Campus Alive

ഇൽമുന്നഹ്‌വ്: പ്രശ്നങ്ങളും പുനർവായനയും

അറബി ഭാഷാപഠനത്തെ സംബന്ധിച്ച ചർച്ചയിൽ “ഇൽമുന്നഹ്‌വ് ഒരു ട്രോമയാണ്” എന്ന വിലയിരുത്തൽ ആവർത്തിച്ച് കേൾക്കുന്നത് ശ്രദ്ധേയമാണ്. വ്യാകരണനിയമങ്ങൾ എന്തുകൊണ്ടാണ് അറബി ഭാഷാപഠിതാക്കൾക്ക് ദുഷ്‌കരവും ദുഷ്പ്രവേശ്യവുമായ ഇടമായി അനുഭവപ്പെടുന്നത് എന്തുകൊണ്ടാണ് ഇൽമുന്നഹ്‌വ് സജീവതയും സൗന്ദര്യബോധവും നഷ്ടപ്പെട്ട, വരണ്ട ബൗദ്ധിക സംവിധാനമായി വിലയിരുത്തപ്പെടുന്നത്?. ഈ ചോദ്യങ്ങൾ വ്യക്തിപരമായ അനുഭവപരിധിയിൽ ഒതുങ്ങാതെ, രീതിശാസ്ത്രപരമായ വിശകലനത്തിന് വിധേയമാക്കപ്പെടേണ്ടവയാണ്. ആധുനിക ഭാഷാ പണ്ഡിതന്മാരുടെ നിരീക്ഷണപ്രകാരം, ഈ ബൗദ്ധിക വരൾച്ചയ്ക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് പ്രാചീന തർക്കാധിഷ്ഠിത കാരണവിവരണ ശൈലി (التعليل المنطقي القديم) ആണ്. ഒരു വ്യാകരണനിയമത്തിന് പിന്നിലെ ‘കാരണം’ നിർണ്ണയിച്ച്, അതിനെ തർക്കശാസ്ത്രത്തിന്റെ സിദ്ധാന്തങ്ങളാൽ വിശദീകരിക്കുന്നതാണ് ഈ സമീപനത്തിന്റെ മുഖ്യലക്ഷണം. ഇതിലൂടെ വ്യാകരണം വെറും പ്രയോഗനിയമങ്ങളുടെ സമാഹാരമല്ല, മറിച്ച് ബൗദ്ധികമായി ന്യായീകരിക്കപ്പെട്ട ഘടനാപരമായ സംവിധാനമാണെന്ന നിലയിൽ അവതരിപ്പിക്കപ്പെടുന്നു.

ഉദാഹരണമായി, അറബികളുടെ ഭാഷാപ്രയോഗങ്ങളെ ആധാരമാക്കി നിർണ്ണയിക്കപ്പെട്ട ഫാഇൽ മർഫൂആണ് (الفاعل مرفوع) എന്ന നിയമം വെറും വിവരണാത്മകമായി സ്വീകരിക്കുന്നതിൽ ഈ സമീപനം ഒതുങ്ങുന്നില്ല. മറിച്ച്, ഫാഇൽ എന്തുകൊണ്ട് റഫ്ഇന്റെ അവസ്ഥയിൽ നിശ്ചയിക്കപ്പെട്ടു?, എന്തുകൊണ്ട് അത് നസ്ബിലോ ജർറിലോ നിശ്ചയിക്കപ്പെട്ടില്ല? എന്നീ ചോദ്യങ്ങൾക്ക് തർക്ക ശാസ്ത്രാധിഷ്ഠിതമായ കാരണവിവരണങ്ങൾ അവതരിപ്പിക്കാൻ ശ്രമിക്കുന്നു. ഇങ്ങനെ നിയമത്തിന്റെ പ്രയോഗപരമായ രൂപത്തെ അതിവർത്തിച്ച്, അതിന്റെ പിന്നിലുള്ള ബൗദ്ധിക ന്യായീകരണത്തെ അന്വേഷിക്കുന്നതാണ് ഈ രീതിയുടെ സവിശേഷത. അബുൽ കാസിം അസ്സജ്ജാജി (ഹി. 340) ഈ കാരണ വിവരണങ്ങളെ പ്രധാനമായും മൂന്നു തലങ്ങളായി വിഭാഗീകരിച്ചിരിക്കുന്നു:

(1) വിദ്യാഭ്യാസപരമായ ഇല്ലത്തുകൾ (العلل التعليمية).

അറബികളുടെ ഭാഷാപ്രയോഗം അഭ്യസിക്കാൻ സഹായിക്കുന്ന കാരണ വ്യാഖ്യാനങ്ങളാണ് ഇവ. ഉദാഹരണത്തിന്, “ഫാഇൽ മർഫൂആണ്, കാരണം അത് ‘മുസ്നദ് ഇലൈഹി’ (مسند إليه) ആകുന്നു”. ഇത്തരം ഇല്ലത്തുകൾ വ്യാകരണനിയമങ്ങൾ പഠിക്കാനും പ്രയോഗിക്കാനും സഹായിക്കുന്ന അടിസ്ഥാന വ്യാഖ്യാനങ്ങളാണ്. അറബി അല്ലെങ്കിൽ വ്യാകരണം അഭ്യസിക്കുന്ന ഓരോ പഠിതാവിനും ഇവ അനിവാര്യമാണ്. ഇവ ഭാഷയുടെ പ്രയോഗക്രമം നിയന്ത്രിക്കുന്ന പ്രാഥമിക ഉപാധികളായി പ്രവർത്തിക്കുന്നു.

(2) കിയാസാധിഷ്ഠിത ഇല്ലത്തുകൾ (العلل القياسية).

ഇവ അനുമാനപ്രക്രിയ (القياس) അടിസ്ഥാനമാക്കിയുള്ള കാരണവ്യാഖ്യാനങ്ങളാണ്. ഉദാഹരണത്തിന്, “إِنَّ زيدًا قائمٌ” എന്ന വാക്യത്തിൽ “زيدًا” നസ്ബിൽ വരുന്നതിനുള്ള കാരണം എന്ത്? എന്ന ചോദ്യത്തിന് ഉത്തരം: “إن” യും അതിന്റെ സഹോദരപദങ്ങളും (إن وأخواتها) ക്രിയകളോട് സാമ്യമുള്ളതിനാൽ, ഈ ഹുറൂഫുകളുടെ പ്രവർത്തനം ക്രിയക്ക് അനുസൃതമായി പ്രവർത്തിക്കുന്നു. അതിനാൽ അവയ്ക്ക് ശേഷം വരുന്ന നസ്ബ് ‘മഫ്ഊൽ’ പോലെയാകുന്നു. ഇവിടെ ഖിയാസ് മുഖേന നിയമം വ്യാപിപ്പിക്കപ്പെടുന്നു, അതായത്, മഫ്ഊൽ വരുന്ന ക്രിയാരൂപങ്ങളോടുള്ള സാമ്യം അടിസ്ഥാനമാക്കിയാണ് ഈ വ്യാഖ്യാനം.

(3) തർക്കാത്മക-സിദ്ധാന്തപര ഇല്ലത്തുകൾ (العلل الجدلية النظرية).

ഇവ മുൻ വ്യാഖ്യാനങ്ങളെക്കാൾ കൂടുതൽ ദാർശനിക-തർക്കാത്മകമായ ചർച്ചകളിലേക്കു നീങ്ങുന്ന കാരണങ്ങളാണ്. ഉദാഹരണത്തിന് ഈ അക്ഷരങ്ങൾ (إن وأخواتها) ക്രിയകളോട് ഏത് നിലക്ക് സാമ്യമുള്ളവയായി കണക്കാക്കപ്പെടുന്നു? അവയെ ഏത് ക്രിയകളോട് ഉപമിക്കുന്നു -ഭൂത കാലക്രിയകളോ, വർത്തമാന കാലക്രിയകളോ-? തുടങ്ങിയ സിദ്ധാന്ത ചർച്ചകളാണ് ഇവയിൽ ഉണ്ടാവുക. ഇത്തരത്തിലുള്ള ഇല്ലത്തുകൾ പഠനത്തിന്റെ അടിസ്ഥാനഘട്ടത്തിന് അതീതമായ ബൗദ്ധിക-വിവാദപര വിചാരണകളായി കണക്കാക്കപ്പെടുന്നു. അവ ശാസ്ത്രീയ വ്യാകരണചിന്തയുടെ സങ്കീർണ്ണതയും ദാർശനികതയും പ്രതിഫലിപ്പിക്കുന്നു.

ഈ ശൈലിയുടെ അതിപ്രസരം മുൻകാലങ്ങളിൽ വിമർശന വിധേയമായിട്ടുണ്ട്. ഇമാം ഇബ്നു മളാഇ ഖുർതുബി (ഹി: 592) അദ്ദേഹത്തിന്റെ “അർദ്ദു അലന്നുഹാത്തി” (الرد على النحاة) എന്ന ഗ്രന്ഥത്തിൽ കാരണങ്ങളുടെ മേൽ കാരണങ്ങൾ ചികഞ്ഞ് സങ്കീർണതകൾ രൂപപ്പെടുത്തുന്നതിനെ തള്ളിക്കളയുന്നതായി കാണാം. زيد طالب എന്ന വാചകത്തിൽ زيد മർഫൂഇ ആണ്. എന്ത് കൊണ്ട് മർഫൂ ആയി?. കാരണം അത് മുബ്തദ (المبتدأ) ആണ്. എന്ത് കൊണ്ട് മുബ്തദ മർഫൂ ആയി? കാരണം മുബ്തദ ‘മുസ്നദ് ഇലൈഹി’ ആണ്. എന്ത് കൊണ്ട് ‘മുസ്നദ് ഇലൈഹി’ക്ക് റഫ്ഇ നിശ്ചയിക്കപ്പെട്ടു? ഇങ്ങനെ കാരണത്തിൻ മേൽ കാരണങ്ങൾ അന്വേഷിച്ച് രൂപപ്പെടുന്ന സങ്കീർണതയെ ഇമാം ഇബ്നു മളാഇ വിമർശിക്കുന്നുണ്ട്. ഇബ്നു സിനാൻ അൽ-ഖഫാജി (ഹി: 466) അദ്ദേഹത്തിന്റെ “സിർറുൽ ഫസാഹ” (سر الفصاحة) എന്ന കിതാബിൽ വ്യാകരണ നിയമങ്ങൾക്ക് പിന്നാമ്പുറത്തുള്ള കാരണങ്ങൾ കണ്ടെത്താനുള്ള ശ്രമത്തെ പലപ്പോഴും യുക്തി രഹിതവും, കേവലം അഭ്യസിച്ച് നോക്കാൻ മാത്രം ഉപകാരപ്പെടുന്ന രീതിശാത്രവുമെന്ന നിലയിൽ സമീപിച്ചതായി കാണാം. ആ നിരീക്ഷണത്തിൽ വസ്തുതകളുണ്ടെന്ന് ചിലപ്പോഴൊക്കെ നമുക്ക് തോന്നാം. ഉദാഹരണത്തിന് ഇസ്മുകളിലെ ബിനാഇന്റെ (البناء) കാരണങ്ങൾ വിശകലനം ചെയ്യുന്നിടത്ത് നമുക്കിത് അനുഭവപ്പെടും. ഇമാം ഇബ്നു മാലിക് അൽഫിയയിൽ ഇസ്മുകളിൽ ചിലത് മബ്‌നി (مبني) ആവാനുള്ള ന്യായമായി പറയുന്നത് അവക്ക് ഹർഫുകളോടുള്ള സാമ്യതയാണ്.

وَالِاسْمُ مِنْهُ مُعْرَبٌ وَمَبْنِيٌّ
لِشَبَهٍ مِنَ الْحُرُوفِ مُدَنِيٌّ

ഹർഫുകൾക്ക് സമാനമായി ഒരു നാമം കേവലം ഒന്നോ രണ്ടോ അക്ഷരങ്ങളിൽ രൂപപ്പെടുമ്പോൾ അവിടെ ആ ഇസ്മുകൾക്ക് ഹർഫുകളോട് വ്യവസ്ഥാപിത സാദൃശ്യം (الشبه الوضعي) ഉണ്ടാകുന്നു. അക്കാരണത്താൽ ആ ഇസ്മുകൾ മബ്‌നിയാവുന്നു. ഈ ന്യായം മാത്രം പരിശോധിച്ചാൽ കൃത്യതയില്ലായ്‌മ ബോധ്യപ്പെടും. അങ്ങനെയെങ്കിൽ എന്ത് കൊണ്ടാണ് അസ്മാഉൽ ഖംസയിൽ ഉൾപ്പെട്ട നാമങ്ങൾ മബ്‌നിയാവാത്തത്? രണ്ടക്ഷരത്തിൽ കൂടുതൽ ഉണ്ടായിട്ടും نحن، إيَّا തുടങ്ങിയ സർവ്വനാമങ്ങൾ എന്തു കൊണ്ട് മബ്നിയായി?. ചില പണ്ഡിതന്മാർ ഇതിന് വിശദീകരണം നൽകാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം പരസ്പരം വൈരുദ്ധ്യം നിറഞ്ഞതാണെന്ന് ആധുനിക ഭാഷാ പണ്ഡിതന്മാരിൽ പ്രമുഖയായ അല്ലാമാ അബ്ബാസ് ഹസൻ അദ്ദേഹത്തിന്റെ “അന്നഹ്‌വുൽ വാഫിയിൽ” നിരീക്ഷിക്കുന്നുണ്ട്. ഗ്രീക്ക് ഫിലോസഫിയുടെ സ്വാധീനമാണ് തർക്കാധിഷ്ഠിത കാരണ വിശകലന രീതിയുടെ അമിത പ്രവാഹം അറബി വ്യാകരണ ശാസ്ത്രത്തിൽ കടന്ന് കൂടാനുള്ള കാരണം. അനന്തരം നഹ്‌വ് സങ്കീർണതകളുടെ ഒരു ഏടാകൂടമായി തീർന്നു. പഠിതാക്കളിൽ നഹ്‌വിനോട് മടുപ്പും വിരസതയും ഉണ്ടാക്കുന്നതിൽ ഈ ശൈലി വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പലപ്പോഴും “അറബികൾ അങ്ങനെയാണ് ഉപയോഗിച്ചത്” (السماع عن العرب الأوائل) എന്ന് പറഞ്ഞ് അവസാനിപ്പിക്കേണ്ടിടത്ത് തർക്കശാസ്ത്രം പ്രയോഗിച്ച് അവക്ക് പിന്നിൽ യുക്തിഭദ്രമല്ലാത്ത കാരണങ്ങൾ അവതരിപ്പിച്ച് നഹ്‌വിനെ സജീവ ഭാഷാനുഭവത്തിൽ നിന്നും ദാർശനിക-തർക്കപരമായ വ്യാഖ്യാനങ്ങളിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്തു.

അതോടൊപ്പം, ഈ രീതിശാസ്ത്രത്തെ നിരുപാധികമായി നിരാകരിക്കുന്നതും യുക്തിസഹമല്ല. ഒരേ അധ്യായത്തിൽ വ്യത്യസ്ത നിയമങ്ങൾ ഉന്നയിക്കപ്പെടുമ്പോൾ അവയിൽ നിന്നും യുക്തിസംഗതമായ വ്യാഖ്യാനങ്ങളെ തിരഞ്ഞെടുക്കാൻ, ദുർബലമായ വിശകലനങ്ങളെ ശാസ്ത്രീയമായി നിരസിക്കാൻ, സാമ്യമുള്ള വാക്യഘടനകൾ പ്രത്യക്ഷപ്പെടുമ്പോൾ ഖിയാസിന്റെ അടിസ്ഥാനത്തിൽ അവയ്ക്കു സമാനനിയമങ്ങൾ പ്രയോഗിക്കാൻ, ഇങ്ങനെ വ്യാകരണപരമായ നിരൂപണപ്രക്രിയയിൽ വരുന്ന നിരവധി അനിവാര്യതകൾ التعليل النحوي എന്ന രീതിക്ക് പ്രസക്തി നൽകുന്നു. ഇമാം ഇബ്നുൽ ജിന്നി, ഇമാം ഖലീൽ ഇബ്നു അഹ്മദ്, ഇമാം ഇബ്നുൽ അംബാരി തുടങ്ങിയ പണ്ഡിതർ അവരുടെ കൃതികളിൽ കാരണവിശകലനത്തിന്റെ ഈ സിദ്ധാന്തപരവും പ്രായോഗികവുമായ പ്രാധാന്യം വിശദീകരിക്കുന്നതായി കാണാം. അതിനാൽ തർക്കാധിഷ്ഠിത കാരണവിവരണത്തെ പൂർണ്ണമായി നിരാകരിക്കുകയോ അതിരുകടന്ന രീതിയിൽ പ്രയോഗിക്കുകയോ ചെയ്യുന്നത് (രണ്ടും) അംഗീകരിക്കാനാവാത്ത നിലപാടുകളാണ്. മറിച്ച്, വ്യാകരണത്തെ ഭാഷയുടെ സജീവ പ്രയോഗാനുഭവവുമായി ബന്ധിപ്പിച്ചുകൊണ്ട്, കാരണവിശകലനത്തെ നിയന്ത്രിതവും പ്രസക്തവുമായ പരിധിയിൽ നിലനിർത്തുന്ന സുസന്തുലിത സമീപനമാണ് അനിവാര്യം. ആധുനിക ഭാഷാശാസ്ത്രജ്ഞരുടെ നിലപാടും ഇതേ ദിശയിലാണ്. അല്ലാമാ മുഹമ്മദ് ഹസൻ ശുറാബ് തന്റെ “അശ്ശവാരിദ് അന്നഹ്‌വിയ്യ” എന്ന കൃതിയിൽ വ്യക്തമാക്കുന്നത് ഇപ്രകാരമാണ്: “കാരണവിശകലനങ്ങളെ മുഴുവനായി ഉപേക്ഷിക്കണമെന്നല്ല നമ്മുടെ നിലപാട്; പഠനത്തിന് അവ അനിവാര്യമാണ്. എന്നാൽ അവയിൽ നിന്ന് പ്രയോജനകരമായ അളവിൽ മാത്രം സ്വീകരിക്കണം; വാദപ്രതിവാദങ്ങളിലേക്ക് അനാവശ്യമായി കടക്കേണ്ടതില്ല. കാരണം, റഫ്ഉം നസ്ബും നൽകാൻ അവലംബിച്ച ന്യായങ്ങൾ അറബികളുടെ ബുദ്ധിയിൽ നിലനിന്നിരുന്നുവെങ്കിലും, അവർ അവയെ വ്യക്തമായി പ്രസ്താവിച്ചിരുന്നില്ല”.

വരൾച്ചയുടെ മറ്റൊരു കാരണം :

നഹ്‌വ് വരണ്ട മരുഭൂമിയായി അനുഭവപ്പെടുന്നതിനുള്ള മറ്റൊരു പ്രധാന കാരണം, വ്യാകരണനിയമങ്ങളെ അവയുടെ അർത്ഥ പശ്ചാത്തലത്തിൽ നിന്ന് വേർതിരിച്ച്, സ്വതന്ത്ര നിയമങ്ങളായി മാത്രം അവതരിപ്പിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന രീതിയാണ്. നിയമങ്ങളുടെ അർത്ഥ സംബന്ധിത ഘടകങ്ങളുമായുള്ള അവിഭാജ്യ ബന്ധം അവഗണിക്കപ്പെടുമ്പോൾ (فصل القواعد النحوية عن الدلالة) വ്യാകരണം സജീവ ഭാഷാനുഭവത്തിന്റെ ഉപകരണമായി നിലനിൽക്കാതെ രൂപപരമായ ചട്ടങ്ങളുടെ സമാഹാരമായി ചുരുങ്ങുന്നു. ഇതുവഴി പഠിതാവിന് അത് പ്രസക്തിയില്ലാത്തതും ഭാരമായി അനുഭവപ്പെടുന്നതുമായ സംവിധാനമായി മാറുന്നു.

ദുർഭാഗ്യവശാൽ, ഭാഷാ പണ്ഡിതന്മാർ വാചകങ്ങളുടെ വ്യാകരണനിയമങ്ങളും അവയുടെ അർത്ഥവും തമ്മിലുള്ള സമഗ്രമായ ബന്ധങ്ങളെ അവതരിപ്പിക്കുന്നതിൽ വേണ്ടത്ര പ്രാധാന്യം നൽകിയിട്ടില്ല. അവർ പ്രധാനമായി ശ്രദ്ധിച്ചിരുന്നത് വാക്കുകളുടെ രൂപരേഖകളും അവ തമ്മിലുള്ള സാങ്കേതിക ബന്ധങ്ങളുമാണ്, അതിന്റെ അടിസ്ഥാനത്തിൽ വ്യാകരണനിയമങ്ങൾ രൂപപ്പെടുത്തി. ഇത് നഹ്‌വീ നിയമങ്ങളെ ജീവനില്ലാത്ത, പച്ചപ്പില്ലാത്ത ഭൂമികയാക്കി മാറ്റി. നിയമങ്ങൾ അർത്ഥം മനസ്സിലാക്കാനുള്ള ഉപകരണമായി പ്രവർത്തിക്കണം, അവ വെറും രൂപപരമായ ചട്ടമാത്രമല്ല. നിയമങ്ങളെ വെറും രൂപരേഖകളായി കാണാതെ, അവയുടെ അർത്ഥപ്രധാനത കൂടി പരിഗണിച്ച് പഠിക്കുകയും പ്രയോഗിക്കുകയും ചെയ്യുമ്പോഴാണ് അവക്ക് ജീവനുണ്ടാകുന്നത്. മുൻകാലങ്ങളിൽ തന്നെ നഹ്‌വിനെ ഈ നിലയിൽ സമീപിച്ച പണ്ഡിതന്മാർ ഉണ്ട്. ഇമാം അബ്ദുൽ ഖാഹിർ അൽജുർജാനിയുടെ (ഹി: 476) രീതി അതിൽ പ്രധാനമാണ്. വ്യാകരണനിയമങ്ങൾ വേർതിരിച്ചിട്ടുള്ള ചട്ടങ്ങളായി അല്ല; മറിച്ച്, അവ വാക്കുകളുടെ ഘടനയും വാചകത്തിലെ അർത്ഥവും തമ്മിലുള്ള ബന്ധം മനസ്സിലാക്കാൻ സഹായിക്കുന്ന ഉപകരണങ്ങളാണെന്നും, വാക്കുകൾ പരസ്പരം ബന്ധപ്പെട്ടിരിക്കുമ്പോഴാണ് സമഗ്ര അർത്ഥം ഉണ്ടാകുന്നത്, അതിനാൽ തന്നെ ഓരോ വ്യാകരണനിയമവും വാചകത്തിലെ അർത്ഥവുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും ഇമാം ജുർജാനി അദ്ദേഹത്തിന്റെ نظرية النظم എന്ന സിദ്ധാന്തത്തിലൂടെ അഭിപ്രായപ്പെട്ടിട്ടുണ്ട്. ആധുനിക പണ്ഡിതരിൽ ഈ രീതിശാസ്ത്രത്തിന് വലിയ സംഭാവനകൾ നൽകിയ പണ്ഡിതനാണ് അല്ലാമാ ഫാളിൽ സമുറാഈ. മആനിയുന്നഹ്വ്, മആനിയുൽ അബ്‌നിയ, അൽജുംലത്തു വൽമഅന തുടങ്ങിയ ഗ്രന്ഥങ്ങളിലൂടെ അദ്ദേഹം ഇത് സമർഥിക്കുന്നുണ്ട്. മആനിയുന്നഹ്വിന്റെ ആമുഖത്തിൽ അദ്ദേഹം എഴുതുന്നു: “വ്യാകരണ പഠനം അർത്ഥത്തിന്റെ അടിസ്ഥാനത്തിൽ നടത്തുന്നുവെങ്കിൽ അത് – വെറും പഠനപരമായ അനിവാര്യത മാത്രമല്ല – നഹ്‌വിനെ ജീവനുള്ള, സജീവമായ പഠനരൂപത്തിൽ എത്തിക്കുകയും, ഭാഷാ പഠനത്തിന് പുതുമയും തേജസ്സും പകരുകയും ചെയ്യുന്നു. പരമ്പരാഗത രീതികളിൽ കാണപ്പെടുന്ന വരണ്ടതും കർശനവുമായ ശൈലിയിൽ നിന്നും ഈ സമീപനം വ്യക്തമായും വ്യത്യസ്തമാണ്”.

തനാസുഇന്റെ (التنازع) അധ്യായത്തിൽ നിന്നും ഒരു ഉദാഹരണം എടുത്തു കാണിക്കാവുന്നതാണ്. രണ്ട് عامل ഒരു معمول ന് മുൻകടന്ന് വന്നാൽ അവയിൽ ഏതിനെയും عامل ലായി പരിഗണിക്കാം. حضر واستمع زيد എന്ന വാചകത്തിൽ സൈദ് എന്ന പദത്തിൽ عمل ചെയ്ത ക്രിയയായി ഏത് ക്രിയയെയും സ്വീകരിക്കാം. കൂഫക്കാരുടെ വീക്ഷണത്തിൽ ഇതിൽ ഒന്നാമത്തെ ക്രിയയും ബസ്വറക്കാരുടെ അടുത്ത് ഇതിൽ രണ്ടാമത്തെ ക്രിയയുമാണ് പരിഗണനീയം. അതിന്റെ ന്യായം വിശദമായി വ്യാകരണ ഗ്രന്ഥങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഏതിനെ വേണമെങ്കിലും عامل ലായി പരിഗണിക്കാം എന്നത് കേവലമൊരു നിയമമായി മനസ്സിലാക്കുന്നതിന് പകരം ഇതിലുള്ള അർത്ഥ തലമെന്താണ്?, ഇവ രണ്ടും തമ്മിൽ അർത്ഥവ്യത്യാസങ്ങൾ ഒന്നും തന്നെയില്ലന്നാണോ? വെറുമൊരു നിയമം എന്ന നിലക്ക് ഇത് മനഃപാഠമാക്കിവെക്കലാണോ ഒരു പഠിതാവ് ചെയ്യേണ്ടത്?. അല്ലാമാ സമുറാഈ ഇവയുടെ അർത്ഥവ്യത്യാസങ്ങൾ വിശദീകരിക്കാൻ ശ്രമിക്കുന്നതായി കാണാം.

രണ്ട് عامل കളിൽ നിന്നും ഏറ്റവും പ്രാധാന്യം അർഹിക്കുന്നവയെ പ്രത്യക്ഷത്തിൽ عمل ചെയ്യുന്ന ക്രിയയായി പരിഗണിക്കുകയും, അനുബന്ധമായി വരുന്നവയെ ളമീറിൽ عمل ചെയ്യുന്നവയായി പരിഗണിക്കുകയുമാണ് ചെയ്യേണ്ടത്. കാരണം പ്രത്യക്ഷ നാമം (الاسم الظاهر) സർവ്വ നാമത്തെക്കാൾ (الضمير) ശക്തമാണ്. അതോടൊപ്പം വ്യക്തമായി പറയുന്നവയാണ് കളഞ്ഞവയെക്കാൾ (الحذف) പ്രസക്തം. ഖുർആനിലെ فَأمّا مَن أُوتِيَ كِتابَهُ بِيَمِينِهِ فَيَقُولُ هاؤُمُ اقْرَءُوا كِتابِيَهْ എന്ന സൂക്തത്തിൽ വായിക്കുക എന്ന ക്രിയയെയാണ് പ്രത്യക്ഷത്തിൽ عمل ചെയ്യുന്ന ക്രിയയായി പരിഗണിച്ചത്. പരലോക വിചാരണയുടെ സന്ദർഭത്തിൽ പുസ്തകം എടുക്കുക എന്നതിലുപരി അത് വായിക്കുന്നതിലാണ് പ്രാധാന്യം. അതിലൂടെയാണ് വിജയവും മോക്ഷവും സാധ്യമാകുന്നത്. ഗ്രന്ഥം എടുക്കകയെന്നത് സ്വതന്ത്രമായ ലക്ഷ്യമല്ല. അതിനാലാണ് “എടുക്കൂ” (هاؤُمُ) എന്ന ക്രിയയെ عامل ആയി പരിഗണിക്കാതെ “വായിക്കൂ” (اقْرَءُوا) എന്ന ക്രിയയെ പരിഗണിച്ചത്. അഥവാ രണ്ട് ക്രിയകളെ വേണമെങ്കിലും عامل ആയി പരിഗണിക്കാം എന്ന് നിസ്സാരമായി, ഒരു വിശാല വ്യാകരണ നിയമമെന്ന നിലക്ക് പറഞ്ഞ് പോകുന്നതിലപ്പുറം അവക്കുള്ളിലെ അർത്ഥ വൈവിധ്യങ്ങൾ ചേർത്ത് വെച്ച് മനസ്സിലാക്കുമ്പോൾ പലരും അവഗണിക്കാറുള്ള തനാസുഇന്റെ അധ്യായം പോലും രസകരമായി മാറും. ഇങ്ങനെ വ്യാകരണത്തിലെ ഓരോ അധ്യായത്തിലെ നിയമങ്ങളെയും അവ വാചക ഘടനയിൽ സൃഷ്ടിക്കുന്ന അർത്ഥ വിശാലതയുടെ വെളിച്ചത്തിൽ പഠനവിധേയമാക്കുമ്പോൾ ഇൽമുന്നഹ്വ് ആസ്വാദനത്തിന്റെ പുതിയ കവാടങ്ങൾ തുറന്ന് തരുന്നു.

ചുരുക്കത്തിൽ പരമ്പരാഗത കാരണ വിശകലനത്തിന്റെ ബൗദ്ധിക പാരമ്പര്യത്തെ മാനിച്ചുകൊണ്ട്, അതിനെ നിയന്ത്രിത പരിധിയിൽ നിലനിർത്തുകയും, വ്യാകരണത്തെ അർത്ഥാനുഭവത്തോടും പ്രയോഗസാഹചര്യങ്ങളോടും ബന്ധിപ്പിക്കുകയും ചെയ്യുക. ഇത്തരത്തിലുള്ള സംയമിതവും അർത്ഥകേന്ദ്രിതവുമായ സമീപനത്തിലൂടെയാണ് നഹ്‌വിനെ ദാർശനിക-തർക്കപരമായ സങ്കീർണതയിൽ നിന്നും മോചിപ്പിച്ച്, ജീവൻ പകരുന്ന ഭാഷാശാസ്ത്രമായി പുനസ്ഥാപിക്കാൻ കഴിയുക.

ബിലാൽ ഇബ്നു അബ്ദുല്ല