Campus Alive

ദെല്യൂസിന്റെ ഇസ്‌ലാമിക പാരമ്പര്യം

ഉണ്മയുടെ ഏകസ്വരാത്മകത

ഉണ്മയുടെ ഏകസ്വരാത്മകത (Univocity of being) എന്ന ആശയത്തിലാണ് ദെല്യൂസിലെ ഇബ്നുസീന പ്രകടമാവുന്ന അവസരം. ഡണ്‍ സ്‌കോട്ടിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ഇബ്നുസീനയുടെ ‘സത്തയുടെ ഭവശാസ്ത്രപരമായ അലക്ഷ്യത’ (Ontological indifference of essence) എന്ന ആശയത്തിലാണ് ഇത് കാണാന്‍ സാധിക്കുക. അതാകട്ടെ, അസ്ഥിത്വത്തിന്റെ അനിവാര്യത (Necessary of existence) എന്ന സംവര്‍ഗ്ഗത്തില്‍ നിന്ന് ഉല്‍പാദിതമാകുന്നതുമാണ്. Difference and Repetition എന്ന പുസ്തകത്തില്‍ ദെല്യൂസ് എഴുതുന്നത് ഇപ്രകാരം: ‘ഉള്ളത് ഒരേ ഒരു ഭവശാസ്ത്രപ്രസ്താവമാണ്: ഉണ്മ ഏകസ്വരാത്മകമാണ് എന്നതാണ് അത്. ഉള്ളത് ഒരേ ഒരു ഭവശാസ്ത്രമാണ്. അതാകട്ടെ, ഡണ്‍ സ്‌കോട്ടിന്റെതും. അത് ഉണ്മക്ക് ഏക സ്വരം മാത്രം പ്രധാനം ചെയ്യുന്നു. ഡണ്‍ സ്‌കോട്ടസിന്റെ പ്രത്യേകത ,അദ്ദേഹമാണ് ഏകസ്വരാത്മക ഉണ്മയെ (Univocal being) ഏറ്റവും സൂക്ഷമമായി വിവേചിച്ചറിയാന്‍ ശ്രമിച്ചത്, അതൊരു അമൂര്‍ത്തമായ തലത്തിലാണെങ്കില്‍ പോലും. പാര്‍മെനിഡെസില്‍ നിന്ന് ഹൈഡഗറിലേക്ക് ഒരു സ്വരമാണ് കാണാനാവുന്നത്, അതിന്റെ പ്രതിധ്വനിയാണ് ഏകോന്മാസ്വരത്തിന്റെ (Univocal) മുഴുവന്‍ വിന്യാസത്തെയും സാധ്യമാക്കിയത്’.

പാര്‍മെനിഡെസില്‍ നിന്ന് ഹൈഡഗറിലേക്ക്… പക്ഷെ, പതിനൊന്നാം നൂറ്റാണ്ടിലെ ബുഖാറയില്‍ ഒരു സവിശേഷമായ സ്റ്റോപ്പുണ്ട്. ഉണ്മയുടെ ഏകസ്വരാത്മകത എന്ന ആശയത്തിന്റെ ഉത്ഭവം ദെല്യൂസ് ഡണ്‍സ്‌കോട്ടിന്റെ എഴുത്തുകളിലാണ് കാണുന്നതെങ്കില്‍, നമ്മള്‍ നേരത്തെ കണ്ടത് ഡണ്‍ സ്‌കോട്ട് അത് കടമെടുത്തത് ഇബ്നുസീനയില്‍ നിന്നാണ് എന്നാണ്. ദെല്യൂസ് തുടര്‍ന്നെഴുതുന്നത് കാണുക. ‘ഉണ്മ (Being) എന്നത് ഒരു സവിശേഷ ഗണമല്ല (genus) എന്ന് മനസിലാക്കാന്‍ ബുദ്ധിമുട്ടില്ല. തത്വചിന്തയുടെ തീര്‍പ്പു മാതൃകകള്‍ക്കു പകരം അതിന്റെ പ്രസ്താവ രൂപം മാത്രം മതിയാവും ഇത് തിരിച്ചറിയാന്‍’. ഇത് ഇബ്നുസീനയുടെ പ്രസ്താവയുക്തിയുടെ (propositional logic) നേരിട്ടുള്ള പരാവര്‍ത്തനമാണ്. Logic of Sense ല്‍ ദെല്യൂസ് ഇബ്നുസീനയുടെ സത്തയുടെ ഭവശാസ്ത്രപരമായ അലക്ഷ്യത എന്ന ആശയത്തെയും സ്വയം സത്ത, സങ്കല്‍പത്തിലെ/മനോപരിപ്രേക്ഷ്യത്തിലെ സത്ത (essence as a mental object), ശരിയായ അസ്ഥിത്വത്തില്‍ നിലനില്‍ക്കുന്ന സത്ത (essence in actual existents) എന്നീ സംവര്‍ഗ്ഗങ്ങളെയും അംഗീകരിക്കുന്നുണ്ട്. അത് അദ്ദേഹം എറ്റിനെ ഗില്‍സന്റെ 1948 ലെ പുസ്തകത്തില്‍ നിന്നാണ് എടുക്കുന്നത്. സത്ത എന്നതിനെ സംവേദനബോധം (sense) എന്നതിലേക്ക് പരിവര്‍ത്തനം ചെയ്ത ശേഷം ഇബ്നുസീനയുടെ യുക്തിയെ അനുസ്മരിപ്പിച്ചു കൊണ്ട് ദെല്യൂസ് കാണിച്ചു തരുന്നത് സംവേദനബോധം (sense) എന്നത് പ്രസ്താവമാതൃകകളില്‍ (modalities of proposition) നിന്ന് സ്വതന്ത്രമായി നില്‍ക്കുന്ന ഒന്നാണ് എന്നാണ്. ഇബ്നുസീന പറഞ്ഞതാകട്ടെ, നമ്മള്‍ നേരത്തെ കണ്ടതു പോലെ, സത്ത അസ്ഥിത്വനിരപേക്ഷമാണ് എന്നുമാണ്.

‘ ‘സംഭവത്തിന്’ (event) അതിന്റെ പ്രസ്താവം ഭാവിയിലേതാവണം എന്ന അനുപേക്ഷ്യണീയത ഉണ്ട്. അഥവാ, പ്രസ്താവത്തിനെ സംബന്ധിച്ച് സംഭവം കഴിഞ്ഞു പോയതായിരിക്കുകയും വേണം. കാരോള്‍ വായനക്കാരനോട് ആവശ്യപ്പെടുന്നത് ഗാര്‍ഡ്നറിന്റെ പാട്ട് സംഭവത്തിന് അനുസൃതമായി ചിട്ടപ്പെടുത്തിയതാണോ അതോ സംഭവം ആ പാട്ടിലെ വരികള്‍ക്കനുസരിച്ചാണോ എന്നൂഹിക്കാനാണ്’. ഇവിടെ ദെല്യൂസ് കൊണ്ടു വരാനുദ്ധേശിക്കുന്ന സമയൈക്യത്തിന്റെ പ്രാധാന്യം ദെല്യൂസിനെ സംബന്ധിച്ചിടത്തോളം സത്തയുടെ സ്വയം സ്വതന്ത്രമായ അവസ്ഥയെയും അതിന് സാര്‍വ്വത്രികതയോടും ശകലത്തോടും (Universal and Particular) നിഷേധത്തോടും (Negation) സ്ഥിരപ്പെടുത്തലിനോടും (Affirmation) എല്ലാ വിധ വിപരീതങ്ങളോടുമുള്ള അലക്ഷ്യഭാവവുമാണ്: അങ്ങനെയെങ്കില്‍ അത് ‘സംഭവമാത്ര’ (pure event) എന്ന അവസ്ഥയാകുമോ, അതിലൂടെ എല്ലാവിധ വിപരീതങ്ങളെയും മറികടക്കാനുള്ള സാധ്യതയാകുമോ’?

ബെര്‍ഗ്‌സണ്‍

പ്രതീതി

ഇനി മുതല്‍ ഇബ്നുസീനയുടെ അനിവാര്യമായ ഉണ്മ, അനിശ്ചിതമായ ഉണ്മ, സംഭവ്യമായ ഉണ്മ എന്നിവയും ദെല്യൂസിന്റെ പ്രതീതിയെക്കുറിച്ചുള്ള ബെര്‍ഗ്സോണിയന്‍ സങ്കല്‍പവും തമ്മിലുള്ള പരസ്പര ബന്ധം തിരിച്ചറിയാന്‍ തുടങ്ങുകയാണ് നമ്മള്‍. ഈ ബന്ധം ചര്‍ച്ച ചെയ്യുന്നതിലൂടെ ഞാന്‍ മുന്നോട്ട് വെക്കാന്‍ ഉദ്ദേശിക്കുന്നത് ഇതാണ് : ‘പ്രതീതി എന്നത് അസ്ഥിത്വമില്ലായ്മയുടെ ഇടമാണ്; ഒന്നുകില്‍ എല്ലാ ഉണ്മയും ഉടലെടുക്കുന്നതോ അല്ലെങ്കില്‍ ഉടലെടുക്കാത്തതോ ആയ അനിവാര്യ ഉണ്മ ആണിത്’ (മാര്‍ക്സ്, ലോറ. 2010.14). ഇബ്നുസീനയുടെ അതിഭൗതികത എന്നത് ഉണ്മയില്ലായ്മയുടെ നിലനില്‍പിനെ അനുവദിക്കുന്ന ഒന്നാണ്. ഈ ആശയം അദ്ദേഹം ഉരുത്തിരിക്കുന്നത് പ്ലോറ്റിനസ് വഴി സ്റ്റോയികില്‍ നിന്നാണ്. അരിസ്റ്റോട്ടിലിനോടുള്ള സ്റ്റോയിക് വിമര്‍ശം പ്രസ്താവിക്കുന്നത് വിശാലമായ സംവര്‍ഗ്ഗം ഉണ്മ എന്നതല്ല, മറിച്ച് ഉണ്മയും ഉണ്മയില്ലായ്മയും ആണ് എന്നാണ്. അതാകട്ടെ, ഉള്ളതോ ഇല്ലാത്തതോ ആയ എന്നാല്‍ അതിനെക്കുറിച്ച് സംസാരിക്കല്‍ സാധ്യമായ എല്ലാം പെടുന്നു (ഗുഡ്മാന്‍ 1992.69). ആ അര്‍ത്ഥത്തില്‍ സ്റ്റോയിക് സംവര്‍ഗ്ഗമായ ‘കാര്യങ്ങള്‍’ (the something) ഒരേ സമയം നിലനില്‍ക്കുന്ന ഉണ്മയെയും പ്രതീതി ഉണ്മയെയും ഉള്‍ക്കൊള്ളുന്നു (ഈ ആശയം സ്പിനോസയുടെ നൈതികതയെയും ദെല്യൂസിനെയും സ്വാധീനിച്ചിട്ടുണ്ട്). ഇസ്ലാമിക നവ-പ്ലാറ്റോണിക സമീപനത്തിന്റെ അടിത്തറയായി വര്‍ത്തിക്കുന്ന പ്ലോറ്റിനസ് തന്റെ അരിസ്റ്റോട്ടില്‍ വിമര്‍ശനത്തിന് സ്റ്റോയിക് സമീപനം ഉപയോഗിച്ചിട്ടുണ്ട്. തുടര്‍ന്ന് ഇബ്നുസീന ഉണ്മയെയും ഉണ്മയില്ലായ്മയെയും ഉള്‍ക്കൊള്ളുന്ന ഏകത്വം എന്നതിന്റെ ഇസ്ലാമിക നവ-പ്ലാറ്റോണിക രൂപത്തെയാണ് അനിവാര്യ അസ്ഥിത്വം എന്ന ആശയത്തിനനുരൂപമായി മനസിലാക്കുന്നത്. ഇവിടെയാണ് ദെല്യൂസിന്റെ പ്രസിദ്ധമായ ഉണ്മയുടെ ഘോഷണം (clamour of being -1994.35) എന്നതിന്റെ ഇ്ബനുസീനിയന്‍ ഉത്ഭവം കിടക്കുന്നത്. ഉണ്മ എന്നത് ഇനിയും സാക്ഷാത്കരിക്കപ്പെടാത്ത സമ്പൂര്‍ണാസ്ഥിത്വമാണ്. അഥവാ, ഉണ്മ എന്നത് കേവല-അസ്ഥിത്വത്തെക്കാള്‍ വലുതാണ്. അഥവാ, നമുക്ക് നിലനില്‍ക്കാത്ത വസ്തുക്കളുടെ ഉണ്മയെ തിരിച്ചറിയാനാവുന്ന അവസ്ഥ. അസ്ഥിത്വം അല്ലെങ്കില്‍ യാഥാര്‍ത്യം എന്നത് സത്തയുടെയോ പ്രതീതിയുടെയോ ഒരു ചെറിയ പ്രത്യക്ഷരൂപം മാത്രമാണ്.

ഏതായാലും, ഇബ്നുസീനയുടെ ‘മറ്റൊന്നിലൂടെ അസ്ഥിത്വം അനിവാര്യമാകുക’ എന്ന ആശയം അടിസ്ഥാനപരമായി പ്രസ്താവിക്കുന്നത് കാരണമാക്കപ്പെട്ട കാര്യം നിലനില്‍ക്കല്‍ അനിവാര്യമാണ് എന്നാണ്. ഇവിടെ ഗുഡ്മാന്‍ പറയുന്നത്, ‘എന്താണ് ശരിയായ അര്‍ത്ഥത്തില്‍ സാധ്യമാകുന്നത്, അത് മാത്രമേ നിലനില്‍ക്കൂ’ എന്ന അരിസ്റ്റോട്ടിലിയന്‍ ചിന്തയുടെ കുരുക്കില്‍ താന്‍ പെട്ടുപോയിട്ടുണ്ടെന്നാണ്. അഥവാ, ഉണ്മയില്ലായ്മ നിലനില്‍ക്കുന്നുണ്ട്, പക്ഷെ അസാധ്യമായ വസ്തുക്കള്‍ (impossible object) നിലനില്‍ക്കുന്നില്ല. അപ്പോള്‍ ഇബ്നുസീനയുടെ അനിവാര്യമായ ഉണ്മയും ദെല്യൂസിന്റെ പ്രതീതിയും തമ്മിലുള്ള പ്രധാന വിത്യാസം പ്രതീതി എന്ന ആശയം പ്രവിശാലമാണ് അഥവാ അനന്തമാണ്, എന്നതാണ്. കാരണം, അസാധ്യതതയെയും അതുള്‍ക്കൊള്ളുന്നു. ദെല്യൂസിന്റെ ‘ലോജിക് ഓഫ് സെന്‍സിന്റെ’ മുകളില്‍ ചര്‍ച്ച ചെയത ഭാഗത്ത് ഉണ്മ എന്ന ആശയത്തെ സംവേദനബോധം എന്നതിലേക്ക് പരാവര്‍ത്തനം ചെയ്തു കൊണ്ട് ദെല്യൂസ് ഇബ്നുസീനക്ക് വിമര്‍ശനമുന്നയിക്കുന്നുണ്ട്. ഉണ്മയുടെ സ്വയം തന്നെ അനിവാര്യമായ അവസ്ഥ, മറ്റൊന്നിലൂടെ അനിവാര്യമായ അവസ്ഥ, ഉണ്മയുടെ സ്വയം സാധ്യമായ അവസ്ഥ എന്നീ മൂന്ന് വിഭജനങ്ങളല്ലാതെ നാലാമതൊരു വിഭജനം ദെല്യൂസ് ഉന്നയിക്കുന്നു, അത് ഉണ്മയുടെ അസാധ്യത എന്ന അവസ്ഥയാണ്.

‘അസാധ്യമായ വസ്തുക്കള്‍-ചതുരവൃത്തം, അവികസിത പദാര്‍ത്ഥം, താഴവര ഇല്ലാത്ത പര്‍വ്വതം- തുടങ്ങിയവ ഉണ്മക്ക് പുറത്തുള്ള വസ്തുക്കളാണ്. അസാധ്യവസ്തുക്കളാണ്. പക്ഷെ അവക്ക് കൃത്യമായ ഒരിടമുണ്ട്. അവ അധികോണ്മകളാണ്. ദൈനംദിന സാഹചര്യത്തില്‍ സാക്ഷാത്കരിക്കുക അസാധ്യമായ സങ്കല്‍പങ്ങളാണ്. നമ്മള്‍ ഉണ്മയെ രണ്ടായി വിഭജിച്ചാല്‍ ഒന്ന് യാഥാര്‍ത്ഥ്യത്തിന്റെ ഉണ്മ സൂചനാവിഷയമായും മറ്റേത് സാധ്യതയുടെ ഉണ്മ സൂചനാരൂപമായും കാണാന്‍ സാധിക്കും. അപ്പോള്‍ നമ്മള്‍ യാഥാര്‍ത്ഥ്യത്തിന്റെയും സാധ്യതയുടെയും അസാധ്യതയുടെയും ഒരു സാമാന്യരൂപത്തെ നിര്‍വ്വചിക്കാന്‍ കഴിയുന്ന ഈ അധികോന്മയെക്കൂടി ഇവിടെ ചേര്‍ക്കണം’ (1990.35)

ചതുരവൃത്തം എന്നത് ഇവിടെ അസാധ്യമാണ്, പക്ഷെ അതിനൊരു സംവേദനത്വമുണ്ട്. പോള്‍ ബയിന്‍സ് എഴുതുന്ന പോലെ, ദെല്യൂസിനെ സംബന്ധിച്ചിടത്തോളം ഇത് പ്രസ്താവനയുക്തിയുടെ പരിമിതിയെ മറികടക്കുന്ന ഏകോണ്മാസ്വരമാണ് (2006-68). ദെല്യൂസിന്റെ പ്രതീതി എന്ന സങ്കല്‍പവും ഇബ്നുസീനയുടെ ഉണ്മയെക്കുറിച്ചുളള ആദ്യത്തെ സംവര്‍ഗ്ഗവും തമ്മില്‍ ഒത്തുപോകാന്‍ ചെയ്യേണ്ട ഒരേ ഒരു തിരുത്ത് ഇതുമാത്രമായിരിക്കും. വാസ്തവത്തില്‍ ഇബ്നുസീനയോട് ഇക്കാര്യത്തില്‍ അല്‍ ഗസ്സാലി നേരത്തെ തന്നെ വാദിച്ചു കഴിഞ്ഞതാണ്. ഗസ്സാലി പറഞ്ഞത്, ‘സാധ്യമായ’ എല്ലാം ‘യാഥാര്‍ത്ഥ്യമല്ല’ എന്നാണ്. മോസസ് മൈമോനിഡസ് ഇത് വികസിപ്പിച്ചിട്ടുണ്ട്. പിന്നീട് ലിബനീസും. ദെല്യൂസ് ലിബ്നീസില്‍ നിന്ന് ഇത് സ്വീകരിക്കുന്നുമുണ്ട്. ഒരു പരിധി വരെ ദെല്യൂസ് ഇബ്നൂസീനയോടുള്ള ഗസ്സാലിയന്‍ വിമര്‍ശം ഏറ്റെടുക്കുന്നുമുണ്ട്. ഈ തിരുത്തുകളൊക്കെ തന്നെ പ്രതീതി എന്ന ആശയത്തിന്റെ ശക്തിയെ വെളിപ്പെടുത്തുന്നതോടൊപ്പം ഉണ്മയെക്കുറിച്ചുള്ള ഇബ്നുസീനയുടെ അടിസ്ഥാനപരമായ സങ്കല്‍പത്തെ പ്രതീതിയുമായി ചേര്‍ത്തു വെച്ച് വികസിപ്പിക്കുന്നുമുണ്ട്.

ആയിത്തീരല്‍ പ്രക്രിയയും ഏകോന്മാസ്വരവും

പ്ലോറ്റിനസില്‍ നിന്ന് ഇബ്നുസീനയിലേക്കും അങ്ങനെ ലിബ്നീസിലേക്കും ദെല്യൂസിലേക്കും ഒരു നവ-പ്ലാറ്റോണിക ഭീഷണി പരന്നെത്തുന്നുണ്ട്. ഈ വംശാവലിയിലേക്ക് നവ-പ്ലാറ്റോണിക ഘടകം ഒരു പ്രശ്നത്തെ കുടിയിരുത്തിയിട്ടുണ്ട്. കാരണം, അത് (നവ-പ്ലാറ്റോണിക ഘടകം-വിവ) ആയിത്തീരല്‍ പ്രക്രിയയില്‍ (becoming) ഒരു പങ്ക് വഹിക്കുന്നുണ്ടെങ്കിലും പ്രതീതിയുടെ സ്വാതന്ത്ര്യത്തിന് തുരങ്കം വെക്കുന്നുണ്ട്. നേരത്തെ സൂചിപ്പിച്ച പോലെ, ഇബ്നൂസീനയുടെ ‘അനിവാര്യമായ അസ്ഥിത്വം’ പ്ലോറ്റിനസില്‍ നിന്നു കൂടി ഉരുവം കൊണ്ടതാണ്. ഇബ്നുസീനയുടെ കാഴ്ചപ്പാടില്‍ നിലനില്‍ക്കുന്ന വസ്തുക്കള്‍ സ്വയം വിഭിന്നമാകുന്ന രീതി പ്ലോറ്റിനസിന്റെ ഒരു വാദത്തെ പ്രതിധ്വനിപ്പിക്കുന്നതു കാണാം. പ്ലോറ്റിനസ് വാദിച്ചത്, എല്ലാ ഉണ്മക്കും പൊതുവായി ഉള്ള കാര്യമെന്തെന്ന് വെച്ചാല്‍ അവ ആത്യന്തിക ഏകത്വത്തില്‍ നിന്ന് വ്യതിരിക്തമാവുകയും എന്നാല്‍ ആ ഏകത്വത്തിലേക്ക് തന്നെ മടങ്ങിപ്പോകാന്‍ ശ്രമിക്കുകയും ചെയ്യുന്നു എന്നാണ്. ലെന്‍ ഗുഡ്മാന്‍ എഴുതുന്നതിപ്രകാരം: ‘ഉണ്മകള്‍ ആണ് എന്നതു കൊണ്ട് തന്നെ എല്ലാ ഉണ്മകള്‍ക്കും പരസ്പരം സമാനമായ സ്വഭാവഗുണങ്ങള്‍ ഉണ്ടാകണം എന്നില്ല എന്ന അരിസ്റ്റോട്ടിലിയന്‍ തത്വം ശരിയാണ്. എന്നാല്‍ പ്ലോറ്റിനസ് പറയുന്നത്, സമ്പൂര്‍ണ ഏകതയില്‍ നിന്ന് വ്യതിരിക്തപ്പെടുക എന്നത്, അല്ലെങ്കില്‍ സ്വയം സാക്ഷാക്തരിക്കാന്‍ ശ്രമിക്കുകയും എന്നാല്‍ ആ ഏകത്വത്തിലേക്ക് മടങ്ങാന്‍ ശ്രമിക്കുകയും ചെയ്യുക എന്നത് ഒരു തരത്തില്‍ പറഞ്ഞാല്‍ എല്ലാ ഉണ്മകള്‍ക്കും പൊതുവായുള്ള സവിശേഷതയാണ്. ഈ സമാനത ഓരോ ഉണ്മയും ‘എങ്ങനെ’ അസ്ഥിത്വത്തിന്റെ സാധ്യതകളെ വ്യാഖ്യാനിക്കുന്നു എന്നതിലല്ല, മറിച്ച് സ്വന്തമായ രീതികളില്‍ എല്ലാ ഉണ്മകളും ഈ സാധ്യതകളെ വ്യാഖ്യാനിക്കുന്നു എന്ന വസ്തുതയില്‍ തന്നെയാണ്’ (1992-69,70). (Not that how they interpret, but that they do interpret).

പ്ലോറ്റിനസിനെ സംബന്ധിച്ചിടത്തോളം ഉണ്മയുടെ ചരിത്രം എന്നത് അതിന്റെ ശേഷിയെ സാക്ഷാത്കരിക്കാനുള്ള ശ്രമങ്ങളെക്കൂടി ഉള്‍ക്കൊള്ളുന്നു. ഇസ്ലാമിക മതചിന്തയില്‍ ഈ ആശയം എത്രത്തോളം സ്വീകാര്യമാണെന്നത് ഇവിടെ വ്യക്തമാണ്. കാരണം, അത്, ഇസ്ലാമിക നവ-പ്ലാറ്റോണികതയെയും ഇല്യുമിനേഷനിസത്തെയും സ്വാധീനിച്ച, ദൈവത്തിന്റെ കണ്ണാടി എന്ന അവസ്ഥയിലെത്താനുള്ള ഭൗതികമായ അശ്രാമപ്രയത്നങ്ങളെ പ്രതിനിധീകരിക്കുന്ന മനോഹര രൂപകങ്ങളെയാണ് ചലനാത്മകമാക്കുന്നത്. ഇജ്തിഹാദ് എന്ന ആശയവും ഈ ആത്മസമരത്തെ പ്രതിഫലിപ്പിക്കുന്ന ഒന്നാണ്. സ്വയം സാക്ഷാത്കരിക്കുക എന്ന ഈ സങ്കല്പം തന്നെയാണ് സ്പിനോസയുടെ നൈതികതയെ സ്വാധീനിച്ചത് (ഗുഡ്മാന്‍ 1992.73). അത് തന്നെയാണ് ദെല്യൂസിന്റെ ആയിത്തീരല്‍ എന്ന സംവര്‍ഗ്ഗത്തെ രൂപീകരിച്ചതില്‍ പങ്ക് വഹിച്ചതും. സ്വയംസാക്ഷാത്കരിക്കുക എന്ന ഈ സംഭവം അടിസ്ഥാനപരമായി ഏകത്വത്തിലേക്ക് സ്വാംശീകരിക്കപ്പെടുക എന്നതിലേക്കുള്ള സൂചനയാണ് തരുന്നത്. എന്നാല്‍ ഇബ്നുസീനയുടെ ഉണ്മയെക്കുറിച്ചുള്ള സങ്കല്‍പത്തിലെ അന്തര്‍ഭവമാണ് (Immanence) ഇവിടെ കാര്യപ്പെട്ട വ്യത്യാസമുണ്ടാക്കുന്നത്. ഇബ്നുസീനയുടെ ആത്യന്തിക ഉണ്മ (Being) പ്ലോറ്റിനസിന്റെയോ പ്ലാറ്റോയുടേതോ പോലെ ഉണ്മക്ക് പൂര്‍വ്വികമായി സംഭവിക്കുന്നതല്ല. മറിച്ച്, അതൊരു പ്രക്രിയയില്‍ സംഭവിക്കുന്നതാണ്, ഉണ്മയുടെ പ്രക്രിയ ആണത്. അസ്ഥിത്വ പ്രക്രിയ. പര്‍വേസ് മൊറാവസ് വാദിക്കുന്നത്, പ്രക്രിയ (process) ആണ് മൗലിക യാഥാര്‍ത്ഥ്യം എന്ന ആശയം ഉറവ കൊള്ളുന്നത് ഇബ്നുസീനയുടെ ഉണ്മയെക്കുറിച്ചുള്ള സിദ്ധാന്തത്തില്‍ നിന്നാണ് എന്നാണ്. അസ്ഥിത്വങ്ങള്‍ പലതായി ചിതറിയാണ് അതിന്റെ ആത്യന്തിക ഏകതയിലേക്ക് സഞ്ചരിക്കുന്നത്. ഈ ആത്യന്തികത എന്ന സംവര്‍ഗ്ഗം അരിസ്റ്റോട്ടിലിന്റെ പ്രാഥമിക സത്ത (primary substance) എന്ന ആശയത്തിനാണ് പകരം നില്‍ക്കുന്നത് (1992. 62). ഇവിടെ ഉറവിടം ഇബ്നുസീനയോ ഏതെങ്കിലും നവ-പ്ലാറ്റോണികനോ സൂഫീ ചിന്തകനോ അല്ല, മറിച്ച് ആല്‍ഫ്രഡ് നോര്‍ത്ത് വൈറ്റ്ഹെഡിന്റെ process and realtiy (1978) ആണ്. നേര്‍രേഖാപരവും പ്രയോജനവാദപരവുമായ ഒരു മടക്കത്തില്‍ നിന്ന് എങ്ങനെയാണ് ഇബ്നുസീനയുടെ ഉണ്മ വേര്‍തിരിയുന്നത്. ഒരു നവ-പ്ലാറ്റോണിക കാഴ്ചപ്പാടില്‍ നോക്കിയാല്‍ ദൈവികമായിത്തീരാനുള്ള പാതയില്‍ ഇബ്നൂസീനയുടെ ആയിത്തീരല്‍ പ്രക്രിയ പലപ്പോഴും നേര്‍രേഖാപരമാകുന്നു. എന്നാല്‍ ഇബ്നുസീനയന്‍ ഉണ്മയുടെ അന്തര്‍ഭവവും അതിന്റെ പ്രസ്താവ സ്വഭാവവും വസ്തുക്കള്‍ക്ക് ദൈവത്തോളം തന്നെ സര്‍ഗ്ഗാത്മക സ്വാതന്ത്ര്യം അനുവദിക്കുന്നു. ഗുഡ്മാന്‍ എഴുതുന്നതു പോലെ, ദൈവിക യുക്തി എന്തു കൊണ്ട് പുതിയ സര്‍ഗ്ഗാത്മക മാര്‍ഗ്ഗങ്ങള്‍ തുറക്കുന്നു എന്നതിനെ കുറിച്ച് ഇബ്നുസീന വ്യക്തമായ വിശദീകരണം തരുന്നില്ല. അല്‍ ഗസ്സാലി, മൈമൊണഡൈസ്, ലിബ്നീസ്, ബെര്‍ഗ്സണ്‍, വൈറ്റ്ഹെഡ് തുടങ്ങിയവര്‍ പിന്നീട് അന്വേഷിക്കാന്‍ ശ്രമിച്ച പ്രശ്നമാണിത്. ശകലങ്ങളെ ദൈവത്തിന്റെ സമഗ്രതയിലേക്ക് സംയോജിപ്പിക്കാന്‍ സ്പിനോസ വരുന്നത് വരെ അവിസെന്ന ഒരിക്കല്‍ അവലംബിച്ച നവ-പ്ലാറ്റോണികത മാത്രമേ ഉണ്ടായിരുന്നുള്ളൂ (1992. 95-6). ഗുഡ്മാന്‍ പറയുന്നത്, കാര്യങ്ങള്‍ അതിന്റെ ഉത്ഭവാവസ്ഥയില്‍ നിന്ന് പിന്നീട് വ്യത്യസ്തമായി എന്ന വാദം സൃഷ്ടി എന്ന കാരണമില്ലാതെ പ്രവര്‍ത്തിക്കുമോ എന്ന ചോദ്യം ചോദ്യമായി തന്നെ അവശേഷിക്കുന്നു എന്നാണ്. ലിബ്നീസ് അതേസമയം ഈ ലോകം തന്നെയാണ് ഏറ്റവും സ്വയം സാധ്യമായത് എന്നു കരുതാന്‍ ഒരുതരം സൃഷ്ട്യോന്മുഖ മാതൃകയെ (creationist model) അവലംബിക്കുന്നു. അല്‍ശിഫയിലെ അധ്യായം പത്തു മുതല്‍ പതിമൂന്നു വരെയുള്ള ഭാഗങ്ങളില്‍ ഭൗതികശാസ്ത്രം കൈകാര്യം ചെയ്യുന്നിടത്ത് ഇബ്നുസീനയുടെ ആയിത്തീരലിനെക്കുറിച്ചുള്ള കുറച്ചു കൂടി ചലനാത്മകമായ ആശയം കാണാന്‍ സാധിക്കും. അതില്‍ ഇബ്നുസീന ചലനത്തിന്റെ പ്രധാനപ്പെട്ട രണ്ടു സങ്കല്‍പങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. ഒന്ന് മനോഗതപരമായ സങ്കല്‍പം ആണ്. ചലനത്തിന്റെ പൂര്‍ണത അതിന്റെ തുടക്കം മുതല്‍ അന്ത്യം വരെ മനസിന് പിടിച്ചെടുക്കാന്‍ പറ്റുക എന്ന ഏര്‍പ്പാടാണ് ആദ്യത്തേത്. അടുത്തത്, രണ്ട് പോയന്റുകള്‍ക്കും (തുടക്കം, അവസാനം) ഇടയിലുള്ള അവസ്ഥയെ തിരിച്ചറിയുക എന്നതാണ്. അതാണ് യഥാതഥ ചലനം എന്ന ആശയം. ജൂള്‍സ് ജാന്‍സസ് പറയുന്നതനുസരിച്ച്, ചലനത്തെ സംബന്ധിച്ചുള്ള ഇബ്നുസീനയുടെ സങ്കല്‍പം ചലനത്തെ ഒരു ഇടം/സ്ഥാനം എന്ന നിലയിലാണ് പരിഗണിക്കുന്നത്. അതോടൊപ്പം സമയത്തിന്റെ വളരെ നിരപേക്ഷമായ (objective) അസ്ഥിത്വത്തെയും ഇത് സൂചിപ്പിക്കുന്നുണ്ട്. ഇവിടെ സമയം നിര്‍വചിക്കപ്പെട്ടിരിക്കുന്നത് അനുസ്യൂതമൊഴുകുന്ന വര്‍ത്തമാനനിമിഷത്താല്‍ (flowing now) ഉല്‍പാദിക്കപ്പെടുന്ന ഒരു അവിച്ഛിന്ന പ്രതിഭാസമായാണ്. എന്നാല്‍ മനസിനെ സംബന്ധിച്ചിടത്തോളം സമയം എത്രവേണമെങ്കിലും പകുത്തെടുക്കപ്പെടാം. ആ അര്‍ത്ഥത്തില്‍ വര്‍ത്തമാനനിമിഷം (now) പ്രത്യക്ഷപ്പെടുന്നത് സ്വയം പരിമിതമായത് എന്ന നിലയിലാണ്. എന്നാല്‍ വര്‍ത്തമാന നിമിഷം അനുസ്യൂതമായി പ്രവഹിക്കുന്ന ഒന്നായി മനസിലാക്കിയാല്‍ അതായിരിക്കും യഥാര്‍ത്ഥ സമയത്തെ സാധ്യമാക്കുക. അങ്ങനെ നോക്കിയാല്‍ ഇബ്നുസീനയുടെ സമയത്തെക്കുറിച്ചുള്ള സങ്കല്‍പം ബെര്‍ഗ്സണിന്റേതിനെ അനുസ്മരിപ്പിക്കും. എന്നാലും രണ്ടു പേരുമായി ഒരു നേരിട്ടുള്ള ബന്ധം എനിക്ക് തെളിയിക്കാനാവണമെന്നില്ല.

ദെല്യൂസ് പ്ലാറ്റോണിസ്റ്റല്ല, കാരണം ഇബ്നുസീനയും ആയിരുന്നില്ല.

ദെല്യൂസ് അങ്ങേയറ്റത്തെ ട്രാന്‍സെന്റെന്റലിസ്റ്റും പ്ലാറ്റോണിസ്റ്റും ആണ് എന്ന പലരും വിമര്‍ശിച്ചിട്ടുണ്ട്. പ്രത്യേകിച്ച്, Deleuze: the clamour of being എന്ന ഗ്രന്ഥത്തില്‍ അലന്‍ ബാദിയൂ ദെല്യൂസിനെ വിമര്‍ശിക്കുന്നത് വ്യത്യസ്തകളെ ഇടിച്ചു നിരപ്പാക്കുന്ന ഒരു ആത്യന്തിക യാഥാര്‍ത്ഥ്യത്തെ സങ്കല്‍പിച്ച ചിന്തകനായാണ്. ബാദിയൂ വാദിക്കുന്നത്, ഏകോന്മാസ്വരം എന്ന ആശയത്തിലൂടെ (ഇബ്നുസീനയില്‍ നിന്ന് ഉത്ഭവിച്ചതെന്ന് നമ്മള്‍ ഇപ്പോള്‍ തിരിച്ചറിഞ്ഞ ആ സങ്കല്‍പം) ദെല്യൂസ് പ്ലാറ്റോണിസത്തെ തിരിച്ചിടുകയല്ല, മറിച്ച് അതിനെ പിന്നെയും പ്രാമാണീകരിക്കുകയാണ് ചെയ്തത് എന്നാണ്. അഥവാ, ഏകോന്മാസ്വരം എല്ലാ ഉണ്മകള്‍ക്കും അതീതമായ ഒരു ഏക ഉണ്മയുടെ ഘോഷത്തെയാണ് പ്രതിനിധീകരിക്കുന്നത്. ബാദിയുന്റെ അഭിപ്രായത്തില്‍ പ്രതീതി/യാഥാര്‍ത്ഥ്യം എന്ന ജോഡി മുന്നോട്ട് വെക്കുന്നത് പ്രതീതി പ്ലാറ്റോണിക് ആണെന്നും യാഥാര്‍ത്ഥ്യം എന്നത് അതിന്റെ തന്നെ ഒരു തരത്തിലുള്ള പ്രതിരൂപമാണെന്നുമാണ്. അങ്ങനെ ബാദിയൂ ഉപസംഹരിക്കുന്നത് ദെല്യൂസിന്റെ പ്രതീതി യഥാര്‍ത്ഥത്തില്‍ ട്രാന്‍സെന്റന്റല്‍ ആണെന്നാണ്. മറ്റുള്ളവരും സമാനമായ വാദങ്ങള്‍ ദെല്യൂസിനെക്കുറിച്ച് ഉന്നയിച്ചിട്ടുണ്ട്. പീറ്റര്‍ ഹാള്‍വാര്‍ഡ് വാദിക്കുന്നത് ദെല്യൂസിന്റെ യഥാര്‍ത്ഥം എന്ന ആശയം പ്ലോറ്റിനിയന്‍ ഏകതയുടെ ഒരു സ്വയംവ്യതിരിക്തത മാത്രമാണ് എന്നാണ്. ഈ ഒരു നവ-പ്ലാറ്റോണിക പ്രതിധ്വനി പീറ്റര്‍ ഹാള്‍വാര്‍ട്ടിന്റെ ദെല്യൂസും സുഹറവര്‍ദിയും തമ്മിലുള്ള താരതമ്യത്തില്‍ കാണാന്‍ സാധിക്കും (1997.18). എന്നാല്‍ ദെല്യൂസിന്റെ പൂര്‍വ്വഗാമികളെക്കുറിച്ചുള്ള പഠനം കുറച്ചു കൂടി സങ്കീര്‍ണമായ ചിത്രമാണ് തരിക. മേലെ നമ്മള്‍ നടത്തിയ ഇബ്നൂസീനയിലെ നവ-പ്ലാറ്റോണിക പ്രവണതകളെക്കുറിച്ചുള്ള ചര്‍ച്ച ചിലപ്പോള്‍ ബാദിയുന്റെ വിമര്‍ശത്തെ ശരിവെച്ചേക്കാം. എന്നാല്‍ ഇത് ഇബ്നുസീന നവ-പ്ലാറ്റോണികതയെ തികച്ചും വ്യത്യസ്തമായ കലാം ദൈവശാസ്ത്രത്തിന്റെയും അരിസ്റ്റോട്ടിലിന്റെയും പ്രപഞ്ചബോധവുമായി ഉത്ഗ്രഥിച്ചതിനാലല്ല. നഥാന്‍ വിഡ്ഡെറിനെപ്പോലെ (2001) ഉള്ള മധ്യകാല തത്വചിന്തയെ വീക്ഷിക്കുന്നവര്‍ക്ക് ഇവിടെ കാണാന്‍ സാധിക്കുക അരിസ്റ്റോട്ടിലിയന്‍ ഘടകങ്ങളുടെ സ്വാധീനമായിരിക്കും. ഏകോന്മാസ്വരം എന്നത് പ്ലാറ്റോണിക്കല്ല എന്നും മറിച്ച് അത് ഡണ്‍സ്‌കോട്ടസ് വികസിപ്പിച്ച അരിസ്റ്റോട്ടിലിയന്‍ തത്വമാണ് എന്നും വാദിച്ചു കൊണ്ട് വിഡ്ഡെര്‍ ബാദിയൂവിനെ എതിര്‍ക്കുന്നുണ്ട്. ‘ ‘ഏകോണ്മാസ്വരം’ എന്ന ആശയം വിത്യാസങ്ങള്‍ക്കിടയിലൊരു ഏകത്വത്തിന്റെ ബന്ധം സ്ഥാപിക്കലല്ല മറിച്ച് വിത്യാസങ്ങളെ വിത്യാസങ്ങളാല്‍ തന്നെ ബന്ധിപ്പിക്കുക എന്നതാണ്’ (വിഡ്ഡെര്‍ 2001.438). എന്നാല്‍ ദൗര്‍ഭാഗ്യകരമെന്നോണം അരിസ്റ്റോട്ടിലിനെയും സ്‌കോട്ടസിനെയും ബന്ധിപ്പിക്കാന്‍ ഇബ്നുസീന സൃഷ്ടിച്ച ബന്ധത്തെ വിഡ്ഡെര്‍ കാണാതെ പോയി. ഏകോണ്മാസ്വരത്തിന്റെ അറബിക് ഉത്ഭവം പരിശോധിച്ചാല്‍ അരിസ്റ്റോട്ടിലിനെയും ഇസ്ലാമിക ചിന്തയെയും പ്ലാറ്റോണിക ഘടകങ്ങളാല്‍ ബന്ധിപ്പിച്ച് സമന്വയിപ്പിക്കുന്ന ഇബ്നുസീനയിലാണ് അത് എത്തിച്ചേരുക. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം പ്ലാറ്റോവിനും പ്ലോറ്റിനസിന്റെ നവ-പ്ലാറ്റോണികതക്കും ഏകത എന്നത് ഉണ്മക്കും വിജ്ഞാനത്തിനും പുറത്ത് നില്‍ക്കുന്ന ഒന്നാണെങ്കി്ല്‍ ഇബ്നുസീനയെ സംബന്ധിച്ചിടത്തോളം ഉണ്മയുടെ സ്രോതസ്സ്, അനിവാര്യമായ അസ്ഥിത്വം, എന്നത് അന്തര്‍ഭവമാണ് (Immanent). അന്തര്‍ഭവമെന്നാല്‍ ഉണ്മയില്‍ തന്നെയുള്ള ഉണ്മ. ഇതൊക്കെ പറഞ്ഞത് ബാദിയൂവിന്റെ വിമര്‍ശനത്തെ തള്ളാനല്ല, മറിച്ച് ദെല്യൂസിയന്മാരോട് ഇസ്ലാമിക ചിന്തയുടെ പ്ലാറ്റോണികം അല്ലാത്ത ഉറവിടങ്ങളെക്കുറിച്ച് ആലോചിക്കാന്‍ ആവശ്യപ്പെടാനാണ്. വംശീയവല്‍ക്കരണ രാഷ്ട്രീയത്തിന്റെ ഭാഗമായി യൂറോപ്പ് ഇസ്ലാമിക പാരമ്പര്യത്തോട് മുഖം തിരിച്ചെങ്കിലും ഇബ്നൂസീന പടിഞ്ഞാറും കിഴക്കും പടര്‍ന്നു വളര്‍ന്നു കൊണ്ടിരിക്കുന്നു. ഇബ്നുസീനയുടെ എഴുത്തുകള്‍ സ്പെയിലും യൂറോപ്പിലാകമാനവും വിവര്‍ത്തനം ചെയ്യപ്പെടുകയും അദ്ദേഹത്തിന്റെ ചിന്തകള്‍ അതിന്റെ സ്രോതസ്സ് അവഗണിക്കപ്പെട്ടിട്ടു പോലും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്നു. ഇസ്ലാമിക ലോകത്തെ തത്വചിന്തകരാവട്ടെ, പ്രത്യേകിച്ച് ഇന്ത്യയിലെയും ഇറാനിലെയും ഒട്ടോമന്‍ ഏഷ്യന്‍ മൈനറിലെയും ചിന്തകര്‍ അവയെ സംവാദവിധേയമാക്കുകയും പുനര്‍രൂപീകരിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു (ഗുത്താസ് 2002). മുല്ലസദ്റ ഇബ്നുസീനയുടെ പല ചിന്തകളും ദെല്യൂസ് സ്വീകരിച്ചതിന് സമാനമായ ദിശയിലേക്ക് വികസിപ്പിക്കുന്നത് കാണാനാവും. ഏകത്വവാദിയും റാഡിക്കല്‍ അസ്ഥിത്വവാദിയും പൂര്‍വ്വ-ആധുനിക ഇസ്ലാമിക ചിന്തകരിലൊരാളുമായ മുല്ല സദ്റ വാദിച്ചത് ദൈവം സത്താരഹിതമാണ് എന്നാണ്. അസ്ഥിത്വമാണ് ഭവശാസ്ത്രപരമായി പൂര്‍വ്വവര്‍ത്തിയും ഏറ്റവും ചലനാത്മകവും ദ്രവാത്മകവും എന്നാണ്. അസ്ഥിത്വം തന്നെയാണ് സവിശേഷവല്‍ക്കരണത്തിന്റെ അടിസ്ഥാന തത്വവും. അങ്ങനെ വസ്തുക്കള്‍ അസ്ഥിത്വം എന്ന അദ്വിതീയ യാഥാര്‍ത്ഥ്യത്തിന്റെ വ്യത്യസ്ത വ്യതിയാനങ്ങളാണ് എന്ന് വരുന്നു. ഇബ്നു അറബിയെ ഉദ്ധരിച്ചു കൊണ്ട് സദ്റ വാദിക്കുന്നത് ‘സത്തകള്‍ക്ക് ഉണ്മയുടെ സൗരഭ്യം പോലുമില്ല’ എന്നാണ് (റിസ്വി 2005). മുല്ലാസദ്റയുടെ ഏകത്വവാദത്തില്‍ നവ-പ്ലാറ്റോണികതയുടെയും ആത്മീയതയുടെയും ഘടകങ്ങള്‍ വലുതായി കാണാന്‍ സാധിക്കും. പക്ഷെ പ്രപഞ്ചത്തെ തികച്ചും അനിര്‍ണ്ണിതവും തീര്‍ത്തും ചലനാത്മകവുമായി കാണുന്ന ഈ ആശയം പലയിടത്തും ബെര്‍ഗ്സണെയും വൈറ്റ്ഹെഡിനെയും സൈമണ്ടിനെയും ദെല്യൂസിനെയും പ്രതിധ്വനിപ്പിക്കുന്നുണ്ടെന്ന് കാണേണ്ടതാണ്. ഇബ്നുസീന മുതലുള്ള മുസ്ലിം തത്വചിന്തയെക്കുറിച്ചുള്ള അറിവ് ദെല്യൂസിന്റെ പ്ലാറ്റോണികേതര ലോകത്തിന്റെ പരിമിതികളെ തുറന്നു കാട്ടുകയും എന്നാല്‍ രണ്ട് ചിന്തകരുടെയും പരസ്പരം കണ്ടു മുട്ടുന്ന ഇടങ്ങളെ മനസിലാക്കിത്തരുകയും ചെയ്യും. പന്ത്രണ്ടാം നൂറ്റാണ്ടോടുകൂടി പരസ്പരം സന്ധിക്കുകയും എന്നാല്‍ പിന്നീട് പരസ്പരം വിഘടിച്ചു പോവുകയും ചെയ്ത ഇസ്ലാമിക ലോകത്തെയും പടിഞ്ഞാറിന്റെയും തത്വചിന്താഭൂഖണ്ഡങ്ങള്‍ക്കിടയില്‍ സഞ്ചാരമാര്‍ഗ്ഗം സൃഷ്ടിക്കാനുള്ള നല്ലൊരു സമയമാണിതെന്നാണ് എനിക്ക് തോന്നുന്നത്.

കുറിപ്പ്.
1) ആദ്യഭാഗത്ത് Virtual എന്ന പദത്തിന് കൊടുത്ത അയഥാര്‍ത്ഥ്യം എന്ന വിവര്‍ത്തനം സൂക്ഷമമല്ല എന്ന് തോന്നിയതു കൊണ്ട് ഈ ഭാഗത്ത് പ്രതീതി എന്ന വാക്കാണ് പകരം ഉപയോഗിച്ചത്.
2) Univocity എന്ന പദം ഒറ്റക്ക് പ്രയോഗിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ being univocal എന്ന അര്‍ത്ഥം കൂടി ഉള്‍ക്കൊള്ളുന്നതു കൊണ്ട് ഏകോണ്മാസ്വരം എന്ന പ്രയോഗമാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ Univocity of being എന്നത് പിരിച്ചെഴുതപ്പെട്ടതിനാലും അവിടെ Univocity എന്നത് being ന്റെ ഒരു സവിശേഷാവസ്ഥയെ പ്രതിഫലിപ്പിക്കാനുള്ള പ്രയോഗമായതിനാലും Univocity ക്ക് അവിടെ ഏകസ്വരം (ഉണ്മയുടെ ഏകസ്വരം) എന്ന് മാത്രമേ പ്രയോഗിച്ചിട്ടുള്ളൂ.
3) ആദ്യഭാഗത്ത് Univocity ക്ക് ഏകോണ്മാസ്വരങ്ങള്‍ എന്ന ബഹുവചനസ്വഭാവമുള്ള അര്‍ത്ഥമാണ് നല്‍കിയത്. അതിന് കാരണം ആ പദത്തിന് നിര്‍ണിതത്വം വരേണ്ടതില്ല എന്നു കരുതിയതിനാലാണ്. എന്നാല്‍ ഈ ഭാഗത്ത് ആ പദത്തിന്റെ Singularity എന്ന സ്വഭാവത്തില്‍ ഊന്നുകയാണ് ചെയ്യേണ്ടത് എന്ന് തോന്നിയത് കൊണ്ട് ഏകോണ്മാസ്വരം എന്ന് കൊടുത്തിട്ടുണ്ട്.

വിവ: മുഹമ്മദ് ഷാ

ലോറ മാര്‍ക്‌സ്