Campus Alive

സിനിമ: റിയലിസവും ഇമാജിനേഷനും

സിനിമയും ഖയാലിന്റെ ലോകവും: Part 3

സദ്‌റയുടെ ഇമാജിനല്‍ ലോകം

സദ്‌റ പറയുന്നത് തൊട്ടറിയാനുള്ള കഴിവാണ് ആത്മാവിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനം എന്നാണ്. അദൃശ്യലോകത്ത് നിന്ന് ആത്മാവ് ആദ്യം വികസിപ്പിക്കേണ്ടത് സ്പര്‍ശിക്കാനുള്ള കഴിവാണ്. അതിന് ശേഷമാണ് രുചി, മണം, കേള്‍വി, കാഴ്ച എന്നിവയെല്ലാം വരുന്നത്. അപ്പോള്‍ ഈ ലോകത്ത് നമ്മുടെ ശരീരം അനുഭവിക്കുന്നതായി നാം മനസ്സിലാക്കുന്ന എല്ലാം യഥാര്‍ത്ഥത്തില്‍ നമ്മുടെ ആത്മാവാണ് അനുഭവിക്കുന്നത്. അതാകട്ടെ, സെന്‍സിബിളായ ഒന്നും തന്നെയല്ല. മറിച്ച് ഇമാജിനലായ ഇമേജുകളാണ്. സദ്‌റ പറയുന്നത് നോക്കൂ: ‘ മറ്റൊരു ലോകത്ത് സ്ഥിതി ചെയ്യുന്ന ഇമേജുകളാണ് പഞ്ചേന്ദ്രീയങ്ങള്‍ മനസ്സിലാക്കുന്നത്. മെറ്റീരിയലായ ഒബ്ജക്റ്റുകളെ യാദൃശ്ചികതയിലൂടെയാണ്‌ അവ കാണുന്നത്.

പ്രകടമായി നാം കാണുന്ന എല്ലാത്തിലും നമുക്ക് ഉണ്‍മയുടെ ഒഴുക്കിനെ (flow of being) കണ്ടെത്താന്‍ കഴിയും. ഉദാഹരണത്തിന് നാമൊരു ശബ്ദം കേള്‍ക്കുമ്പോള്‍ അത് നമ്മില്‍ തന്നെയാണ് മാനിഫെസ്റ്റ് ചെയ്യപ്പെടുന്നത്. നമ്മിലുള്ള ഇമാജിനല്‍ ഫാക്കല്‍റ്റിയാണ് അത് സാധ്യമാക്കുന്നത്. അതുതന്നെയാണ് ഭൗതികലോകത്ത് നിന്ന് പുറത്തുകടക്കാന്‍ മനുഷ്യനെ സാധ്യമാക്കുന്നത്. സദ്‌റ പറയുന്നത് മനുഷ്യര്‍ മനസ്സിലാക്കുന്ന ഇമാജിനല്‍ ഫാക്കല്‍റ്റി തലച്ചോറിലല്ല സ്ഥിതി ചെയ്യുന്നത് എന്നാണ്. ഇബ്‌നുസീനയുടെ വാദം അതായിരുന്നു. അതുപോലെ ആത്മാവില്‍ നിന്ന് വിട്ട ലോകത്തുമല്ല (സുഹ്‌റവര്‍ദി) അത് സ്ഥിതി ചെയ്യുന്നത്. മറിച്ച്, ആത്മാവിലാണത് നിലനില്‍ക്കുന്നത്. പേരിനുള്ള നിലനില്‍പ്പല്ല അത്. തുടര്‍ച്ചയായ ആക്ടാണ് അത് നിര്‍വ്വഹിക്കുന്നത് എന്നാണ് സദ്‌റ പറയുന്നത്.

മുല്ലാ സദ്‌റ

സദ്‌റയുടെ ഇമാജിനല്‍ ലോകത്ത് വളരെ നിര്‍ണ്ണിതമായ ഒരു ലോകമല്ല സ്ഥിതി ചെയ്യുന്നത്. മറിച്ച് നിരന്തരം മാറിക്കൊണ്ടിരിക്കുന്ന അനന്തമായ ലോകമാണ്. അതേസമയം ഇമാജിനേഷന്‍ എന്നത് നമ്മുടെ കണ്ണ് അടച്ച് വെച്ച് സ്വപ്‌നം കാണലല്ല. മറിച്ച് മെറ്റീരിയലായ ലോകത്ത് സന്നിഹിതമായിക്കൊണ്ട് affect നെ സ്വീകരിക്കുക എന്നതാണ്. ഓരോന്നിനെയും അതിന്റെ ഏകതയില്‍ (singularity) മനസ്സിലാക്കാനാണ് ഇമാജിനേഷന്‍ നമ്മെ സഹായിക്കുന്നത്. ഇമാജിനേഷനെക്കുറിച്ച ഈ സങ്കല്‍പ്പം തന്നെയാണ് സദ്‌റയുടെ ഓണ്‍ടോളജിയെ ആകര്‍ഷകമാക്കുന്നത്.

സിനിമയിലെ ഇമാജിനല്‍

ഇമാജിനലിനെക്കുറിച്ച സദ്‌റയുടെ ആശയവും സിനിമയെക്കുറിച്ച ആധുനിക സിദ്ധാന്തങ്ങളും തമ്മില്‍ സാമ്യതകള്‍ കണ്ടെത്താന്‍ സാധിക്കുന്നുണ്ട്. രണ്ടും ലോകത്തെ മനസ്സിലാക്കുന്നത് ആയിത്തീരലിന്റെ ഒരു പ്രക്രിയയായാണ് (process of becoming). റിയലിസത്തെക്കുറിച്ച് ബാസിന്‍ പറയുന്നത് അത് മാജിക്കലും നിഗൂഢവുമാണെന്നാണ്. സിനിമ അതിലേക്ക് വിരല്‍ ചൂണ്ടുകയാണ് ചെയ്യുന്നത്. അപ്പോള്‍ യാഥാര്‍ത്ഥ്യം എന്നത് അനുഭവഭേദ്യമായ യാഥാര്‍ത്ഥ്യം മാത്രമല്ല. മറിച്ച് അതിന് പുറത്തുള്ള, ആന്തരികമായ (ബാത്വിന്‍) യാഥാര്‍ത്ഥ്യം കൂടിയാണ്. അദ്ദേഹം പറയുന്നത് യഥാര്‍ത്ഥ റിയലിസം ലോകത്തിന് വളരെ കോണ്‍ക്രീറ്റും സത്താപരവുമായ ആവിഷ്‌കാരമാണ് നല്‍കുന്നത് എന്നാണ്. സിനിമകളും ഇമേജുകളുമൊക്കെ ഉണ്‍മയുടെ നിരന്തരമായ ഒഴുക്കിനെയാണ് പ്രതിഫലിപ്പിക്കുന്നത്.

പരിവര്‍ത്തനവും ചലനവുമായുള്ള സിനിമയുടെ ബന്ധത്തെക്കുറിച്ച് Kracauer എഴുതുന്നുണ്ട്. ‘ദൃശ്യമായ പ്രതിഭാസത്തിന്റെ അനന്തമായ ഒഴുക്കാണ് സിനിമ’ എന്ന് അദ്ദേഹം പറയുന്നുണ്ട്. ഇമേജിനേഷനെ ഉണര്‍ത്തുകയാണ് സിനിമ ചെയ്യുന്നത്. അതേസമയം മുല്ലാസദ്‌റയുടെ ഇമാജിനലിനെക്കുറിച്ച ആശയത്തിന് സമയത്തിലെ പരിവര്‍ത്തനത്തെ ആവിഷ്‌കരിക്കാനുള്ള സിനിമയുടെ ശേഷിയുമായി സാമ്യതയുണ്ട്. സമയത്തെ രേഖീയമായിട്ടല്ല സിനിമ അവതരിപ്പിക്കുന്നത്. വളരെ നിശ്ചിതമായ ആഖ്യാന സന്ദര്‍ഭങ്ങളെയല്ല സിനിമ സൃഷ്ടിക്കുന്നത്. മറിച്ച് സമയത്തിന്റെ അരേഖീയമായ പ്രവാഹത്തെയാണ്.

Kracauer

ഏകത്വവും അമൂര്‍ത്തതയോടുള്ള വിമര്‍ശവും

മെറ്റീരിയല്‍ അയഥാര്‍ത്ഥ്യമാണെന്ന് സദ്‌റ പറയുന്നുണ്ടെങ്കിലും എല്ലാ വസ്തുക്കള്‍ക്കും ആത്മാവുണ്ടെന്നും ആയിത്തീരലിന്റെ പ്രക്രിയ അവക്കെല്ലാം സംഭവിക്കുന്നുണ്ടെന്നും സദ്‌റ ചൂണ്ടിക്കാണിക്കുന്നു. ഇബ്രാഹീം കലീന്‍ സൂചിപ്പിച്ചത് പോലെ സദ്‌റയെ സംബന്ധിച്ചിടത്തോളം ഓണ്‍ടോളജി പ്രധാനം തന്നെയാണ്. അപ്പോള്‍ എല്ലാത്തിനും ബോധത്തിന്റേതായ അവസ്ഥയുണ്ട്. അതുകൊണ്ടാണ് അവ നിലനില്‍ക്കുന്നത്. അതോടൊപ്പം തന്നെ അവയെല്ലാം മെറ്റീരിയലായ അവസ്ഥയില്‍ നിന്നും തങ്ങളുടെ ആത്മാവുകളെ മോചിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. ഖുര്‍ആന്‍ പറയുന്നു: ‘ എല്ലാ വസ്തുക്കളും അല്ലാഹുവെ സ്തുതിക്കുന്നുണ്ട്. നിങ്ങള്‍ മനസ്സിലാക്കുന്നില്ല’; ‘ ഭൂമിയിലും ആകാശങ്ങളിലുമുള്ള എല്ലാ വസ്തുക്കളും അല്ലാഹുവിന് ഇബാദത്ത് ചെയ്യുന്നുണ്ട്. (ഖുര്‍ആന്‍ 44:17, 49:16).

സദ്‌റയെ സംബന്ധിച്ചിടത്തോളം അമൂര്‍ത്തത ഉണ്‍മയുടെ ഒഴുക്കിനെ തടയുന്ന നിര്‍ണ്ണയമാണ്. വസ്തുക്കള്‍ക്ക്‌ നല്‍കുന്ന പേരുകളും നിര്‍ണ്ണയത്തെയാണ് സൂചിപ്പിക്കുന്നത്. ഒന്നിനെ നമ്മള്‍ പേര് വിളിക്കുന്നതോടെ അതിന്റെ ആയിത്തീരലിന്റെ സാധ്യതകളെയാണ് നാം ഇല്ലാതാക്കുന്നത് എന്നാണ് സദ്‌റ പറയുന്നത്. എന്താണ് എന്ന നിര്‍വ്വചനം (Quiddity) നെയിം ചെയ്യാനുള്ള നമ്മുടെ ആഗ്രഹമാണ്. സദ്‌റ പറയുന്നത് നിര്‍വ്വചനം ഉണ്‍മയുടെ യാഥാര്‍ത്ഥ്യത്തെ (reality of being) തടയുന്നു എന്നാണ്. അതിനാല്‍ തന്നെ വ്യാവഹാരികമല്ലാത്ത അനുഭവങ്ങളിലേക്ക്, വസ്തുക്കളുടെ ആയിത്തീരലുകളിലേക്ക് ശ്രദ്ധ തിരിച്ചെങ്കില്‍ മാത്രമേ ഉണ്‍മയുടെ ഒഴുക്കിനെ മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. സദ്‌റ പറയുന്നത് ഇമാജിനേഷനിലൂടെയാണ് അത് സാധ്യമാവുക എന്നാണ്. കാരണം ബീയിംഗ് എന്നത് ഒരു പ്രക്രിയയായതിനാല്‍ കണ്‍സപ്റ്റുകള്‍ക്ക് അവയെ പിടിക്കാന്‍ കഴിയുകയില്ല. ഇമേജുകള്‍ക്കാണ് അത് സാധ്യമാവുക. എന്നാല്‍ അനന്തതയെ ആവിഷ്‌കരിക്കാന്‍ ഇമേജുകള്‍ക്കും സാധിക്കുന്നില്ലെങ്കില്‍ ഇമേജുകളെയും നിഷേധിക്കേണ്ടതല്ലേ? ഇമേജുകള്‍ക്കെതിരായ ചില മുസ്ലിം പാരമ്പര്യങ്ങളിലെ നിലപാടുകള്‍ക്കുള്ള കാരണം ഇതാണ്. എന്നാല്‍ സദ്‌റയെ സംബന്ധിച്ചിടത്തോളം ഇമേജുകള്‍ മെറ്റഫറുകളെയാണ് സൃഷ്ടിക്കുന്നത്. നിര്‍ണ്ണിതമായ അര്‍ത്ഥത്തെയല്ല. ക്രിയേറ്റിവിറ്റി ഉണ്ടാകണമെങ്കില്‍ നിര്‍ണ്ണിതമായ അര്‍ത്ഥങ്ങളെയും നിര്‍വ്വചനങ്ങളെയും നിരാകരിക്കേണ്ടതുണ്ട് എന്നാണ് സദ്‌റ പറയുന്നത്. ഇമേജുകള്‍ അതാണ് സാധ്യമാക്കുന്നത്. അതിനാല്‍ തന്നെ നമുക്കൊരിക്കലും ഇമേജുകളെ (സിനിമ, സ്വപ്‌നം തുടങ്ങിയവ) വിശദീകരിക്കാന്‍ കഴിയില്ല. അനുഭവിക്കാനേ കഴിയുകയുള്ളൂ.   (അവസാനിച്ചു)

വിവര്‍ത്തകക്കുറിപ്പ്

ഇമേജുകളിലേക്കുള്ള റിയലിസ്റ്റിക്കും പ്രതിനിധിനാപരവുമായ നോട്ടങ്ങളുടെ പരിമിതികളെ മനസ്സിലാക്കാന്‍ ലോറ മാര്‍ക്‌സ് സഹായിക്കുന്നുണ്ട്. പൊതുവെ റിയലിസവുമായി ബന്ധപ്പെടുത്തിയാണ് ഇമേജുകളുടെ (സിനിമകളുടെ) സമ്പൂര്‍ണ്ണതയെക്കുറിച്ച ആഖ്യാനങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നത്. അതുകൊണ്ടാണ് ഫാന്റസി സിനിമകള്‍ ബോറത്തരമായി മനസ്സിലാക്കപ്പെടുന്നത്. ലോറ മാര്‍ക്‌സ് നമുക്ക് കാണിച്ചുതരുന്നത് റിയലിസത്തിന്റെ ബോറത്തരവും ഫാന്റസിയുടെ സാധ്യതകളുമാണ്. ഫാന്റസിയില്‍ ഇമാജിനേഷന്റെ ഒഴുക്കും റിയലിസത്തില്‍ അര്‍ത്ഥത്തിന്റെ നിര്‍ണ്ണയവുമാണ് സംഭവിക്കുന്നത്. ഇമേജുകളുടെ പ്രതിനിധാനമാണ് ശരിക്കും പറഞ്ഞാല്‍ റിയലിസം. അതുകൊണ്ടായിരിക്കാം മലയാളികള്‍ കെ.എല്‍ ടെന്‍ പത്തിനെ തഴഞ്ഞതും സുഡാനിയെ സ്വീകരിച്ചതും എന്ന് ഒരിക്കല്‍ സുഹൃത്ത് ഷാന്‍ സൂചിപ്പിക്കുകയുണ്ടായി. പച്ചയായ ജീവിതം, തന്‍മയത്വമുള്ള ജീവിതം എന്നൊക്കെ സിനിമകള്‍ വായിക്കപ്പെടുന്നത് ഈ റിയലിസ്റ്റ് പൂജയില്‍ നിന്നാണ്. ലോറ മാര്‍ക്‌സിനെ ഞാനിഷ്ടപ്പെടുന്നത് റിയലിസത്തിന്റെ (പ്രതിനിധാനത്തിന്റെയും) വരള്‍ച്ചയില്‍ നിന്ന് പുറത്തുകടക്കാന്‍ തത്വചിന്താപരമായ പുതിയ ആലോചനകള്‍ സാധ്യമാക്കിത്തന്നു എന്നതുകൊണ്ടാണ്.

വിവ: സഅദ് സല്‍മി (salmisaad@gmail.com)

ലോറ മാര്‍ക്‌സ്