പലസ്തീൻ, ലെബനൻ, യെമൻ, സിറിയ, ഇറാഖ്, ഇറാൻ എന്നിവർക്കെതിരെ അമേരിക്കയും ഇസ്രായേലും നടത്തുന്ന യുദ്ധങ്ങൾ എത്രകാലം തുടർന്നാലും; അവർ എത്രയൊക്കെ വെടിനിർത്തലുകളും കരാറുകളും (MOUs) ഉണ്ടാക്കുകയും ലംഘിക്കുകയും ചെയ്താലും; അവർ എത്രയൊക്കെ ആശുപത്രികളും സ്കൂളുകളും ബോംബിട്ട് തകർത്താലും; എത്രയൊക്കെ കുട്ടികളെ വൈകല്യമുള്ളവരാക്കുകയും കൊലപ്പെടുത്തുകയും ചെയ്താലും; എത്ര ലജ്ജാകരമായി അവർ വഞ്ചിക്കുകയും നുണപറയുകയും തട്ടിപ്പ് നടത്തുകയും ചെയ്താലും—1950-ൽ ചൈനീസ് സൈന്യം യാലു നദി കടന്ന് കൊറിയയിലേക്ക് പ്രവേശിച്ച് പാശ്ചാത്യ കൊളോണിയൽ ശക്തികളെ തകർത്തതിനുശേഷം ഇത്രയും വലിയൊരു സൈനിക പരാജയം അമേരിക്കയ്ക്ക് നേരിടേണ്ടി വന്നിട്ടില്ല എന്നതും, ആ പരാജയം നൽകിയത് ഇറാനാണെന്നതും ഒരു പ്രകടമായ വസ്തുതയാണ്.
1950 ഒക്ടോബറിൽ, ഐക്യരാഷ്ട്രസഭയുടെ പതാകയ്ക്ക് കീഴിൽ അമേരിക്കൻ സൈന്യാധിപനായ മക്-ആർതറുടെ നേതൃത്വത്തിലുള്ള കൊളോണിയൽ സൈന്യം ഗ്രാമങ്ങൾ മുഴുവൻ കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തുകൊണ്ട് യാലു നദി വരെ മുന്നേറുകയും, യുദ്ധം ചൈനയിലേക്കും വ്യാപിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോൾ, അന്നത്തെ ചൈനീസ് സൈനികമേധാവി മാർഷൽ പെങ് ദെഹുവായ് നൂറായിരക്കണക്കിന് സൈനികരെ അതീവ രഹസ്യമായി ഉത്തര കൊറിയയിലേക്ക് നീക്കിക്കൊണ്ട് ഒരു അപ്രതീക്ഷിത ആക്രമണം നടത്തി. രണ്ടു ഘട്ടങ്ങളിലായി അതിശൈത്യ കാലാവസ്ഥയിൽ നടന്ന പോരാട്ടത്തിൽ, കൊറിയൻ പീപ്പിൾസ് ആർമിയുമായി ചേർന്ന് അവർ അമേരിക്കൻ സൈന്യത്തെ വളഞ്ഞു കീഴടക്കുകയും അവരെ അതിശക്തമായി പരാജയപ്പെടുത്തുകയും ചെയ്തു. 1950 അവസാനത്തോടെ, ഉത്തര കൊറിയയിലെ കരയുദ്ധം അങ്ങനെയായിരുന്നു തത്ത്വത്തിൽ പൂർത്തിയായത്.
തുടർന്ന്, പരാജയപ്പെട്ട കൊളോണിയൽ ശക്തികൾ തെക്കോട്ടേക്ക് പിൻവാങ്ങുകയും, വടക്കു ഭാഗത്തേക്ക് നീങ്ങിയപ്പോൾ ചെയ്തതുപോലെ തന്നെ—സിൻചോൺ, ഗാങ്ഹ്വ, നമ്യാംഗ്ജു, നോ-ഗുൻ-റി എന്നിവിടങ്ങളിൽ വെച്ച്—സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ വിവരണാതീതമായ ക്രൂരതകൾ നടത്തുകയും ചെയ്തു. അതിനുശേഷം, ആന്ത്രാക്സ്, പ്ലേഗ്, വസൂരി തുടങ്ങിയ രോഗകാരികളെ ഉപയോഗിച്ചുള്ള രാസ-ജൈവ ആയുധ പ്രയോഗങ്ങൾക്കൊപ്പം അവർ നടത്തിയ ബോംബാക്രമണങ്ങളിൽ ഉത്തര കൊറിയയിലെ ഓരോ നഗരങ്ങളും പട്ടണങ്ങളും തകർക്കപ്പെടുകയും മുപ്പത് ലക്ഷത്തിലധികം ആളുകൾ കൊല്ലപ്പെടുകയും ചെയ്തു.
എന്നിരുന്നാലും, തുടർന്നങ്ങോട്ട് സൈനിക നീക്കം നടത്താൻ കഴിയാതെ വന്നതിൽ, കൊളോണിയൽ ശക്തികൾ ഒരു വെടിനിർത്തൽ കരാറിലൂടെ (armistice) പെട്ടെന്ന് തന്നെ കാര്യങ്ങൾ ഒതുക്കിതീർത്തു. എങ്കിലും, ഒരു മഹാശക്തിയായി ചൈന ഉയർന്നു വന്നതുപോലെ തന്നെ, അവരുടെ സൈനിക പരാജയവും വ്യക്തമായിരുന്നു.

ഇന്നും ഇത്തരത്തിൽ കൊളോണിയൽ അതിക്രമങ്ങൾ പ്രകടമാണ്. ഇസ്രായേലിന് അത് ആയുധങ്ങൾ നൽകി; അതിന്റെ സാമ്പത്തിക വ്യവസ്ഥയെ പിന്തുണച്ചു; നയതന്ത്രപരമായ സംരക്ഷണം നൽകി; ഗസ്സയിലെ വംശഹത്യയിൽ അതിഭീകരമായ ക്രൂരതയോടെ അതിനെ എല്ലാവിധത്തിലും സഹായിക്കുകയും ചെയ്തു. പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണയോടെ അവരുടെ കുടിയേറ്റ-കൊളോണിയൽ രാഷ്ട്രം ഗസ്സയിലെ ജനസംഖ്യയുടെ പകുതിയോളം പേരെ കൂട്ടക്കൊല ചെയ്യുകയും, ബെയ്ത് ഹനൂൻ മുതൽ ജബലിയ, ഗസ്സ സിറ്റി, ബുറൈജ്, ദെയ്ർ അൽ ബലാഹ്, ഖാൻ യൂനിസ് വഴി റഫ വരെയുള്ള മിക്കവാറും എല്ലാ നിർമ്മിതികളും തകർത്തുതരിപ്പണമാക്കുകയും ചെയ്തു. ഓരോ ആശുപത്രിയും, സർവകലാശാലകളും, സ്കൂളുകളും അവശിഷ്ടവും ഉപയോഗശൂന്യവുമാക്കിത്തീർത്തു. പാശ്ചാത്യ ശക്തികൾ തങ്ങളുടെ ആക്രമണം ലെബനനിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്; അവർ അവരുടെ രാഷ്ട്രീയ താല്പര്യത്തിനനുസൃതമായി ബോംബിടുകയും ആളുകളെ കൊലപ്പെടുത്തുകയും ചെയ്യുന്നു. യമനെയും അവിടത്തെ തുറമുഖങ്ങളെയും നഗരങ്ങളെയും അവർ ആക്രമിച്ചു. ഈ ആക്രമണം സിറിയയിലേക്കും വ്യാപിപ്പിച്ചു. ഇറാനിയൻ നാഗരികതയുടെ ചരിത്രത്തെ തന്നെ നശിപ്പിക്കുമെന്ന് ഭീഷണി മുഴക്കിക്കൊണ്ട്, ബോംബിട്ടും അംഗഭംഗം വരുത്തിയും കൊലപ്പെടുത്തിയും അവർ ഇറാനിൽ തങ്ങളുടെ സൈനിക നടപടി ആരംഭിച്ചതും ഇതിന്റെ ഭാഗമാണ്.
ഈ ഭീകരമായ അതിക്രമങ്ങളുടെ വ്യാപ്തി ഞെട്ടിപ്പിക്കുന്നതാണ്, എന്നാലും അതൊരു പുതിയ കാര്യമല്ല; 2026-ൽ ഇന്നത് പുതിയതല്ല, 1950-ലും അത് പുതിയതായിരുന്നില്ല. ഇന്നുമുതൽ അക്കാലം വരെയുള്ള എല്ലാ ഹിംസയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു നൂൽ, കാലത്തിലൂടെ പിറകോട്ടു അഴിച്ചെടുക്കുകയാണെങ്കിൽ, നമ്മൾ എത്തിച്ചേരുന്നത് അഞ്ചു നൂറ്റാണ്ടുകൾക്ക് മുൻപുള്ള ‘മഹാകുറ്റകൃത്യത്തിന്റെ’ (Great Crime) കാലഘട്ടത്തിലാണ്. അന്ന് പടിഞ്ഞാറൻ ശക്തികൾ വൻകരകൾ മുഴുവൻ കോളനിവത്കരിക്കാനും കൊള്ളയടിക്കാനും വികൃതമാക്കാനും, മുഴുവൻ ജനവിഭാഗങ്ങളെയും അടിമകളാക്കാനും ഉന്മൂലനം ചെയ്യാനും, നൂറ്റാണ്ടുകളിലൂടെ തങ്ങളുടെ വെള്ളക്കാരുടെ വംശീയതയെ നിയന്ത്രണത്തിനുള്ള ഒരു മാനസിക ആയുധമാക്കി മാറ്റാനും ഇറങ്ങിത്തിരിച്ചു.

എന്നിരുന്നാലും, ഇന്ന് അഴിച്ചുവിട്ടിരിക്കുന്ന ഈ അക്രമത്തിന്റെ അവസ്ഥ കാണുമ്പോൾ, തങ്ങളുടെ മേലുള്ള നിയന്ത്രണം കൈവിട്ടുപോകുന്നുവെന്നും ഭാവിയിൽ അക്രമങ്ങൾക്കു മേലുള്ള അധികാരം പൂർണ്ണമായും നഷ്ടമാകുമെന്നും പാശ്ചാത്യ കൊളോണിയൽ ശക്തികൾ ഭയപ്പെടുന്നുവെന്നേ തോന്നുകയുള്ളൂ. ഇത്രയധികം രക്തച്ചൊരിച്ചിലുകൾ ഉണ്ടായിട്ടും ഗസ്സയിലോ വെസ്റ്റ് ബാങ്കിലോ ലെബനനിലോ യെമനിലോ ആരും കീഴടങ്ങലിന്റെ വെള്ളക്കൊടി ഉയർത്തിയിട്ടില്ല. ഇറാനെ സംബന്ധിച്ചിടത്തോളം, അവർ ഗൾഫിലെ എല്ലാ അമേരിക്കൻ സൈനിക താവളങ്ങളും ലക്ഷ്യംവെക്കുകയും, പിന്നീട് ജോർദാനിലെ താവളങ്ങളിലേക്ക് പിൻവാങ്ങിയ അമേരിക്കക്കാരെ ബോംബിട്ട് ആക്രമിക്കുകയും ചെയ്തു. അന്ന് എന്നപോലെ ഇന്നും, ഒരു മഹാശക്തിയുടെ ഉദയത്തിന് നാം സാക്ഷ്യം വഹിക്കുകയാണ്. ഗസ്സ മുൻനിരയിൽ നിന്നു നയിക്കുന്ന ഈ പോരാട്ടത്തിൽ, യുദ്ധത്തിന്റെ ഗതി മാറിമറിയുമ്പോൾ പ്രതിരോധ നിര മുഴുവൻ ഉറച്ചുനിൽക്കുന്നു.

ഇതൊരു ചരിത്രനിമിഷമാണ്. കൊളോണിയലിസം അതിന്റെ സമ്പൂർണ്ണ പരാജയത്തിന്റെ വക്കിലാണ്. നാം ഇവിടെ കാണുന്നത് അതിന്റെ കുടിയേറ്റ-കൊളോണിയൽ രാഷ്ട്രമായ ഇസ്രായേലിന്റെ ഹൃദയത്തിലേക്ക് ആഞ്ഞുകുത്തുന്ന ഒരു വലിയ കുന്തമാണ്. ഈ കുന്തത്തിന്റെ ശക്തമായ തണ്ട് ഇറാനാണ്; ലെബനനിലെ ഹിസ്ബുള്ളയും, യെമനിലെ അൻസാറുള്ളയും, ഇറാഖിലെ ഹശ്ദ് അൽ-ശാഅ്ബിയും അതിന് സ്ഥിരത നൽകുന്ന ചിറകുകളുമാണ്.
ഗസ്സയോ, അതിന്റെ കുന്തമുനയും!
വിവ: മുഹമ്മദ് നിഷാദ്
ചെന്നൈ മാതമാറ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ടിലെ അഡ്ജംക്ട് പ്രൊഫസർ ആണ് ലേഖകൻ. ലേഖനത്തിന്റെ ഇംഗ്ലീഷ് പതിപ്പ് പ്രസിദ്ധീകരിച്ച GroundXero-യ്ക്ക് കടപ്പാട്.








