Campus Alive

ആത്മാവിൻറെ ഹിജ്റയെ കുറിച്ച്

‘ഡച്ചുകാരുടെ അടുക്കൽ ബുള്ളറ്റുകളുണ്ടെങ്കില്‍, നമ്മുടെ അടുക്കല്‍ പ്രാര്‍ഥനകളുണ്ട്. അവര്‍ പീരങ്കികളുമായി വരികയാണെങ്കില്‍, നാം വിശ്വാസവുമായി ഇറങ്ങുന്നു. അവര്‍ തൊടുത്തുവിടുന്ന ഓരോ പീരങ്കി ഉണ്ടക്കും മറുപടിയായി നാം അല്ലാഹു അക്ബര്‍ (ദൈവമാകുന്നു ഏറ്റവും ഉന്നതന്‍) എന്ന തക്ബീര്‍ മുഴക്കുന്നു’-

Teungku Chik di Tiro 

Teungku Chik di Tiro (മരണം.1891) സൂഫി പണ്ഡിതനും ഡച്ച് കോളനിവത്കരണത്തിനെതിരെ പോരാടിയ അക്കനീസ് (Acehnese) പ്രതിരോധമുന്നേറ്റത്തിൻറെ നേതാവും.

‘നിങ്ങളുടെ തോക്കുകള്‍ എന്റെ പേനയെക്കാള്‍ ഉയര്‍ന്നതാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? നിങ്ങളുടെ പീരങ്കികള്‍ എന്റെ വാക്കുകളെക്കാള്‍ ശക്തമാണെന്ന് നിങ്ങള്‍ കരുതുന്നുവോ? നിങ്ങള്‍ക്ക് ആയുധങ്ങള്‍ കൊണ്ട് ഞങ്ങളെ ഇല്ലാതാക്കാം, എന്നാല്‍ ദൈവത്തില്‍ വിശ്വസിക്കുന്നവരുടെ ഹൃദയങ്ങളില്‍ ഞങ്ങളുടെ ചോദ്യങ്ങള്‍ എന്നെന്നും ജീവിക്കും ‘ സയ്യിദ് മുഹമ്മദ് അബ്ദുള്ള ഹസ്സന്‍ (മരണം. 1920). സൂഫി പണ്ഡിതനും ബ്രിട്ടീഷ്, ഇറ്റാലിയന്‍ കോളനിവത്കരണത്തിനെതിരെ പോരാടിയ സോമാലിന്‍ പ്രതിരോധ മുന്നേറ്റത്തിന്റെ നേതാവും.

‘രാജാക്കന്മാര്‍ നാടു ഭരിക്കും, എന്നാല്‍ ദൈവം ഹൃദയങ്ങള്‍ ഭരിക്കുന്നു. ഈ ലോകത്തെ നശ്വരമായ അധികാരങ്ങളെയല്ല, മറിച്ച് സൃഷ്ടാവിന്റെ അനശ്വരമായ അധികാരങ്ങളെ തേടുക’- അഹ്മദു ബാംബ (മരണം. 1927), അഹിംസാപരമായി ഫ്രഞ്ച് കോളനിവത്കരണത്തെ പ്രതിരോധിച്ചു നിര്‍ത്തിയ സെനഗലീസ് സൂഫീവര്യന്‍.

അഹ്മദു ബാംബ

ആകാശത്തിലെ രക്തമേഘങ്ങള്‍ കണക്കേ നമ്മുടെ തലകള്‍ക്കുമുകളില്‍ വട്ടമിട്ടുപറക്കുന്ന വ്യവസ്ഥാപിതമായ അനീതികള്‍ക്കിടയില്‍ ‘നാമെന്ത് ചെയ്യും?’ എന്ന ചോദ്യം വായനക്കാരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പലപ്പോഴും എനിക്ക് ലഭിക്കാറുണ്ട്. ആശങ്കപ്പെടുത്തുന്നതല്ലെങ്കിലും ആശയക്കുഴപ്പത്തിലാക്കുന്ന ചോദ്യമാണിതെന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. നിഷ്ഠൂരമായ അതിക്രമങ്ങളും, നുണകളും, ചിന്നിച്ചിതറിയ ശരീര ഭാഗങ്ങളുടെ ചിത്രങ്ങളും ദൈനം ദിനമെന്നോണം കണ്ടുകൊണ്ടിരിക്കേ എന്താണ് ചെയ്യേണ്ടതെന്നറിയാതെ നിങ്ങള്‍ ഇപ്പോഴും ആശയക്കുഴപ്പത്തിലാണെങ്കില്‍, കൂടുതല്‍ എന്താണ് പറയേണ്ടത് എന്ന് എനിക്കറിയില്ല.

ആ ചോദ്യത്തിനുള്ള എന്റെ എക്കാലത്തെയും ഉത്തരം ഇതാണ്: ഒഴിഞ്ഞുമാറുക (Flee). നിങ്ങള്‍ക്ക് വെളിവാക്കപ്പെട്ടതാണെന്ന് നിങ്ങള്‍ ധരിച്ചുവെച്ചിരിക്കുന്നതില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറുക. എല്ലാ ഇസങ്ങളെയും നിരാകരിക്കുക. ബിംബങ്ങളെ തച്ചുടക്കുക. സ്വയം ശുദ്ധീകരിക്കുക: എല്ലാമറിയുന്നവന്റെ അടുക്കല്‍ നിങ്ങളുടെ ‘നിസ്സഹായതയും’ ‘കഷ്ടതകളും’ ഏറ്റുപറയുക. ‘സ്വാധീനശക്തികളെ’ അവഗണിക്കുകയും ശ്രദ്ധയാകര്‍ഷിക്കുന്ന ശക്തികളുടെ (Attention economy) ആത്മരതിക്ക് വളമിട്ടു കൊടുക്കാതിരിക്കുകയും ചെയ്യുക. പുറമേ നിന്നുള്ളവരുടെ അംഗീകാരം നേടാനുള്ള ശ്രമങ്ങള്‍ അവസാനിപ്പിക്കുക. നിങ്ങള്‍ എത്രത്തോളം ദൈവഭയമുള്ളവരാണെന്ന് ആത്മപരിശോധന നടത്തിക്കൊണ്ടേയിരിക്കുക. നിങ്ങളുടെ ജീവിത യാഥാര്‍ഥ്യങ്ങളെ തിരിച്ചറിയുക, ജീവിതത്തെ കുറിച്ച അപര്യാപ്തമായ ആശയങ്ങളുടെയും അര്‍ഥമില്ലാത്ത വിശ്വാസങ്ങളുടെയും മാറാലക്കെട്ടുകൾ ഉപേക്ഷിക്കുക. നിങ്ങക്ക് ഏറെ പ്രിയപ്പെട്ട ആ സ്വര്‍ണ-കാലിക്കുട്ടിയെ (Golden Calf) ബലി നല്‍കുക. നിങ്ങള്‍ താങ്ങായി കൊണ്ടുനടക്കുന്ന തെറ്റായ തോന്നലുകളുടെ മാറാലകള്‍ തൂത്തുകളയുക. നിങ്ങളുടെ ഭീരുത്വത്തെ മൂടിവെച്ചിരിക്കുന്ന അത്തി ഇലയെ (Fig leaf- it is a phrase) കീറിയിടുക, നിങ്ങളുടെ ഉണ്മക്കുമേൽ സത്യത്തിന്റെ ഇളംകാറ്റുവന്ന് മൂടട്ടെ. അപ്പോള്‍ മാത്രമേ യഥാര്‍ഥ ജീവിതം ആരംഭിക്കുകയുള്ളൂ.

ചുരുക്കത്തില്‍, ‘നല്ല മുസ്ലിം ജീവിതം’ ഉപേക്ഷിക്കുക, പ്രവാചക പാതയില്‍ സഞ്ചരിക്കുക.

ഈ പോസ്റ്റിന്റെ ആരംഭത്തില്‍ ഞാന്‍ പരാമര്‍ശിച്ച ധീരരായ സൂഫീ പോരാളികളെ കുറിച്ച് കൂടുതലായി എഴുതാന്‍ ആളുകള്‍ എന്നോട് ആവശ്യപ്പെടാറുണ്ട്, എന്നാല്‍ യഥാര്‍ഥത്തില്‍, നമുക്കുള്ള പാഠവും വര്‍ത്തമാനകാലത്തെ നമ്മുടെ ഗുരുനാഥന്മാരുമാണ് ഗസ്സയിലെ ജനങ്ങള്‍. ഇന്ന് നിലനില്‍ക്കുന്ന ഇസ്ലാമിക വൈജ്ഞാനിക പാരമ്പര്യത്തിന്റെ ഏറ്റവും ഫലപ്രദരായ ഗുരുക്കന്മാരായാണ് ഞാന്‍ അവരെ പരിഗണിക്കുന്നത്. തികഞ്ഞ ഇരകളായി അവരെ ചിത്രീകരിക്കുകയോ നമ്മുടെ നിസ്സഹായാവസ്ഥയെ മറച്ചുപിടിക്കാനായി അവരെക്കുറിച്ച് മുഖസ്ഥുതി പറയുകയോ അല്ല ഇവിടെ: മറിച്ച് വിശ്വാസ തത്വങ്ങളിലെ മാതൃകകളെന്നും ഗുരുക്കന്മാരെന്നുമുള്ള നിലക്ക് ഖുര്‍ആനികമായി പ്രതിഫലിക്കുന്ന പദവിയാണ് അവരുടേത്. ലോകത്തിന്റെ മുന്നോട്ടുപോക്കിനെ മാറ്റിമറിക്കാന്‍ ശേഷിയുള്ളതാണ് അത്, കാരണം ശാശ്വതവും എന്നെന്നും നിലനില്‍ക്കുന്നതുമായ ഒരു സത്യത്തെയാണ് അത് അടിസ്ഥാനമാക്കിയിട്ടുള്ളത് : അനീതിക്കെതിരെ നിരന്തരം പോരാടുകയും അചഞ്ചലമായ വിശ്വാസത്തോടെയും മഹത്തായ ധാര്‍മിക ബോധത്തോടെയും അതിനെ മറികടക്കുകയും ചെയ്യുന്നവര്‍ തീര്‍ച്ചയായും മാനവികതയെ അന്ധകാരത്തില്‍ നിന്നും പുറത്തേക്ക് നയിക്കും. അതിനായുള്ള സമയം അടുത്തുകൊണ്ടിരിക്കുകയാണ്. അവരുടെ സന്ദേശങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോവരുത്.

‘ഭൂമിയില്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുമേൽ നാം ഉദ്ധേശിച്ചത്, അവരെ വിശ്വാസത്തിന്റെ നായകരാക്കുവാനും നമ്മുടെ അനന്തരാവകാശികളാക്കുവാനുമാണ്’ (അല്‍ ഖസസ്; 4).

ഭൂമിയിലെ തന്നെ ഏറ്റവും അടിച്ചമര്‍ത്തര്‍ത്തപ്പെട്ട ഭൂപ്രദേശമായ നോര്‍ത്തേണ്‍ ഗസ്സയില്‍ നിന്നുള്ള ഞാനുമായി ബന്ധപ്പെടാറുള്ള ഒരു മുതിര്‍ന്ന വ്യക്തി ഒരു ഫോര്‍വേഡഡ് വാട്‌സ്അപ്പ് മെസേജ് എനിക്ക് അയച്ചിരുന്നു. ഗസ്സയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകനായ സാമി മുശ്തഹ എഴുതിയ ആ സന്ദേശം, ഏകദേശം രണ്ടുവര്‍ഷം മുമ്പ് ഞാന്‍ എഴുതിയ Give up your good Muslim Life എന്ന ലേഖനത്തിന്റെ സമാനമായ സമീപനമാണ് സ്വീകരിക്കുന്നത്.

രാവിലെ നേരത്തെ എഴുന്നേറ്റ് പള്ളിയില്‍ പോയി പ്രഭാതനമസ്‌കാരം നിര്‍വ്വഹിച്ച്, ശാന്തമായ മനസ്സോട് വീട്ടിലേക്കെത്തി ഒരു കപ്പ് കാപ്പിയുമായി ദിവസം തുടങ്ങുന്നതിനെയാണ് ഇസ്ലാമെന്ന് വിളിക്കുന്നതെന്ന് ഞാന്‍ കരുതി. ‘ദൈവനാമത്തില്‍’ എന്ന് പറഞ്ഞുകൊണ്ട് ന്യായമായ ഭൗതിക വിഭവങ്ങള്‍ തേടി ജോലിക്കായി വീട്ടില്‍ നിന്നിറങ്ങി, ഉച്ചനമസ്‌കാരത്തിനായി ചെറിയ ഇടവേളയെടുക്കുന്നതിനെയാണ് ഇസ്ലാം കൊണ്ടുദ്ധേശിക്കുന്നതെന്ന് ഞാന്‍ കരുതി. അതിന് ശേഷം, പ്രാര്‍ഥനയിലും പാപമോചനം തേടലിലും നിങ്ങള്‍ മുഴുകും, അതിന് ശേഷം വീട്ടിലേക്ക് മടങ്ങി നല്ല ഒരു കപ്പ് നെസ്‌കഫെയുമായി നിങ്ങളുടെ ദൈനംദിന ഖുര്‍ആന്‍ പാരായണത്തിലേക്ക് കടക്കും. അങ്ങനെ അങ്ങനെ രാത്രിയാവും. രാത്രി നമസ്‌കാരത്തിന് ശേഷം നിങ്ങള്‍ ദൈവാരാധനക്കായി ചിലവഴിക്കാനായി കഴിയുന്നത്ര സുന്നത്ത് നമസ്‌കാരങ്ങള്‍ നിര്‍വ്വഹിക്കും, എന്നിട്ട് ഇളം ചൂടുള്ള മെത്തയില്‍ ശാന്തമായി കിടന്നുറങ്ങും.

യുദ്ധത്തിന് മുമ്പ് എന്നെ കുറിച്ച് ഞാന്‍ ഇങ്ങനെയാക്കെയായിരുന്നു കരുതിവെച്ചിരുന്നത്. എന്നാല്‍ വളര്‍ന്ന്, നിദ്രയില്‍ നിന്നുണര്‍ന്ന ഞാന്‍ ‘യുദ്ധകാല സാമി’ ആയി മാറി.

നിങ്ങളുടെ കാല്‍പ്പാദങ്ങള്‍ക്കടിയില്‍ നിന്നും ആയിരം തവണ ഭൂമി കിടന്നു വിറച്ചാലും കരഞ്ഞുകൊണ്ട് ‘യാ റബ്ബ്’ എന്ന് വിളിക്കുന്നതിനെയാണ് യഥാര്‍ഥ ഇസ്ലാമെന്ന് പറയുന്നതെന്ന് ഞാന്‍ പഠിച്ചു.

തങ്ങളുടെ സ്വന്തം വിധിന്യായങ്ങള്‍ കൊണ്ടും ഉത്തരവുകള്‍കൊണ്ടും നിങ്ങളോട് തെറ്റ് ചെയ്തുകൊണ്ടിരിക്കുകയും നിങ്ങളെ തെറ്റിദ്ധരിച്ചിരിക്കുകയും ചെയ്യുന്നവരില്‍ നിന്നും യഥാര്‍ഥ ഇസ്ലാം നിരന്തരം ദ്രോഹിക്കപ്പെടുകയാണെന്ന് ഞാന്‍ പഠിച്ചു. നിങ്ങള്‍ ഒരു ദുരന്തത്തെ നേരിടുകയാണെങ്കില്‍ അവര്‍ പറയും , ‘അതൊരു പരീക്ഷണമാണ്’, എന്നാല്‍ നിങ്ങള്‍ കുലുങ്ങുകയാണെങ്കില്‍, അതൊരു ‘ദൈവിക ശിക്ഷ’യാണെന്ന് അവര്‍ പറയും. ദുഷ്ടരായ വ്യാജന്മാരില്‍ നിന്നും നിങ്ങള്‍ ഇത് കേള്‍ക്കുന്നു, എന്നാല്‍ ദൈവത്തിന്റെ പ്രീതിമാത്രം തേടി നിങ്ങള്‍ ക്ഷമയോട് സഹിച്ചുനില്‍ക്കുന്നു, എന്നിട്ട് പുഞ്ചിരിച്ചുകൊണ്ട് സ്വര്‍ഗ്ഗത്തിലേക്ക് നോക്കി നിങ്ങള്‍ പറയുന്നു, ‘അല്ലാഹുവേ, ഈ ആളുകളില്‍ നിന്നും അവരുടെ സംസാരങ്ങളില്‍ നിന്നും എനിക്ക് എന്താണ് ലഭിക്കേണ്ടതെന്നോ? നീ എന്നില്‍ തൃപ്തിപ്പെട്ടിരിക്കുന്നു എന്ന് മാത്രമാണ് എന്റെ പ്രതീക്ഷ.

സ്‌നേഹനിധിയായവന്‍ (സ) വിശന്ന് ക്ഷീണിച്ച് അവശനായതുപോലെ വിശന്ന്, ക്ഷീണിച്ചവശാനവുന്നതിലും, അവന്‍ ജീവിച്ച പോലെ ഭൂമിയില്‍ അപരിചിതനായി ജീവിക്കുന്നതിലും, നമ്മുടെ പ്രവാചകന് സംഭവിച്ചത് പോലെ പ്രിയപ്പെട്ടവരെ നഷ്ടമാവുന്നതിലും, അവന് സംഭവിച്ചത് പോലെ സ്വന്തം ഇഛപ്രകാരമല്ലാതെ വീടുപേക്ഷിക്കേണ്ടിവരുന്നതിലുമാണ് യഥാര്‍ഥ ഇസ്ലാമുള്ളതെന്ന് ഞാന്‍ പഠിച്ചു.

എല്ലാം നഷ്ടപ്പെടുന്നതിലും എന്നാല്‍ ദൈവത്തിലുള്ള വിശ്വാസം ഒരിക്കലും നഷ്ടമാവാതിരിക്കുന്നതിലുമാണ് യഥാര്‍ഥ ഇസ്ലാമുള്ളതെന്ന് ഞാന്‍ പഠിച്ചു.

സ്വര്‍ഗം അനര്‍ഘമാണെന്നും അതിലേക്കുള്ള വഴിയില്‍ ദൃഢചിത്തരായ വ്യക്തികള്‍ അനിവാര്യമാണെന്നും ഞാന്‍ പഠിച്ചു.

‘[അവനുവേണ്ടി] സമരം ചെയ്യുന്നവരാരാണെന്നും, ക്ഷമയവലംബിച്ചവരാരെന്നും അല്ലാഹു ഇനിയും കണ്ടുകഴിഞ്ഞിട്ടില്ലാ എന്നിരിക്കെ, എളുപ്പത്തില്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചുകളയാമെന്ന് നിങ്ങള്‍ കരുതുന്നുവോ’

(ഖുര്‍ആന്‍ 3:142).

‘യുദ്ധകാല സാമി’ എന്ന നിലക്കാണ് സാമി ഇത് എഴുതുന്നത്. എന്നാല്‍ നാമെല്ലാവരും യുദ്ധകാല-അവസ്ഥയിലാണ് (Wartime versions) ജനിച്ചുവീഴുന്നതെന്ന കാര്യം നാം തിരിച്ചറിയുന്നില്ല. ഞാന്‍ ഈ ലോകത്തേക്ക് കടന്നുവന്നത് ‘യുദ്ധകാല ഫറഹ്’ ആയിട്ടാണ്, നിങ്ങളും. എല്ലാ മനുഷ്യരും അങ്ങനെ തന്നെയാണ്. വെസ്റ്റ് ആഫ്രിക്കന്‍ സൂഫീ ചിന്തകളില്‍, മനുഷ്യന്‍ നാലു കാര്യങ്ങള്‍ക്കെതിരെ നിരന്തരം യുദ്ധം ചെയ്തുകൊണ്ടിരിക്കുകയാണ്: അഹംബോധം (Ego), ഭൗതിക ലോകം (ദുനിയാവ്), പിശാച്, വ്യാമോഹം/ കാമനകള്‍ എന്നിവയാണവ. സൈനിക പ്രദേശത്തോ നമ്മുടെ വീടകങ്ങളിലോ ആവട്ടെ, ഈ ലോകത്ത് നാം നിരന്തരമായ യുദ്ധത്തിലാവുന്നു; നാം അറിഞ്ഞോ അറിയാതെയോ എല്ലായ്‌പ്പോഴും ആത്മാവിന്റെ ജിഹാദില്‍ പങ്കാളികളായിക്കൊണ്ടിരിക്കുകയാണ്.

Give up your Good Muslim Life ഇല്‍ ഞാന്‍ എഴുതുന്നു:

എനിക്ക് ഇഷ്ടപ്പെട്ട ഒരു വാക്യമുണ്ട്, ‘നിങ്ങളുടെ നല്ല ക്രിസ്ത്യന്‍ ജീവിതം ഉപേക്ഷിച്ച് ജീസസിനെ പിന്തുടരുക’.

ഒരു പാമ്പിനെ പോലെ ലോകത്തെ അടിച്ചമര്‍ത്തല്‍ ശക്തികള്‍ മുസ്ലിംകള്‍ക്കുമേല്‍ കരങ്ങള്‍ അമര്‍ത്തിക്കൊണ്ടിരിക്കുന്ന ഈ കാലത്ത്, മുസ്ലിംകളും ഇതെ മനഃസ്ഥിതി കൈവരിക്കേണ്ടതുണ്ട്. പ്രകടനപരതയില്‍ നിന്നും മാറി യാഥാര്‍ഥ്യത്തിലേക്ക് അവര്‍ കടക്കേണ്ടിയിരിക്കുന്നു

.

എന്താണ് അത് കൊണ്ട് അര്‍ഥമാക്കുന്നത്? ഒരു ‘നല്ല മുസ്ലിം’ എന്ന സാമൂഹികമായി നിര്‍മ്മിക്കപ്പെട്ട പാളികള്‍ മാറ്റി പുറത്തുകടക്കലാണത്. ആരാധനാകര്‍മ്മങ്ങളിലൂടെ തങ്ങളുടെ ദൈവഭക്തി തെളിയിക്കുകയും, ‘നല്ലവരുടെ’ വിഭാഗത്തില്‍ ഉള്‍പ്പെടാനായി പണ്ഡിതാഭിപ്രായങ്ങള്‍ പിന്തുടരുകയും തങ്ങളുടെ ഭയഭക്തി പരസ്യമാക്കി കൊണ്ടുനടക്കുകയും ചെയ്യുന്നവരെയാണ് ‘നല്ല മുസ്ലിം’ കൊണ്ട് ഉദ്ദേശിക്കുന്നത്. സുഖകരവും, സുരക്ഷിതവും, ആദരണീയവുമായ ജീവിതമാണത്.

എന്നാല്‍ ഇക്കാര്യങ്ങളെല്ലാം ചെയ്യുന്നതിലൂടെ ദൈവത്തിന് മുന്നില്‍ ഒരാൾ നല്ലവനായിത്തീരും എന്ന് അര്‍ഥമില്ല. ചിലപ്പോള്‍ സമൂഹത്തിന് മുന്നില്‍ അയാള്‍ നല്ലവനാവാം, എന്നാല്‍ ദൈവത്തിന് മുന്നിലല്ല. സമൂഹമോ, പാരമ്പര്യമോ ‘നല്ലതിനെ’ നിര്‍ണയിക്കുന്ന ലിറ്റ്മസ് ടെസ്റ്റുമല്ല. യഥാര്‍ഥത്തില്‍, നേരെ തിരിച്ചാണ് സംഭവിക്കുക. സൃഷ്ടികളില്‍ നിന്നുമുള്ള സാധൂകരണം നേടിയെടുത്ത്, ‘നല്ലവരിലും’ ‘സുരക്ഷിതരിലും’ ആണെന്ന് സ്വയം കരുതി സുഖകരമായി ജീവിക്കുന്ന ആളുകൾ വലിയ അപകടത്തിലാണ്.

ആത്മീയ അഭയാര്‍ഥിത്വമെന്ന ആശയത്തില്‍ കേന്ദ്രീകൃമാവുക എന്നതാണ് ഇവിടെ നമുക്ക് ചെയ്യാന്‍ കഴിയുന്നത്.

ഈ ലേഖനത്തിന്റെ തുടക്കത്തില്‍ ഉദ്ദരിക്കപ്പെട്ട സൂഫീ പോരാളികള്‍ക്കും, പ്രവാചകന്മാര്‍ക്കും, അടിമകള്‍ക്കും, വിപ്ലവകാരികള്‍ക്കും പലസ്തീനിലും, യമനിലും, കോംഗോയിലും, സുഡാനിലും അടിച്ചമര്‍ത്തപ്പെട്ടുകൊണ്ടിരിക്കുന്ന സാമൂഹിക വിഭാഗങ്ങള്‍ക്കുമെല്ലാം പൊതുവായി ഉള്ള സവിശേഷത എന്താണ്? അവരെല്ലാവരും, ഭൗതികമായോ (Physically) സാലങ്കാരികമായോ (Figuratively) അവരുടെ സുഖകരമായ അവസ്ഥകളില്‍ നിന്നും നിര്‍ബന്ധിതമായോ, സ്വേഛപ്രകാരമോ പുറത്തായവരാണ്.

അത് ചെയ്യാന്‍ നിങ്ങള്‍ ഒരു യുദ്ധമുഖത്ത് തന്നെ ഉണ്ടാവണമെന്നില്ല. നിങ്ങള്‍ ഒരു ദേശരാഷ്ട്രത്തില്‍ ജീവിക്കുകയാണെങ്കില്‍, ഉപഭോക്ത്യതയാലും (Consumerism), സുരക്ഷിത ബോധത്താലും, എല്ലാവിധ ആനന്ദങ്ങളാലും, നിങ്ങളുടെ സ്വന്തം കാര്യങ്ങളില്‍ നിങ്ങൾ വളരെയധികം സുഖിച്ചുജീവിക്കുന്നു, അങ്ങനെയെങ്കില്‍ നിങ്ങള്‍ സ്വയം തിരിച്ചറിയാത്ത സൂക്ഷ്മമായ വിഗ്രഹാരാധനയില്‍ നിങ്ങള്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയാണ്. ഒരുപക്ഷേ നിങ്ങളുടെ രക്ഷിതാക്കളുടെ സമ്മതത്തെയോ, അടുപ്പത്തിന്റെ സുഖത്തെയോ, നിങ്ങളുടെ ശമ്പളത്തെയോ, ഒരു ഐഡന്റിറ്റിയിലുള്ള നിങ്ങളുടെ അംഗത്വത്തെയോ, ഒരു വിഭാഗത്തെയോ സ്ഥാപനത്തെയോ നിങ്ങൾ ആരാധിക്കുന്നു, അതല്ലെങ്കില്‍ അധികാരികളില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ക്കായി മത്സരിക്കുന്നു, അല്ലെങ്കില്‍ ദേശീയ ഗാനം കേള്‍ക്കുമ്പോള്‍ നിങ്ങളില്‍ ദേശവികാരം ഒഴുകിയെത്തുന്നു. നിങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടെ മതത്തെ ഒരു ഊന്നുവടിയായി ആശ്രയിക്കുന്നു, നിങ്ങളുടെ നമസ്‌കാരങ്ങള്‍ നിര്‍വ്വഹിച്ചിട്ട് അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കായുള്ള ദൈവിക സഹായത്തിനായി നിങ്ങള്‍ കേഴുന്നു, എന്നാല്‍ മറുവശത്ത്, ആചാര-മതപരതയെ (Ritual Religiosity) ഉൾക്കൊണ്ട നിങ്ങള്‍ സ്വന്തത്തെ തന്നെ അടിച്ചമര്‍ത്തുകയാണ്, അഥവാ അഗ്നിയിലും തീവൃതയിലും കുരുത്ത വിശ്വാസാഗ്നിയെ സാധ്യമാക്കുന്നതില്‍ നിന്നും നിങ്ങളെ തടഞ്ഞുനിര്‍ത്തുന്ന ബാഹ്യ ആചാരാനുഷ്ടാടങ്ങളുടെ മൂടുപടം നിങ്ങള്‍ സ്വയം എടുത്ത് അണിയുന്നു.

ആത്മാവിന്റെ ഹിജറ ആരംഭിക്കുന്നത് നിങ്ങളുടെ വീടകങ്ങളുടെ പ്രശാന്തതയില്‍ നിന്നും പുറത്തു കടന്നുകൊണ്ടാണ്. ആത്മീയ-മാനസിക പ്രദലങ്ങളില്‍ സംഭവിക്കുന്നതാണ് ഏറ്റവും മഹത്തായ അഭയാര്‍ഥിത്വം. ഒരു നിമിഷത്തേക്ക് ഭൗതിക ലോകരൂപങ്ങളെ മറന്നുകൊണ്ട് ചിന്തിക്കുക. സ്വയം ചോദിക്കുക: എന്തിനെയാണ് യഥാര്‍ഥത്തില്‍ ഞാന്‍ ആരാധിക്കുന്നത്? പതിനാല് മാസക്കാലമായി നടന്നുകൊണ്ടിരിക്കുന്ന, ഇപ്പോഴും തുടരുന്ന വംശഹത്യാ കാലത്ത് ഏതുതരം ബിംബങ്ങളെയാണ് ഞാന്‍ പിന്തുടരുന്നത്? ഏതു തരം സന്ദേശങ്ങളാണ് ശ്രദ്ധിക്കപ്പെടാതെ പോകുന്നത്? ഒരു സ്വേഛാധിപതിയുടെയോ, പ്രിയപ്പെട്ടവരുടെയോ, അടുത്ത ബന്ധുക്കളുടെയോ പരിഹാസത്തെ അഭിമുഖീകരിക്കാന്‍ ശേഷിയില്ലാത്ത എനിക്കെങ്ങനെയാണ് മുഹമ്മദിനെയും, ജീസസിനെയും, മൂസയെയും, മാല്‍കമിനെയും ഇമാം ഹുസൈനെയും പിന്തുടരുന്നവനാണെന്ന് അവകാശപ്പെടാന്‍ കഴിയുക? ഒറ്റക്കുനടക്കുന്നതിനെ ഭയപ്പെടുന്ന ഞാനെങ്ങനെയാണ് മുസ്ലിമാണെന്ന് സ്വയം വാദിക്കുക? ഖുര്‍ആനിക ചിന്തയുടെ അടിത്തട്ടി തന്നെ അഭയാര്‍ഥിത്വത്തിന്റെ മാഹാത്മ്യത്തെ വിവരിക്കുന്നുണ്ട്:

‘ആരെങ്കിലും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പലായനം ചെയ്യുന്നുവെങ്കില്‍ അവന് അഭയം പ്രാപിക്കാന്‍ ധാരാളം സ്ഥലങ്ങളും മെച്ചപ്പെട്ട ഉപജീവന സൗകര്യങ്ങളും ലഭിക്കുന്നതാകുന്നു. ഒരുവന്‍ അല്ലാഹുവിങ്കലേക്കും അവന്റെ ദൂതനിലേക്കും പലായനം ചെയ്യുന്നവനായി സ്വവസതിയില്‍നിന്ന് പുറപ്പെടുകയും വഴിക്കുവെച്ചു മരണം സംഭവിക്കുകയും ചെയ്താല്‍ അവന്റെ പ്രതിഫലം അല്ലാഹുവിങ്കല്‍ ഉറച്ചതുതന്നെ’ (സൂറ നിസാഅ്: 100).

പ്രവാഹകന്റെ സമുദായം ആദ്യം ഈസ്റ്റ് ആഫ്രിക്കയിലേക്കും പിന്നീട് മദീനയിലേക്കും പലായനം ചെയ്തപ്പോള്‍ നിയന്ത്രണങ്ങള്‍ കുറഞ്ഞ, വികാസക്ഷമതയുള്ള ഒന്നിനുവേണ്ടി അവരെ ശ്വാസം മുട്ടിച്ചുകൊണ്ടിരുന്ന, അടിച്ചമര്‍ത്തിക്കൊണ്ടിരുന്ന ഒന്നിനെ അവര്‍ വഴിയിൾ ഉപേക്ഷിച്ചു (Doubt in translation). സ്വാതന്ത്രത്തിനായി. അജ്ഞാതമായ വിമോചനത്തിനായി പരിചിതത്വത്തിന്റെ ഞെരുക്കത്തെ അവര്‍ ബലികഴിച്ചു. ജീവിതം മൂല്യവത്താണോയെന്നതിന്റെ അളവുകോലാണത്. നിങ്ങള്‍ ഉപേക്ഷിക്കാന്‍ മടിക്കുന്നതെന്താണോ, യഥാര്‍ഥത്തില്‍ അത് നിങ്ങളെ ബന്ധനസ്ഥയാക്കുകയാണ്. പരിചിതമായവ നിങ്ങളെ വലിച്ചു താഴെയിടുകയാണ്. അജ്ഞാതമായതിനോടുള്ള ഭയം പൂര്‍ണമായ മാനവിക ശേഷി നേടിയെടുക്കുന്നതില്‍ നിന്നും നിങ്ങളെ തടയുന്നു. ഹാഫിസ് പറയുന്നതു പോലെ, ‘ഭയമാണ് ഈ ഭവനത്തിലെ ഏറ്റവും വിലകുറഞ്ഞ ഇടം. നിങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട സാഹചര്യത്തില്‍ ജീവിക്കുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’.

മറ്റു വഴികളില്ലാത്തവരെ നോക്കുക. പുറന്തള്ളപ്പെട്ട, അഭയാര്‍ഥികളാക്കപ്പെട്ട, അല്ലെങ്കില്‍ അടിമത്തത്തിലേക്കോ കോ്ണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലേക്കോ വലിച്ചിഴക്കപ്പെട്ടവര്‍. അവര്‍ക്ക് തിരഞ്ഞെടുപ്പിന് അവസരം പോലുമില്ലാതിരിക്കെ തനിക്കെങ്ങനെയാണ് യഥാര്‍ഥ ആത്മീയ പലായനം സാധ്യമാവുക എന്ന് നിങ്ങള്‍ക്ക് ചോദിക്കാം? തീര്‍ച്ചയായും, നിങ്ങളുടെ സാമൂഹിക പദവിയും തിരഞ്ഞെടുപ്പിനുള്ള ശേഷിയും അനുരൂപതയില്‍ (Conformity) നിന്നും അകന്നുപോകേണ്ടത് കൂടുതൽ അനിവാര്യമാക്കിത്തീര്‍ക്കുന്നുണ്ട്. നിങ്ങളുടെ പദവിയില്‍ നിന്നും. കൂട്ടത്തില്‍ നിന്നും. ഭൂമിയില്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍ ഉയര്‍ത്തപ്പെടുകയും യജമാനന്മാരായിത്തീരുകയും ചെയ്യുന്ന വേളയില്‍ ലജ്ജാലുക്കളായി മുഖം മറച്ചുപിടിക്കുന്നതില്‍ നിന്നും അതാണ് നിങ്ങളെ സംരക്ഷിച്ചുനിര്‍ത്തുക.

മഹാനായ സെനഗലീസ് ഗുരു അഹംദു ബാംബ ഒരു തുള്ളി രക്തം പോലും ചിന്താതെ ഫ്രഞ്ച് സൈന്യത്തെ മുള്‍മുനയില്‍ ഭയപ്പെടുത്തി നിര്‍ത്തിയതായി കാണാം. വര്‍ധിച്ചുവരുന്ന അദ്ദേഹത്തിന്റെ സ്വീകാര്യതയെ ഇല്ലാതാക്കാനായി അദ്ദേഹത്തെ ഗാബോണിലേക്ക് (1895-1902) നാടുകടത്തി. പ്രബലമായ വിവരണങ്ങള്‍ പ്രകാരം, ബാംബയുടെ അചഞ്ചലമായ വിശ്വാസത്തിന്റെ ഫലമായ, ഫ്രഞ്ചുകാര്‍ അദ്ദേഹത്തിന് നമസ്‌കരിക്കാനുള്ള അവകാശം നിഷേധിച്ചപ്പോള്‍ കടലില്‍ ഒഴുകിക്കൊണ്ടിരുന്ന പായയില്‍ നമസ്‌കരിച്ചതടക്കം പല അത്ഭുത സംഭവങ്ങളും (കറാമത്ത്) അദ്ദേഹവുമായി ബന്ധപ്പെട്ട് വന്നതായി കാണാം. 1903 മുതല്‍ 1907 വരെ മൗറിത്താനിയയിലേക്ക് അദ്ദേഹം നാടുകടത്തപ്പെട്ടു, എന്നാല്‍ അഭയാര്‍ഥിത്വം അദ്ദേഹത്തിന്റെ ജനസ്വാധീനത്തിന് ആഴം കൂട്ടുകയാണുണ്ടായത്. അതുകൊണ്ടുതന്നെയാണ് തൂബ (Touba) നഗരത്തില്‍ ലക്ഷക്കണക്കിനാളുകള്‍ പങ്കെടുക്കുന്ന, വര്‍ഷം തോറും നടന്നുവരുന്ന മഗലിൽ (Magal) 1895-ലെ ഗാബോണിലേക്കുള്ള അദ്ദേഹത്തിന്റെ നാടുകടത്തലിനെ ആഘോഷമാക്കുന്നത്, അല്ലാതെ അദ്ദേഹത്തിന്റെ മടങ്ങിവരവിനെയല്ല. കാരണം, അദ്ദേഹത്തിന്റെ അഭയാര്‍ഥിത്വമാണ് സന്യാസത്തില്‍ അദ്ദേഹത്തിന്റെ പദവി ഉയര്‍ത്തിയത്.

നിര്‍ഭയരായ ഗുരുവര്യന്മാരുടെ പാതയില്‍ സഞ്ചരിക്കാനും, ഗസ്സയിലെ ജനങ്ങളെ പോലെ കടുത്ത നരഹത്യക്കിടയില്‍ ജീവനുവേണ്ടി പോരാടുന്നവരുമായി അടുക്കുവാനുമായി നിങ്ങളുടെ പദവികളെ ചെറുക്കാനായി നിങ്ങള്‍ക്ക് കൂടുതല്‍ ശേഷി ആവശ്യമാണ്. ഒരല്‍പ്പം ഭ്രാന്ത് നിങ്ങള്‍ക്ക് വേണം. നിങ്ങളുടെ വ്യക്തി-പരമാധികാരത്തിനും ആത്മീയ തീര്‍ഥാടനത്തിനും സഹായകരമല്ലാത്ത ബന്ധങ്ങളെയും ബാധ്യതകളെയും അറുത്തുമാറ്റുന്നതില്‍ നിങ്ങള്‍ക്ക് പ്രയാസമുണ്ടാവരുത്. യാഥാര്‍ഥ്യത്തിലേക്ക് മടങ്ങുന്നതിനായി. എല്ലാ പ്രവാചകന്മാരും, വിപ്ലവകാരികളും, ചരിത്രത്തിന്റെ ഗതിനിര്‍ണയിച്ച നേതാക്കന്മാരും അവരുടെ ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടങ്ങളില്‍ ഭ്രാന്തരായി മുദ്രകുത്തപ്പെട്ടിട്ടുണ്ട്. സാമ്പ്രദായികതയില്‍ നിന്നും എന്തുകൊണ്ട് അവര്‍ തിരിഞ്ഞുനടന്നു എന്ന് ആരും അന്വേഷിച്ചില്ല. സാമുദായിക ചിന്തയുടെ സുരക്ഷിതത്വത്തില്‍ നിന്നും. ആള്‍ക്കൂട്ടത്തില്‍ നിന്നും. റെയിന്‍ഹോള്‍ഡ് നെയ്ബുര്‍ (Reinhold Neibuhr) അടിച്ചമര്‍ത്തലിനെ പ്രതിരോധിക്കുന്ന ഈ ശേഷിയെ ‘ആത്മാവിന്റെ ഉയര്‍ന്ന ഉന്മാദം’ (A sublime Madness in the soul) എന്ന് വിശേഷിപ്പിക്കുന്നതായി ബ്ലാക്ക് ലിബറേഷന്‍ തിയോളജിസ്റ്റായ ജയിംസ് കോണ്‍ തന്റെ ദ ക്രോസ് ആന്റ് ദ ലിഞ്ചിംഗ് ട്രീ എന്ന പുസ്തകത്തില്‍ പറയുന്നു. ‘ ദുഷിച്ച ശക്തികളോടും ആത്മീയ ദൂഷ്യത്തോടും ഏറ്റവും മഹത്തായ യുദ്ധം ചെയ്യാന്‍ ഭ്രാന്തിനു മാത്രമേ സാധിക്കൂ’ എന്ന് നെയ്ബുഹ്‌റ് കൂട്ടിച്ചേര്‍ക്കുന്നു. ക്രിസ് ഹെഡ്ജസിനെ ഉദ്ദരിക്കുന്നു, ‘ഈ മഹത്തായ ഉന്മത്തത, അത് അപകടകരവും, എന്നാല്‍ അനിവാര്യവുമാണ്. അതില്ലെങ്കില്‍, ‘സത്യം മൂടിവെക്കപ്പെടും”.

അതിനാല്‍, നിങ്ങളുടെ ‘നല്ല മുസ്ലിം ജീവിതം’ ഉപേക്ഷിച്ച്, മുഹമ്മദ് (സ)യുടെ പാതയില്‍ സഞ്ചരിക്കുക. ഉയര്‍ന്ന നന്മക്കായി ജീവിക്കുന്നതിനിടെ പരിഹാസങ്ങളും ആക്ഷേപങ്ങളും അഭിമുഖീകരിച്ചവരുടെ പാതയില്‍ സഞ്ചരിക്കുക. യാഥാര്‍ഥ്യത്തിന്റെ മണ്ഡലത്തിനായി രൂപങ്ങളുടെ ലോകത്തെ ഉപേക്ഷിക്കുക. ‘ഏകനുമായി’ ഏകാകിയായി സഞ്ചരിക്കാന്‍ പഠിക്കുക, എന്നിട്ട് മറുവശത്ത് നിങ്ങളെ കാത്തിരിക്കുന്ന മാന്ത്രികമായ, ശ്രേഷ്ഠമായ ഉന്മത്തതയെ- യഥാര്‍ഥ വിമോചനത്തെ- പുല്‍കുക.

‘അപമാനകരമായ പരാജയം നിലനില്‍ക്കുന്നിടത്തോളം കാലം ഈ ലോകത്ത് നാമെല്ലാം ആത്മീയ അഭയാര്‍ഥികളും അപരിചിതരുമായിരിക്കും […] ദൈവത്തില്‍ നിന്നുള്ള വിജയവും തുറവിയും വന്നെത്തുന്നതുവരെ അന്തസ്സിന്റെയും ബഹുമാനത്തിന്റെയും ഇടത്തില്‍ നിന്നും ശാശ്വതമായ ആത്മീയ-മാനസിക അഭയാര്‍ഥിത്വത്തിലാണ് താനെന്ന് എല്ലാ മുസ്ലിംകളും അറബികളും സ്വയം മനസ്സിലാക്കണം.’

20ാം നൂറ്റാണ്ടിലെ സനഗലിലെ ഏറ്റവും സ്വാധീനനായിരുന്ന പണ്ഡിതനായിരുന്ന ശെയ്ഖ് ഇബ്രാഹീം നിയാസെ 1967ല്‍ അറബ് ലീഗിന് അയച്ച കത്തില്‍ നിന്നും.

فَفِرُّوۡۤا اِلَى اللّٰهِ​ؕ

അതിനാല്‍ അല്ലാഹുവിലേക്ക് ഓടിയൊളിക്കുക! (അദ്ദാരിയാത്ത്: 5)

ഫറാ അല്‍-ശരീഫ്‌