Campus Alive

ഫുട്‌ബോളും കൊളോണിയല്‍ പ്രേതവും അപകോളനീകരണമെന്ന ജിന്നും

കണക്കില്ലാത്ത മനുഷ്യരെ ഒന്നിച്ചിരുത്താനും ചേര്‍ത്തുനിര്‍ത്താനും ഫുട്‌ബോളിന് ശേഷിയുണ്ടെന്നതില്‍ തര്‍ക്കമില്ല. പക്ഷെ, അതിന്റെ ഉപകരണങ്ങളായ സ്റ്റേഡിയങ്ങളും ലീഗുകളും ടൂര്‍ണമെന്റുകളും അങ്ങനെയാണോ. അതിര്‍ത്തിയും അതിര്‍വരമ്പുകളും അധികാരത്തിലെ അസമത്വവും കൊളോണിയല്‍ ശ്രേണീകരണത്തിന്റെ പ്രേതങ്ങളുമല്ലേ ഇപ്പോഴും ഈ ഉപകരണങ്ങളെ ചലിപ്പിക്കുന്നത്. എന്നെങ്കിലും ഈ മാനവികതയുടെ മഹോത്സവത്തിന് കൊളോണിയല്‍ ദുര്‍ഭൂതത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടാനും സ്വതന്ത്രമായ കാഴ്ച സാധ്യമാക്കാനും കഴിയുമോയെന്ന ഗൗരവമേറിയ ആലോചനങ്ങളാണ് ഈ ലേഖനം പങ്കുവെക്കുന്നത്.

വേള്‍ഡ് ഡീകൊളോണൈസേഷന്‍ ഫോറത്തില്‍ പങ്കെടുക്കാനായി അടുത്തിടെ ഇസ്തംബൂളില്‍ പോയപ്പോള്‍, ബേഷിക്താസും ട്രാബ്സണ്‍സ്പോറും തമ്മിലുള്ള ഫുട്‌ബോള്‍ മത്സരം കാണാന്‍ സാധിച്ചിരുന്നു. ഗാലറിയുടെ മുകള്‍ത്തട്ടില്‍, ബേഷിക്താസിന്റെ കടുത്ത ആരാധകരായ ഒരുപറ്റം ആളുകള്‍ക്കൊപ്പമാണ് എന്റെ ഇരിപ്പിടം. സാധാരണ പോലെ അവര്‍ നിര്‍വഹിക്കുന്ന ആര്‍പ്പുവിളികളും കരഘോഷവും പാട്ടും ചാട്ടവുമെല്ലാം ഒരു ഫുട്‌ബോള്‍ ആരാധകനാവുകയെന്നാല്‍ എന്താണതര്‍ഥമാക്കുന്നതെന്നെനിക്ക് മനസ്സിലാക്കിത്തന്നു. അത്രമേൽ തീവ്രമായിരുന്നു അവരുടെ അഭിനിവേശം. ഫുട്‌ബോള്‍ അവര്‍ക്ക് പ്രണയാതുരത മുറ്റിനില്‍ക്കുന്ന ഭാഷയാണ്.

മനുഷ്യര്‍ ഫുട്‌ബോളിനെ നെഞ്ചേറ്റാന്‍ കാരണങ്ങള്‍ പലതാണ്. അതൊരു വിനോദമാണ്, ഉദ്വേഗഭരിതമായ നിമിഷങ്ങള്‍ക്കായുള്ള കാത്തിരിപ്പാണ്, വികാരങ്ങളുടെ വിസ്‌ഫോടനമാണ്. സങ്കടങ്ങളെല്ലാം ഒരുവേള മറക്കാനും ഒരുമിച്ചിരിക്കാനും ഭൂതകാലത്തിന്റെ മധുരസ്മരണകളില്‍ മുഴുകാനുമെല്ലാം അത് നമ്മെ സഹായിക്കുന്നു. ലോകത്തിലെ സകല പ്രശ്‌നങ്ങളില്‍ നിന്നും താല്ക്കാലികമായി ഓടിയൊളിക്കാനുള്ള ഒരു ഇടം കൂടിയാണത്. എങ്കിലും, സാമൂഹികവും രാഷ്ട്രീയവുമായ വലിയ യാഥാര്‍ഥ്യങ്ങളിലേക്ക് വിരല്‍ ചൂണ്ടാന്‍ ഫുട്‌ബോളിന് പലപ്പോഴും കഴിയാറുണ്ട്. അതുകൊണ്ടുതന്നെ, ഫുട്‌ബോള്‍ വെറുമൊരു കളിയല്ല; അതിനപ്പുറം അര്‍ഥങ്ങളുണ്ടാക്കുന്ന എന്തൊക്കെയോ ആണ്.

ഫുട്‌ബോളും കൊളോണിയാലിറ്റിയും

അധിനിവേശത്തിന്റെ കറുത്ത പാടുകളെയും കറകളെയും തുടച്ചുനീക്കാനുള്ള ആഗോള മുന്നേറ്റത്തെ ആവശ്യപ്പെടുന്ന അപകോളനീകരണ പ്രസ്ഥാനങ്ങള്‍ സമീപകാലത്ത് കൂടുതല്‍ ശക്തിപ്രാപിക്കുന്ന സ്ഥിതിവിശേഷമുണ്ട്. സാമ്പ്രദായിക കൊളോണിയല്‍ ഭരണം ഔദ്യോഗികമായി അവസാനിച്ചതുകൊണ്ട് മാത്രം അധിനിവേശ ചിന്താഗതികള്‍ ഇല്ലാതായി എന്ന് ഈ പ്രസ്ഥാനത്തെ അനുകൂലിക്കുന്നവര്‍ വിശ്വസിക്കുന്നില്ല. മറിച്ച്, കൊളോണിയലിസത്തിന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള നിഴലുകള്‍ ഇന്നും നിലക്കാതെ നിലനില്‍ക്കുന്നു. അതിന്റെ പ്രതിഫലനങ്ങള്‍ ഫുട്‌ബോളിലും ദൃശ്യമാവുന്നുണ്ട്; ദൃശ്യമായിട്ടുണ്ട്.

കോളനീകരണത്തിന്റെ സ്ഥിരം പദാവലികളായ പരമാധികാരം, പ്രാദേശികാതിരുകള്‍, സ്വാതന്ത്യം തുടങ്ങിയ സമസ്യകളില്‍ നിന്നും വിജ്ഞാനം, ബന്ധങ്ങള്‍, സ്വത്വം തുടങ്ങിയവയിലുള്ള വര്‍ദ്ധിച്ചുവരുന്ന ഊന്നലുകള്‍ വ്യക്തമാക്കുന്ന ഒരു കാര്യം പാശ്ചാത്യ രാജ്യങ്ങള്‍ പണ്ട് ലോകം കീഴടക്കി ഭരണം നടത്തിയ രീതിയെക്കുറിച്ച് മാത്രം പഠിക്കുന്നതിന് പകരം, പാശ്ചാത്യ ആശയങ്ങളും കാഴ്ചപ്പാടുകളും തദ്ദേശീയ സംസ്‌കാരത്തെയും ഭാഷയെയും ചിന്താഗതികളെയും എങ്ങനെയൊക്കെ സ്വാധീനിച്ചു എന്നും സമര്‍ഥമായി ഇല്ലായ്മ ചെയ്തുവെന്നും അന്വേഷിക്കുന്നതിലുള്ള സമകാലിക താല്പര്യത്തെയാണ്. അലി മേഘ്ജി എഴുതിയത് പോലെ അപകോളനീകരണത്തിന് വേണ്ടിയുള്ള പോരാട്ടം രാഷ്ട്രീയ വേദികളിലും മുറികളിലും സാമ്പത്തിക നയങ്ങളിലും മാത്രമൊതുങ്ങേണ്ടതല്ല, ജ്ഞാനശാസ്ത്രപരമായി അങ്ങനെയൊരു മുന്നേറ്റം കാര്യക്ഷമമായി നടക്കേണ്ടതുണ്ട്.

അലി മേഘ്ജി

ഫുട്‌ബോളിനെ അപകോളനീകരിക്കുകയെന്നാല്‍ അതിന്റെ ആദ്യപടി ഒരു പൊതുധാരണയെ തിരുത്തുകയെന്നതാണ്. ലോകത്തിലെ ഏറ്റവും മികച്ച ആശയങ്ങളും കലയും സംഗീതവുമെല്ലാം മാനവികതയ്ക്ക് സമ്മാനിച്ചത് പാശ്ചാത്യ സംസ്‌കാരമാണെന്നൊരു അഹന്ത പണ്ടുമുതലേ ഉണ്ടായിരുന്നു, അതിപ്പോഴും തുടരുന്നുണ്ട്. ഫുട്‌ബോള്‍ യൂറോപ്യന്മാര്‍ കണ്ടുപിടിച്ച ഒരു പാശ്ചാത്യ വിനോദമാണെന്ന ധാരണയും ഇതിന്റെ ഭാഗമാണ്. ഈ പാശ്ചാത്യ കേന്ദ്രീകൃതമായ ചിന്തയെയാണ് അപകോളനീകരണ സിദ്ധാന്തം ശക്തമായി ചോദ്യം ചെയ്യുന്നത്. യൂറോപ്യന്മാര്‍ നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിനും നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ ചൈനയിലും അമേരിക്കയിലെ തദ്ദേശീയ ഗോത്രങ്ങള്‍ക്കിടയിലും ഫുട്‌ബോളിന് സമാനമായ കളികള്‍ നിലനിന്നിരുന്നു എന്ന് മനസ്സിലാക്കാന്‍ ഇത് നമ്മെ സഹായിക്കും.

ഇതെഴുതുമ്പോള്‍ 2026 ലോകകപ്പിന് പന്തുരുണ്ടു തുടങ്ങിയതേയുള്ളൂ, അപ്പോഴേക്കും ആതിഥേയരായ അമേരിക്കയുടെയും കാനഡയുടെയും വിസ നയങ്ങളെക്കുറിച്ച് വലിയ രീതിയിലുള്ള ആശങ്കകളും പരാതികളും ഉയര്‍ന്നു കഴിഞ്ഞു. സെറ്റ്ലര്‍ കോളനികള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഈ രാജ്യങ്ങള്‍ നിഷ്‌കര്‍ഷിക്കുന്ന കര്‍ശനമായ വിസ നിയമങ്ങള്‍ പഴയ കൊളോണിയല്‍ വിവേചനത്തെ ഓര്‍മ്മിപ്പിക്കുന്നതാണ്. ഗ്ലോബല്‍ നോര്‍ത്തിലെ (വികസിത രാജ്യങ്ങള്‍) പൗരന്മാര്‍ക്ക് എളുപ്പത്തില്‍ വിസയും മറ്റു യാത്രക്രമീകരണങ്ങളും നല്‍കുമ്പോള്‍, ഗ്ലോബല്‍ സൗത്തിലെ (വികസ്വര/പാവപ്പെട്ട രാജ്യങ്ങള്‍) പൗരന്മാര്‍ക്ക് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. ഈ വിവേചനത്തിനിരയായവരില്‍ പല കളിക്കാര്‍, ഒഫീഷ്യലുകള്‍, ആരാധകര്‍ തുടങ്ങിയവര്‍ക്കെല്ലാം ലോകകപ്പ് നടക്കുന്ന രാജ്യങ്ങളിലേക്ക് പ്രവേശിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നു. സൊമാലിയയില്‍ നിന്നുള്ള റഫറി ഒമര്‍ അര്‍താന്റെ അനുഭവം ഇതിനൊരുദാഹരണമാണ്. യു.എസ് അധികൃതര്‍ അദ്ദേഹത്തെ പതിനൊന്ന് മണിക്കൂറിലധികം ചോദ്യം ചെയ്യുകയും ഒടുവില്‍ വിസ നിഷേധിച്ച് തിരിച്ചയക്കുകയും ചെയ്തു.

ഫിഫയുടെ ലോക റാങ്കിങ് പരിശോധിച്ചാല്‍ ഫുട്‌ബോളിലെ ഈ അധിനിവേശ സ്വാധീനം വ്യക്തമായി തെളിഞ്ഞു കാണാം. ലോകത്തെ ഏറ്റവും മികച്ച പത്ത് ടീമുകളില്‍ ഫ്രാന്‍സ്, സ്‌പെയിന്‍, ഇംഗ്ലണ്ട്, പോര്‍ച്ചുഗല്‍, നെതര്‍ലന്‍ഡ്‌സ്, ജര്‍മ്മനി, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങള്‍ ഇടംപിടിക്കുന്നത് കേവലം ഒരു യാദൃശ്ചികതയല്ല. നൂറ്റാണ്ടുകളോളം ലോകം മുഴുവന്‍ അധിനിവേശം നടത്തി, മനുഷ്യരെ അടിമകളാക്കി, മറ്റുള്ളവരുടെ സമ്പത്ത് ചൂഷണം ചെയ്ത സാമ്രാജ്യത്വ ശക്തികളായിരുന്നു ഇവരെല്ലാം. അത് കഴിഞ്ഞുപോയ ഗതകാല ചരിത്രമാണെന്ന് ചിലര്‍ക്ക് തോന്നാമെങ്കിലും, അന്ന് അവര്‍ കെട്ടിപ്പടുത്ത സാമ്പത്തികവും രാഷ്ട്രീയവുമായ അടിത്തറയാണ് ഇന്ന് ഫുട്‌ബോള്‍ രംഗത്തും അവര്‍ അനുഭവിക്കുന്ന സകല പ്രതാപങ്ങള്‍ക്കും കാരണമെന്നത് മറക്കാവതല്ല.

ലോകത്തിലെ ഏറ്റവും പണക്കൊഴുപ്പും താരനിരയുമുള്ള ഫുട്‌ബോള്‍ ലീഗുകള്‍ ഇംഗ്ലണ്ട്, ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലാകുന്നതും ഇതുകൊണ്ടാണ്. പാവപ്പെട്ട മൂന്നാം ലോക രാജ്യങ്ങളിലെ കളിക്കാര്‍ക്ക് ഈ യൂറോപ്യന്‍ ലീഗുകളില്‍ കളിക്കുക എന്നത് വലിയൊരു സ്വപ്നമായിരിക്കാം. എന്നാല്‍ പണ്ട് കോളനികളില്‍ നിന്ന് അമൂല്യ സമ്പത്തുകളും വിഭവങ്ങളും കടത്തിക്കൊണ്ടുപോയതുപോലെ, ഇന്ന് ഗ്ലോബല്‍ നോര്‍ത്ത് പാവപ്പെട്ട രാജ്യങ്ങളിലെ കായിക പ്രതിഭകളെ മുഴുവന്‍ ചൂഷണം ചെയ്ത് ഉപയോഗിക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആ വിഭവങ്ങളുടെ അക്കരെപ്പച്ച തേടിപ്പോകുന്ന സമീപനം പ്രസ്തുത രാജ്യങ്ങളിലെ പ്രാദേശിക ഫുട്‌ബോളിന്റെ വളര്‍ച്ചയെ തളര്‍ത്തുന്നു. ചുരുക്കത്തില്‍, ഫുട്‌ബോളിലൂടെ കോടിക്കണക്കിന് രൂപയുടെ വരുമാനമാണ് ഉണ്ടാകുന്നത് എങ്കിലും ഈ പണമെല്ലാം ചെന്നെത്തുന്നത് പണ്ടത്തെ അധിനിവേശ ശക്തികളുടെ കൈകളിലേക്ക് തന്നെയാണന്ന് സാരം.

നിങ്ങള്‍ ആര്‍ക്കൊപ്പമാണ്

ഇരട്ട പൗരത്വമുള്ള പല പ്രൊഫഷണല്‍ ഫുട്‌ബോള്‍ കളിക്കാര്‍ക്കും ഒന്നിലധികം രാജ്യങ്ങള്‍ക്ക് വേണ്ടി കളിക്കാന്‍ യോഗ്യതയുണ്ടാകാറുണ്ട്. ഇവിടെയും കൊളോണിയല്‍ രാഷ്ട്രീയത്തിന്റെ സ്വാധീനം കാണാം. താന്‍ ജനിച്ച് വളര്‍ന്ന പാശ്ചാത്യ രാജ്യത്തിന് പകരം സ്വന്തം പൂര്‍വ്വികരുടെ രാജ്യത്തിന് വേണ്ടി കളിക്കാന്‍ ചിലര്‍ തീരുമാനിക്കുന്നത് അന്താരാഷ്ട്ര ഫുട്‌ബോളിലേക്ക് എളുപ്പത്തില്‍ പ്രവേശിക്കാനുള്ള ഒരു വഴിയായതുകൊണ്ടാകാം. എന്നാല്‍ മറ്റു ചിലര്‍, തങ്ങള്‍ ജീവിക്കുന്ന പാശ്ചാത്യ സമൂഹത്തില്‍ നിന്ന് നേരിടേണ്ടി വരുന്ന പാര്‍ശ്വവല്‍ക്കരണം കൊണ്ടാണ് അങ്ങനെ ചെയ്യുന്നത്. ഉദാഹരണത്തിന്, 2026 ലോകകപ്പില്‍ മൊറോക്കോ ടീമിലെ ഭൂരിഭാഗം കളിക്കാരും യൂറോപ്പില്‍ ജനിച്ച് വളര്‍ന്നവരാണ്. ജനിച്ച് വളര്‍ന്ന മണ്ണില്‍ പരദേശികളായി മുദ്രകുത്തപ്പെട്ടപ്പോഴാണ് അവര്‍ മൊറോക്കോയുടെ ജേഴ്‌സി അണിയാന്‍ തീരുമാനിച്ചത് എന്നത് ഒരു വലിയ വൈരുദ്ധ്യമാണ്. റാഷിദ് ബെന്‍ഹറൂസ് വ്യക്തമാക്കുന്നത് പോലെ, പണ്ട് ഇതേ കൊളോണിയല്‍ ശക്തികള്‍ സൃഷ്ടിച്ച ദാരിദ്ര്യവും രാഷ്ട്രീയ അരക്ഷിതാവസ്ഥയും കാരണമാണ് ഇവരുടെ പൂര്‍വ്വികര്‍ക്ക് സ്വന്തം നാട് വിട്ട് യൂറോപ്പിലേക്ക് അഭയാര്‍ത്ഥികളായി പലായനം ചെയ്യേണ്ടി വന്നത്. ഈ ചരിത്രപരമായ മുറിവുകള്‍ ഇന്ന് കളിക്കാരുടെ ദേശീയ സ്വത്വത്തെപ്പോലും ആശയക്കുഴപ്പത്തിലാക്കുന്നു. മൊറോക്കോ ഇന്ന് ലോക റാങ്കിങ്ങില്‍ ആദ്യ പത്തില്‍ എത്തിയത് പോലും വെറുതെയല്ല.

ഇതേ സ്വത്വപ്രതിസന്ധി ആരാധകര്‍ക്കുമുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ തലമുറകളായി ജീവിക്കുന്ന വലിയൊരു പ്രവാസി സമൂഹം ഇന്നുണ്ട്. ഒരു അന്താരാഷ്ട്ര ടൂര്‍ണമെന്റ് വരുമ്പോള്‍, തങ്ങള്‍ ജനിച്ച് വളര്‍ന്ന രാജ്യത്തെ പിന്തുണയ്ക്കണോ അതോ പൂര്‍വ്വികരുടെ ദേശത്തെ പിന്തുണയ്ക്കണോ എന്ന ചോദ്യം ഈ വംശീയ ന്യൂനപക്ഷങ്ങള്‍ക്ക് മുന്നിലുയരും. പലകോണുകളില്‍ നിന്ന് അതിനെ നിരീക്ഷിക്കുന്നവരുണ്ട്. ഫ്രഞ്ച് അല്‍ജീരിയക്കാരോ ബ്രിട്ടീ്ഷ് പാകിസ്ഥാനികളോ അവിടുത്തെ ദേശീയ ടീമുകളുടെ കടുത്ത ആരാധകരായിരിക്കാം. മറ്റു ചിലരാവട്ടെ; തങ്ങളുടെ പൂര്‍വ്വികരെ അടിമകളാക്കിയ രാജ്യം തങ്ങളെ ഇപ്പോഴും പൂര്‍ണ്ണഹൃദയത്തോടെ ഉള്‍ക്കൊണ്ടിട്ടില്ല എന്ന് കരുതി ഇതില്‍ നിന്നും മാറിനില്‍ക്കുന്നു. അതോടൊപ്പം ലോകകപ്പ് വേളയില്‍ തെരുവുകളില്‍ ഉയരുന്ന ദേശീയ പതാകകള്‍ പലപ്പോഴും വംശീയവാദികളും കുടിയേറ്റ വിരുദ്ധരും തങ്ങളുടെ രാഷ്ട്രീയ ആയുധമാക്കാറുള്ളതിനാല്‍, ന്യൂനപക്ഷങ്ങള്‍ക്ക് അത് ഭയമുണ്ടാക്കുന്ന ഒന്നായി മാറാറുമുണ്ട്.

വംശീയതയെന്ന കോളനീകരണത്തിന്റെ നിഴല്‍

അധിനിവേശ കാലം ലോകത്തിന് സമ്മാനിച്ച ഏറ്റവും വലിയ ശാപമാണ് വംശീയത. പൗരസ്ത്യ നാടുകളിലുള്ളവരെ മോശക്കാരായി ചിത്രീകരിക്കുന്ന ഓറിയന്റലിസം എന്ന ചിന്താപദ്ധതി നൂറ്റാണ്ടുകളായി ഇവിടെ നിലനിന്നിരുന്നു. കുടിയേറ്റക്കാരെയും അഭയാര്‍ത്ഥികളെയും മുസ്ലിംകളെയും കുറിച്ചുള്ള ഇന്നത്തെ മോശം ധാരണകള്‍ക്ക് പിന്നിലെ പ്രധാനഹേതു ഇതാണ്. ഫുട്‌ബോള്‍ മൈതാനങ്ങളും ഇത്തരം വംശീയ അധിക്ഷേപങ്ങളില്‍ നിന്ന് മുക്തമല്ല. സോഷ്യല്‍ മീഡിയയില്‍ കളിക്കാര്‍ക്കെതിരെ വംശീയമായ ട്രോളുകളും തമാശകളും വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു. ഫുട്‌ബോള്‍ ക്ലബ്ബുകളുടെ കോച്ചുമാരായോ മാനേജര്‍മാരായോ, ഭരണസമിതികളിലോ കറുത്ത വര്‍ഗ്ഗക്കാരോ മറ്റ് വംശീയ ന്യൂനപക്ഷങ്ങളോ എത്താറില്ലെന്ന് മാത്രമല്ല ഉന്നതതലങ്ങളില്‍ വിരളമായ പ്രാധിനിത്യമേ അവര്‍ക്കുണ്ടാവാറുള്ളൂ. മുന്‍കാലത്തെ അപേക്ഷിച്ച് ഇന്ന് കറുത്ത കളിക്കാര്‍ ധാരാളമുണ്ടെങ്കിലും, അവര്‍ക്ക് കായികക്ഷമതയും ഉശിരും വേഗതയും മാത്രമേയുള്ളൂവെന്നും തന്ത്രപരമായ കളിമിടുക്കും ക്രയാത്മക സൗന്ദര്യവും കുറവാണെന്നുമുള്ള സ്റ്റീരിയോടൈപ്പുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇംഗ്ലീഷ് സമൂഹത്തില്‍ വലിയൊരു ശതമാനമുള്ള, ഫുട്‌ബോളിനെ ജീവനായി കാണുന്ന സൗത്ത് ഏഷ്യന്‍ വംശജരായ കളിക്കാര്‍ക്ക് ഇപ്പോഴും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ഉയര്‍ന്ന തലങ്ങളില്‍ അവസരം ലഭിക്കുന്നില്ല എന്നത് ഞെട്ടിക്കുന്ന ഒരു യാഥാര്‍ഥ്യമാണ്.

വംശീയത എപ്പോഴും പ്രത്യക്ഷവും പരസ്യവും ആയിക്കൊള്ളണമെന്നില്ല, ചിലപ്പോളത് വളരെ സൂക്ഷ്മവും അദൃശ്യവുമായിരിക്കും. ജോണ്‍ സോളമസ് പറഞ്ഞതുപോലെ, ഫുട്‌ബോളിനുള്ളില്‍ ഒരു തരം അദൃശ്യമായ വംശീയത (implicit normative racism) ഒളിഞ്ഞിരിപ്പുണ്ട്. 2022ല്‍ ഖത്തറില്‍ നടന്ന ലോകകപ്പിനെയും, 2026ല്‍ അമേരിക്കയിലും കാനഡയിലുമായി നടക്കുന്ന ലോകകപ്പിനെയും പാശ്ചാത്യ മാധ്യമങ്ങള്‍ വിലയിരുത്തിയ ഇരട്ടത്താപ്പ് ഇതിനൊരു ഉദാഹരണമാണ്. ഖത്തറിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് വാതോരാതെ സംസാരിക്കാന്‍ ഉത്സാഹിച്ച കമന്റേറ്റര്‍മാരില്‍ പലരും അമേരിക്കയിലെ മനുഷ്യാവകാശ പ്രശ്‌നങ്ങളെക്കുറിച്ച് മൗനം പാലിക്കുന്നു. ആര്‍ക്കാണ് മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ യോഗ്യതയുള്ളത് എന്ന പാശ്ചാത്യ ധാര്‍ഷ്ട്യമാണ് ഇതിന് പിന്നില്‍. ടോം ടെയ്ലറുടെ പഠനങ്ങള്‍ പ്രകാരം, ഖത്തറിലേക്ക് പോയ പല പാശ്ചാത്യ ആരാധകരും തങ്ങളുടെ മനസ്സിലെ ഇസ്ലാംഭീതിയും മുന്‍വിധികളും മാറ്റിവെക്കാന്‍ തയ്യാറായിരുന്നില്ല എന്നാണ്.

വംശീയതയ്ക്കും മറ്റ് വിവേചനങ്ങള്‍ക്കുമെതിരെയുള്ള പോരാട്ടത്തില്‍ ഫുട്‌ബോള്‍ ലോകം ഇന്ന് ഏറെ മുന്നോട്ട് പോയിട്ടുണ്ട് എന്നത് ഒരു യാഥാര്‍ഥ്യമാണ്. ഒരുകാലത്ത്, ഫുട്‌ബോള്‍ അധികാരികളുടെ പാശ്ചാത്യ കേന്ദ്രീകൃതമായ ചിന്താസ്വാധീനം അത്രക്കുണ്ടായിരുന്നു. മുസ്ലിം വനിതകള്‍ ഹിജാബ് ധരിച്ച് കളിക്കളത്തില്‍ ഇറങ്ങുന്നത് പോലും അവര്‍ വിലക്കിയിരുന്നു! എന്നാല്‍, നീണ്ട പോരാട്ടങ്ങള്‍ക്കൊടുവില്‍ 2014ല്‍ ഫിഫ ഈ വിവേചനപരമായ നയം തിരുത്താന്‍ തയ്യാറായി. ഔദ്യോഗികമായി അങ്ങനെ വിശേഷിപ്പിക്കപ്പെട്ടിട്ടില്ലെങ്കിലും, ഫുട്‌ബോളില്‍ നടന്ന വലിയൊരു അപകോളനീകരണ പ്രക്രിയയായിരുന്നു ആ നയമാറ്റം. ഇവിടംകൊണ്ടൊന്നും വിവേചനങ്ങള്‍ അവസാനിക്കുന്നില്ല. പ്രശസ്ത ഗവേഷക ആരതി രത്‌ന ചൂണ്ടിക്കാണിക്കുന്നത് പോലെ, ഒരു ഇന്റര്‍സെക്ഷണല്‍ ലെന്‍സിലൂടെ നോക്കിയാല്‍ വംശീയ ന്യൂനപക്ഷങ്ങളില്‍ പെട്ട സ്ത്രീകള്‍ ഇന്നും കടുത്ത മുന്‍വിധികളെ നേരിടുന്നുണ്ടെന്ന് മനസ്സിലാക്കാം. അവര്‍ എത്രതന്നെ കഴിവുള്ള കളിക്കാരോ, ആവേശഭരിതരായ ആരാധകരോ ആകട്ടെ, അവര്‍ക്ക് ഫുട്‌ബോളില്‍ വലിയ താല്പര്യമില്ലെന്ന മട്ടിലാണ് പാശ്ചാത്യ ലോകം ഇപ്പോഴും അവരെ കാണുന്നത്.

കമാലുദ്ദീന്‍ നാസര്‍

ചുരുക്കത്തില്‍, ഫുട്‌ബോള്‍ മൈതാനങ്ങളില്‍ നിന്ന് വംശീയതയെ പൂര്‍ണ്ണമായി തുടച്ചുനീക്കാന്‍ ഇനിയും കാതങ്ങളേറെ സഞ്ചരിക്കേണ്ടതുണ്ട്. ഇന്നത്തെ ആഗോള രാഷ്ട്രീയ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ ഇത് അത്ര എളുപ്പവുമല്ല. ലോകമെമ്പാടും ഇന്ന് വളര്‍ന്നുവരുന്ന സഹിഷ്ണുതയില്ലാത്ത, മറ്റുള്ളവരെ മാറ്റിനിര്‍ത്തുന്ന തീവ്ര ദേശീയതയാണ് അതിന്റെ കാരണമെന്ന് കമാലുദ്ദീന്‍ നാസര്‍ വിശദീകരിക്കുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍, ഈ രാഷ്ട്രീയ വിഷം കളിസ്ഥലങ്ങളിലെ ഗാലറികളിലേക്കും അരിച്ചരിച്ചടിച്ചു കയറിക്കൊണ്ടിരിക്കുകയാണ്.

മൈതാനങ്ങളില്‍ പൂക്കുന്ന പ്രതിരോധപ്പൂക്കള്‍

പലപ്പോഴും പലനിലക്ക് കൊളോണിയലിസത്തിനും വംശീയതയ്ക്കുമെതിരെയുള്ള ഒരു വലിയ പ്രതിരോധ ആയുധമായി ഫുട്‌ബോള്‍ മാറിയിട്ടുണ്ടെന്ന വസ്തുത വിസ്മരിച്ചുകൂടാ. തങ്ങളുടെ വിദ്വേഷ രാഷ്ട്രീയത്തിന് പ്രചാരം നല്‍കാന്‍ തീവ്രവലതുപക്ഷ ശക്തികള്‍ പലപ്പോഴും ഫുട്‌ബോളിനെ ഉപയോഗിക്കാറുണ്ട് എന്നത് ശരിയാണ്. എന്നാല്‍ അതിനെയെല്ലാം ശക്തമായി ചെറുക്കുന്ന വംശീയവിരുദ്ധരും ഫാസിസ്റ്റ് വിരുദ്ധരുമായ കടുത്ത ആരാധക കൂട്ടായ്മകളും ഈ മനോഹര വിനോദത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് കാമറൂണ്‍ ഹഗ്ഗറ്റ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.ഗ്ലോബല്‍ സൗത്തില്‍ അധിനിവേശ വിരുദ്ധ പോരാട്ടങ്ങള്‍ക്കായി ഫുട്‌ബോള്‍ മാധ്യമമാകുന്നതിന്റെ നിരവധി ചരിത്രങ്ങള്‍ ദര്‍ശിക്കാനാവും. മിഡില്‍ ഈസ്റ്റിലെ പല ഇസ്ലാമിക പ്രസ്ഥാനങ്ങളും പാശ്ചാത്യ അധിനിവേശത്തെ പ്രതിരോധിക്കാനും തങ്ങളുടെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാനും യുവാക്കളെ കായികമായി സജ്ജരാക്കാനും ഫുട്‌ബോളിനെ ഉപയോഗിക്കുന്നതായി ബ്യോണ്‍ ഓലാവ് ഉത്വിക് തന്റെ പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്.

ലോകത്ത് എവിടെയെങ്കിലും വംശഹത്യയോ ബോംബാക്രമണമോ അടിച്ചമര്‍ത്തലുകളോ ഒരു ഫുട്‌ബോള്‍ മത്സരം തുടങ്ങുന്നതോടെ നിലച്ചുപോകുന്നില്ല. ഇക്കാരണത്താല്‍ മനുഷ്യര്‍ കൂട്ടക്കൊല ചെയ്യപ്പെടുമ്പോഴും ക്രൂരമായി ശിക്ഷിക്കപ്പെടുമ്പോഴും ഫുട്‌ബോളിന് എന്ത് പ്രസക്തി എന്ന് ചോദിക്കുന്നവരുണ്ടാകാം. അതുകൊണ്ടായിരിക്കാം ഇറ്റാലിയന്‍ തത്ത്വചിന്തകനായ ഉംബര്‍ട്ടോ എക്കോ പണ്ട് ചോദിച്ചത്: ‘ഒരു ലോകകപ്പ് ഞായറാഴ്ച സായുധ പോരാട്ടം സാധ്യമാണോ?… ഒരു ഫുട്‌ബോള്‍ ഞായറാഴ്ചയില്‍ വിപ്ലവം പൂക്കുമോ?.

കൊളോണിയലിസത്തിന്റെ തുടര്‍ച്ചകളെ തുറന്നുകാട്ടാനും പ്രതിപ്രവര്‍ത്തനങ്ങളായ അപകോളനീകരണ ബദലുകളെ ഉയര്‍ത്തിക്കാട്ടാനും ഫുട്‌ബോള്‍ എന്ന ജനകീയ മാധ്യമത്തിനല്ലാതെ സാധ്യമാകുമോ. അതുകൊണ്ടുതന്നെ, നമ്മള്‍ കരുതുന്നതിലേറെ വലിയ ദൗത്യം അപകോളനീകരണ പ്രക്രിയയില്‍ ഫുട്‌ബോള്‍ നിര്‍വഹിക്കുന്നുവെന്ന് നിസ്സംശയം പറയാം.

വിവർത്തനം മുഹമ്മദ് നവാൽ

References

Benharrousse, R. (2026). Lharba as Politics of Escape: Necropolitics, Digital Discourse and Moroccan Youth Migration. Journal of African Cultural Studies. 38 (2): 207-233.
Giulianotti, R. (2007 [1999]). Football: A Sociology of the Global Game. Cambridge, Polity Press.
Huggett, C. (2025). More Than Nazi Skins: Studying the Intersections Between the Far Right, Racism, and Football Fandom. Religion Compass. 19 (10-12): 1-8.
Meghji, A. (2021). Decolonizing Sociology: An Introduction. Cambridge, Polity Press.
Nasir, K. (2026). Dribbling Divides: Football, Islam, and Identity. Oxford: Oxford University Press.
Ratna, A. (2024). A Nation of Family and Friends? Sport and the Leisure Cultures of British Asian Girls and Women. New Brunswick, Rutgers University Press.
Solomos, J. (2023). Englishness and Football Cultures: Belonging, Race and the Nation. Hate Crime in Football. I. Awan and I. Zempi. Bristol, Bristol University Press: 5-18.
Taylor, T. (2025). Journeys to the ‘Other’: England Fans’, Orientalism and the 2022 World Cup. International Review for the Sociology of Sport.: 1-19.
Utvik, B. O. (2025). Egyptian Islamism and the Noble Game of Football. The Beautiful Game on a Muslim Pitch: How Football and Religion Are Shaping Identity and Society. A. W. Hughes and L. Stenberg. Edinburgh, Edinburgh University Press: 150-165.

ലിയോണ്‍ മൂസവി