2015-ൽ മൈക്ക് സ്കിന്നർ സംവിധാനം ചെയ്ത ‘ഹിപ്പ് ഹോപ്പ് ഇൻ ദി ഹോളി ലാൻഡ്’ (Hip Hop in the Holy Land) എന്ന ഡോക്യുമെന്ററി ജറുസലേമിലെ റാപ്പ് കലാകാരന്മാരെ ആഗോളതലത്തിൽ പരിചയപ്പെടുത്തിയ ശ്രദ്ധേയമായ ചലച്ചിത്ര സൃഷ്ടിയാണ്. ആറ് ഭാഗങ്ങളിലായി പുറത്തിറങ്ങിയ ഈ പരമ്പരയുടെ ആദ്യ എപ്പിസോഡ് കേന്ദ്രീകരിക്കുന്നത് ഫലസ്തീനിലെ വിഖ്യാത റാപ്പർ താമിർ നഫാറിനെയാണ്. ഇസ്രായേൽ പൗരത്വമുള്ള ഫലസ്തീനി എന്ന നിലയിൽ താമിർ നേരിടുന്ന സ്വത്വപ്രതിസന്ധികളും, അദ്ദേഹത്തിന്റെ അനുഭവങ്ങളും ചിന്തകളുമാണ് ഈ എപ്പിസോഡിന്റെ കാതൽ. ഫലസ്തീനിലെ ജനകീയ സംസ്കാരത്തിൽ ഹിപ്പ് ഹോപ്പിനെ ഒരു പ്രതിരോധ മാധ്യമമായി പ്രതിഷ്ഠിക്കുന്നതിൽ താമിർ നഫാറും അദ്ദേഹത്തിന്റെ ബാന്റായ ‘ഡാം’ (DAM) ഉം നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. ഫലസ്തീനിയൻ സ്വത്വത്തെ അടിച്ചമർത്താൻ ശ്രമിക്കുന്ന ഇസ്രായേൽ അധിനിവേശത്തിന്റെ ക്രൂരതയെയും വിവേചനങ്ങളെയും തന്റെ വരികളിലൂടെ നഫാർ അതിശക്തമായി ആഖ്യാനം ചെയ്യുന്നു. അധിനിവേശവും അരാജകത്വവും സൃഷ്ടിക്കുന്ന ഭീതിയുടെ നിഴലുകളിൽ ഹിപ്പ് ഹോപ്പിന്റെ സുദീർഘമായ ചരിത്രത്തെ വായിച്ചെടുക്കാമെങ്കിലും, ദീർഘകാലമായി തുടരുന്ന ഇസ്രായേൽ-ഫലസ്തീൻ സംഘർഷങ്ങളുടെ യാഥാർത്ഥ്യവും ആഴത്തിലുള്ള വേദനയുമാണ് നഫാറിന്റെ ഓരോ വരികളെയും വേറിട്ടുനിർത്തുന്നത്.
തെരുവിലെ സംഗീത വർണ്ണങ്ങൾ:-
പാർശ്വവൽക്കരിക്കപ്പെട്ട ജനതയുടെ ശബ്ദമായി ഹിപ്പ് ഹോപ്പ് സംസ്കാരം പരിണമിച്ചിട്ട് ദശകങ്ങളായിരിക്കുന്നു. വിദ്വേഷത്തിന്റെയും അധികാരപ്രമത്തതയുടെയും ഫലമായി തകർക്കപ്പെട്ട സമൂഹങ്ങളുടെ അഗാധമായ മുറിവുകളെയും അതിജീവനത്തെയും സർഗ്ഗാത്മകമായി ആവിഷ്കരിക്കാൻ ഈ സംഗീത ശാഖയ്ക്ക് സാധിച്ചിട്ടുണ്ട്. നഗരങ്ങളിലെ തെരുവുകളിൽ നിന്ന് ഉത്ഭവിച്ച ഈ സാംസ്കാരിക പ്രസ്ഥാനം ചുരുങ്ങിയ കാലം കൊണ്ട് ആഗോളതലത്തിൽ പടർന്നുപന്തലിച്ചു. വംശീയത, ദാരിദ്ര്യം, അധിനിവേശം തുടങ്ങിയ ഭരണകൂടനിർമ്മിതമായ വിവേചനങ്ങളെയും അധികാര രൂപങ്ങളെയും സംഗീതത്തിലൂടെ ചോദ്യം ചെയ്യുന്ന ഒരു പ്രതിരോധ മാധ്യമമായി ഹിപ്പ് ഹോപ്പ് മാറി.
1973-ൽ ഡിജെ കൂൾ ഹെർക് (DJ Kool Herc) ആണ് ഹിപ്പ് ഹോപ്പിന്റെ പ്രാഥമിക രൂപങ്ങളെ ലോകത്തിന് പരിചയപ്പെടുത്തിയത്. ബ്രേക്ക് ഡാൻസിങ്, റാപ്പിംഗ് തുടങ്ങിയ ഘടകങ്ങൾ സംഗീതവുമായി സമന്വയിപ്പിച്ചത് ആസ്വാദകരെ ഏറെ ആകർഷിച്ചു. 1979-ൽ പുറത്തിറങ്ങിയ ‘റാപ്പേഴ്സ് ഡിലൈറ്റ്’ (Rapper’s Delight) എന്ന ഗാനത്തിലൂടെയാണ് ഹിപ്പ് ഹോപ്പ് മുഖ്യധാരയിലേക്ക് പ്രവേശിക്കുന്നത്. ‘റോളിംഗ് സ്റ്റോൺ’ മാഗസിൻ തിരഞ്ഞെടുത്ത എക്കാലത്തെയും മികച്ച 500 ഗാനങ്ങളിൽ ഇടംപിടിച്ച ഈ ഗാനം, ഹിപ്പ് ഹോപ്പിനെ ഒരു ജനകീയ സംസ്കാരമായി മാറ്റുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു. വണ്ടർ മൈക്ക്, ബിഗ് ബാങ്ക് ഹാങ്ക്, മാസ്റ്റർ ജി എന്നീ കലാകാരന്മാരുടെ കൂട്ടായ പരിശ്രമമായിരുന്നു ഈ ഗാനം.
1980 മുതൽ 1990 വരെയുള്ള കാലഘട്ടം ഹിപ്പ് ഹോപ്പിന്റെ സുവർണ്ണകാലമായി (Golden Age) അറിയപ്പെടുന്നു. അക്കാലത്ത് പുറത്തിറങ്ങിയ സംഗീതങ്ങൾ അവയുടെ പുതുമയാർന്ന പരീക്ഷണാത്മക ശൈലികൊണ്ടും ഉള്ളടക്കത്തിലെ ഗാംഭീര്യം കൊണ്ടും ശ്രദ്ധേയമായി. ഓരോ സംഗീത ഗ്രൂപ്പുകളും തങ്ങളുടെ തദ്ദേശീയമായ അനുഭവങ്ങളെയും രാഷ്ട്രീയ ആശയങ്ങളെയും സംഗീതത്തിലൂടെ തീവ്രമായി ആവിഷ്കരിച്ചു. ന്യൂയോർക്കിലെ ലോംഗ് ഐലൻഡിൽ (Long Island) രൂപംകൊണ്ട ‘പബ്ലിക് എനിമി’ (Public Enemy) പോലുള്ള സംഘങ്ങൾ രാഷ്ട്രീയ ബോധമുള്ള വരികളിലൂടെ ലോകപ്രശസ്തമായി. താമസിയാതെ ഹിപ്പ് ഹോപ്പ് വലിയ വിപണി മൂല്യമുള്ള ഒരു വിനോദ വ്യവസായമായി രൂപാന്തരപ്പെട്ടു. കിഴക്കൻ മേഖലയിൽ നിന്ന് ദ നൊട്ടോറിയസ് ബി.ഐ.ജിയും (The Notorious B.I.G) പടിഞ്ഞാറൻ മേഖലയിൽ നിന്ന് ടുപാക് ഷാക്കൂറും (Tupac Shakur) ഈ കാലഘട്ടത്തിലെ ഇതിഹാസങ്ങളായി മാറി.

ഇരുപത്തൊന്നാം നൂറ്റാണ്ടിൻറെ തുടക്കത്തിൽ, ഹിപ്പ് ഹോപ്പ് ഒരു മൾട്ടി-ബില്യൺ ഡോളർ വിപണിയുള്ള ആഗോള സാമ്രാജ്യമായി വളർന്നു. ഇന്ത്യയിലും ഈ സാംസ്കാരിക ശൈലി വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. 2019-ൽ പുറത്തിറങ്ങിയ ‘ഗല്ലി ബോയ്’ (Gully Boy) പോലുള്ള ചലച്ചിത്രങ്ങൾ ഇന്ത്യയിലെ സാമൂഹിക യാഥാർത്ഥ്യങ്ങളെ റാപ്പിലൂടെ ആഖ്യാനം ചെയ്യുന്നതിൽ വിജയിച്ചു. നിലവിൽ കേരളത്തിൽ, പ്രത്യേകിച്ച് മലബാർ മേഖലയിൽ, റാപ്പ് സംഗീതത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്നും ലോകമെമ്പാടുമുള്ള മർദ്ദിത വിഭാഗങ്ങൾക്കിടയിൽ ഹിപ്പ് ഹോപ്പ് പുതിയ ഭാവുകത്വത്തോടെയും കരുത്തോടെയും ഒരു രാഷ്ട്രീയ ആയുധമായി നിലകൊള്ളുന്നു.
സംഗീതാവിഷ്കാരത്തിന്റെ പുതു ഭാവുകത്വങ്ങൾ:-
അമേരിക്കൻ ഹിപ്പ് ഹോപ്പ് പ്രസ്ഥാനത്തിന്റെ ചരിത്രപരമായ പശ്ചാത്തലത്തോട് സമാനമായ പല ഘടകങ്ങളും ഫലസ്തീൻ റാപ്പ് സംസ്കാരത്തിലും ദൃശ്യമാണ്. അമേരിക്കയിൽ അത് വംശീയതയ്ക്കെതിരായ പോരാട്ടമായിരുന്നെങ്കിൽ, ഫലസ്തീനിൽ അധിനിവേശം, ദാരിദ്ര്യം, സ്വത്വനിഷേധം എന്നിവയ്ക്കെതിരെയുള്ള അതിശക്തമായ പ്രതിരോധമായി അത് പരിണമിച്ചു. ജാക്കി റീം സലൂം (Jackie Reem Salloum) സംവിധാനം ചെയ്ത് 2008-ൽ പുറത്തിറങ്ങിയ ‘സ്ലിംഗ് ഷോട്ട് ഹിപ്പ് ഹോപ്പ്’ (Slingshot Hip Hop) എന്ന ഡോക്യുമെന്ററി ഫലസ്തീൻ റാപ്പ് സംഗീതത്തിന്റെ ഈ പരിണാമത്തെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്.
ഫലസ്തീനിൽ നിന്നും പുറത്താക്കപ്പെട്ട് വിവിധ അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്ന ജനതയുടെ ഇടയിൽ റാപ്പ് സംഗീതം ഒരു നിത്യസാന്നിധ്യമായി മാറി. നക്ബ (Nakba), സാമ്രാജ്യത്വ വിരുദ്ധത, അധികാര പ്രമത്തത എന്നിവയെല്ലാം അവരുടെ ഗാനങ്ങളിലെ പ്രധാന പ്രമേയങ്ങളായി. ഓരോ അഭയാർത്ഥി ക്യാമ്പും (Refugee Tents) ഹിപ്പ് ഹോപ്പ് വളരുന്ന സാംസ്കാരിക കേന്ദ്രങ്ങളായി മാറി. എന്നാൽ, തുടർച്ചയായ സൈനിക ആക്രമണങ്ങളും അടിച്ചമർത്തലുകളും പല റാപ്പ് കൂട്ടായ്മകളെയും ചിന്നഭിന്നമാക്കാൻ കാരണമായി. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ സിറിയയിലെ യർമൂക് ക്യാമ്പിലും (Yarmouk Camp), ബെയ്റൂത്തിലെ ബുർജ് അൽ-ബറാജ്ന (Burj el-Barajneh) പോലുള്ള ഇടങ്ങളിലും മുപ്പതഞ്ചോളം റാപ്പ് സംഘങ്ങൾ സജീവമായിരുന്നു. നിർഭാഗ്യവശാൽ, യുദ്ധങ്ങളും പലായനങ്ങളും കാരണം ഈ കലാകാരന്മാർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചിതറിപ്പോകുകയായിരുന്നു.
ഇതേ കാലഘട്ടത്തിലാണ് ഫലസ്തീൻ ഹിപ്പ് ഹോപ്പ് ചരിത്രത്തിലെ നാഴികക്കല്ലായ ‘ഡാം’ (DAM) എന്ന ഗ്രൂപ്പിന്റെ ഉദയം. ‘ഡാ അറബ് എം.സിസ്’ (Da Arabian MC’s) എന്നതിന്റെ ചുരുക്കരൂപമായ ‘ഡാം’, ലുദ് (Lyd) നഗരത്തിൽ നിന്നുള്ള സഹോദരങ്ങളായ താമിർ നഫാർ, സുഹൈൽ നഫാർ, അവരുടെ സുഹൃത്തായ മഹ്മൂദ് ജെറി എന്നിവർ ചേർന്ന് രൂപീകരിച്ചതാണ്. ഫലസ്തീൻ സ്വത്വത്തെയും സാംസ്കാരിക രാഷ്ട്രീയത്തെയും ആഗോള മുഖ്യധാരയിലേക്ക് എത്തിക്കുന്നതിൽ ഇവർ വലിയ വിജയം കൈവരിച്ചു. 2001-ൽ പുറത്തിറങ്ങിയ ‘മിൻ ഇർഹാബി?’ (Min Irhabi? – ആരാണ് ഭീകരൻ?) എന്ന ഗാനം ദശലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തുകയും ഫലസ്തീൻ പ്രതിരോധത്തിന്റെ ഗീതമായി മാറുകയും ചെയ്തു.
” Who is terrorist? You are terrorist / You have taken everything I own while I am living in my homeland “
എന്നീ വരികളിലൂടെ ഭീകരതയുടെ യഥാർത്ഥ ഉറവിടം സയണിസ്റ്റ് അധിനിവേശമാണെന്ന് ഇവർ ലോകത്തോട് വിളിച്ചുപറഞ്ഞു. ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തിന്റെ യഥാർത്ഥ സ്വഭാവത്തെ സംഗീതത്തിലൂടെ സംവദിക്കാൻ ഈ ഗ്രൂപ്പിന് സാധിച്ചു. ഇന്ന് മുതിർന്നവർക്കൊപ്പം തന്നെ നിരവധി യുവാക്കളും സ്ത്രീകളും ഫലസ്തീൻ റാപ്പ് രംഗത്തേക്ക് കടന്നുവരുന്നുണ്ട്. ഷാദിയ മൻസൂർ (Shadia Mansoor), നോയൽ ഖർമാൻ (Noel Kharman) തുടങ്ങിയ വനിതാ കലാകാരികളുടെ സാന്നിധ്യം ഫലസ്തീൻ ഹിപ്പ് ഹോപ്പിന്റെ പുതിയ മാനങ്ങളെയാണ് അടയാളപ്പെടുത്തുന്നത്.
കലയുടെ ബ്ലാക്ക് ബോക്സ്
ഫ്രെഡറിക് നീച്ചയുടെ കലയെക്കുറിച്ചുള്ള നിരീക്ഷണം—യഥാർത്ഥ്യത്തിന്റെ കാഠിന്യത്താൽ നാം തകർന്നുപോകാതിരിക്കാൻ രൂപപ്പെടുത്തിയതാണ് കല എന്നത്—താമിർ നഫാറിന്റെ കലാജീവിതത്തിൽ അത്യന്തം അന്വർത്ഥമാണ്. 1979 ജൂലൈ 6-ന് ‘ലുദ്’ (Lyd) എന്ന പ്രവിശ്യയിലാണ് നഫാർ ജനിച്ചത്. അക്കാലത്ത് നിയമലംഘനങ്ങൾക്കും കുറ്റകൃത്യങ്ങൾക്കും പേരുദോഷം കേട്ട ലുദിലെ ജീവിതസാഹചര്യങ്ങളാണ് തന്നെ ഒരു റാപ്പറായി പരിവർത്തിപ്പിച്ചതെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. തൊണ്ണൂറുകളുടെ തുടക്കത്തിൽ തന്നെ റാപ്പ് സംഗീതത്തിലേക്ക് ആകൃഷ്ടനായെങ്കിലും, 1998-ലാണ് അദ്ദേഹം പ്രൊഡ്യൂസർമാരെ കണ്ടെത്തുന്നതും സംഗീതരംഗത്ത് ചുവടുറപ്പിക്കുന്നതും.
അഹമ്മദ് എൽഡിൻ നടത്തിയ ‘ബിയോണ്ട് ആൻഗർ’ (Beyond Anger) എന്ന അഭിമുഖത്തിൽ താമിർ തന്റെ രാഷ്ട്രീയ-കലാ ബോധ്യങ്ങളെക്കുറിച്ച് സുതാര്യമായി സംസാരിക്കുന്നുണ്ട്. മാനുഷിക മൂല്യങ്ങൾ പലപ്പോഴും വെറും ആലങ്കാരിക പ്രയോഗങ്ങൾ (Metaphors) മാത്രമായി അവശേഷിക്കുന്നു എന്ന് അദ്ദേഹം വിലപിക്കുന്നു. കലയ്ക്ക് ലോകത്തെ മാറ്റിമറിക്കാൻ കഴിയുമെന്ന കാല്പനിക സങ്കല്പത്തെ അദ്ദേഹം തള്ളിക്കളയുന്നു. പ്രത്യേകിച്ച്, 2023 ഒക്ടോബറിന് ശേഷമുള്ള ഫലസ്തീൻ സാഹചര്യങ്ങളെ മുൻനിർത്തി, കല എന്നത് വിമാനാപകടങ്ങളിലെ വിവരങ്ങൾ ശേഖരിക്കുന്ന ‘ബ്ലാക്ക് ബോക്സ്’ പോലെ ദുരന്തങ്ങൾ രേഖപ്പെടുത്താൻ മാത്രമുള്ള ഒന്നായി മാറിയിരിക്കുന്നു എന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. “എന്റെ സ്വപ്നങ്ങളെല്ലാം ശൂന്യതയിലേക്ക് വഴിമാറി” (Everything I dreamt of is lost to Zen) എന്ന് പറയുമ്പോൾ, തകർന്നുവീണ മാനുഷിക മൂല്യങ്ങളോടുള്ള അമർഷമാണ് അദ്ദേഹം പ്രകടിപ്പിക്കുന്നത്.
സമാധാനപരമായ സഹവർത്തിത്വത്തേക്കാൾ (Co-existence) ഉപരിയായി, അനീതിക്കെതിരായ സംയുക്ത പ്രതിരോധത്തിനാണ് (Co-resistance) നഫാർ മുൻഗണന നൽകുന്നത്. ഇസ്രായേലിലെ ജനാധിപത്യം എന്നത് വെറുമൊരു പുറം മോടി (Veneer) മാത്രമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. മയക്കുമരുന്ന് മാഫിയകൾക്കും കുറ്റകൃത്യങ്ങൾക്കും അപ്രഖ്യാപിത അനുമതി നൽകുന്ന ഒരു വ്യവസ്ഥിതിയിൽ, ഫലസ്തീൻ പതാക ഉയർത്തുന്നത് കുറ്റകരമായി മാറുന്നതിലെ വൈരുദ്ധ്യത്തെ അദ്ദേഹം ചോദ്യം ചെയ്യുന്നു. തന്റെ പിതാവിന്റെ സംഗീതശേഖരത്തിലുണ്ടായിരുന്ന അമേരിക്കൻ റാപ്പർ ടുപാക് ഷാക്കൂർ (Tupac Shakur) ആണ് നഫാറിനെ ഏറെ സ്വാധീനിച്ചത്. ടുപാക്കിന്റെ വരികളും ഒരു ഡിക്ഷണറിയും ഉപയോഗിച്ചാണ് അദ്ദേഹം ഇംഗ്ലീഷ് ഭാഷാ വൈഭവം നേടിയെടുത്തത് എന്നതും ശ്രദ്ധേയമാണ്.

നഫാറിന്റെ ഗാനങ്ങളിൽ എടുത്തുപറയേണ്ട ഒന്നാണ് ‘തുസ്’ (Tuz). “എനിക്കൊന്നുമില്ല” അല്ലെങ്കിൽ “ഞാൻ ഗൗനിക്കുന്നില്ല” (I don’t care) എന്ന് അർത്ഥം വരുന്ന ഈ സംഗീതം, ഫലസ്തീന്റെ ദുരിതങ്ങൾക്ക് നേരെ ലോകം പുലർത്തുന്ന നിസ്സംഗതയോടുള്ള പ്രതിഷേധമാണ്. സമാനമായ രീതിയിൽ, ഇസ്രായേലി കമ്പനിയായ സോഡാ സ്ട്രീമിനെ (Soda Stream) പിന്തുണച്ച ഹോളിവുഡ് നടി സ്കാർലറ്റ് ജോഹാൻസണെ (Scarlett Johansson) വിമർശിച്ചുകൊണ്ട് അദ്ദേഹം എഴുതിയ വരികൾ ആഗോള ശ്രദ്ധ നേടിയിരുന്നു. അധിനിവേശ ഭൂമിയിൽ പ്രവർത്തിച്ചിരുന്ന കമ്പനിയുടെ ബ്രാൻഡ് അംബാസഡറായ നടിയെ “സോഡാ കുമിളകൾക്കുള്ളിലെ ലോകത്താണ് അവർ ജീവിക്കുന്നത്” എന്ന് അദ്ദേഹം പരിഹസിച്ചു.
‘കുർസി’ (Kursi) അഥവാ കസേര എന്ന രൂപകത്തിലൂടെ അദ്ദേഹം നടത്തിയ സാമൂഹിക വിമർശനങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. അധികാരത്തെയും രാഷ്ട്രീയ സ്ഥിരസങ്കല്പങ്ങളെയും (Stereotypes) പൊളിച്ചെഴുതാൻ ഇത്തരം സാധാരണ വസ്തുക്കളെ അദ്ദേഹം പ്രതീകാത്മകമായി ഉപയോഗിക്കുന്നു. ചുരുക്കത്തിൽ, താമിർ നഫാറിന്റെ സംഗീതം കേവലം വിനോദമല്ല; മറിച്ച്, അത് അധിനിവേശത്തിന്റെ അക്രമാസക്തമായ രാഷ്ട്രീയത്തോടുള്ള കലഹവും സ്വത്വപ്രഖ്യാപനവുമാണ്.
അധിനിവേശത്തിന്റെയും വംശീയതയുടെയും കെടുതികളിൽ സ്വത്വം നഷ്ടപ്പെട്ട ജനതയുടെ ഏകസ്വരമായാണ് ഹിപ്പ് ഹോപ്പ് സംസ്കാരം പരിണമിച്ചത്. കേവലമൊരു സംഗീത ശാഖ എന്നതിലുപരി, സാമൂഹിക നീതിക്കും പൗരാവകാശങ്ങൾക്കും വേണ്ടിയുള്ള ശക്തമായ സമരമുറയായി ഇതിനെ അടയാളപ്പെടുത്താം. അമേരിക്കയിലെ തെരുവുകളിൽ നിന്ന് ആരംഭിച്ച് ആഗോളതലത്തിൽ പടർന്നുപന്തലിച്ച ഈ സാംസ്കാരിക പ്രസ്ഥാനം, അടിച്ചമർത്തപ്പെട്ടവരുടെ ഹൃദയമിടിപ്പായി ഇന്നും നിലകൊള്ളുന്നു. `താമിർ നഫാറിനെപ്പോലുള്ള കലാകാരന്മാർ നിരീക്ഷിക്കുന്നത് പോലെ, ഹിപ്പ് ഹോപ്പിലെ ‘വാഗ്മയ പ്രയോഗങ്ങൾ’ (Wordplay) ചിന്തകളെയും ആശയങ്ങളെയും എതൊരു തടസ്സങ്ങളുമില്ലാതെ ആവിഷ്കരിക്കാനുള്ള സർവ്വസ്വാതന്ത്ര്യം നൽകുന്നു. അധികാര വർഗ്ഗത്തിന്റെ സെൻസർഷിപ്പുകളെയും അതിർവരമ്പുകളെയും ഭേദിച്ചുകൊണ്ട്, ജനകീയ മനസ്സുകളിൽ പ്രതിരോധത്തിന്റെ വിത്തുകൾ പാകാൻ ഈ കലാരൂപത്തിന് സാധിക്കുന്നു. ഭാഷയുടെയും സംഗീതത്തിന്റെയും വിശാലമായ സാധ്യതകളെ ഉപയോഗപ്പെടുത്തിക്കൊണ്ട്, അധിനിവേശ വിരുദ്ധ പോരാട്ടങ്ങളുടെ പുതിയ കവാടങ്ങളാണ് ഹിപ്പ് ഹോപ്പ് ലോകത്തിന് മുന്നിൽ തുറന്നിടുന്നത്.








