സമകാലിക ഇസ്ലാമിക ചിന്താലോകത്ത് ഏറെ ചർച്ച ചെയ്യപ്പെടുന്ന പണ്ഡിതനാണ് ഡോ. ഒവാമിർ അൻജും. മുസ്ലിം ലോകം നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധികൾക്ക് പരിഹാരമായി അദ്ദേഹം മുന്നോട്ടുവെക്കുന്ന ‘ഉമ്മാറ്റിക്സ്’ (Ummatics) എന്ന പുതിയ വിജ്ഞാനശാഖ, കേവലം വൈകാരികമായ ഐക്യത്തിനപ്പുറം അറിവിലും പ്രായോഗികതയിലും അധിഷ്ഠിതമായ ഒരു ആഗോള മുസ്ലിം ഐക്യത്തെ എങ്ങനെ കെട്ടിപ്പടുക്കാം എന്ന് വിശദീകരിക്കുന്ന ഒന്നാണ്. അദ്ദേഹത്തിന്റെ വീക്ഷണങ്ങളെയും ഉമ്മാറ്റിക്സ് രീതിശാസ്ത്രത്തെയും പരിചയപ്പെടുത്തുന്നതാണ് ഈ ലേഖനം.
2012 – ലാണ് ഡോ. ഒവാമിർ അൻജും തന്റെ ‘Politics, Law, and Community in Islamic Thought’ എന്ന ഗ്രന്ഥത്തിലൂടെ ഉമ്മാറ്റിക്സ്’ എന്ന പദം ഒരു സവിശേഷ പഠനശാഖയായും ചിന്താപദ്ധതിയായും അവതരിപ്പിക്കുന്നത്. ‘പൊളിറ്റിക്സ്’ (Politics) അഥവാ രാഷ്ട്രീയം എന്ന പദത്തിന്റെ പരിമിതികളെ വിശകലനം ചെയ്തുകൊണ്ടാണ് അദ്ദേഹം ഈ പുതിയ സംജ്ഞയ്ക്ക് രൂപം നൽകിയത്. ‘പൊളിറ്റിക്സ്’ എന്ന വാക്ക് ഗ്രീക്ക് പദമായ ‘പോളിസ്’ (Polis) എന്നതിൽ നിന്നാണ് ഉണ്ടായത്, ഇതിനർത്ഥം ‘നഗര-രാഷ്ട്രം’ (City-state) എന്നാണ്. വ്യക്തിപരമായ താൽപ്പര്യങ്ങൾക്കപ്പുറം ഒരു നഗരത്തിൽ വസിക്കുന്ന സമൂഹത്തെക്കുറിച്ച് ആലോചിക്കുന്ന രീതിയെയാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാൽ, ഇസ്ലാമിക ദൃഷ്ട്യാ സമൂഹത്തെക്കുറിച്ചുള്ള ഈ കാഴ്ചപ്പാട് അപൂർണ്ണമാണെന്ന് ഡോ. അൻജും വാദിക്കുന്നു. കാരണം, ഇസ്ലാമിക രാഷ്ട്രീയ വ്യവഹാരങ്ങൾ ഒരിക്കലും ഒരു പ്രത്യേക ഭൂപ്രദേശത്തിലോ ‘ദേശ രാഷ്ട്രത്തിലോ’ (Nation-state) മാത്രമായി പരിമിതപ്പെട്ടു നിൽക്കുന്നതല്ല. പ്രവാചകൻ വിഭാവനം ചെയ്ത ‘ഉമ്മത്ത്’ എന്ന ആഗോള വിശ്വാസി സമൂഹത്തെ കേന്ദ്രീകരിച്ചു നിലകൊള്ളുന്ന ഒന്നാണ്. അതുകൊണ്ട്, ‘പോളിസ്’ (നഗര-രാഷ്ട്രം) എന്നതിന് പകരം ‘ഉമ്മത്തിനെ’ സാമൂഹികവും രാഷ്ട്രീയവുമായ ചിന്തയുടെയും ഐക്യദാർഢ്യത്തിന്റെയും കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുകയാണ് ‘ഉമ്മാറ്റിക്സ്’ ചെയ്യുന്നത്.
ഉമ്മത്ത് എന്ന വികാരം
ഉമ്മാറ്റിക്സ് എന്ന പഠനശാഖയുടെ അടിസ്ഥാന പ്രേരകശക്തിയായി കാണുന്ന് ഉമ്മത്ത് എന്ന വികാരമാണ് (Sentiment of the Umma). ആഗോള മുസ്ലിങ്ങൾക്കിടയിൽ നിലനിൽക്കുന്ന രാഷ്ട്രീയമായ ഒത്തൊരുമയ്ക്കും ധാർമ്മികമായ ഐക്യദാർഢ്യത്തിനുമായുള്ള ആഴത്തിലുള്ള അഭിലാഷത്തെയാണ് ഡോ. അൻജും ‘ഉമ്മത്തിൻ്റെ വൈകാരികത’ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഗസ്സ വിഷയത്തിൽ പോലും മുസ്ലിം ജനസാമാന്യം രണ്ട് ചേരിയായി തിരിയുന്നതും Sentiment of the Umma എന്ന സങ്കല്പത്തെ അടിസ്ഥാനപ്പെടുത്തിയാണ് വയിക്കേണ്ടത്. ഗസ്സയിൽ തുടർന്നുകൊണ്ടിരിക്കുന്ന വംശഹത്യയെ ഡോ. അൻജും മനസ്സിലാക്കുന്നത് ഒരു ഫുർഖാൻ (നന്മയും തിന്മയും വേർതിരിക്കുന്നത് ) ആയിട്ടാണ്, ഇതിൻ്റെ അടിസ്ഥാനത്തിൽ ലോകമുസ്ലിങ്ങളെ അദ്ദേഹം രണ്ട് വിഭാഗങ്ങളായി തരം തിരിക്കുന്നു:
1. 99% വരുന്ന സാധാരണ മുസ്ലിങ്ങൾ (ഉമ്മാറ്റിക് ജനത): ഗസ്സയിലെ സാഹചര്യം വ്യക്തമാക്കുന്നത് ലോകത്തെ 99 ശതമാനം വരുന്ന മുസ്ലിങ്ങളും ഹൃദയം കൊണ്ട് ഉമ്മത്തിന്റെ ഭാഗമാണെന്നാണ്. രാഷ്ട്രീയമായ ഐക്യം ഇനിയും സാധ്യമായിട്ടില്ലെങ്കിലും, തങ്ങളുടെ സഹോദരങ്ങളുടെ ദുരിതത്തിൽ അവർ ആഴത്തിൽ വേദനിക്കുന്നു. ഈ സാധാരണക്കാർക്കിടയിൽ ഐക്യത്തിനായുള്ള ‘അടങ്ങാത്ത പ്രതീക്ഷ’ (Indomitable hope) ഇപ്പോഴും ബാക്കിയുണ്ട്.
2. 1% വരുന്ന ഭരണവർഗം (ആന്റി-ഉമ്മാറ്റിക് എലൈറ്റ്): അധികാരവും സമ്പത്തും കൈയാളുന്ന ഈ ഒരു ശതമാനം വരേണ്യവർഗം ഉമ്മത്തിന്റെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവരാണ്. സ്വന്തം ജനതയുടെ വംശഹത്യയ്ക്ക് കൂട്ടുനിൽക്കുകയോ അല്ലെങ്കിൽ തുച്ഛമായ രാഷ്ട്രീയ ലാഭങ്ങൾക്കായി അക്രമകാരികളുമായി സന്ധി ചെയ്യുകയോ ചെയ്യുന്ന ഭരണാധികാരികളെയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഉമ്മത്ത് ആയിരിക്കുക എന്നത് ഒരുദൈവികമായ അനിവാര്യതയാണ്.
ഉമ്മാറ്റിക്സ് ചട്ടക്കൂടിന്റെ ദൈവശാസ്ത്രപരമായ ആദാരശിലകളായി വർത്തിക്കുന്നത് ദൈവികമായ അനിവാര്യതയും (Divine Imperative) ഉമ്മത്തിന്റെ സവിശേഷതയും (Ummatic Exceptionalism) ആണ്. ഡോ. അഞ്ചുമിനെ സംബന്ധിച്ചിടത്തോളം മുസ്ലിം ഐക്യം എന്നത് കേവലം ഒരു ചരിത്രപരമായ താൽപ്പര്യമോ രാഷ്ട്രീയ ആഡംബരമോ അല്ല, മറിച്ച് സമുദായത്തിന്റെ നിലനിൽപ്പിനും അഭിവൃദ്ധിക്കും അഭിവാജ്യ ഘടകങ്ങളായി വർത്തിക്കുന്ന ദൈവിക കൽപ്പനയാണ്. “അല്ലാഹുവിന്റെ പാശത്തിൽ നിങ്ങളെല്ലാവരും ചേർന്നു പിടിക്കുക, നിങ്ങൾ ഭിന്നിക്കരുത്” (3:103) എന്ന ഖുർആനിക വചനം ഉമ്മാറ്റിക്സിന്റെ പ്രഥമ തത്വമായി കണക്കാക്കപ്പെടുന്നു.
മറ്റ് രാഷ്ട്രീയ സമൂഹങ്ങളിൽ നിന്ന് മുസ്ലിം ഉമ്മത്തിനെ വേർതിരിക്കുന്നതും അതിന്റെ സവിശേഷമായ ദൈവശാസ്ത്ര അടിത്തറയാണ്. ഇതിനെയാണ് ഡോ. അൻജും ‘ഉമ്മാറ്റിക് എക്സപ്ഷണലിസം’ എന്ന് വിളിക്കുന്നത്.
വിശുദ്ധ ഖുർആൻ ഉമ്മത്തിനെ ‘ഉത്തമ സമുദായം’ എന്നും ‘മധ്യമ സമുദായം’ എന്നുമാണ് വിശേഷിപ്പിക്കുന്നത്. ഈ വിശേഷണം സാക്ഷാത്കരിക്കപ്പെടുന്നത്, നന്മ കൽപ്പിക്കുകയും തിന്മ തടയുകയും ചെയ്യുക എന്ന ഉത്തരവാദിത്വത്തിൽ വീഴ്ച വരുത്താതിരിക്കുമ്പോൾ കൂടിയാണ്. ഭൗതികമായ കരുത്ത് കൊണ്ട് മാത്രം അഭിവൃദ്ധി പ്രാപിക്കാൻ കഴിയുന്ന രാഷ്ട്ര സങ്കൽപ്പങ്ങളിൽ നിന്ന് നിന്ന് വ്യത്യസ്തമായി മുസ്ലിം ഉമ്മത്തിന് അതിൻറെ ദൈവികമായ ദൗത്യം നിറവേറ്റിയാൽ മാത്രമേ യഥാർത്ഥ വിജയം കൈവരിക്കാൻ സാധിക്കൂ. രാഷ്ട്രീയമായ ഉത്തരവാദിത്വങ്ങൾ അവഗണിച്ച് ഇസ്ലാമിനെ ഭാഗികമായി മാത്രം സ്വീകരിക്കുന്നവർക്ക് ഇരട്ടി അപമാനം നേരിടേണ്ടി വരുമെന്ന ഖുർആനിക മുന്നറിയിപ്പ് ഈ ആശയത്തെ ബലപ്പെടുത്തുന്നുണ്ട്. മറ്റൊരു രീതിയിൽ പറഞ്ഞാൽ, ഉമ്മത്തിന്റെ നിലവിലെ രാഷ്ട്രീയ പരാജയങ്ങൾ ദൈവിക കൽപ്പനയെ അവഗണിച്ചതിന്റെ കൂടി ഫലമാണെന്നും, ആ സവിശേഷമായ ദൗത്യം ഏറ്റെടുക്കുന്നതിലൂടെ മാത്രമേ സമുദായത്തിന് അതിന്റെ പ്രതാപം വീണ്ടെടുക്കാൻ കഴിയൂ എന്നും ഉമ്മാറ്റിക്സ് സിദ്ധാന്തിക്കുന്നു.
ഉമ്മാറ്റിക്സ് രീതിശാസ്ത്രം
ഉമ്മാറ്റിക്സ് രീതിശാസ്ത്രം (The Ummatics Method) എന്നത് ഖുർആനിക തത്വങ്ങളിലും പ്രവാചക മാതൃകയിലും അധിഷ്ഠിതമായ ഒരു സമഗ്രമായ പ്രവർത്തന ചട്ടക്കൂടാണ്. ഈ രീതിശാസ്ത്രത്തിന്റെ കാതൽ കേവലം രാഷ്ട്രീയമായ ഒരു സ്ഥാപനം കെട്ടിപ്പടുക്കുക എന്നതല്ല, മറിച്ച് ഉമ്മത്തിനെ ശാക്തീകരിക്കുക എന്നതും കൂടിയാണ്. അതോടൊപ്പം തന്നെ, ‘ആശയപരമായ സംയോജനം’ (Discursive Integration) വഴി മുസ്ലിങ്ങൾക്കിടയിൽ ഒരു പൊതുവായ ബൗദ്ധിക മണ്ഡലം സൃഷ്ടിക്കേണ്ടതിന്റെ അനിവാര്യതയും ഉമ്മാറ്റിക്സ് രീതി ശാസ്ത്രത്തിൻ്റെ പ്രധാന ഉള്ളടക്കമാണ്. സുന്നി-ഷിയ /സൂഫി-സലഫി തുടങ്ങിയ ആഴത്തിലുള്ള ഭിന്നതകളെ വിദ്വേഷത്തിൻ്റെ ഭാഷയില്ലാതെ കൈകാര്യം ചെയ്യാനും അർഥം നഷ്ടപെട്ടു പോയ ‘ഖിലാഫത്ത്’ പോലുള്ള ഇസ്ലാമിക പദാവലികളെ തനതായ രൂപത്തിലേക്ക് വീണ്ടെടുക്കാനും ഉമ്മാറ്റിക്സ് രീതിശാസ്ത്രം ആവശ്യപ്പെടുന്നു. അതിവേഗം വികസിച്ചു വരുന്ന ടെക്നോളജിയെ ഫലപ്രദമായി ഉപയോഗപ്പെടുത്തി ആഗോള മുസ്ലിം നേതൃത്വത്തിനിടയിലുള്ള ആശയവിനിമയം കാര്യക്ഷമമാക്കലും രീതിശാസ്ത്രത്തിന്റെ അനിവാര്യതയായി ഡോ. അൻജും എണ്ണുന്നുണ്ട്.
പ്രതീക്ഷയും യാഥാർത്ഥ്യവും
മുസ്ലിംങ്ങളുടെ പ്രതീക്ഷയും ഉമ്മത്തിന്റെ നിലവിലെ രാഷ്ട്രീയ ദുരവസ്ഥയും തമ്മിലുള്ള വലിയ ദൂരത്തെ എങ്ങനെ ഇല്ലായ്മ ചെയ്യാം എന്നതിലാണ് ഉമ്മാറ്റിക്സ് അടുത്തതായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. യൂറോപ്യൻ തീരത്ത് അടിഞ്ഞ സിറിയൻ കുരുന്നിന്റെ മൃതദേഹവും, ലോകം നോക്കിനിൽക്കെ ഗസ്സയിൽ നടക്കുന്ന കൂട്ടക്കൊലകളും ഉമ്മത്തിന്റെ രാഷ്ട്രീയ പരാജയത്തിന്റെ തീരാവേദനകളാണ്. മുസ്ലിങ്ങളെ സംരക്ഷിക്കാൻ ഒരു സുരക്ഷിതമായ ഭവനം (Abode of the Umma) ഇന്നില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്. എന്നാൽ ഈ തകർച്ചകൾക്കിടയിലും ഫലസ്തീനിലെ ജനങ്ങളുടെ ചെറുത്തുനിൽപ്പും, ഐക്യത്തിനായി ലോക രാഷ്ട്രങ്ങളുടെ തെരുവീഥികൾ വെച്ചുപുലർത്തുന്ന അടങ്ങാത്ത ആഗ്രഹവും, പ്രതീക്ഷയുടെ തിരിനാളം അണഞ്ഞിട്ടില്ലെന്ന് തെളിയിക്കുന്നു. ഈ വൈകാരികതയെയും ചിതറി കിടക്കുന്ന സമര പോരാട്ടങ്ങളെയും ഒരു സംഘടിത രാഷ്ട്രീയ ശക്തിയാക്കി മാറ്റാൻ കഴിയുന്നില്ല എന്നതാണ് നാം നേരിടുന്ന പ്രധാന വെല്ലുവിളി.
ഈ വിടവ് നികത്തുക എന്ന മഹത്തായ ദൗത്യമാണ് ഉമ്മാറ്റിക്സ് ഏറ്റെടുക്കുന്നത്. കൊളോണിയലിസം മുസ്ലിം മസ്തിഷ്ക ങ്ങളിലേക്ക് കുത്തിവെച്ച പരാജയഭീതിയും നിസ്സഹായാവസ്ഥയും വെടിഞ്ഞ്, ഉമ്മത്തിനെ ആന്തരികമായി ശാക്തീകരിക്കുകയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ദൗത്യം. ഉമ്മാറ്റിക്സ് വിഭാവനം ചെയ്യുന്നത് അല്ലാഹുവിൽ കേന്ദ്രീകൃതമായ, മാനുഷികവും വിശാലവുമായ ഒരു ഇസ്ലാമിക നാഗരികതയുടെ വീണ്ടെടുപ്പാണ്.







