Campus Alive

യാഥാർത്ഥ്യം, മിഥ്യ, ആധുനികത: ഖസാക്കിന്റെ താത്വിക ലോകം

വളരെ പണ്ട്, ഒരു പൗർണ്ണമിരാത്രിയിൽ ആയിരത്തിയൊന്നു കുതിരകളുടെ ഒരു പട ഖസാക്കിലേക്ക് വന്നിരുന്നു. റബ്ബുൽ ആലമിനായ തമ്പുരാന്റെയും മുത്തുനബിയുടെയും ബദരീങ്ങളുടെയും ഉടയവനായ സെയ്യദ്മിയാൻ ഷെയ്ഖും തങ്ങന്മാരുമായിരുന്നു അത്. ആയിരം കുതിരകളും കേടറ്റ വെള്ളക്കുതിരകളായിരുന്നു. എന്നാൽ ഷെയ്ഖ് തങ്ങളാകട്ടെ, ചടച്ചു കിഴവനായ ഒരു പാണ്ടൻകുതിരപ്പുറത്താണ് സവാരി ചെയ്തത്.

ഇതിഹാസം ചെവിക്കൊണ്ട ഓരോ തലമുറയും ചോദിച്ചിട്ടുണ്ട്, “അതെത്ക്ക്, മൊല്ലാക്ക?”

“അന്ത കുതരിയ്ക്കി ആര് തൊണ?” മൊല്ലാക്ക പറഞ്ഞു.

“അത്ക്ക് തൊണ പടച്ചവൻ. ഷെയ്ഖ് തങ്ങൾ.”

പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിൽ ആസ്ട്രോഫിസിക്സ് വിഭാഗത്തിൽ പിഎച്ച്ഡി ചെയ്യാൻ വരെ ക്വാളിഫിക്കേഷനുള്ള രവി എന്ന കഥാപാത്രം ഏകാധ്യാപക വിദ്യാലയം തുടങ്ങാൻ വരുന്ന ഖസാക്കിന്റെ ചരിത്രത്തെ ഗ്രന്ഥകാരനായ ഒ.വി വിജയൻ ഇങ്ങനെയാണ് എഴുതിത്തുടങ്ങുന്നത്.

മലയാള സാഹിത്യത്തിലെ കാലാതിവർത്തിയായ, ജീവസ്സുറ്റ കൃതിയാണ് ഖസാക്കിന്റെ ഇതിഹാസം. മലയാള നോവൽ സാഹിത്യത്തിൽ ഒരു പുതിയ വഴിത്തിരിവ് സൃഷ്ടിച്ച ഈ കൃതിയുടെ പ്രാധാന്യം അത്രമേൽ വലുതാണ്; ഖസാക്കിന്റെ ഇതിഹാസത്തിന് മുമ്പും അതിനുശേഷവും എന്ന രീതിയിൽ മലയാള സാഹിത്യത്തിന്റെ ഒരു കാലഘട്ടത്തെ തന്നെ നിർവചിക്കാൻ ഈ നോവലിന് സാധിച്ചു. ക്ലാസിക്കൽ റിയലിസത്തിൽ നിന്ന് മലയാള സാഹിത്യം ആധുനികതയിലേക്കും ആധുനികതാവാദത്തിലേക്കും മാറുന്ന ഘട്ടത്തിലെ നിർണായകമായ ഒരു കൃതിയാണിത്.

ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ 1967-ൽ പ്രസിദ്ധീകരിച്ച One Hundred Years of Solitude എന്ന നോവലുമായി ബന്ധപ്പെടുത്തി വായിക്കാവുന്ന മാന്ത്രിക യാഥാർത്ഥ്യവാദം (Magical Realism) എന്ന ആഖ്യാനരീതിയാണ് ഒ.വി. വിജയൻ ഖസാക്കിന്റെ ഇതിഹാസത്തിൽ അവതരിപ്പിക്കുന്നത്. ശാസ്ത്രവും യുക്തിയും മാത്രം അറിവിന്റെ സാധുവായ രൂപങ്ങളായി കണക്കാക്കുന്ന പാശ്ചാത്യകേന്ദ്രിത ആധുനികതയുടെ കൊളോണിയൽ ജ്ഞാനശാസ്ത്രത്തോടുള്ള പ്രതികരണമായി മിത്തുകളിലൂടെയും നാട്ടാചാരങ്ങളിലൂടെയും അതിഭൗതിക വിശ്വാസങ്ങളിലൂടെയും പ്രത്യക്ഷപ്പെടുന്ന ഈ ആഖ്യാനത്തെ വായിക്കാനാകും. അതുകൊണ്ടുതന്നെ മാന്ത്രിക യാഥാർത്ഥ്യവാദം ഒരു സാഹിത്യശൈലി എന്നതിനപ്പുറത്തേക്ക് ഒരു അപകോളനീകരണ വ്യവഹാരമായി (Decolonial Discourse) കൂടി മാറുന്നു.

ഖസാക്കിന്റെ ഇതിഹാസം പ്രസിദ്ധീകരിക്കപ്പെടുന്നതിനു മുമ്പ് പതിറ്റാണ്ടുകളോളം സാമൂഹിക യാഥാർത്ഥ്യവാദമായിരുന്നു (Social Realism) മലയാള നോവൽ സാഹിത്യത്തിൽ പ്രബലമായിരുന്നത്. തകഴി ശിവശങ്കരപ്പിള്ളയുടെ തോട്ടിയുടെ മകൻ, രണ്ടിടങ്ങഴി, പി. കേശവദേവിൻ്റെ ഓടയിൽ നിന്ന് തുടങ്ങിയ കൃതികൾ ജാതിവ്യവസ്ഥ, ജന്മികുടിയാൻ വ്യവസ്ഥ, ദാരിദ്ര്യം, കാർഷിക ചൂഷണം തുടങ്ങിയ ഇരുപതാം നൂറ്റാണ്ടിലെ കേരളത്തിന്റെ സാമൂഹിക യാഥാർത്ഥ്യങ്ങളെയാണ് അഭിമുഖീകരിച്ചത്.

ഇത്തരം സാഹിത്യകൃതികളും എഴുത്തുകാരും ഒരർത്ഥത്തിൽ അവരുടെ കാലത്തിന്റെ ആവശ്യമായിരുന്നു. ഒരു സമൂഹം അതിന്റെ അസ്തിത്വത്തെക്കുറിച്ചുള്ള ചോദ്യങ്ങളും ആകുലതകളും ഉന്നയിക്കാൻ തുടങ്ങുന്നത് പലപ്പോഴും ദാരിദ്ര്യം, തൊഴിൽവ്യവസ്ഥ, ജാതീയത, സാമൂഹിക അസമത്വം തുടങ്ങിയ പ്രശ്നങ്ങൾ അതിന്റെ ഉച്ചസ്ഥായിയിലെത്തുകയോ അവയിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ സംഭവിക്കുകയോ ചെയ്യുന്ന ഘട്ടത്തിലാണ്. യൂറോപ്പിൽ വ്യവസായവൽക്കരണവും നഗരവൽക്കരണവും സൃഷ്ടിച്ച അന്യവൽക്കരണത്തിൽ (Alienation) നിന്നും അസ്തിത്വപ്രതിസന്ധിയിൽനിന്നും രൂപംകൊണ്ട സാഹിത്യധാരകൾ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ മലയാള സാഹിത്യത്തിലും പുതിയ രൂപങ്ങളിൽ പ്രത്യക്ഷപ്പെടുന്നു.

അപ്പോൾ, മലയാള സാഹിത്യത്തിലെ ഒരു ആധുനികതാവാദ നോവലായിരിക്കെ തന്നെ ഖസാക്കിന്റെ ഇതിഹാസം ആധുനികതയുടെ വ്യവസ്ഥാപിത സങ്കൽപ്പങ്ങളോട് എങ്ങനെയാണ് പ്രതികരിക്കുന്നത്? നോവലിലെ Magical Realism എങ്ങനെയാണ് ഒരു അപകോളനീകരണ വ്യവഹാരമായി മാറുന്നത്? അസ്തിത്വവാദ തത്വചിന്തയോടും ആൽബർട്ട് കാമുവിന്റെ കഥാപാത്രങ്ങളോടും ഖസാക്കിലെ രവിക്ക് എങ്ങനെയാണ് ബന്ധവും വ്യത്യാസവും രൂപപ്പെടുന്നത്? ഈ ചോദ്യങ്ങളെയാണ് ഈ ലേഖനം പരിശോധിക്കുന്നത്.

സത്യം പലത്: ആധുനികതയുടെ ബൃഹദാഖ്യാനങ്ങളോടുള്ള ഖസാക്കിന്റെ പ്രതികരണം

“അവനോടെ സത്തിയം എന്നാ?” അവർ അന്യോന്യം ചോദിച്ചു.

അവരോർത്തു. മൊല്ലാക്ക നൈസാമലിയെയെ ശപിച്ചത്.

ജപിച്ചു മണ്ണുവാരി എറിഞ്ഞപ്പോൾ മൊല്ലാക്ക അടിതെറ്റിയത്.

“ശൈയ്ക്ക് തമ്പിരാനോടെ സത്തിയം” അവർ പറഞ്ഞു.

“അപ്പടിയനാൽ മൊല്ലാക്ക പൊയ്യാ?” അവർ വീണ്ടും ചോദിച്ചു.

“മൊല്ലാക്കയ്ം സത്തിയം താൻ” അവർ പറഞ്ഞു.

“അതെപ്പ്ടി?”

“സത്തിയം പലത്!”

മോഡേണിറ്റി സ്ഥാപിച്ചെടുത്ത ബൃഹദാഖ്യാനങ്ങളോടുള്ള (Meta-narratives) ഖസാക്കിന്റെ പ്രതികരണമായി “സത്തിയം പലത്” എന്ന പ്രസ്താവനയെ മനസ്സിലാക്കാം. ജീൻ ഫ്രാൻസ്വാ ലിയൊത്താർഡ് (Jean-François Lyotard) ആധുനികതയ്ക്കെതിരെ മുന്നോട്ടുവെച്ച “Incredulity towards Meta-narratives” എന്ന ആശയവുമായി ഈ പ്രസ്താവനയ്ക്ക് അടുത്ത ബന്ധമുണ്ട്. സർവസാധാരണവും ഏകവുമായ ഒരു സത്യത്തെ സ്ഥാപിക്കുന്ന ബൃഹദാഖ്യാനങ്ങളോടുള്ള അവിശ്വാസമാണ് ഇവിടെ പ്രകടമാകുന്നത്.

ഒ.വി. വിജയന്റെ തന്നെ The Legends of Khasak എന്ന ഇംഗ്ലീഷ് വിവർത്തനത്തിൽ “സത്തിയം പലത്” എന്നതിന് “Many Truths Make Big Truths” എന്നാണ് നൽകിയിരിക്കുന്നത്. അതായത്, സത്യം എന്നത് ഒരൊറ്റ കേന്ദ്രത്തിൽനിന്ന് നിർവചിക്കപ്പെടുന്ന ഏകവസ്തുവല്ല; വ്യത്യസ്ത മനുഷ്യാനുഭവങ്ങളും വിശ്വാസങ്ങളും ഓർമ്മകളും മിത്തുകളും ചേർന്ന് സത്യത്തിന്റെ ബഹുസ്വരത രൂപപ്പെടുത്തുന്നുണ്ട്. ഇതുകൊണ്ടുതന്നെ ഖസാക്കിന്റെ ഇതിഹാസത്തിന് ഒരു പോസ്റ്റ്‌കൊളോണിയൽ വായന സാധ്യമാണെങ്കിലും, അതിനെ പൂർണമായും പോസ്റ്റ്‌കൊളോണിയാലിറ്റിയുടെ ചട്ടക്കൂടിനകത്ത് ഒതുക്കാൻ സാധിക്കില്ല. കൊളോണിയൽ അധികാരത്തിന്റെ രാഷ്ട്രീയ-സാമൂഹിക ഘടനകളെ മാത്രം ചോദ്യം ചെയ്യുന്നതിനപ്പുറം, അറിവിനെ നിർവചിക്കാനുള്ള അധികാരത്തെയും യാഥാർത്ഥ്യത്തെ നിർണയിക്കാനുള്ള അധികാരത്തെയും ഖസാക്ക് ചോദ്യം ചെയ്യുന്നുണ്ട്.

ആസ്ട്രോഫിസിക്സിൽ പഠിച്ച, ലോകോത്തര സർവകലാശാലയിൽ പി.എച്ച്.ഡി. ചെയ്യാൻ അവസരം ലഭിച്ച രവി ആധുനിക ശാസ്ത്രത്തിന്റെയും യുക്തിയുടെയും പ്രതീകമാണ്. എന്നാൽ അയാൾ എത്തിച്ചേരുന്നത് പാരമ്പര്യങ്ങളുടെയും മിത്തുകളുടെയും നാട്ടാചാരങ്ങളുടെയും ഹൃദയമായ ഖസാക്കിലെ ഏകാധ്യാപക വിദ്യാലയത്തിലേക്കാണ്.

രണ്ടാനമ്മയുമായുണ്ടായ ലൈംഗികബന്ധത്തിന്റെ കുറ്റബോധം പേറി അലഞ്ഞുനടന്നിരുന്ന രവി ഒടുവിൽ കൂമൻകാവിനും ചെതലിമലയ്ക്കുമപ്പുറത്ത് നാഗരികതയുടെ സ്പർശം പരിമിതമായ ഖസാക്കിൽ അഭയം കണ്ടെത്തുന്നു. എന്നാൽ രവിയുടെ ശാസ്ത്രബോധം ഖസാക്കിന്റെ പാരമ്പര്യത്തെ കീഴടക്കുന്നില്ല; അതുപോലെ ഖസാക്കിന്റെ പാരമ്പര്യം രവിയുടെ ശാസ്ത്രബോധത്തെയും കീഴടക്കുന്നില്ല. പകരം, ആധുനിക വിദ്യാസമ്പന്നനായ രവി ക്രമേണ ഖസാക്കിന്റെ കെട്ടുകഥകളിലും പാരമ്പര്യങ്ങളിലും അതിഭൗതികതയിലും ലയിച്ചുചേരുകയാണ് ചെയ്യുന്നത്.

തന്റെ വിദ്യാർത്ഥികളായ കുഞ്ഞാമിനയുടെയും പാത്തുമ്മയുടെയും അടുത്തുനിന്ന് ഖസാക്കിലെ ഭൂതങ്ങളുടെയും പ്രേതങ്ങളുടെയും ജിന്നുകളുടെയും ഷെയ്ക്കിന്റെയും കഥകൾ രവി കേൾക്കുന്നു. എന്നാൽ അവൻ അവരെ തിരുത്താൻ ശ്രമിക്കുന്നില്ല. അവരുടെ വിശ്വാസങ്ങളെ ശാസ്ത്രീയമായ യുക്തിയുടെ മാനദണ്ഡത്തിൽ അളക്കുകയും ചെയ്യുന്നില്ല.

രവി അനുഭവിക്കുന്ന കുറ്റബോധത്തിനും അന്യവൽക്കരണത്തിനും സ്വത്വപ്രതിസന്ധിക്കും ആധുനികതയ്ക്കകത്തോ ശാസ്ത്രവിദ്യാഭ്യാസത്തിനകത്തോ ലഭിക്കാത്ത ഒരുതരം ശാന്തിയും സമാധാനവും ഖസാക്കിന്റെ കെട്ടുകഥകളിലും പാരമ്പര്യങ്ങളിലും അതിഭൗതികതയിലും അവന് ലഭിക്കുന്നുണ്ട്.

ഇവിടെ ഖസാക്കിന്റെ ഇതിഹാസം ശാസ്ത്രത്തെ നിഷേധിക്കുകയോ അന്ധവിശ്വാസത്തെ ആഘോഷിക്കുകയോ ചെയ്യുന്നില്ല. മറിച്ച്, ശാസ്ത്രവാദം സ്ഥാപിച്ചിരിക്കുന്ന അറിവിന്റെ ഏകാധിപത്യത്തെയാണ് അത് ചോദ്യം ചെയ്യുന്നത്. യുക്തിക്ക് പുറത്തുള്ളതെല്ലാം അറിവല്ല എന്ന ധാരണയ്ക്ക് പകരം, അനുഭവം, മിത്ത്, ഓർമ്മ, വിശ്വാസം, സ്വപ്നം എന്നിവയെയും അറിവിന്റെ സാധ്യതകളായി കൃതി പരിഗണിക്കുന്നു.

അതുകൊണ്ടുതന്നെ ഖസാക്കിലെ പ്രശ്നം യുക്തിയും വിശ്വാസവും തമ്മിലുള്ള ലളിതമായ സംഘർഷമല്ല. എന്താണ് അറിവ്? ആരാണ് യാഥാർത്ഥ്യത്തെ നിർണയിക്കുന്നത്? ഏത് അറിവിനാണ് സാധുത നൽകേണ്ടത്? എന്നിങ്ങനെയുള്ള ആഴത്തിലുള്ള താത്വിക ചോദ്യങ്ങളിലേക്കാണ് ഖസാക്കിന്റെ ആഖ്യാനം നമ്മെ കൊണ്ടുപോകുന്നത്.

മാജിക്കൽ റിയലിസം: ഒരു അപകോളനീകരണ ജ്ഞാനശാസ്ത്രം

ഖസാക്കിന്റെ ഇതിഹാസത്തിന്റെ ഏറ്റവും വലിയ സവിശേഷതകളിലൊന്നാണ് അതിലെ മാന്ത്രിക യാഥാർത്ഥ്യവാദം (Magical Realism). മാന്ത്രിക യാഥാർത്ഥ്യവാദത്തെ അതിഭൗതിക സംഭവങ്ങളെ ഒരു റിയലിസ്റ്റിക് ആഖ്യാനത്തിനകത്തേക്ക് കൊണ്ടുവരുന്ന സാഹിത്യസങ്കേതം മാത്രമായി മനസ്സിലാക്കുന്നത് അപര്യാപ്തമാണ്.

പകരം, ശ്രേണീക്രമീകരണമില്ലാതെ (Hierarchical Ordering) ഒന്നിലധികം യാഥാർത്ഥ്യസങ്കൽപ്പങ്ങൾ (Multiple Conceptions of Reality) ഒരേസമയം നിലനിൽക്കുന്നതിനെയാണ് മാന്ത്രിക യാഥാർത്ഥ്യവാദത്തിന്റെ അടിസ്ഥാനമായി കാണേണ്ടത്.

മാന്ത്രികവും സാധാരണവും, പവിത്രവും ലൗകികവും, മിത്തും ചരിത്രവും—ഇവയെല്ലാം ഒരേ അസ്തിത്വപരമായ സാധുതയോടെയാണ് (Ontological Validity) ഖസാക്കിൽ ആഖ്യാനിക്കപ്പെടുന്നത്.

ഒ.വി. വിജയന്റെ ആഖ്യാനം മാന്ത്രികതയെയോ അത്ഭുതങ്ങളെയോ ഇതിഹാസങ്ങളെയോ അതിഭൗതിക അനുഭവങ്ങളെയോ ശാസ്ത്രീയ യുക്തിയിലൂടെ വിശദീകരിക്കാൻ ശ്രമിക്കുന്നില്ല. പകരം, അവയെല്ലാം ലോകയാഥാർത്ഥ്യത്തിന്റെ സാധുവായ ഘടകങ്ങളായി സ്വീകരിക്കപ്പെടുന്നു.

ഇതുതന്നെയാണ് മാന്ത്രിക യാഥാർത്ഥ്യവാദത്തിന്റെ രാഷ്ട്രീയവും താത്വികവുമായ പ്രാധാന്യം. അത് കേവലം ഒരു സാഹിത്യശൈലിയല്ല; അറിവിന്റെ അധികാരത്തെക്കുറിച്ചുള്ള ഒരു നിലപാടുകൂടിയാണ്.

കൊളോണിയലിസം കേവലം രാഷ്ട്രീയ അധീശത്വം സ്ഥാപിച്ച ഒരു സംവിധാനമായിരുന്നില്ല. യൂറോപ്യൻ ജ്ഞാനവ്യവസ്ഥയെ സാർവത്രികവും ശ്രേഷ്ഠവുമായ അറിവായി ഉയർത്തിക്കാട്ടുന്നതിലൂടെ അത് ഒരു ജ്ഞാനശാസ്ത്രപരമായ അധീശത്വവും (Epistemological Authority) സ്ഥാപിച്ചു. തദ്ദേശീയ പ്രപഞ്ചദർശനങ്ങൾ, വാമൊഴി പാരമ്പര്യങ്ങൾ, മതപരമായ ഭാവനകൾ, നാട്ടറിവുകൾ, മിത്തുകൾ എന്നിവയെ അയുക്തികവും പ്രാകൃതവും ശാസ്ത്രീയമല്ലാത്തതുമായ അറിവുകളായി തള്ളിക്കളയുകയായിരുന്നു ഇതിന്റെ ഫലം.

ഈ epistemological exclusion-നെതിരെയുള്ള ഒരു പ്രതികരണമായാണ് മാജിക്കൽ റിയലിസത്തെ വായിക്കാനാകുന്നത്.

ഖസാക്കിലെ മിത്തുകൾ വെറും പഴങ്കഥകളല്ല. അവ ഖസാക്കിലെ മനുഷ്യരുടെ ലോകത്തെ മനസ്സിലാക്കുന്നതിനുള്ള മാർഗങ്ങളാണ്. അവിടത്തെ മനുഷ്യർ അവരുടെ ജീവിതത്തെയും മരണത്തെയും പ്രകൃതിയെയും ദൈവത്തെയും മനുഷ്യബന്ധങ്ങളെയും തിരിച്ചറിയുന്നത് ഈ കഥകളിലൂടെയാണ്. അതുകൊണ്ട് മിത്ത് ഇവിടെ ചരിത്രത്തിന്റെ വിപരീതമല്ല; ചരിത്രത്തെ അനുഭവിക്കുന്ന മറ്റൊരു മാർഗമാണ്.

അതുപോലെ, അതിഭൗതികത യാഥാർത്ഥ്യത്തിന്റെ നിഷേധമല്ല. യാഥാർത്ഥ്യത്തിന്റെ അതിരുകളെക്കുറിച്ചുള്ള ആധുനിക നിർവചനത്തെ ചോദ്യം ചെയ്യുന്ന മറ്റൊരു epistemological plane ആണത്.

അതിനാൽ ഖസാക്കിലെ മാജിക്കൽ റിയലിസം അറിവിന്റെ ബഹുസ്വരതയെ അംഗീകരിക്കുന്ന ഒരു ബദൽ ജ്ഞാനശാസ്ത്രമായി (Alternative Epistemology) മാറുന്നു. പാശ്ചാത്യ ആധുനികതയുടെ ഏകജ്ഞാനകേന്ദ്രത്തിനെതിരെ പ്രാദേശികവും തദ്ദേശീയവുമായ അറിവുകളുടെ സാധുത പുനഃസ്ഥാപിക്കുന്നതിലൂടെ അത് ഒരു അപകോളനീകരണ വ്യവഹാരത്തിന്റെ രൂപം കൈക്കൊള്ളുന്നു.

രവി, കാമു, അസ്തിത്വത്തിന്റെ അസംബന്ധത: നിശ്ശബ്ദ ലോകവും സംസാരിക്കുന്ന ഖസാക്കും

ഖസാക്കിന്റെ ഇതിഹാസം സൃഷ്ടിച്ച താത്വികമായ പരിവർത്തനത്തെ ഇരുപതാം നൂറ്റാണ്ടിലെ ആധുനിക സാഹിത്യത്തിന്റെ വിശാലമായ ചരിത്രത്തിൽനിന്ന് വേർതിരിച്ചുനിർത്തി മനസ്സിലാക്കാൻ സാധിക്കില്ല.

ഇരുപതാം നൂറ്റാണ്ടിലെ യൂറോപ്യൻ സാഹിത്യത്തിന്റെ നിർണായക സവിശേഷതകളിലൊന്ന് അതിന്റെ അസ്തിത്വപ്രതിസന്ധിയായിരുന്നു. ജ്ഞാനോദയത്തെ തുടർന്ന് വന്ന വ്യവസായവൽക്കരണവും നഗരവൽക്കരണവും രണ്ട് ലോകമഹായുദ്ധങ്ങളുടെ ദുരിതാനുഭവങ്ങളും മനുഷ്യന്റെ ജീവിതത്തെക്കുറിച്ചുള്ള അടിസ്ഥാന ധാരണകളെ തന്നെ തകർത്തു. അതോടെ സാഹിത്യത്തിന്റെ കേന്ദ്രവിഷയങ്ങൾ സാമൂഹികപരിവർത്തനത്തിൽനിന്ന് അർത്ഥം, സ്വാതന്ത്ര്യം, സത്ത, അസ്തിത്വം തുടങ്ങിയ മൗലിക ചോദ്യങ്ങളിലേക്ക് മാറി.

ഫ്യോദോർ ദസ്തയേവ്സ്കി, ഫ്രാൻസ് കാഫ്ക, ആൽബർട്ട് കാമു, ജീൻ പോൾ സാർത്ര് തുടങ്ങിയ എഴുത്തുകാർ സമൂഹത്തെക്കുറിച്ചോ സാമൂഹിക പുരോഗതിയെക്കുറിച്ചോ മാത്രം എഴുതിയിരുന്നില്ല. മറിച്ച്, അതിഭൗതികമായ തീർപ്പുകൾ (Metaphysical Certainties) തകർന്നടിഞ്ഞ ഒരു ലോകത്ത് മനുഷ്യന്റെ അസ്തിത്വത്തിന് എന്താണ് അർത്ഥം എന്ന ചോദ്യമാണ് അവരുടെ രചനകളുടെ കേന്ദ്രത്തിൽ ഉണ്ടായിരുന്നത്.

ഇത്തരമൊരു പശ്ചാത്തലത്തിലാണ് Existential Literature ആധുനിക സാഹിത്യത്തിലെ പ്രധാനധാരയായി മാറുന്നത്.

മലയാള സാഹിത്യവും ഒരു ഘട്ടത്തിൽ സമാനമായ താത്വിക പരിവർത്തനത്തിലേക്ക് കടന്നുവന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാല നോവലുകൾ പ്രധാനമായും കൊളോണിയലിസം, ജാതിരാഷ്ട്രീയം, കാർഷികചൂഷണം, സാമൂഹിക അസമത്വം തുടങ്ങിയ വിഷയങ്ങളെയാണ് അഭിമുഖീകരിച്ചിരുന്നത്. ഈ ധാരയിൽനിന്നുള്ള ഒരു വലിയ വ്യതിചലനമായിരുന്നു ഖസാക്കിന്റെ ഇതിഹാസം.

ഒരുപക്ഷേ, തന്റെ പ്രാഥമിക പ്രശ്നം രാഷ്ട്രീയമോ സാമ്പത്തികമോ അല്ലാതെ സത്താപരമായ പ്രതിസന്ധിയായ ആദ്യകാല മലയാള സാഹിത്യകഥാപാത്രങ്ങളിൽ ഏറ്റവും ശ്രദ്ധേയനായത് രവിയായിരിക്കാം.

രണ്ടാനമ്മയുമായുണ്ടായ ലൈംഗികബന്ധത്തിന്റെ കുറ്റബോധത്തെ തുടർന്ന് തന്റെ കരിയറും അക്കാദമിക ഭാവിയും ഉപേക്ഷിച്ച് ഖസാക്ക് എന്ന ഉൾഗ്രാമത്തിലേക്ക് പിൻവാങ്ങുകയാണ് രവി. അയാൾ നേരിടുന്നത് സാമൂഹികമായ ഒരു പ്രശ്നത്തേക്കാൾ ആഴത്തിലുള്ള സത്താപരമായ പ്രതിസന്ധിയാണ്.

ഈയൊരു തലത്തിലാണ് രവിയെ ആൽബർട്ട് കാമുവിന്റെ കഥാപാത്രങ്ങളുമായി താരതമ്യം ചെയ്ത് വായിക്കാനുള്ള സാധ്യത രൂപപ്പെടുന്നത്.

മേഴ്സോ കഥാപാത്രം

The Stranger എന്ന നോവലിലെ മേഴ്സോ (Meursault), The Fall എന്ന നോവലിലെ ജീൻ-ബാപ്റ്റിസ്റ്റ് ക്ലമൻസ് (Jean-Baptiste Clamence), ഖസാക്കിന്റെ ഇതിഹാസത്തിലെ രവി—ഇവരെല്ലാം ഒരുതരം ആഴത്തിലുള്ള അന്യവൽക്കരണം അനുഭവിക്കുന്ന കഥാപാത്രങ്ങളാണ്. ജീവിതത്തിലെ ഒരു സംഭവത്തിന്റെ കുറ്റബോധമോ അർത്ഥശൂന്യതയോ പേറി സാമൂഹിക ജീവിതത്തിൽനിന്ന് ഉൾവലിഞ്ഞ്, മനുഷ്യന്റെ നിലനിൽപ്പിന്റെ അടിസ്ഥാന ചോദ്യങ്ങളെ അഭിമുഖീകരിക്കുകയാണ് ഇവർ.

എന്നാൽ ഖസാക്കിന്റെ ഇതിഹാസവും കാമുവിന്റെ അസ്തിത്വവാദവും തമ്മിലുള്ള സാമ്യം സത്താപരമായ പ്രതിസന്ധിയുടെ തലത്തിൽ അവസാനിക്കുന്നു.

കാമുവിന്റെ തത്വചിന്തയുടെ കേന്ദ്രത്തിൽ The Absurd ആണ്. മനുഷ്യന്റെ അർത്ഥത്തിനും ലക്ഷ്യത്തിനുമുള്ള അനന്തമായ അന്വേഷണവും അതിനോട് പ്രപഞ്ചം പുലർത്തുന്ന നിശ്ശബ്ദതയും തമ്മിലുള്ള സംഘർഷത്തെയാണ് Absurd സൂചിപ്പിക്കുന്നത്.

The Stranger-ലെ മേഴ്സോയുടെ ലോകം അടിസ്ഥാനപരമായി നിശ്ശബ്ദമാണ്. കഥാപാത്രത്തിന്റെ സത്താപരമായ പ്രതിസന്ധികൾക്കും അവൻ നേരിടുന്ന ബാഹ്യപ്രശ്നങ്ങൾക്കും ചുറ്റുപാടിൽനിന്ന് യാതൊരു അന്തിമമായ അർത്ഥപ്രതികരണവും ലഭിക്കുന്നില്ല. ലോകം നിശ്ശബ്ദമായി തുടരുന്നു.

എന്നാൽ ഖസാക്ക് ഒരു നിശ്ശബ്ദ ഇടമല്ല.

മിത്തുകളും മാന്ത്രികതകളും പവിത്രതയും സ്വപ്നങ്ങളും അതിഭൗതികതയും സമ്മേളിക്കുന്ന ഒരു ഭൂമിശാസ്ത്രവും ഭാവനാലോകവുമാണ് ഖസാക്ക്. ഷെയ്ക്ക് മിയാൻ തങ്ങളുടെ ആത്മീയ സാന്നിധ്യം, അല്ലാപ്പിച്ച മൊല്ലാക്ക, ഖാലിയാർ എന്ന് വിളിക്കപ്പെടുന്ന നൈസാമലി, ഖസാക്കിനെ ചുറ്റിപ്പറ്റി സഞ്ചരിക്കുന്ന എണ്ണമറ്റ കഥകൾ—ഇവയെല്ലാം ചേർന്ന് പ്രതീകാത്മകമായ അർത്ഥങ്ങളാൽ സമ്പന്നമായ ഒരു ലോകത്തെ സൃഷ്ടിക്കുന്നു.

അതുകൊണ്ട് കാമുവിന്റെ കഥാപാത്രങ്ങൾ നേരിടുന്ന ലോകത്തിന്റെ നിശ്ശബ്ദതയ്ക്ക് വിപരീതമായി, രവി പ്രവേശിക്കുന്നത് സംസാരിക്കുന്ന ഒരു ലോകത്തിലേക്കാണ്.

കാമുവിന്റെ ലോകത്ത് മനുഷ്യൻ അർത്ഥം അന്വേഷിക്കുമ്പോൾ പ്രപഞ്ചം നിശ്ശബ്ദമാണ്. എന്നാൽ ഖസാക്കിൽ അർത്ഥം മിത്തുകളിലൂടെയും കഥകളിലൂടെയും സ്വപ്നങ്ങളിലൂടെയും വിശ്വാസങ്ങളിലൂടെയും ഓർമ്മകളിലൂടെയും അതിഭൗതിക അനുഭവങ്ങളിലൂടെയും നിരന്തരം പ്രത്യക്ഷപ്പെടുന്നു.

ഇതാണ് രവിയെയും കാമുവിന്റെ കഥാപാത്രങ്ങളെയും വേർതിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട താത്വിക വ്യത്യാസം.

രവിയുടെ പ്രതിസന്ധിക്ക് ഖസാക്ക് ഒരു അന്തിമമായ ഉത്തരം നൽകുന്നില്ല. എന്നാൽ അവന്റെ അസ്തിത്വത്തെ ചുറ്റിപ്പറ്റിയുള്ള നിശ്ശബ്ദതയെ അത് തകർക്കുന്നു. ആധുനിക യുക്തിക്ക് അർത്ഥശൂന്യമെന്ന് തോന്നുന്ന കഥകളിലും മിത്തുകളിലും അതിഭൗതികതയിലും രവി മറ്റൊരു ലോകാനുഭവത്തെ കണ്ടെത്തുന്നു.

അതിനാൽ ഖസാക്കിന്റെ ഇതിഹാസം യൂറോപ്യൻ അസ്തിത്വവാദത്തെ മലയാളത്തിലേക്ക് വെറുതെ ഇറക്കുമതി ചെയ്യുന്ന ഒരു കൃതിയല്ല. മറിച്ച്, അസ്തിത്വപ്രതിസന്ധിയെ ഒരു തദ്ദേശീയമായ മിത്തിക് ലോകത്തിലൂടെ പുനർവായിക്കുന്ന കൃതിയാണ്.

ഇവിടെ ചോദ്യം “ജീവിതത്തിന് അർത്ഥമുണ്ടോ?” എന്നതിൽ മാത്രം ഒതുങ്ങുന്നില്ല. അതിനേക്കാൾ അടിസ്ഥാനപരമായി “യാഥാർത്ഥ്യം എന്താണ്?”, “ആരാണ് യാഥാർത്ഥ്യത്തെ നിർവചിക്കുന്നത്?”, “മിത്തിന് അറിവിന്റെ സാധുതയുണ്ടോ?”, “അതിഭൗതികതയ്ക്ക് അസ്തിത്വപരമായ സാധുതയുണ്ടോ?” എന്ന ചോദ്യങ്ങളിലേക്കാണ് അത് നീളുന്നത്.

അങ്ങനെ നോക്കുമ്പോൾ, ഖസാക്കിന്റെ താത്വിക ലോകം ആധുനികതയ്ക്കും പാരമ്പര്യത്തിനും ഇടയിൽ ഒരു തിരഞ്ഞെടുപ്പ് നടത്തുകയല്ല ചെയ്യുന്നത്. ശാസ്ത്രത്തിന്റെയും മിത്തിന്റെയും, യുക്തിയുടെയും ഭാവനയുടെയും, ചരിത്രത്തിന്റെയും ഇതിഹാസത്തിന്റെയും, സാധാരണയുടെയും മാന്ത്രികത്തിന്റെയും ലോകങ്ങളെ ഒരേ ആഖ്യാനപ്രതലത്തിൽ സഹവർത്തിത്വത്തിലാക്കുകയാണ് അത്.

ഖസാക്ക് ആധുനികതയുടെ നിഷേധമല്ല; ആധുനികതയുടെ ഏകാധിപത്യത്തോടുള്ള ചോദ്യം ചെയ്യലാണ്.

അതുപോലെ, അത് പാരമ്പര്യത്തിന്റെ അന്ധമായ ആഘോഷവുമല്ല. മറിച്ച്, ആധുനിക യുക്തി പുറത്താക്കിയ അറിവുകളെയും അനുഭവങ്ങളെയും വീണ്ടും കേൾക്കാനുള്ള ഒരു ഇടമാണ്.

അതുകൊണ്ടുതന്നെ ഖസാക്കിന്റെ ഇതിഹാസത്തിന്റെ താത്വിക പ്രാധാന്യം അതിന്റെ കഥയിൽ മാത്രമല്ല, യാഥാർത്ഥ്യം എന്നതിനെ തന്നെ പുനർനിർവചിക്കാനുള്ള അതിന്റെ ശ്രമത്തിലാണ്.

മാന്ത്രികവും സാധാരണവും, പവിത്രവും ലൗകികവും, മിത്തും ചരിത്രവും, ശാസ്ത്രവും വിശ്വാസവും—ഇവയിൽ ഒന്നിനെ മറ്റൊന്നിന് കീഴ്പ്പെടുത്താതെ ഒരേ അസ്തിത്വത്തിന്റെ വ്യത്യസ്ത മുഖങ്ങളായി കാണാൻ ഖസാക്ക് നമ്മെ പഠിപ്പിക്കുന്നു.

അവസാനമായി, “സത്തിയം പലത്” എന്ന ഖസാക്കിന്റെ വാക്ക് ഒരു കഥാപാത്രത്തിന്റെ സംഭാഷണം മാത്രമല്ല; അത് മുഴുവൻ നോവലിന്റെയും താത്വിക പ്രഖ്യാപനമായി മാറുന്നു. സത്യം ഏകമല്ല; യാഥാർത്ഥ്യവും ഏകമല്ല. പല അനുഭവങ്ങളും പല അറിവുകളും പല വിശ്വാസങ്ങളും പല ലോകദർശനങ്ങളും ചേർന്നാണ് മനുഷ്യന്റെ യാഥാർത്ഥ്യം രൂപപ്പെടുന്നത്.

അവിടെയാണ് ഖസാക്കിന്റെ ഇതിഹാസം മലയാള ആധുനികതയുടെ അതിരുകൾ കടന്ന് ഒരു വിശാലമായ താത്വിക ലോകമായി മാറുന്നത്.

നാജിൽ മുഹമ്മദ്