(കാമ്പസ് അലൈവിൽ പ്രസിദ്ധീകരിച്ച “ശാസ്ത്രവും തത്വചിന്തയും നേരിട്ട വിജ്ഞാനവിരുദ്ധ രാഷ്ട്രീയം” എന്ന ലേഖനത്തിന്റെ തുടർച്ച.)
മൈമോനിഡസ് :മുസ്ലിം ലോകത്തിലെ ബഹുസ്വര ജ്ഞാനസംസ്കാരം
ശാസ്ത്രം, തത്ത്വചിന്ത, മതം എന്നീ മേഖലകളിലെ ഇസ്ലാമിക നാഗരികതയുടെ സവിശേഷതകളെ മനസ്സിലാക്കാൻ, മുസ്ലിം വൈജ്ഞാനിക പാരമ്പര്യത്തിലേക്കോ പണ്ഡിതരിലേക്കോ മാത്രം തിരിഞ്ഞു നോക്കണമെന്നില്ല. ഇസ്ലാമിക നാഗരികതയ്ക്കുള്ളിൽ ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്ത ജൂത പണ്ഡിതനായ മോസസ് ബിൻ മൈമൂന്റെ – (Moses bin Maimon – ജൂത പാരമ്പര്യത്തിൽ മൈമോനിഡസ് -Maimonides – എന്നറിയപ്പെടുന്നു) ഫിലോസഫിയും അതിന്റെ സ്വാധീനവും പരിശോധിച്ചാൽ തന്നെ മതിയാകും.
മൈമോനിഡസ് ജൂത തത്ത്വചിന്തയിലും മതനിയമങ്ങളിലും ദൈവശാസ്ത്രത്തിലും ഏറ്റവും ആധികാരികമായ വ്യക്തികളിലൊരാളായിരുന്നു. അദ്ദേഹത്തിന്റെ Guide for the perplexed എന്ന കൃതി ജൂത തത്ത്വചിന്തയിലെ അടിസ്ഥാനഗ്രന്ഥമായി ഇന്നും കണക്കാക്കപ്പെടുന്നുണ്ട്. അതുപോലെ അദ്ദേഹത്തിന്റെ തന്നെ Mishneh Torah എന്ന നിയമഗ്രന്ഥത്തെ സമകാലിക റബ്ബിനിക്കൽ പഠനങ്ങൾക്കുള്ളിലും (Rabbinic Scholarships – റബ്ബനിക് സ്കോളർഷിപ്പ് എന്നത് ജൂതരുടെ മതഗ്രന്ഥങ്ങളെ പഠിക്കുക, വ്യാഖ്യാനിക്കുക, നിയമങ്ങളായി രൂപപ്പെടുത്തുക, സമകാലിക ജീവിതത്തിലേക്ക് പ്രയോഗിക്കുക എന്നതിനെ മുൻനിർത്തിയുള്ള ബൗദ്ധിക പ്രവർത്തനമാണ്) ഗൗരവത്തോടെ വായിക്കപ്പെടുന്നുമുണ്ട്. യുക്തിയെയും വെളിപാടിനെയും ഒരുമിപ്പിച്ചുകൊണ്ട്, മതവിശ്വാസത്തിൽ നിന്നു വിട്ടുനിൽക്കാതിരുന്ന ഒരു പണ്ഡിതനെന്ന നിലയിലാണ് സമകാലിക ജൂത പാരമ്പര്യം അദ്ദേഹത്തെ ഓർക്കുന്നത്. എന്നാൽ പലപ്പോഴും ശ്രദ്ധിക്കപ്പെടാത്ത ഒരു കാര്യം, മൈമോനിഡസ് തന്റെ ബൗദ്ധിക ചിന്തകൾ വികസിപ്പിച്ചത് ഏത് നാഗരിക പശ്ചാത്തലത്തിലാണ് എന്നതാണ്. പന്ത്രണ്ടാം നൂറ്റാണ്ടിൽ മുസ്ലിം ഭരണത്തിലായിരുന്ന കോർദോവയിലാണ് അദ്ദേഹം ജനിച്ചത്. അറബിയിൽ വിദ്യാഭ്യാസം നേടിയ അദ്ദേഹം ഇസ്ലാമിക ബൗദ്ധിക ശാസ്ത്രങ്ങളിൽ പരിശീലനവും അവഗാഹവും നേടിയെടുത്തു. പിന്നീട് തന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗം ഇസ്ലാമിക ഭരണത്തിന് കീഴിലുള്ള ഈജിപ്തിലാണ് ചിലവഴിച്ചത്. അവിടെ അദ്ദേഹം വൈദ്യനായി സേവനമനുഷ്ഠിക്കുകയും ജൂത സമൂഹത്തിന്റെ നേതാവായി പ്രവർത്തിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രധാന തത്ത്വചിന്താഗ്രന്ഥങ്ങൾ ഹിബ്രുവിൽ അല്ല, ജൂഡായോ-അറബിയിലാണ് എഴുതപ്പെട്ടത് എന്ന വസ്തുത തന്നെ അദ്ദേഹത്തിന്റെ ബൗദ്ധിക ലോകം ഏത് സംസ്കാരത്തിനുള്ളിലായിരുന്നു എന്നത് വ്യക്തമാക്കുന്നുണ്ട്. മൈമോനിഡസിന് സംരക്ഷണവും ബൗദ്ധിക വിഭവങ്ങളും ചിന്താസ്വാതന്ത്ര്യവും നൽകിയത് ഇസ്ലാമിക നാഗരികതയായിരുന്നു. മദ്ധ്യകാല യൂറോപ്പിൽ ജൂത സമൂഹങ്ങൾ പലപ്പോഴും ഒറ്റപ്പെടലും പീഡനവും, ബൗദ്ധിക നിയന്ത്രണവും, തടവറ ജീവിതവും നേരിട്ടപ്പോൾ, മുസ്ലിം ലോകത്ത് മതന്യൂനപക്ഷങ്ങൾക്ക് താരതമ്യേന സുരക്ഷിതമായ അന്തരീക്ഷമാണുണ്ടായിരുന്നത്. അറിവുത്പാദന സംസ്കാരങ്ങളിൽ പങ്കാളികളാകാൻ അവരെ അനുവദിച്ച ഈ സാഹചര്യം തന്നെയാണ് മൈമോനിഡസിനെ, ചരിത്രപരമായി പ്രധാന്യമുള്ള ഒരു പണ്ഡിതനാക്കി മാറ്റിയത്.
ഇവിടെ മൈമോനഡസിന് പ്രാധാന്യം വരുന്നത് ഒരു ജൂത ചിന്തകനെന്ന നിലയിൽ മാത്രമല്ല, മറിച്ച് വിശാലമായ ജ്ഞാന പാരമ്പര്യത്തിന്റെ ഭാഗമായിരുന്നു എന്നതിനാലാണ്. മൈമൂൻ ഒരേ സമയം അരിസ്റ്റോട്ടിലിനെ മുസ്ലിം തത്ത്വചിന്തകരിലൂടെ വായിക്കുകയും, ഇസ്ലാമിന്റെ ശാസ്ത്രീയ ജ്ഞാനങ്ങൾ കരസ്തമാക്കുകയും ചെയ്തിരുന്നു. ജൂത നിയമത്തിലും വിശ്വാസത്തിലും ഉറച്ചുനിൽക്കുന്ന ഒരാൾക്ക് ഇസ്ലാമിക നാഗരികതയിലും ഇടമുണ്ടായിരുന്നു എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്. മതം യുക്തിയെ അടിച്ചമർത്തുന്നു എന്ന ആധുനികമായ ധാരണയെ ഈ ചരിത്രം നേരിട്ട് ചോദ്യം ചെയ്യുന്നുണ്ട്. യുക്തിപരമായി ദൈവശാസ്ത്രത്തെ ഉൾക്കൊണ്ടത്തിന്റെ പേരിൽ മൈമോനിഡസിനെ ജൂത പാരമ്പര്യം തള്ളിക്കളഞ്ഞിരുന്നില്ല. മറിച്ച് അദ്ദേഹത്തെ ഉൾക്കൊള്ളുകയും, സംവദിക്കുകയും, വിമർശിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്തുകൊണ്ട് തന്നെ അദ്ദേഹത്തെ ജൂത പാരമ്പര്യത്തിന്റെ ഭാഗമായി കണക്കാക്കിയിരുന്നു. ഈ ഉൾക്കൊള്ളൽ രീതി ഇസ്ലാമിന്റെ ബൗദ്ധിക സംസ്കാരത്തിന്റെ സവിശഷതയും ശൈലിയുമാണ്. വിയോജിപ്പുകളെ പുറന്തള്ളുകയും, യുക്തിപരമായ ചിന്തകൾക്ക് മത നിഷേധത്തിന്റെ -(മതേതരവത്കരണം)- വ്യാഖ്യാനം നൽകുകയും ചെയ്യുന്ന പ്രവണത ഇസ്ലാമിക ലോകത്ത് കാണാൻ സാധിക്കുമായിരുന്നില്ല.
മൈമോനിഡസിലൂടെ മുസ്ലിം വൈജ്ഞാനിക പാരമ്പര്യത്തിലേക്ക് കണ്ണോടിച്ചാൽ, ശാസ്ത്രത്തെയും ദൈവശാസ്ത്രത്തെയും, തത്ത്വചിന്തയെയും വിശ്വാസത്തെയും വേർതിരിക്കാതെ തന്നെ കൈകാര്യം ചെയ്ത ഇസ്ലാമിക നാഗരികതയുടെ സവിശേഷതകളെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. അദ്ദേഹം ജീവിച്ചിരുന്ന മുസ്ലിം ലോകം വിശ്വാസത്തിനും യുക്തിക്കും ഇടയിൽ വിടവ് സ്ഥാപിച്ചിരുന്നില്ല. പകരം, ഇസ്ലാമിക പാരമ്പര്യവും ജൂത പാരമ്പര്യവും, തത്ത്വചിന്തയും, ശാസ്ത്രവും തമ്മിൽ സംവദിക്കാൻ കഴിയുന്ന ബഹുസ്വരമായ ബൗദ്ധിക അന്തരീക്ഷം ഉറപ്പാക്കുകയായിരുന്നു. മുസ്ലിം ബൗദ്ധിക പാരമ്പര്യത്തിന്റെ ആന്തരിക ഘടനകളെ നിരീക്ഷിക്കുകയാണെങ്കിൽ, അറിവിന്റെ ബഹുവിധ സ്രോതസ്സുകൾ, അറിവും നൈതികതയും അധികാരവും തമ്മിലുള്ള പ്രത്യേകമായ ബന്ധങ്ങൾ, ഇവയെല്ലാം ഏത് രീതിയിൽ സഹവർത്തിച്ചിരുന്നു എന്നൊക്കെ മനസ്സിലാക്കാൻ നമ്മെ സഹായിക്കും. മൈമോനിഡസ് ഇസ്ലാമിക നാഗരികതയിലെ ഒരു അപവാദമല്ലായിരുന്നു. മറിച്ച് ഇസ്ലാമിക നാഗരികതയിൽ ശാസ്ത്ര–മത സംഘർഷം യൂറോപ്യൻ മദ്ധ്യകാലഘട്ടത്തിലേതിന് സമാനമായി പ്രവർത്തിച്ചിരുന്നില്ല എന്ന് മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു ഉദാഹരണം മാത്രമാണ്.
പ്രപഞ്ചവും വിജ്ഞാനവും: ഇസ്ലാമിക പാരമ്പര്യത്തിലെ ശാസ്ത്ര–തത്വചിന്ത ബന്ധം
ഇസ്ലാമിക ജ്ഞാനപാരമ്പര്യത്തിലെ ആന്തരിക ഘടനയിലേക്ക് പ്രവേശിച്ചാൽ മുസ്ലിം പണ്ഡിതന്മാരുടെ ശാസ്ത്രീയവും – തത്വചിന്താപരവുമായ അന്വേഷണങ്ങളുടെ ഭവ-ജ്ഞാനശാസ്ത്രപരമായ (Ontology -Epistemology) തലങ്ങൾ എങ്ങനെ ദൈവശാസ്ത്രപരമായ ചട്ടക്കൂടിനുള്ളിൽ പ്രവർത്തിച്ചുവെന്ന് മനസിലാക്കാൻ സാധിക്കും. ഈ ഘടന ക്രിസ്ത്യൻ നാഗരികതയിൽ നിലനിന്നിരുന്ന ശാസ്ത്ര-തത്വശാസ്ത്ര-ദൈവശാസ്ത്ര ബന്ധത്തിൽ നിന്നും തീർത്തും വ്യത്യസ്തമായിരുന്നു.
സൃഷ്ടിയും സ്രഷ്ടാവും ഒരേ സത്തയുടെ തുടർച്ചകളാണ് എന്ന ധാരണയെ ഇസ്ലാമിക ചിന്താ പദ്ധതികൾ അംഗീകരിക്കുന്നില്ല. മാത്രവുമല്ല സത്താപരമായ തുടർച്ച (ontological continuity) ഇല്ലെന്ന ബോധമാണ് ഇസ്ലാമിക ചിന്തയുടെ ചലനാത്മകതയെ നിശ്ചയിക്കുന്നത്. അതായത് സൃഷ്ടി ദൈവത്തിന്റെ തുടർച്ചയോ, ദൈവിക സത്തയുടെ ഭാഗമോ, ദൈവത്തിൽ നിന്ന് സ്വാഭാവികമായി വികസിച്ച അസ്തിത്വമോ അല്ല എന്ന് ചുരുക്കം. അത്കൊണ്ട് തന്നെ ദൈവവും ലോകവും തമ്മിലുള്ള ബന്ധത്തെ രണ്ടും ഒന്നാണ് എന്ന കാഴ്ചപ്പാടിൽ ഇസ്ലാം അവതരിപ്പിക്കുന്നില്ല. അതുപോലെ തന്നെ ലോകത്തിന്റെ അടിസ്ഥാന സത്തയും ദൈവത്തിന്റെ സത്തയും ഒന്നാണ് എന്ന പരികല്പനയും ഇസ്ലാം അംഗീകരിക്കുന്നില്ല.
മറിച്ച് إرادة (ഇച്ഛ), أمر (ആജ്ഞ), خلق (സൃഷ്ടി) എന്നിങ്ങനെയുള്ള വീക്ഷണത്തിലൂടെയാണ് ഇസ്ലാമിക കാഴ്ചപ്പാടിൽ സൃഷ്ടിയും ദൈവവും തമ്മിലുള്ള ബന്ധം. സത്താപരമായ ഈ വിടവ് തന്നെയാണ് ലോകത്തെ ദൈവത്തിൽ നിന്ന് വ്യക്തമായി വേർതിരിച്ചു നിർത്തുന്നത്. ഈ വേർതിരിവ് പ്രകൃതിയെ ദൈവികതയിൽ ലയിപ്പിക്കുന്ന അല്ലെങ്കിൽ എല്ലാത്തിലും ദൈവത്തിന്റെ അംശമുണ്ടെന്ന സമീപനത്തെ (pantheism) തടയുകയും ചെയ്യുന്നു. അഥവാ ലോകം ദൈവമല്ല, അതേസമയം ദൈവവിരുദ്ധവുമല്ല എന്നതാണ് അടിസ്ഥാന കാഴ്ചപ്പാട്.
ലോകം സ്വതന്ത്രമായ സത്തയിൽ നിലനിൽക്കുമ്പോൾ തന്നെ അതിന്റെ നിലനിൽപ്പ് ദൈവത്തോടുള്ള ആശ്രയത്വത്തിലാണ് മുന്നോട്ട് പോകുന്നത്. ഇതാണ് ഇസ്ലാമിലെ അതിഭൗതികശാസ്ത്രത്തിനുള്ളിലെ (metaphysics) ആശ്രിതത്വം (contingency) എന്ന ആശയത്തിന്റെ അടിസ്ഥാമായി വർത്തിക്കുന്നത്. അഥവാ മനുഷ്യന്റെ ജീവൻ, പ്രകൃതി, അതിലെ വിഭവങ്ങൾ, അതിനെ നിലനിർത്തുന്ന ഘടകങ്ങൾ, എന്ന് തുടങ്ങി ലോകത്തിലെ എല്ലാ സൃഷ്ടികളും ദൈവത്തിന്റെ ആശ്രിതരാണ്. അഥവ ദൈവത്തിന്റെ സൃഷ്ടിപ്പ്, നിയമങ്ങൾ സംരക്ഷണം എന്നിവയെ ആശ്രയിച്ചു നിലനിൽക്കുന്നവയാണ്. എന്നാൽ ഇതിന്റെയെല്ലാം സത്തയാകട്ടെ ദൈവിക ഇച്ഛയോട് ബന്ധിപ്പിച്ചിരിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ പ്രകൃതിയുടെ നിയമങ്ങളെ പഠിക്കുന്നത് ഇസ്ലാമിൽ ദൈവത്തിന്റെ സത്തയെ ചോദ്യം ചെയ്യുന്നതായി മാറുന്നില്ല.
ഈ സമീപനം എല്ലാതരം വൈജ്ഞാനിക അന്വേഷണങ്ങൾക്കുമെന്ന പോലെ ശാസ്ത്രീയ അന്വേഷണങ്ങൾക്കും തുറന്ന ഭൂമിക സൃഷ്ടിക്കുന്നുണ്ട്. പ്രകൃതിക്ക് സ്വതന്ത്രമായ നിയമങ്ങൾ ഉണ്ടെന്ന് അംഗീകരിക്കുമ്പോഴും, ആ നിയമങ്ങൾ ദൈവിക സത്തയോട് ലയിച്ചിരിക്കുന്നില്ല എന്ന് ഇസ്ലാം മനസ്സിലാക്കുന്നു. അഥവാ ദൈവിക ഗുണങ്ങളുടെ (divine attributes) നേരിട്ടുള്ള പ്രതിഫലനമല്ല; മറിച്ച് ദൈവികമായ നിയമിതത്വങ്ങളായാണ് ഇസ്ലാമിക ചിന്താ പാരമ്പര്യം പഠിപ്പിക്കുന്നത്.

അതിനാൽ അവയെ നിരീക്ഷിക്കാനും പരീക്ഷിക്കാനും വ്യാഖ്യാനിക്കാനും മനുഷ്യബുദ്ധിക്ക് അവകാശമുണ്ട്. ഇസ്ലാമിക ചിന്താ പാരമ്പര്യത്തിന്റെ ഈ നിലപാടാണ് ശാസ്ത്രത്തെ ദൈവികം-ലൗകികം എന്ന ദ്വന്ദത്തിൽ നിലയുറപ്പിച്ച മധ്യകാല യൂറോപ്പിന് സമാനമായ സംഘർഷത്തിൽ നിന്ന് മുസ്ലിം ലോകത്തെ മോചിപ്പിച്ചത്.
ഇവിടെ ശാസ്ത്രത്തിലെയും തത്വചിന്തയിലെയും കാര്യകാരണ ബന്ധത്തെ (Casualty) സംബന്ധിച്ച കാഴ്ചപ്പാടും നിർണായക സ്ഥാനം വഹിക്കുന്നുണ്ട്. ഇസ്ലാമിക ചിന്തയിൽ കാര്യ കാരണബന്ധമെന്നത് സത്താപരമായ അനിവാര്യതയല്ല. ദൈവിക ഇച്ഛയാണ് ഇസ്ലാമിൽ ഇക്കാര്യത്തിൽ പ്രാധാന്യമുള്ള സംഗതി. കാരണം, നാം ലോകത്ത് കാണുന്നതെല്ലാം ദൈവിക ഇച്ഛയുടെ തുടർച്ചയായ പ്രകടനങ്ങളാണ്. എന്നാൽ ഇസ്ലാമിന്റെ ഈ നിലപാട് ശാസ്ത്രത്തിന്റെ കാര്യ കാരണ ബന്ധത്തെ നിരസിക്കുന്ന ഒന്നല്ല. മറിച്ച് കാര്യകാരണ ബന്ധത്തെ കുറിച്ചുള്ള ശാസ്ത്രത്തിന്റെ അന്വേഷണങ്ങൾക്ക് ജ്ഞാനശാസ്ത്രപരമായ സാധുതയുണ്ടെന്ന് അംഗീകരിക്കുകയാണ് ഇസ്ലാം ചെയ്യുന്നത്. കാരണം ലോകത്തെ മനസ്സിലാക്കാൻ മനുഷ്യന് കാര്യ കാരണ ബന്ധങ്ങളെക്കുറിച്ചുള്ള അനുമാനങ്ങൾ എപ്പോഴും ഉണ്ടാകേണ്ടതുണ്ട്. അതില്ലെങ്കിൽ മനുഷ്യന് മറ്റു വിജ്ഞാനങ്ങളും, ശാസ്ത്രവും കൈവരിക്കുക സാധ്യമല്ല. എന്നാൽ അതിഭൗതിക വിജ്ഞാനങ്ങളിൽ കാര്യ കാരണ ബന്ധങ്ങളെ മുൻനിർത്തിയുള്ള അനുമാനങ്ങൾ ആത്യന്തികമായി ശരിയാകണമെന്നില്ല. മാത്രവുമല്ല ദൈവത്തെ ഒഴിവാക്കി സ്വയം നിലനിൽക്കുന്ന ഒന്നാണ് എന്ന അനുമാനം നിലനിൽക്കുകയുമില്ല. ഉദാഹരണം “തീ ചൂടാണ്, അതിനാൽ അത് കത്തിക്കും” എന്ന് പറയുന്നത് സാധാരണഗതിയിൽ ശാസ്ത്രീയമായ ഒരു വിശദീകരണമാണ്.
പക്ഷേ “തീ ചൂടാകുന്നത് ദൈവത്തെ ആശ്രയിക്കാതെ, സ്വയം-ആവശ്യമായ ഒരു ശക്തിയെന്ന നിലയിലാണ് എന്ന് അനുമാനിച്ചാൽ അത് ശാസ്ത്രത്തിന്റെ പരിധി കടന്ന് അതിഭൗതികമായൊരു അവകാശവാദമായി മാറുന്നു. ഈ അനുമാനത്തിന്റെ പ്രശ്നം എന്തെന്നാൽ അത് പ്രകൃതിയിലെ കാര്യ കാരണ ബന്ധങ്ങൾ ദൈവിക ആശ്രയം ഇല്ലാതെ സ്വയം നിലനിൽക്കുന്നവയാണ് എന്ന വാദമായി മാറുന്നു എന്നതാണ്. ഇതിനെയാണ് metaphysical naturalism എന്ന് പറയുന്നത്. അഥവാ യാഥാർത്ഥ്യത്തിന്റെ അന്തിമ വിശദീകരണം പ്രകൃതിയിലാണെന്നും പ്രകൃതിക്ക് പുറത്തൊന്നുമില്ല എന്നുമുള്ള കാഴ്ചപ്പാട്. ഇസ്ലാമിക ചിന്ത, ഇത്തരം അവകാശവാദങ്ങളെ നിരസിക്കുന്നുണ്ട്. ഈ കാഴ്ചപ്പാടിനെ ഇസ്ലാമിക വൈജ്ഞാനിക പാരമ്പര്യം അതിന്റെ വ്യത്യാസത്തെ ഉൾക്കൊണ്ട് കൊണ്ട് നിലനിർത്തുന്നതിനാലാണ് ശാസ്ത്രീയ അനുമാനങ്ങളും ദൈവിക സർവാധിപത്യവും തമ്മിൽ സംഘർഷം ഉണ്ടാകാതിരുന്നത്.
ഇസ്ലാമിക–ക്രിസ്ത്യൻ ബൗദ്ധിക പാരമ്പര്യങ്ങളുടെ വിമർശനാത്മക താരതമ്യം
ക്രിസ്ത്യൻ ദൈവശാസ്ത്ര പാരമ്പര്യം, പ്രത്യേകിച്ച് ഗ്രീക്ക് അതിഭൗതികശാസ്ത്രവുമായി സംയോജിച്ചുണ്ടായ ദൈവശാസ്ത്ര വ്യാഖ്യാനത്തിൽ സൃഷ്ടി-സൃഷ്ടാവ് തമ്മിലുള്ള ബന്ധമെന്നത് പലപ്പോഴും substance continuity എന്ന ഭാഷയിലാണ് വായിക്കപ്പെട്ടത്. അഥവാ ലോകം ദൈവത്തിന്റെ substance-ൽ നിന്നുണ്ടായതാണ്, അല്ലെങ്കിൽ ലോകം ദൈവിക സത്തയുടെ മാറ്റൊരു രൂപമാണ് എന്ന നിലപാടാണ് ഇത്.
ക്രിസ്ത്യൻ ദൈവശാസ്ത്രത്തിലെ Logos incarnation,sacramental ontology എന്നീ ആശയങ്ങൾ ദൈവവും ലോകവും തമ്മിൽ സത്താതലത്തിൽ വളരെ അടുത്ത ബന്ധം നിലനിർത്തുന്നു എന്ന ആശയമാണ് മുന്നോട്ട് വെക്കുന്നത്. ചുരുക്കി പറഞ്ഞാൽ Logos എന്നത് ദൈവിക ബുദ്ധി ലോകത്തെ ക്രമപ്പെടുത്തുന്നുവെന്നതും, Incarnation ആ ദൈവികത മനുഷ്യരൂപത്തിൽ ലോകത്തേക്ക് ഇറങ്ങുന്നുവെന്നും, Sacramental ontology ലോകം തന്നെ ദൈവിക സാന്നിധ്യം പ്രകടിപ്പിക്കുന്ന സത്തയായി മാറുന്നുവെന്നുമുള്ള കാഴ്ചപ്പാടുകളെ അവതരിപ്പിക്കുന്നുവെന്നും അത് വാദിക്കുന്നു. ഇതിന്റെ ക്രിസ്ത്യൻ ദൈവശാസ്ത്ര വ്യാഖ്യാനങ്ങളിൽ, പ്രകൃതിയെ പഠിക്കുക എന്നത് കേവലം ശാസ്ത്രീയ അന്വേഷണം മാത്രമായി കണക്കാക്കുന്നില്ല. മറിച്ച് അത് ദൈവശാസ്ത്രവുമായി നേരിട്ട് ബന്ധപ്പെട്ട ഒരു മേഖലയായി കണക്കാക്കുകയാണ് ചെയ്യുന്നത്. അഥവാ ക്രിസ്ത്യൻ ദൈവശാസ്ത്രത്തിൽ പ്രകൃതി ദൈവത്തിന്റെ നേരിട്ടുള്ള ക്രമീകരണത്തെയും പ്രവർത്തനത്തെയും പ്രതിഫലിപ്പിക്കുന്ന ഒന്നായി കരുതപ്പെട്ടിരുന്നു. അതിനാൽ പ്രകൃതിയിൽ എന്തുകൊണ്ട് കാര്യങ്ങൾ അങ്ങനെ നടക്കുന്നു എന്ന് ചോദ്യം ചെയ്യുന്നത്, വെറും ശാസ്ത്രീയമായ കൗതുകമായി മാത്രം കണക്കാക്കപ്പെട്ടില്ല, മറിച്ച് ദൈവം ലോകത്തെ എങ്ങനെ നിയന്ത്രിക്കുന്നു എന്നതിനെ ചോദ്യം ചെയ്യുന്നതായി കണക്കാക്കാൻ തുടങ്ങി. ഉദാഹരണത്തിന്, ഗ്രഹങ്ങൾ ദൈവത്തിന്റെ പ്രത്യേക ഇടപെടലില്ലാതെ സ്വാഭാവിക നിയമങ്ങൾ അനുസരിച്ചാണ് ചലിക്കുന്നത്” എന്ന് ഒരാൾ പറയുമ്പോൾ, അത് ശാസ്ത്രീയ വിശദീകരണമെന്നതിനേക്കാൾ ദൈവത്തിന്റെ പ്രവർത്തനത്തെ ഒഴിവാക്കുന്ന നിലപാടായി മനസ്സിലാക്കപ്പെടാൻ ഇടയുണ്ടായി. അപ്പോൾ പ്രശ്നം ഗ്രഹങ്ങളുടെ ചലനത്തെ കുറിച്ചല്ല, മറിച്ച് ദൈവം ലോകത്തിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്ന ദൈവശാസ്ത്ര ആശയത്തെക്കുറിച്ചായിരുന്നു. അതുകൊണ്ടാണ് പ്രകൃതിയുടെ ഘടനയെ പഠിക്കുന്നത് പലപ്പോഴും “ഇത് ദൈവശാസ്ത്രത്തിന്റെ പരിധിയിലേക്കു കടക്കുകയല്ലേ?” എന്ന സംശയമായി ഉയർന്നു വരാൻ തുടങ്ങിയത്. അതായത് പ്രകൃതിയെക്കുറിച്ചുള്ള ഈ ചോദ്യം ശാസ്ത്രപരമായിരിക്കുമ്പോഴും, അതിന്റെ അർത്ഥവും പരിധിയും ദൈവശാസ്ത്രപരമായ അതിർത്തിയിലേക്ക് വഴുതിപ്പോകുന്നതായി ക്രിസ്ത്യൻ ബൗദ്ധിക പാരമ്പര്യത്തിൽ മനസ്സിലാക്കപ്പെട്ടിരുന്നു.
ഇസ്ലാമിക ചിന്തയിൽ ഇത്തരത്തിൽ സത്താപരമായ ഏറ്റുമുട്ടലോ കൂടിക്കലരലോ (ontological overlap) നടക്കാത്തത്തിനാൽ, പ്രകൃതിയെ കുറിച്ചുള്ള അന്വേഷണം സ്വതന്ത്ര്യമായ ശാസ്ത്ര തത്വചിന്താ മേഖലയായി മനസ്സിലാക്കിയിരുന്നു. അത് തന്നെയായിരുന്നു ഇസ്ലാമിക ജ്ഞാന പാരമ്പര്യത്തിൽ സയൻസ്, ഫിലോസഫി, തിയോളജി എന്നിവയുടെ അതിരുകൾ കൃത്യമാക്കപ്പെട്ടതിന്റെ അടിസ്ഥാന കാരണവും. ഇസ്ലാമിക ചിന്തയിൽ ദൈവശാസ്ത്രം ലോകം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെ വിശദീകരിക്കുന്നില്ല. എന്നാൽ ലോകം എന്താണെന്ന് ontologically നിർവചിക്കുന്നു. ശാസ്ത്രമാകട്ടെ ലോകം എങ്ങനെ പ്രവർത്തിക്കുന്നു എന്നത് അന്വേഷിക്കുന്നു. ഫിലോസഫി ഇവ രണ്ടിന്റെയും ഇടയിലുള്ള മധ്യമ വ്യവഹാരമായി (mediating discourse) പ്രവർത്തിക്കുന്നു. ഇത്തരത്തിൽ ഓരോന്നും അതിന്റെ സത്താപരമായ നിയമപരിധി (ontological jurisdiction) തിരിച്ചറിഞ്ഞതിനാലാണ്, ഏത് ജ്ഞാന പദ്ധതിക്കാണ് ആത്യന്തികമായ അധികാരം (authority conflict) എന്നതിനെ ചൊല്ലിയുള്ള സംഘർഷം ഇസ്ലാമിക ചിന്താ പാരമ്പര്യത്തിൽ ഉണ്ടാകാതിരുന്നത്. ഇവിടെ authority conflict എന്നത് ശാസ്ത്രവും ദൈവശാസ്ത്രവും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെ മാത്രം സൂചിപ്പിക്കുന്ന ഒന്നല്ല. മറിച്ച്, ആർക്കാണ് സത്യത്തെ നിർവചിക്കാനുള്ള അന്തിമ അധികാരമുള്ളത് എന്ന ചോദ്യത്തെ ചുറ്റിപ്പറ്റിയുള്ള സംഘർഷത്തെയാണ് സൂചിപ്പിക്കുന്നത്. പ്രകൃതിയെക്കുറിച്ച് ശാസ്ത്രീയ അന്വേഷണങ്ങളും വിശദീകരണങ്ങളും മുന്നോട്ടുവയ്ക്കുമ്പോൾ, അവ ശരിയാണോ തെറ്റാണോ എന്നതിനെക്കാൾ പ്രധാനമായി അവയെ, ആരുടെ ജ്ഞാനപരമായ അധികാരത്തിന്റെ പരിധിയിൽ നിന്നാണ് അംഗീകരിക്കേണ്ടത് എന്ന പ്രശ്നമാണ് ഉയർന്നു വരുന്നത്. പ്രകൃതിയുടെ ഘടനയും അർത്ഥവും നിർണ്ണയിക്കാനുള്ള അവകാശം ശാസ്ത്രജ്ഞനോ, അതോ തത്വചിന്തകനോ, അല്ലെങ്കിൽ ദൈവശാസ്ത്ര പണ്ഡിതനോ എന്നതാണ് ഈ സംഘർഷത്തിന്റെ കേന്ദ്രബിന്ദു. ഈ സംഘർഷമാണ് ഇസ്ലാമിക ചിന്താ പാരമ്പര്യത്തിൽ തടയപ്പെട്ടത്.
എന്നാൽ ക്രിസ്ത്യൻ ബൗദ്ധിക പാരമ്പര്യത്തിൽ, ദൈവശാസ്ത്രത്തിന്റെ ഔദ്യോഗികമായ വ്യാഖ്യാനങ്ങളെ ശാസ്ത്രീയ യുക്തി ചോദ്യം ചെയ്യാൻ തുടങ്ങുമ്പോൾ, അത് അറിവിന്റെ ഉള്ളടക്കത്തെക്കാൾ അധികാരത്തിന്റെ പരിധിയെക്കുറിച്ചുള്ള ചോദ്യങ്ങളായി മാറുകയായിരുന്നു. അതിനാൽ ക്രിസ്ത്യൻ പാരമ്പര്യത്തിൽ authority conflict എന്നത്, അറിവിനെക്കുറിച്ചുള്ള വാദപ്രതിവാദമല്ല, മറിച്ച് സത്യത്തിന്റെ അധികാരം ആരുടെ കൈയ്യിലാണെന്നതിനെച്ചൊല്ലിയുള്ള ബൗദ്ധികവും സ്ഥാപനപരവുമായ സംഘർഷമായിരുന്നു. ചുരുക്കത്തിൽ, സൃഷ്ടിയും സ്രഷ്ടാവും തമ്മിൽ ontological discontinuity ഉണ്ടെന്ന ആശയം ഇസ്ലാമിക ബൗദ്ധിക പാരമ്പര്യത്തിൽ വെറുമൊരു മതവിശ്വാസമല്ലായിരുന്നു; മറിച്ച് വിജ്ഞാനത്തെ ആര് നിയന്ത്രിക്കണം, ആരൊക്കെ എന്തൊക്കെ വിശദീകരിക്കണം തുടങ്ങിയവകളെ കുറിച്ചുള്ള ഒരു രാഷ്ട്രീയ നിലപാട് കൂടിയായിരുന്നു അത്. ഇസ്ലാമിക ദൈവശാസ്ത്രം ദൈവവും ലോകവും ഒരേ സത്തയുടെ ഭാഗങ്ങളല്ലെന്ന് വ്യക്തമാക്കിയതിലൂടെ, പ്രകൃതിയെ പഠിക്കാനുള്ള അവകാശം ദൈവശാസ്ത്ര പണ്ഡിതന്മാരുടെ അധികാരം മാത്രമായി മാറാതെ മുസ്ലിം ലോകത്ത് നിലനിന്നു. അഥവാ മുസ്ലിം ജ്ഞാന പാരമ്പര്യത്തിൽ ശാസ്ത്രം ദൈവശാസ്ത്രത്തിന്റെ അടിമയായില്ല, അതുപോലെ തന്നെ ദൈവശാസ്ത്രം ശാസ്ത്രത്തിന്റെ എതിരാളിയായി മാറിയതുമില്ല. ഇതിലൂടെ ശാസ്ത്രത്തിന് പ്രകൃതിയെ അതിന്റെ നിയമങ്ങളിലൂടെ പഠിക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കുകയും, ദൈവശാസ്ത്രത്തിന് ആത്യന്തിക അർത്ഥവും ലക്ഷ്യവും പറയാനുള്ള പ്രത്യേക സ്ഥാനം നിലനിൽക്കുകയും ചെയ്തു.
ഇതിന് വിപരീതമായി, ക്രിസ്ത്യൻ ബൗദ്ധിക പാരമ്പര്യത്തിൽ ദൈവവും ലോകവും തമ്മിലുള്ള ബന്ധം പലപ്പോഴും ontological continuity ആയി മനസ്സിലാക്കിയതിനാൽ, പ്രകൃതിയുടെ പഠനം ദൈവത്തിന്റെ പ്രവർത്തനത്തെക്കുറിച്ചുള്ള ഔദ്യോഗിക വ്യാഖ്യാനങ്ങളുമായി കൂടിക്കലരാൻ തുടങ്ങി. അതിന്റെ ഫലമായി, പ്രകൃതിയെ വിശദീകരിക്കുന്ന ശാസ്ത്രീയ അന്വേഷണങ്ങൾ പലപ്പോഴും ദൈവശാസ്ത്ര അധികാരത്തെ വെല്ലുവിളിക്കുന്നതായി കാണപ്പെടുകയും ചെയ്തു. അതിന്റെ ഭാഗമായി വിജ്ഞാനത്തെ നിയന്ത്രിക്കാനുള്ള സഭയുടെ ഇടപെടലുകൾ ശക്തമാകുകയും ചെയ്തു. അതിനാൽ ഇവിടെ പ്രശ്നം ശാസ്ത്രത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് മാത്രമല്ല, മറിച്ച് വിജ്ഞാനത്തെ നിയന്ത്രിക്കുന്ന അധികാരത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് കൂടിയാണ് എന്ന് കാണാൻ സാധിക്കും.
ഇസ്ലാമിക ബൗദ്ധിക പാരമ്പര്യം സംഘർഷരഹിതവും, വളരെ സ്വാഭാവികമായി തന്നെ വിജ്ഞാന സൗഹൃദപരവുമായിരുന്നു എന്നൊന്നും ചരിത്രപരമായി വിശകലനം ചെയ്യാനല്ല ഇതുവരെ ശ്രമിച്ചിട്ടുള്ളത്. മുസ്ലിം സമൂഹങ്ങളിലും, ഭരണാധികാരികൾക്കിടയിലും, തത്വചിന്തകരും ശാസ്ത്രജ്ഞരും രാഷ്ട്രീയ അധികാരങ്ങളുടെ പീഡനങ്ങൾ നേരിട്ടിട്ടുണ്ട് എന്നത് ചരിത്രപരമായ വസ്തുതയാണ്. മുസ്ലിം ചിന്തകരുടെ ആശയങ്ങൾ മതവിരുദ്ധമെന്നോ അപകടകരമെന്നോ വ്യാഖ്യാനിക്കപ്പെട്ടിട്ടുമുണ്ട്. ഭരണകൂടങ്ങൾ അറിവിനെ നിയന്ത്രിക്കാൻ ശ്രമിച്ചിട്ടുമുണ്ട്. അതിനാൽ ഇസ്ലാമിക ചിന്താ പാരമ്പര്യം സംഘർഷരഹിതമാണെന്ന് പറയുന്നത് ചരിത്രത്തിന്റെ ന്യൂനീകരണമാണ്.

എന്നാൽ ഈ സംഘർഷങ്ങളെ ഇസ്ലാമിക ദൈവശാസ്ത്രത്തിൽ ഘടനാപരമായും ആന്തരികമായും നിലകൊള്ളുന്ന വിജ്ഞാനവിരുദ്ധതയായി കണക്കാക്കാൻ സാധിക്കുകയില്ല. ഇവിടെ നിർണായകമായ വ്യത്യാസമെന്തെന്നാൽ, ഇത്തരം അടിച്ചമർത്തലുകൾ ഒരു കേന്ദ്രീകൃത ദൈവശാസ്ത്ര വ്യാഖ്യാന പദ്ധതിയുടെയും സ്ഥാപനത്തിന്റെയും,ജ്ഞാനാധികാര നിയന്ത്രണമായിരുന്നില്ല എന്നതാണ്.
ശാസ്ത്രവും ദൈവശാസ്ത്രവും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നിട്ടുണ്ടെങ്കിലും, അവ ഇസ്ലാമിക പാരമ്പര്യത്തിൽ സ്ഥിരമായ ഒരു ആശയയുദ്ധമായി മാറിയിരുന്നില്ല. കാരണം, ഈ വ്യത്യാസങ്ങളെ അന്തിമമായി തീർപ്പ് കല്പിക്കുന്ന ഒരു ഏകാധിപത്യ മതസ്ഥാപനം അവിടെ ഉണ്ടായിരുന്നില്ല. അതിനാൽ ഇത്തരം സംഘർഷങ്ങൾ പലപ്പോഴും ദൈവശാസ്ത്രത്തിന്റെ പേരിലല്ല, മറിച്ച് ഭരണാധികാരികളുടെ രാഷ്ട്രീയ താൽപ്പര്യങ്ങളുമായി ബന്ധപ്പെട്ടാണ് ഉയർന്നുവന്നത്. ചില ആശയങ്ങൾ അപകടകരമെന്നോ സാമൂഹിക അസ്ഥിരത ഉണ്ടാക്കുമെന്നോ ഭരണകൂടം കരുതുമ്പോൾ, അവയെ നിയന്ത്രിക്കാൻ ശ്രമിച്ചു. ഇതിലൂടെ ഉണ്ടായ സംഘർഷങ്ങൾ ശാസ്ത്രത്തിന്റെയും വിശ്വാസത്തിന്റെയും മൗലികമായ തർക്കത്തിൽ നിന്നല്ല, മറിച്ച് അധികാരവും നിയന്ത്രണവും സംബന്ധിച്ച ചരിത്രപരമായ സാഹചര്യങ്ങളിൽ നിന്നാണ് ഉത്ഭവിച്ചത്. ഇസ്ലാമിന്റെയും ക്രിസ്ത്യാനിറ്റിയുടെയും ബൗദ്ധിക പാരമ്പര്യങ്ങളെ താരതമ്യം ചെയ്യുമ്പോൾ മനസ്സിലക്കാൻ സാധിക്കുന്ന പ്രധാനപ്പെട്ട വ്യത്യാസമെന്തെന്നാൽ, ക്രിസ്ത്യൻ ലോകത്ത് അഭൗതികജ്ഞാനവുമായി ബന്ധപ്പെട്ട ചില വ്യാഖ്യാനങ്ങൾ, ആശയങ്ങളും ശക്തമായ സഭാ സ്ഥാപനങ്ങളും ചേർന്ന്, “ശരിയായ അറിവ്” എന്താണെന്ന് നിർവചിക്കുന്ന തരത്തിൽ അധികാരം എപ്പോഴും കൈവശം വെച്ചിരുന്നു. ഇതാണ് പലപ്പോഴും ശാസ്ത്രീയ അന്വേഷണങ്ങളോട് സംഘർഷം ഉണ്ടാകാൻ കാരണമായത്. അതേസമയം, ഇസ്ലാമിക ലോകത്ത് വ്യത്യസ്ത ദൈവശാസ്ത്ര കാഴ്ചപ്പാടുകളും, തത്വചിന്ത പദ്ധതികളും ശാസ്ത്രീയ അന്വേഷണങ്ങളും ഇതിനെ നിയന്ത്രിക്കുന്ന കേന്ദ്രാധികാരമില്ലാത്ത മതഘടനയും ഉണ്ടായതിനാൽ, അറിവ് പൂർണമായും ഒരു സ്ഥാപനത്തിന്റെ നിയന്ത്രണത്തിലാകുന്ന സാഹചര്യം കുറവായിരുന്നു.
“സെക്യുലർ യുക്തിയും ദൈവശാസ്ത്ര പൈതൃകത്തിന്റെ പുനർരൂപീകരണവും”
മധ്യകാലഘട്ടത്തിലും അതിന് ശേഷവും ശാസ്ത്രീയ കണ്ടെത്തലുകൾക്ക് ക്രിസ്ത്യൻ ലോകത്തും മുസ്ലിം ലോകത്തും ലഭിച്ച സ്വീകാര്യതകൾ തമ്മിലുള്ള വ്യത്യാസം, ശാസ്ത്ര–ദൈവശാസ്ത്ര ബന്ധത്തിന്റെ ആന്തരിക ഘടനകൾ തുടങ്ങിയവ എത്രത്തോളം വ്യത്യസ്തമായിരുന്നുവെന്നത് വിശകലനം ചെയ്യാനാണ് ഇതുവരെ ശ്രമിച്ചത്. ക്രിസ്ത്യൻ ബൗദ്ധിക പാരമ്പര്യത്തിൽ, പ്രത്യേകിച്ച് ചർച്ചിന്റെ നിയന്ത്രണകാലത്ത്, ശാസ്ത്രീയ കണ്ടെത്തലുകൾ പലപ്പോഴും ദൈവശാസ്ത്രപരമായ അവകാശവാദങ്ങളായി തന്നെ വായിക്കപ്പെട്ടു. ഭൂമി പ്രപഞ്ചത്തിന്റെ കേന്ദ്രമല്ലെന്ന കോപ്പർനിക്കസ് – ഗലീലിയൻ വാദം, ഉദാഹരണമായി എടുത്താൽ, അത് വെറും ജ്യോതിശാസ്ത്രപരമായ ഒരു വിശദീകരണമല്ലെന്ന് ചർച്ച് കരുതി. മറിച്ച്, “ലോകത്തെ ദൈവം എങ്ങനെ ക്രമീകരിച്ചിരിക്കുന്നു” എന്ന ഔദ്യോഗിക ദൈവശാസ്ത്ര വ്യാഖ്യാനത്തെ ചോദ്യം ചെയ്യുന്ന നിലപാടായിട്ടാണ് അത് മനസ്സിലാക്കപ്പെട്ടത്. അതിനാൽ ശാസ്ത്രജ്ഞൻ ഗ്രഹങ്ങളുടെ ചലനത്തെക്കുറിച്ച് സംസാരിക്കുമ്പോൾ പോലും, അവൻ ദൈവത്തിന്റെ പ്രവർത്തനത്തെ പുനർവ്യാഖ്യാനിക്കാൻ ശ്രമിക്കുന്നവനായി ചിത്രീകരിക്കപ്പെട്ടു. ഇതോടെ ശാസ്ത്രീയ കണ്ടെത്തലുകൾ ദൈവശാസ്ത്രവിരുദ്ധമാണോ എന്ന ചോദ്യം, യാഥാർത്ഥത്തിൽ സഭയുടെ അധികാരത്തെ ചോദ്യം ചെയ്യുന്നുണ്ടോ എന്ന രാഷ്ട്രീയ – അധികാര ചോദ്യമായി മാറുകയായിരുന്നു.
ഇതിനോട് വിരുദ്ധമായി, ഇസ്ലാമിക ജ്ഞാനപാരമ്പര്യത്തിൽ ശാസ്ത്രീയ കണ്ടെത്തലുകൾ ദൈവശാസ്ത്രത്തിന്റെ പരിധി കവർന്നെടുക്കുന്ന അവകാശവാദങ്ങളായി പൊതുവെ വായിക്കപ്പെട്ടിരുന്നില്ല. കാരണം, ലോകം എങ്ങനെ പ്രവർത്തിക്കുന്നു എന്നത് വിശദീകരിക്കുക ശാസ്ത്രത്തിന്റെ അധികാരപരിധിയിലും, ലോകം എന്താണ്, എന്തിനാണ് എന്നത് നിർവചിക്കുക ദൈവശാസ്ത്രത്തിന്റെ അധികാരപരിധിയിലുമാണ് എന്ന വ്യത്യാസം ഇസ്ലാമിക ചിന്തയിൽ വ്യക്തമായിരുന്നു. ഉദാഹരണത്തിന്, ആകാശ ഗോളങ്ങളുടെ ചലനത്തെ ഗണിത – ജ്യോതിശാസ്ത്ര നിയമങ്ങളിലൂടെ വിശദീകരിച്ച മുസ്ലിം ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകൾ ഉണ്ടായപ്പോൾ “ഇനി ദൈവത്തിന് ഇതിൽ പങ്കില്ല” എന്ന നിഗമനത്തിലേക്ക് മുസ്ലിം ചിന്താ ലോകം സ്വാഭാവികമായി വഴുതിപ്പോയില്ല. കാരണം, ആ നിയമങ്ങൾ തന്നെ ദൈവിക ഇച്ഛയുടെ സ്ഥിരതയുള്ള പ്രകടനങ്ങളായി (regularities) മനസ്സിലാക്കാനുള്ള ദൈവശാസ്ത്ര ചട്ടക്കൂട് മുസ്ലിം ലോകത്ത് നിലവിലുണ്ടായിരുന്നു.
ക്രിസ്ത്യൻ മുസ്ലിം ലോകത്തെ ശാസ്ത്രീയ അന്വേഷണ വിഷയങ്ങളിൽ സമാനത ഉണ്ടാകുമ്പോഴും അതിന്റെ ദൈവശാസ്ത്രപരമായ വായനയിൽ വലിയ വ്യത്യാസം ഉണ്ടായിരുന്നതായി കാണാവുന്നതാണ്. കൂടാതെ ക്രിസ്ത്യൻ പാരമ്പര്യത്തിൽ ശാസ്ത്രം മുന്നോട്ടുവച്ച ചില വിശദീകരണങ്ങൾ, ദൈവത്തിന്റെ പ്രവർത്തനത്തെ “പ്രകൃതിനിയമങ്ങളിലേക്ക് ചുരുക്കുന്നു” എന്ന ആരോപണത്തിന് വിധേയമായപ്പോൾ, മുസ്ലിം ലോകത്ത്, അതേ ശാസ്ത്രീയ വിശദീകരണങ്ങൾ ദൈവത്തിന്റെ സർവാധിപത്യത്തെ ഇല്ലാതാക്കുന്നില്ല, മറിച്ച് അതിന്റെ ക്രമബദ്ധതയെ വെളിപ്പെടുത്തുന്നതായി തന്നെ വായിക്കപ്പെടുകയും ചെയ്തു. ഇതിനർത്ഥം ശാസ്ത്രത്തെ ഇസ്ലാമിക പാരമ്പര്യം പൂർണമായി ദൈവശാസ്ത്രത്തിന്റെ കീഴിലാക്കി എന്നതല്ല. മറിച്ച്, ശാസ്ത്രത്തിന്റെ സ്വതന്ത്രമായ അന്വേഷണ സ്വഭാവത്തെ അംഗീകരിച്ചുകൊണ്ട് തന്നെ, അതിന് അതിഭൗതിക അവകാശവാദങ്ങൾ ഉന്നയിക്കാൻ അനുവദിക്കാത്ത ഒരു ജ്ഞാനശാസ്ത്രപരമായ ബാലൻസ് അവിടെ നിലനിന്നിരുന്നു എന്ന് സാരം. അതുകൊണ്ടാണ് മുസ്ലിം ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകൾ പലപ്പോഴും ദൈവശാസ്ത്രപരമായ സാധുത നഷ്ടപ്പെടുത്താതെ തന്നെ സ്വീകരിക്കപ്പെട്ടത്. ചുരുക്കത്തിൽ, ശാസ്ത്രത്തിന്റെ കണ്ടെത്തലുകൾ പ്രശ്നമായിരുന്നില്ല; ആ കണ്ടെത്തലുകൾ “ദൈവത്തെ വിശദീകരിക്കുകയാണോ, അതോ ലോകത്തെ വിശദീകരിക്കുകയാണോ “എന്ന ചോദ്യമാണ് നിർണായകമായ വ്യത്യാസം സൃഷ്ടിച്ചത്. ഈ വ്യത്യാസം വ്യക്തമായി തിരിച്ചറിഞ്ഞതിനാലാണ്, ശാസ്ത്ര – ദൈവശാസ്ത്ര സംഘർഷം ഇസ്ലാമിക പാരമ്പര്യത്തിൽ ഘടനാപരമായി വളരാതിരുന്നതും, ക്രിസ്ത്യൻ പാരമ്പര്യത്തിൽ അത് ദീർഘകാല അധികാരസംഘർഷമായി മാറിയതും.
ആധുനിക ശാസ്ത്രം മതവുമായി ഏറ്റുമുട്ടിയാണ് വളർന്നത് എന്നൊരു ധാരണ ഇന്നത്തെ പൊതുബോധത്തിൽ ശക്തമായി നിലനിൽക്കുന്നുണ്ട്. എന്നാൽ യൂറോപ്യൻ ചരിത്രത്തെ സൂക്ഷ്മമായി പരിശോധിക്കുമ്പോൾ, ഈ ധാരണ പൂർണ്ണമായും ശരിയല്ലെന്ന് മനസ്സിലാക്കാൻ സാധിക്കും. ശാസ്ത്രം മതത്തിൽ നിന്ന് പുറത്തേക്കുള്ള ഒരു പൂർണ്ണവിരാമത്തിലൂടെയോ, മതവിരുദ്ധമായ ഒരു വിപ്ലവത്തിലൂടെയോ മാത്രമല്ല വളർന്നത്. മറിച്ച്, മതവുമായി സംവദിച്ചുകൊണ്ടും പലപ്പോഴും മതത്തിനകത്ത് നിന്നുകൊണ്ടുമാണ് യൂറോപ്പിലും ഏഷ്യയിലും ആഫ്രിക്കയിലും ആധുനിക ചിന്താപദ്ധതികൾ രൂപപ്പെട്ടത്. പ്രശ്നം ശാസ്ത്രം മതത്തോട് എതിരായിരുന്നോ എന്നതല്ല; മറിച്ച്, ഏത് മതപരമായ ദൈവശാസ്ത്ര ഘടനയ്ക്കുള്ളിലാണ് ശാസ്ത്രം വികസിച്ചത് എന്നതാണ്.
ക്രിസ്ത്യൻ യൂറോപ്യൻ സാഹചര്യത്തിൽ, ശാസ്ത്രവും ദൈവശാസ്ത്രവും തമ്മിലുള്ള സംഘർഷങ്ങൾ അറിവിന്റെ ഉള്ളടക്കത്തെക്കുറിച്ചുള്ള തർക്കങ്ങൾ മാത്രമായിരുന്നില്ല. അവ പ്രധാനമായും അറിവിന്റെ അർത്ഥവും പരിധിയും നിർവചിക്കാനുള്ള അധികാരം ആരുടെ കൈയ്യിലാണെന്നതിനെച്ചൊല്ലിയുള്ള സംഘർഷങ്ങളായിരുന്നു. സഭ ദൈവവും ലോകവും തമ്മിലുള്ള ബന്ധത്തെ തുടർച്ചയായ ഒരു ontological ഘടനയായി വായിച്ചപ്പോൾ, പ്രകൃതിയെക്കുറിച്ചുള്ള ശാസ്ത്രീയ വിശദീകരണങ്ങൾ ദൈവത്തിന്റെ പ്രവർത്തനത്തെക്കുറിച്ചുള്ള ഔദ്യോഗിക വ്യാഖ്യാനങ്ങളുമായി നേരിട്ട് ഏറ്റുമുട്ടാൻ തുടങ്ങി.
ഈ ചരിത്രപരമായ പശ്ചാത്തലത്തിലാണ് മധ്യകാലഘട്ടത്തിലും അതിന് ശേഷവും ശാസ്ത്രീയ കണ്ടുപിടിത്തങ്ങൾ എങ്ങനെ വ്യത്യസ്തമായി സ്വീകരിക്കപ്പെട്ടു എന്ന ചോദ്യം പ്രസക്തമാകുന്നത്. ഈ ചരിത്രപരമായ യഥാർത്യത്തെ മറച്ചുവെച്ച്കൊണ്ട്, ശാസ്ത്രം മതത്തെ മറികടന്നാണ് വളർന്നത് എന്ന ലളിതമായ കഥ പിന്നീട് ആധുനിക യൂറോപ്യൻ സെക്യുലർ യുക്തിയുടെ ഒരു കേന്ദ്രവാദമായി മാറുകയായിരുന്നു. എന്നാൽ ആധുനിക സെക്യുലർ യുക്തിയാകട്ടെ പൂർണ്ണമായും നിഷ്പക്ഷമായ ചിന്താപദ്ധതിയുമല്ല; മറിച്ച്, ഒരു പ്രത്യേക ദൈവശാസ്ത്ര ചരിത്രത്തിൽ നിന്ന് രൂപപ്പെട്ട അറിവിന്റെ പൈതൃകമാണ്. ശാസ്ത്രവും യുക്തിയും മതത്തിൽ നിന്ന് മോചിതമായതായി തോന്നുന്ന നിമിഷം മുതൽ തന്നെ, അവ മറ്റൊരു രൂപത്തിലുള്ള ദൈവശാസ്ത്ര അധികാരത്തിന്റെ ഭാഷയായി പ്രവർത്തിച്ചു..
ചുരുക്കത്തിൽ, ശാസ്ത്രവും മതവും തമ്മിലുള്ള ബന്ധത്തെ “എറ്റുമുട്ടൽ” എന്ന ഏകദ്വന്ദ്വത്തിലേക്ക് ചുരുക്കുന്ന ആധുനിക പൊതുബോധം, ചരിത്രപരമായ സങ്കീർണ്ണതകളെ മറച്ചുവെക്കുന്ന സമീപനമാണ്. ശാസ്ത്രം മതത്തിൽ നിന്ന് പൂർണ്ണമായി വേർപെട്ടുകൊണ്ടോ, മതവിരുദ്ധമായ ഒരു ശുദ്ധവിപ്ലവത്തിലൂടെയോ മാത്രം വളർന്നുവെന്ന വാദം, യൂറോപ്യൻ ചരിത്രത്തിലും അതിനു പുറത്തുള്ള ബൗദ്ധിക പാരമ്പര്യങ്ങളിലും നിലനിൽക്കുന്ന യാഥാർഥ്യങ്ങളോട് പൊരുത്തപ്പെടുന്നില്ല. മറിച്ച്, ശാസ്ത്രീയ ചിന്തകൾ രൂപപ്പെട്ടത് ഏത് ദൈവശാസ്ത്ര ഘടനയ്ക്കുള്ളിലാണെന്നതും, ആ ഘടനകൾ അറിവിന്റെ അർത്ഥവും അധികാരവും എങ്ങനെ ക്രമീകരിച്ചുവെന്നതുമാണ് നിർണായകമായ വ്യത്യാസങ്ങൾ സൃഷ്ടിച്ചത്.
ഈ പശ്ചാത്തലത്തിൽ, ആധുനിക സെക്യുലർ യുക്തി മതത്തിന്റെ അഭാവത്തിൽ ജനിച്ച ഒരു നിഷ്പക്ഷ ചിന്താപദ്ധതിയല്ല എന്നും, മറിച്ച്, ക്രിസ്ത്യൻ ദൈവശാസ്ത്ര പാരമ്പര്യത്തിൽ രൂപപ്പെട്ട ജ്ഞാനാധികാര ഘടനകളുടെ ഒരു പരിവർത്തിത രൂപമാണ് അതെന്നും മനസ്സിലാക്കാൻ സാധിക്കും. അഥവാ ശാസ്ത്രം ദൈവശാസ്ത്രത്തിന്റെ നിയന്ത്രണങ്ങളിൽ നിന്ന് പുറത്തുവന്നതായി ആധുനിക മതേതരത്വത്തിന്റെ ഘട്ടത്തിൽ വായിക്കപ്പെട്ടുവെങ്കിലും, യാഥാർഥ്യത്തിൽ ദൈവശാസ്ത്ര അധികാരം തന്നെ മറ്റൊരു ആശയഭാഷയിൽ പുനഃസംഘടിപ്പിക്കുന്ന രീതിയിലേക്ക് മാറുകയായിരുന്നു.
അതിനാൽ, ശാസ്ത്ര – മത ബന്ധത്തെ മനസ്സിലാക്കാനുള്ള യഥാർത്ഥ ചോദ്യമെന്നത് “ശാസ്ത്രം മതത്തെ മറികടന്നോ?” എന്നതല്ല; മറിച്ച്, അറിവിനെ ആരാണ് നിർവചിക്കുന്നത്, ഏത് ദൈവശാസ്ത്ര – രാഷ്ട്രീയ ഘടനകളാണ് ശാസ്ത്രത്തിന് അർത്ഥവും പരിധിയും നൽകുന്നത് എന്നതിനെക്കുറിച്ചുള്ള വിമർശനപരമായ അന്വേഷണം തന്നെയാകണം.
(അവസാനിച്ചു.)








