Campus Alive

ഹിന്ദുത്വ വ്യാപന കാലത്തെ തിരഞ്ഞെടുപ്പ്: പ്രദേശിക രാഷ്ട്രീയ ആഖ്യാനങ്ങൾ

1977-ന് ശേഷം ആദ്യമായി ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തിൽ എവിടെയും ഒരു ഇടതുപക്ഷ സർക്കാർ ഇല്ലാത്ത അവസ്ഥ സംജാതമായിരിക്കുകയാണ്. അതുപോലെത്തന്നെ കേരളത്തിലെ ഇടത് പക്ഷത്തിന്റെ രാഷ്ട്രീയ നിലപാടുകൾ കൂടി വെളിപ്പെട്ട നിർണായക ജനവിധിയാണ് മെയ് 4ന് പുറത്തുവന്നത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കേരളത്തിലെ ഇടത് പക്ഷത്തെ തീവ്ര വലതുപക്ഷത്തോട് ഉപമിക്കുകയും തങ്ങളെ “നെഹ്രുവിയൻ ലെഫ്റ്” ആയി വിശേഷിപ്പിക്കുകയും ചെയ്തത് ഈ സന്ദർഭത്തിൽ ശ്രദ്ധേയമാണ്.

ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തെ തന്നെ മാറ്റി വരച്ചുകൊണ്ട് ഹിന്ദുത്വ ദേശീയത പടർന്നു പിടിക്കുകയും അതേസമയം മതേതര-ഇടത് ചേരിയുടെ രാഷ്ട്രീയ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുമ്പോഴാണ് കേരളത്തിൽ ഇടത് ജനാധിപത്യ മുന്നണിക്ക് കനത്ത പ്രഹരമെന്നോണം തിരഞ്ഞെടുപ്പ് തോൽവി സംഭവിക്കുന്നത്. 

എന്നാൽ, ഇത്തരം ആശങ്കകൾക്കു മീതെ ചർച്ച ചെയ്യപ്പെടേണ്ടത് ഇടത് രാഷ്ട്രീയ ചേരിയുടെ സഞ്ചാരപാതയാണ്. വർഗീയ ധ്രുവീകരണം ഒരു തെരഞ്ഞെടുപ്പ് തന്ത്രമായി സി.പി.എം ഉപയോഗിച്ചു വരുന്നതും, മുതിർന്ന ഇടത് നേതാക്കളെപ്പോലും വർഗീയ ചുവയുള്ള പ്രസ്താവനകൾ നടത്തുവാൻ പാർട്ടി മൗനാനുവാദത്തോടെ അഴിച്ചുവിട്ടതും മതേതര-സാഹോദര്യ രാഷ്ട്രീയത്തിൽ നിന്നുമുള്ള ഇടത് പക്ഷത്തിന്റെ വ്യതിചലനമായിട്ടാണ് വിലയിരുത്തേണ്ടത്. അതിനുള്ള മറുപടിയുമായിരുന്നു ചരിത്രത്തിൽ തന്നെയുള്ള ഏറ്റവും കുറഞ്ഞ സീറ്റെണ്ണത്തിലേക്ക് ഇടത് പക്ഷം പിന്തള്ളപ്പെട്ടത്. 

എൽ.ഡി.എഫിനെ പിന്നോട്ടടിച്ച ഘടകങ്ങൾ

സി.പി.ഐ.എം കോട്ടകൾ എന്ന് വിശഷിപ്പിച്ച് പോന്നിരുന്ന പയ്യന്നൂർ, തളിപ്പറമ്പ്‌, പേരാമ്പ്ര, നാദാപുരം, കുറ്റ്യാടി, തൃക്കരിപ്പൂർ, മട്ടന്നൂർ എന്നിവിടങ്ങളിലെല്ലാം സി.പി.എമ്മിന് കടുത്ത പ്രഹരമാണ് ലഭിച്ചത്. ന്യൂനപക്ഷ വോട്ടുകൾ കിട്ടില്ല എന്നുറപ്പായ സി.പി.എം ഭൂരിപക്ഷ സമുദായത്തിന്റെ വോട്ട് കൈക്കലാക്കാൻ വർഗീയധ്രുവീകരണം തന്ത്രമാക്കി. ആർ.എസ്എ.സ്-സംഘപരിവാർ നേതൃത്വത്തിൽ ഇന്ത്യ ഒട്ടാകെ പടർത്തുന്ന മത വെറിയുടെയും വെറുപ്പിന്റെയും രാഷ്ട്രീയം കേരളത്തിൽ കുത്തിവെച്ച് രാഷ്ട്രീയ ലാഭം കൊയ്യലാണ് ആത്യന്തികമായി സി.പി.എം ചെയ്തത്. 

ഉത്തരേന്ത്യയിൽ ബി.ജെ.പി പ്രയോഗിക്കുന്ന  ധ്രുവീകരണ രാഷ്ട്രീയം വ്യക്തമായി മുന്നിലുള്ളപ്പോൾ അതേ സമവാക്യം കേരളത്തിൽ നടപ്പിലാക്കാൻ ശ്രമിച്ചത് ജനം തിരസ്കരിച്ചതാണ് ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപെട്ട ഘടകം. 

രാഹുൽ ഗാന്ധി അഭിപ്രായപെട്ടതുപോലെ കേരളത്തിൽ ബി.ജെ.പി ദേശീയ നേതൃത്വത്തിന് കമ്മ്യൂണിസം ആണ് നെഹ്രുവിയൻ സർക്കാരിനേക്കാൾ അഭികാമ്യമായിട്ടുള്ളത്. പി.എം.ശ്രീ വിവാദവും, പി.വി അൻവർ തൊടുത്തു വിട്ട ആരോപണങ്ങളും, മുഖ്യമന്ത്രിയുടെ ഓഫീസിന് ആർ.എസ്.എസ്സുമായിട്ടുള്ള അവിശുദ്ധ ബന്ധവും, തിരഞ്ഞെടുപ്പിനോട് അടുപ്പിച്ചു നടന്ന ഡീൽ വിവാദവും എല്ലാം രാഹുൽ ഗാന്ധിയുടെ നിരീക്ഷണത്തെ ശരിവെക്കുന്നതാണ്.

മുസ്ലിം അപരവത്കരണം സൗകര്യം പോലെ പ്രയോഗിച്ചതും ജമാഅത്തെ ഇസ്‌ലാമി വിമർശനവും സി.പി.എമ്മിനെ തന്നെ വെളിപ്പെടുത്തുകയാണ് ചെയ്തത്. സി.പി.എമ്മിനുള്ളിൽ ആന്തരികമായി പ്രവർത്തിക്കുന്ന ഇസ്ലാമോഫോബിയയെ അത് വെളിവാക്കി. സംഘ് ആഖ്യാനം അതേപടി പകർത്തിയതും ഇടത് നേതാക്കന്മാരുടെ ഇസ്ലാമോഫോബിയ നിറഞ്ഞ രാഷ്ട്രീയ പ്രസ്താവനകളും ഗോദി മീഡിയക്ക് മുസ്ലിം വെറുപ്പ് ഉത്പാദിപ്പിക്കാനുള്ള ഇന്ധനമായി മാറുകയും ചെയ്തു. 

ഉപതിരഞ്ഞെടുപ്പുകളിലും തദ്ദേശ തിരഞ്ഞെടുപ്പുകളിലും ഉണ്ടായ പരാജയങ്ങൾക്ക് ശേഷവും ആത്മപരിശോധനയ്ക്ക് പകരം ഇസ്ലാമോഫോബിയയെ രാഷ്ട്രീയ മറയാക്കി ഉപയോഗിക്കാനാണ് എൽ.ഡി.എഫ് നേതൃത്വം ശ്രമിച്ചത്. അതേസമയം, “ന്യൂനപക്ഷ ഏകീകരണം” മാത്രമാണ് എൽ.ഡി.എഫ് തോൽവിക്ക് കാരണമെന്ന് പറയുന്നത് വസ്തുനിഷ്ഠമല്ല. ഭരണവിരുദ്ധ വികാരം സമുദായഭേദമന്യേ യു.ഡി.എഫിലേക്ക് വോട്ടൊഴുക്കുണ്ടാക്കിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

2021ൽ ഹിന്ദു ഭൂരിപക്ഷ മേഖലകളിൽ എൽ.ഡി.എഫ് നേടിയ 38 സീറ്റുകൾ ഇത്തവണ 17 ആയി ചുരുങ്ങി. അതേ സമയം, 2021ൽ വെറും 6 സീറ്റുകളിൽ ഒതുങ്ങിയ യു.ഡി.എഫ് ഇത്തവണ 25 സീറ്റുകളിൽ വിജയം നേടി. ക്രിസ്ത്യൻ ഭൂരിപക്ഷ മണ്ഡലങ്ങളിലും എൽ.ഡി.എഫിന് 18 സീറ്റുകളുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ആ സീറ്റുകളെല്ലാം യു ഡി എഫ് പിടിച്ചെടുത്തു.

യു.ഡി.എഫ് മുന്നേറ്റം

കഴിഞ്ഞ ഡിസംബറിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പുകൾ യു.ഡി.എഫിന് അനുകൂലമായ തരംഗത്തിന്റെ സൂചന നൽകിയിരുന്നു. 11.38 ലക്ഷം അധിക വോട്ടുകളോടെ യു.ഡി.എഫിന്റെ വോട്ടുശതമാനം 38.81 ശതമാനമായി ഉയർന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ അത് 46.5 ശതമാനത്തിലെത്തി — 2021നേക്കാൾ ഏഴ് ശതമാനം കൂടുതൽ.

വി.ഡി സതീശൻ തിരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ നൽകിയ അഭിമുഖത്തിൽ വിജയത്തിന് കാരണമായത് യു.ഡി.എഫ് അണിനിരത്തിയ സ്ഥാനാർഥിനിരയും ടീം ബിൽഡിങ്ങിന് നൽകിയ പ്രാധാന്യവുമാണെന്ന് ചൂണ്ടിക്കാട്ടി. എന്നാൽ ഇതിലെ വൈരുധ്യമെന്തെന്നാൽ, ദേശീയതലത്തിൽ കോൺഗ്രസ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഇതുതന്നെയാണ്. മോഡി-അമിത് ഷാ കൂട്ടുകെട്ടിനെ നേരിടാൻ സമാനമായ സംഘാടകശേഷിയുള്ള ഒരു രാഷ്ട്രീയ ടീം രാഹുൽ ഗാന്ധിക്ക് ഇതുവരെ പടുത്തുയർത്താൻ കഴിഞ്ഞിട്ടില്ല. 

ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ യുവമുഖങ്ങളെ മുൻനിരയിൽ കൊണ്ടുവന്നതാണ് യു.ഡി.എഫിന്റെ മറ്റൊരു നിർണായക നീക്കം. വി.ടി സൂരജ്, കെ.എം. അഭിജിത്, ഫാത്തിമ തഹ്‌ലിയ, എ.ഡി തോമസ്, പി.കെ. നവാസ്, അബിൻ വർക്കി, സുധീർ ഷാ പാലോട്, രമ്യ ഹരിദാസ്, ചാണ്ടി ഉമ്മൻ, പി.കെ ഫിറോസ്, വി.ടി ബൽറാം, വി.എസ്. ജോയ്, സന്ദീപ് വാര്യർ എന്നിവർ യു.ഡി.എഫിന്റെ യുവമുഖങ്ങളായി മാറിയപ്പോൾ എൽ.ഡി.എഫിൽ യുവപ്രാതിനിധ്യം താരതമ്യേന കുറവായിരുന്നു. ഇത് യുവജന വോട്ടർമാരുടെ മനോഭാവത്തെ വളരെയധികം സ്വാധീനിച്ചു.

കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം പത്ത് വർഷത്തിന് ശേഷം ജനങ്ങൾ അധികാരത്തിലേക്കുള്ള അവസരം നൽകിയിരിക്കുകയാണ്. ഇടതുപക്ഷത്തോടുള്ള വ്യക്തമായ വിയോജിപ്പാണ് യു.ഡി.എഫിന്റെ വിജയത്തിന് പിന്നിൽ. 

എന്നാൽ മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള വിഭാഗീയത കോൺഗ്രസിനകത്ത് ശക്തമായിരിക്കുകയാണ്. കോൺഗ്രസ് അധികാരത്തിലുള്ള എല്ലാ സംസ്ഥാനങ്ങളിലും കണ്ടുവരുന്ന ഈ വിഭാഗീയത തന്നെയാണ് കോൺഗ്രസിനെ പിന്നോട്ടടിക്കുന്ന മുഖ്യ ഘടകം. രാജസ്ഥാനിൽ  ഗെഹ്‌ലോട്ട്-പൈലറ്റ്, ഛത്തിസ്‌ഗാർഹിൽ ഭൂപേഷ് ബാഗേലും ടി.എസ് സിംഗ് ഡിയോയും, കർണാടകയിൽ സിദ്ദരാമയ്യയും ഡി.കെ ശിവകുമാറും, ഹരിയാനയിൽ  ഭൂപീന്ദർ സിംഗ് ഹുടയും കുമാരി സെൽജയും, ഗ്രൂപ്പിസം ആവർത്തിച്ച് പോരുന്നു. ഇവക്ക് പുറമെ മധ്യ പ്രദേശ്, ബീഹാർ, മഹാരാഷ്ട്ര, പഞ്ചാബ്, എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് തോൽവി ഇത്തരം വിഭാഗീയത മൂലമായിരുന്നു. 

ദേശീയ രാഷ്ട്രീയം ബി.ജെ.പി പിടിമുറുക്കുമ്പോൾ 

ബീഹാർ തെരെഞ്ഞെടുപ്പ് കഴിഞ്ഞയുടനെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ 5 സംസ്ഥാനങ്ങളിലേക്ക് വോട്ടർ പട്ടികയിലെ തീവ്രപരിഷ്കരണം (SIR) നടപ്പിലാക്കാൻ ഉത്തരവിടുന്നത്. വലിയ കോലാഹലങ്ങൾക്കിടയാക്കിയും സുപ്രീം കോടതിയിൽ കയറിയിറങ്ങിയും തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്സാം ഒഴിച്ചു നിർത്തി കേരളത്തിലും, തമിഴ് നാട്ടിലും, ബംഗാളിലും പുതുച്ചേരിയിലും ദ്രുതഗതിയിൽ പ്രക്രിയ പൂർത്തിയാക്കി. 

കേരളത്തിലും തമിഴ്നാട്ടിലും വലിയ വിവാദങ്ങൾ സൃഷ്ടിച്ചില്ലെങ്കിലും ബംഗാളിൽ 90 ലക്ഷത്തിനുമേൽ ആളുകളെ SIR മൂലം പുറത്താക്കപ്പെട്ടത് ബംഗാളിന്റെ തിരഞ്ഞെടുപ്പു ഫലത്തെ തന്നെ അട്ടിമറിക്കാൻ പോന്ന ആയുധമാണെന്ന് കരുതുന്നവർ ഏറെയാണ്. ഏകദേശം 187 മണ്ഡലങ്ങളിൽ 5,000 ത്തിലധികം വോട്ടർമാരെയാണ് പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. ഇതിൽ 119 മണ്ഡലങ്ങളിലും ബി.ജെ.പിക്കായിരുന്നു നിർണായക മുന്നേറ്റം രേഖപ്പെടുത്തിയത്.

“കുടിയേറ്റക്കാരെ പുറത്താക്കൽ” ബിഹാറിൽ പ്രധാന തെരഞ്ഞെടുപ്പ് വിഷയമാക്കിയ ബി.ജെ.പി ബംഗാളിലും അസമിലും മുസ്ലിം വിരുദ്ധ പ്രചാരണം ശക്തമാക്കി. അമിത് ഷാ തമ്പടിച്ച് കേന്ദ്ര സർക്കാരിന്റെ മുഴുവൻ സംവിധാനങ്ങളും ഉപയോഗപ്പെടുത്തി, സംസ്ഥാനത്തിന്റെ ചിഫ് സെക്രട്ടറിയെ അടക്കം മാറ്റി ബംഗാളിൻ്റെ ചരിത്രത്തിൽ ആർക്കും ലഭിക്കാത്ത ഭൂരിപക്ഷത്തിൽ 207 സീറ്റുമായി ബി.ജെ.പിയെ അധികാരത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. 

ബി.ജെ.പിക്ക് മുന്നിൽ കീഴടങ്ങാതെയിരുന്ന ഒരേയൊരു സംസ്ഥാനം, ബി.ജെ.പിയുമായി തെരുവിൽ പോരാടുന്ന ഒരേയൊരു മുഖ്യമന്ത്രി ഭരിക്കുന്ന  സംസ്ഥാനം, അങ്ങനെയുള്ള ബംഗാൾ കീഴടക്കിയതിലൂടെ ഇനി ബി.ജെ.പിയുടെ മുന്നിൽ തടസ്സമായി ആരുമില്ല. ഹിന്ദു ദേശീയത അടിസ്ഥാനപ്പെടുത്തിയുള്ള ഒരു “വിന്നിങ് മെഷീൻ” ആയി മാറി കഴിഞ്ഞിരിക്കുന്നു ബി.ജെ.പി. 

അതേസമയം, ഡി.എം.കെ-കോൺഗ്രസ് സഖ്യം തമിഴ്നാട്ടിൽ തോൽക്കുകയും തദവസരത്തിൽ ഡി.എം.കെയെ വെടിഞ്ഞ് കോൺഗ്രസ് ടി.വി.കെയുമായി സഖ്യം രൂപം കൊള്ളുന്നതും ദേശീയ രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. 

കോൺഗ്രസ് ഡി.എം.കെയുമായി 20 കൊല്ലത്തോളമുള്ള സഖ്യമാണ് അവസാനിപ്പിച്ചിരിക്കുന്നത്. കോൺഗ്രസ് ടി.വി.കെയിലേക്ക് നീങ്ങിയതിനെ ഡി.എം.കെ നേതൃത്വം “പിന്നിൽ നിന്ന് കുത്തൽ” എന്നാണ് വിശേഷിപ്പിച്ചത്. 

തമിഴ്നാട്ടിലും ഡി.എം.കെ സർക്കാരിനെ ഏതു വിധേനയും താഴെയിറക്കണമെന്ന് കച്ചകെട്ടിയ അമിത് ഷാക്ക് ടി.വി.കെ തന്നെ ഏറ്റവും വലിയ ഒറ്റ കക്ഷി ആകണമെന്നായിരുന്നു. തിരഞ്ഞെടുപ്പിന് മുൻപും ശേഷവും ബി.ജെ.പി നേതാക്കൾ വിജയ്ക്ക് എതിരെ തീക്ഷണമായ വിമർശനങ്ങൾ നടത്താതിരിക്കുന്നതും, എന്തിന്, കരൂർ ദുരന്ത ശേഷം പോലും വിജയ് ഉത്തരവാദിയല്ല എന്ന് ബി.ജെ.പി നേതാവ് അണ്ണാമലൈ അഭിപ്രായപ്പെടുന്നതും സംശയങ്ങൾ സൃഷ്ടിക്കുന്നു. ബി.ജെ.പിയുടെ ഈ  മൃദുസമീപനം തുടർന്ന് പോരുന്നതും പ്രത്യേകം ശ്രദ്ധേയമാണ്. 

ഇന്ന് കോൺഗ്രസ്സും കൂടെ ചേർന്ന് ബി.ജെ.പിയെ ശക്‌തിയുക്തം നേരിടുന്ന ഡി.എം.കെയെ താഴെ ഇറക്കിയിരിക്കുകയാണ്. കോൺഗ്രസ്–ഡി.എം.കെ ബന്ധം തകരുന്നത് ഇന്ത്യ മുന്നണിയുടെ ഭാവിയെ നേരിട്ട് ബാധിക്കാവുന്ന കാര്യവുമാണ്. ഇതിനുമുമ്പ് ആം ആദ്മി പാർട്ടി ഇന്ത്യ മുന്നണിയിൽ നിന്ന് അകന്നിരുന്നു. ഡി.എം.കെയും അതേ വഴി തിരഞ്ഞെടുത്താൽ പ്രായോഗികമായി ഇന്ത്യ മുന്നണിയുടെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടും.

അങ്ങനെ വന്നാൽ 2027 ൽ നടക്കാൻ പോകുന്ന ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിനെ അത് വലിയ തോതിൽ ബാധിക്കും. “യൂ.പി കെ ലഡ്‌കെ” എന്ന തലകെട്ടിൽ അഖിലേഷ് യാദവും രാഹുൽ ഗാന്ധിയും 2024 ലോക്സഭ തിരഞ്ഞെടുപ്പിൽ  തുടങ്ങി വെച്ച അതിശയകരമായ മുന്നേറ്റം വൃഥാവിൽ ആകുവാനും സാധ്യത ഏറെയാണ്. 

2027ലെ ജനസംഖ്യ–ജാതി സെൻസസും അതിനെ തുടർന്നുള്ള ലോക്സഭാ മണ്ഡല പുനർനിർണയവും അടുത്ത ദേശീയ രാഷ്ട്രീയ സംഘർഷങ്ങളുടെ കേന്ദ്രബിന്ദുവാകാനിരിക്കുകയാണ്. ഇതിനിടെ ടി.എം.സി, സി.പി.എം, ഡി.എം.കെ പോലുള്ള പ്രാദേശിക ശക്തികൾ ദുർബലമാകുന്നത് ബി.ജെ.പിക്ക് ഏകപാർട്ടി ആധിപത്യത്തിലേക്കുള്ള വഴി എളുപ്പമാക്കികൊടുക്കുന്നു. 

ഒരിക്കൽ ദേശീയ രാഷ്ട്രീയത്തിന്റെ തൂക്കക്കല്ലുകളായിരുന്ന പ്രാദേശിക പാർട്ടികളെ ക്രമേണ ദുർബലപ്പെടുത്തി ഉപയോഗശൂന്യമാക്കുന്ന രാഷ്ട്രീയ രീതിയിലേക്കാണ് രാജ്യം നീങ്ങുന്നത്. ബിഹാറിലെ ജെ.ഡി.യു നേരിടുന്ന അവസ്ഥയും ഇതിന് ഉത്തമ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

മുഖ്താർ ഹുസൈൻ