Campus Alive

പോപ്പ് ബെനഡിക്ട് പതിനാറാമൻ 2006-ലെ തന്റെ റീഗൻസ്ബർഗ് ലക്ചറിൽ നിർബന്ധിത മതപരിവർത്തനത്തെകുറിച്ച് പരാമർശിക്കുമ്പോൾ ഇപ്രകാരം പറയുന്നുണ്ട്. “യുക്തിയിൽ അധിഷ്ഠിതമായി പ്രവർത്തിക്കാതിരിക്കുക എന്നത് ദൈവിക പ്രകൃതത്തിന് വിരുദ്ധമാണ്”. ഈ പ്രസ്താവനയെ മുൻ നിർത്തി തിയഡർ കൗരി നിരീക്ഷിക്കുന്നത് ക്രിസ്ത്യാനിറ്റി ഗ്രീക്ക് യുക്തിയുമായി ബന്ധപ്പെട്ട് പോകുന്നുവെങ്കിൽ, ഇസ്ലാം അതിൽ നിന്ന് വ്യത്യസ്തമായി ദൈവമെന്ന ‘യുക്തിക്കതീതമായ സങ്കൽപ്പത്തെ’ മുൻനിർത്തി രൂപപ്പെടുന്നത് കൊണ്ട് തന്നെ അതൊരു വയലന്റ് ആയ പ്രത്യയശാസ്ത്രമാണ് എന്നാണ്.

Pope Benedict XVI

ഈ പ്രസ്താവനയെ സൂക്ഷ്മമായി പരിശോധിച്ചാൽ ഇസ്ലാമിൻറെയോ ക്രിസ്ത്യാനിറ്റിയുടെയോ ദൈവശാസ്ത്രം എന്നതിനേക്കാൾ അതിൻറെ സ്വഭാവത്തിനാണ് (യുക്തിയുമായുള്ള ബന്ധം) അദ്ദേഹം പ്രാധാന്യം നൽകുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കും. അതായത് അദ്ദേഹം ഇസ്ലാമിനെ വയലൻസുമായി കൂട്ടിക്കെട്ടുന്നതും ക്രിസ്ത്യാനിറ്റിയെ സാധൂകരിക്കുന്നതും യുക്തിയെ മുൻനിർത്തിയാണ്.

ഇതിലൂടെ അദ്ദേഹം ക്രിസ്ത്യാനിറ്റിയെ പ്രതിരോധിക്കാൻ ശ്രമിക്കുന്നത് യുക്തിയെന്നതിന് മുൻഗണന നൽകികൊണ്ടാണ്. എങ്ങനെയാണിവിടെ യുക്തിക്ക് തിയോളജിയേക്കാൾ മുൻഗണന കൈവരുന്നത് എന്ന ചോദ്യം പ്രസക്തമാണ്. ഒരുകാലത്ത് പല സാമ്രാജ്യങ്ങളുടെയും അധികാരികളായി വർത്തിച്ചിരുന്ന ക്രിസ്ത്യാനിറ്റിക്ക് എന്തുകൊണ്ടാണ് ഈ രീതിയിൽ യുക്തിയെ അതിൻ്റെ സ്വയം സാധൂകരണത്തിനായി ഉപയോഗിക്കേണ്ടി വരുന്നത്? ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനാണ് ഞാൻ ഇവിടെ ശ്രമിക്കുന്നത്.

യുക്തി എന്നത് വളരെ വ്യാപ്തിയുള്ളതും മനുഷ്യ ചിന്തയുമായി വളരെയധികം ബന്ധപ്പെട്ട് കിടക്കുന്നതുമായ ഒരു ആശയമാണ്. ചിന്തിക്കുകയെന്നാൽ മനുഷ്യ സഹജവും, അവൻറെ ദൈനംദിന പ്രക്രിയകളിൽ സ്വാധീനം ചെലുത്തുന്നതുമായ ഒന്നാണ്. ഈ ചിന്തയാണ് അവൻറെ അഭിപ്രായങ്ങളെയും ന്യായ, അന്യായങ്ങളെയും നിർണയിക്കുന്നത്.

എന്നാൽ ചിന്തയെ യുക്തി (reason) കേന്ദ്രീകൃതമായ ചിന്തയിലേക്ക് കൊണ്ടു വരുമ്പോൾ അതിന് തെളിവുകളെ മുൻനിർത്തിയുള്ള പരീക്ഷണ-നിരീക്ഷണങ്ങളിലൂടെയും, ഏകീകൃത പ്രവർത്തനങ്ങളുടെയും വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോകേണ്ടതായി വരുന്നു. ഈ രീതിയിലുള്ള ചിന്താ പ്രക്രിയയാണ് ശാസ്ത്രം മുന്നോട്ടുവെക്കുന്നത്. ഗണിതശാസ്ത്രത്തിലെ റീസണിങ്, ലോജിക് എന്നീ രണ്ടു ശാഖകളാണ് യുക്തിയുടെ പ്രധാന അടിസ്ഥാനങ്ങളായി വർത്തിക്കുന്നത്.

മുമ്പ് സൂചിപ്പിച്ച, ബെനഡിക്റ്റിൻ്റെ പ്രസ്താവനയെ മുൻനിർത്തി ദൈവശാസ്ത്രത്തിൻ്റെ അധികാരലബ്ധിക്കായി യുക്തി എങ്ങനെ ഉപയോഗിക്കപ്പെട്ടു എന്ന് പരിശോധിക്കേണ്ടതുണ്ട്. അതിനായി യുക്തിയുടെ അടിസ്ഥാനങ്ങൾ ഉൾകൊള്ളുന്ന ഗണിതശാസ്ത്രവും, അതിന് ദൈവശാസ്ത്രവുമായുള്ള ബന്ധവും , കാലാന്തരം ഈ ബന്ധത്തിന് കൈവന്ന മാറ്റങ്ങളും, അതുമൂലം ഗണിതശാസ്ത്രത്തിന് ദൈവശാസ്ത്രത്തിന് മേൽ കൈവന്ന അധികാരത്തെ കുറിച്ചും വിശദീകരിക്കാം എന്നാണ് കരുതുന്നത്.

തിയോളജിയും ഗണിതശാസ്ത്രവും

റഷ്യക്കാരനായ വ്ലാഡിസ്ലാവ് ശപോഷ്‌നിക്കോവ് രണ്ട് ഭാഗങ്ങളിലായി പ്രസിദ്ധീകരിച്ച തൻ്റെ “Theological Underpinnings of Modern Philosophy of Mathematics” എന്ന പഠനത്തിൽ, ആധുനിക ഗണിത തത്ത്വശാസ്ത്രത്തിൽ എത്രമാത്രം ദൈവശാസ്ത്ര സ്വാധീനമുള്ളടങ്ങിയിരിക്കുന്നു എന്ന് വിശദീകരിക്കുന്നുണ്ട്.

Iamblichus

പുരാതന മധ്യകാല ചിന്തകളിൽ എപ്പോഴും ഗണിത ശാസ്ത്രം ദൈവശാസ്ത്രവുമായി ബന്ധപ്പെടുത്തി പറയുന്നത് കാണുവാൻ സാധിക്കും. ഉദാഹരണത്തിന്, നിയോ പ്ലാറ്റോണിസ്റ്റ് ചിന്തകനായ അയാംബ്ലീക്കസ് സംഖ്യകളെ ദൈവങ്ങളുമായി ബന്ധപ്പെടുത്തുന്നുണ്ട്. ഇതിനെത്തുടർന്ന് ക്രിസ്ത്യൻ പാരമ്പര്യത്തിൽ ദൈവികസൃഷ്ടി-പരിപാലന ക്രമത്തെ മാത്തമാറ്റിക്കൽ ഹാർമണി (അഥവാ പാറ്റേണുകളിലൂടെയും റിലേഷൻഷിപ്പുകളിലൂടെയും ആണ് ലോകക്രമം നിലനിൽക്കുന്നത് എന്ന വാദം) യുമായി പലരും ബന്ധപ്പെടുത്തുകയും ചെയ്യുന്നുണ്ട്. കൂടാതെ മധ്യകാല ചിന്തകരായ എറിയുജെനയും ഓട്ലോയും ഒക്കെ സംഖ്യകളെ അതിമാനുഷിക യാഥാർത്ഥ്യങ്ങളുമായി ബന്ധിപ്പിച്ച് “മാത്തമാറ്റിക്കൽ എയ്ഞ്ചലോളജി” എന്ന പഠന മേഖലയിലേക്ക് കടക്കുന്നതും കാണാം. ചുരുക്കി പറഞ്ഞാൽ, ദൈവം ഈ ലോകത്തെ സൃഷ്ടിച്ചത് ഗണിതശാസ്ത്ര തത്വങ്ങൾ ഉപയോഗിച്ചാണ് എന്നൊരാഖ്യാനം പ്ലാറ്റോ മുതൽ ആദ്യകാല ആധുനിക ചിന്തകരായ കെപ്ലർ, ഗലീലിയോ, ഡെക്കാർതെ എന്നിവർ വരെ അംഗീകരിച്ചിരുന്ന തത്വമായിരുന്നു.

ഇതിനുശേഷം 19 ആം നൂറ്റാണ്ടിലാണ് സെകുലറൈസേഷൻ സംഭവിക്കുന്നതും ഭൗദ്ധിക ചിന്തയിൽ ദൈവശാസ്ത്രത്തിൻ്റെ സ്വാധീനം ഇല്ലാതാവുകയും ചെയ്യുന്നത്. അതിൻറെ വ്യക്തമായ ഒരു ഉദാഹരണമാണ് അഗസ്റ്റ് കോംറ്റെ തൻറെ ശാസ്ത്ര വിഷയങ്ങളുടെ ക്രമീകരണത്തിൽ അത്രയും കാലം ഏറ്റവും ഉയർന്ന പദവിയിലിരുന്ന ദൈവശാസ്ത്രത്തെ മാറ്റി പകരം ഗണിതശാസ്ത്രത്തെ ഏറ്റവും ഉയർന്ന ശാസ്ത്രീയ വിജ്ഞാനം ആയി പ്രതിഷ്ഠിക്കുന്നത്. ഈ മാറ്റം പ്രതീക്ഷിതമായിരുന്നെങ്കിലും അത് ഗണിത ശാസ്ത്രത്തിന് പല വെല്ലുവിളികളും ഉയർത്തുന്നുണ്ട്. സ്വാഭാവികമായും അത്രയും നാൾ ദൈവശാസ്ത്രത്തിൻ്റെ സവിശേഷതയായി ആളുകൾ കരുതിയിരുന്ന അബ്സല്യൂട്ട്നെസ്സ്, (സമ്പൂർണ്ണത), യൂണിവേഴ്സാലിറ്റി (സാർവത്രികത), ഇൻഫാലിബിലിറ്റി (അനിഷേധ്യകത) എന്നിവ ഗണിതശാസ്ത്രത്തിന് തെളിയിക്കേണ്ടതായി വരുന്നു.

Auguste Comte

ഈ സന്ദർഭത്തിലാണ് “പോപ്പുലർ ഫിലോസഫി ഓഫ് മാത്തമാറ്റിക്സ്” എന്ന ആശയം ഉയർന്നുവരികയും ഗണിതശാസ്ത്രത്തിൽ നിന്ന് ദൈവശാസ്ത്രത്തെ മാറ്റി സ്ഥാപിക്കാനായി അഞ്ച് അടിസ്ഥാന സ്വഭാവങ്ങൾ ഗണിതശാസ്ത്രത്തിനുള്ളതായി വിശദീകരിക്കുകയും ചെയ്യുന്നത്. അവ ഇങ്ങനെയാണ്;

1. ഗണിതശാസ്ത്രം തീർച്ചയുള്ളതും (Certain) തെറ്റില്‍ നിന്നു മുക്തമായതുമാണ് (Infallible).

2. അത് അനിവാര്യവും, സാർവത്രികമായും (Universal) സാധുതയുള്ളതുമാകുന്നു.

3. സ്ഥിരവും കണിശതയുമുള്ളതാണ്.

4. സ്വതന്ത്രവും (Free) സ്വേച്ഛാപരവുമാണ് (Autonomous).

5. അത് സാർവലൗകികമായി പ്രയോഗക്ഷമമാണ്. (universally applicable).

പോപ്പുലർ ഫിലോസഫിയിൽ ഗണിതശാസ്ത്രത്തിൻ്റെതായി വിശദീകരിക്കുന്ന ഈ അഞ്ചു തത്ത്വങ്ങൾ യഥാർത്ഥത്തിൽ ദൈവശാസ്ത്രത്തോട് കിടപിടിക്കാൻ കഴിയുന്ന ഒന്നാണ് ഗണിതശാസ്ത്രം എന്ന് സ്ഥാപിക്കാനായി രൂപപ്പെട്ടതാണെന്ന അഭിപ്രായം ചരിത്രത്തിൽ നിന്ന് വായിച്ച് എടുക്കാൻ സാധിക്കും. അതിനാൽ തന്നെ പത്തൊമ്പതാം നൂറ്റാണ്ടാവുന്നതോടെ മുകളിൽ പറഞ്ഞ പല തത്ത്വങ്ങളും വെല്ലുവിളിക്കപ്പെടുന്നുണ്ട്. ഗണിതശാസ്ത്രം സമ്പൂർണ്ണമാണെന്ന് പറയുമ്പോഴും അതിന് ദൈവശാസ്ത്രത്തിന് ഒരുകാലത്ത് ലഭിച്ചിരുന്ന അടിസ്ഥാന സ്വീകാര്യത നിലവിൽ കൈവന്നിരുന്നില്ലെന്നതാണ് ഇത്തരമൊരു പ്രതിസന്ധിയുടെ പ്രധാന കാരണങ്ങളിലൊന്ന്.

ഗണിതശാസ്ത്രം സാർവത്രികമായി ഉപയോഗിക്കാൻ കഴിയുമെന്ന വാദം എളുപ്പത്തിൽ തെളിയിക്കാൻ കഴിഞ്ഞിരുന്നില്ല (ഗണിതശാസ്ത്ര തത്ത്വങ്ങൾക്കനുസൃതമായ നിബന്ധനകൾ പ്രാവർത്തികലോകത്ത് സാധ്യമാക്കുന്നതിൻ്റെ പരിമിതികൾ അതിൻറെ പ്രായോഗികതയെ പരാജയപ്പെടുത്തുകയോ, പൂർത്തിയാക്കാൻ കഴിയാത്തതോ ആയി മാറ്റി) എന്നതാണ് അത് വെല്ലുവിളിക്കപ്പെട്ടിരുന്നതിൻ്റെ മറ്റൊരു കാരണം. ഈ വെല്ലുവിളികൾ ഗണിതശാസ്ത്രത്തെ ദാർശനിക പിരിമുറുക്കങ്ങളിലേക്ക് നയിക്കുകയും പ്യുവർ മാത്തമാറ്റിക്സ് എന്നതിനെ അനുഭവവേദ്യമായതും (Empirical) ദൈവികവുമായ അടിത്തറകളിൽ നിന്ന് വ്യത്യസ്തമായി നിലനിർത്തുകയും ചെയ്തു. എന്നാൽ ഇരുപതാം നൂറ്റാണ്ടിലേക്ക് വരുമ്പോൾ, ഗണിതശാസ്ത്രത്തിന്റെ ഈ രീതിയിലുള്ള അബ്സ്ട്രാക്ഷൻ സൃഷ്ടിച്ച അനിശ്ചിതത്വങ്ങൾക്ക് പരിഹാരം കാണാൻ പലതരം മുന്നേറ്റങ്ങൾ (ലോജിസിസം – റസൽ, ഫോർമലിസം – ഹിൽബർട്ട്, intuitionism – ബ്രൂവർ , എന്നിവ ഉദാഹരണം, ഉയർന്ന് വന്നു.)

ഇവിടെയാണ് ഷാപ്പോശ്നിക്കോവിൻ്റെ വാദം ഉയർന്ന് വരുന്നത്; അതായത് സെക്കുലറൈസേഷനിലൂടെ ഗണിതശാസ്ത്രത്തിന്റെ ഉയർച്ചയ്ക്ക് ശേഷവും ദൈവശാസ്ത്രവുമായി താരതമ്യപ്പെടുത്തി അതിൻറെ സമ്പൂർണ്ണതയെയും, നിസ്സംശയത്തെയും സംബന്ധിച്ച് നിരന്തരം ചോദ്യം ചെയ്യപ്പെടുകയുണ്ടായി. ഈ അനിശ്ചിതത്വങ്ങളെ പരിഹരിക്കാൻ ഉയർന്നുവന്ന മുന്നേറ്റങ്ങളിൽ പോലും വ്യക്തമായ ദൈവശാസ്ത്ര സ്വാധീനങ്ങൾ കണ്ടെത്താൻ കഴിയുന്നു.

Bertrand Russell

അതായത്, ബർത്രാന്റെ റസ്സൽ മുന്നോട്ടുവെക്കുന്ന ലോജിസിസം ഗണിതശാസ്ത്രത്തെ ആത്യന്തികമായതും അചഞ്ചലവുമായ ഒരു വ്യവസ്തയായി മുന്നോട്ടുവെക്കുന്നു. എന്നാൽ ഹിൽബർട്ടിൻ്റെ ഫോർമലിസം ദൈവശാസ്ത്രപരമായ തീർച്ചയ്ക്ക് പകരം മനുഷ്യൻറെ യുക്തിയുടെ ശക്തിയെ ഒരു മതവിശ്വാസം എന്ന രീതിയിലാണ് മനസ്സിലാക്കുന്നത്. മൂന്നാമത്തെ പ്രധാനപ്പെട്ട മുന്നേറ്റമായ Intuitionism ഇതിൽ നിന്നും വളരെ വ്യത്യസ്തമായിരുന്നു. അത് മിസ്റ്റിസിസത്തിൽ ഊന്നി നിൽക്കുന്ന ഒന്നാണ്. ക്ലാസിക്കൽ ലോജിക്കിനെ ഉപേക്ഷിക്കുകയും പകരം സമയത്തിന്റെ ആന്തരികവും, ആത്മനിഷ്ഠവുമായ അടിസ്ഥാനത്തിൽ ഉറച്ചുനിന്ന ഒന്നായാണ് ബ്രോവർ Intutionism ത്തെ വിശദീകരിക്കുന്നത്. ഉദാഹരണത്തിന്, ക്ലാസിക്കൽ മാത്തമാറ്റിക്സിൽ ഗണിത സത്യങ്ങൾ സ്വതന്ത്രമായി നിലകൊള്ളുന്നതാണ് (ഒരുകാലത്ത് തിയോളജി നിലകൊണ്ടിരുന്നത് പോലെ) എന്നാൽ ഇൻ്റുഷനിസത്തിൽ അത് ചലനാത്മകവും വികാസക്ഷമവും ആണ്. മനുഷ്യൻ അവൻറെ ആന്തരികമായതും വ്യക്തിപരവുമായ അനുഭവങ്ങളിലൂടെ സത്യത്തെ കണ്ടെത്തുന്ന ഒരു രീതി ആയത് കൊണ്ടുതന്നെ ഇതിനെ mysticism വുമായി താരതമ്യം ചെയ്യാൻ സാധിക്കും. ഇങ്ങനെ തൻ്റെ തുടർ പഠനങ്ങളിലൂടെ ബ്രോവർ intuitionism എത്രത്തോളം ദൈവശാസ്ത്രപരമായാണ് വികസിപ്പിച്ചിരിക്കുന്നതെന്ന് കാണുവാൻ സാധിക്കും.

ഇങ്ങനെ നോക്കുമ്പോൾ, ആധുനിക ഗണിതശാസ്ത്രത്തിൽ ദൈവശാസ്ത്ര സ്വാധീനമുള്ളടങ്ങിയിരിക്കുന്നു എന്ന ശപോഷ്‌നിക്കോവ് ൻ്റെ വാദം ശരിയാണെങ്കിലും ഇവിടെ അധികാരം ആർക്കാണ് കൈവരുന്നതെന്ന പ്രശ്നം ബാക്കിനിൽക്കുന്നു. ദൈവശാസ്ത്രത്തിന് മേൽ കൈയുണ്ടായിരുന്ന കാലത്ത് അതിൻ്റെ പിൻബലത്തിനായാണ് ഗണിതശാസ്ത്രത്തെ ഉപയോഗിച്ചതെങ്കിൽ, സെക്കുലറൈസേഷനു ശേഷം ദൈവശാസ്ത്ര മേൽകോയ്മയ നഷ്ടപ്പെട്ടപ്പെടുകയും, ഗണിതശാസ്ത്രം സ്വയമൊരു അധികാര ശക്തിയായി മാറുകയുമാണ് ചെയ്യുന്നത്. അതായത് പോപ്പ് ബെനഡിക്ടിന് , യുക്തി എന്നാൽ ക്രിസ്ത്യൻ തിയോളജിയെ സാധൂകരിക്കാനുള്ള അതോറിറ്റിയായി കണക്കാക്കാൻ പ്രേരിപ്പിക്കുന്നത് സെക്കുലറൈസേഷനു ശേഷം ഗണിതശാസ്ത്രത്തിന് കൈവന്ന അധികാരത്ത മുൻനിർത്തിയാണ്. അല്ലെങ്കിൽ അത്തരമൊരു ‘ ധാരണയെ അറിഞ്ഞോ അറിയാതെയോ അംഗീകരിക്കുകയാണ് അദ്ദേഹം.

ഇമാം ഗസ്സാലിയും ഗണിതശാസ്ത്രവും

ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ട് വളരെയധികം വ്യവഹാരങ്ങൾ നടത്തിയ ഒരു പാരമ്പര്യമാണ് ഇസ്ലാമിന് ഉള്ളത്. ഇസ്ലാമിൻറെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്ന എട്ടാം നൂറ്റാണ്ടു മുതൽ പതിമൂന്നാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടത്തിൽ മുസ്ലിം പണ്ഡിതന്മാർ നൽകിയ പ്രയോഗ തലത്തിലുള്ള സംഭാവനകൾ ചർച്ചചെയ്യപ്പെടാറുണ്ടെങ്കിലും (ക്ലാസിക്കൽ ഗണിതശാസ്ത്ര ആശയങ്ങൾ പരിഭാഷപ്പെടുത്തി സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന് തുടങ്ങി ആൾജിബ്ര, ട്രിഗണോമെട്രി, ജ്യോമെട്രി, ക്യൂബിക് ഇക്വേഷൻസ് എന്നിവയിലൂടെ ഉള്ള നേട്ടങ്ങൾ വരെ) ഗണിതശാസ്ത്രത്തെ തത്വശാസ്ത്രവും ദൈവശാസ്ത്രവുമായും ബന്ധപ്പെട്ട അതിൻറെ ഇടപെടലുകൾ ചർച്ച ചെയ്യപ്പെടാറില്ല.

ഇസ്ലാമിക ദൈവശാസ്ത്രത്തിൽ (علم الكلام) സൃഷ്ടാവിനെയും പ്രപഞ്ചത്തെയും മനുഷ്യൻറെ സൃഷ്ടിപ്പിന്റെ ഉദ്ദേശത്തെയും മനസ്സിലാക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഈ അർത്ഥത്തിൽ ഇസ്ലാമിക ചിന്തകർ ഗണിതശാസ്ത്രത്തെ ദൈവിക ക്രമത്തെയും അതിന്റെ പരിപൂർണ്ണതയെയും മനസ്സിലാക്കാൻ ഉപയോഗിച്ചു പോന്നിരുന്നതായി കാണാൻ സാധിക്കും (സംഖ്യകൾ, അനുവാദങ്ങൾ, ജ്യാമിതീയ ശ്രേണികൾ എന്നിവ ഉപയോഗിച്ച്). തത്വചിന്തകരായ അൽ കിന്ദി, ഫാറാബി തുടങ്ങിയവർ ഗണിത ശാസ്ത്ര നിയമങ്ങൾ അതിഭൗതികതയുമായും നിലനിൽപ്പിന്റെ പ്രകൃതവുമായും ബന്ധിപ്പിച്ച് പറഞ്ഞുവെക്കുന്നത് സംഖ്യകളെ മനസ്സിലാക്കൽ സൃഷ്ടാവിനെ കുറിച്ചുള്ള ആഴത്തിലുള്ള മനസ്സിലാക്കലിന് സഹായകമാകും എന്നാണ്. ഇബ്നു റുഷ്ദ്, ഇബ്നു സീന, ഇമാം ഗസ്സാലി തുടങ്ങിയവർ ഈ ചർച്ചകളിൽ വ്യത്യസ്ത കാഴ്ചപ്പാടുകളോടെ ഇടപെട്ടിട്ടുള്ളവരാണ്.

ibn sina

അമേരിക്കൻ ആസ്ട്രോഫിസിസിസ്റ്റും എഴുത്തുകാരനുമായ നീൽ ഡിഗ്രേഴ്സ് ടൈസൺ , ഇസ്ലാമിൻറെ സുവർണ്ണ കാലത്തിനു വന്ന അപജയത്തെകുറിച്ച് പരാമർശിക്കുന്ന സന്ദർഭത്തിൽ ഇമാം ഗസ്സാലി ഗണിതത്തെയും ശാസ്ത്രത്തെയും പൈശാചിക വൃത്തിയെന്ന് (devil’s work) വിശേഷിപ്പിച്ചതായും, ഇമാം ഗസ്സാലിയാണ് ഇസ്ലാമിക ലോകത്തെ ശാസ്ത്രീയ പുരോഗമനത്തിൽ നിന്ന് തടഞ്ഞതെന്നും അവകാശപ്പെടുന്നുണ്ട്. ഇതിനെതിരെ പല ചരിത്രകാരന്മാരും പണ്ഡിതന്മാരും രംഗത്ത് വരികയും ഇമാം ഗസ്സാലിയുടെ വാക്കുകൾ വളച്ചൊടിച്ചതായും തെറ്റായ ചരിത്രമാണ് നടത്തുന്നതെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇമാം ഗസ്സാലിയുടെ എഴുത്തുകൾ പരിശോധിക്കുമ്പോൾ അദ്ദേഹത്തെ ഇങ്ങനെ ഒരു വൈജ്ഞാനിക പാരമ്പര്യത്തിന്റെ അന്തകനായും, ശാസ്ത്ര വിരുദ്ധനായി ചിത്രീകരിക്കുകയും ചെയ്യുന്നതിന്റെ കാരണം, ശാസ്ത്രത്തിൻ്റെയും , ഗണിതത്തിൻ്റെയും അധികാരത്തെ ചോദ്യം ചെയ്തിനാലാണെന്ന് കാണുവാൻ സാധിക്കും. സസൂക്ഷമം അദ്ദേഹത്തിൻറെ വാക്കുകളെ പരിശോധിച്ചാൽ ഗണിതശാസ്ത്രത്തെ തള്ളിപ്പറയുന്നതായി കാണാൻ കഴിയുകയുമില്ല. മാത്രമല്ല പ്രായോഗിക തലങ്ങളിൽ ഗണിതത്തിൻ്റെ ആവശ്യകതയെയും അത് നൽകുന്ന തീർപ്പിനെയും (certainity) ബഹുമാനിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ യുക്തിസഹമായ ഇത്തരം ഘടകങ്ങൾ ഇസ്ലാമിക വിശ്വാസകാര്യങ്ങളിൽ (തിയോളജിയിൽ) പ്രായോഗികവൽക്കരിക്കുന്നതിനെയാണ് അദ്ദേഹം വിമർശന വിധേയമാക്കുന്നത്.

ഇതിനൊരുദാഹരണം ഇമാം ഗസ്സാലി തൻ്റെ ഖുർആനിക് ലോജിക്കുകൾ വിശദീകരിക്കുന്ന സന്ദർഭത്തെ പരിശോധിച്ചാൽ കാണുവാൻ സാധിക്കും. تعاند (വൈരുദ്ധ്യത) تلازم (തുല്യത) ، تعادل (സന്തുലിതാവസ്ഥ) (تعادل الاوسط ، تعادل الاكبر ، تعادل اصغر) എന്നിങ്ങനെ അഞ്ച് ലോജിക്കുകൾ ഉപയോഗിച്ച് ഖുർആനിനെ ആഴത്തിൽ മനസ്സിലാക്കാൻ സാധിക്കും എന്ന് അദ്ദേഹം തൻറെ القسطاس المستقيم എന്ന പുസ്തകത്തിൽ വാദിക്കുന്നുണ്ട്. ഇവ ഉപയോഗിച്ച് അദ്ദേഹം ഖുർആനിനെ ഒരു വൈജ്ഞാനിക സ്രോതസായും സത്യത്തെ അനാവരണം ചെയ്യാനുള്ള ഒരു പ്രക്രിയയായും അവതരിപ്പിക്കുന്നുണ്ട്. എന്നാൽ ഗ്രീക്ക് യുക്തിയിൽ നിന്ന് അദ്ദേഹത്തിൻ്റെ ഖുർആനിക ലോജിക്കുകളെ വ്യത്യസ്തമാക്കുന്നത് അല്ലാഹുവിൻറെ പരമാധികാരമാണ്. അതായത് ഗ്രീക്ക് ലോജിക്കിനെ ഒരു അധികാരമായിക്കണ്ട് ഖുർആനിന്റെ വാക്കുകളെ പരിശോധിക്കുന്നതിന് പകരം ഖുർആനിലെ സത്യങ്ങളെ തന്റെ തൻറെ ലോജിക്കിന്റെ അടിസ്ഥാനമായി വെക്കുകയാണ് ഇമാം ഗസ്സാലി ചെയ്യുന്നത്. മറിച്ച് ഗ്രീക്ക് യുക്തിയെ അധികാരമായി കണ്ട് ദിവ്യത്വത്തെ അതിലൂടെ പരിശോധിക്കുന്നതിനെയാണ് പൈശാചിക പ്രവർത്തിയായി (പൈശാചിക യുക്തി) അദ്ദേഹം പരിചയപ്പെടുത്തുന്നത്.

മറ്റൊരു വാക്കിൽ പറഞ്ഞാൽ, ദൈവശാസ്ത്രത്തിനുമേൽ ഗണിതശാസ്ത്രത്തെയോ (ലോജിക്ക്, റീസണിംഗ്) തദടിസ്ഥാമാക്കിയുള്ള ശാസ്ത്ര വിഷയങ്ങളെയോ അഴിച്ചുവിടാൻ അദ്ദേഹം അനുവദിച്ചിരുന്നില്ല. മാത്രമല്ല, ദൈവശാസ്ത്ര പരിസരത്തേക്ക് അവയെ കൊണ്ടുവന്നാൽ ദൈവശാസ്ത്രം ദുർബലപ്പെടുമെന്ന് പോലും അദ്ദേഹം പ്രവചിക്കുന്നുണ്ട്. ഇമാം ഗസ്സാലി ഗണിത ശാസ്ത്രത്തെ ഏതൊരു കാരണത്തിനാണോ നിരുത്സാഹപ്പെടുത്തിയത്, അതുതന്നെയാണ് പോപ്പ് ബെനഡിക്ട് ദൈവശാസ്ത്രത്തിൻ്റെ സാധൂകരണത്തിനായി യുക്തിയെ അംഗീകരിക്കുന്നതിലും സമാന സമീപനം സ്വീകരിക്കുന്നവരിലും നമുക്ക് കാണുവാൻ കഴിയുന്നത്..

അമീൻ അഹ്‌സൻ