ്പെട്ട സംഭവത്തെ ഇബ്‌നു അറബി വിശദീകരിക്കുന്നതിങ്ങനെയാണ്: ‘ ഉറക്കവും സ്വപ്‌നങ്ങളുമെല്ലാം ഭാവനയുടെ ലോകത്താണ് (ഹദ്‌റത്ത് അല്‍-ഖയാല്‍) സംഭവിക്കുന്നത്. അതിനാല്‍ തന്നെ അവ അനന്തമായ വ്യാഖ്യാനസാധ്യതയുള്ളവയാണ്. അല്ലാഹു ഇബ്രാഹീം (അ) നോട് പറഞ്ഞതിതാണ്: ‘നീയൊരു ദര്‍ശനത്തില്‍ (സ്വപ്‌നത്തില്‍) വിശ്വസിച്ചു’. ഇബ്‌നു അറബി പറയുന്നത് സ്വപ്‌നത്തില്‍ വിശ്വസിച്ചു എന്നതാണ് ഇബ്‌റാഹീം (അ) ന് പറ്റിയ അബന്ധം എന്നാണ്. സ്വപ്‌നത്തെ അങ്ങനെത്തന്നെ എടുക്കുന്നതിന് പകരം അതിനെ വ്യാഖ്യാനിക്കാമായിരുന്നു എന്നതാണ് ഇബ്‌നുഅറബിയുടെ പക്ഷം. താന്‍ കണ്ടതിനെക്കുറിച്ച അറിവില്ലാത്തത്  (unconscious-ലാ യശൂര്‍) കൊണ്ടാണ് ഇബ്രാഹീം (അ) അതിന്റെ വ്യാഖ്യാനസാധ്യതയെ അന്വേഷിക്കാതിരുന്നത്. ഇബ്‌നു അറബി എഴുതുന്നു: ‘ അല്ലാഹു ഒന്നിനെക്കുറിച്ചും അറിവില്ലാത്തവനല്ല. എന്നാല്‍ അടിമ അടിസ്ഥാനപരമായി സ്വബോധമില്ലാത്തവനാണ് (unknowing). ഫ്രോയിഡിന്റെ അറബ് വ്യാഖ്യാതാക്കളെല്ലാം ഇബ്‌നുഅറബിയുടെ unknowing എന്ന ആശയം സൂചിപ്പിക്കുന്നത് മനുഷ്യനിലുള്ള സ്ഥിരമായ അബോധാവസ്ഥയെയാണ് (unconscious) എന്ന് സൂചിപ്പിച്ചിട്ടുണ്ട്.

ഇബ്രാഹീം (അ) ന്റെയും മകന്റെയും കഥക്ക് ഫ്രോയിഡിയന്‍ സങ്കല്‍പ്പങ്ങളുമായി ധാരാളം സാമ്യതകള്‍ കണ്ടെത്താന്‍ കഴിയും. കാരണം ആ കഥ മുന്നോട്ടുവെക്കുന്നത് സ്വപ്‌നവ്യാഖ്യാനത്തിന്റെ അനിവാര്യതയെയാണ്. അറബ് മുസ്‌ലിം സംസ്‌കാരങ്ങളില്‍ സ്വപ്‌നങ്ങളെ മനസ്സിലാക്കുക എന്നത് കാലങ്ങളായി നിലനില്‍ക്കുന്ന സമ്പന്നമായ പാരമ്പര്യമാണ്. ടെക്സ്റ്റുകളെ പോലെത്തന്നെ സ്വപ്‌നങ്ങള്‍ക്കും ആന്തരികവും (ബാത്വിന്‍) ബാഹ്യവുമായ (ളാഹിര്‍) അര്‍ത്ഥങ്ങളുണ്ട്. സ്വപ്‌നങ്ങളുടെ ആന്തരികമായ അര്‍ത്ഥങ്ങള്‍ അടയാളങ്ങളിലൂടെയും (ആയാത്ത്) ഉപമകളിലൂടെയുമാണ് (ഇശാറത്ത്) മനസ്സിലാക്കപ്പെടുക. പ്രവാചകന്‍ യൂസുഫ് (അ) ന്റെ സ്വപ്‌നവിവരണം അതിനുദാഹരണമാണ്: ‘ഞാന്‍ സ്വപ്‌നത്തില്‍ പതിനൊന്ന് നക്ഷ്രത്രങ്ങളെയും സൂര്യനെയും ചന്ദ്രനെയും കണ്ടു. അവ എനിക്ക് മുമ്പില്‍ സുജൂദ് ചെയ്യുന്നതായിട്ട്’. പതിനൊന്ന് നക്ഷത്രങ്ങളെ തന്റെ സഹോദരന്‍മാരായിട്ടാണ് യൂസുഫ് നബി വ്യാഖ്യാനിക്കുന്നത്. ഈജിപ്തില്‍ അധികാരം വാണിരുന്ന സന്ദര്‍ഭത്തില്‍ അവര്‍ യൂസുഫ് നബിക്ക് മുമ്പില്‍ സുജൂദ് ചെയ്യുകയുണ്ടായി.

എന്നാല്‍ ഇബ്‌നുഅറബി പറയുന്നത് തന്റെ സഹോദരന്‍മാരെ ഈജിപ്തില്‍ വെച്ച് കാണുന്ന സന്ദര്‍ഭത്തിലും യൂസുഫ് നബി സ്വപ്‌നം കാണുകയാണ് എന്നാണ്. അദ്ദേഹം മനസ്സിലാക്കുന്നത് തന്റെ സ്വപ്‌നം പൂര്‍ണ്ണമായും വ്യാഖ്യാനിക്കപ്പെട്ടു എന്നാണ്. അതേസമയം ഇബ്‌നുഅറബി ഒരു പ്രവാചകവചനത്തെ പരാമര്‍ശിച്ചുകൊണ്ടാണ് അതിനെ ഖണ്ഡിക്കുന്നത്: മനുഷ്യരെല്ലാം ഉറങ്ങുകയാണ്. മരണപ്പെടുമ്പോഴാണ് അവരെഴുന്നേല്‍ക്കുന്നത്. ഈ ഭൂമിയിലെ നിലനില്‍പ്പിനെ ഇബ്‌നുഅറബി വിശേഷിപ്പിക്കുന്നത് സ്വപ്‌നത്തിനകത്തെ സ്വപ്‌നം എന്നാണ്. ഇബ്‌നുഅറബിയുടെ വളരെ പ്രധാനപ്പെട്ട ഒരു ആശയമാണിതെന്ന് ജാപ്പനീസ് ഇസ്‌ലാമിക പണ്ഡിതനായ തോഷികോ ഇസുത്സു തന്റെ Sufism and Taoism എന്ന ഗ്രന്ഥത്തില്‍ വിശദീകരിക്കുന്നുണ്ട്: ‘ഇബ്‌നുഅറബിയുടെ വളരെ പ്രധാനപ്പെട്ട ആശയമാണ് യാഥാര്‍ത്ഥ്യം എന്ന് നാം വിശേഷിപ്പിക്കുന്നത് യഥാര്‍ത്ഥത്തില്‍ സ്വപ്‌നമാണ് എന്നത്. വളരെ സബ്ജക്ടീവായ ഫാന്റസിയാണ് ഈ ലോകം എന്നല്ല ഇബ്‌നുഅറബി പറയുന്നത്. മറിച്ച് ഒബ്ജക്ടീവായ തെറ്റിദ്ധാരണയാണ് (illusion) എന്നാണ്.’

ഒരേസമയം തന്നെ അയഥാര്‍ത്ഥ്യവും എന്നാല്‍ മായയല്ലാത്തതുമായ ഒന്നാണ് യാഥാര്‍ത്ഥ്യം എന്ന ആശയം മുന്നോട്ടുവെക്കുന്നത് സൈക്കോഅനാലിസിസുമായി വളരെയധികം ബന്ധമുള്ള ഇമാജിനറി എന്ന സങ്കല്‍പ്പത്തെയാണ്. ഇമാജിനറിയെക്കുറിച്ച് പിന്നീട് വന്ന സൈക്കോഅനലിറ്റിക് പാരമ്പര്യത്തിലെല്ലാം (പ്രത്യേകിച്ചും ലക്കാന്‍) വിശദീകരിക്കുന്നുണ്ട്. ലക്കാന്‍ ഇറാനിയന്‍ ഇസ്‌ലാമിക പണ്ഡിതനായ ഹെന്റി കോര്‍ബിനിലൂടെയാണ്
ഇബ്‌നുഅറബിയെ വായിക്കുന്നത്. ഇബ്‌നുഅറബി ഇമാജിനല്‍ ലോകത്തെ മനസ്സിലാക്കുന്നത് ഇടയിലുള്ള ലോകമായാണ് (intermediate realm). അഥവാ ആത്മീയ ലോകത്തിനും ഭൗതികലോകത്തിനും ഇടയിലുള്ള ലോകം. ലക്കാനെ പോലെത്തന്നെ ഇബ്‌നുഅറബിയും കണ്ണാടിയിലെ ഒരാളുടെ പ്രതിബിംബത്തെ സിദ്ധാന്തവല്‍ക്കരിച്ചിട്ടുണ്ട്. കണ്ണാടിയിലുള്ള എന്റെ ഇമേജ് യാഥാര്‍ത്ഥ്യമാണോ അയഥാര്‍ത്ഥ്യമാണോ? ഒരര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമാണ്. മറ്റൊരര്‍ത്ഥത്തില്‍ അയഥാര്‍ത്ഥ്യവും. ഒരേ സമയം തന്നെ നില്‍നില്‍പ്പുള്ളതും (existent) അല്ലാത്തതുമായ (non-existent) ഇമാജിനറിയുടെ സ്വഭാവത്തെയാണ് അത് കാണിക്കുന്നത്.

മിസ്റ്റിക്കല്‍ ഇസ്‌ലാമും ഫ്രോയിഡിയന്‍ ചിന്തയും തമ്മിലുള്ള പൊരുത്തം വളരെ വ്യക്തവും ആഴത്തിലുള്ളതുമാണ്. എന്നാല്‍ സൈക്കോഅനാലിസിസും ഇസ്‌ലാമും തമ്മില്‍ അത്തരത്തിലുള്ള ഒരു ബന്ധത്തെ ഇസ് ലാമിക ചിന്തകര്‍ കണ്ടെത്തിയിട്ടുണ്ട്. സ്വപ്‌നവ്യാഖ്യാനത്തെക്കുറിച്ചും മതവിജ്ഞാനത്തിന്റെ ആന്തരികവും ബാഹ്യവുമായ അര്‍ത്ഥങ്ങള്‍ തമ്മിലുള്ള ബന്ധത്തിലൂടെ ടെക്സ്റ്റുകളെയും സ്വപ്‌നങ്ങളെയും മനസ്സിലാക്കുന്നതിനെക്കുറിച്ചും വ്യത്യസ്തമായ പാരമ്പര്യങ്ങള്‍ പങ്കുവെക്കുന്ന ആശയങ്ങളെക്കുറിച്ചും സങ്കല്‍പ്പങ്ങളെക്കുറിച്ചും അവര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതുപോലെ സൈക്കോഅനാലിസിസ് ചെയ്യുന്നവനും ചെയ്യപ്പെടുന്നവനും തമ്മിലുള്ള ബന്ധത്തിലെയും ഒരു ശൈഖും (spiritual master) ശിഷ്യനും തമ്മിലുള്ള ബന്ധത്തിലെയും സാമ്യതകളെ സംബന്ധിച്ചും അവര്‍ എഴുതിയതായി കാണാം. ഉദാഹരണത്തിന്, ഇരുപതാം നൂറ്റാണ്ടില്‍ ഈജിപ്തില്‍ ജീവിച്ചിരുന്ന ഒരു സൂഫി ഗുരുവായിരുന്ന അബു അല്‍ വഫ അല്‍ ഗുനൈമി അല്‍ തഫ്തസാനി സൂഫിസത്തെയും സൈക്കോഅനലിറ്റിക് പാരമ്പര്യത്തെയും പലപ്പോഴും താരതമ്യം ചെയ്തുകൊണ്ട് എഴുതിയിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിലുടനീളം അറബ് ലോകത്ത് സൈക്കോഅനാലിസിസും ഇസ്‌ലാമിലെ മിസ്റ്റിക്കല്‍ പാരമ്പര്യവും തമ്മില്‍ വിനിമയങ്ങള്‍ നടന്നിട്ടുണ്ട്. അതിനുദാഹരണമാണ് ഫ്രോയിഡിയന്‍ പാരമ്പര്യവുമായുള്ള തഫ്തസാനിയുടെ ഇടപാടുകള്‍.

ആത്മപരിശോധനാപരമായ രീതിയാണ് (introspective method) സൂഫിസവും സൈക്കോഅനാലിസിസും പിന്തുടരുന്നത് എന്നാണ് അല്‍-തഫ്തസാനി പറയുന്നത്. രണ്ടും ആത്മാവിന്റെ (psyche അല്ലെങ്കില്‍ നഫ്‌സ്) ബാഹ്യമായ ഉള്ളടക്കത്തെയല്ല നോക്കുന്നത്. മറിച്ച്, ആന്തരികമായ ഉള്ളടക്കത്തെയാണ്. അതുപോലെ ആന്തരികമായ അര്‍ത്ഥത്തിനും (ബാത്വിന്‍) അബോധാവസ്ഥക്കുമാണ് (അല്‍-ലാ-ശുഊര്‍) രണ്ടും പ്രാധാന്യം നല്‍കുന്നത്. ഒരു സൈക്കോഅനലിസ്റ്റിനെ പോലെത്തന്നെ സൂഫി ശൈഖ് തന്റെ ശിഷ്യന്‍മാരുടെ അബോധമായ ചിന്തകളെയും ആഗ്രഹങ്ങളെയും കണ്ടെത്തേണ്ടതുണ്ട്. ആത്മാവിന്റെ പരിവര്‍ത്തനത്തിന് വേണ്ടിയാണത്.

സൂഫിസവും ഫ്രോയിഡിനിസവും തമ്മില്‍ വളരെ പ്രകടമായ അര്‍ത്ഥത്തില്‍ തന്നെ ബന്ധമുണ്ട്. സൂഫി സ്‌കോളറും അല്‍-അസ്ഹറിലെ ഗ്രാന്റ് ഇമാമുമായ അബ്ദുല്‍ ഹലീം മഹ്മൂദ് പറയുന്നത് എല്ലാ സൂഫീ ഗുരുക്കന്‍മാരും സൈക്കോതെറാപ്പിസ്റ്റാണെന്നാണ്. കാരണം സൂഫി ഗുരുവുമായുള്ള ബന്ധത്തിലൂടെ ഒരു ശിഷ്യന്‍ സാധ്യമാക്കുന്നത് മനശ്ശാസ്ത്രപരമായ പരിവര്‍ത്തനം കൂടിയാണ്.

മനുഷ്യന്റെ കുലീനവും ഹീനവുമായ പ്രവണതകള്‍ തമ്മിലുള്ള സംഘര്‍ഷത്തെയാണ് സൂഫികള്‍ പരമപ്രധാനമായി മനസ്സിലാക്കുന്നത്. ദൈവത്തെക്കുറിച്ച സമീപസ്ഥമായ ജ്ഞാനത്തിലൂടെ (മഅ്‌രിഫത്ത്-Gnosis) ദൈവികപ്രണയം സാധ്യമാക്കുക എന്നതാണ് സൂഫികളുടെ ലക്ഷ്യമെന്നാണ് അല്‍-തഫ്തസാനി പറയുന്നത്. അഥവാ, ഈഗോ സെല്‍ഫിനെ ഇല്ലാതാക്കിക്കൊണ്ട് ദൈവവുമായി അവര്‍ വിലയം പ്രാപിക്കുകയാണ് ചെയ്യുന്നത് (mystical union). ഫ്രോയിഡ് സൂഫിസത്തെ കണ്ടത് ബാഹ്യമായ ലോകത്തേക്ക് തുറന്ന് വെച്ച ഒരു സൈക്കോളജിയായിട്ടാണെങ്കില്‍ അല്‍-തഫ്തസാനിയെ സംബന്ധിച്ചിടത്തോളം അത് ദൈവത്തിലേക്കുള്ള വളരെ നൈതികമായ ഒരു വഴിയാണ്.

ഒംനിയ ശാക്രി