Campus Alive

സാമൂഹിക ചിന്തയുടെ ദൈവശാസ്ത്രം: ഇബ്‌നു ഖല്‍ദൂനെ അടയാളപ്പെടുത്തുമ്പോള്‍

സാമൂഹിക ശാസ്ത്ര വിശകലനത്തില്‍ തന്റേതായ സംഭാവനകള്‍ അര്‍പ്പിച്ച മുസ്‌ലിം ചിന്തകനായി വലിയ തരത്തില്‍ ആഘോഷിക്കപ്പെടുന്ന പണ്ഡിതനാണ് അബ്ദുറഹ്മാന്‍ ഇബ്‌നു ഖല്‍ദൂന്‍. അത് വരെയുള്ള ഇസ്ലാമിക രചനാ ശാസ്ത്രത്തില്‍ നിന്നും മാറി നടന്ന്‌ ചരിത്രത്തെയും ശാസ്ത്രത്തെയും രാഷ്ട്രത്തെയും സാമൂഹിക ബന്ധങ്ങളെയും സാംസ്‌കാരിക നിര്‍മിതികളേയും പറ്റിയുള്ള പുതിയ ആലോചനകള്‍ക്ക് വഴിതുറന്നു എന്ന അര്‍ഥത്തില്‍ ഇന്നും അദ്ധേഹം ധാരാളമായി പഠിക്കപ്പെടുന്നു.

ഇബ്‌നു ഖല്‍ദൂനെ വായിച്ച് തുടങ്ങാന്‍ ശ്രമിക്കുന്നതിന് വളരെ മുമ്പേ കേട്ടു പരിചയിച്ച വാക്കുകളാണ് അദ്ദേഹത്തിന്റെ ചാക്രികമായ ചരിത്ര വിവരണവും (cyclical narration of history) അസബിയയും. ഇവ രണ്ടിനെയും രണ്ട് വ്യത്യസ്ത അക്കാദമിക് discipline കള്‍ക്കകത്ത് നിന്നുകൊണ്ട് വിശകലനം ചെയ്ത് ഒന്ന് മറ്റൊന്നിന്റെ തുടര്‍ച്ചയായി ചേര്‍ത്ത് വെച്ച് discipline ന്റെ പരിമിതികളെ മറികടക്കാനുള്ള ശ്രമമായിക്കൂടി ഈ പഠനത്തെ മനസ്സിലാക്കാം. ചാക്രികതയെ പറ്റി ദൈവിക തത്വശാസ്ത്രത്തിന്റെ വിശാലമായ പ്രതലത്തില്‍ നിന്നുകൊണ്ടുള്ള ആലോചനകള്‍ അദ്ദേഹത്തിന്റെ വിശ്വാസത്തിന്റെ പ്രതിഫലനമായി എങ്ങനെ മാറുന്നു എന്നതിനെ പറ്റി ആലോചിക്കാനാണ് ഈ ഭാഗം ശ്രമിക്കുന്നത്. ഒന്നാമതായി ചരിത്ര വിശകലന രീതിശാസ്ത്രം എന്ന്‌ വിളിക്കപ്പെട്ട ചാക്രികത(cyclicity) ഏതൊരു ആശയത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം രൂപപ്പെടുത്തിയത് എത് പരിശോധിക്കപ്പെടേണ്ടതുണ്ട്. ചാക്രികമാവുക(cyclical) എന്നാല്‍ ഖല്‍ദൂനെ സംബന്ധിച്ചിടത്തോളം ചലിച്ച് കൊണ്ടേയിരിക്കുന്ന ഒന്നാണ്. സംസ്‌കാരത്തിന്റെ കെട്ടിപ്പൊക്കലും അപചയവും ചലിച്ചുകൊണ്ടിരിക്കുന്നതിന്റെ അനന്തരഫലമായുണ്ടാകുന്ന ആയിത്തീരലുകളാണ്. സമയത്തെ പറ്റിയുള്ള രേഖീയമായ(linear) ധാരണകളെ ചോദ്യം ചെയ്യാനും ഖല്‍ദൂനില്‍ സാധ്യതകളുണ്ട്. ഒരേ സമയം മുന്നോട്ട്‌ പോകുന്ന ചരിത്രം അതിന്റെ ആദ്യ രൂപത്തിലേക്ക് തന്നെ എത്തിച്ചേരുന്നുണ്ട്. അഥവാ മുന്നോട്ട്‌ പോവുക എന്നത് സത്താപരമായിത്തന്നെ തിരിച്ച് പോകലാകുന്നു. ചരിത്രം എന്നാല്‍ വികാസം പ്രാപിക്കുന്ന ഒന്ന്‌ എന്നതിന് പാരലല്‍ ആയിക്കൊണ്ട് തന്നെ അത് അപചയം കൂടിയാണ് എന്ന സ്വാഭാവികതയിലാണ് ഇബ്‌നു ഖല്‍ദൂന്റെ ആശയങ്ങള്‍ വികസിക്കുത്. അതിനെല്ലാം ഉപരിയായി കാലത്തിന്റെ ഈ ചാക്രികത സ്വാഭാവികമായ ഒന്നാണ് എന്ന്‌ അടയാളപ്പെടുത്തുമ്പോള്‍ അത് ദൈവിക കല്‍പ്പനയില്‍ പെട്ടതാണ് എന്ന്‌ കൂടി മനസ്സിലാക്കേണ്ടതുണ്ട്.

എവിടെ നിന്നാണ് ചരിത്രം ആരംഭിക്കുന്നത് എന്നതിനുള്ള ഭൗതികമായ വിശദീകരണം ഖല്‍ദൂനില്‍ വായിച്ചെടുക്കാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഖിലാഫത്തിന് അഥവാ അല്ലാഹുവിന്റെ പ്രതിനിധാനം ഭൂമിയില്‍ സാധ്യമാക്കുന്നതിനാണ് നാഗരികത നിലനില്‍ക്കുന്നത്. ദൈവേഛയുടെ പൂര്‍ത്തീകരണത്തിനായി അല്ലാഹു രൂപപ്പെടുത്തിയ സംവിധാനം എന്ന നിലക്കാണ് അത്. അപ്പോള്‍ നാഗരികതയുടെ ഉല്‍ഭവവും അല്ലാഹുവുമായി ബന്ധപ്പെട്ടു കിടക്കുന്നു. അഥവാ ചരിത്രം എന്നത് അനന്തമായ ദൈവികതയില്‍ നിന്നും അനന്തതയിലേക്കുള്ള ചലനമായി വായിക്കാം. ഇബ്‌നു ഖല്‍ദൂനിന്റെ പഠനങ്ങളെ ധാരാളമായി വിശകലനം ചെയ്ത തുര്‍ക്കിഷ് ചിന്തകന്‍ അബ്ദുറഹ്മാന്‍ മിഹിരിഗ് ഖല്‍ദൂന്റെ അശ്അരീ തത്വശാസ്ത്രവുമായുള്ള ബന്ധത്തെ വരച്ചിടുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളില്‍ അശ്അരീ ധാരയുടെ അടിസ്ഥാനത്തില്‍ ചരിത്രത്തെയും സാമൂഹിക ശാസ്ത്രത്തെയും ബോധപൂര്‍വം വികസിപ്പിക്കാന്‍ ഇബ്‌നു ഖല്‍ദൂന് കഴിഞ്ഞിട്ടുണ്ട്. ഹദീസ് ശാസ്ത്രത്തോടൊപ്പം യുക്തിയും (അഖ്‌ലി) അനുഭവവും (അദ്‌ലി) ഉപയോഗപ്പെടുത്തി തീരുമാനമെടുക്കുന്ന അശ്അരീ ശൈലിയാണ് അദ്ദേഹം തന്റെ കൃതിയിലുടനീളം ഉപയോഗിക്കുന്നത്. നിശ്ചിതമല്ലാത്ത ലോകത്തെ പറ്റിയുള്ള അശ്അരീ അതിഭൗതികതയില്‍ ചരിത്രവും സാമൂഹിക ശാസ്ത്രവും പുനര്‍നിര്‍വചിക്കപ്പെടേണ്ട അനിവാര്യതയില്‍ നിന്നാണ് തത്വചിന്തകര്‍ അനന്തമായ ലോകത്തെ വിഭാവനം ചെയ്തത്. അവര്‍ക്ക് നാഗരികതയുടെ ഉല്‍ഭവത്തെ പറ്റി ചിന്തിക്കേണ്ട കാര്യമില്ല. കാരണം അവരെ സംബന്ധിച്ചിടത്തോളം നാഗരികത എപ്പോഴും നിലനില്‍ക്കുന്ന ഒന്നാണ്. അനന്തമായ ലോകം എന്നാല്‍ മനുഷ്യ നാഗരികത അടക്കം ഒന്നിനും ആരംഭം ഇല്ലാത്തത് എന്നാണ്. നിലനില്‍ക്കുന്നതിന്റെ ആവര്‍ത്തനം മാത്രമാണെല്ലാം. ഇബ്‌നു ഖല്‍ദൂന്‍ അതിഭൗതികതയെ നിരാകരിച്ചിട്ടുണ്ട് എന്ന വാദത്തെയും അദ്ദേഹം എതിര്‍ക്കുന്നുണ്ട്. ഒരു ശരാശരി വിദ്യാര്‍ഥി ഇല്‍മുല്‍ കലാമിനെ പറ്റി അധികമായി ആലോചിക്കേണ്ടതില്ല എന്ന്‌ ഇബ്‌നു ഖല്‍ദൂന്‍ വിശ്വസിച്ചിരുന്നതായി മുഖദ്ദിമയില്‍ കാണാം. കാരണം അറിവ് കുറഞ്ഞവരെ സംബന്ധിച്ചിടത്തോളം അത് അവരെ മതനിരാസത്തിലേക്ക് നയിക്കുമെന്ന്‌ അദ്ദേഹം കരുതി. എന്നാല്‍ പണ്ഡിതര്‍ നിര്‍ബന്ധമായും അത് പഠിച്ചിരിക്കണം എന്ന്‌ അദ്ദേഹം നിഷ്‌കര്‍ഷിക്കുന്നുണ്ട്. കൂടാതെ അരിസ്‌റ്റോട്ടിലിയന്‍ ഫിലോസഫിയെ നിരാകരിക്കാന്‍ ഇമാം ഗസ്സാലി(റ) യെയും ഇമാം റാസി(റ) യെയും കൂടുതല്‍ പഠിക്കണമെന്ന്‌ അദ്ദേഹം പറയുന്നുണ്ട്.

ഇബ്‌നു ഖല്‍ദൂന്‍ അശ്അരീ തത്വങ്ങള്‍ പിന്തുടര്‍ന്നിരുന്നു എന്നത് അദ്ദേഹത്തിന്റെ അധികം വായിക്കപ്പെട്ടിട്ടില്ലാത്ത ‘ശിഫാഅ് സലീല്‍ തഹ്ദീബുല്‍ മസാഇല്‍’ ( Ibn Khaldun on Sufism: Remedy for the Questioner in Search of Answers, translated by  Yumna Ozer)   എന്ന ഗ്രന്ഥം വായിക്കുന്നവര്‍ക്ക് മനസ്സിലാക്കാം. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ അറിവും ചിന്തയും അല്ലാഹുവിന്റെ മാനിഫെസ്റ്റേഷനില്‍ അന്തര്‍ലീനമായതാണ്. അല്ലാഹു എല്ലാ വസ്തുക്കളിലും ചില സഹജവാസനകളും (الغراإز) അത് പൂര്‍ത്തീകരിക്കാനുള്ള ഫോഴ്‌സുകളും (القوَة) സൃഷ്ടിച്ചിട്ടുണ്ട്‌. മനുഷ്യനില്‍ ധിഷണ (العقل) എന്ന സഹജവാസനയുടെ പൂര്‍ത്തീകരണത്തിനായി അറിവ് (العلم) ആന്തരികജ്ഞാനം (المعرفة) എന്നിവയെ അവന്‍ സ്വാഭാവികമായും അന്വേഷിക്കുന്നു. മാത്രമല്ല, അല്ലാഹു ധിഷണയില്‍ അവന്റെ സ്‌നേഹവും (الحبَ) പൂര്‍ണ്ണതയും (الكمال) ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. അത് സ്വയം പൂര്‍ത്തീകരിക്കുവാന്‍ ചിന്തയെ ഉപയോഗപ്പെടുത്തി പരസ്പരം ബന്ധപ്പെടുത്തുകയും വിശകലനം ചെയ്യുകയും സമന്വയിപ്പിക്കുകയും വ്യത്യാസപ്പെടുത്തുകയും ചെയ്യുന്നു. ധിഷണയെയും അറിവിനെയും പരമമായ യാഥാര്‍ഥ്യത്തിലേക്ക് ചേര്‍ത്ത് വെച്ച്‌കൊണ്ടുള്ള ചിന്താ പദ്ധതി ഇബ്‌നു ഖല്‍ദൂന്റെ അശ്അരീ ബന്ധത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഖിലാഫത്ത് അഥവാ അല്ലാഹുവിന്റെ പ്രതിഫലനം സാധ്യമാക്കുക എന്നതില്‍ നിന്നാണ് അദ്ദേഹത്തിന്റെ നാഗരികതയെ പറ്റിയുള്ള ആലോചനകള്‍ ആരംഭിക്കുന്നത്.

അനന്തമായിക്കിടക്കുന്ന രണ്ട് അറ്റങ്ങള്‍ക്കിടയില്‍ ബാക്കിയാവുന്നത് ആവര്‍ത്തനം എന്ന പ്രതിഭാസം മാത്രമാണ്. ആവര്‍ത്തനം ഒരേ സമയം തിരിച്ച് പോക്ക് എന്നതോടൊപ്പം തന്നെ ഓരോ കാലഘട്ടത്തിലെയും ആളുകളെ സംബന്ധിച്ചിടത്തോളം പുതിയ അനുഭവങ്ങളാണ്. ദെല്യൂസ് ഇതിനെ പറ്റി പറയുന്നത് ആവര്‍ത്തനം ആവര്‍ത്തിക്കപ്പെട്ടതില്‍ മാറ്റം വരുത്തുന്നില്ല, എന്നാല്‍ ആ വസ്തുവിനെ പറ്റിയുള്ള ആലോചനകളില്‍ ആണ് മാറ്റം സംഭവക്കുന്നത് എന്നാണ്. അതിനാല്‍ തന്നെ അദ്ദേഹം ആവര്‍ത്തനം അത് സംഭവിക്കുമ്പോള്‍ തന്നെ ഇല്ലാതാകുന്നുണ്ട് എന്ന്‌ പറയുന്നുണ്ട്.

ആവര്‍ത്തനം നിര്‍ണിതമായ അറിവ് ഉല്‍പാദിപ്പിക്കുന്ന മെക്കാനിസം ആണെന്ന ഉത്തര ഘടനാവാദത്തിന്റെ ടൂളുകള്‍ ഉപയോഗിച്ച് ഇബ്‌നു ഖല്‍ദൂന്റെ സാമൂഹിക ശാസ്ത്ര ഘടനയെ ചോദ്യം ചെയ്യുക അസാധ്യമായി വരുന്നുണ്ട്. കാരണം ഭൗതികമായ വിശദീകരണം ഇബ്‌നു ഖല്‍ദൂനെ പറ്റി പറയാന്‍ സാധ്യമാകില്ല എന്നത് കൊണ്ടാണ്. ചരിത്രത്തെ പറ്റിയുള്ള നിലനില്‍ക്കുന്ന അധീശത്വ വ്യവഹാരങ്ങള്‍ക്കകത്തും സമയം എന്നത് സ്വതന്ത്രമായി നിലനില്‍ക്കുകയും അത്തരം സമയസങ്കല്‍പ്പങ്ങള്‍ പ്രത്യേക തരത്തില്‍ അധികാരഘടനയെ നിലനിര്‍ത്തിപ്പോരുകയും ചെയ്യുന്ന സാമൂഹിക ശാസ്ത്രവിശകലനത്തിന്റെ ചട്ടക്കൂടിനകത്തും ഇബ്‌നു ഖല്‍ദൂന്‍ എന്ന ചിന്തകനെ പഠിക്കുന്നതില്‍ പരിമിതികളുണ്ട്. അങ്ങനെയൊരു ചട്ടക്കൂടിനകത്ത്‌ സാമൂഹിക ശാസ്ത്ര രംഗത്ത് തന്റേതായ സംഭാവനകള്‍ നല്‍കിയ മുസ്‌ലിം ചിന്തകന്‍ എന്ന നിലക്ക് ലോകത്താകമാനം ഇബ്‌നു ഖല്‍ദൂന്‍ പഠിക്കപ്പെടുമ്പോള്‍ യഥാര്‍ഥത്തില്‍ ഏതൊരു തത്വചിന്താ പ്രസ്ഥാനമാണോ അദ്ദേഹത്തിന്റെ ചിന്തകള്‍ക്ക് അടിത്തറ പാകിയത്, അതിന്റെ വിശാലമായ സാധ്യതകളില്‍ നിന്നും പുറത്ത് കടത്തി അദ്ദേഹത്തെ ആധുനിക വ്യവഹാരങ്ങള്‍ക്കകത്ത് പരിമിതപ്പെടുത്തുകയാണ് ചെയ്യുന്നത്. അത് വായനക്കാരന്‍ എന്ന നിലയില്‍ അദ്ദേഹത്തോട് കാണിക്കുന്ന അനീതിയായേ മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ.

ഇബ്‌നു ഖല്‍ദൂനെ നിലനില്‍ക്കുന്ന വ്യവഹാരങ്ങളില്‍ നിന്നും മാറ്റി വിശാലമായ മറ്റൊരു പ്രതലത്തിലൂടെ നിര്‍വചിക്കാനുള്ള വാതിലായി അദ്ദേഹത്തിന്റെ രീതിശാസ്ത്രത്തെ പുനര്‍വായിക്കാനാണ് ശ്രമിച്ചത്. ഇത്തരം ഒരു അക്കാദമിക പരിസരത്ത് നിന്നുകൊണ്ട് സംസ്‌കാരത്തെയും നാഗരികതയെയും സ്ഥാനത്തെയും രാഷ്ട്രത്തെയും പറ്റിയുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെ മനസ്സിലാക്കാന്‍ കഴിയുമെന്ന്‌ തോന്നുന്നു.

(തുടരും)

അസ്ഹര്‍ അലി