നവീനമായ സാങ്കേതിക വിദ്യയുടെ വികാസം അറിവ്, അധികാരം, സാമൂഹിക ഘടന എന്നിവയെ കുറിച്ചുള്ള അടിസ്ഥാന സങ്കല്പങ്ങളെ പുനർനിർമ്മിക്കുന്നുണ്ട്. ജ്ഞാനത്തെ അപഗ്രഥിക്കുന്നതിലും ഉൾകൊള്ളുന്നതിലും എ ഐ അടക്കമുള്ള സാങ്കേതിക വിദ്യകളുടെ ഉയർച്ച എങ്ങനെയാണ് അവയുടെ വിശകലന മാതൃകകളെ അട്ടിമറിച്ചത് എന്നതിനെ സംബന്ധിച്ച വിശകലനങ്ങൾ മുന്നേ എഴുതിയിരുന്നല്ലോ. അവയോട് നിർവഹിക്കപ്പെടുന്ന വിമർശനം കേവല സാങ്കേതിക വിജ്ഞാനങ്ങളിൽ പരിമിതമല്ലെന്നും അവ തത്വശാസ്ത്ര ബന്ധിതമാണ് എന്നുമുള്ള വാദമാണ് പ്രധാനമായും അതിലൂടെ ഉന്നയിക്കാൻ ശ്രമിച്ചത്. അതേസമയം പ്രസ്തുത വിമർശനം സാങ്കേതിക വികാസങ്ങളോടുള്ള നിഷേധം അല്ലെന്നും അവയെ മറ്റൊരു നിലക്ക് സമീപിക്കേണ്ടതിന്റെ അനിവാര്യതയുമാണ് ചൂണ്ടി കാണിക്കപ്പെട്ടത്. ആ നിലക്ക് ഇസ്ലാമിക ജ്ഞാനശാസ്ത്ര മാതൃകകളെ മുൻനിർത്തി ചില തുടർ സാധ്യതകൾ പരിശോധിക്കുകയാണ് ഇവിടെ.
ഇസ്ലാമിക ചിന്താധാര തികച്ചും വ്യത്യസ്തമായ ഒരു കാഴ്ചപ്പാടാണ് അറിവിനെ സംബന്ധിച്ച് മുന്നോട്ടുവെക്കുന്നത്. കേവലം കണക്കുകൾക്കും പ്രവചനങ്ങൾക്കും മുൻഗണന നൽകുന്ന ഇന്നത്തെ സാങ്കേതിക വിജ്ഞാന രീതികളിൽ നിന്ന് വ്യത്യസ്തമായി, ഇസ്ലാമിക വൈജ്ഞാനിക പാരമ്പര്യം അറിവിനെ വളരെ വിപുലമായാണ് കാണുന്നത്. വെളിപാട് (വഹ്യ്), ബുദ്ധി (അഖ്ൽ), ധാർമ്മികബോധം എന്നിവ സമന്വയിക്കുന്ന ഘടനയാണ് ഇസ്ലാമിലെ ജ്ഞാനത്തിന്റേത്. അറിവിനെ ധാർമ്മിക ഉത്തരവാദിത്തങ്ങളിൽ നിന്നോ, ഉദ്ധേശശുദ്ധിയിൽ നിന്നോ (നിയ്യത്ത്), ദൈവത്തോടുള്ള കടപ്പാടിൽ നിന്നോ വേർപെടുത്തി മനസിലാക്കുക സാധ്യമല്ല.
ജ്ഞാനത്തെ സംബന്ധിച്ച് ഭൗതികവും അഭൗതികവുമായ തലങ്ങൾ തമ്മിൽ ബന്ധിതമായ വീക്ഷണമാണ് ഇസ്ലാമിന്റേത്. അവ തന്നെയും ചില ക്രമങ്ങൾക്കും ക്രമീകരണങ്ങൾക്കും വിധേയവുമാണ്. അറിവ് നേടുന്നതുമായി ബന്ധപ്പെട്ട് പല പാഠങ്ങളും ഇസ്ലാം മുന്നോട്ട് വെക്കുന്നുണ്ടെങ്കിലും അടിസ്ഥാന സങ്കല്പങ്ങളിൽ ഒന്നായി അവതരിപ്പിക്കപ്പെടുന്നത് അല്ലാഹുവിന്റെ ഇച്ഛ പ്രകാരമാണ് ജ്ഞാനാർജനം സാധ്യമാവുന്നത് എന്നാണ്.
وَلَا يُحِيطُونَ بِشَيْءٍ مِنْ عِلْمِهِ إِلَّا بِمَا شَاءَ
(അവന്റെ അറിവിൽ നിന്ന് അവൻ ഉദ്ദേശിക്കുന്നതല്ലാതെ മറ്റൊന്നും അവർക്ക് ഉൾകൊള്ളാൻ കഴിയില്ല)
എന്ന വിശുദ്ധ ഖുർആനിന്റെ വാക്യം അറിവിനെ സംബന്ധിച്ച അതിന്റെ ഉറവിടം, ഘടന, വ്യാപ്തി എന്നിവ വ്യക്തമാക്കുന്നുണ്ട്.
മനുഷ്യന്റെ പെരുമാറ്റങ്ങളെ കേവലം വിവരങ്ങളിലൂടെയും (data), സ്ഥിതിവിവരക്കണക്കുകളിലൂടെയും (statistics) കൃത്യമായി നിർവചിക്കാം എന്ന സങ്കല്പത്തിലാണ് ഇന്നത്തെ സാങ്കേതികവിദ്യയിൽ അൽഗോരിതങ്ങൾ പ്രവർത്തിക്കുന്നതെങ്കിൽ കമ്പ്യൂട്ടറുകൾക്ക് വിശകലനം ചെയ്യാൻ കഴിയാത്ത ചില തലങ്ങൾ മനുഷ്യപ്രവൃത്തികൾക്കുണ്ടെന്ന് ഇസ്ലാമിക ചിന്ത വ്യക്തമാക്കുന്നു. ഒരു മനുഷ്യന്റെ ഉദ്ദേശശുദ്ധി (നിയ്യത്ത്), പശ്ചാത്താപം (തൗബ), ആത്മീയബോധം തുടങ്ങിയ മനുഷ്യ ജീവിതത്തിലെ നിർണായക ഘടകങ്ങളെ കേവലമായ അക്കങ്ങളിലോ ഡാറ്റയിലോ ഒതുക്കാൻ കഴിയുന്നതല്ല. ആ നിലക്ക് ഇസ്ലാമിക ജ്ഞാനശാസ്ത്ര വ്യവഹാരം ഇന്നത്തെ സാങ്കേതിക വിജ്ഞാനങ്ങളോട് എങ്ങനെയൊക്കെയാണ് സംവദിക്കുന്നത്, വിമർശനങ്ങൾ സാധ്യമാക്കുന്നത് എന്ന പരിശോധന പ്രധാനമാണ്.
അല്ലാഹു ഉദ്ദേശിക്കുന്ന അറിവ് മാത്രമേ അവൻ നൽകുന്നുള്ളൂ എന്ന ഖുർആൻ വാക്യം കേവലം ഒരു ആത്മീയ വചനം മാത്രമല്ല, മറിച്ച് അറിവിനെക്കുറിച്ചുള്ള ഇസ്ലാമിന്റെ ദാർശനിക സമീപനമാണ്. യാഥാർത്ഥ്യത്തെ ഭാഗികമായി മാത്രമേ മനുഷ്യന് ഗ്രഹിക്കാൻ കഴിയൂ. അദൃശ്യ കാര്യങ്ങൾ (ഗൈബ്), അന്തിമ കാരണങ്ങൾ, ഭാവി എന്നിവ മനുഷ്യബുദ്ധിക്കപ്പുറമാണ്. അതിനാൽ അറിവ് എന്നത് മനുഷ്യന്റെ ആധിപത്യമല്ല, മറിച്ച് ഒരു അമാനത്ത് അഥവാ സൂക്ഷിപ്പുമുതലാണ് എന്നതാണ് ഇവിടെ ഇസ്ലാം മുന്നോട്ട് വെക്കുന്നത്. ഇസ്ലാമിക വീക്ഷണത്തിൽ അറിവ് വിവരശേഖരമല്ല. പ്രപഞ്ചത്തിന്റെ ധാർമ്മിക ക്രമത്തെ തിരിച്ചറിഞ്ഞുകൊണ്ടുള്ള സത്യാന്വേഷണമാണ്. വിവരങ്ങളെ അളക്കാനും, നിരീക്ഷിക്കാനും, കമ്പ്യൂട്ടർ മോഡലുകളിലൂടെ വിശകലനം ചെയ്യാനും സാധിക്കുമെന്ന് കരുതുന്ന ആധുനിക ജ്ഞാനശാസ്ത്രത്തിൽ നിന്നും തികച്ചും വ്യത്യസ്തമാണിത്.
ഇസ്ലാമിക ജ്ഞാനശാസ്ത്രവും സ്രോതസ്സുകളും
സാങ്കേതികവിദ്യയെ ഇസ്ലാമിക വീക്ഷണകോണിലൂടെ സമീപിക്കുമ്പോൾ, അറിവിനെക്കുറിച്ചുള്ള ഇസ്ലാമിക കാഴ്ചപ്പാടിനെ പുനർനിർമ്മിക്കുക എന്നത് അത്യന്താപേക്ഷിതമാണ്. കേവലം പരീക്ഷണ നിരീക്ഷണങ്ങൾക്കോ കമ്പ്യൂട്ടേഷണൽ മോഡലുകൾക്കോ മുൻഗണന നൽകുന്ന ആധുനിക ജ്ഞാനശാസ്ത്രങ്ങളിൽ നിന്ന് വിഭിന്നമായി, ഇസ്ലാമിക ചിന്ത അറിവിനെ ആത്മീയവും ധാർമ്മികവുമായ ബാധ്യതകളുമായി ബന്ധിപ്പിക്കപ്പെട്ട ഒന്നായാണ് കാണുന്നത്.
ഇസ്ലാമിക ജ്ഞാനശാസ്ത്രത്തിന്റെ അടിസ്ഥാനം തൗഹീദാണ്. ഇതൊരു ദൈവശാസ്ത്ര സിദ്ധാന്തം മാത്രമല്ല, മറിച്ച് അറിവിനെ സംബന്ധിച്ച സുപ്രധാനമായ ഒരു കാഴ്ചപ്പാട് കൂടിയാണ്. പ്രപഞ്ചത്തിലെ സർവ്വ യാഥാർത്ഥ്യങ്ങളും ഒരേയൊരു പരമസത്യത്തിൽ നിന്ന് ഉത്ഭവിക്കുന്നതിനാൽ അറിവ് എന്നത് പരസ്പരബന്ധമില്ലാത്ത മേഖലകളായി ചിതറിക്കിടക്കുന്ന ഒന്നല്ല. ആധുനിക ചിന്തകൾ ശാസ്ത്രത്തെയും മതത്തെയും വസ്തുതയെയും മൂല്യത്തെയും വെവ്വേറെയായി കാണുമ്പോൾ, ഇസ്ലാം ഇവയെ ഒരേ സത്യത്തിന്റെ വ്യത്യസ്ത തലങ്ങളായാണ് ദർശിക്കുന്നത്. അതിനാൽ തന്നെ യുക്തിയും വെളിപാടും തമ്മിൽ മൗലികമായ വൈരുദ്ധ്യങ്ങൾ ഉണ്ടാകാൻ പാടില്ലെന്നത് ഇസ്ലാമിക ജ്ഞാനശാസ്ത്രത്തിന്റെ അടിസ്ഥാനമാണ്.
അതേസമയം തന്നെ ഇസ്ലാമിക ചിന്താധാരയിൽ അറിവിന് ശ്രേണീകൃതമായ സ്വഭാവമാണുള്ളത്. ഇസ്ലാമിക ജ്ഞാനവ്യവസ്ഥയിൽ വഹ്യ് ഏറ്റവും അപ്രമാദിത്യമുള്ള സ്രോതസായാണ് പരിഗണിക്കപ്പെടുന്നത്. മനുഷ്യന്റെ പരിമിതമായ ബുദ്ധിക്ക് അപ്രാപ്യമായ ആത്മീയ സത്യങ്ങളെയും ധാർമ്മിക നിയമങ്ങളെയും വെളിപ്പെടുത്തുന്ന ഒന്നായിട്ടാണ് വഹ്യ് ഇസ്ലാമിൽ സ്ഥാനപ്പെടുന്നത്. മനുഷ്യയുക്തിയാണ് തുടർന്ന് വരുന്നത്. വെളിപാടിനെ വ്യാഖ്യാനിക്കാനും ഭൗതിക ലോകത്തെ അപഗ്രഥിക്കാനും മനുഷ്യയുക്തി അഥവാ അഖ്ൽ അത്യന്താപേക്ഷിതമാണ്. ഭൗതികത്തിനപ്പുറമുള്ള യാഥാർത്ഥ്യങ്ങളെ സ്വതന്ത്രമായി ഗ്രഹിക്കുന്നതിൽ ബുദ്ധിക്ക് പരിമിതികളുണ്ടെന്ന് ഇമാം ഗസ്സാലിയെപ്പോലുള്ള പണ്ഡിതർ നിരീക്ഷിക്കുന്നുണ്ടെങ്കിലും അവയുടെ അനിവാര്യതയെ അദ്ദേഹം നിരാകരിക്കുന്നില്ല. എന്ന് മാത്രമല്ല മനുഷ്യനോട് ചിന്തിക്കാൻ ഖുർആൻ തന്നെയും അതിന്റെ അടിസ്ഥാന സങ്കല്പങ്ങളിൽ ഒന്നായി നിരന്തരം ആവർത്തിക്കുന്നുമുണ്ട്.
ഇബ്നു സീന, അൽ ഫറാബി തുടങ്ങിയ ചിന്തകർ ഇമാം ഗസാലിയെ പോലെത്തന്നെ ഇസ്ലാമിക ജ്ഞാനശാസ്ത്രത്തിൽ സുപ്രധാനമായ സംവാദങ്ങൾ തുറന്നിട്ടവരാണ്. ഇവർ ഗ്രീക്ക് തത്വചിന്തയെ (പ്രത്യേകിച്ച് അരിസ്റ്റോട്ടിലിന്റെയും പ്ലേറ്റോയുടെയും ആശയങ്ങൾ) ഇസ്ലാമിക ദർശനവുമായി സമന്വയിപ്പിക്കാൻ ശ്രമിച്ചവരിൽ പ്രധാനികളാണ്. വെളിപാടിലൂടെ (വഹ്യ്) ലഭിക്കുന്ന അറിവിനോടൊപ്പം, മനുഷ്യബുദ്ധിയെ സ്വതന്ത്രമായ ജ്ഞാനസ്രോതസ്സായി ഇവർ കണ്ടു. തത്വചിന്ത, ദൈവശാസ്ത്രം, ശരീഅത്ത് നിയമങ്ങൾ എന്നിവ ഒരേ യാഥാർത്ഥ്യത്തിലേക്ക് നയിക്കുന്ന വ്യത്യസ്ത വഴികളാണെന്നും പ്രപഞ്ചത്തിലെ സർവ്വ യാഥാർത്ഥ്യങ്ങളും ഏകനായ ദൈവത്തിൽ നിന്നാണ് ഉത്ഭവിക്കുന്നത് (തൗഹീദ്) എന്നതിനാൽ, യുക്തിയിലൂടെ ഗ്രഹിക്കുന്ന കാര്യങ്ങളും വെളിപാടിലൂടെ ലഭിക്കുന്ന സത്യങ്ങളും പരസ്പരം വൈരുദ്ധ്യമുള്ളതാകാൻ പാടില്ല. മനുഷ്യന് ലഭിക്കുന്ന അറിവ് കേവലം ഇന്ദ്രിയാനുഭവങ്ങളിലൂടെ മാത്രമല്ല, മറിച്ച് ‘സജീവമായ ബുദ്ധി’ (Active Intellect) എന്ന ദൈവിക സ്രോതസ്സുമായി ബന്ധപ്പെട്ടുകൊണ്ടാണ് സാധ്യമാകുന്നത് എന്നും ഇവർ വാദിച്ചു. ആധുനിക ശാസ്ത്രവും യുക്തിവാദവുമായി സംവദിക്കുന്ന ഇസ്ലാമിക ജ്ഞാനശാസ്ത്രത്തിന്റെ വികാസത്തിൽ ഇരുവരുടെയും പങ്ക് വലുതാണ്.

അറിവിനെ ഇസ്ലാം കേവലമൊരു വിവരശേഖരം എന്ന നിലക്കല്ല കാണുന്നത്. അറിവിനെ അതിന്റെ ആഴവും പ്രയോഗവും അനുസരിച്ച് ഇസ്ലാം പലതായി തരംതിരിക്കുന്നു. അറിവിന്റെ പൊതുരൂപമായ ‘ഇൽമ്’ , അനുഭവത്തിലൂടെയുള്ള ആത്മീയ തിരിച്ചറിവായ ‘മഅ്രിഫ’, അറിവിനെ കൃത്യമായി വിനിയോഗിക്കാനുള്ള വിവേകമായ ‘ഹിക്മത്ത്’, കാര്യങ്ങളുടെ ആന്തരിക പൊരുളുകൾ ഗ്രഹിക്കാനുള്ള ഉൾക്കാഴ്ചയായ ‘ഫിഖ്ഹ്’ എന്നിവ ഇതിൽ പ്രധാനമാണ്. അറിവ് എന്നത് കേവലം ബുദ്ധിശക്തി കൊണ്ടുള്ള വിദ്യയല്ല, മറിച്ച് വിവേകപൂർണ്ണമായ ജീവിതദർശനം കൂടിയാണെന്ന് ഇത് വ്യക്തമാക്കുന്നു.
ഇത്തരമൊരു അടിത്തറയിൽ നിന്ന് കൊണ്ട് അവയെ നമ്മുടെ പ്രവർത്തനത്തിലേക്കും (അമൽ) അവയിലെ സൂക്ഷ്മതയിലേക്കും (തഖ്വ) അതിലൂടെയുള്ള ഉത്തവാദിത്വത്തിലേക്കും കൂടി ഇസ്ലാമിക ജ്ഞാനശാസ്ത്രം വികസിപ്പിക്കുന്നുണ്ട്. വിജ്ഞാനവും കർമ്മവും തമ്മിലുള്ള പാരസ്പര്യം ഇസ്ലാമിക ദർശനത്തിൽ ഏറ്റവും മൗലികമാണ്. അറിവുണ്ടായിട്ടും അത് പ്രവർത്തിയിൽ കൊണ്ടുവരാത്തവർക്കെതിരെയുള്ള ഖുർആനിക വിമർശനം ശ്രദ്ധേയമാണ്.
“സത്യവിശ്വാസികളേ, നിങ്ങൾ പ്രവർത്തിക്കാത്ത കാര്യങ്ങൾ എന്തിനാണ് നിങ്ങൾ സംസാരിക്കുന്നത്?”
എന്ന ഖുർആൻ വാക്യം ധാർമിക ഉപദേശത്തോടപ്പം, വിജ്ഞാനത്തിന്റെ പൂർണ്ണതയെക്കുറിച്ചുള്ള ജ്ഞാനശാസ്ത്രപരമായ കാഴ്ചപ്പാട് കൂടിയാണ്. കർമ്മമായി പരിവർത്തിപ്പിക്കപ്പെടാത്ത അറിവ് അപൂർണ്ണവും ദോഷകരവുമാണ് എന്ന കാഴ്ചപ്പാടാണ് ഇസ്ലാം ഇവിടെ മുന്നോട്ട് വെക്കുന്നത്.
“നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക, അല്ലാഹു നിങ്ങൾക്ക് കാര്യങ്ങൾ പഠിപ്പിച്ചുതരും” എന്ന ഖുർആൻ വചനത്തിലൂടെ അറിവും തഖ്വയും തമ്മിലുള്ള ബന്ധത്തെ ഇവിടെ കൃത്യപ്പെടുത്തുന്നുണ്ട്. ജ്ഞാനശാസ്ത്രപരമായ തലത്തിൽ തഖ്വ ഒരു ഫിൽറ്റർ ആയാണ് പ്രവർത്തിക്കുന്നത്. അത് അറിവിനെ എങ്ങനെ വ്യാഖ്യാനിക്കണമെന്നും വിനിയോഗിക്കണമെന്നുമുള്ള അടിത്തറയാണ് നൽകുന്നത്. അറിവ് ഒരു അധികാരരൂപമായി മാറുന്നതിനെയും മറ്റുള്ളവരെ അടിച്ചമർത്താനുള്ള ആയുധമാകുന്നതിനെയും തടയാൻ ഇവ കാരണമാവുന്നു.
ഇവ രണ്ടിനെയും മുൻനിർത്തി ഉത്തരവാദിത്വ നിർവഹണത്തിലേക്ക് കൂടി അറിവിനെ ഇസ്ലാം വികസിപ്പിക്കുന്നുണ്ട്.
“തീർച്ചയായും കേൾവി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ഒരാൾ ചോദ്യം ചെയ്യപ്പെടുന്നതാണ്.” (ഖുർആൻ 17:36)
ആധുനിക ക്രമത്തിൽ വിജ്ഞാനം എന്നത് അധികാരവും കാര്യക്ഷമതയുമാണെങ്കിൽ, ഇസ്ലാം അതിനെ നീതി നടപ്പിലാക്കാനും തിന്മ തടയാനുമുള്ള ഉത്തരവാദിത്തമായാണ് അവതരിപ്പിക്കുന്നത്. ഇസ്ലാമിക ജ്ഞാനശാസ്ത്രം അറിവിനെ ഒരു ധാർമ്മിക വലയത്തിന് (Ethical loop) ഉള്ളിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ഇവിടെ വിജ്ഞാനം കർമ്മത്തിലേക്കും, കർമ്മം തഖ്വയിലേക്കും, തഖ്വ അന്തിമമായ ഉത്തരവാദിത്ത ബോധത്തിലേക്കും വികസിക്കുന്നു. ഇന്നത്തെ സാങ്കേതിക വിദ്യകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസും വിജ്ഞാനത്തെ മൂല്യനിഷ്പക്ഷമായാണ് (Value-neutral) സമീപിക്കുന്നത്. ധാർമ്മികമായ ഉത്തരവാദിത്തത്തിനോ ആത്മീയ പരിവർത്തനത്തിനോ ഇവിടെ പ്രസക്തി നഷ്ടപ്പെടുന്നു. അതേസമയം ഇസ്ലാം അതിനെ അറിവിന്റെ ഉറവിടവും മനുഷ്യനും തമ്മിലുള്ള ധാർമ്മിക ഉടമ്പടിയായി മാറ്റുന്നു.
‘അൽ-ഗൈബ്’ ഉം സാങ്കേതികവിദ്യയുടെ പരിമിതികളും
വിജ്ഞാനത്തെക്കുറിച്ചുള്ള ഇസ്ലാമിക കാഴ്ചപ്പാടിലെ ഏറ്റവും സുപ്രധാനമായ സങ്കല്പങ്ങളിലൊന്നാണ് ‘അൽ-ഗൈബ്’ അഥവാ അദൃശ്യകാര്യങ്ങൾ. വിജ്ഞാന സമ്പാദനത്തിൽ മനുഷ്യനുള്ള പരിധികളെയാണ് ഈ സങ്കല്പം യഥാർത്ഥത്തിൽ വ്യക്തമാക്കുന്നത്. “അദൃശ്യ കാര്യങ്ങളിൽ വിശ്വസിക്കുന്നവർ” (2:3) എന്ന വിശേഷണത്തിലൂടെ വിശ്വാസികളെ ഖുർആൻ പരിചയപ്പെടുത്തുന്നത് കേവലമൊരു വിശ്വാസപ്രമാണമെന്ന നിലയിലല്ല. മറിച്ച് അറിവിനെ സമീപിക്കേണ്ട ജ്ഞാനശാസ്ത്രപരമായ രീതിയെ മുൻനിർത്തിയാണ്. പ്രപഞ്ചത്തിലെ എല്ലാ യാഥാർത്ഥ്യങ്ങളും മനുഷ്യന്റെ നിരീക്ഷണങ്ങൾക്കോ ചിന്തകൾക്കോ പൂർണ്ണമായും വഴങ്ങുന്നതല്ല എന്ന സങ്കല്പത്തെയാണ് ഇത് അടിവരയിടുന്നത്. ഭാവിയെക്കുറിച്ചുള്ള അറിവ്, മനുഷ്യന്റെ ആന്തരികാവസ്ഥകൾ, അഭൗതിക യാഥാർത്ഥ്യങ്ങൾ തുടങ്ങിയ പലതരം ഘടകങ്ങൾ അടങ്ങിയതായാണ് അദൃശ്യജ്ഞാനം. അദൃശ്യജ്ഞാനം മുന്നോട്ടുവെക്കുന്ന പരിധികൾ ഡാറ്റയുടെ കുറവോ സാങ്കേതികവിദ്യയുടെ പരിമിതിയോ മൂലമുണ്ടാകുന്നതല്ല. മറിച്ച്, അവ പ്രപഞ്ചത്തിന്റെ ഘടനയിൽ തന്നെ അന്തർലീനമായിട്ടുള്ള ‘അസ്തിത്വപരമായ പരിധികളാണ്’ (Ontological Limits). മികച്ച ഉപകരണങ്ങൾ ഉണ്ടെങ്കിൽ മറികടക്കാവുന്ന സാങ്കേതിക പരിമിതികളിൽ നിന്ന് വ്യത്യസ്തമായി, എത്ര വലിയ സൂപ്പർ കമ്പ്യൂട്ടറുകൾ വന്നാലും മനുഷ്യന് പ്രാപിക്കാനാവാത്ത വിജ്ഞാന മേഖലകൾ പ്രപഞ്ചത്തിലുണ്ടെന്നാണ് ഇസ്ലാമിക കാഴ്ചപ്പാട്.
ഇന്നത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങൾ പ്രവർത്തിക്കുന്നത് ‘ഡാറ്റ ലഭിച്ചാൽ ഏത് അനിശ്ചിതത്വത്തെയും ഇല്ലാതാക്കാം’ എന്ന ധാരണയിലാണ്. എന്നാൽ ഇസ്ലാമിക വീക്ഷണത്തിൽ ചില അനിശ്ചിതത്വങ്ങൾ പ്രപഞ്ചത്തിന്റെ സ്ഥിരമായ സവിശേഷതയാണ്. AI അനിശ്ചിതത്വങ്ങളെ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുമ്പോൾ, ആ അനിശ്ചിതത്വങ്ങൾക്കിടയിൽ എങ്ങനെ ധാർമ്മികമായി ജീവിക്കണമെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. മനുഷ്യന്റെ ആത്മാവിനെയോ ഉദ്ദേശ്യങ്ങളെയോ കേവലം അൽഗോരിതങ്ങളിലൂടെ പൂർണ്ണമായും വിശകലനം ചെയ്യാനാവില്ല എന്നാണ് ഇസ്ലാം മുന്നോട്ട് വെക്കുന്നത്.
ഖുർആനിക നരവംശശാസ്ത്രം: മനുഷ്യൻ എന്ന ധാർമിക ജീവി
ഇസ്ലാമിക ജ്ഞാനശാസ്ത്രത്തിന്റെ കേന്ദ്രബിന്ദു മനുഷ്യനെക്കുറിച്ചുള്ള സവിശേഷമായ കാഴ്ചപ്പാടാണ്. മനുഷ്യനെ കേവലം ജൈവികമോ സ്വഭാവപരമോ ആയ ഒരു ഘടകമായിട്ടല്ല ഇസ്ലാം ദർശിക്കുന്നത്. മറിച്ച്, ഖുർആനിക വീക്ഷണത്തിൽ മനുഷ്യൻ ഒരേസമയം ഒരു സൃഷ്ടിയും (مخلوق), ധാർമ്മിക ഉത്തരവാദിത്തമുള്ളയാളും (مُكَلَّف), ഭൂമിയിലെ ദൈവത്തിന്റെ പ്രതിനിധിയുമാണ് (خليفة). അഥവാ ഇന്നത്തെ ആധുനിക ജ്ഞാനശാസ്ത്ര വ്യവഹാരവും വിവര സാങ്കേതിക വിജ്ഞാനവും സങ്കല്പിക്കുന്നതിനേക്കാൾ ആഴത്തിലുള്ള അർത്ഥതലങ്ങൾ മനുഷ്യജീവിതത്തിന് ഇസ്ലാം നൽകുന്നുണ്ട്.
ലോകക്രമത്തിന്റെയും പ്രകൃതിയുടെയും സംരക്ഷണം, ധാർമ്മികമായ തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ്, നീതി നടപ്പിലാക്കൽ എന്നിവയാണ് അല്ലാഹുവിന്റെ പ്രതിനിധിയായി നിയോഗിക്കുന്നതിലൂടെ മനുഷ്യനിൽ വന്ന് ചേരുന്നത്. പ്രസ്തുത വ്യവസ്ഥ ഒരു തിരഞ്ഞെടുപ്പ് ആയിട്ടാണ് മനുഷ്യന് മുന്നിൽ ഇസ്ലാം വെക്കുന്നത്.
സത്യത്തെ തിരിച്ചറിയാനും നന്മയോട് ആഭിമുഖ്യം പുലർത്താനുമുള്ള ഒരു സഹജവാസന ഓരോ മനുഷ്യനിലും അന്തർലീനമാണെന്ന് കൂടി ഖുർആൻ പറയുന്നുണ്ട്. ഫിത്റ എന്ന വാക്കാണ് ഖുർആൻ ഇവിടെ ഉപയോഗിക്കുന്നത്. സാഹചര്യങ്ങൾക്കോ ഡാറ്റക്കോ മാത്രം രൂപപ്പെടുത്താൻ കഴിയുന്ന ഒന്നല്ല മനുഷ്യൻ. മറിച്ച് അവനിൽ തന്നെ ഒരു ധാർമ്മിക ബോധം കുടികൊള്ളുന്നുണ്ട് എന്നതാണ് അതിന്റെ കാതൽ. ധാർമികതയെ സംബന്ധിച്ച വിശദമായ സംവാദങ്ങളിലേക്ക് ഇത് നമ്മളെ നയിക്കുന്നുണ്ട്.
1970 കളിൽ നടന്ന പ്രസിദ്ധമായ നോം ചോംസ്കി – മിഷേൽ ഫൂക്കോ സംവാദം, ധാർമികതയെ സംബന്ധിച്ചുള്ള ചില സുപ്രധാന വാദങ്ങൾ മുന്നോട്ട് വെക്കുന്നുണ്ട്. ധാർമ്മിക ആപേക്ഷികവാദിയും (moral relativist) ധാർമ്മിക യാഥാർത്ഥ്യവാദിയുമായാണ് (moral realist) യഥാക്രമം ഫൂക്കോയും ചോംസ്കിയും പ്രസ്തുത സംവാദത്തിൽ തങ്ങളുടെ വാദമുഖങ്ങൾ മുന്നോട്ട് വെക്കുന്നത്. അധികാര ബന്ധങ്ങളുടെയും നിലനിൽക്കുന്ന സാമൂഹിക ക്രമത്തിന്റെയും ഉള്ളിൽ രൂപപ്പെടുന്ന ഒന്നാണ് ധാർമികത എന്നും അവക്ക് ആ നിലക്ക് ആപേക്ഷികമായ അർത്ഥതലങ്ങൾ മാത്രമേയുള്ളു എന്നുമാണ് ഫൂക്കോയുടെ വാദത്തിന്റെ കോർ. സാർവത്രികവും ജൈവശാസ്ത്രപരവുമായ മനുഷ്യ പ്രകൃതം നിലനിൽക്കുന്നുവെന്നും മനുഷ്യന്റെ ബൗദ്ധികവും ധാർമ്മികവുമായ ഘടനകൾ കേവലം സാമൂഹിക നിർമ്മിതികളല്ല, മറിച്ച് അന്തർലീനമായ കഴിവുകളാണെന്നും അവ നീതിയുടെ അടിത്തറയായി വർത്തിക്കുന്നു എന്ന് ചോംസ്കിയും വാദിച്ചു. സാർവത്രിക ധാർമ്മിക തത്വങ്ങളുടെ അപൂർണമായ ആവിഷ്ക്കാരമാണ് നിയമം. വിശാലാർത്ഥത്തിൽ, നിലനിൽക്കുന്ന നിയമം ചില മാനുഷിക മൂല്യങ്ങളെ ഒരു പരിധിവരെ പ്രതിനിധീകരിക്കുന്നുണ്ട്. വർഗ്ഗസമരത്തിൽ നമ്മൾ പക്ഷം ചേരുന്നത് ആരുടെ ഭാഗത്താണ് നീതി എന്ന് നോക്കിയാണ് എന്നുള്ള ചോംസ്കിയുടെ വാദത്തോട് മാർക്സിസത്തെ തന്നെ അവലംബിച്ചുകൊണ്ട് ഫൂക്കോ പ്രതികരിക്കുന്നത്, ഭരണവർഗത്തിനെതിരായ സമരം നീതിയാണ് എന്നത് കൊണ്ട് മാത്രം തൊഴിലാളി വർഗം അതിനോട് യുദ്ധം നടത്തില്ലെന്നും മറിച്ച് അധികാരം പിടിച്ചെടുക്കാൻ കഴിയുന്ന സന്ദർഭത്തിൽ മാത്രമാണ് ഭരണവർഗത്തോട് തൊഴിലാളി വർഗം യുദ്ധം നയിക്കുക എന്നുമാണ്. അഥവാ നീതി എന്ന ആശയം തന്നെയും അധികാരം നേടുന്നതിനോ പ്രയോഗിക്കുന്നതിനോ ഉള്ള ഉപാധിയാണ് എന്ന് ചുരുക്കം.

മനുഷ്യനെ മുൻനിർത്തി സമൂഹത്തെ കാണാൻ ചോംസ്കി ശ്രമിക്കുമ്പോൾ, സമൂഹത്തിൽ നിന്ന് മനുഷ്യനെ കാണാനാണ് ഫൂക്കോ ശ്രമിച്ചത്. ചോംസ്കി വാദിക്കുന്നത് പോലെ മനുഷ്യന് സഹജമായ പ്രകൃതവും നീതി ബോധവും ഉണ്ടെങ്കിൽ തന്നെ അത് മനുഷ്യന്റെ സ്വാർത്ഥ ബോധത്തിന് പുറത്ത് സംഭവിക്കുന്ന ഒന്നല്ല. അതിനാൽ തന്നെ അവയെ അധികാര താൽപര്യത്തിൽ നിന്നും അധീശ ക്രമത്തിൽ നിന്നും വിച്ഛേദിക്കുകയും സാധ്യമല്ല. ഇസ്ലാം മുന്നോട്ട് വെക്കുന്ന അതിന്റെ ദാർശനിക തലം പ്രസക്തമാവുന്നത് ഇവിടെയാണ്. മനുഷ്യന് മുകളിൽ നിലനിൽക്കുന്ന ദർശന ഉള്ളടക്കങ്ങൾക്ക് മാത്രമേ സഹജമായ മനുഷ്യ പ്രകൃതത്തിൽ നിന്ന് നീതിയുക്തമായ ലോകക്രമത്തിലേക്ക് മനുഷ്യ സമൂഹത്തെ പരിവർത്തിപ്പിക്കാൻ സാധിക്കുകയുള്ളു. കേവല ഭൗതികമായ ഏതൊരു പ്രത്യശാസ്ത്രത്തിന്റെയും ഉള്ളടക്കങ്ങളിൽ ഫൂക്കോ വാദിക്കുന്നത് പോലെ അധികാരത്തിന്റെ താല്പര്യങ്ങൾ പ്രകടമാണ്.
ചോംസ്കി – ഫൂക്കോ സംവാദം സംഗ്രഹിച്ചു കൊണ്ട് ഗ്രന്ഥകാരനും ചിന്തകനുമായ ടി.പി മുഹമ്മദ് ഷമീം എഴുതുന്നു: “പ്രതിബദ്ധതയും നൈതികബോധവുമൊക്കെ ദൈവികമൂല്യങ്ങളാണ് എന്നതുകൊണ്ടു തന്നെ ദൈവികമായ അടിത്തറമേൽ മാത്രമേ ഇവ നിലനിൽക്കുകയും വളരുകയുമുള്ളു എന്നതാണ് സത്യം. ഈ അടിത്തറയുടെ അഭാവത്തിൽ സഹജധാർമികതക്ക് നിലനിൽപൊന്നുമില്ല. കേവലഭൗതികചിന്തകൾ ഭൗതികതയെയും അതുവഴി സ്വാർത്ഥതയെയും നിഷേധാത്മകമായി ഉദ്ദീപിപ്പിക്കുകയും ചെയ്യും. ആ അർത്ഥത്തിൽ ചിന്തിക്കുമ്പോൾ, കേവലഭൗതികവാദ പരിപ്രേക്ഷ്യത്തിൽ ധാർമികതയെസ്സംബന്ധിച്ച യഥാതഥവാദം അർത്ഥശൂന്യമാണെന്ന നിലപാട് തന്നെയാണ് യുക്തിഭദ്രമാവുക. പ്രതിബദ്ധതയും മൂല്യങ്ങളുമൊന്നും ഭൗതികതയുടെ പ്രതലത്തിൽ വളർച്ച പ്രാപിക്കില്ല എന്നർത്ഥം. അതിനാൽ നൈസർഗികമായ സാന്മാർഗിക, മൂല്യ ബോധങ്ങൾ, സഹജമായ പ്രതിബദ്ധത തുടങ്ങിയവ അംഗീകരിക്കപ്പെടണമെങ്കിൽ, അതിൻ്റെ യുക്തി സ്ഥാപിക്കപ്പെടണമെങ്കിൽ, അത് ദൈവികമായ ഒരു ബോധത്തിലും പ്രതലത്തിലും മാത്രമേ സാധിക്കുകയുള്ളൂ എന്ന ചിന്തയും പ്രസക്തമാണെന്ന് തോന്നുന്നു” (വാക് ത്തലപ്പ്).
ദൈവത്തിന്റെ പ്രാധിനിത്യത്തിൽ നിന്ന് ഉത്തരവാദിത്വമുള്ള മനുഷ്യ സമൂഹത്തെ നിർമിക്കുന്നത് പോലെ ആന്തരികമായി മനുഷ്യനെ രൂപപ്പെടുത്തുന്ന ഒന്നായിട്ടാണ് ധാർമികാവബോധത്തെ ഖുർആൻ പരിചയപ്പെടുത്തുന്നത്. മനുഷ്യന്റെ സഹജാവബോധത്തെ ഫിത്റ എന്ന ആശയം കൊണ്ട് ഖുർആൻ അഭിസംബോധന ചെയ്യുന്നുണ്ട്. ധാർമ്മികാവബോധം എന്നത് വെറുമൊരു സാമൂഹിക നിർമ്മിതിയോ പുറത്തുനിന്ന് അടിച്ചേല്പിക്കപ്പെടുന്ന ഒന്നോ അല്ല, മറിച്ച് മനുഷ്യന്റെ അസ്തിത്വത്തിൽ തന്നെ ഉൾച്ചേർന്ന ഒന്നാണ്. മനുഷ്യന്റെ ആന്തരിക ഭാവങ്ങളെ കുറിച്ചുള്ള ചർച്ചകളിൽ നഫ്സ് എന്ന സംജ്ഞ ഖുർആൻ പ്രയോഗിക്കുന്നത് കാണാം. നഫ്സ് എന്ന ഖുർആനിക അഭിസംബോധന ഫിത്റയിലേക്ക് ചേർത്ത് വായിക്കാൻ സാധിക്കുന്ന മനുഷ്യന്റെ ഈ സ്വത്വത്തെ കുറിച്ചാണ്. എന്നാൽ ഈ പ്രകൃതം നിശ്ചലമായതുമല്ല. നിരന്തരം പരീക്ഷിക്കപ്പെടുകയും പരിവർത്തിക്കപ്പെടുകയും ചെയ്യുന്ന ഉള്ളടക്കം മനുഷ്യ പ്രകൃതത്തിന് ഉണ്ട്. തിന്മയിലേക്ക് സഞ്ചരിക്കാനുള്ള താല്പര്യവും, തെറ്റുകളിൽ ഖേദിക്കുന്നതുമായ നഫ്സിനെ കുറിച്ച് ഖുർആൻ പല സന്ദർഭങ്ങളിൽ സംസാരിക്കുന്നുണ്ട്.
ചുരുക്കത്തിൽ, ധാർമികാവബോധത്തിൽ (ഫിത്റ) നിന്നുകൊണ്ട് സ്വന്തത്തെ (നഫ്സ്) നിരന്തരം പരിഷ്കരിക്കാൻ ആവശ്യപ്പെടുന്ന, അവിടെ മനുഷ്യനെ ദൈവത്തിന്റെ പ്രതിനിധിയായി സ്ഥാപിച്ചും അതിലൂടെ ഉത്തരവാദിത്വബോധമുള്ളവനാക്കിയും, ലളിതവൽക്കരിക്കാനാവാത്ത ഒരു നരവംശശാസ്ത്രമാണ് ഖുർആൻ മുന്നോട്ടുവെക്കുന്നത്. ഇതിൽ മനുഷ്യൻ എന്നത് ആന്തരികതയുള്ളവനും, ധാർമ്മികമായി പ്രതികരിക്കുന്നവനും, മാറ്റങ്ങൾക്ക് വിധേയനാകാൻ ശേഷിയുള്ളവനുമായ ഒരു സത്തയാണ്. അവന്റെ അറിവ് എന്നത് കേവലം ബുദ്ധിശക്തിയെ മാത്രം ആശ്രയിച്ചല്ല, മറിച്ച് അവന്റെ ആത്മീയമായ ഉള്ളടക്കത്തെ കൂടി ആശ്രയിച്ചാണ് നിലകൊള്ളുന്നത് എന്ന ആഴമുള്ളതും സങ്കീർണവുമായ കാഴ്ചപ്പാടാണ് ഇസ്ലാം മുന്നോട്ട് വെക്കുന്നത്.
ഇസ്ലാമിക നിയമമീമാംസയും അൽഗോരിതവും
ആധുനികപൂർവ്വ ബൗദ്ധിക ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ ധാർമ്മികവും നൈതികവുമായ പാരമ്പര്യങ്ങളിൽ ഒന്നാണ് ഇസ്ലാമിക നിയമമീമാംസ അഥവാ ഫിഖ്ഹ്. പ്രമാണങ്ങളുടെ ആധികാരികതയും കാലികമായ വ്യാഖ്യാനവും സമാസമം ചേർന്ന ഉള്ളടക്കമാണ് ഇസ്ലാമിക കർമശാസ്ത്രത്തിന്റേത്. മാറുന്ന കാലങ്ങൾക്ക് അനുസരിച്ച് ഖുർആനിനെയും സുന്നത്തിന്റെയും മുൻനിർത്തി ഗവേഷണത്തിലൂടെ ഇസ്ലാമിക കര്മശാസ്ത്ര വ്യവഹാരത്തെ മുന്നോട്ട് കൊണ്ടുപോവുന്നതിൽ വ്യവസ്ഥാപിതവും കർക്കശവുമായ രീതിശാസ്ത്രം ഇസ്ലാമിനുണ്ട്.
ഇജ്തിഹാദ് അഥവാ ഗവേഷണം ഇവയിൽ സുപ്രധാന അടരുകളിൽ ഒന്നാണ്. ഇജ്മാഅ്, ഖിയാസ് അടക്കമുള്ള പ്രമാണ സ്വഭാവമുള്ള സങ്കേതങ്ങളെ ചലിപ്പിക്കുന്നതിൽ ഇജ്തിഹാദി ശ്രമങ്ങൾ നിർണായക പങ്കാണ് വഹിക്കുന്നത്. യാന്ത്രികമായി പ്രവർത്തിപ്പിക്കുന്ന യുക്തിയിൽ നിന്ന് മാറി ഇസ്ലാമിലെ നിയമ വ്യവഹാരങ്ങളുടെ വികാസം മനുഷ്യന്റെ/സമൂഹത്തിന്റെ സങ്കീർണതകളെ അഭിസംബോധന ചെയ്യുംവിധമാണ് ഇസ്ലാമിലെ ഇത്തരം സംജ്ഞകൾ നിലകൊള്ളുന്നത്.
മഖാസ്വിദുശ്ശരീഅയിലൂടെ ഈ വ്യാഖ്യാനശാസ്ത്രം കൂടുതൽ വ്യവസ്ഥാപിതമായി മാറുന്നുമുണ്ട്. മതം, ജീവൻ, ബുദ്ധി, വംശം, സമ്പത്ത് എന്നിവയുടെ സംരക്ഷണത്തെ ശരിഅത്തിന്റെ ആത്യന്തിക ലക്ഷ്യമായി ഇസ്ലാം സങ്കൽപ്പിക്കുന്നു. ഓരോ നിയമത്തെയും അതിന്റെ ധാർമ്മിക പരിണതഫലങ്ങളുടെയും സാമൂഹിക ആഘാതങ്ങളുടെയും അടിസ്ഥാനത്തിൽ വിലയിരുത്താനുള്ള ഒരു രീതിശാസ്ത്രമാണ് മഖാസ്വിദുശ്ശരീഅ വിഭാവന ചെയ്യുന്നത്. ഇസ്ലാമിക നിയമവിചാരത്തിന്റെ ഏറ്റവും വലിയ സവിശേഷത അത് സാഹചര്യങ്ങളോട് സൂക്ഷ്മമായി സംവദിച്ചും ധാർമികതയെ സവിശേഷമായി പരിഗണിച്ചുമാണ് നിലനിൽക്കുന്നത് എന്നതാണ്. ഒരാളുടെ ഉദ്ദേശ്യം (നിയ്യത്ത്), സാഹചര്യം (ഹാൽ), പൊതുനന്മ (മസ്ലഹ) എന്നിവയെ മുൻനിർത്തി ഒരേ പ്രവൃത്തിയിൽ തന്നെ വ്യത്യസ്തമായ വിധിനിർണ്ണയങ്ങൾ ഉണ്ടാവാം എന്നൊരു തലവും അതിനുണ്ട്. മസ്ലഹ അഥവാ പൊതുജനക്ഷേമത്തെ നിയമയുക്തിയുടെ ഭാഗമാക്കുന്നത്, യാഥാർത്ഥ്യങ്ങളിൽ നിന്ന് വേർപെട്ട കർക്കശമായ നിയമപ്രയോഗം അനീതിക്ക് കാരണമായേക്കാം എന്ന ബോധ്യത്തിൽ നിന്നാണ്. ഇതിലൂടെ ഫിഖ്ഹ് എന്നത് കേവലമായ യാന്ത്രിക നിയമപാലന പ്രക്രിയയിൽ നിന്ന് മാറി മനുഷ്യ ജീവിതത്തെ അതിന്റെ പൂർണതയിലും സങ്കീര്ണതയിലും കാണാനുള്ള ശേഷി അതിന്റെ ഘടനക്ക് നൽകുന്നു.
അതേസമയം സമകാലികമായ അൽഗോരിതമിക് ഭരണസംവിധാനങ്ങൾ (Algorithmic Governance) തികച്ചും വിരുദ്ധമായ ഒരു യുക്തിയിലാണ് പ്രവർത്തിക്കുന്നത്. വലിയ ഡാറ്റയെ അടിസ്ഥാനമാക്കി എല്ലാവർക്കും ഏകരൂപത്തിലുള്ള ഫലങ്ങൾ നൽകുന്ന കമ്പ്യൂട്ടേഷണൽ മോഡലുകളാണ് ഇവ പിന്തുടരുന്നത്. ഇത് ഭരണപരമായ കാര്യക്ഷമത വർദ്ധിപ്പിക്കുമെങ്കിലും, സങ്കീർണ്ണമായ മനുഷ്യസാഹചര്യങ്ങളെ കേവലം അളക്കാവുന്ന ഒന്നായി കാണുന്നതിലൂടെ വ്യക്തികളെ അവരുടെ സാഹചര്യങ്ങളിൽ നിന്ന് ഇത് അടർത്തിമാറ്റുന്നു. മനുഷ്യസഹജമായ ഉദ്ദേശ്യശുദ്ധിയോ, ധാർമ്മികമായ സംഘർഷങ്ങളോ, പരിവർത്തനത്തിനുള്ള സാധ്യതകളോ തിരിച്ചറിയാൻ ഈ യന്ത്രവ്യവസ്ഥയ്ക്ക് കഴിയില്ല. ഒരു പണ്ഡിതൻ ഇജ്തിഹാദിലൂടെ നടത്തുന്ന വിവേചനബുദ്ധിയോ ആലോചനയോ അൽഗോരിതങ്ങൾക്കില്ല. പകരം, സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ മുൻകൂട്ടി നിശ്ചയിച്ച ചില നിയമങ്ങൾ പ്രയോഗിക്കുക മാത്രമാണ് അവ ചെയ്യുന്നത്. ഇവിടെ സാങ്കേതിക ജ്ഞാനങ്ങളും ഇസ്ലാമിക ചിന്തയും തമ്മിലെ സംഘർഷം കേവലം പ്രായോഗികമല്ല, മറിച്ച് ജ്ഞാനശാസ്ത്രപരമാണ്. നീതി എന്നത് സവിശേഷമായ, ഓരോ സാഹചര്യവുമായുള്ള വ്യാഖ്യാനാത്മക ഇടപെടലിലൂടെ മാത്രമേ സാധ്യമാകൂ എന്നാണ് ഇസ്ലാമിക ചിന്ത കരുതുന്നത്. എന്നാൽ എല്ലാവരിലും ഒരേപോലെ അടിച്ചേൽപ്പിക്കുന്ന സാർവത്രിക മോഡലുകളിലൂടെ നീതി ഉറപ്പാക്കാമെന്നാണ് അൽഗോരിതമിക് സംവിധാനങ്ങൾ വിശ്വസിക്കുന്നത്. ഫിഖ്ഹ് വൈവിധ്യങ്ങളെ ഒരു ധാർമ്മിക അനിവാര്യതയായി കാണുമ്പോൾ, അൽഗോരിതങ്ങൾ അവയെ അവഗണിക്കുന്നു. ഇതിലൂടെ വിവേചനബുദ്ധി ആവശ്യമായ മേഖലകളിൽ ഇത്തരം യന്ത്രസംവിധാനങ്ങളെ അമിതമായി ആശ്രയിക്കുന്നത് ഇസ്ലാമിക നിയമമീമാംസ മുന്നോട്ടുവെക്കുന്ന സാഹചര്യബോധം, ധാർമ്മികത, ഉത്തരവാദിത്തബോധം തുടങ്ങിയ അടിസ്ഥാന മൂല്യങ്ങളെ തന്നെ ഇല്ലാതാക്കാൻ കാരണമാകും. എന്ന് മാത്രമല്ല ഇസ്ലാമിക ചിന്ത അഭിമുഖീകരിക്കുന്ന ജീവിത യാഥാർഥ്യങ്ങളുടെ അനവധി തലങ്ങളെ ഇവ സ്പർശിക്കുന്നു കൂടി ഇല്ല എന്നും കാണേണ്ടതാണ്.
ഇസ്ലാമിന്റെ സാങ്കേതിക തത്വശാസ്ത്രം
സാങ്കേതികവിദ്യ എന്നത് വെറുമൊരു നിഷ്പക്ഷ ഉപകരണമാണെന്നും അതിന്റെ ഉപയോഗത്തിനനുസരിച്ചാണ് ധാർമ്മികത നിശ്ചയിക്കപ്പെടുന്നതെന്നുമുള്ള ധാരണയെ തിരസ്കരിച്ചുകൊണ്ട് മാത്രമേ ഒരു ഇസ്ലാമിക സാങ്കേതിക തത്വശാസ്ത്രത്തിന് രൂപം നൽകാനാവൂ. ഇസ്ലാമിക ജ്ഞാനശാസ്ത്രമനുസരിച്ച്, സാങ്കേതിക സംവിധാനങ്ങൾ കേവലം ഉപകരണങ്ങളല്ല. മറിച്ച് അറിവ്, അധികാരം, മനുഷ്യൻ എന്നിവയെക്കുറിച്ചുള്ള സവിശേഷമായ സങ്കല്പങ്ങളെ ഉൾക്കൊള്ളുന്നവയാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ആധുനിക സാങ്കേതിക വിദ്യകൾ, പ്രത്യേകിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ളവ, ലോകത്തെ ഡാറ്റകളിലൂടെയും കണക്കുകൂട്ടലുകളിലൂടെയും പൂർണ്ണമായി അളക്കാനും നിയന്ത്രിക്കാനും ശ്രമിക്കുന്ന വിപുലമായ ഒരു യുക്തിയിലാണ് പ്രവർത്തിക്കുന്നത്. അനിശ്ചിതത്വങ്ങളെ അവഗണിക്കേണ്ടുന്ന പിഴവുകളായി കാണുകയും, പ്രവചനക്ഷമതയെ അറിവായി കണക്കാക്കുകയും ചെയ്യുന്ന സമീപനമാണ് ഇവിടെ സ്വീകരിക്കപ്പെടുന്നത്. എന്നാൽ ഇസ്ലാമിക വിഭാവന അനുസരിച്ച് എല്ലാ അറിവുകളും അതിന്റെ ക്രമങ്ങളിൽ മഖ്സദുകളെയും, ജ്ഞാനത്തിന്റെ പരിധികളെയും, ഉത്തരവാദിത്വങ്ങളെയും മാനിക്കാൻ നിഷ്കർഷിക്കുന്നുണ്ട്.
ഇസ്ലാമിക ദർശനങ്ങളുടെ പ്രധാന അടിത്തറകളിൽ ഒന്ന്, സാങ്കേതിക നേട്ടത്തേക്കാൾ ധാർമ്മികതയ്ക്ക് നൽകുന്ന മുൻഗണനയാണ്. ഒരു സാങ്കേതിക വിദ്യയെ അതിന്റെ പ്രവർത്തനക്ഷമതയോ ലാഭമോ മാത്രം നോക്കി വിലയിരുത്താനാവില്ല. മറിച്ച്, മഖാസിദുകളെ മുൻനിർത്തിവേണം അവയെ ക്രമപ്പെടുത്താൻ. സാങ്കേതികവിദ്യ മനുഷ്യന്റെ ചിന്തയെയും പ്രവൃത്തിയെയും സ്വാധീനിക്കുന്ന ധാർമ്മിക രൂപീകരണത്തിന്റെ ഇടം കൂടിയാണ് എന്ന സങ്കല്പമാണ് അത് മുന്നോട്ട് വെക്കുന്നത്.
രണ്ടാമതായി, അദൃശ്യവും (ഗൈബ്) ദൃശ്യവുമായ ലോകയാഥാർഥ്യങ്ങൾ തമ്മിലെ വ്യത്യാസത്തെ ഉൾക്കൊള്ളുക എന്നതാണ്. മനുഷ്യജീവിതത്തിലെ എല്ലാ തലങ്ങളെയും ഡാറ്റകളിലൂടെ പിടിച്ചെടുക്കാമെന്ന് ആധുനിക സാങ്കേതികവിദ്യ വാദിക്കുന്നു. എന്നാൽ ഇസ്ലാമിക ജ്ഞാനശാസ്ത്രപ്രകാരം, മനുഷ്യന്റെ നിയ്യത്ത്, ഇഖ്ലാസ്, തൗബ തുടങ്ങിയവ അളക്കാനോ കണക്കാക്കാനോ കഴിയാത്തവയാണ്. ഇത്തരം മണ്ഡലങ്ങളെ സാങ്കേതികവിദ്യയുടെ ഗണിതയുക്തിക്ക് കീഴിൽ കൊണ്ടുവരാനാവില്ലെന്ന നിലപാട് ഇസ്ലാമിക ദർശനം മുന്നോട്ട് വെക്കുന്നു. ഫലത്തിൽ മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളെയും സാങ്കേതികവൽക്കരിക്കാനുള്ള ശ്രമത്തെ ആ അർത്ഥത്തിൽ ഇസ്ലാമിക ദർശനം നിരാകരിക്കുന്നുണ്ട്.

മനുഷ്യന്റെ കർമ്മപരമായ ഉത്തരവാദിത്തം സംരക്ഷിക്കുക എന്നതാണ് മൂന്നാമത്തെ തത്ത്വം. ഇസ്ലാമിക വീക്ഷണത്തിൽ മനുഷ്യൻ തന്റെ ഓരോ പ്രവൃത്തിക്കും ദൈവത്തിന് മുൻപിൽ മറുപടി നൽകാൻ ബാധ്യസ്ഥനാണ്. തീരുമാനങ്ങൾ എടുക്കുന്നത് അൽഗോരിതങ്ങൾക്ക് വിട്ടുകൊടുക്കുമ്പോൾ, ഈ ഉത്തരവാദിത്തബോധം ഇല്ലാതാകുകയും മനുഷ്യന്റെ ധാർമ്മിക വിവേചനബുദ്ധി യന്ത്രവൽക്കരിക്കപ്പെടുകയും ചെയ്യുന്നു. നീതിനിർവ്വഹണം, സാമൂഹിക ക്ഷേമം തുടങ്ങിയ മേഖലകളിൽ മനുഷ്യസഹജമായ ഇജ്തിഹാദ് അനിവാര്യമാണ്. ഇവിടെ സാങ്കേതികവിദ്യയുടെ കൃത്യതയല്ല പ്രധാനം, മറിച്ച് തീരുമാനങ്ങൾ എടുക്കാനും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനുമുള്ള മനുഷ്യന്റെ ശേഷി സംരക്ഷിക്കപ്പെടുക എന്നതാണ്.
നാലാമതായി, തൗഹീദ് എന്ന തത്വം അറിവിനെയും ധാർമ്മികതയെയും സാമൂഹിക ക്രമത്തെയും ഒരു ഏകീകൃത ദർശനമായി കാണാനാണ് പ്രേരിപ്പിക്കുന്നത് എന്നതാണ്. ആധുനിക സാങ്കേതികവിദ്യ പലപ്പോഴും അറിവിനെ കേവലമായ നേട്ടങ്ങൾക്കായി പലതായി കാണാനാണ് ശ്രമിക്കുന്നത്. എന്നാൽ ഇസ്ലാമിക ദർശനം സാങ്കേതിക വികാസത്തെ ഭൗതികവും ആത്മീയവുമായ ഔന്നത്യം ലക്ഷ്യം വയ്ക്കുന്ന ഒരു സമഗ്ര കാഴ്ചപ്പാടിലേക്ക് ചേർത്ത് വെക്കുന്നു.
ചുരുക്കത്തിൽ, സാങ്കേതികവിദ്യയ്ക്ക് കൃത്യമായ പരിധികൾ നിശ്ചയിക്കേണ്ടതുണ്ട് എന്നതാണ് ഈ ദർശനത്തിന്റെ സാരം. എല്ലാ കാര്യങ്ങളും സാങ്കേതികവിദ്യയിലൂടെ പരിഹരിക്കാം എന്ന വ്യാമോഹത്തിന് പകരം, അത് എവിടെയാണ് ഇടപെടാൻ പാടില്ലാത്തത് എന്ന് തിരിച്ചറിയുകയാണ് വേണ്ടത്. ഇത് സാങ്കേതിക വിരോധമല്ല, മറിച്ച് ഉന്നതമായ ധാർമ്മിക ബോധ്യമാണ്. മനുഷ്യന്റെ ആത്മീയവും ധാർമ്മികവുമായ സത്തയെ സാങ്കേതികവിദ്യയ്ക്ക് അടിയറവ് വെക്കാതെ, പുരോഗതിയെ മൂല്യബോധവുമായി ബന്ധിപ്പിക്കുകയാണ് ഈ ഇസ്ലാമിക സാങ്കേതിക ദർശനം ലക്ഷ്യമിടുന്നത്. ഇതിലൂടെ സാങ്കേതിക വിദ്യയെ കേവലമായ കാര്യക്ഷമതയുടെ അളവുകോലിൽ നിന്ന് മാറ്റി ധാർമ്മികതയുടെയും മാനവികതയുടെയും തലത്തിലേക്ക് പുനഃക്രമീകരിക്കുകയാണ് നാം ചെയ്യുന്നത്.
നിർമ്മിതബുദ്ധിയുടെ ഉദയം കേവലം സാങ്കേതികമായ ഒരു പുരോഗതി മാത്രമല്ല. മറിച്ച്, അറിവ് എങ്ങനെ ഉല്പാദിപ്പിക്കപ്പെടുന്നു, സാധൂകരിക്കപ്പെടുന്നു, സമൂഹത്തിൽ പ്രയോഗിക്കപ്പെടുന്നു എന്നതിലുണ്ടാകുന്ന ആഴത്തിലുള്ള ജ്ഞാനശാസ്ത്രപരമായ പുനർക്രമീകരണം കൂടിയാണ്. ഭരണകൂടം, സാമ്പത്തികം, സുരക്ഷ, ആശയവിനിമയം തുടങ്ങിയ മേഖലകളിലെല്ലാം വ്യക്തികളെ തരംതിരിക്കാനും പെരുമാറ്റങ്ങൾ പ്രവചിക്കാനും തീരുമാനങ്ങൾ കൈക്കൊള്ളാനുമുള്ള അധികാരം ഇന്ന് അൽഗോരിതങ്ങൾ വളരെ വേഗത്തിൽ കീഴടക്കുന്നുണ്ട്. കാര്യക്ഷമതയ്ക്കും പ്രവചനക്ഷമതയ്ക്കും മാത്രം പ്രാധാന്യം നൽകുന്ന ഒരുതരം അറിവാണ് ഇതിലൂടെ രൂപപ്പെടുന്നത്. യാഥാർത്ഥ്യത്തെ മനസ്സിലാക്കുന്നതിനേക്കാൾ അതിനെ പ്രവചിക്കാനാണ് അത് ശ്രമിക്കുന്നത്. ഈ കാഴ്ചപ്പാടിൽ മനുഷ്യജീവിതം എന്നത് കേവലം ഡാറ്റ മാത്രമായി ചുരുങ്ങുന്നു. അഥവാ അപഗ്രഥിക്കപ്പെടേണ്ടതും ക്രമീകരിക്കപ്പെടേണ്ടതുമായ ചില പാറ്റേണുകൾ മാത്രമായി മനുഷ്യൻ മാറുന്നു.
അതേസമയം ഇവ നിക്ഷ്പക്ഷവുമല്ല. അർത്ഥത്തേക്കാൾ അളവുകൾക്കും, കാര്യകാരണ ബന്ധത്തേക്കാൾ പരസ്പര ബന്ധങ്ങൾക്കും, ധാർമ്മിക വിവേചനത്തേക്കാൾ പ്രവചനങ്ങൾക്കും മുൻഗണന നൽകുന്ന ഒരു സവിശേഷ ജ്ഞാനസങ്കല്പമാണ് ഇതിന് പിന്നിലുള്ളത്. ഇത്തരമൊരു ചട്ടക്കൂട് യാഥാർത്ഥ്യത്തെ വളരെ പരിമിതമായ ഒന്നാക്കി മാറ്റുകയും മനുഷ്യജീവിതത്തിന്റെ അവിഭാജ്യമായ പല തലങ്ങളെയും പുറന്തള്ളുകയും ചെയ്യുന്നു. നിയ്യത്ത്, ഇഖ്ലാസ്, ധാർമ്മിക പോരാട്ടങ്ങൾ, തൗബ എന്നിങ്ങനെ സാങ്കേതികവിദ്യയ്ക്ക് വഴങ്ങാത്ത മൂല്യങ്ങളെല്ലാം ഇവിടെ വിസ്മരിക്കപ്പെടുന്നു. ചുരുക്കത്തിൽ, അൽഗോരിതങ്ങളുടെ ഈ വ്യാപനം മനുഷ്യനെന്ന സങ്കല്പത്തെ തന്നെ മാറ്റിമറിക്കുകയും ധാർമ്മിക ബോധമുള്ള ഒരു സ്വതന്ത്ര കർതൃത്വത്തെ കേവലം ഒരു ഗണിത വസ്തുവായി പരിമിതപ്പെടുത്തുകയും ചെയ്യുന്നു.
ഇവയെ മറികടക്കാനുള്ള വിമർശന ചിന്തക്ക് ഇസ്ലാമിക ബൗദ്ധിക പാരമ്പര്യം ശക്തമായ അടിത്തറ നൽകുന്നുണ്ട്. അറിവിനെ ഉന്നതമായ മെറ്റാഫിസിക്കൽ ബോധ്യങ്ങളുമായി ബന്ധിപ്പിക്കുന്നതിലൂടെ, യാഥാർത്ഥ്യത്തെ കേവലം അളക്കാവുന്ന ഒന്നായി ചുരുക്കുന്നതിനെ അത് പ്രതിരോധിക്കുന്നു. ഇവിടെ അറിവ് എന്നത് വിവരങ്ങളുടെ ശേഖരണമല്ല, മറിച്ച് സത്യത്തോടും ദൈവത്തോടുള്ള ഉത്തരവാദിത്തത്തോടും ഒരാളെ ബന്ധിപ്പിക്കുന്ന ധാർമ്മികമായ ഒന്നാണ്. മനുഷ്യന്റെ അറിവിന് കൃത്യമായ പരിധികളുണ്ടെന്നും (ഹുദൂദുൽ ഇൽമ്), യാഥാർത്ഥ്യത്തിന്റെ ചില തലങ്ങൾ മനുഷ്യനിർമ്മിത സംവിധാനങ്ങൾക്ക് അപ്രാപ്യമാണെന്നും ഇസ്ലാമിക ജ്ഞാനശാസ്ത്രം വ്യക്തമാക്കുന്നു.
അറിവിന്റെ ഈ പരിധികളെക്കുറിച്ചുള്ള ബോധ്യം സമകാലിക സാങ്കേതിക ചർച്ചകളിൽ പ്രധാനമാണ്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും അൽഗോരിതങ്ങൾ ഇടപെടണം എന്ന വിപുലീകരണ യുക്തിയെ ഇത് നിരാകരിക്കുന്നുണ്ട്. നിർമ്മിതബുദ്ധി എത്രത്തോളം കൃത്യമാണ് എന്നതിലുപരി, അത് പ്രയോഗിക്കുന്ന മേഖലകളിൽ അതിന് ജ്ഞാനശാസ്ത്രപരമായ സാധുതയുണ്ടോ എന്നതാണ് യഥാർത്ഥ ചോദ്യം. സ്ഥിതിവിവരക്കണക്കുകൾ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു സംവിധാനത്തിന് നീതി, നിയ്യത്ത്, അല്ലെങ്കിൽ ഒരാളുടെ ധാർമ്മിക മൂല്യം എന്നിവയിൽ ശരിയായ വിധിതീർപ്പ് നടത്താൻ കഴിയുമോ? പശ്ചാത്താപത്തിലൂടെയും ധാർമ്മിക ആലോചനകളിലൂടെയും നിരന്തരം മാറിക്കൊണ്ടിരിക്കുന്ന മനുഷ്യന്റെ സ്വതന്ത്രമായ ഇടപെടലുകളെ പ്രവചന മാതൃകകൾക്ക് ഉൾക്കൊള്ളാനാവുമോ? എന്ന ചോദ്യങ്ങൾ അവ ഉന്നയിക്കുന്നു.
നിലവിലെ സാങ്കേതിക വികാസങ്ങളുടെ പക്ഷപാതങ്ങളും സുതാര്യതയും പരിഹരിച്ചത് കൊണ്ട് മാത്രം അടിസ്ഥാന പ്രശ്നം പരിഹരിക്കപ്പെടുന്നില്ല. എന്താണ് ഗണിതയുക്തിക്ക് വഴങ്ങുന്നത് എന്നും, എന്താണ് മനുഷ്യസഹജമായ വിവേചനത്തിനും ധാർമ്മിക തീർപ്പിനും വിട്ടുകൊടുക്കേണ്ടത് എന്നുമുള്ള വേർതിരിക്കൽ ഇവിടെ അനിവാര്യമാണ്. ഇവിടെ ഇസ്ലാമിക ദർശനം സാങ്കേതിക വിജ്ഞാനത്തെ സമ്പൂർണമായും നിഷേധിക്കുകയല്ല. അതിനെ ഒരു ധാർമ്മിക ചട്ടക്കൂടിനുള്ളിൽ പുനഃപ്രതിഷ്ഠിക്കുകയാണ്. ഗണിതയുക്തിയുടെ പരിമിതികൾ അംഗീകരിക്കുകയും അറിവിന്റെ ധാർമ്മികവും ആത്മീയവുമായ തലങ്ങളെ വീണ്ടെടുക്കുകയും ചെയ്തുകൊണ്ട് മാത്രമേ സാങ്കേതിക പുരോഗതിയെ യഥാർത്ഥ വിജയത്തിലേക്ക് നയിക്കാൻ കഴിയൂ. ഇത്തരം ഒരു പുനർചിന്തനത്തിന്റെ അഭാവത്തിൽ, സത്യം, ഉത്തരവാദിത്തം, ഉദ്ദേശ്യം, നീതി തുടങ്ങിയ ഉന്നതമായ മൂല്യങ്ങൾ പോലും സാങ്കേതികവിദ്യയുടെ അതിപ്രസരത്തിൽ അപ്രത്യക്ഷമായേക്കാം.








