വോട്ട് ചോരിക്ക് നേതൃത്വം നൽകിയ ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കുക, എസ്.ഐ.ആർ റദ്ദാക്കുക തുടങ്ങിയ സുപ്രധാനമായ ഡിമാന്റുകൾ ഉന്നയിച്ച് രാജ്യതലസ്ഥാനത്ത് രൂപപ്പെട്ട ഐതിഹാസികമായ പ്രക്ഷോഭം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. ഫാഷിസം അധികാരത്തിലേറിയത് മുതൽ വംശീയ ജനാധിപത്യത്തെ നിർമ്മിച്ചെടുക്കുന്ന നിയമപരവും സാംസ്കാരികവും സാമൂഹികവുമായ വ്യത്യസ്ത പ്രക്രിയകളിലൂടെയാണ് രാജ്യം കടന്നുപോയത്. ജനാധിപത്യത്തെ പൂർത്തീകരിക്കേണ്ട നിയമനിർമ്മാണ സഭകൾ, എക്സിക്യൂട്ടീവ്, ജുഡീഷ്യറി, മാധ്യമങ്ങൾ, ബ്യൂറോക്രാറ്റുകൾ തുടങ്ങിയവയെല്ലാം തങ്ങളുടെ നൈതികമായ ബാധ്യതകളെ വെടിഞ്ഞ് പൂർണ്ണമായും സംഘപരിവാർ ഭരണകൂട താല്പര്യങ്ങളുടെ സംരക്ഷകരായി മാറുകയും ജനാധിപത്യ അട്ടിമറിക്ക് നേതൃത്വം നൽകുകയും ചെയ്തു. ഭരണഘടനാ സ്ഥാപനങ്ങളടക്കം വംശീയ ഭരണകൂടത്തോട് ചേർന്നുനിന്നപ്പോഴും വിമതത്വത്തിന്റെ ശക്തമായ പ്രതിരോധ ഇടങ്ങൾ തെരുവുകളിൽ രൂപപ്പെട്ടിരുന്നു.

വ്യത്യസ്ത വംശീയ പദ്ധതികൾക്ക് സംഘപരിവാർ ഭരണകൂടം നേതൃത്വം നൽകിയിട്ടുണ്ടെങ്കിലും ദേശരാഷ്ട്ര ഘടനയിൽ ഒരു മനുഷ്യന്റെ എല്ലാ അവകാശ ലഭ്യതയുടെയും പ്രാഥമിക മാനദണ്ഡത്തെ മതത്തിന്റെ അടിസ്ഥാനത്തിൽ നിർണയിച്ച പൗരത്വ നിയമം നടപ്പിലാക്കാൻ ശ്രമിച്ചപ്പോഴാണ് രാജ്യത്തിന്റെ തെരുവുകളാകെ സമരപ്രക്ഷുബ്ധമാവുന്നത്. ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ ശക്തവും സമഗ്രവുമായ അധികാര ഘടനയെ ആദ്യമായി ആഴത്തിൽ പ്രഹരിച്ച ഐതിഹാസികമായ പ്രക്ഷോഭമായിരുന്നു പൗരത്വ സമരം. പിന്നീട് കർഷക സമരമായും നീറ്റ് ക്രമക്കേടിനെതിരെയുള്ള പ്രക്ഷോഭമായും ഇലക്ടറൽ വംശഹത്യക്കെതിരെയുള്ള പോരാട്ടമായും വംശീയ ജനാധിപത്യത്തെ മറികടക്കുന്ന രാഷ്ട്രീയ പോരാട്ടങ്ങൾ ഇപ്പോഴും തുടരുന്നു. സ്വതന്ത്ര മാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം രാജ്യത്തെ 13 കോടി പൗരന്മാരെയാണ് മുന്നറിയിപ്പുകൾ ഒന്നുമില്ലാതെ വോട്ടർ പട്ടികയിൽ നിന്നും വെട്ടിക്കളഞ്ഞിരിക്കുന്നത്.
സാങ്കേതികമായ കാരണങ്ങൾ നിരത്തി മുസ്ലീങ്ങൾ, ദളിതർ, ആദിവാസികൾ, ചേരിനിവാസികൾ, അതിഥി തൊഴിലാളികൾ തുടങ്ങിയ ദുർബല സാമൂഹിക വിഭാഗങ്ങളെ ടാർഗറ്റ് ചെയ്ത് നിർവഹിക്കപ്പെടുന്ന വംശഹത്യാ പ്രക്രിയയാണ് എസ്.ഐ.ആർ. ഭരിക്കുന്നവരെ തിരഞ്ഞെടുക്കാനുള്ള പൗരന്റെ അധികാരത്തെ സവിശേഷമായി ചിലർക്ക് മാത്രം നൽകുകയും മറ്റുള്ളവർക്ക് നിഷേധിക്കുകയും ചെയ്തിട്ടുള്ള ഇലക്ടറൽ വംശഹത്യയിലൂടെ ജനാധിപത്യത്തിന്റെ എല്ലാ സാധ്യതകളെയും ഫാസിസ്റ്റ് ഭരണകൂടം റദ്ദ് ചെയ്തൊരു ഘട്ടത്തിലാണ് ജനാധിപത്യത്തിന്റെ നിർവഹണ ശേഷിയെ തെരുവുകളിലൂടെ തിരിച്ചുപിടിച്ചുകൊണ്ടുള്ള പ്രക്ഷോഭങ്ങൾ ശക്തിപ്പെട്ടിരിക്കുന്നത്.

ഭരണകൂടത്തെ ശക്തമായി വിചാരണ ചെയ്ത് തെരുവുകൾ നിർമ്മിച്ചെടുത്ത ഈ പ്രക്ഷോഭത്തെ ജനകീയമാക്കിയതിൽ നവസാമൂഹിക മാധ്യമങ്ങളിലെ പുതുപ്രവണതകൾക്ക് സുപ്രധാന പങ്കുണ്ട്. സമരങ്ങളെ നിർവചിക്കുകയും അതിന്റെ കർതൃത്വത്തെയും ഭാഷയെയുമെല്ലാം ചിലരിൽ പരിമിതപ്പെടുത്തുകയും നിർണയിക്കുകയും ചെയ്യുന്ന വരേണ്യ ഫാഷിസ്റ്റ് വിരുദ്ധ വ്യവഹാരങ്ങളെ മറികടക്കാൻ നവസാമൂഹിക മാധ്യമങ്ങൾ സൃഷ്ടിച്ച പ്രതിരോധ ഇടങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. പ്രക്ഷോഭത്തിൽ ജെൻ സി വിദ്യാർഥികളടക്കമുള്ള പുതുതലമുറയുടെ സജീവ സാന്നിധ്യമാണ് നവസാമൂഹിക മാധ്യമങ്ങളിലൂടെ ഉൽപാദിപ്പിക്കപ്പെട്ട രാഷ്ട്രീയ പ്രതിരോധത്തെ കൂടുതൽ ശക്തിപ്പെടുത്തിയിട്ടുള്ളത്. മീമുകളിലൂടെ ആവിഷ്കരിക്കപ്പെടുന്ന ഭാഷ, ഇമേജറി, ഹാസ്യം എന്നിവയെല്ലാം ജനങ്ങളിൽ പെട്ടെന്നുള്ള സ്വാധീനങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ലളിതമായ ഉള്ളടക്കങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നതും, അതിനായി കൂടുതൽ ജനാധിപത്യപരമായ ഒരു മാധ്യമമായി പ്രതിഫലിക്കുന്നതുമായ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലേക്ക് പുതിയ തലമുറ മാറി. ഈ സംസ്കാരം ഉയർന്നുവന്നപ്പോൾ, പരിഹാസവും ഹാസ്യവും അതിൽ പ്രധാന സ്ഥാനം നേടി. ഇത് ‘മീം’ (meme) എന്ന് വിളിക്കപ്പെടുന്ന പുതിയൊരു ആവിഷ്കാരത്തിന് വഴിയൊരുക്കി. മീമുകൾ സാമൂഹിക മാധ്യമങ്ങളിലൂടെ പല രൂപഭേദങ്ങളോടെ അതിവേഗം പ്രചരിക്കുകയും, എല്ലാവരും പങ്കിടുന്ന വിശാലമായ സാംസ്കാരിക അനുഭവമായി മാറുകയും ചെയ്യുന്നുണ്ടെന്ന് ഇന്റർനെറ്റ് മേഖലയിലെ ഗവേഷകൻ ഷിഫ്മാൻ അഭിപ്രായപ്പെടുന്നുണ്ട്.

ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ വികാസത്തിലൂടെ പുതിയൊരു സാമൂഹിക മണ്ഡലം രൂപപ്പെടുകയും അവയെ കേന്ദ്രീകരിച്ചുള്ള വ്യവഹാരങ്ങൾ ശക്തിപ്പെടുകയും ചെയ്തിരിക്കുന്നു. ഡിജിറ്റൽ സംസ്കാരത്തിന്റെ വളർച്ചയോടെ, ഉപഭോക്താക്കൾ തന്നെ ഉള്ളടക്ക (content) നിർമ്മാണത്തിൽ പങ്കാളികളാകാൻ തുടങ്ങി. ഉള്ളടക്ക നിർമ്മാണ പ്രക്രിയയിൽ പ്രേക്ഷകർ സജീവമായി ഇടപെടുകയും അതിനോട് ആഴത്തിൽ ബന്ധിപ്പിക്കപ്പെടുകയും ചെയ്യുന്ന ഇത്തരം പുതിയ പ്രവണതയിൽ ഒരു ഉപഭോക്താവിന് വിവരങ്ങളുടെ നിർമ്മാതാവായും, സ്വാധീനം ചെലുത്തുന്ന വ്യക്തിയായും (influencer), ഉപഭോക്താവായും ഒരേസമയം പ്രവർത്തിക്കാൻ സാധിക്കുമെന്ന് സാമൂഹിക ശാസ്ത്രജ്ഞൻ സാം ഹാൻ പറയുന്നുണ്ട്.
മീമുകളും റീലുകളും പ്രക്ഷോഭത്തിന്റെ പൊതുഭാഷയായി മാറുകയും ഭരണകൂടത്തെ അസ്വസ്ഥപ്പെടുത്തുന്ന വിധം രാജ്യത്തെ വിദ്യാർത്ഥി സമൂഹം അത് ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. അധീശ ഭരണകൂട ആഖ്യാനങ്ങൾക്ക് മുന്നിൽ ജനകീയമായ ഭാഷയിലൂടെ ദൈനംദിന രാഷ്ട്രീയ സാംസ്കാരിക പ്രതിരോധം തീർക്കാൻ നവസാമൂഹിക മാധ്യമങ്ങൾ തീർത്ത ഇത്തരം പുതിയ ട്രെൻഡുകൾക്ക് സാധ്യമായി.
മർദ്ദക ഭരണകൂട സംവിധാനങ്ങളോടുള്ള ചെറുത്തുനിൽപ്പിന്റെ ശക്തമായ ഇടങ്ങളെ രൂപപ്പെടുത്തിയെടുക്കുന്നതിൽ തെരുവുകൾക്ക് വലിയ പങ്കുണ്ട്. ഭരണകൂടം അടിച്ചമർത്തിയ വ്യത്യസ്ത സാമൂഹിക വിഭാഗങ്ങളുടെ കൂട്ടായ രാഷ്ട്രീയ ചോദ്യങ്ങളെയും അതുൽപ്പാദിപ്പിക്കുന്ന ഭാവനകളെയും ഉൾക്കൊള്ളുമ്പോഴാണ് തെരുവുകളിലെ ചെറുത്തുനിൽപ്പുകൾ നൈതികമായി മാറുന്നത്. ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ നിലയുറപ്പിക്കുന്ന വ്യത്യസ്ത സാമൂഹിക വിഭാഗങ്ങളും മൂവ്മെന്റുകളുമെല്ലാം ഈ പ്രക്ഷോഭത്തിന്റെ ഭാഗമാണ്. എന്നാൽ, മൂർത്തമായ ഈ രാഷ്ട്രീയ സന്ദർഭത്തിലും മുസ്ലിം കർതൃത്വത്തിൽ രൂപപ്പെട്ട പ്രസ്ഥാനങ്ങളുടെ സമരത്തിലുള്ള രാഷ്ട്രീയ സാന്നിധ്യത്തെ അദൃശ്യവൽക്കരിച്ചും അവർക്കെതിരെ നുണകൾ പ്രചരിപ്പിച്ചും സംഘപരിവാർ വംശീയ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളിലാണ് കേരളത്തിലെ ഇടത് ലിബറൽ വരേണ്യർ കാര്യമായി ഏർപ്പെട്ടുകൊണ്ടിരിക്കുന്നത്. മുസ്ലിം രാഷ്ട്രീയ സംഘാടനത്തെ പൈശാചികവൽക്കരിക്കുകയും പരിപൂർണ്ണ ഇരകളായി മാത്രം മുസ്ലിം സാന്നിധ്യത്തെ മനസ്സിലാക്കുകയും ചെയ്യുന്ന സവർണ്ണ യുക്തിയെ ജന്തർ മന്തർ സമരത്തിലെ നേതൃസാന്നിധ്യമായി മാറിയ മുസ്ലിം വിദ്യാർത്ഥികളും വിദ്യാർത്ഥിനികളും ശക്തമായി കൈകാര്യം ചെയ്യുന്നുണ്ട്.
ഈ പ്രക്ഷോഭ സന്ദർഭത്തിൽ തന്നെയാണ് അസാമിലെ ലുതുമാരി റിസർവ് വനത്തിൽ വർഷങ്ങളായി താമസിച്ചു വരുന്ന 1000-ത്തിലധികം മുസ്ലിം കുടുംബങ്ങളെ ബി.ജെ.പി സർക്കാർ പുറന്തള്ളുന്നത്. ഭരണകൂടത്തിന്റെ അമിതാധികാര പ്രയോഗങ്ങളാൽ മുസ്ലിം സമുദായത്തെ വംശീയമായി പുറന്തള്ളിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ പരിസരത്തെ തിരിച്ചറിയാതെ അത്തരം വംശഹത്യ പ്രക്രിയകൾക്ക് നിയമസാധുത (legitimacy) കൽപ്പിക്കുന്ന ആഖ്യാനങ്ങൾ എത്രത്തോളം ഹിംസാപരമാണ്. സ്ഥാപനവൽക്കരിക്കപ്പെട്ട ഭരണകൂട അനീതികൾക്ക് തുടർച്ചയായി ഇരയാകുന്നവരുടെ രാഷ്ട്രീയ പോരാട്ടങ്ങളെ ആരെല്ലാം പുറന്തള്ളാൻ ശ്രമിച്ചാലും തെരുവിന്റെ പ്രതിരോധ ഭൂമികയിൽ അവയെല്ലാം നിർവീര്യമാവും.

ഭരണകൂടം പ്രാഥമിക അപരരായി പ്രതിഷ്ഠിച്ച മുസ്ലിം സമുദായം ഇരകളായി പരിമിതപ്പെടാതെ തങ്ങളുടെ രാഷ്ട്രീയ സ്വത്വത്തെയും വിമർശന ഭാഷയെയും ദൃശ്യപ്പെടുത്തിക്കൊണ്ട് തന്നെ സമരത്തിന്റെ ഭാഗമാകുമ്പോഴുള്ള വരേണ്യ അസ്വസ്ഥതകളെ പൗരത്വ പ്രക്ഷോഭ ഘട്ടത്തിൽ തന്നെ ഈ സമുദായം മറികടന്നിട്ടുണ്ട് എന്നതാണ് യാഥാർത്ഥ്യം. പൗരത്വ നിഷേധത്തിന്റെ പ്രാഥമിക ഇരകളായ മുസ്ലിം സമുദായത്തിന്റെ സമരത്തിലുള്ള കർതൃത്വപരമായ ഇടപെടലുകൾ വളരെ അനിവാര്യമായ ചെറുത്തുനിൽപ്പായി അന്നത്തെ ഫാഷിസ വിരുദ്ധ വ്യവഹാരങ്ങൾ മനസ്സിലാക്കിയിരുന്നില്ല. മാത്രമല്ല, പൗരത്വ സമരത്തിന്റെ ഭാഗമായ മുസ്ലിം വിദ്യാർഥി നേതാക്കൾ ഭരണകൂടത്തിന്റെ ക്രൂരമായ അനീതികളുടെ ഇരകളായി ഇന്നും ജയിലറയിൽ കഴിയുന്ന പശ്ചാത്തലത്തിലാണ് മുസ്ലിംകളുടെ രാഷ്ട്രീയ ഏജൻസിയെ റദ്ദ് ചെയ്യുന്ന ആഖ്യാനങ്ങൾക്ക് ഇടതുപക്ഷം ശ്രമിക്കുന്നത്. പൗരത്വ പ്രക്ഷോഭത്തിന്റെ ഭാഗമായി ഇപ്പോഴും ജയിലറയിൽ തുടരുന്ന ഷർജീൽ ഇമാമിന്റെയും മീരാൻ ഹൈദറിന്റെയും അഫ്രീൻ ഫാത്തിമയുടെയുമെല്ലാം രാഷ്ട്രീയ ത്യാഗങ്ങളെ അവഗണിക്കുന്നതിലെ രാഷ്ട്രീയ ശൂന്യതയെ സ്വാഭാവികമായി ഉൾവഹിക്കുന്നതാണ് ഇന്ത്യൻ വംശീയ പൊതുമണ്ഡലം.
അവകാശങ്ങൾ നേടിയെടുക്കാനുള്ള നിരന്തരമായ പോരാട്ടങ്ങളുടെ ചരിത്രങ്ങളിലൂടെയാണ് കീഴാള സമുദായങ്ങൾ അടയാളപ്പെടുത്തപ്പെടുന്നത്. സവർണരുടെ കർതൃത്വത്തെ മാത്രം അംഗീകരിച്ച് വ്യവസ്ഥപ്പെടുത്തിയ ഇന്ത്യയുടെ അധികാരക്രമത്തോട് കലഹിച്ച് നേടിയെടുത്ത അവകാശ പോരാട്ടങ്ങളുടെ തുടർച്ചയാണ് ജന്തർ മന്തർ പ്രക്ഷോഭവും. സമരത്തെരുവുകളിലേക്ക് ജീവിതത്തെ പറിച്ചു നടാൻ നിമിത്തമായ തങ്ങളുടെ സ്വത്വത്തെ സമരത്തിനകത്ത് വലിച്ചെറിയണമെന്ന് കൽപ്പിക്കുന്ന ലിബറൽ വംശീയ ഭാവനകളെയും അതിജയിച്ചാണ് ഈ സമരം മുന്നേറിക്കൊണ്ടിരിക്കുന്നത്. പൗരത്വം നിഷേധിച്ചും പ്രാതിനിധ്യത്തെ സമ്പൂർണ്ണമായി നിരാകരിച്ചും മർദ്ദക ഭരണകൂടം തകർത്തെറിഞ്ഞ വ്യത്യസ്ത സാമൂഹിക വിഭാഗങ്ങളുടെ അതിജീവന പ്രതീക്ഷകളെ ഈ സമരം ഏറ്റെടുത്തിരിക്കുന്നു. ഭരണകൂടം രൂപപ്പെടുത്തിയ വംശീയ നിയമഘടനയെയും അതിനെ സാധൂകരിക്കുന്ന ഹിംസകളെയും മറികടക്കുന്ന രാഷ്ട്രീയ ഭാവനകളെ ഉൽപാദിപ്പിക്കാൻ ഇത്തരം ന്യൂനപക്ഷ പിന്നാക്ക സമുദായങ്ങളുടെ സമരസാന്നിധ്യത്തിന് ശേഷിയുണ്ട്.








