Campus Alive

ഡിജിറ്റൽ ജ്ഞാനഹത്യ: ശ്രദ്ധയുടെ അധിനിവേശവും റീൽ സംസ്കാരത്തിന്റെ കൊളോണിയൽ രാഷ്ട്രീയവും

ബൊവാഞ്ചുറ ഡി സൂസ സാന്റോസ് (Boaventura de Sousa Santos) തന്റെ വിഖ്യാതമായ ‘എപ്പിസ്റ്റമോളജീസ് ഓഫ് ദി സൗത്ത്’ (Epistemologies of the South) എന്ന കൃതിയിൽ മുന്നോട്ടുവെച്ച പ്രധാന ആശയമാണ് എപ്പിസ്റ്റമിസൈഡ് അഥവാ ജ്ഞാനഹത്യ. ഒരു ജനതയുടെ അറിവുകളെയും, ആ അറിവുകൾ നിർമ്മിക്കപ്പെടുന്ന സാംസ്കാരിക സാമൂഹിക സാഹചര്യങ്ങളെയും ബോധപൂർവ്വം നശിപ്പിക്കുന്ന പ്രക്രിയയാണിത്. നശിപ്പിക്കുക എന്നതിലപ്പുറം തങ്ങളുടെതായ സാംസ്കാരിക വൈജ്ഞാനിക നിർമ്മിതികളെ അവരുടെ മേൽ അടിച്ചേൽപ്പിക്കുക കൂടിയാണിത്. കൊളോണിയലിസം കേവലം ഭൂപ്രദേശങ്ങളെ കീഴടക്കുക മാത്രമായിരുന്നില്ല ചെയ്തത്. മറിച്ച് അതിലൂടെ ഒരു നാഗരികത തന്നെ കീഴടക്കുകയായിരുന്നു. ഇതിലൂടെ തദ്ദേശീയമായ ലോകവീക്ഷണങ്ങളെ ‘അന്ധവിശ്വാസങ്ങൾ’ എന്നും ‘പരിഷ്കൃതമല്ലാത്തത്’ എന്നും മുദ്രകുത്തി ഇല്ലായ്മ ചെയ്തു.

ഇന്ന് നാം അഭിമുഖീകരിക്കുന്ന ഡിജിറ്റൽ വിപ്ലവം, പ്രത്യേകിച്ച് ഷോർട്ട് ഫോം വീഡിയോകളുടെ (Reels, Shorts) അതിപ്രസരം ഈ ജ്ഞാനഹത്യയെ അതിന്റെ ഏറ്റവും മാരകമായ തലത്തിൽ അവതരിപ്പിക്കുകയാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കൊളോണിയലിസം പ്രവർത്തിക്കുന്നത് അൽഗോരിതങ്ങളിലൂടെയാണ്. ഇത് വെറുമൊരു സാങ്കേതിക മാറ്റമല്ല, മറിച്ച് മനുഷ്യന്റെ ചിന്താശേഷിയെയും (Cognition), ശ്രദ്ധയെയും (Attention), രാഷ്ട്രീയ ബോധ്യങ്ങളെയും ലക്ഷ്യം വെക്കുന്ന ഒരു ആസൂത്രിത അധിനിവേശമാണ്.

അറ്റൻഷൻ ഇക്കോണമിയും ശ്രദ്ധയുടെ കോളനിവൽക്കരണവും

വിവരങ്ങളുടെ അതിപ്രസരം ‘ശ്രദ്ധയുടെ ദാരിദ്ര്യത്തിന്’ (Attention Poverty) കാരണമാകുന്നുവെന്ന് 1971-ൽ ഹെർബർട്ട് സൈമൺ നിരീക്ഷിക്കുന്നുണ്ട്. ലോകത്ത് ഏറ്റവും വിലപിടിപ്പുള്ള ഒരു ചരക്കു കൂടിയാണ് അറ്റൻഷൻ.  ഈ അറ്റൻഷൻ ഇക്കോണമി (Attention Economy) നിലനിൽക്കുന്നത് ഉപഭോക്താവിനെ പരമാവധി സമയം സ്ക്രീനിൽ തളച്ചിടുന്നതിലൂടെയാണ്. ഇതിനെ രണ്ടുതരത്തിൽ വിശദീകരിക്കുന്നു.

ഒന്ന് അൽഗോരിതമിക് ഗവേണൻസ്: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത് നിങ്ങളെ വിവരമറിയിക്കാനല്ല (Enlightenment), മറിച്ച് നിങ്ങളെ എൻഗേജ്ഡ് (Engagement) ആക്കി നിർത്താനാണ്. ഇതിനായി ഉപയോഗിക്കുന്ന അൽഗോരിതങ്ങൾ മനുഷ്യന്റെ സഹജമായ ചോദനകളെ ചൂഷണം ചെയ്യുന്നു. ഭയം, ദേഷ്യം, ലൈംഗികത, ഗോത്രീയത (Tribalism) തുടങ്ങിയ വികാരങ്ങളെ ഉണർത്തുന്ന ഉള്ളടക്കങ്ങളാണ് അൽഗോരിതങ്ങൾ കൂടുതൽ പ്രമോട്ട് ചെയ്യുന്നത്. ഇതിലൂടെ വംശീയ ഉള്ളടക്കങ്ങൾ വലിയ രീതിയിൽ പ്രചാരം നേടുന്നു. രണ്ട് ഡിജിറ്റൽ ലൂപ്പുകൾ: കാസിനോകളിലെ സ്ലോട്ട് മെഷീനുകൾ രൂപകൽപ്പന ചെയ്ത അതേ മനഃശാസ്ത്രമാണ് ‘ഇൻഫിനിറ്റ് സ്ക്രോളിംഗിലും’ ഉപയോഗിച്ചിരിക്കുന്നത്. അടുത്ത വീഡിയോ എന്ത് എന്ന ആകാംക്ഷ (Variable Reward) തലച്ചോറിൽ ഡോപ്പമിൻ തരംഗങ്ങൾ സൃഷ്ടിക്കുന്നു. ഇത് ഉപഭോക്താവിനെ ഒരു ലഹരിക്കെന്നപോലെ പ്ലാറ്റ്‌ഫോമിൽ തളച്ചിടുന്നു. ഇതൊരു കൊളോണിയൽ ഇൻഫ്രാസ്ട്രക്ചറാണ്; ഇവിടെ ഉപഭോക്താവ് സ്വയം തന്റെ ശ്രദ്ധ വിൽക്കുന്ന അടിമയായി മാറുന്നു. ഷോർട് ടൈം കണ്ടെന്റുകൾ ഈ പ്രക്രിയ വേഗത്തിലാകുന്നു.

കോഗ്നിറ്റീവ് ഡിറ്റീരിയറേഷൻ (ചിന്തയുടെ വംശനാശം)

Boaventura de Sousa Santos

റീൽസ് സംസ്കാരം തലച്ചോറിന്റെ ഘടനയിൽ തന്നെ മാറ്റം വരുത്തുന്നുവെന്ന് ന്യൂറോ സയൻസ് വ്യക്തമാക്കുന്നു. ഇതിനെ കോഗ്നിറ്റീവ് ഡിറ്റീരിയറേഷൻ അഥവാ ചിന്താശേഷിയുടെ ക്ഷയം എന്ന് വിളിക്കാം. പ്രീഫ്രോണ്ടൽ കോർട്ടക്സിന്റെ തളർച്ചക്ക് കാരണമാകുന്നു. യുക്തിചിന്ത, ആസൂത്രണം, ധാർമ്മിക വിവേചനം എന്നിവ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗമായ പ്രീഫ്രോണ്ടൽ കോർട്ടക്സ് (Prefrontal Cortex), റീൽസിലൂടെ ലഭിക്കുന്ന അമിത ഉത്തേജനം മൂലം ദുർബലപ്പെടുന്നു. പകരം ലളിതമായ വികാരങ്ങൾ കൈകാര്യം ചെയ്യുന്ന അമിഗ്ഡല (Amygdala) കൂടുതൽ സജീവമാകുന്നു. ശ്രദ്ധാശൈഥില്യം (Attention Span Crisis) വലിയ രീതിയിൽ വ്യാപിക്കാനും ഇത് കാരണമാകുന്നു.  ശരാശരി 15 മുതൽ 60 സെക്കന്റ് വരെയുള്ള വീഡിയോകൾ മാത്രം കണ്ട് ശീലിച്ച ഒരു തലമുറയ്ക്ക് 500 പേജുള്ള ഒരു പുസ്തകം വായിക്കാനോ, ഒരു മണിക്കൂർ ദൈർഘ്യമുള്ള പ്രഭാഷണം കേൾക്കാനോ ഉള്ള ക്ഷമ നഷ്ടപ്പെടുന്നു. ഈ “2x Speed” സംസ്കാരം അറിവിനെ ലഘൂകരിക്കുകയും സങ്കീർണ്ണതകളെ വെറുക്കുകയും ചെയ്യുന്നു. കഴിഞ്ഞ നിയമസഭ ഇലക്ഷന്റെ പശ്ചാത്തലത്തിൽ ഒരുദാഹരണം വിവരിക്കാം. മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന ഒരു രാഷ്ട്രീയനേതാവിന്റെ പ്രസ്താവന അദ്ദേഹം വർഗീയവാദിയാണെന്ന് മുദ്രകുത്താൻ നിരവധി gen z ഇൻഫ്ലുവൻസേഴ്സ് ഉപയോഗിച്ചിരുന്നു. തീർത്തും മതേതര വിരുദ്ധമായ നിലപാടാണ് ഇതെന്നും അദ്ദേഹം ഒരു വർഗീയവാദിയാണെന്നും വരുത്തിതീർക്കാനും ഒരു പരിധിവരെ അവർക്ക് കഴിഞ്ഞു. പക്ഷേ എന്താണ് ഇന്ത്യൻ മതേതരത്വത്തിന്റെ പ്രത്യേകതയെന്നോ ‘മതം ഒരു പരിഗണനാ വിഷയമായി കാണരുത്’ എന്ന പ്രസ്താവനയാണ് യഥാർത്ഥ ഭരണഘടന വിരുദ്ധ പ്രസ്താവനയെന്നും മനസ്സിലാക്കാൻ ദീർഘമായ വിശദീകരണം ആവശ്യമാണ്. അതിനാൽ തന്നെ ഇത്തരം യഥാർത്ഥ വിശദീകരണങ്ങൾക്ക് അൽഗോരിതങ്ങളുടെ  ഘടനയിൽ പ്രസക്തി ലഭിക്കില്ല.

ആഴമില്ലാത്ത അറിവുകൾ കൊണ്ട് ആളുകൾ തൃപ്തിപ്പെടുന്നു. അറിവ് എന്നത് സമയമെടുത്ത് നേടേണ്ട ഒന്നാണ് (Slow Knowledge). എന്നാൽ റീൽസ് പകരുന്നത് ‘ഇൻസ്റ്റന്റ്’ അറിവുകളാണ്. ഇത് ഉപരിപ്ലവമായ വിവരങ്ങൾ നൽകി ഉപഭോക്താവിനെ താൻ അറിവുള്ളവനാണെന്ന മിഥ്യാധാരണയിൽ എത്തിക്കുന്നു. കൊളോണിയൽ യുക്തിയുടെ സവിശേഷതകളിൽ ഒന്നായ individualism, reductionism തുടങ്ങിയ മനോഭാവങ്ങൾ ഇവ വ്യാപിപ്പിക്കുന്നു. 

ഡിജിറ്റൽ എപ്പിസ്റ്റമിസൈഡും തദ്ദേശീയ ജ്ഞാനങ്ങളും

വാൾട്ടർ മിഗ്‌നോളോ (Walter Mignolo) മുന്നോട്ടുവെച്ച ‘കൊളോണിയൽ മാട്രിക്സ് ഓഫ് പവർ’ ഡിജിറ്റൽ ഇടത്തിൽ അൽഗോരിതമായി മനസ്സിലാക്കാം. അൽഗോരിതങ്ങൾ നിശ്ചയിക്കുന്നത് ഏത് അറിവ് നിലനിൽക്കണം എന്നാണ്. ട്രെയിനിങ് ഡാറ്റയായി നിശ്ചയിക്കപ്പെടുന്ന പാശ്ചാത്യൻ അഥവാ കൊളോണിയൽ മൂല്യങ്ങളുടെ അടിസ്ഥാനത്തിലാണ് അത് പ്രവർത്തിക്കുന്നതെന്ന് സാരം. തദ്ദേശീയമായ ജ്ഞാനപാരമ്പര്യങ്ങൾ, ദർസ് പാഠ്യപദ്ധതികൾ, സൂഫി ചിന്തകൾ തുടങ്ങിയവയെല്ലാം ആഴത്തിലുള്ള ആലോചനയും സാവധാനത്തിലുള്ള പഠനവും ആവശ്യപ്പെടുന്നവയാണ്. അൽഗോരിതത്തിന്റെ വേഗതയുമായി ഇവ പൊരുത്തപ്പെടുന്നില്ല. തൽഫലമായി, ഇത്തരം ഗൗരവകരമായ വിജ്ഞാനങ്ങൾ ഡിജിറ്റൽ ഇടത്തിൽ അദൃശ്യമാകുന്നു (Algorithmic Suppression). ഇസ്ലാമിക ജ്ഞാന വ്യവഹാരങ്ങളുടെ സ്ഥാനമായി സമയം, ഗുരു, അദബ് തുടങ്ങിയ സങ്കല്പങ്ങൾ പ്രധാനമാണ്. എന്നാൽ ഇത്തരം ഗൗരവമായ ആലോചനകൾ മുരടിപ്പിക്കുന്നതാണ് നവ ഡിജിറ്റൽ അൽഗോരിതങ്ങളുടെ സ്വഭാവം. 

റീൽ ജനറേഷൻ മുതൽ തീവ്ര വലതുപക്ഷം വരെ

Walter Mignolo

Gen z അഥവാ പുതിയ ജനറേഷന് ഇടയിൽ വലതുപക്ഷ ചിന്താധാരകൾ വ്യാപകമാകുന്നതായി പഠനങ്ങൾ നിരീക്ഷിക്കുന്നുണ്ട്. നിലനിൽക്കുന്ന ഡിജിറ്റൽ അന്തരീക്ഷം തീവ്ര വലതുപക്ഷ (Far-Right) രാഷ്ട്രീയത്തിന് ഏറ്റവും അനുയോജ്യമായ വിളനിലമാണ്. ഇത് സാധ്യമാക്കുന്ന പല ഘടകങ്ങളിൽ ഒന്നാണ് സിംപ്ലിസ്റ്റിക് നറേറ്റീവ്സ്. സങ്കീർണ്ണമായ ചരിത്രപ്രശ്നങ്ങളെയും സാമൂഹിക സാഹചര്യങ്ങളെയും 30 സെക്കന്റിൽ തീർക്കാവുന്ന ‘Us vs Them’ (നമ്മളും ശത്രുക്കളും) എന്ന ദ്വന്ദ്വത്തിലേക്ക് ഫാർ റൈറ്റ് ഐഡിയോളജി ലഘൂകരിക്കുന്നു. അൽഗോരിതം ഇത്തരം പ്രകോപനപരമായ ഉള്ളടക്കങ്ങളെ വൈറലാക്കുകയും ചെയ്യുന്നു. ഫലസ്തീൻ വിഷയം ഉദാഹരണമായി എടുത്താൽ, ഇപ്പോഴും അതൊരു യുദ്ധമാണെന്ന് വിശേഷിപ്പിക്കുന്നവർ നിരവധിയാണ്. നടക്കുന്നതൊരു വംശഹത്യയാണെന്നും ഒക്ടോബർ 7 ന് മുമ്പ് ദീർഘകാലത്തെ വംശഹത്യ ചെയ്തികൾ ഫലസ്തീനികൾ അനുഭവിക്കുന്നുണ്ടെന്നും തിരിച്ചറിയാൻ പോലും Short time കണ്ടൻറുകൾ വഴി സാധിക്കുന്നില്ലെന്ന് സാരം. മറ്റൊന്നാണ് റാഡിക്കലൈസേഷൻ പൈപ്പ്‌ലൈൻ. വിനോദത്തിനായി റീൽസ് കണ്ടുതുടങ്ങുന്ന ഒരു യുവാവിനെ അൽഗോരിതം പതുക്കെ തീവ്ര ദേശീയതയിലേക്കും വിദ്വേഷ പ്രസംഗങ്ങളിലേക്കും നയിക്കുന്നു. ഓരോ ‘ലൈക്കും’ ഓരോ ‘ഷെയറും’ അയാളെ കൂടുതൽ ഇരുണ്ട ഡിജിറ്റൽ അറകളിലേക്ക് (Echo Chambers) തള്ളിവിടുകയും ചെയ്യുന്നു. അതോടൊപ്പം അപരവൽക്കരണത്തിന്റെ നോർമലൈസേഷനും സാധാരണമാണ്. കൊളോണിയൽ കാലത്തെ ‘White Man’s Burden’ ഇന്ന് ‘Civilizational Superiority’ എന്ന പേരിൽ റീൽസുകളിലൂടെ അവതരിപ്പിക്കപ്പെടുന്നു. ന്യൂനപക്ഷങ്ങളെയും അപരന്മാരെയും കുറിച്ചുള്ള തെറ്റായ വിവരങ്ങൾ തമാശരൂപേണയും മറ്റും പ്രചരിപ്പിക്കുന്നത് വ്യാപകമാക്കപ്പെടുകയും ചെയ്യുന്നു..

അൾട്രാ-കൊളോണിയൽ ഐഡിയോളജിയുടെ ആന്തരികവൽക്കരണം

കൊളോണിയലിസം വിജയിക്കുന്നത് അധിനിവേശം ചെയ്യപ്പെട്ടവൻ അധിനിവേശക്കാരന്റെ ചിന്തകളെ സ്വന്തമായി സ്വീകരിക്കുമ്പോഴാണെന്നാണ് ഫ്രാൻസ് ഫാനൻ നിരീക്ഷിക്കുന്നത്. ഇന്നത്തെ യുവാക്കൾ തങ്ങളുടെ പാരമ്പര്യ വിജ്ഞാനങ്ങളെ ‘പ്രയോജനമില്ലാത്തത്’ (Outdated) എന്ന് വിളിക്കുന്നത് അൽഗോരിതങ്ങൾ നിർമ്മിച്ചെടുത്ത ലോകവീക്ഷണത്തിന്റെ ഫലമായാണ്. “ഇൻസ്റ്റാഗ്രാമിൽ ഇല്ലാത്തത് അറിവല്ല” എന്ന മനോനില നവതലമുറയ്ക്കിടയിൽ വ്യാപകമാകുന്നുണ്ട്. ഇതിലൂടെ സയന്റിസം, നിയോ ലിബറൽ ഇൻഡിവിജ്വലിസം, പാശ്ചാത്യ സൗന്ദര്യ സങ്കൽപ്പങ്ങൾ എന്നിവ റീൽസുകളിലൂടെ നിരന്തരം നോർമലൈസ് ചെയ്യപ്പെടുന്നു. ഇത് കേവലം ഫാഷനല്ല, മറിച്ച് നിരവധി സാംസ്കാരിക പ്രതിരോധങ്ങളെ തന്നെ തകർക്കുന്ന അൾട്രാ കൊളോണിയൽ പദ്ധതിയാണ്.

കേരളീയ പശ്ചാത്തലവും അറ്റൻഷൻ ക്രൈസിസും

കേരളത്തിന്റെ വിജ്ഞാന ചരിത്രം പരിശോധിച്ചാൽ അതിൽ ‘സബ്ർ’ (ക്ഷമ) എന്ന ആശയത്തിന് വലിയ സ്ഥാനമുണ്ടായിരുന്നു. ദർസ് സംസ്കാരം, മാസങ്ങളോളം നീളുന്ന ഗ്രന്ഥപഠനം, സൂക്ഷ്മമായ സംവാദങ്ങൾ എന്നിവ ശ്രദ്ധയുടെ വലിയൊരു നിക്ഷേപം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇന്ന് കേരളത്തിലെ മുസ്ലിം വൈജ്ഞാനിക പരിസരവും ഈ ‘അറ്റൻഷൻ ക്രൈസിസി’ൽ അകപ്പെട്ടിരിക്കുന്നു. ദീർഘമായ പ്രഭാഷണങ്ങൾക്കു പകരം ‘ബിറ്റ്’ വീഡിയോകൾ സ്വീകരിക്കപ്പെടുന്നു. ചില പ്രബോധകർ തങ്ങളുടെ വായനക്കാരെക്കാൾ കൂടുതൽ ‘ഫോളോവേഴ്സിനെ’ കുറിച്ച് ആശങ്കപ്പെടുന്ന സാഹചര്യം രൂപപ്പെടുന്നു. സങ്കീർണ്ണമായ ഫിഖ്ഹി (Jurisprudence) ചർച്ചകൾ റീൽസിലെ വിവാദങ്ങളായി ചുരുങ്ങുന്നു. ഇത് ഒരു ജനതയുടെ ബുദ്ധിപരമായ തകർച്ചയ്ക്ക് തന്നെ കാരണമാകുന്നുണ്ട്. ‘Brainrot’ അഥവാ ചിന്താപരമായ വന്ധ്യതയിലേക്ക് ഒരു തലമുറ നീങ്ങുകയാണ്.

ശ്രദ്ധ (Attention) എന്നത് ഒരു വ്യക്തിയുടെ ഏറ്റവും വലിയ സ്വത്താണ്. അത് അൽഗോരിതങ്ങൾക്ക് വിട്ടുകൊടുക്കുന്നത് ഒരു പുതിയ തരം അടിമത്തമാണ്. റീൽ സംസ്കാരം സൃഷ്ടിക്കുന്ന ജ്ഞാനഹത്യയെ തിരിച്ചറിയുക എന്നത് ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രവർത്തനമാണ്. നമ്മുടെ മസ്തിഷ്കവും ചിന്തകളും കൊളോണിയൽ അൽഗോരിതങ്ങൾക്ക് പണയം വെക്കാതിരിക്കാൻ സങ്കീർണ്ണതകളിലേക്കും, ആഴമുള്ള വായനയിലേക്കും, ക്ഷമയോടെയുള്ള പഠനത്തിലേക്കും നാം മടങ്ങേണ്ടതുണ്ട്. ശ്രദ്ധ ഒരു വിമോചന കേന്ദ്രമാണ് (Attention is a decolonial site); അതിനെ തിരിച്ചുപിടിക്കുക എന്നത് നിലനില്പിന്റെ പോരാട്ടമാണ്.

അസ്ലഹ് അരൂർ