തത്വചിന്താപരമായ തിരിച്ചറിവുകൾക്ക് അത്രയൊന്നും സാധ്യതയില്ലാത്ത ഒരിടമാണ് മോണ്ടി പൈഥൺ എന്ന ചലച്ചിത്രം. എങ്കിലും, അപരിചിതവും അപ്രതീക്ഷിതവുമായ അത്തരം ഇടങ്ങളും ചിലപ്പോഴൊക്കെ ചില പ്രചോദനങ്ങൾക്ക് നിമിത്തമാവാറുണ്ട്. പ്രസ്തുത ചിത്രത്തിൽ മൈക്ക്ൾ പാലിൻ അവതരിപ്പിച്ച ഹാസ്യ സ്വഭാവമുള്ള ഒരു അക്കൗണ്ടന്റിന്റെ കഥാപാത്രം ജോൺ ക്ലീസിന്റെ കഥാപാത്രത്തെ തന്റെ കരിയറുമായി ബന്ധപ്പെട്ട ഉപദേശത്തിനായി സമീപിക്കുന്നുണ്ട്. തന്റെ വ്യക്തിത്വത്തിന്റെ വിശകലനവും ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിനും ശേഷം, ചാർട്ടേഡ് അക്കൗണ്ടിംഗ് ആണ് അദ്ദേഹത്തിന് ഏറ്റവും ഉചിതമായ മേഖലയെന്ന ഉപദേശമാണ് പാലിന്റെ കഥാപാത്രത്തിന് ലഭിക്കുന്നത്. ഈ ഘട്ടത്തിൽ പാലിന്റെ കഥാപാത്രം താൻ നിലവിൽ ജോലി ചെയ്യുന്നത് അക്കൗണ്ടിംഗ് മേഖലയിലാണെന്ന് വ്യക്തമാക്കുന്നു. ഒപ്പം, ആ മേഖല എത്രത്തോളം വിരസമായാണ് തനിക്കനുഭവപ്പെടുന്നതെന്ന് ചുരുങ്ങിയത് ഒരു പത്ത് തവണയെങ്കിലും ‘വിരസത’ എന്ന പദം കൂടെക്കൂടെ ഉപയോഗിച്ച് വിശദീകരിക്കുന്നു. പാലിന്റെ കഥാപാത്രത്തിന്റെ അഭിരുചി പരിശോധനയും മറ്റും ഉപയോഗിച്ചുകൊണ്ടാണ് ക്ലീസിന്റെ കഥാപാത്രം ഇതിനോട് ഇപ്രകാരം പ്രതികരിക്കുന്നത്:
“ശരിയാണ് മിസ്റ്റർ ആൻകവി, പക്ഷേ നിങ്ങളുടെ റിപ്പോർട്ട് നോക്കൂ, നിങ്ങളങ്ങേയറ്റം വിരസമായൊരു വ്യക്തിത്വമാണെന്നാണ് അത് പറയുന്നത്. നോക്കൂ, ഞങ്ങളുടെ വിദഗ്ദർ താങ്കളെ അങ്ങേയറ്റം വിരസവും, ഭാവനാശൂന്യനും, ഭീരുവും, ഒരു കാര്യം സ്വന്തം ഇഷ്ടപ്രകാരം ചെയ്യാൻ കഴിവില്ലാത്തവനും, നട്ടെല്ലില്ലാത്തവനും, ആർക്കും എളുപ്പം കീഴടക്കാവുന്നതും, അരസികനും, മുഷിപ്പിക്കുന്നതുമായ ഒരു നികൃഷ്ട വ്യക്തിത്വമായാണ് വിശദീകരിക്കുന്നത്. ഒട്ടുമിക്ക മേഖലയിലും ഈ വിശേഷണങ്ങളൊക്കെ പോരായ്മകളാണെങ്കിലും, ചാർട്ടേഡ് അക്കൗണ്ടൻസിയിൽ അവയൊക്കെ പോസിറ്റീവായ ഗുണങ്ങളാണ്.”
ഇതിൽ നിന്നുരുത്തിരിയുന്ന ചോദ്യമിതാണ്; ഊർജ്ജസ്വലരും വർണ്ണപകിട്ടാർന്നതുമായ വ്യക്തികളെ നിർവ്വികാരരും മുരടരുമാക്കിത്തീർക്കുന്നത് അക്കൗണ്ടിംഗ് മേഖലയിൽ ജോലി ചെയ്യുന്നതാണോ, അതല്ല, മുഷിപ്പരായ ആളുകൾക്ക് ഫൈനാൻസ് മേഖലയിൽ ജോലി ചെയ്യാനുള്ള പ്രവണതയുണ്ടെന്നതാണോ ശരി?
ഇതിന്റെ തെളിവ് ശ്രദ്ധേയമാണ്. 1993-ൽ റോബർട്ട് ഫ്രാങ്ക് നടത്തിയ ഒരു പഠനം സാമ്പത്തികശാസ്ത്ര വിദ്യാർത്ഥികൾ ശരാശരി മനുഷ്യജീവികളേക്കാൾ സ്വാർത്ഥരും സ്വതാൽപര്യത്തിന് പ്രാധാന്യം കൊടുക്കുന്നവരുമാണെന്ന് കണ്ടെത്തുന്നുണ്ട്. മണിക്കൂറുകളോളം നീണ്ടു നിൽക്കുന്ന ലെക്ചറുകളിൽ ഇരുന്ന് ‘മനുഷ്യജീവികൾ എത്രത്തോളം സ്വാർത്ഥരാണെ’ന്നും, ‘വ്യക്തികേന്ദ്രീകൃതരായ ജീവികൾ സ്വന്തം സുഖങ്ങളിൽ മാത്രം തൽപരരായിരിക്കുന്നതെങ്ങനെ’യെന്നും (റാഷണൽ ചോയിസ് തിയറി, അഥവാ RCT, നിർദ്ദേശിക്കുന്ന പ്രകാരം) നിരന്തരം ശ്രവിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയിൽ, അവന്റെ അന്തർലീനമായിരിക്കുന്ന സാമൂഹിക സഹകരണത്തിനുള്ള സ്വാഭാവിക പ്രവണത മരവിക്കുന്നതിലേക്ക് നയിക്കുന്നു. റാഷണൽ ചോയിസ് തിയറിയുടെ വിമർശകർ മനുഷ്യജീവിയുടെ ഹോമോ സാപ്പിയൻസിൽ നിന്നും ഹോമോ എക്കണോമിക്കസിലേക്കുള്ള (സാമ്പത്തിക മനുഷ്യൻ) പ്രശ്നകരമായ പരിണാമത്തെക്കുറിച്ച് വാചാലരാവുന്നതായി കാണാനാവും. ഈ പരിണാമം, സ്വന്തത്തേക്കാൾ സഹജീവികൾക്ക് പ്രാധാന്യം കൽപ്പിക്കുന്ന സാമൂഹിക ജീവികളെന്ന നിലയിൽ നിന്ന് ആത്മസംതൃപ്തിക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന ആനന്ദ യന്ത്രങ്ങളാക്കി നമ്മെ മാറ്റിത്തീർത്തു. സ്വന്തം ആനന്ദം മാത്രമാണ് പരമമായ ലക്ഷ്യം എന്ന് വിശ്വസിക്കുന്ന ‘വ്യക്തി ഉപഭോഗരാ’യി മാത്രം ഈ യന്ത്രം പ്രവർത്തിക്കുന്നു.
ചില സാമ്പത്തിക ശാസ്ത്ര വിദ്യാർത്ഥികൾ വലിയ പരോപകാരതൽപരർ അല്ലാതിരിക്കുന്നത് ഒരു വൻ ദുരന്തമാണെന്ന്, ഇത് വലിയൊരു പ്രശ്നത്തിന്റെ ഒരംശം മാത്രമാണെന്ന് തിരിച്ചറിയുന്നത് വരെ നിങ്ങൾക്ക് മനസ്സിലാകണമെന്നില്ല. അങ്ങേയറ്റം സ്വാർത്ഥമായ ഈ ഉപഭോഗസംസ്കാരം ഏതെങ്കിലും ചില വ്യക്തികളിൽ മാത്രം പരിമിതമായ ഒന്നല്ല. അതിലുപരി, വ്യാപകമായ ആഗോളവൽക്കരണത്തിന്റെയും സാമൂഹ്യ മാധ്യമങ്ങൾ വഴിയുള്ള അനിയന്ത്രിതമായ ആശയവിനിമയത്തിന്റെയും കാലത്ത് ആഗോള സമൂഹത്തിനകത്തെ ഓരോ ജീവനാരുകളിലേക്കും അതും കിനിഞ്ഞിറങ്ങി നിൽക്കുന്നു. ഹാർവാർഡ് ബിസിനസ് സ്കൂളിലെ എമിററ്റസ് പ്രൊഫസറായ ശോഷാൻ സുബോഫ് കഴിഞ്ഞൊരു നൂറ്റാണ്ടായി അവർ നിരീക്ഷണ മുതലാളിത്തം (surveillance capitalism) എന്ന് വിളിക്കുന്ന പ്രതിഭാസത്തെ പറ്റി വാചാലയായിരുന്നു. ആധുനിക വിപണി സംവിധാനം അതിന്റെ ഇരപിടിയൻ കരങ്ങൾക്കകത്ത് ഒതുങ്ങുന്ന ജീവിതത്തിന്റെ മനുഷ്യാനുഭവം അടക്കമുള്ള സകലതിനെയും കൈപ്പിടിയിലാക്കുകയും അവയെ വിൽപ്പനച്ചരക്കാക്കി മാറ്റുകയും ചെയ്തതെങ്ങിനെയെന്ന് അവർ വിശദീകരിക്കുന്നു. അലക്സ, സിറി പോലുള്ള വെർച്വൽ സഹായികളുടെ പ്രവർത്തനത്തിലൂടെ ആമസോൺ, ഗൂഗ്ൾ, ആപ്പിൾ തുടങ്ങിയ വൻകമ്പനികൾ മനുഷ്യന്റെ ദൈനംദിന ജീവിതത്തെ മുച്ചൂടും മൂടുകയും അൽഗോരിതങ്ങളുപയോഗിച്ച് അവയെ ഡാറ്റാസെറ്റുകളാക്കി പരിവർത്തിപ്പിക്കുകയും അതിലൂടെ മനുഷ്യന്റെ ഏറ്റവും ഗഹനമായ മാനസിക ത്വരകളെപ്പോലും നിയന്ത്രിക്കുകയും ചെയ്യുന്നു. ഈ വിവരങ്ങളെ ഉപയോഗിച്ച് പരസ്യങ്ങളെ വലിയതോതിൽ നമ്മിലേക്കെത്തിക്കുകയും അതിലൂടെ ഉപഭോഗത്തിന്റെ ചാക്രികതയിലേക്ക് നമ്മെ തള്ളിവിടുകയും ചെയ്യുന്നു. ഇത്തരത്തിൽ, ആന്തരികമായി ഗഹനവും ഇരുണ്ടതുമായ നമ്മുടെ സകല കാമനകളെക്കുറിച്ചുമുള്ള വൻ വിവരശേഖരണത്തിന്റെ സഹായത്തോടെ, വിപണി വിനിമയത്തിലിടപെടുന്ന ഒരു കക്ഷിയെക്കുറിച്ച് വലിയ അളവിലുള്ള വിവരം പ്രബല കക്ഷിക്ക് ഉണ്ടാവുകയും മറുകക്ഷിക്ക് വിരളമായ വിവരം മാത്രം ഉണ്ടാവുകയും ചെയ്യുന്ന, വിവര സംബന്ധമായ അസമത്വം സംജാതമാവുകയും ചെയ്യുന്നു. സാധാരണ സാമ്പത്തിക ശാസ്ത്രത്തിൽ കമ്പനികൾക്കോ അല്ലെങ്കിൽ ഉപഭോക്താക്കൾക്കോ മറ്റ് കക്ഷികളെക്കാൾ വില നിർമ്മാണ പ്രക്രിയയിൽ ആധിപത്യം അനുവദിച്ചു നൽകും. ആധുനിക യുഗത്തിന്റെ പശ്ചാത്തലത്തിൽ മനുഷ്യജീവികളെ അധീനപ്പെടുത്തിയിരിക്കുന്നത് ആഗോള സാമൂഹ്യ മാധ്യമ യന്ത്രമാണ്.
മനുഷ്യ കുലം കണ്ടതിൽ വെച്ചേറ്റവും വലിയ അറിവസമത്വത്തിനാണ് ഈ യന്ത്രം കാരണമായിരിക്കുന്നത്. ദി എക്കണോമിസ്റ്റ് ഈയിടെ പ്രസിദ്ധീകരിച്ചിരിക്കുന്ന ഒരു ലേഖനം ശക്തമായ ഈ മാറ്റത്തെ കുറിച്ചാണ് സംസാരിക്കുന്നത്. ‘വസ്തുക്കളുടെ ഇന്റർനെറ്റ്’ (the internet of things) എന്ന പ്രതിഭാസത്തിന്റെ കടന്നുവരവോടെ, തങ്ങളുടെ ഉൽപ്പന്നങ്ങളായ വസ്തുക്കൾ ഉപഭാക്തക്കൾക്ക് വിറ്റതിന് ശേഷവും അതിന് മേലുള്ള ശാശ്വത നിയന്ത്രണം തങ്ങൾക്കുണ്ടെന്ന് ഉറപ്പ് വരുത്താൻ കമ്പനികൾക്ക് സാധിക്കുകയും, ഇത് വിൽപ്പനക്കാരനെ മൂർത്തമായ വസ്തുക്കളെ വിൽക്കുന്നവരെന്നതിലുപരി സേവനദാതാക്കളാക്കി പരിവർത്തിപ്പിക്കുകയും ചെയ്യുന്നു. സാധ്യമാവുന്നത്രയും വിവരങ്ങൾ ശേഖരിക്കാനായി കമ്പനികൾ പരസ്പരം മത്സരിക്കുന്നതിനാൽ ഈ വിപണി സംവിധാനം കാലക്രമേണ കുത്തകാധികാര ആധിപത്യത്തിലേക്കും ബെന്താമിയൻ പാനൊപ്റ്റിക്കോൺ മാതൃകയിലുള്ള നിരീക്ഷണ/നിയന്ത്രണ മാതൃകയിലേക്കും നയിക്കുന്നു. ബെന്താമിന്റെ ഉപയുക്തതാവാദമാണ് (utilitarianism) സാമ്പത്തിക ശാസ്ത്രത്തെ അതിന്റെ നിലവിലെ രൂപത്തിലേക്ക് നയിച്ചത് എന്ന വസ്തുത കൂടി പരിഗണിക്കുമ്പോൾ തന്നെ ഇതൊക്കെ ഒരൊറ്റ പ്രശ്നത്തിന്റെ ഭാഗമാണെന്ന് വ്യക്തമാകും. നിലവിൽ, സ്വാതന്ത്ര്യത്തെയും സമ്മതത്തെയും കുറിച്ചുള്ള മിഥ്യാ വിവരങ്ങളുടെ ഉടസ്ഥതയുടെ കാര്യത്തിൽ അതിഭീകരമായ അസന്തുലിതാവസ്ഥ സൃഷ്ടിക്കുകയും അവിടെ എല്ലാത്തിന്റെയും നിയന്ത്രണം നമുക്ക് തന്നെയാണെന്ന മിഥ്യാബോധത്തിൽ മനുഷ്യർ തളച്ചിടപ്പെടുകയും ചെയ്യുന്നു. കൺസന്റ് ബോക്സുകളിൽ ശരിയിട്ട് പോകുന്ന സാങ്കേതിക പ്രക്രിയ, അതല്ലാതെ മറ്റൊന്നിനും നമുക്ക് സാധിക്കില്ലെന്ന വസ്തുത തിരിച്ചറിയാതെ തീരുമാനമെടുക്കാനുള്ള അധികാരം നമുക്ക് തന്നെയാണെന്ന മായാവലയത്തിൽ ആളുകൾ വീഴുന്നു. ഇത്തരം വലിയ പൊരുത്തക്കേടുകളുടെ സഹായത്തോടെ നമ്മെ വായിച്ചെടുക്കാൻ മാത്രമല്ല കമ്പനികൾ ശ്രമിക്കുന്നത്, മറിച്ച് അവരുടെ സാമ്പത്തിക നേട്ടത്തിന് ഉതകും വിധം നമ്മെ രൂപപ്പെടുത്തിയെടുക്കാനുമുള്ള ശേഷി അത്തരം കമ്പനികൾക്ക് ലഭിക്കുന്നു. ഈ ഉപഭോക്തൃവൽക്കരണം “മനുഷ്യന്റെ സ്വതന്ത്ര ഇച്ഛക്ക് മേലുള്ള പ്രത്യക്ഷമായ കൈകടത്തലും മനുഷ്യന്റെ സ്വയം നിർണയാധികാരത്തിന് നേരെയുള്ള കടന്നുകയറ്റവും” ആണെന്നാണ് സുബോഫ് വിശേഷിപ്പിക്കുന്നത്. സമ്പത്തിന്റെ മേഖലയിലുള്ള അസമത്വം നമ്മുടെ രാഷ്ട്രീയ സ്വാതന്ത്ര്യത്തെയാണ് വെല്ലുവിളിക്കുകയെങ്കിൽ, അറിവിന്റെ മേഖലയിലുള്ള അസമത്വം മൗലികമായ മനുഷ്യത്വത്തിന് അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ പരിഗണിക്കുമ്പോൾ രാഷ്ട്രീയ സ്വാതന്ത്രത്തെക്കാൾ ഗുരുതരമായ അനന്തരഫലങ്ങളാണ് അതിനുള്ളത്. ഒരു വ്യക്തിയുടെ മനഃശ്ശാസ്ത്രത്തെക്കുറിച്ചുള്ള ഏറ്റവും അടുത്ത വിവരങ്ങൾ ആർജ്ജിക്കാൻ കെൽപ്പുള്ള കമ്പനികൾക്ക്, ഭാവിയിൽ തങ്ങൾ ചൂഷണം ചെയ്യാൻ ഉദ്ദേശിക്കുന്ന ഉപഭോക്താക്കളെ ഹാക്ക് ചെയ്യാൻ വരെ കഴിഞ്ഞേക്കാമെന്ന് യുവാൽ നോവ ഹരാരി വാദിക്കുന്നുണ്ട്.
ഉപഭോക്താക്കളെ കൊണ്ട് അല്ലെങ്കിൽ പൗരന്മാരെ കൊണ്ട് മറ്റുള്ളവരേക്കാൾ ചില പ്രത്യേക തീരുമാനങ്ങൾ എടുപ്പിക്കുന്ന അല്ലെങ്കിൽ അതിനായി സൂക്ഷ്മ തലത്തിൽ അവരിൽ സ്വാധീനം ചെലുത്തുന്ന ബിഹേവിയറൽ എക്കണോമിക്സ് അടിസ്ഥാനമാക്കിയുള്ള Nudging എന്ന നവീനാശയത്തെ കുറിച്ചും സുബോഫ് വിമർശനാത്മകമായിത്തന്നെ ചർച്ച ചെയ്യുന്നുണ്ട്. ഈ ശാസ്ത്രത്തിലെ പ്രഗത്ഭരിൽ ഒരാളായ റിച്ചാർഡ് ഥാലെർ (2017-ൽ സാമ്പത്തികശാസ്ത്രത്തിലെ നോബൽ പുരസ്കാര ജേതാവ്) ഇതിനെ libertarian paternalism എന്നാണ് വിളിക്കുന്നത്. ഥാലെർ ഇതിനെ വിശദീകരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അങ്ങേയറ്റം വിരുദ്ധോക്തമെന്ന് തോന്നിക്കുന്ന പദങ്ങളാണ് ഒറ്റ നോട്ടത്തിൽ തന്നെ ഈ വിശേഷണം. എന്നിരുന്നാലും, ഈ അസന്തുലിതാവസ്ഥയെ കുറിച്ച് ആളുകൾ കൂടുതൽ ബോധവന്മാരാകുകയും രാഷ്ട്രീയ നേതൃത്വം അത് ശ്രദ്ധിക്കുകയും ചെയ്തു തുടങ്ങിയിട്ടുണ്ട്. 2016-ലെ ബ്രക്സിറ്റ് തിരഞ്ഞെടുപ്പിലും 2018-ലെ കാംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തിലും അൽഗോരിതം വഴി നടത്തിയ ഇടപെടലുകൾ സ്പഷ്ടമായതോടെ ആളുകളിൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. അമേരിക്കയിൽ അടുത്തിടെ നടന്ന ഒരു സംവാദത്തിൽ സ്ഥാനാർത്ഥിയായ ആൻഡ്ര്യൂ യാംങ്, ഡാറ്റ എങ്ങനെയാണ് സമകാലിക ലോകത്ത് എണ്ണയെക്കാൾ വിലയേറിയ ഉൽപ്പന്നമായി മാറിയിരിക്കുന്നത് എന്നതിനെ കുറിച്ചും, നമ്മിൽ നിന്ന് പിഴിഞ്ഞെടുത്തിരിക്കുന്ന വിവരങ്ങൾ തിരിച്ചു പിടിക്കേണ്ടത് എത്രത്തോളം അനിവാര്യമാണ് എന്നതിനെ കുറിച്ചും സംസാരിക്കുന്നുണ്ട്. പക്ഷേ വൻ കമ്പനികൾ ഡാറ്റ ചൂഷണം ചെയ്യുന്നത് നിയന്ത്രിക്കാൻ യാംങ് നിർദ്ദേശിക്കുന്ന നയപരമായ ഒരേയൊരു പരിഹാരം നികുതിവത്ക്കരണം മാത്രമാണ്. ഡാറ്റാ ശേഖരണത്തെ ശരിക്കും തടയുന്ന പരിഹാര മാർഗ്ഗങ്ങളെ കുറിച്ച് ചിന്തിക്കാൻ അദ്ദേഹത്തിന് പോലും സാധിക്കുന്നില്ല എന്നർത്ഥം.
മനുഷ്യന്റെ അസ്തിത്വം തന്നെ അരിസോണയിലെ ഏതോ ഒരു ഡാറ്റാ സ്റ്റോറേജിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്ന മെഗാബൈറ്റുകളിലേക്ക് ചുരുക്കപ്പെട്ട ഒരു കാലത്ത്, സമ്പൂർണമായ സ്വാതന്ത്ര്യ ബോധത്തോടെ ഇരുകാലിൽ നടന്നിരുന്ന മുൻ കാലത്തിന്റെ ഗൃഹാതുരുത്വത്തെ കുറിച്ച് അയവിറാക്കാനേ സാധിക്കുകയുള്ളൂ. അൽ-ഗസ്സാലി ഇതിനെ സമർത്ഥമായി രേഖപ്പെടുത്തുന്നുണ്ട്: “ദൈവമല്ലാത്ത സകലതിലും നിന്ന് സ്വന്തത്തെ സ്വതന്ത്രമാക്കുമ്പോൾ മാത്രമാണ് നാം യഥാർത്ഥത്തിൽ സർവ്വസ്വതന്ത്രരായി തീരുന്നത്.” യുഗങ്ങളോളം ഇതായിരുന്നു മനുഷ്യ കുലത്തിന്റെ ആപ്തവാക്യം. മനുഷ്യ സമൂഹങ്ങളുടെ പ്രാരംഭം മുതലേ മതം (ഏകദൈവവിശ്വാസം സവിശേഷമായി) മനുഷ്യനെ സംബന്ധിച്ച് മൗലികമായിരുന്നു. നമ്മോടൊപ്പം ഭൂമിയെ ഒരു ഗൃഹമെന്ന നിലയിൽ പങ്കുവെക്കുന്ന മറ്റ് ജീവികളിൽ നിന്ന് മനുഷ്യനെ വ്യതിരിക്തനാക്കി നിർവ്വചിക്കുന്നതും മറ്റൊന്നല്ല. മാരി ഡഗ്ലസിന്റെ Purity and Danger, അറ്റ്കിൻസന്റെ The First Law തുടങ്ങിയ ആദ്യകാല, പൗരാണിക സമൂഹങ്ങളെ കുറിച്ചുള്ള നരവംശശാസ്ത്ര പഠനങ്ങൾ ബലി, പുണ്യം, ആരാധന തുടങ്ങിയ ആശയങ്ങളെ നിരന്തരം പഠനവിധേയമാക്കുകയും തെളിവുനിരത്തുകയും ചെയ്തിട്ടുണ്ട്. അതിജീവനത്തിന് വേണ്ടിയുള്ള ബൃഹത്തായ പോരാട്ടത്തിനകത്തെ അനേകം മത്സരാർത്ഥികളിൽ ഒരാളെന്ന നിലയിലുള്ള മനുഷ്യനെ കുറിച്ചുള്ള സാമാന്യ ധാരണ പ്രകാരം പരോപകാരതാൽപ്പര്യം പോലുള്ള പ്രവർത്തനങ്ങൾ ഒരു ദൗർബല്യമായി മുഴച്ചു നിൽക്കുന്നവയാണ്. ഇസ്ലാം: കിഴക്കിനും പടിഞ്ഞാറിനും ഇടയിൽ എന്ന പുസ്തകത്തിന്റെ ആദ്യ അധ്യായത്തിൽ അലിജാ ഇസ്സത്ത് ബെഗോവിച്ച്, നമ്മെ നമ്മളാക്കി തീർക്കുന്ന ഒരു ഘടകം അതീന്ദ്രീയമായതിനെ ദിവ്യവൽക്കരിക്കാനുള്ള ഈ ധാർമ്മിക ത്വരയും ആന്തരികമായ അഭിലാഷവുമാണെന്ന് വാദിക്കുന്നുണ്ട്. ഭൗതികവാദത്തിന്റെ സമ്മർദ്ദങ്ങൾക്ക് വഴിപ്പെടാൻ നമ്മെ നിർബന്ധിക്കുന്ന മൃഗീയമായ ചേതനകളെ നിരസിക്കുകയും ആരാധന നിർവ്വഹിക്കുകയും ചെയ്യുമ്പോഴാണ് നാം മനുഷ്യരാവുന്നത്. പവിത്രമായതിന്റെ ഉന്നതികളെ അന്ധമായി ഇല്ലാതാക്കുന്നതാണ് ഭൗതികവാദത്തിന്റെ അത്തരം സമ്മർദ്ദങ്ങൾ. നമുക്ക് ചുറ്റുമുള്ള പ്രപഞ്ചത്തിന്റെ വിശാലാർത്ഥത്തെ അന്വേഷിച്ച് കണ്ടെത്താൻ പ്രേരിപ്പിക്കുന്ന ത്വര നമുക്കുള്ളിൽ പ്രകൃത്യാ തന്നെയുണ്ട്. ഇതിനെയാണ് ഫിത്റ എന്ന് വിളിക്കുന്നതെന്ന് ചിലരെങ്കിലും പറയും. ഖുർആനിക സൂക്തങ്ങളിലും മുഹമ്മദ് നബിയുടെ (സ്വ) തിരുവചനങ്ങളിലും ഫിത്റ എന്ന് വിളിക്കപ്പെടുന്ന നൈസർഗ്ഗിക വാസനയെക്കുറിച്ചുള്ള പരാമർശങ്ങൾ കാണാം. അവയിൽ ഏറ്റവും പ്രസിദ്ധമായതാണ് ചുവടെ കൊടുത്തിരിക്കുന്ന സ്വഹീഹ് മുസ്ലിം രേഖപ്പെടുത്തിയിരിക്കുന്ന പ്രവാചക വചനം:
فَإِنَّ أَبَا هُرَيْرَةَ رَضِيَ اللَّهُ عَنْهُ كَانَ يُحَدِّثُ قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَا مِنْ مَوْلُودٍ إِلَّا يُولَدُ عَلَى الْفِطْرَةِ فَأَبَوَاهُ يُهَوِّدَانِهِ أَوْ يُنَصِّرَانِهِ أَوْ يُمَجِّسَانِهِ كَمَا تُنْتَجُ الْبَهِيمَةُ بَهِيمَةً جَمْعَاءَ هَلْ تُحِسُّونَ فِيهَا مِنْ جَدْعَاءَ ثُمَّ يَقُولُ أَبُو هُرَيْرَةَ رَضِيَ اللَّهُ عَنْهُ فِطْرَةَ اللَّهِ الَّتِي فَطَرَ النَّاسَ عَلَيْهَا
പ്രവാചകൻ (സ്വ) അരുളിയതായി അബൂ ഹുറൈറയിൽ (റ) നിന്ന് നിവേദനം: “ഫിത്റയോടു കൂടി അല്ലാതെ (നൈസർഗ്ഗികത) ഒരു കുട്ടിയും ജനിക്കുന്നില്ല. അവന്റെ മാതാപിതാക്കളാണ് അവനെ ജൂതനും, കൃസ്ത്യനും, മാജിയനുമാക്കി മാറ്റുന്നത്. കൈകാലുകളോടെയുള്ള കുട്ടിക്ക് ഒര മൃഗം ജനനം നൽകുമ്പോൾ അതിലെന്തെങ്കിലും പോരായ്മ കണ്ടെത്തുവാൻ നിങ്ങൾക്ക് കഴിയുമോ?” ശേഷം അബൂ ഹുറൈറ ഈ ഖുർആനിക വചനം പാരായണം ചെയ്തു; “അല്ലാഹു മനുഷ്യരെ സൃഷ്ടിച്ചിട്ടുള്ളത് ഏത് പ്രകൃതിയിലാണോ അതിൽ നിലകൊള്ളുക [30:30].”
മതപരമായ ഈ പ്രകൃത്യാവസ്ഥയെ വിഭിന്നങ്ങളായാണ് പണ്ഡിതർ മനസ്സിലാക്കിയിരിക്കുന്നത്. 13-ാം നൂറ്റാണ്ടിലെ ഇസ്ലാമിക ചിന്തകനും പണ്ഡിതനുമായ ഇബ്നു തൈമിയ്യ ദൈവാസ്തിത്വത്തെ കുറിച്ചുള്ള തെളിവിന്റെ മൗലികമായ അടിത്തറയായാണ് ഫിത്റയെ കാണുന്നത്. ഓരോ മനുഷ്യജീവിക്കും ആന്തരികമായൊരു അഭിലാഷമുണ്ടെന്നും (ഒരു തരം ആറാമിന്ദ്രിയം) ഇത് സൃഷ്ടാവിനെ കുറിച്ചുള്ള അന്വേഷണത്തിനായി അവരെ പ്രേരിപ്പിക്കുന്നുവെന്നും അദ്ദേഹം വാദിക്കുന്നു. സ്വന്തം അസ്തിത്വത്തിന്റെ അഭൗതികമായ അടിത്തറ കണ്ടെത്തുന്നതിനായുള്ള മനുഷ്യന്റെ ഈ ആശ, ലോകത്തെ മനുഷ്യാസ്തിത്വത്തിന്റെ ഉത്ഭം അതിഭൗതികമാണെന്നതിന്റെ ഏറ്റവും വലിയ തെളിവാണ്. ഇബ്നു തൈമിയ്യയുടെ പ്രസിദ്ധമായ പ്രസ്താവന കാണുക:
“മത്സ്യത്തിന് ജലമെന്ന പോലെയാണ് മനുഷ്യ ഹൃദയത്തിന് ദിക്ർ (അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണ). മത്സ്യത്തെ ജലത്തിൽ നിന്ന് കരയിലേക്കിടുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾ കണ്ടിട്ടില്ലേ?”
പക്ഷേ, തങ്ങളുടെ ദൈവിക വേരുകൾ അന്വേഷിച്ചു കണ്ടെത്താനുള്ള ത്വര എല്ലാ ജനങ്ങളിലും ഉണ്ടെങ്കിൽ, എന്തുകൊണ്ടാണ് സകലരും വിശ്വാസികളായി മാറാത്തത്? ഫിത്റ നിഷ്കളങ്കമായി തുടരുന്നേടത്തോളം അത് സത്യത്തെ പുൽകുക തന്നെ ചെയ്യും എന്നതാണതിന്റെ ഉത്തരം. ഒരു കണ്ണാടിയെന്ന പോലെ, അതിന്റെ പ്രതലം നന്നായെങ്കിൽ മാത്രമേ അതിലെ പ്രതിബിംബവും നന്നാവുകയുള്ളൂ. അതിൽ അഴുക്ക് കുമിഞ്ഞു കൂടുന്നതിനനുസൃതമായി അതിലെ പ്രതിബിംബം അവ്യക്തമായി മാറുകയും ഒടുവിൽ അന്ധകാരത്തിൽ വന്യമായി അലയുന്ന അന്ധനായി മാറുകയും ചെയ്യുന്നു. ആത്മാവിന്റെ ശക്തിക്ഷയത്തെ സൂചിപ്പിക്കാൻ പൂർവ്വാധുനിക കാലത്ത് ഉപയോഗിച്ച രൂപകം കണ്ണാടിയും അതിലെ അഴുക്കുമാണെങ്കിൽ, ഉത്തരാധുനിക കാലത്തെ അതിന്റെ രൂപകം അനേകം കണ്ണാടികളുടെ ഒരു മുറിയായിരിക്കും. ലോകത്തെ വീക്ഷിക്കാൻ നാമുപയോഗിക്കുന്ന കണ്ണാടികളുടെ അസംഗതമായ വക്രീകരണം നമ്മെ മനുഷ്യനിൽ നിന്ന് Homo Economicus Interneticus ആക്കി പരിവർത്തിപ്പിക്കുന്നു. കഴിഞ്ഞ ഒരു നൂറ്റാണ്ട് കൊണ്ട് നാം മനുഷ്യനിൽ നിന്ന് ഒരു ഉപഭോക്താവായി മാറുകയും ഒടുവിൽ സ്വയം ഒരു വിൽപ്പന ചരക്കായി പരിണമിക്കുകയും ചെയ്തിരിക്കുന്നു. ആത്മാവിനു മേൽ ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ അചിന്തനീയമാം വിധം ഭീകരമായിരിക്കും.
1936-ലെ The General Theory of Employment, Interest and Money എന്ന ഗ്രന്ഥത്തിൽ ജോൺ മനാർഡ് കീൻസ്, തീരുമാനങ്ങളെടുക്കാൻ മനുഷ്യൻ യുക്തി ഉപയോഗിച്ചുള്ള പ്രക്രിയകൾക്ക് പകരം മൃഗീയമായ ചേതനകളെ ആശ്രയിക്കുന്നത് എങ്ങനെ എന്നതിനെക്കുറിച്ച് സംസാരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായ പ്രകാരം തകർന്നു കൊണ്ടിരിക്കുന്ന സമ്പദ്ഘടനയെ തിരിച്ചു പിടിക്കുന്നതിനായി ഭരണകൂടം ഉപഭോഗത്തിനായുള്ള ഈ മൃഗതുല്യമായ ചേതനയെ പുനരാനയിക്കുകയും അതിലൂടെ സമ്പദ്ഘടനയെ അതിന്റെ പൂർവ്വസ്ഥിതിയിൽ വീണ്ടും പ്രവർത്തനക്ഷമമാക്കുകയും ചെയ്യാനാണ് ശ്രമിക്കുന്നത്. അദ്ദേഹത്തിന്റെ വിശകലനം സ്ഥൂല തലത്തിൽ ആയിരുന്നുവെങ്കിലും, സൂക്ഷ്മ തലത്തിലുള്ള പ്രയോഗ സാധ്യതയും അതിനുണ്ട്. എന്നിരുന്നാലും, മനുഷ്യ പ്രേരണകളെ മൃഗ തുല്യമായ നൈസർഗ്ഗികതയിലൂടെ വിശദീകരിച്ച ആദ്യത്തെയാളായിരുന്നില്ല കീൻസ്.
മനുഷ്യന്റെ തെരഞ്ഞെടുപ്പിനെ കുറിച്ച് ഇമാം ഗസ്സാലി (റ) അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഇഹ്യാ ഉലൂമുദ്ദീനിൽ പ്രദിപാദിക്കുന്നുണ്ട്. ഇന്ദ്രിയ ലോകത്തിനും ആത്മീയ ലോകത്തിനും ഇടയിൽ വസിക്കുന്ന ഒരു ജീവിയെന്ന നിലയിൽ, വിജ്ഞാനമെന്ന ദൈവികാനുഗ്രഹത്തെ ഉപയോഗപ്പെടുത്തി മൃഗതുല്യമായ അവസ്ഥയ്ക്കപ്പുറമുള്ള ഉന്നതമായ പദവികൾ ആർജ്ജിച്ചെടുക്കാനുള്ള ബാധ്യത മനുഷ്യനുണ്ട്. ഈ ബാധ്യത നിറവേറ്റുന്നതിൽ മനുഷ്യൻ പരാജയപ്പെട്ടാൽ ഒരു പന്നിയുടെ കണക്കെ മൃഗ തുല്യമായ അവസ്ഥയിലേക്ക് മനുഷ്യൻ അപചയിക്കുമെന്നും ഇമാം ഗസ്സാലി സൂചിപ്പിക്കുന്നു. അമിത ഭോജനേച്ഛയെയും കാമവികാരത്തെയുമാണ് പന്നി എന്ന പ്രതീകം ഇവിടെ പ്രതിനിധീകരിക്കുന്നത്. ഇവയെ ഏറ്റവും താഴ്ന്ന വികാരങ്ങളായും ഇവയെ മറികടന്ന് ഉന്നതികളിലേക്ക് പോകേണ്ടതുണ്ടെന്നുമാണ് ഗസ്സാലി നിർദ്ദേശിക്കുന്നത്. അല്ലാഹുവിനോട് അനുസരണക്കേട് കാണിച്ചതിന്റെ പേരിൽ പന്നികളും വാനരന്മാരുമായിത്തീർന്ന് ദൈവ ശിക്ഷ അനുഭവിക്കുന്ന ജനങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഖൂർആനിലെ സൂറഃ മാഇദയിലെ 60-ാം സൂക്തത്തിൽ നിന്ന് നേരിട്ടെടുത്തതാണ് ഈ വിശകലനം. മേല്പറഞ്ഞ മൃഗങ്ങളായുള്ള പരിണാമം എന്നതിന്റെ ഉദ്ദേശം അക്ഷരാർത്ഥത്തിലല്ലെന്നും, മറിച്ച് ചില സമൂഹങ്ങൾ ഈ ജന്തുക്കളിൽ കാണുന്ന അമിത ഭോജനേച്ഛയും, അനൈക്യവും അടക്കമുള്ള നൈസർഗ്ഗികവും പ്രാഥമികവുമായ ഗുണങ്ങളെ മാത്രം പ്രാപിച്ച് കഴിയുന്നതാണ് ഈ സൂക്തം സൂചിപ്പിക്കുന്നതെന്നുമാണ് ചില മുസ്ലിം പണ്ഡിതരുടെ അഭിപ്രായം. മനുഷ്യ വേഷമണിഞ്ഞ പന്നികളെയും വാനരരെയും തെരുവുകളിൽ കാണുന്നതും അവരോട് ഇടപഴകുന്നതും ഭയന്ന് വീടിന്റെ അകത്തളങ്ങളിൽ കഴിയുന്ന ഇസ്ലാമിക ചരിത്രത്തിലെ വിശുദ്ധ വ്യക്തിത്വങ്ങളെ കുറിച്ചുള്ള നിവേദനങ്ങളും ഇതോടൊപ്പം ചേർത്തു വായിക്കേണ്ടതാണ്. ചൈനീസ് സാമ്പത്തിക ഘടനയുടെ പകുതിഭാഗവും ഭക്ഷ്യ ഉപഭോഗമാണെന്ന വസ്തുത പരിഗണിക്കുമ്പോൾ, 2019 പന്നിയുടെ ചൈനീസ് വർഷമാണെന്ന് പറയാം. 2020 ഒരു മൂഷിക ചൈനീസ് വർഷമായിരിക്കുമെന്നത് അതിലും ഖേദകരം!
വിവരങ്ങളുടെ കുത്തൊഴുക്കുള്ള പ്രളയത്തെ കുറിച്ച് സാമൂഹിക പ്രവചന വിദഗ്ദർ താക്കീത് നൽകുന്ന ഈ ഘട്ടത്തിൽ, ഈ പ്രശ്നത്തെ കുറിച്ച് ബോധവാന്മാരായവർ സുരക്ഷിത ഇടങ്ങൾ ഉടനടി തേടുകയാണ് വേണ്ടത്. ഏതൊരു പ്രളയവും അനിയന്ത്രിതമാണെന്നിരിക്കെ ഈ പ്രളയവും ഒരപവാദമല്ല. നൂഹ് നബിയുടെ (അ) സന്തതിക്ക് അഭയം നൽകാൻ ഏറ്റവും ഉയർന്ന പർവ്വതങ്ങൾ പോലും അപര്യാപ്തമായിരുന്നു എങ്കിൽ, മുസ്ലിങ്ങളെ സംബന്ധിച്ച് സർവ്വ പർവ്വതങ്ങളുടെയും നാഥൻ സദാ അവരോടൊപ്പമുണ്ട്. ഇഹ്യയിൽ ഗസ്സാലി അവതരിപ്പിച്ച പോലുള്ള ഇസ്ലാമിന്റെ പാരമ്പര്യ വീക്ഷണം, സ്വയം ഒറ്റപ്പെട്ട തുരുത്തുകളാവുകയെന്നതിനേക്കാൾ സാമൂഹിക നിർമ്മിതിക്കും സംഘടിതമായ സഹവർത്തിത്വത്തിനും ആണ് എല്ലാകാലത്തും പ്രോത്സാഹിപ്പിച്ചിരുന്നത്. പക്ഷേ, ഈ സമയം ഏറെ അഭൂതപൂർവ്വമാണ്. നമ്മെ സദാ നിരീക്ഷിച്ചുക്കൊണ്ടിരിക്കുന്ന ഇന്റർനെറ്റിന്റെ കണ്ണുകൾ തലക്കുമുകളിലുള്ള ഈ യുഗത്തിൽ, സൂറത്തുൽ കഹ്ഫിലെ ഗുഹാവാസികളിൽ നിന്ന് പാഠമുൾക്കൊണ്ട് ഒളിച്ചിരിക്കാനുള്ള ഗുഹയന്വേഷിക്കുന്നതാണോ ഇനി നല്ലത്? മനുഷ്യന്റെ നൈസർഗ്ഗികതയെ, ഫിത്റയെ വക്രീകരിക്കുന്ന, മനുഷ്യനെ വിൽപ്പനച്ചരക്കാക്കി മാറ്റുന്ന ഇന്റർനെറ്റിന്റെ നോട്ടമെത്താത്ത ഏതൊരിടത്താണ് ഒളിച്ചിരിക്കാൻ കഴിയുക? ഡെയിവ് എഗ്ഗറുടെ The Circle എന്ന 2013-ലെ നോവലിൽ, മനുഷ്യ കുലത്തിന്റെ ജീവിതത്തെ ഒന്നടങ്കം കീഴടക്കിയിരിക്കുന്ന സർവ്വശക്തനും, ദൈവതുല്യവുമായ ഒരു സാമൂഹിക ശൃംഖലയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നുണ്ട്. അതിന്റെ നീരാളിപ്പിടുത്തത്തിൽ നിന്ന് രക്ഷപ്പെടാൻ ആ കഥാപാത്രം ഒടുവിൽ കണ്ടെത്തുന്ന ഒരേയൊരു മാർഗ്ഗം മരണമാണ്. ഇത്തരം വികൃത യാഥാർത്ഥ്യങ്ങൾ അങ്ങേയറ്റം വിദൂരമായാണ് നമുക്ക് അനുഭവപ്പെടുന്നത് എന്നതിനാൽ തന്നെ, സാങ്കേതിവിദ്യ ഉപയോഗിച്ചുകൊണ്ടുള്ള കുത്തകകളുടെ വിപണി ആധിപത്യത്തിന്റെ (Oligopoly) ഭാവിയെന്തെന്ന് ഏറ്റവും നന്നായി അറിയുന്നവൻ അല്ലാഹു മാത്രമാണ്. ഭൗതികമായ മരണമല്ലെങ്കിൽ, കുറഞ്ഞത് സാമൂഹികമായ മരണത്തിനായിരിക്കും ഒരുപക്ഷേ ആത്മീയ മരണത്തിൽ നിന്ന് നമ്മെ രക്ഷിക്കാൻ കഴിയുന്നത്.
വിവർത്തനം : മൻഷദ് മനാസ്
Works Cited.
- “Vocational Guidance Counsellor Explained.” Everything Explained Today, Everything.explained.today.
- Frank, Robert H., et al. “Does Studying Economics Inhibit Cooperation?” Journal of Economic Perspectives, vol. 7, no. 2, 1993, pp.159-171.
- Harari, Yuval Noah. “Yuval Noah Harari: The myth of freedom.” The Guardian, 14 Sept. 2018, https://www.theguardian.com/books/2018/sep/14/yuval-noah-harari-the-new-threat-to-liberal-democracy.
- Kavenna, Joanna. “Shoshana Zuboff: ‘Surveillance capitalism is an assault on human autonomy.’” The Guardian, 4 Oct. 2019, https://www.theguardian.com/books/2019/oct/04/shoshana-zuboff-surveillance-capitalism-assault-human-automomy-digital-privacy.
- Thaler, Richard H., et al. Nudge. Uitgeverij Business Contact, 2019.
- Izetbegovic, Alija. Islam between East and West. 1st ed., American Trust Publications, 1983.
- Ṣaḥīḥ al-Bukhārī 1292, Ṣaḥīḥ Muslim 2658.
- Ibn Qayyim al-Jawziyyah. al-Wabil al-Sayyib, Maktabah Dar al-Bayyan, 2006, p. 93.
- Keynes, John M. The General Theory of Employment, Interest, and Money. Palgrave Macmillan, 1936.
- al-Ghazali, Abu Hamid Muhammad Muhammad. Ihya’ ’Ulum al-Din. Matba’ah Mustafa al-Bab al-Halabi, 1939.
- Ibn Qayyim al-Jawziyyah. Miftah Dar al-Sa‘adah. Dar Ibn ‘Affan, 1996.
- Eggers, Dave. The Circle. Alfred A. Knopf, 2013.








