Campus Alive

തൂഫാനുൽ അഖ്‌സയും ആഗോള രാഷ്ട്രീയ സമവാക്യവും

2023 ഒക്ടോബർ 7. പശ്ചിമേഷ്യയുടെ സമകാലിക രാഷ്ട്രീയ ചരിത്രത്തിൽ “അതിന് മുമ്പും ശേഷവും” എന്നൊരു വിഭജനം രേഖപ്പെടുത്താവുന്ന ദിനമായി ഈ തീയതി മാറിയിരിക്കുന്നു. ഇസ്രായേലിനെതിരായി ഹമാസ് നടത്തിയ Operation Al-Aqsa Flood അഥവാ ‘തൂഫാനുൽ അഖ്‌സ’ എന്ന സൈനിക നീക്കവും അതിന് പിന്നാലെ ഗസ്സയിൽ ഇസ്രായേൽ നടത്തിയ വ്യാപകമായ വംശഹത്യ നടപടികളും ഫലസ്തീൻ-ഇസ്രായേൽ സംഘർഷത്തെ വീണ്ടും ആഗോള രാഷ്ട്രീയകേന്ദ്രത്തിലേക്ക് കൊണ്ടുവന്നു. എന്നാൽ ഒക്ടോബർ 7-നെ ഒരു ഒറ്റപ്പെട്ട സൈനിക ആക്രമണമായോ അതിനുശേഷം ആരംഭിച്ച ഒരു പോരാട്ടത്തിൻ്റെ തുടക്കമായോ മാത്രം കാണുന്നത് ഈ സംഭവത്തിന്റെ രാഷ്ട്രീയവും ചരിത്രപരവുമായ വ്യാപ്തിയെ ചുരുക്കിക്കാണിക്കുന്നതിനു തുല്യമായിരിക്കും. യഥാർഥത്തിൽ, തൂഫാനുൽ അഖ്‌സയ്ക്ക് മുമ്പേ രൂപപ്പെട്ടുകൊണ്ടിരുന്ന പശ്ചിമേഷ്യൻ രാഷ്ട്രീയക്രമത്തിലെ നിരവധി ആന്തരിക വൈരുദ്ധ്യങ്ങളെ അത് ഒരേസമയം പുറത്തുകൊണ്ടുവരികയും ചില പ്രക്രിയകളെ വേഗത്തിലാക്കുകയും ചില ധാരണകളെ തിരുത്തിയെഴുതുകയും പുതിയ രാഷ്ട്രീയ ചോദ്യങ്ങൾ ഉയർത്തുകയും ചെയ്ത ഒരു നിർണായക വഴിത്തിരിവായിരുന്നു. അതിന്റെ പ്രത്യാഘാതങ്ങൾ ഗസ്സയുടെയോ ഇസ്രായേലിന്റെയോ അതിർത്തികളിൽ മാത്രം ഒതുങ്ങിയില്ല; ഇസ്രായേലിന്റെ ‘ഡിറ്ററൻസ്’ (deterrence) നയത്തിന്റെ വിശ്വാസ്യത, അറബ്-ഇസ്രായേൽ ബന്ധത്തിൻറെ സാധാരണവൽക്കരണം, അമേരിക്കൻ നേതൃത്വത്തിലുള്ള പശ്ചിമേഷ്യൻ സുരക്ഷാഘടന, ഇറാന്റെ പ്രാദേശിക സ്വാധീനം, ചെങ്കടലിലൂടെയുള്ള ആഗോള വ്യാപാരം, അന്താരാഷ്ട്ര നിയമത്തിന്റെ പ്രയോഗം, ഗ്ലോബൽ സൗത്തിന്റെ രാഷ്ട്രീയ പ്രതികരണം, ആഗോള പൊതുജനാഭിപ്രായം എന്നിവയിലേക്കെല്ലാം അതിന്റെ തരംഗങ്ങൾ വ്യാപിച്ചു.

തൂഫാനുൽ അഖ്‌സയ്ക്ക് മുമ്പുള്ള പശ്ചിമേഷ്യൻ രാഷ്ട്രീയാവസ്ഥ ഫലസ്തീൻ പ്രശ്നം ക്രമേണ ഒരു ‘പരിഹരിക്കപ്പെടാത്ത പ്രശ്നം’ എന്ന നിലയിലേക്ക് ചുരുങ്ങികൊണ്ടിരിക്കുന്നു എന്നതായിരുന്നു. അറബ്-ഇസ്രായേൽ ബന്ധങ്ങളുടെ സാധാരണവൽക്കരണം, സാമ്പത്തിക സഹകരണം, സാങ്കേതിക പങ്കാളിത്തം, സുരക്ഷാ സഖ്യങ്ങൾ, ഇറാനെതിരായ പ്രാദേശിക കൂട്ടായ്മകൾ തുടങ്ങിയവയുടെ പശ്ചാത്തലത്തിൽ പശ്ചിമേഷ്യയിൽ പുതിയൊരു രാഷ്ട്രീയ-സാമ്പത്തിക ക്രമം രൂപപ്പെടുകയാണെന്ന പ്രതീക്ഷ ശക്തമായിരുന്നു. 2020-ലെ അബ്രഹാം ഉടമ്പടി (Abraham Accords) ഈ പ്രവണതയ്ക്ക് ഔപചാരികമായ രാഷ്ട്രീയ രൂപം നൽകി. യു.എ.ഇ., ബഹ്റൈൻ തുടങ്ങിയ രാഷ്ട്രങ്ങൾ ഇസ്രായേലുമായുള്ള ബന്ധം സാധാരണവൽക്കരിച്ചതോടെ ഫലസ്തീൻ പ്രശ്നത്തെ മറികടന്ന് പ്രാദേശിക സഹകരണത്തിന്റെ പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കാമെന്ന ധാരണ വളർന്നു. തുടർന്ന് സൗദി അറേബ്യയും ഇസ്രായേലും തമ്മിലുള്ള സാധ്യതാ സാധാരണവൽക്കരണത്തെക്കുറിച്ചുള്ള ചർച്ചകൾ ശക്തമായി. എന്നാൽ ഈ പുതിയ രാഷ്ട്രീയക്രമത്തിന്റെ ഒരു വലിയ വൈരുധ്യം ഇതാണ്: ഭരണകൂടങ്ങളുടെ നയതന്ത്ര മുൻഗണനകളിൽ ഫലസ്തീൻ പ്രശ്നം പിന്നിലേക്ക് നീങ്ങിയെങ്കിലും അറബ് സമൂഹങ്ങളുടെയും വിശാലമായ മുസ്‌ലിം രാഷ്ട്രീയബോധത്തിലും അത് അപ്രത്യക്ഷമായിരുന്നില്ല. ഈ വൈരുധ്യമാണ് തൂഫാനുൽ അഖ്‌സയ്ക്ക് ശേഷം കൂടുതൽ ശക്തമായി പ്രകടമായത്.

അതുകൊണ്ടുതന്നെ ഒക്ടോബർ 7-നെ ചരിത്രത്തിന്റെ ആരംഭബിന്ദുവായി കാണാൻ കഴിയില്ല. ഫലസ്തീൻ പ്രശ്നത്തിന്റെ വേരുകൾ അതിനേക്കാൾ ദൈർഘ്യമേറിയതും സങ്കീർണ്ണവുമാണ്. ഫലസ്തീൻ-അമേരിക്കൻ ചരിത്രകാരനായ റാഷിദ് ഖാലിദി തന്റെ The Hundred Years’ War on Palestine എന്ന കൃതിയിൽ ബാൽഫർ പ്രഖ്യാപനം, ബ്രിട്ടീഷ് മാൻഡേറ്റ്, 1948-ലെ നക്ബ, 1967-ലെ അധിനിവേശം, ലെബനൻ യുദ്ധം, ഒസ്ലോ പ്രക്രിയ തുടങ്ങിയ ഘട്ടങ്ങളിലൂടെ ഫലസ്തീൻ ചരിത്രത്തെ ദീർഘകാല രാഷ്ട്രീയ പോരാട്ടമായി വിശകലനം ചെയ്യുന്നു. ഫലസ്തീൻ–ഇസ്രായേൽ സംഘർഷത്തെ രണ്ട് തുല്യശക്തികൾ തമ്മിലുള്ള സാധാരണ ദേശീയ സംഘർഷമായി ചുരുക്കിക്കാണിക്കുന്നതിനെ ഖാലിദി ചോദ്യം ചെയ്യുന്നു. ഭൂമിയുടെ നിയന്ത്രണം, സൈനികശക്തി, അന്താരാഷ്ട്ര പിന്തുണ, കുടിയേറ്റങ്ങളുടെ വ്യാപനം, രാഷ്ട്രീയ പരമാധികാരം തുടങ്ങിയ മേഖലകളിലെ അടിസ്ഥാനപരമായ അസമത്വങ്ങൾ പരിഗണിക്കാതെ ഈ സംഘർഷത്തെ സമഗ്രമായി മനസ്സിലാക്കാനാവില്ലെന്നാണ് അദ്ദേഹത്തിന്റെ ചരിത്രവായന വ്യക്തമാക്കുന്നത്. ഈ പശ്ചാത്തലത്തിൽ, ഒക്ടോബർ 7 ഒരു ശൂന്യതയിൽനിന്ന് പിറന്ന സംഭവമല്ല. ഗസ്സയുടെ ദീർഘകാല ഉപരോധം, വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ കുടിയേറ്റങ്ങളുടെ വ്യാപനം, കിഴക്കൻ ജറുസലേമിലെ സംഘർഷങ്ങൾ, മസ്ജിദുൽ അഖ്‌സയെ ചുറ്റിപ്പറ്റിയ രാഷ്ട്രീയ-മതപരമായ തർക്കങ്ങൾ, ഫലസ്തീൻ രാഷ്ട്രീയത്തിലെ ആഭ്യന്തര വിഭജനം എന്നിവയുൾപ്പെടെ ദീർഘകാലമായി നിലനിന്നിരുന്ന പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് അത് സംഭവിച്ചത്. ഈ ചരിത്രത്തെ അവഗണിച്ചുകൊണ്ട് ഫലസ്തീൻ പ്രതിരോധത്തിന്റെ രാഷ്ട്രീയ ന്യായം വിലയിരുത്താനാവില്ല. സയണിസ്റ്റ് രാഷ്ട്രപദ്ധതിയുടെ രൂപീകരണവും 1948-ലെ നക്ബയിലൂടെ ലക്ഷക്കണക്കിന് ഫലസ്തീനികൾക്ക് വീടും ഭൂമിയും നഷ്ടപ്പെട്ടതും തുടർന്നുവന്ന അധിനിവേശവും കുടിയേറ്റങ്ങളുടെ വ്യാപനവും ഈ ചരിത്രത്തിന്റെ നിർണായക ഭാഗങ്ങളാണ്.

ജൂതജനത നേരിട്ട ചരിത്രപരമായ പീഡനങ്ങൾക്കും സുരക്ഷിതമായ ജീവിതത്തിനുമുള്ള അവകാശത്തിനും പരിഹാരം കാണുന്നതിന്റെ പേരിൽ ഫലസ്തീൻ ജനതയുടെ ഭൂമിയും രാഷ്ട്രീയാവകാശങ്ങളും സ്വയംനിർണ്ണയാവകാശവും നിഷേധിക്കുന്നത് നീതീകരിക്കാനാവില്ല. ഒരു ജനതയുടെ ചരിത്രപരമായ ദുരനുഭവങ്ങൾക്ക് പരിഹാരം കണ്ടെത്തേണ്ടത് മറ്റൊരു ജനതയുടെ അവകാശങ്ങൾ കവർന്നെടുത്തുകൊണ്ടാകരുത്. അതിനാൽ, ഫലസ്തീൻ ജനതയുടെ സ്വാതന്ത്ര്യത്തിനും സ്വയംനിർണ്ണയത്തിനും അധിനിവേശത്തിൽനിന്നുള്ള മോചനത്തിനുമുള്ള പോരാട്ടത്തെ അതിന്റെ ചരിത്രപരമായ സാഹചര്യങ്ങളിൽനിന്ന് വേർപെടുത്തി കാണാനാവില്ല. ഫലസ്തീൻ ജനതയുടെ പ്രതിരോധാവകാശത്തെ അംഗീകരിക്കുക എന്നത് ഇസ്രായേൽ ഭരണകൂടത്തിന്റെ നയങ്ങളെ വിമർശിക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല; സ്വന്തം രാഷ്ട്രീയ അസ്തിത്വവും ഭാവിയും നിർണയിക്കാനുള്ള ഫലസ്തീനികളുടെ അവകാശത്തെ അംഗീകരിക്കുക എന്നതും അതിന്റെ ഭാഗമാണ്.

ഫലസ്തീൻ ജനത ദീർഘകാലമായി അധിനിവേശവും ഉപരോധവും രാഷ്ട്രീയ നിയന്ത്രണങ്ങളും നേരിട്ടുവന്ന ചരിത്രപശ്ചാത്തലം പരിഗണിക്കാതെയുള്ള ഒരു വായനയ്ക്ക് തൂഫാനുൽ അഖ്‌സയുടെ രാഷ്ട്രീയ അർത്ഥം പൂർണ്ണമായി മനസ്സിലാക്കാനാവില്ല. അതിലേക്ക് നയിച്ച രാഷ്ട്രീയ സാഹചര്യങ്ങളും ഫലസ്തീൻ പ്രതിരോധത്തിന്റെ ദീർഘകാല ചരിത്രവും കണക്കിലെടുത്തുകൊണ്ടാണ് ഒക്ടോബർ 7-നെ അതിന്റെ സങ്കീർണ്ണതയിൽ വിലയിരുത്തേണ്ടത്. അതോടൊപ്പം, സാധാരണ ജനങ്ങൾക്കെതിരെ നടന്ന അക്രമങ്ങളെ വിമർശിക്കുന്നതും അതിന്റെ മാനുഷികവും നൈതികവുമായ വശങ്ങളെ പരിശോധിക്കുന്നതും ഈ ചരിത്രപശ്ചാത്തലത്തെ നിഷേധിക്കുന്നില്ല. മറിച്ച്, ഒരു സംഭവത്തിന്റെ ചരിത്രപരമായ കാരണങ്ങൾ അന്വേഷിക്കുന്നതും അതിലെ ഓരോ നടപടിക്കും നൈതിക അംഗീകാരം നൽകുന്നതും രണ്ട് വ്യത്യസ്ത കാര്യങ്ങളാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. ഒരു രാഷ്ട്രീയ പ്രതിഭാസം എങ്ങനെ രൂപപ്പെട്ടു, അതിന് പിന്നിൽ പ്രവർത്തിച്ച ഘടനാപരമായ സാഹചര്യങ്ങൾ എന്തൊക്കെയാണ്, അതിന്റെ രാഷ്ട്രീയവും സാമൂഹികവുമായ പ്രത്യാഘാതങ്ങൾ എങ്ങനെയാണ് വികസിച്ചത് എന്നിവ പരിശോധിക്കുകയാണ് ചരിത്രപരമായ വിശകലനത്തിന്റെ ലക്ഷ്യം. അതിനാൽ തൂഫാനുൽ അഖ്‌സയെക്കുറിച്ചുള്ള ഗൗരവമുള്ള പഠനം ഫലസ്തീൻ ജനതയുടെ ചരിത്രാനുഭവത്തെയും പ്രതിരോധത്തിന്റെ രാഷ്ട്രീയ പശ്ചാത്തലത്തെയും പരിഗണിക്കുന്നതിനൊപ്പം, സംഭവത്തിന്റെ മാനുഷികവും നൈതികവും നിയമപരവുമായ വശങ്ങളും അതിന്റെ തന്ത്രപരവും ഭൗമരാഷ്ട്രീയവുമായ പ്രത്യാഘാതങ്ങളും ഒരുമിച്ച് അഭിമുഖീകരിക്കേണ്ടതുണ്ട്.

തൂഫാനുൽ അഖ്‌സയുടെ ഏറ്റവും പ്രത്യക്ഷവും തന്ത്രപരവുമായ ആഘാതങ്ങളിൽ ഒന്ന് ഇസ്രായേലിന്റെ ഡിറ്ററൻസ് (Deterrence) നയത്തെ കുറിച്ചുള്ള ആഗോള ധാരണയിലാണ് പ്രകടമായത്. ശക്തമായ സൈനിക ശേഷി, അത്യാധുനിക രഹസ്യാന്വേഷണ സംവിധാനങ്ങൾ, വ്യോമ പ്രതിരോധം, നിരീക്ഷണ സാങ്കേതികവിദ്യ, സൈനിക പ്രതികരണശേഷി എന്നിവയുടെ അടിസ്ഥാനത്തിൽ ഇസ്രായേൽ ദീർഘകാലമായി ശക്തമായ പ്രത്യാക്രമണസംവിധാനം സ്ഥാപിച്ചിരുന്നു. എന്നാൽ 2023 ഒക്ടോബർ 7-ലെ സംഭവങ്ങൾ ഈ സംവിധാനത്തിന്റെ അപാകതകൾ ലോകത്തിനു മുന്നിൽ തുറന്നുകാട്ടി. അത്യാധുനിക സാങ്കേതികവിദ്യയും വിപുലമായ രഹസ്യാന്വേഷണ ശൃംഖലയും നിലനിന്നിട്ടും ഒരു വലിയ തന്ത്രപരമായ അപ്രതീക്ഷിത തിരിച്ചടി എങ്ങനെ സംഭവിച്ചു എന്ന ചോദ്യം ഇസ്രായേലിന്റെ സുരക്ഷാ സ്ഥാപനങ്ങൾക്കകത്തും പുറത്തും ശക്തമായി ഉയർന്നു. 2026-ലെ “From Strategic Shock to Geopolitical Realignment: The Regional and International Implications of Operation Al-Aqsa Flood” എന്ന പഠനം തൂഫാനുൽ അഖ്‌സയെ ഇസ്രായേൽ ആക്രമണനിരോധന ശേഷിയെ “ആപേക്ഷികക്ഷയം” (Relative Erosion) എന്ന ആശയവുമായി ബന്ധിപ്പിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. ഇവിടെ ‘erosion’ എന്നത് ഇസ്രായേലിന്റെ സൈനിക ശക്തി ഇല്ലാതായി എന്നല്ല; മറിച്ച് ആ സൈനിക ശക്തി ശത്രുക്കളെ ആക്രമണത്തിൽ നിന്ന് ഫലപ്രദമായി തടയും എന്ന മുൻധാരണയ്ക്ക് ഉണ്ടായ ആഘാതത്തെയാണ് സൂചിപ്പിക്കുന്നത്. ഒരു രാഷ്ട്രത്തിന്റെ യഥാർഥ സൈനിക ശേഷിയും അതിന്റെ അജയ്യതയെ കുറിച്ചുള്ള ധാരണയും സമമല്ല എന്നതാണ് ഇവിടെ പ്രധാനമായും തിരിച്ചറിയേണ്ടത്.

ഈ പശ്ചാത്തലത്തിൽ ആന്റണി ലോവൻസ്റ്റീന്റെ “The Palestine Laboratory” എന്ന കൃതിയിലെ നിരീക്ഷണങ്ങൾ കൂടുതൽ പ്രസക്തമാകുന്നു. അധിനിവേശ പ്രദേശങ്ങളിൽ വികസിപ്പിക്കപ്പെടുന്ന നിരീക്ഷണ, സുരക്ഷാ, സൈനിക സാങ്കേതികവിദ്യകൾ പിന്നീട് ആഗോള സുരക്ഷാ വിപണിയിലേക്ക് വ്യാപിക്കുന്ന രീതിയെയാണ് ലോവൻസ്റ്റീൻ വിമർശനാത്മകമായി പരിശോധിക്കുന്നത്. അദ്ദേഹത്തിന്റെ വിശകലനത്തിൽ ഫലസ്തീൻ പ്രദേശം ഒരു ഭൂമിശാസ്ത്രപരമായ സംഘർഷമേഖല മാത്രമല്ല; സുരക്ഷാ സാങ്കേതികവിദ്യകളുടെ പരീക്ഷണശാലയായി പ്രവർത്തിക്കുന്ന ഇടം കൂടിയാണ്. ഈ കാഴ്ചപ്പാടിൽ തൂഫാനുൽ അഖ്‌സ ഉയർത്തിയ പ്രധാന ചോദ്യം ഇസ്രായേലിന്റെ കൈവശം എത്ര ആയുധങ്ങളുണ്ട് എന്നതല്ല; മറിച്ച് അത്രയും സാങ്കേതികവും സൈനികവുമായ ശേഷിയുള്ള ഒരു രാഷ്ട്രത്തിന്റെ സുരക്ഷാ സംവിധാനത്തിന് എങ്ങനെ ഇത്ര വലിയ തന്ത്രപരമായ അപ്രതീക്ഷിത തിരിച്ചടി നേരിടേണ്ടിവന്നു എന്നതാണ്. ഇതിന്റെ ഉത്തരം സാങ്കേതിക പരാജയത്തിൽ മാത്രം അന്വേഷിക്കുന്നത് അപര്യാപ്തമാണ്. രാഷ്ട്രീയ മുൻധാരണകൾ, ശത്രുവിനെക്കുറിച്ചുള്ള തെറ്റായ വിലയിരുത്തൽ, ആഭ്യന്തര രാഷ്ട്രീയ പ്രതിസന്ധികൾ, സുരക്ഷാ മുൻഗണനകളിലെ മാറ്റങ്ങൾ തുടങ്ങിയ ഘടകങ്ങളും അതിനൊപ്പം പരിശോധിക്കേണ്ടതുണ്ട്. അതിനാൽ ഒക്ടോബർ 7 സാങ്കേതികശേഷിയുടെ മേൽക്കോയ്മ രാഷ്ട്രീയവും തന്ത്രപരവുമായ പിഴവുകളിൽ നിന്ന് ഒരു രാഷ്ട്രത്തെ പൂർണമായി സംരക്ഷിക്കില്ലെന്നതിന്റെ ഉദാഹരണം കൂടിയാണ്.

തൂഫാനുൽ അഖ്‌സയ്ക്ക് മുമ്പ് ഇസ്രായേലിന്റെ ‘അജയ്യത’ യെക്കുറിച്ചുള്ള ഒരു ശക്തമായ ധാരണ പ്രാദേശിക രാഷ്ട്രീയത്തിൽ നിലനിന്നിരുന്നു. സൈനിക ശക്തി, സാമ്പത്തിക ശേഷി, അമേരിക്കൻ പിന്തുണ, രഹസ്യാന്വേഷണ മികവ്, പ്രതിരോധ സാങ്കേതികവിദ്യ എന്നിവയുടെ സംയോജനം ഇസ്രായേലിനെ പശ്ചിമേഷ്യയിലെ ഏറ്റവും ശക്തമായ രാഷ്ട്രങ്ങളിലൊന്നായി നിലനിർത്തിയിരുന്നു. എന്നാൽ ഒക്ടോബർ 7 ഈ ‘അജയ്യത’ യെ  ചോദ്യം ചെയ്തു. അതേസമയം, ഡിറ്ററൻസിനുണ്ടായ ആഘാതത്തെ ഇസ്രായേലിന്റെ സൈനിക ശക്തിയുടെ തകർച്ചയായി വായിക്കുന്നത് അതിരുകടന്ന നിഗമനമായിരിക്കും. യുദ്ധാനന്തര കാലഘട്ടത്തിലും ഇസ്രായേൽ വലിയ സൈനിക ശേഷിയും അമേരിക്കൻ പിന്തുണയും നിലനിർത്തി. അതിനാൽ കൂടുതൽ കൃത്യമായ നിഗമനം ഇതാണ്: തൂഫാനുൽ അഖ്‌സ ഇസ്രായേലിന്റെ ശക്തിയെ ഇല്ലാതാക്കിയില്ല; എന്നാൽ ‘ശക്തിക്കും’ ‘അജയ്യത’ ക്കും ഇടയിലുള്ള വ്യത്യാസം ലോകത്തിനു മുന്നിൽ കൂടുതൽ വ്യക്തമാക്കി. ഈ വ്യത്യാസമാണ് ഇസ്രായേലിൻ്റെ ഡിറ്ററൻസ് ശേഷിയുടെ കാഴ്ചപ്പാടിൽ ഈ സംഭവത്തെ ശ്രദ്ധേയമാക്കുന്നത്.

അറബ്-ഇസ്രായേൽ ബന്ധങ്ങളുടെ സാധാരണവൽക്കരണത്തിന്റെ പശ്ചാത്തലത്തിലും തൂഫാനുൽ അഖ്‌സ ഒരു നിർണായക രാഷ്ട്രീയ ഇടപെടലായി മാറി. 2020-ലെ അബ്രഹാം ഉടമ്പടിക്ക് (Abraham Accords) ശേഷം സാമ്പത്തിക സഹകരണം, നിക്ഷേപം, സാങ്കേതികവിദ്യ, പ്രതിരോധം, വ്യാപാരം തുടങ്ങിയ മേഖലകളിൽ അറബ് രാജ്യങ്ങളും ഇസ്രായേലും തമ്മിലുള്ള ബന്ധം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചു. ഈ പ്രക്രിയയുടെ രാഷ്ട്രീയ സന്ദേശം വ്യക്തമായിരുന്നു: അറബ്-ഇസ്രായേൽ ബന്ധങ്ങളെ ഫലസ്തീൻ പ്രശ്നത്തിന്റെ പരിഹാരത്തിൽ നിന്ന് ഒരു പരിധിവരെ വേർതിരിക്കാം. എന്നാൽ ഈ സമീപനത്തിന്റെ പരിമിതി ഒക്ടോബർ 7-ന് ശേഷം കൂടുതൽ വ്യക്തമായി. 2024-ലെ “Operation Al-Aqsa Flood and its Impact on the Abraham Accords” എന്ന പഠനം തൂഫാനുൽ അഖ്‌സ സാധാരണവൽകരണ പ്രക്രിയയെ (Normalization Process) മന്ദഗതിയിലാക്കിയതായും ഫലസ്തീൻ പ്രശ്നത്തെ വീണ്ടും അന്താരാഷ്ട്ര രാഷ്ട്രീയത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവന്നതായും വിലയിരുത്തുന്നു. ഇവിടെ തൂഫാനുൽ അഖ്‌സ എല്ലാ സാധാരണവൽക്കരണ പ്രക്രിയകളും അവസാനിപ്പിച്ചു എന്ന് പറയുന്നത് ശരിയല്ല. മറിച്ച് ഫലസ്തീൻ പ്രശ്നത്തെ പൂർണമായി മറികടന്ന് അറബ്-ഇസ്രായേൽ ബന്ധങ്ങളെ മുന്നോട്ടുകൊണ്ടുപോകാനുള്ള രാഷ്ട്രീയ പദ്ധതിയുടെ പരിധികളാണ് അത് വെളിപ്പെടുത്തിയത്. ഭരണകൂടങ്ങൾക്കിടയിലെ നയതന്ത്രവും ജനങ്ങൾക്കിടയിലെ രാഷ്ട്രീയ വികാരവും ഒരേ ദിശയിൽ സഞ്ചരിക്കണമെന്നില്ലെന്ന യാഥാർഥ്യം ഇതിലൂടെ വീണ്ടും തെളിഞ്ഞു.

ഇവിടെയാണ് ജോൺ മിയർഷൈമറിന്റെ “Offensive Realism” പശ്ചിമേഷ്യയെ മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു വ്യത്യസ്ത വിശകലനാത്മക ചട്ടക്കൂട് അവതരിപ്പിക്കുന്നത്. അന്താരാഷ്ട്ര സംവിധാനം അരാജകത്വവ്യവസ്ഥ ആണെന്നും ഒരു പരമാധികാര ലോകസർക്കാരിന്റെ അഭാവത്തിൽ രാഷ്ട്രങ്ങൾ സ്വന്തം നിലനിൽപ്പ് ഉറപ്പാക്കാൻ ശക്തി പരമാവധി വർധിപ്പിക്കാൻ ശ്രമിക്കുമെന്നും ഈ സിദ്ധാന്തം വാദിക്കുന്നു. ഈ വീക്ഷണകോണിൽ നിന്നും തൂഫാനുൽ അഖ്‌സയെ നോക്കുമ്പോൾ, ഇത് ഹമാസും ഇസ്രായേലും തമ്മിലുള്ള സംഘർഷം മാത്രമായി നിലനിൽക്കുന്നില്ല. അമേരിക്കയുടെ പശ്ചിമേഷ്യൻ താൽപര്യങ്ങൾ, ഇസ്രായേലിന്റെ സുരക്ഷാ കണക്കുകൂട്ടലുകൾ, ഇറാന്റെ പ്രാദേശിക സ്വാധീനം, ഗൾഫ് രാജ്യങ്ങളുടെ സുരക്ഷാ താൽപര്യങ്ങൾ, സൗദി-ഇറാൻ ബന്ധത്തിലെ മാറ്റങ്ങൾ, ചൈനയുടെ സാമ്പത്തിക-നയതന്ത്ര ഇടപെടൽ, റഷ്യയുടെ സാന്നിധ്യം എന്നിവയെല്ലാം ഒരേ ഭൗമരാഷ്ട്രീയത്തിൻ്റെ ഭാഗങ്ങളായി മാറുന്നു. ഈ സാഹചര്യത്തിൽ, തൂഫാനുൽ അഖ്‌സ ഒരു പുതിയ ഭൗമരാഷ്ട്രീയ ശക്തിസമവാക്യം സൃഷ്ടിച്ചു എന്നതിനേക്കാൾ, ഇതിനകം രൂപപ്പെട്ടുകൊണ്ടിരുന്ന അധികാരബന്ധങ്ങളിലെ മാറ്റങ്ങളെ ത്വരിതപ്പെടുത്തുകയും അവയുടെ സ്വഭാവം കൂടുതൽ വ്യക്തമായി പുറത്തുകൊണ്ടുവരികയും ചെയ്ത നിർണായക ഘടകമായി വിലയിരുത്തുന്നതാണ് കൂടുതൽ കൃത്യം.

അമേരിക്ക–ഇസ്രായേൽ ബന്ധം ഈ രാഷ്ട്രീയശക്തി സമവാക്യത്തിന്റെ പ്രധാന ഉദാഹരണമാണ്. ഇസ്രായേലിന്റെ സുരക്ഷ അമേരിക്കൻ പശ്ചിമേഷ്യൻ നയത്തിലെ നിർണായക ഘടകമായി തുടരുമ്പോൾ, ഗസ്സ സംഘർഷകാലത്ത് അമേരിക്ക ഇസ്രായേലിന് നൽകിയ രാഷ്ട്രീയ, സൈനിക, നയതന്ത്ര പിന്തുണ അമേരിക്കയുടെ പ്രഖ്യാപിത മൂല്യങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യാൻ തുടങ്ങി. ഉക്രൈൻ യുദ്ധത്തിൽ രാഷ്ട്രങ്ങളുടെ പരമാധികാരത്തിനും അധിനിവേശത്തിനെതിരായ നിലപാടിനും സാധാരണ ജനങ്ങളുടെ സംരക്ഷണത്തിനും പ്രാധാന്യം നൽകിയ പാശ്ചാത്യ രാജ്യങ്ങൾ ഗസ്സയിലെ ദുരന്തത്തോട് സ്വീകരിച്ച സമീപനത്തെ പല ആഗോള ദക്ഷിണ രാജ്യങ്ങളും ഇതുമായി താരതമ്യം ചെയ്തു. മനുഷ്യാവകാശം, സ്വാതന്ത്ര്യം, ജനാധിപത്യം, മാനുഷികത തുടങ്ങിയ മൂല്യങ്ങൾ രാഷ്ട്രീയ സഖ്യങ്ങൾക്കും തന്ത്രപരമായ താൽപര്യങ്ങൾക്കും അതീതമായി ഒരേ രീതിയിൽ പ്രയോഗിക്കപ്പെടുന്നുണ്ടോ എന്ന ചോദ്യമാണ് ശക്തമായി ഉയർന്നത്. ഇത് പാശ്ചാത്യ ശക്തിയുടെ സമ്പൂർണ തകർച്ചയെ സൂചിപ്പിക്കുന്നില്ലെങ്കിലും, അവർ നേതൃത്വം നൽകുന്ന അന്താരാഷ്ട്ര വ്യവസ്ഥയുടെ ധാർമികമായ ആധികാരികതയ്ക്ക് ഗൗരവമായ വെല്ലുവിളിയായി മാറി. മിയർഷൈമറിന്റെ റിയലിസ്റ്റ് കാഴ്ചപ്പാടിലൂടെ നോക്കുമ്പോൾ, പ്രഖ്യാപിത മൂല്യങ്ങൾക്കൊപ്പം തന്ത്രപരമായ താൽപര്യങ്ങളും സഖ്യബന്ധങ്ങളും ശക്തിസന്തുലനവുമാണ് അമേരിക്കൻ വിദേശനയത്തെ നിർണയിക്കുന്നതെന്ന് ഇവിടെ വ്യക്തമാണ്. അതിനാൽ, തൂഫാനുൽ അഖ്‌സ അമേരിക്കൻ ശക്തിയുടെ തകർച്ചയ്ക്കുള്ള തെളിവല്ലെങ്കിലും, അമേരിക്കൻ നേതൃത്വത്തിലുള്ള ആഗോള ക്രമത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത നിർണായക സംഭവമാണ്.

ഇതിന്റെ മറ്റൊരു പ്രധാന പ്രത്യാഘാതം ഗ്ലോബൽ സൗത്ത് രാജ്യങ്ങളുടെ രാഷ്ട്രീയ പ്രതികരണത്തിലാണ് പ്രകടമായത്. ഗസ്സയിലെ യുദ്ധം അന്താരാഷ്ട്ര നിയമത്തിന്റെ സാർവത്രികതയെയും അതിന്റെ പ്രയോഗത്തിലെ സ്ഥിരതയെയും കുറിച്ച് നേരത്തേ നിലനിന്നിരുന്ന ചോദ്യങ്ങളെ കൂടുതൽ ശക്തമാക്കി. അന്താരാഷ്ട്ര നിയമം എല്ലാ രാഷ്ട്രങ്ങൾക്കും ഒരേ മാനദണ്ഡത്തിൽ ബാധകമാണോ, അതോ രാഷ്ട്രങ്ങളുടെ രാഷ്ട്രീയവും സാമ്പത്തികവുമായ ശക്തിക്കനുസരിച്ച് അതിന്റെ പ്രയോഗത്തിൽ വ്യത്യാസമുണ്ടാകുന്നുണ്ടോ എന്ന ചോദ്യം വീണ്ടും അന്താരാഷ്ട്ര ചർച്ചകളുടെ കേന്ദ്രത്തിലേക്ക് വന്നു. ഈ സാഹചര്യത്തിലാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയും (International Court of Justice) അന്താരാഷ്ട്ര ക്രിമിനൽ കോടതിയും (International Criminal Court) ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നടപടികൾക്ക് കൂടുതൽ ആഗോള ശ്രദ്ധ ലഭിച്ചത്. ഇതോടെ ഫലസ്തീൻ പ്രശ്നം ഒരു പ്രാദേശിക രാഷ്ട്രീയ തർക്കം എന്ന പരിധിക്കപ്പുറം, അന്താരാഷ്ട്ര നിയമത്തിന്റെ വിശ്വാസ്യതയും പ്രയോഗത്തിലെ സ്ഥിരതയും പരിശോധിക്കപ്പെടുന്ന പ്രധാന വിഷയമായി മാറി. ഗ്ലോബൽ സൗത്തിലെ നിരവധി രാജ്യങ്ങൾ ഗസ്സയിലെ സംഭവങ്ങളെ അധിനിവേശം, രാജ്യങ്ങളുടെ പരമാധികാരം, ജനതകളുടെ സ്വയംനിർണ്ണയാവകാശം, മനുഷ്യാവകാശം തുടങ്ങിയ വിശാലമായ ചോദ്യങ്ങളുമായി ബന്ധപ്പെടുത്തി. ഇതിന്റെ ഭാഗമായി, അന്താരാഷ്ട്ര വ്യവസ്ഥയിൽ നിലനിൽക്കുന്ന അധികാര അസമത്വം നിയമങ്ങളുടെ പ്രയോഗത്തെയും അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ പ്രവർത്തനത്തെയും എത്രത്തോളം സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ചുള്ള വിമർശനങ്ങളും കൂടുതൽ ശക്തമായി.

ചൈനയുടെയും റഷ്യയുടെയും പശ്ചിമേഷ്യൻ ഇടപെടലുകളും ഈ സാഹചര്യത്തിൽ പുതിയ പ്രാധാന്യം നേടി. എന്നാൽ ചൈനയോ റഷ്യയോ ഫലസ്തീൻ പ്രശ്നത്തിന്റെ നിസ്വാർത്ഥ രക്ഷകരായി മാറിയെന്ന് കരുതുന്നത് രാഷ്ട്രീയ യാഥാർഥ്യത്തെ ലളിതമാക്കുന്നതായിരിക്കും. അവരും സ്വന്തം ദേശീയ താൽപര്യങ്ങൾ, സാമ്പത്തിക ലക്ഷ്യങ്ങൾ, സുരക്ഷാ കണക്കുകൂട്ടലുകൾ, അമേരിക്കൻ സ്വാധീനത്തെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. എന്നിരുന്നാലും, പശ്ചിമേഷ്യ അമേരിക്കൻ ശക്തി മാത്രം നിർണയിക്കുന്ന പ്രദേശമല്ല എന്ന യാഥാർഥ്യം കൂടുതൽ വ്യക്തമായി. ചൈനയുടെ സാമ്പത്തിക സാന്നിധ്യം, റഷ്യയുടെ സൈനിക-രാഷ്ട്രീയ ഇടപെടൽ, BRICS പോലുള്ള അന്താരാഷ്ട്ര കൂട്ടായ്മകളുടെ വളർച്ച, സൗദി-ഇറാൻ ബന്ധത്തിൽ ചൈന വഹിച്ച മധ്യസ്ഥപങ്ക് എന്നിവയെല്ലാം കൂടുതൽ ബഹുകേന്ദ്രിതമായ ഒരു പ്രാദേശിക ക്രമത്തിന്റെ സൂചനകളാണ്. തൂഫാനുൽ അഖ്‌സ ഈ മാറ്റങ്ങളുടെ ഏക കാരണം അല്ലെങ്കിലും അവയുടെ വേഗതയും രാഷ്ട്രീയ ദൃശ്യതയും വർധിപ്പിച്ച ഒരു ഉൾപ്പ്രേരകമായി പ്രവർത്തിച്ചു.

ഫലസ്തീൻ പ്രശ്നത്തെ അന്താരാഷ്ട്ര ബന്ധങ്ങളിലെ ശക്തിരാഷ്ട്രീയത്തിന്റെ മാത്രം ചട്ടക്കൂടിൽ ഒതുക്കുന്നത് അതിന്റെ മറ്റൊരു നിർണായക തലത്തെ മറച്ചുവെക്കും. മുസ്‌ലിം രാഷ്ട്രീയചിന്തയുടെയും ചരിത്രബോധത്തിന്റെയും പശ്ചാത്തലത്തിൽ ഫലസ്തീൻ പ്രശ്നത്തിനും അൽഅഖ്‌സയ്ക്കും ലഭിക്കുന്ന പ്രതീകാത്മകവും രാഷ്ട്രീയവുമായ പ്രാധാന്യം കൂടി പരിഗണിക്കേണ്ടതുണ്ട്. ഒവാമിർ അഞ്ചുമിൻ്റെ ഇസ്‌ലാമിക രാഷ്ട്രീയചിന്തയെക്കുറിച്ചുള്ള പഠനങ്ങൾ ഈ വിഷയത്തെ വിശകലനം മറ്റൊരു വിശകലനാത്മകമായ ആശയചട്ടക്കൂട് നൽകുന്നു. ഇസ്‌ലാമിക രാഷ്ട്രീയചരിത്രത്തെ ആധുനിക രാഷ്ട്രത്തിൻ്റെ ഭാഷയിലൂടെ മാത്രം മനസ്സിലാക്കാനാവില്ല; അധികാരം, സമൂഹം, നൈതികത, നേതൃത്വം, ഉമ്മത്ത് തുടങ്ങിയ ആശയങ്ങൾ തമ്മിലുള്ള പരസ്പരബന്ധവും അതിൽ പ്രധാനമാണ്. ഈ പശ്ചാത്തലത്തിൽ അൽഅഖ്‌സ ഒരു ഭൂമിശാസ്ത്രപരമായ പ്രദേശം മാത്രമല്ല; മുസ്‌ലിം ചരിത്രത്തിലും മതപരമായ ഓർമ്മകളിലും രാഷ്ട്രീയബോധത്തിലും ആഴത്തിൽ വേരൂന്നിയ ഒരു പ്രതീകം കൂടിയാണ്. അതുകൊണ്ടുതന്നെ ഫലസ്തീൻ പ്രശ്നത്തിന്റെ സ്വാധീനം അറബ് ഭരണകൂടങ്ങളുടെ ഔദ്യോഗിക വിദേശനയങ്ങളുടെ പരിധിയിൽ മാത്രം ഒതുങ്ങുന്നില്ല; വിവിധ രാജ്യങ്ങളിലെയും സമൂഹങ്ങളിലെയും മുസ്‌ലിംകളെ ബന്ധിപ്പിക്കുന്ന അതിർത്തികൾക്കപ്പുറമുള്ള ഒരു രാഷ്ട്രീയബോധത്തെയും അത് സ്വാധീനിക്കുന്നു. ഈ ബോധത്തെ ഒരൊറ്റ ഭൗമരാഷ്ട്രീയ തന്ത്രമായി കാണാനാവില്ലെങ്കിലും, വ്യത്യസ്ത സമൂഹങ്ങളെയും രാഷ്ട്രീയ സാഹചര്യങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന ശക്തമായ ഒരു പ്രതീകാത്മക ഘടകമായി അതിനെ മനസ്സിലാക്കേണ്ടതുണ്ട്.

തൂഫാനുൽ അഖ്‌സയ്ക്ക് പിന്നാലെയുണ്ടായ സംഘർഷം ഗസ്സയുടെ അതിർത്തിക്കുള്ളിൽ മാത്രം തുടരാതിരുന്നതും ഈ വിശാലമായ അധികാരഘടനയുടെ ഭാഗമായാണ് കാണേണ്ടത്. ലെബനൻ അതിർത്തിയിലെ സംഘർഷങ്ങൾ, സിറിയയിലെയും ഇറാഖിലെയും ആക്രമണങ്ങൾ, യെമനിലെ ഹൂതി ഇടപെടലുകൾ, ചെങ്കടലിലെ കപ്പൽഗതാഗത പ്രതിസന്ധി എന്നിവ സംഘർഷത്തിന്റെ ഭൗമരാഷ്ട്രീയ ഘടനക്കുള്ളിൽ വളരെ വേഗത്തിൽ വ്യാപിച്ചതിന്റെ ഉദാഹരണങ്ങളാണ്. ഹമാസ്, ഹിസ്ബുല്ല, ഹൂതികൾ തുടങ്ങിയ രാഷ്ട്രേതരശക്തികൾ പശ്ചിമേഷ്യയിലെ ശക്തിസമവാക്യങ്ങളെ സ്വാധീനിക്കുന്ന ശേഷിയുള്ളവരാണെന്ന് ഈ സംഭവവികാസങ്ങൾ കാണിച്ചു. രാഷ്ട്രങ്ങൾ അന്താരാഷ്ട്ര രാഷ്ട്രീയത്തിലെ പ്രധാന ശക്തിയായി തുടരുന്നുണ്ടെങ്കിലും, ആധുനിക സാങ്കേതികവിദ്യയും അസന്തുലിതമായ യുദ്ധരീതിയും (Asymmetric Warfare) പ്രാദേശിക ശൃംഖലകളും ഉപയോഗിച്ച് രാഷ്ട്രേതര ശക്തികൾക്ക് ആഗോള സാമ്പത്തിക-സുരക്ഷാ സംവിധാനങ്ങൾക്ക് തടസ്സം സൃഷ്ടിക്കാൻ കഴിയുന്ന സാഹചര്യം ശക്തമായി. പ്രത്യേകിച്ച് ചെങ്കടലിലെ ആക്രമണങ്ങൾ ആഗോള കടൽമാർഗം ചരക്കുനീക്കം, വിതരണ ശൃംഖല, ഊർജസുരക്ഷ എന്നിവയെ ബാധിച്ചതോടെ ഗസ്സയിലെ യുദ്ധത്തിന്റെ സാമ്പത്തിക പ്രത്യാഘാതം പ്രാദേശിക അതിർത്തികൾക്കപ്പുറത്തേക്ക് വ്യാപിച്ചു.

ഇതിനൊപ്പം തൂഫാനുൽ അഖ്‌സ ഫലസ്തീൻ പ്രശ്നത്തിന്റെ ആഗോളവൽക്കരണത്തിന് പുതിയൊരു രൂപം നൽകി. ഫലസ്തീൻ പ്രശ്നം മുമ്പും അന്താരാഷ്ട്രമായിരുന്നു; എന്നാൽ 2023 ഒക്ടോബർ 7-ന് ശേഷമുള്ള പോരാട്ടം അതിന്റെ ദൃശ്യതയും രാഷ്ട്രീയ പ്രാധാന്യവും അസാധാരണമാം വിധം വർധിപ്പിച്ചു. സർവകലാശാലാ ക്യാമ്പസുകളിലെ പ്രതിഷേധങ്ങൾ, സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണങ്ങൾ, മനുഷ്യാവകാശ സംഘടനകളുടെ ഇടപെടലുകൾ, അന്താരാഷ്ട്ര നിയമ നടപടികൾ, വിവിധ രാജ്യങ്ങളിലെ പാർലമെന്ററി ചർച്ചകൾ എന്നിവയിലൂടെ ഫലസ്തീൻ വിഷയം പുതിയ തലമുറയുടെ രാഷ്ട്രീയ ചർച്ചകളുടെ ഭാഗമായിത്തീർന്നു. പ്രത്യേകിച്ച് സാമൂഹ്യമാധ്യമം, മാധ്യമ പ്രവർത്തനം, എന്നിവ യുദ്ധത്തിന്റെ ദൃശ്യരാഷ്ട്രീയം തന്നെ മാറ്റി. പരമ്പരാഗത മാധ്യമസ്ഥാപനങ്ങൾ വാർത്തയുടെ നിയന്ത്രണാധികാരികൾ (Gatekeepers) ആയി പ്രവർത്തിച്ചിരുന്ന കാലത്തേക്കാൾ വ്യത്യസ്തമായി, ഗസ്സയിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും നേരിട്ട് ലോകജനതയിലെത്താൻ തുടങ്ങി. അതോടെ സർക്കാരുകളുടെ ഔദ്യോഗിക ആഖ്യാനങ്ങളെ ചോദ്യം ചെയ്യാൻ സാധാരണ ജനങ്ങൾക്കും കൂടുതൽ അവസരം ലഭിച്ചു. ഇത് അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ വിവരാധിഷ്ഠിത ശക്തിയുടെ (Information Power) സ്വഭാവത്തിൽ തന്നെ മാറ്റം വരുത്തുന്ന ഒരു പ്രവണതയാണ്.

ആഗോള പൊതുജനാഭിപ്രായത്തിലെ മാറ്റവും ഇതുമായി ബന്ധപ്പെട്ടതാണ്. പ്രത്യേകിച്ച് യുവതലമുറയിൽ ഫലസ്തീൻ പ്രശ്നത്തെ “പശ്ചിമേഷ്യൻ സംഘർഷം” (Middle East conflict) എന്ന പരിമിതമായ വിദേശകാര്യ വിഷയത്തിൽ നിന്ന് മനുഷ്യാവകാശം, അധിനിവേശം, കൊളോണിയലിസം, വർഗ്ഗനീതി, അന്താരാഷ്ട്രനിയമം തുടങ്ങിയ വിശാലമായ രാഷ്ട്രീയ-നൈതിക ചർച്ചകളുമായി ബന്ധിപ്പിക്കുന്ന പ്രവണത ശക്തമായി. സർവകലാശാലകളിലെ പ്രതിഷേധങ്ങൾ ഇതിന്റെ ഏറ്റവും ദൃശ്യമായ ഉദാഹരണങ്ങളായിരുന്നു. ഈ പൊതുജനാഭിപ്രായമാറ്റം ഉടനടി ഒരു വിദേശനയപരമായ വിജയത്തിലേക്ക് മാറണമെന്നില്ല. എന്നാൽ ദീർഘകാലത്ത് ഒരു വിഷയത്തെക്കുറിച്ചുള്ള സാമൂഹികപരിപ്രക്ഷ്യം മാറുമ്പോൾ അത് രാഷ്ട്രീയ പാർട്ടികളുടെയും സർക്കാരുകളുടെയും വിദേശനയ തീരുമാനങ്ങളെ സ്വാധീനിക്കാനുള്ള സാധ്യത വർധിക്കും. അതിനാൽ തൂഫാനുൽ അഖ്‌സയുടെ ദീർഘകാല രാഷ്ട്രീയ പ്രത്യാഘാതങ്ങളിൽ ഒന്നായി ആഖ്യാനശക്തിയെ മനസ്സിലാക്കാം. ആരാണ് ചരിത്രം പറയുന്നത്, ആരുടെ വേദനയാണ് ലോകം കാണുന്നത്, ഏത് ഭാഷയിലാണ് ഒരു സംഘർഷത്തെ നിർവചിക്കുന്നത് എന്ന ചോദ്യങ്ങൾ അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ തന്നെ ശക്തിയുടെ ഭാഗമാണ്.

എങ്കിലും ഇവിടെ ഒരു മുൻകരുതൽ അത്യാവശ്യമാണ്. തൂഫാനുൽ അഖ്‌സ ഇസ്രായേലിന്റെ പ്രതിരോധനിരോധനത്തെ ചോദ്യം ചെയ്തുവെന്നും ഫലസ്തീൻ പ്രശ്നത്തെ ആഗോള അജണ്ടയിലേക്ക് തിരികെ കൊണ്ടുവന്നുവെന്നും സാധാരണവൽക്കരണ പ്രക്രിയയെ ബാധിച്ചുവെന്നും അന്താരാഷ്ട്ര നിയമചർച്ചകൾ ശക്തിപ്പെടുത്തിയെന്നും പറയുന്നത് അതിന്റെ ഭൗമരാഷ്ട്രീയ പ്രത്യാഘാതങ്ങളെ വിശകലനം ചെയ്യുന്നതാണ്. അതിനെ അതിന്റെ അടിസ്ഥാനത്തിൽ മാത്രം ഒരു ‘ഫലസ്തീൻ വിജയം’ എന്ന് വിശേഷിപ്പിക്കുന്നത് വ്യത്യസ്തമായ ഒരു രാഷ്ട്രീയ വിധിനിർണയമായിരിക്കും. ഗസ്സയിൽ ഉണ്ടായ വൻ മനുഷ്യനഷ്ടം, അടിസ്ഥാന സൗകര്യങ്ങളുടെ തകർച്ച, കുടിയേറ്റം, ആരോഗ്യ-വിദ്യാഭ്യാസ സംവിധാനങ്ങളുടെ തകർച്ച തുടങ്ങിയവ ഒരു സമൂഹത്തിന് നേരിട്ട അതീവ ഗുരുതരമായ ദുരന്തമാണ്. അതിനാൽ അവിടെയുണ്ടായ  ഭൗമരാഷ്ട്രീയ പ്രത്യാഘാതത്തെ മാനുഷിക നഷ്ടത്തിൽനിന്നും വേർതിരിക്കാനാവില്ല. ഒരു സൈനിക നടപടി തന്ത്രപരമായ ആഘാതങ്ങൾ സൃഷ്ടിച്ചേക്കാം; എന്നാൽ അത് സ്വയം ഒരു രാഷ്ട്രീയ പരിഹാരം സൃഷ്ടിക്കണമെന്നില്ല. യുദ്ധത്തിന്റെ രാഷ്ട്രീയ ഫലം വിലയിരുത്തുമ്പോൾ ‘ആര് ജയിച്ചു?’ എന്ന ചോദ്യത്തേക്കാൾ ‘ഏത് രാഷ്ട്രീയ ഘടനയാണ് മാറിയത്?’, ‘ഏത് ശക്തിസമവാക്യമാണ് പുനഃക്രമീകരിക്കപ്പെട്ടത്?’, ‘അതിന്റെ മാനുഷികനഷ്ടം എന്തായിരുന്നു?’, ‘ദീർഘകാല രാഷ്ട്രീയ പരിഹാരത്തിലേക്ക് അത് നയിച്ചോ?’ എന്നീ ചോദ്യങ്ങളാണ് കൂടുതൽ പ്രസക്തം.

തൂഫാനുൽ അഖ്‌സയ്ക്ക് ശേഷം ദ്വിരാഷ്ട്ര പരിഹാരത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര ചർച്ച വീണ്ടും ശക്തമായി. എന്നാൽ റാഷിദ് ഖാലിദിയുടെ ചരിത്രപരമായ വിശകലനം ഈ ആശയത്തിന്റെ രൂപീകരണത്തിനുപിന്നിലെ കൊളോണിയൽ ചരിത്രത്തെയും അതിന്റെ ഘടനാപരമായ പരിമിതികളെയും മനസ്സിലാക്കാൻ സഹായിക്കുന്നു. ഒസ്ലോ കരാറിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടും അധിനിവേശം, ഇസ്രായേൽ കുടിയേറ്റങ്ങളുടെ വ്യാപനം, ജറുസലേമിന്റെ സ്ഥാനം, അതിർത്തികൾ, അഭയാർഥികളുടെ അവകാശം, പരമാധികാരം, സുരക്ഷ തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങൾക്ക് ഫലസ്തീനികൾക്ക് നീതിയുറപ്പാക്കുന്ന തരത്തിലുള്ള പരിഹാരം കണ്ടെത്താനായില്ല. അതിനാൽ ‘ദ്വിരാഷ്ട്ര പരിഹാരം’ എന്ന രാഷ്ട്രീയ മുദ്രാവാക്യം ആവർത്തിക്കുന്നതുകൊണ്ട് മാത്രം ഫലസ്തീൻ പ്രശ്നത്തിന്റെ ചരിത്രപരവും ഘടനാപരവുമായ സങ്കീർണതകൾ പരിഹരിക്കപ്പെടുകയില്ല. അതേസമയം, ആന്റണി ലോവൻസ്റ്റീൻ ഉൾപ്പെടെയുള്ള സമകാലിക എഴുത്തുകാർ മുന്നോട്ടുവയ്ക്കുന്ന ചർച്ചകൾ ഭാവിയിലെ രാഷ്ട്രീയക്രമത്തെക്കുറിച്ച് നിലവിലുള്ള മാതൃകകൾക്കപ്പുറത്തേക്കുള്ള ചിന്തയ്ക്കും ഇടം നൽകുന്നു. അതുകൊണ്ട് ചർച്ചയെ ഏകരാഷ്ട്രമോ ദ്വിരാഷ്ട്രമോ എന്ന പരിമിതമായ ബൈനറിയിൽ മാത്രം ഒതുക്കുന്നതിനുപകരം, ഫലസ്തീൻ ജനതയുടെ സ്വയംനിർണ്ണയാവകാശം, സ്വന്തം ഭൂമിയിലുള്ള രാഷ്ട്രീയ അവകാശം, അഭയാർഥികളുടെ അവകാശങ്ങൾ, ജറുസലേമിന്റെ പദവി, അധിനിവേശം അവസാനിപ്പിക്കൽ, കുടിയേറ്റങ്ങളുടെ ഭാവി, സുരക്ഷ, രാഷ്ട്രീയ പ്രതിനിധാനം എന്നിവയ്ക്ക് നീതിപൂർവമായ പരിഹാരം എങ്ങനെ ഉറപ്പാക്കാം എന്നതാണ് അടിസ്ഥാനപരമായി പരിശോധിക്കേണ്ടത്. ഈ ചർച്ചയുടെ കേന്ദ്രത്തിൽ ഒരു രാഷ്ട്രത്തിന്റെ നിലനിൽപ്പിനെ മുൻകൂട്ടി ന്യായീകരിക്കുന്നതല്ല, മറിച്ച് ചരിത്രപരമായ അനീതികൾക്ക് പരിഹാരം കണ്ടെത്തുകയും ഫലസ്തീൻ ജനതയുടെ അവകാശങ്ങളും സ്വയംനിർണ്ണയവും ഉറപ്പാക്കുകയും ചെയ്യുന്ന നീതിയുക്തമായ ഒരു രാഷ്ട്രീയക്രമം എങ്ങനെ സാധ്യമാക്കാം എന്ന ചോദ്യമാണ് ഉണ്ടായിരിക്കേണ്ടത്.

അതിനാൽ, തൂഫാനുൽ അഖ്‌സയെ ഒരു ഒറ്റപ്പെട്ട സൈനിക സംഭവമായോ ഏകപക്ഷീയമായ ഒരു ‘ചരിത്രവിജയ’മായോ കാണുന്നത് അതിന്റെ യഥാർഥ രാഷ്ട്രീയ പ്രാധാന്യത്തെ ചുരുക്കിക്കളയും. അതിന്റെ പ്രസക്തി ഒരു പുതിയ ലോകക്രമം ഉടൻ സൃഷ്ടിച്ചതിലല്ല, മറിച്ച് നിലവിലുള്ള പശ്ചിമേഷ്യൻ രാഷ്ട്രീയക്രമത്തിലെ വൈരുധ്യങ്ങളും ആഗോള ശക്തിസന്തുലനത്തിലെ മാറ്റങ്ങളും കൂടുതൽ വ്യക്തമായി പുറത്തുകൊണ്ടുവന്നതിലാണ്. ഖാലിദിയുടെ ചരിത്രപരമായ വിശകലനം മുതൽ ലോവൻസ്റ്റീന്റെ അധിനിവേശ-സുരക്ഷാ വിമർശനം, മിയർഷൈമറിന്റെ യാഥാർഥ്യവാദപരമായ ശക്തിരാഷ്ട്രീയം, അൻജമിന്റെ ഇസ്ലാമിക രാഷ്ട്രീയചിന്ത എന്നിവയിലൂടെ തൂഫാനുൽ അഖ്‌സയെ വായിക്കുമ്പോൾ, അത് ചരിത്രം, ശക്തി, രാഷ്ട്രീയം, പ്രതിരോധം എന്നിവ പരസ്പരം ബന്ധപ്പെടുന്ന സങ്കീർണ്ണമായ ഒരു വഴിത്തിരിവായി പ്രത്യക്ഷപ്പെടുന്നു. എന്നാൽ ഈ വഴിത്തിരിവ് എവിടേക്കാണ് നയിക്കുക എന്നത് ഇപ്പോഴും തുറന്ന ചോദ്യമാണ്. അതിനാൽ ഒക്ടോബർ 7-ന്റെ ഏറ്റവും ദീർഘകാല പ്രാധാന്യം ഒരു പുതിയ ലോകക്രമത്തിന്റെ പ്രഖ്യാപനത്തിലല്ല, മറിച്ച് ഫലസ്തീൻ പ്രശ്നത്തെ വീണ്ടും ആഗോള രാഷ്ട്രീയത്തിന്റെ കേന്ദ്രത്തിലേക്ക് കൊണ്ടുവന്ന് നിലവിലുള്ള ക്രമത്തിന്റെ നീതിയെയും വിശ്വാസ്യതയെയും ഭാവിയെയും ചോദ്യം ചെയ്തതിലാണ്.

ഹനാൻ ബഷീർ