Campus Alive

അധികാരത്തിലെ മാറ്റം 2026: കേരളം ചിന്തിച്ചതും ലഭിച്ചതും

കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ടാണ് 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നത്. അതിന് ശേഷം വി.ഡി സതീശൻ മുഖ്യമന്ത്രിയായി മന്ത്രിസഭയും നിലവിൽ വന്നു. ഈ വിജയത്തിലും തെരെഞ്ഞെടുപ്പ് പ്രചരണത്തിലും രൂപപ്പെട്ട സാമുദായിക ധ്രൂവീകരണ നീക്കങ്ങളും ഇസ്ലാമോഫോബിയയും അവയെ ജനവിധി പരാജയപ്പെടുത്തിയതും വിശദമായി ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. തുടർച്ചയായ രണ്ടാം ഭരണത്തിന് ശേഷം പരാജയപ്പെട്ട ഇടതുപക്ഷവും (LDF), വമ്പിച്ച തിരിച്ചുവരവ് നടത്തിയ യു.ഡി.എഫും (UDF), അതിലപ്പുറം നിയമസഭയിൽ 3 അംഗങ്ങളുടെ പ്രാതിനിധ്യം ബി.ജെ.പിക്ക് ലഭിച്ചതും ചർച്ച ചെയ്യപ്പെടേണ്ടതാണ്.

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത വിധമുള്ള വിദ്വേഷത്തിന്റെ പുതിയൊരു അധ്യായമായിരുന്നു 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പ്. വികസനവും ഭരണത്തുടർച്ചയും ചർച്ച ചെയ്യപ്പെടേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് വേദി, ഇസ്‌ലാമോഫോബിയയുടെ പരീക്ഷണശാലയായി മാറുന്നതിനാണ് കേരളം സാക്ഷ്യം വഹിച്ചത്. മുസ്ലിം സമുദായത്തെ അപരവൽക്കരിക്കാനും, അതുവഴി വോട്ട് ബാങ്ക് ഏകീകരിക്കാനും ഭരണപക്ഷം നിരന്തരം നടത്തിയ ബോധപൂർവ്വമായ ശ്രമങ്ങൾ കേരളത്തിന്റെ മതേതര മനസ്സിനെ അങ്ങേയറ്റം ആശങ്കപ്പെടുത്തുന്നതാണ്.

ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ സംഘ്പരിവാർ പയറ്റുന്ന വിദ്വേഷ തന്ത്രങ്ങളെ വെല്ലുന്ന രീതിയിലാണ് ഇത്തവണ കേരളത്തിലെ ഇസ്‌ലാമോഫോബിക് പ്രചരണങ്ങൾ അരങ്ങേറിയത്. അവിശ്വസനീയമെന്നു പറയട്ടെ, ബി.ജെ.പിയെക്കാൾ ആവേശത്തോടെ ഈ വിദ്വേഷ പ്രചരണത്തിന്റെ മുൻനിരയിൽ നിലയുറപ്പിച്ചത് ഇടതുപക്ഷവും പ്രത്യേകിച്ച് സി.പി.എം നേതൃത്വവുമായിരുന്നു. തീവ്ര വലതുപക്ഷത്തെക്കാൾ ഭീകരമായാണ് ഭരണപക്ഷമായ ഇടതുപക്ഷം വംശീയ പ്രചരണ കാർഡിറക്കിയത്. കോൺഗ്രസും ലീഗും ഇതിൽ സന്തുലിതവും ക്രിയാത്മകവുമായ നിലപാടെടുക്കുന്നതിന് പകരം പ്രതിരോധത്തിലാകുന്ന കാഴ്ചയാണ് കണ്ടത്.

‘പിന്നിൽ ജമാഅത്തെ ഇസ്‌ലാമി’ – ഒരു നിശബ്ദമാക്കൽ തന്ത്രം

ഈ തെരഞ്ഞെടുപ്പ് കാലത്തും 2019 ലോക്സഭാ തെരെഞ്ഞെടുപ്പിന് ശേഷം ഭാഗികമായും 2021 ലെ തുടർഭരണത്തിന് ശേഷം പൂർണ്ണമായും സി.പി.എം നിരന്തരം ആയുധമാക്കിയ പ്രയോഗം “ഇതിന്റെ പിന്നിൽ ജമാഅത്തെ ഇസ്‌ലാമി ആണ്” എന്നതായിരുന്നു. സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ ഉയർന്നുവന്ന ഏത് ജനകീയ പ്രതിഷേധത്തെയും, അത് കെ-റെയിൽ സമരമായാലും പാരിസ്ഥിതിക പ്രശ്നങ്ങളായാലും, അതിൻ്റെ പിന്നിൽ ജമാഅത്തെ ഇസ്ലാമി എന്ന വാദം ഉന്നയിച്ച് ചിത്രീകരിക്കാനാണ് സി.പി.എം ശ്രമിച്ചത്. ഒരു ജനാധിപത്യ സമൂഹത്തിൽ വിയോജിപ്പുകൾ പ്രകടിപ്പിക്കുന്നതിനെപ്പോലും ‘ജമാഅത്തെ ഇസ്‌ലാമി’ എന്ന മുദ്ര കുത്തി ഇസ്ലാമോഫോബിയ പടർത്താനാണ് അവർ ഉപയോഗിച്ചത്. ഇത് വിമർശനങ്ങളെ ഇല്ലാതാക്കാനും, മുസ്ലിം സമൂഹത്തെ മാറ്റി നിർത്തി മറ്റ് സമൂഹങ്ങളുടെ ഏകീകരണം തങ്ങൾക്കനുകൂലമായി മാറ്റാനും ഉദ്ദേശിച്ചുള്ള ഗൂഢമായ നീക്കമായിരുന്നു.

ലവ് ജിഹാദും കാലഹരണപ്പെട്ട നുണകളും

തെളിവുകളുടെയോ യുക്തിയുടെയോ അടിസ്ഥാനമില്ലാത്ത ‘ലവ് ജിഹാദ്’ പോലെയുള്ള തീവ്ര വലതുപക്ഷ പ്രയോഗങ്ങൾ ഇടത് ക്യാമ്പുകളിൽ നിന്ന് പോലും കേൾക്കേണ്ടി വന്നത് കേരളത്തിലെ രാഷ്ട്രീയ അപചയത്തിന്റെ ആഴം വ്യക്തമാക്കുന്നു. ‘നർക്കോട്ടിക് ജിഹാദ്’ എന്ന പുതിയ പ്രയോഗവും ഇതിനിടിൽ രൂപപ്പെട്ടു. അത്തരം പ്രയോഗങ്ങൾ നടത്തുന്നവരെ ആദരിക്കുന്ന രീതി ഇടതുപക്ഷം സ്വീകരിച്ചു. സമുദായങ്ങൾക്കിടയിൽ ഭീതിയും സംശയവും പടർത്തി വോട്ടർമാരെ ഭിന്നിപ്പിക്കാനായി ഇത്തരം പ്രയോഗങ്ങൾ അവർ ആയുധമാക്കി. ഒരു പ്രത്യേക വിഭാഗത്തെ ‘ശത്രു’വായി ചിത്രീകരിച്ച് ഭൂരിപക്ഷ വോട്ടുകൾ ഏകീകരിക്കാനുള്ള ഈ തന്ത്രം, ആർ.എസ്.എസ് കാലങ്ങളായി നടത്തിവരുന്ന അതേ വംശീയ അജണ്ടയുടെ കേരള പതിപ്പായി മാറി.

തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ചില പ്രദേശങ്ങളെ ‘ഭീകരതയുടെ കേന്ദ്രങ്ങളായും’ മറ്റു ചിലതിനെ ‘മതേതര ഇടങ്ങളായും’ വിഭജിച്ചാണ് രാഷ്ട്രീയ പാർട്ടികൾ സംസാരിച്ചത്. ഈരാറ്റുപേട്ട പോലുള്ള പ്രദേശങ്ങളെ കേന്ദ്രീകരിച്ച് നടന്ന പ്രചാരണങ്ങൾ ഇതിനൊരു ഉദാഹരണമാണ്. മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്‌ലാമി, എസ്.ഡി.പി.ഐ തുടങ്ങിയ സംഘടനകളെ ഭരണപക്ഷവും പ്രതിപക്ഷവും പരസ്പരം പഴിചാരാൻ ഉപയോഗിച്ചത് കേവലം രാഷ്ട്രീയ ആരോപണങ്ങളായിരുന്നില്ല, മറിച്ച് മുസ്ലിം വിരുദ്ധ വികാരം കത്തിക്കാനുള്ള വഴികളായിരുന്നു. സമുദായത്തെത്തന്നെ ഒരു ‘പൊളിറ്റിക്കൽ ബോഗിമാനായി’ (Political Bogeyman) ഉയർത്തിക്കാട്ടി, യഥാർത്ഥ വികസന വിഷയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാൻ ഇരുമുന്നണികളും ഒരേപോലെ ശ്രമിച്ചു.

സി.പി.എമ്മിന്റെ കാവിവൽക്കരണവും അപകടകരമായ പോക്കും

തങ്ങൾ മതേതരത്വത്തിന്റെ അവസാന വാക്കാണെന്ന് അവകാശപ്പെടുന്ന സി.പി.എം, ഫാസിസത്തെ നേരിടുന്നതിന് പകരം ഫാസിസ്റ്റ് ശൈലികൾ അനുകരിക്കുകയാണ് ചെയ്തത്. മുസ്ലിം സമുദായത്തിന്റെ ആശങ്കകളെ ‘തീവ്രവാദം’ എന്ന് ലേബൽ ചെയ്തും, പൗരത്വ പ്രക്ഷോഭങ്ങൾ ഉൾപ്പെടെയുള്ള ജനാധിപത്യ സമരങ്ങളെ സംഘ്പരിവാർ ഭാഷയിൽ വിമർശിച്ചും അവർ തങ്ങളുടെ വർഗീയത വെളിപ്പെടുത്തി. ഇത് സംഘ്പരിവാർ ഉയർത്തുന്ന വിദ്വേഷ വംശീയ വാദത്തിന് ആക്കം കൂട്ടുകയും കേരളത്തിലെ സമാധാനപരമായ അന്തരീക്ഷം തകർക്കുകയും ചെയ്തു.

ഒരു മതേതര കേരളത്തിന് ഇത് വലിയൊരു മുന്നറിയിപ്പാണ്. അധികാര രാഷ്ട്രീയത്തിന് വേണ്ടി സമുദായങ്ങളെ അപരവൽക്കരിക്കുകയും വിദ്വേഷം വിതയ്ക്കുകയും ചെയ്യുന്ന പ്രവണത അവസാനിപ്പിച്ചില്ലെങ്കിൽ, അത് കേരളത്തിന്റെ സാമൂഹിക ഘടനയെ തന്നെ തകർക്കും. സി.പി.എമ്മിന്റെ ഈ ഇസ്‌ലാമോഫോബിക് നിലപാടുകൾക്കെതിരെയും ഇത്തരം രാഷ്ട്രീയ ഗൂഢതന്ത്രങ്ങൾക്കെതിരെയും ജനങ്ങൾ പ്രതികരിച്ചു എന്നത് ഈ തെരെഞ്ഞെടുപ്പിൻ്റെ വലിയ സവിശേഷതയാണ്.

ഇടതുപക്ഷത്തിന്റെ പതനം

എസ്. മിനി

മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണശൈലി പർട്ടിക്കുള്ളിലും പുറത്തും വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. അധികാരത്തിന്റെ അമിത കേന്ദ്രീകരണവും മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾക്കെതിരായ അഴിമതി ആരോപണങ്ങളും ജനങ്ങൾക്കിടയിൽ അതൃപ്തി ഉണ്ടാക്കി. ആശ വർക്കർമാർ നടത്തിയ ദീർഘകാല സമരങ്ങളോട് സർക്കാർ കാണിച്ച നിസ്സംഗതയും അടിച്ചമർത്തലുകളും താഴേത്തട്ടിലുള്ള വോട്ടർമാരെ സർക്കാരിൽ നിന്ന് അകറ്റി. എസ്. മിനി ചൂണ്ടിക്കാണിക്കുന്നത് പോലെ, ഇത്തരം തൊഴിലാളി വിഭാഗങ്ങളുടെ പ്രതിഷേധം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയും ക്ഷേമ പെൻഷനുകൾ മുടങ്ങിയതും സാധാരണക്കാരുടെ ഇടയിൽ വലിയ പ്രതിഷേധത്തിന് കാരണമായി.

യു.ഡി.എഫിന്റെ വൻ വിജയം

വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള ക്രിയാത്മക പ്രതിപക്ഷ പ്രവർത്തനം യു.ഡി.എഫിന്റെ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചു. ഇടതുപക്ഷ ഭരണത്തിന്റെ പോരായ്മകളിൽ മനംമടുത്ത മതേതര വോട്ടർമാർ യു.ഡി.എഫിനെ ഒരൊറ്റ ബദലായി കണ്ടു. യുവനേതാക്കളുടെ സ്വാധീനവും മുസ്ലിം ലീഗിന്റെ ചിട്ടയായ പ്രവർത്തനവും മലബാർ മേഖലയിലും മറ്റും യു.ഡി.എഫിന് വലിയ മുന്നേറ്റമുണ്ടാക്കി. സർക്കാരിന്റെ പോരായ്മകളെ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ഒരളവുവരെ പ്രതിപക്ഷം വിജയിച്ചു.

ബി.ജെ.പിയുടെ മുന്നേറ്റം

കേരള നിയമസഭയിൽ ബി.ജെ.പി മൂന്ന് അംഗങ്ങളെ വിജയിപ്പിച്ചു എന്നത് വലിയൊരു രാഷ്ട്രീയ മാറ്റമാണ്. കേന്ദ്ര സർക്കാരിന്റെ പദ്ധതികളുടെ പ്രചാരണവും ചില സമുദായ നേതാക്കളെ മുൻ നിർത്തി സി.പി.എം നടത്തിയ വർഗീയ പ്രചാരണങ്ങളും ഫലത്തിൽ അവരുടെ എ ക്ലാസ് മണ്ഡലങ്ങളിൽ ഗുണമായത് ബി.ജെ.പിക്കാണ്. മതേതര വോട്ടുകളുടെ ഭിന്നിപ്പും ബി.ജെ.പിയുടെ വിജയത്തിന് ചില മണ്ഡലങ്ങളിൽ വഴിയൊരുക്കി. ഇത് കേരളത്തിലെ ഇരു മുന്നണികൾക്കും വലിയൊരു വെല്ലുവിളിയാണ്.

എന്നാൽ തീവ്ര വലതുപക്ഷ നിലപാടുള്ള സെൻകുമാർ, ചിദാനന്ദപുരി, ഷാബുപ്രസാദ് പോലെയുള്ളവരുടെ പൊതു പരാമർശവും ബി.ജെ.പി നോതാക്കളായ രാജീവ് ചന്ദ്രശേഖർ, ഗോപാലകൃഷ്ണൻ തുടങ്ങിയവരുടെ പ്രസ്താവനകളും നല്കുന്ന ഒരു പ്രധാന സൂചകം, കേരളത്തിൽ ഇടതു തുടർഭരണത്തിന് അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിക്കുകയാണ് തീവ്ര വലതുപക്ഷത്തിൻ്റെ ലക്ഷ്യം എന്നാണ്. ബി.ജെ.പിക്ക് വിജയസാധ്യതയുള്ളയിടങ്ങളിൽ സി.പി.എം നേതൃത്വം മുന്നോട്ട് വെച്ച സാമുദായിക ധ്രൂവീകരണത്തിനറെ ഗുണഫലങ്ങൾ ബി.ജെ.പിക്കു ലഭിക്കുകയും മറ്റിടങ്ങളിൽ അത് സി.പി.എമ്മിന് ലഭിക്കുകയും ചെയ്യണം എന്ന രീതിയാണ് അവർ സ്വീകരിച്ചത്. ഇതിൽ ആദ്യത്തെ കാര്യം സാധിച്ചുവെങ്കിലും നേരത്തേ തന്നെ എക്സ്പോസ് ചെയ്യപ്പെട്ടതിനാൽ ഈ ഗുണഫലം സിപിഎമ്മിന് ലഭിക്കാതെ പോയി എന്നതും കണക്കുകൾ സൂചിപ്പിക്കുന്നു.

സമുദായങ്ങളുടെ പങ്കും ജനവികാരവും

കേരള രാഷ്ട്രീയത്തിൽ എക്കാലവും സമുദായ സംഘടനകൾക്ക് വലിയ പങ്കുണ്ട്. എന്നാൽ ഇത്തവണ വോട്ട് ബാങ്കുകളിൽ വലിയ മാറ്റങ്ങൾ സംഭവിച്ചു. പരമ്പരാഗതമായി എൽ.ഡി.എഫിനെ തുണച്ചിരുന്ന പല വിഭാഗങ്ങളും സർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് നിലപാടിൽ മാറ്റം വരുത്തി. കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ മതന്യൂനപക്ഷങ്ങളുടെ സെക്യുലർ നിലപാടുകളിലുള്ള ഏകീകരണം കേവലം വോട്ട് ബാങ്ക് സമവാക്യങ്ങളല്ല; മറിച്ച്, ഫാസിസ്റ്റ് വിരുദ്ധതയും മതേതര ജനാധിപത്യവും തങ്ങളുടെ അസ്തിത്വത്തിന് എത്രത്തോളം അനിവാര്യമാണെന്ന കൃത്യമായ രാഷ്ട്രീയ തിരിച്ചറിവാണ്. ഭൂരിപക്ഷ വർഗീയതയ്ക്കും, ഭരണകൂടം കൂട്ടുനിൽക്കുന്ന ഇസ്‌ലാമോഫോബിക് പ്രവണതകൾക്കുമെതിരെ, സ്വന്തം സമുദായത്തിന്റെ മാത്രം താൽപ്പര്യങ്ങൾക്കപ്പുറം വിശാലമായ മതേതര മൂല്യങ്ങളെ ഉയർത്തിപ്പിടിക്കാൻ ന്യൂനപക്ഷങ്ങൾ ഇന്ന് തയ്യാറായിക്കഴിഞ്ഞു. അധികാര പങ്കാളിത്തത്തേക്കാൾ ഉപരിയായി, ഭരണഘടനാപരമായ ജനാധിപത്യത്തെ സംരക്ഷിക്കുക എന്ന ചരിത്രപരമായ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട്, സങ്കുചിത രാഷ്ട്രീയ ഉപജാപങ്ങളെയും വർഗീയ ധ്രുവീകരണത്തെയും തള്ളിക്കളയുന്ന ഈ മതേതര ഏകീകരണം, കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തിൽ വരാനിരിക്കുന്ന വലിയൊരു മാറ്റത്തിന്റെ സൂചനയാണ്. വിഭജന രാഷ്ട്രീയത്തെ മതേതര ഐക്യം കൊണ്ട് നേരിടുന്ന ഈ പുതിയ രാഷ്ട്രീയ സംസ്കാരം, ഭയത്തിന്റെയും അപരവൽക്കരണത്തിന്റെയും കാലത്ത് കേരളത്തിന്റെ വലിയൊരു പ്രതിരോധമായി മാറുന്നു

ദളിത്-അംബേദ്കറൈറ്റ് ഏകീകരണം: യു.ഡി.എഫ് വിജയത്തിലെ ‘സൈലന്റ് ഫാക്ടർ’

“ഈ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ ചർച്ചകളിൽ ഏറെയും മതന്യൂനപക്ഷങ്ങളുടെ സെക്യുലർ നിലപാടിനെക്കുറിച്ചായിരുന്നു. എന്നാൽ, യു.ഡി.എഫിന്റെ അട്ടിമറി വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ച മറ്റൊരു ഘടകം കൂടി ശ്രദ്ധിക്കപ്പെടാതെ പോയിട്ടുണ്ട്; അത് ദലിത്-പട്ടികജാതി വിഭാഗങ്ങളുടെ വോട്ട് വിനിയോഗമാണ്. എസ്.എൻ.ഡി.പി, എൻ.എസ്.എസ് തലവൻമാർക്കൊപ്പം കെ.പി.എം.എസ് നേതാവ് പുന്നല ശ്രീകുമാർ കൂടി ഇടതുപക്ഷാനുകൂല നിലപാട് സ്വീകരിച്ചിട്ടും, ആ വഴിയിലൂടെയല്ല കേരളത്തിലെ ദലിത്-അംബേദ്കറൈറ്റ് സമൂഹം സഞ്ചരിച്ചത് എന്നത് രാഷ്ട്രീയമായി ഏറെ ശ്രദ്ധേയമാണ്. താഴെത്തട്ടിലുള്ള ദലിത് പ്രസ്ഥാനങ്ങളും അംബേദ്കറൈറ്റ് കൂട്ടായ്മകളും യു.ഡി.എഫിനെ പിന്തുണക്കാൻ തീരുമാനിച്ചത് കേരളത്തിലെ ജാതി-രാഷ്ട്രീയ സമവാക്യങ്ങളെ തന്നെ തിരുത്തിയെഴുതി.

പ്രത്യേകിച്ച് രണ്ട് സംഘടനകളുടെ ഇടപെടലുകൾ ഈ വിജയത്തിൽ വലിയ മാറ്റമുണ്ടാക്കി. ഒന്ന്, കെ.കെ. സുരേഷിന്റെ നേതൃത്വത്തിലുള്ള സി.എസ്.ഡി.എസ് (കേരള ചേരമർ സാംബവർ ഡെവലപ്‌മെന്റ് സൊസൈറ്റി) ആണ്. ചേരമർ, സാംബവർ വിഭാഗങ്ങൾക്കിടയിൽ വലിയ സ്വാധീനമുള്ള സി.എസ്.ഡി.എസ്, കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ യു.ഡി.എഫിന് മികച്ച അടിത്തറയൊരുക്കി. വൈക്കം മണ്ഡലത്തിലെ അട്ടിമറി വിജയം ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്.

രണ്ടാമതായി, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നിർണ്ണായക സ്വാധീനം ചെലുത്തിയ അണ്ണാ ഡി.എച്ച്.ആർ.എം പാർട്ടിയുടെ (Anna DHRM Party) ഇടപെടലുകളാണ്. ചടയമംഗലം, ചിറയിൻകീഴ്, പത്തനാപുരം, അടൂർ തുടങ്ങിയ മണ്ഡലങ്ങളിൽ യു.ഡി.എഫിന്റെ വിജയസാധ്യതകളെ മാറ്റിമറിക്കാൻ ഈ ദലിത് കർതൃത്വമുള്ള പ്രസ്ഥാനത്തിന് സാധിച്ചു.

ഇത്തരത്തിൽ വിവിധ ദലിത്-ആദിവാസി കൂട്ടായ്മകളും അംബേദ്കറൈറ്റ് സംഘടനകളും യു.ഡി.എഫിനൊപ്പം അണിനിരന്നത് തെരഞ്ഞെടുപ്പ് ഫലങ്ങളിൽ വലിയ പ്രതിഫലനമാണ് സൃഷ്ടിച്ചത്. സാധാരണയായി യു.ഡി.എഫിന് ഏറെ വെല്ലുവിളികളുയർത്താറുള്ള 14 സംവരണ സീറ്റുകളിൽ 9 എണ്ണത്തിൽ ഇത്തവണ അവർ വിജയിച്ചു എന്നത് ഈ വോട്ട് ഏകീകരണത്തിന്റെ വിജയമാണ്. രാഷ്ട്രീയ സംഘടനകളുടെ ഔദ്യോഗിക നിലപാടുകൾക്കപ്പുറം, സ്വന്തം രാഷ്ട്രീയ ബോധ്യങ്ങൾക്കനുസരിച്ച് വോട്ട് വിനിയോഗിച്ച കേരളത്തിലെ ദലിത് സമൂഹം, സംസ്ഥാന രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ‘സൈലന്റ് ഫാക്ടർ’ ആയി മാറിയിരിക്കുന്നു

മുഖ്യമന്ത്രിയും മന്ത്രിസഭയും സാമുഹ്യ നീതിയും

തെരെഞ്ഞെടുപ്പു ഫലം വന്ന് 10 നാൾ കഴിഞ്ഞാണ് മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കോൺഗ്രസിന് കഴിഞ്ഞത്. 2006 ൽ വി.എസ് അച്യുതാനന്ദനെ ജനങ്ങൾ അവരോധിച്ചപോലെ എല്ലാ പാർട്ടി ചട്ടക്കൂടുകളെയും മറികടന്ന് ജനങ്ങളുടെ ആവശ്യത്തിന് കോൺഗ്രസ് ഹൈക്കമാൻഡ് നൽകിയ അംഗീകാരമാണ് വി.ഡി സതീശൻ്റെ മുഖ്യമന്ത്രി സ്ഥാനം. കേരളത്തിന്റെ പുതിയ മന്ത്രിസഭ നിലവിൽ വന്നിരിക്കുന്ന ഈ സന്ദർഭത്തിൽ നിയുക്തരായ എല്ലാ മന്ത്രിമാർക്കും അഭിവാദ്യങ്ങൾ നേരുന്നു. പുതുമുഖങ്ങളും പരിചയസമ്പന്നരും ചേർന്ന ഈ മന്ത്രിസഭ ഭരണകാര്യക്ഷമതയിൽ വലിയൊരു മാറ്റം കൊണ്ടുവരുമെന്ന് തന്നെയാണ് കേരള ജനത പ്രതീക്ഷിക്കുന്നത്. എന്നാൽ, ഭരണമികവിനപ്പുറം ജനാധിപത്യത്തിന്റെ കാതലായ ‘സാമൂഹ്യനീതി’ എന്ന വിഷയത്തിൽ ഈ മന്ത്രിസഭയും മുൻഗാമികളായ ഇടതുപക്ഷ സർക്കാരിന്റെ പാതയിൽത്തന്നെയാണോ സഞ്ചരിക്കുന്നത് എന്ന സംശയം പ്രസക്തമാണ്.

മന്ത്രിസഭയിലെ പ്രാതിനിധ്യം പരിശോധിക്കുമ്പോൾ പലവിധത്തിലുള്ള അസന്തുലിതാവസ്ഥകൾ പ്രകടമാണ്. പട്ടികജാതി വിഭാഗത്തിൽ നിന്ന് രണ്ട് മന്ത്രിമാരെ ഉൾപ്പെടുത്തിയത് സ്വാഗതാർഹമായ ഒരു നീക്കമാണെങ്കിലും, അതിനപ്പുറമുള്ള പല വിഭാഗങ്ങളെയും തഴയുന്ന കാഴ്ചയാണ് കാണുന്നത്. ഗോത്രവിഭാഗങ്ങളിൽ (ST) നിന്നോ, നാടാർ വിഭാഗത്തിൽ നിന്നോ, പിന്നാക്ക ഹിന്ദു സമുദായങ്ങളിൽ നിന്നോ ഒരാളെപ്പോലും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നത് ഗൗരവകരമായ പോരായ്മയാണ്. മുസ്ലിം സമുദായത്തിന് ലഭിച്ച 6 സീറ്റുകൾ ജനസംഖ്യാനുപാതികമായി ഏകദേശം ശരിയായ നിലയിലാണെന്ന് പറയാമെങ്കിലും, ഈഴവ സമുദായത്തിന് ലഭിച്ച 3 സീറ്റുകൾ തീർത്തും അപര്യാപ്തമാണ്; കുറഞ്ഞത് മൂന്ന് പേരെങ്കിലും കൂടി ആ വിഭാഗത്തിൽ നിന്ന് വരേണ്ടതായിരുന്നു.

ലിംഗനീതിയുടെ കാര്യത്തിലും ഈ മന്ത്രിസഭ വലിയൊരു തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. വനിതാ പ്രാതിനിധ്യം വെറും രണ്ടിൽ ഒതുക്കിയത് ഒരു പുരോഗമന കേരളത്തിന് ഒട്ടും ഭൂഷണമല്ല. നായർ (4), മുന്നാക്ക ക്രൈസ്തവ വിഭാഗം (5), പിന്നാക്ക ക്രൈസ്തവ വിഭാഗം (1) എന്നിങ്ങനെ മറ്റ്‌ വിഭാഗങ്ങളുടെ പ്രാതിനിധ്യം നോക്കുമ്പോൾ, സാമൂഹ്യനീതിയുടെ കണക്കുപുസ്തകത്തിൽ മുൻ ഇടതുമന്ത്രിസഭയേക്കാൾ ഭേദം എന്നതിനപ്പുറം, ഒരു സമൂലമായ മാറ്റം ഇവിടെ സംഭവിക്കുന്നില്ല.

ഇവിടെയാണ് രാഹുൽ ഗാന്ധിയുടെ “Jitna Abaadi Utna Haq” (ജനസംഖ്യയ്ക്ക് ആനുപാതികമായ അവകാശം) എന്ന മുദ്രാവാക്യം കൂടുതൽ പ്രസക്തമാകുന്നത്. അധികാര പങ്കാളിത്തത്തിൽ ഈ തത്വം പ്രായോഗികമാക്കുന്നതിൽ കോൺഗ്രസ്സും യു.ഡി.എഫും പരാജയപ്പെട്ടിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. അധികാരക്കസേരകളിൽ ആളെത്തുമ്പോൾ മാത്രം ഓർക്കുന്ന ഒന്നല്ല സാമൂഹ്യനീതി. ജനസംഖ്യയുടെ വലിയൊരു വിഭാഗം ഭരണത്തിന്റെ അകത്തളങ്ങളിൽ നിന്ന് ഇന്നും പുറത്തുനിൽക്കുന്നു എന്ന ബോധ്യം ഭരണാധികാരികൾക്ക് ഇല്ലാതെ പോകുന്നത് ജനാധിപത്യത്തിന്റെ പരാജയമാണ്. പുതിയ മന്ത്രിസഭയിൽ നിന്ന് കേരളം പ്രതീക്ഷിക്കുന്നത് കേവലമായ ഭരണം മാത്രമല്ല, എല്ലാ വിഭാഗങ്ങളെയും ചേർത്തുനിർത്തുന്ന യഥാർത്ഥ സാമൂഹ്യനീതി കൂടിയാണ്.

2026-ലെ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത് ജനങ്ങൾ ഭരണവിരുദ്ധ വികാരത്തിനൊപ്പം ജനാധിപത്യപരമായ മൂല്യങ്ങൾക്കും മുൻഗണന നൽകി എന്നതാണ്. എൽ.ഡി.എഫിന് ഇത് ആത്മപരിശോധനയുടെ കാലമാണെങ്കിൽ, യു.ഡി.എഫിന് ലഭിച്ച വിജയം വലിയ ഉത്തരവാദിത്തമാണ് നൽകുന്നത്. ഇസ്‌ലാമോഫോബിയ പോലുള്ള വർഗീയ അജണ്ടകൾ കേരളത്തിന്റെ രാഷ്ട്രീയ ബോധ്യങ്ങളെ എത്രത്തോളം സ്വാധീനിക്കുന്നു എന്നത് വരും വർഷങ്ങളിൽ ഗൗരവകരമായ ചർച്ചകൾക്ക് വിധേയമാക്കേണ്ടതുണ്ട്.

സജീദ് ഖാലിദ്