ഗുജറാത്ത് വംശഹത്യയിലും ഹരൻ പാണ്ഡ്യയുടെ കൊലപാതകത്തിലും മോദിയുടെ പങ്കാളിത്തം സംബന്ധിച്ച് സർക്കാരിന് മുന്നിൽ വഴങ്ങാൻ വിസമ്മതിച്ച സഞ്ജീവ് ഭട്ടിനെ, സംസ്ഥാന ഇന്റലിജൻസ് ബ്യൂറോയുടെ ഡെപ്യൂട്ടി കമ്മീഷണർ സ്ഥാനത്ത് നിന്ന് തരം താഴ്ത്തി സബർമതി ജയിലിലെ പോലീസ് സുപ്രണ്ട് ആയി സ്ഥലം മാറ്റി ശിക്ഷിക്കുകയാണുണ്ടായത്. തുടർന്ന്, തടവുകാരുമായി വളരെ ‘സൗഹൃദപരമായി’ പെരുമാറിയതിന് അദ്ദേഹത്തിന് കൂടുതൽ സ്ഥലംമാറ്റങ്ങൾ നേരിടേണ്ടി വന്നു, ഒടുവിൽ രാജ്കോട്ട് ജയിലിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു.
ഒരു ഉയർന്ന കമ്മീഷണറിൽ നിന്ന് ജയിലറായും (ജയിലിലെ സൂപ്രണ്ട്), ഒടുവിൽ തടവുകാരനായും ഉള്ള ഭട്ടിന്റെ ഈ യാത്ര, ഇന്ത്യയുടെ ബ്യൂറോക്രസിയിൽ ജയിലർമാർക്ക് നൽകിയിട്ടുള്ള താഴ്ന്ന പദവിയെ വ്യക്തമാക്കുന്നു. അവിടെ ജയിൽ സൂപ്രണ്ടിന്റെ സ്ഥാനം ബ്യൂറോക്രാറ്റിക് അധികാരത്തിന്റെ ഏറ്റവും താഴ്ന്ന പടിയിലാണ്.

ജയിലിനുള്ളിലെ പുനർക്രമീകരിക്കപ്പെട്ട ഈ അധികാര ഘടന, പ്രത്യേകിച്ച് മുസ്ലീം തടവുകാർ സ്വയം കണ്ടെത്തുന്നിടത്ത്, ജയിൽ ഇടങ്ങളുടെ ജനാധിപത്യ സ്വഭാവത്തെക്കുറിച്ച് പറയുമ്പോൾ സൂക്ഷ്മമായ ശ്രദ്ധ ആവശ്യപ്പെടുന്നുണ്ട്. ഈ അതിർ വരമ്പിൽ നിന്നുകൊണ്ടാണു വ്യവസ്ഥാപിത അധികാരവും മുസ്ലീം സമുദായവും തമ്മിലുള്ള ചർച്ചകളും സംഭാഷണങ്ങളും സാധ്യമാകുന്നത്–യു.എ.പി.എ പ്രകാരം കുറ്റം ചുമത്തപ്പെട്ട വിദ്യാസമ്പന്നരായ മുസ്ലീം തടവുകാർക്ക് ഇത് പ്രത്യേകിച്ചും പ്രസക്തമാണ്. ഉദാഹരണത്തിന്, ഖയ്യൂം ഖാൻ സഞ്ജീവ് ഭട്ടിനെ ‘മർദ്-ഇ-ഹഖ്’ (നീതിമാനായ മനുഷ്യൻ), ‘റഹം ദിൽ’ (കരുണയുള്ളവൻ), ‘ഇൻസാഫ് പസന്ദ്’ (നീതിയെ സ്നേഹിക്കുന്നവൻ) എന്ന് വിശേഷിപ്പിക്കുന്നു. ഇത്തരം സ്വഭാവ വിശേഷണങ്ങൾ സാർവത്രികമായി പ്രയോഗിക്കാൻ കഴിയില്ലെങ്കിലും, ഖയ്യൂം ഖാൻ, റസിക് റഹീം, സുനിൽ ഗുപ്ത എന്നിവരുടെ സാക്ഷ്യങ്ങൾ കൂട്ടായി സൂചിപ്പിക്കുന്നത്, ശിക്ഷാപരമായ സ്ഥലം മാറ്റങ്ങളിലൂടെ ഭരണകൂട-പോലീസ് സ്ഥാപനത്തിനുള്ളിൽ പാർശ്വവൽക്കരിക്കപ്പെട്ട ‘റഹം ദിൽ’ വ്യക്തികളുടെ—കരുണയുള്ള ആത്മാക്കളുടെ—അഭയ കേന്ദ്രമായി ‘ജയിലർ’ തസ്തിക പലപ്പോഴും മാറുന്നു എന്നാണ്.
ബ്യൂറോക്രാറ്റിക് അധികാരത്തിന്റെ ഈ താഴ്ന്ന തലം ജയിലിനുള്ളിലെ ഉദ്യോഗസ്ഥരെ തടവുകാരുമായി നേരിട്ട് ബന്ധിപ്പിക്കുന്നു, അതുവഴി വ്യവസ്ഥിതിയുമായി സംഭാഷണത്തിനും ചർച്ചകൾക്കും ഒരു അപൂർവ ഇടം സൃഷ്ടിക്കപ്പെടുന്നു—പുറത്തുള്ള മുസ്ലീങ്ങൾക്ക് അപൂർവ്വമായി മാത്രം ലഭിക്കുന്ന ഒരു സാധ്യതയാണിത്. തന്മൂലം, ജയിലിന് പുറത്ത് മുസ്ലീങ്ങൾ അനുഭവിക്കുന്ന ‘വെറും ജീവിതം’, തടവറയുടെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് ചില പൗരത്വാവകാശങ്ങൾ പ്രയോഗിക്കാൻ സാധിക്കുന്ന ഇടമായി മാറുന്നു.
റസിക് റഹീമിന്റെ പുസ്തകത്തിൽ ഈ ആശയം ആഴത്തിൽ ചർച്ച ചെയ്യുന്നുണ്ട്. ജയിൽ ലൈബ്രറിയിലെ അദ്ദേഹത്തിന്റെ പ്രവർത്തനം—ഇസ്ലാമിക ഗ്രന്ഥങ്ങളും പ്രസിദ്ധീകരണങ്ങളും ഉൾപ്പെടെ വൈവിധ്യമാർന്ന സാഹിത്യ ശേഖരത്തിനായി വാദിക്കുന്നത്—മസ്ജിദ് വികസിപ്പിക്കാനുള്ള ശ്രമങ്ങൾ, ഇഫ്താർ, ഈദ് ആഘോഷങ്ങളിൽ നടത്തിയ പ്രഭാഷണങ്ങൾ, വോളിബോൾ ടീം, മ്യൂസിക് ബാൻഡ്, റേഡിയോ സ്റ്റേഷൻ എന്നിവ സ്ഥാപിക്കുന്നതിലെ പങ്കാളിത്തം എന്നിവയെല്ലാം ജയിൽ പരിതസ്ഥിതിക്കുള്ളിൽ ലഭിക്കുന്ന രാഷ്ട്രീയ ഏജൻസിയുടെ സാധ്യതകളെ ഉദാഹരിക്കുന്നു. ഈ അവസരങ്ങൾ ഏതാനും ആഴ്ചകൾക്ക് മുമ്പ് പോലീസ് കസ്റ്റഡിയിലായിരുന്നപ്പോൾ അവർ അനുഭവിച്ച സാഹചര്യങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു.
ഇതിലെ ഏറ്റവും വലിയ വിരോധാഭാസം, ‘മുസ്ലീങ്ങളും ഇന്ത്യൻ സ്വാതന്ത്ര്യവും’ എന്ന വിഷയത്തിൽ ഒരു സെമിനാർ സംഘടിപ്പിച്ചതിനാണ് 2005-ൽ റാസിക്കിനെയും സുഹൃത്തുക്കളെയും എറണാകുളത്ത് വെച്ച് അറസ്റ്റ് ചെയ്യുന്നത് എന്നതാണ്. അതേസമയം, സമാനമായ പ്രവർത്തനങ്ങൾ ഒരു സാമൂഹിക പ്രവർത്തകൻ എന്ന നിലയിൽ അദ്ദേഹത്തിന് ജയിലിനകത്ത് തുടരാൻ സാധിച്ചു.

പൗരത്വം എന്നത് ഭരണകൂടത്തിന്റെ അധികാര ഘടനകളുമായി സംഭാഷണത്തിലും ചർച്ചകളിലും ഏർപ്പെടാനുള്ള ഒരു വ്യക്തിയുടെ കഴിവാണെങ്കിൽ, പുറത്ത് നിഷേധിക്കപ്പെട്ട ആ ഏജൻസി റാസിക്കിന് ജയിൽ സംവിധാനത്തിനുള്ളിൽ ലഭ്യമായിരുന്നു എന്ന് കാണാം.
സഞ്ജീവ് ഭട്ട്, പർഘി തുടങ്ങിയ ഉദ്യോഗസ്ഥരുമായുള്ള സമാനമായ ഇടപെടലുകളിലൂടെയാണ് ഖയ്യൂം ഖാന് പതിനാല് വർഷത്തെ തടവിന് ശേഷം മോചിതനാകാൻ കഴിഞ്ഞത്. അന്ന് സഹതടവുകാരിൽ നിന്ന് ഹൃദയംഗമമായ ഒരു യാത്ര അയപ്പ് ലഭിച്ചതായും അദ്ദേഹം ഓർക്കുന്നു. ഇത് ജയിലിന്റെ ഇടത്തിൽ രൂപപ്പെട്ട ഐക്യദാർഢ്യത്തെയും പുനർനിർവചിക്കപ്പെട്ട ഉൾച്ചേരലിന്റെ ബോധത്തെയും അടിവരയിടുന്നു.
ജയിലിന് അകവും പുറവും, ഒരു വെൻ ഡയഗ്രാമിന്റെ പരസ്പരം ചേരാത്ത വൃത്തങ്ങൾ പോലെ, ജയിൽ മതിലുകളാൽ വേർതിരിക്കപ്പെട്ട രണ്ടു വിത്യസ്ത ഇടങ്ങളായി സങ്കൽപ്പിക്കാം. പുറത്തുള്ള ഇടം, ഇന്ത്യൻ ഭരണകൂടത്തിന്റെ പരമാധികാര സംവിധാനങ്ങളിലൂടെ മുസ്ലീങ്ങളെ ‘വെറും ജീവിതങ്ങളായി’ (bare life) ചുരുക്കിയ, പൗരന്മാരെന്ന നിലയിലുള്ള അവരുടെ അടിസ്ഥാനപരമായ അവകാശങ്ങൾ വ്യവസ്ഥാപിതമായി ഇല്ലാതാക്കിയ ഒന്നാണ്. ഈ ബാഹ്യ മണ്ഡലത്തിൽ, മുസ്ലീങ്ങൾ രാഷ്ട്രീയ സമൂഹത്തിൽനിന്ന് ഒഴിവാക്കപ്പെടുകയും, നിയമപരവും രാഷ്ട്രീയവുമായ സംരക്ഷണങ്ങൾ നഷ്ടപ്പെട്ട് കേവലം ജൈവികമായ അസ്തിത്വത്തിൽ ഒതുക്കപ്പെടുകയും ചെയ്യുന്നു. നിയമ നിർമ്മാണങ്ങൾ, സാമുദായിക കലാപങ്ങൾ, ആൾക്കൂട്ട കൊലപാതകങ്ങൾ, നിയമ വിരുദ്ധവും നീതിന്യായപരവുമായ കൊലപാതകങ്ങൾ, മാധ്യമങ്ങളിലെ വാർപ്പുമാതൃകകൾ, നീതിയുടെ നിരന്തരമായ അഭാവം എന്നിവയിലൂടെയാണ് ഈ പരമാധികാരം നടപ്പിലാക്കുന്നത്.
ഇതിന് തികച്ചും വിപരീതമായി, ജയിലിന്റെ മതിലുകൾക്കുള്ളിൽ വിരോധാഭാസമെന്നോണം മുസ്ലീങ്ങൾ തങ്ങളുടെ രാഷ്ട്രീയ ഏജൻസി ഒരു പരിധി വരെ വീണ്ടെടുക്കുന്നു. പരമാധികാര ശക്തിയുടെ നിയന്ത്രണത്തിലാണെങ്കിലും, കഠിനമായി പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഈ ഇടം ഒരുതരം പൗരത്വം പ്രയോഗിക്കാൻ അവരെ പ്രാപ്തരാക്കുന്നു — പുറത്ത് നിഷേധിക്കപ്പെട്ട അവകാശങ്ങളുടെ ഒരു വീണ്ടെടുക്കലാണിത്.
“വെറും ജീവിതം” എന്ന അവസ്ഥ സാധാരണ മുസ്ലീം പൗരന്മാരിൽ ഒതുങ്ങുന്നില്ലെന്നും അത് ഭരണകൂട സംവിധാനത്തിൽ തന്നെ ഉൾച്ചേർന്നവരിലേക്ക് പോലും വ്യാപിക്കുന്നുവെന്നും റാസിഖ് റഹീമിന്റെ പുസ്തകം വരച്ചുകാട്ടുന്നു. പറവൂർ മുൻസിഫ് ജഡ്ജി മുഹമ്മദ് താഹയുടെ കേസ് ഇതിന് ഉദാഹരണമാണ്: റാസിക്കിനൊപ്പം പ്രതിചേർക്കപ്പെട്ട 17 വയസ്സുള്ള ഒരു മുസ്ലീമിന് ജാമ്യം നൽകിയതിനെത്തുടർന്ന്, വ്യക്തമായ ശിക്ഷാനടപടിയായി, സാധാരണ സ്ഥലംമാറ്റ ആനുകൂല്യങ്ങളൊന്നും നൽകാതെ അതേ രാത്രിയിൽ തന്നെ അദ്ദേഹത്തെ എറണാകുളത്തു നിന്ന് കോഴിക്കോട്ടേക്ക് സ്ഥലം മാറ്റി. അതുപോലെ, റാസിഖിനെ പ്രതിചേർത്ത പാനായിക്കുളം സിമി കേസിൽ നീതി ഉയർത്തി പിടിക്കാൻ ശ്രമിച്ച എ.സി.പി അബ്ദുൾ വഹാബിന്റെ അനുഭവം, തങ്ങളുടെ സമുദായം വെറും ജീവിതങ്ങളായി ചുരുങ്ങുന്നതിനെ പ്രതിരോധിക്കുന്ന മുസ്ലീം ഉദ്യോഗസ്ഥരെ വ്യവസ്ഥാപിതമായി അടിച്ചമർത്തുന്നതിനെ വ്യക്തമാക്കുന്നു. സഞ്ജീവ് ഭട്ട് (ഇതിനെ പ്രതിരോധിക്കാൻ ശ്രമിച്ച ഒരു അമുസ്ലീം) ഉൾപ്പെടെയുള്ള അത്തരം വ്യക്തികൾ അനുഭവിച്ച ശിക്ഷാപരമായ “സ്ഥലംമാറ്റങ്ങൾ”, ഭരണകൂടത്തിന്റെ അധികാര ശ്രേണിയിൽ സ്ഥാനങ്ങൾ വഹിക്കുമ്പോൾ പോലും മുസ്ലീം പൗരന്മാർക്ക് മേൽ ഒരു ‘അപവാദത്തിന്റെ അവസ്ഥ’ (state of exception) എങ്ങനെയാണ് നിലനിർത്തുന്നതെന്ന് അടിവരയിടുന്നു.
ഇന്ത്യൻ മുസ്ലീങ്ങളെ പാർശ്വവൽക്കരിക്കുന്നതിൽ പോലീസ് സംവിധാനത്തിന് ഒരു പ്രധാന പങ്കുണ്ട്. ഡൽഹിയിലെയും ഗുജറാത്തിലെയും വംശഹത്യകളിലെന്ന പോലെ, മുസ്ലീം വിരുദ്ധ അതിക്രമങ്ങളിൽ ഇന്ത്യൻ പോലീസ് പലപ്പോഴും പങ്കാളികളായിട്ടുണ്ട്. എന്നിട്ടും, ജയിലിടത്തിന്റെ പരിമിതികൾക്കുള്ളിൽ, നിലവിലുള്ള ന്യൂനപക്ഷ പദവി എന്ന ആശയം വെല്ലുവിളിക്കപ്പെടുകയും പുനർനിർമ്മിക്കപ്പെടുകയും ചെയ്യുന്നു. ഈ പരിതസ്ഥിതിയിൽ, സാധാരണയായി ഭരണകൂട അധികാരത്തിന്റെ പ്രതീകമായ പോലീസ്, ദുർബലരാകുകയും തടവുകാരുമായി സംഭാഷണങ്ങളിൽ ഏർപ്പെടാൻ നിർബന്ധിതരാകുകയും ചെയ്യുന്നു. അധികാര ബന്ധങ്ങളിലെ ഈ വൈപരിത്യം മുസ്ലീം തടവുകാർക്ക് തങ്ങളുടെ ഏജൻസിയും അന്തസ്സും ഉറപ്പിക്കാൻ ഒരു സവിശേഷ ഇടം സൃഷ്ടിക്കുന്നു.

കേരളത്തിലെ ഒരു ജയിലിൽ നടന്ന സംഭവം റാസിക്കിന്റെ ഓർമ്മക്കുറിപ്പിൽ ഉദാഹരണമായി പറയുന്നുണ്ട്. സിമി കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുസ്ലീങ്ങളെ ലക്ഷ്യമിട്ട് ജയിലിലെ ടോയ്ലറ്റ് ഭിത്തികളിൽ അധിക്ഷേപകരമായ ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടപ്പോൾ തടവുകാർക്കിടയിൽ ഗൗരവമായ രോക്ഷത്തിന് കാരണമായി. ജയിലിനുള്ളിൽ സ്വാധീനവും ആദരവുമുള്ള മുസ്ലീം തടവുകാരനായ തമ്മനം ഷാജി, അടുത്ത ദിവസത്തിനകം ആ എഴുത്തുകൾ നീക്കം ചെയ്യണമെന്ന് പരസ്യമായി ആവശ്യപ്പെടുകയും ആ ഉത്തരവ് കൃത്യമായി പാലിക്കപ്പെടുകയും ചെയ്തു. മുസ്ലീങ്ങൾ നിരന്തരമായ നിരീക്ഷണത്തിനും വ്യവസ്ഥാപിത ദുർബലതയ്ക്കും വിധേയരാകുന്ന ബാഹ്യ ഇടത്തിൽ ഈ പ്രതിരോധവും അന്തസ്സ് വീണ്ടെടുക്കലും അങ്ങേയറ്റം ബുദ്ധിമുട്ടാകുമായിരുന്നു. എന്നാൽ, ജയിലിനുള്ളിലെ പുനർക്രമീകരിക്കപ്പെട്ട അധികാര ഘടന, സമുദായത്തിന് ഒരു താൽക്കാലിക ‘ഡി-മൈനോറിറ്റൈസേഷന്’ (ന്യൂനപക്ഷമല്ലാതാക്കൽ) സൗകര്യമൊരുക്കുകയും, പാർശ്വവൽക്കരണത്തിന്റെ സ്ഥാപനവൽകൃതമായ തട്ടുകളെ താൽക്കാലികമായി മറികടക്കുകയും ചെയ്തു.
ജയിലിനുള്ളിലെ ഈ വിജയകരമായ പ്രതിരോധം, പുറം ലോകത്തെ യാഥാർത്ഥ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോഴാണ് കൂടുതൽ പ്രസക്തമാകുന്നത്. പ്രതിരോധത്തിന്റെ മുദ്രാവാക്യങ്ങൾ അടങ്ങുന്ന ചുവരുകളും എഴുത്തുകളും നീക്കം ചെയ്യുക എന്നതും മുസ്ലിം ഇടങ്ങളിൽ ജയ് ശ്രീറാം പോലെയുള്ള മുദ്രാവാക്യങ്ങൾ എഴുതി വെക്കുകയും ചെയ്യുന്നത് പുതിയ രാഷ്രീയ ഇടപെടലുകളുടെ രീതി ശാസ്ത്രമായി മാറിയ സമയമാണല്ലോ.
2024-ലെ സ്വാതന്ത്ര്യ ദിനത്തിൽ ഹൈദരാബാദ് സർവകലാശാലയിൽ നടന്ന സംഭവമാണ് ഇത് വായിച്ചപ്പോൾ ആദ്യം ഓർമ്മ വന്നത്. മുസ്ലീം വിദ്യാർത്ഥികൾ വരച്ച പലസ്തീൻ പതാക, അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (എ.ബി.വി.പി) പ്രവർത്തകർ നിർബന്ധപൂർവ്വം നീക്കം ചെയ്യുകയും പകരം “ജയ് ഹിന്ദ്” എന്ന് എഴുതുകയും ചെയ്തു. പുരോഗമനപരവും മതേതരവുമായ മൂല്യങ്ങൾക്ക് പ്രതിജ്ഞാബദ്ധമെന്ന് അവകാശപ്പെടുന്ന ഒരു സർവകലാശാലയിൽ നടന്ന ഈ സംഭവത്തിൽ, നീതി തേടിയുള്ള മുസ്ലീം വിദ്യാർത്ഥികളുടെ ശ്രമങ്ങൾ ഫലം കണ്ടില്ല.
ഇത്തരം സംഭവങ്ങൾ ഒറ്റപ്പെട്ടതല്ല. സമീപ വർഷങ്ങളിൽ രാജ്യത്തുടനീളം സമാനമായ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ പ്രധാനിയായ ബഹദൂർ ഷാ സഫറിന്റെ ചുവർചിത്രം വികൃതമാക്കപ്പെട്ടു; ടിപ്പു സുൽത്താന്റെ നിരവധി പ്രതിമകളും പോസ്റ്ററുകളും നശിപ്പിക്കുകയോ പെയിന്റ് അടിക്കുകയോ ചെയ്തു.
കേരളത്തിലെ തിരൂർ റെയിൽവേ സ്റ്റേഷനിലെ വാഗൺ ട്രാജഡി സ്മാരക പെയിന്റിംഗ് റെയിൽവേ അധികൃതർ ഔദ്യോഗികമായി നീക്കം ചെയ്തതും ഇതിനോട് ചേർത്തുവായിക്കണം. കഴിഞ്ഞ രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ നടന്ന ഈ സംഭവങ്ങളിലെല്ലാം, മുസ്ലീങ്ങളിൽ നിന്നുള്ള പ്രതിരോധ ശബ്ദങ്ങൾ ഒന്നുകിൽ കേൾക്കപ്പെടാതിരിക്കുകയോ അല്ലെങ്കിൽ അധികാരികളാൽ അടിച്ചമർത്തപ്പെടുകയോ ചെയ്തു.
അകവും പുറവും ചേരുന്ന ഇടങ്ങൾ
ജയിലിന്റെ ഇടവും പുറം ലോകവും തമ്മിലുള്ള സംയോജനം കൂടുതലും മരണത്തിന്റെ നിമിഷങ്ങളിലൂടെയാണ് ഉയർന്നുവരുന്നത്—അത് ഒരു തടവുകാരന്റെ മരണമായാലും അല്ലെങ്കിൽ ജയിൽ മതിലുകൾക്കപ്പുറമുള്ള ഒരു അടുത്ത ബന്ധുവിന്റെ മരണമായാലും. റാസിഖിന്റെ ആഖ്യാനത്തിലെ ഒരു ആവർത്തന വിഷയം അത്തരം നിമിഷങ്ങളിൽ അനുഭവപ്പെടുന്ന അഗാധമായ നിസ്സഹായതയാണ്, “നിങ്ങളുടെ ഏറ്റവും അടുത്ത ആളുകൾ മരിക്കുകയോ അസുഖം ബാധിക്കുകയോ ചെയ്യുമ്പോഴുള്ള നിസ്സഹായതയാണ് ജയിലിലെ ഏറ്റവും സങ്കടകരമായ നിമിഷം” എന്ന ചിന്ത ഇത് വ്യക്തമാക്കുന്നു.
ഈ ഘട്ടങ്ങളിൽ, ഇടങ്ങളെ വേർതിരിക്കുന്ന ജയിൽ മതിലുകൾക്ക് അതിന്റെ ശക്തി നഷ്ടപ്പെടുകയും, ആ വേർതിരിവിന്റെ സഹജമായ ദുർബലത വെളിപ്പെടുകയും ചെയ്യുന്നു. രോഗിയായ അമ്മയെക്കുറിച്ചുള്ള ഷർജീൽ ഇമാമിന്റെ വേദനയും ഇതേ വൈകാരിക സംയോജനത്തെ പ്രതിധ്വനിക്കുന്നു. ജയിലിനുള്ളിലെ ഈ ദൈനംദിന സംഘർഷങ്ങളെ തടവുകാർ എങ്ങനെ കൈകാര്യം ചെയ്യുകയും മറികടക്കുകയും ചെയ്യുന്നു എന്നത് ഒരു നിർണായക ചോദ്യമായി അവശേഷിക്കുന്നു.

അൻസാർ നദ്വിയെയും അദ്ദേഹത്തിന്റെ പിതാവ് റസാഖിനെയും കുറിച്ചുള്ള ഹൃദയസ്പർശിയായ ഒരു കഥ റാസിക് റഹീം പങ്കുവെക്കുന്നുണ്ട്. റസാഖ് ഒരിക്കൽ മകനെ കാണാൻ കൊച്ചിയിൽ നിന്ന് ഭോപ്പാൽ ജയിലിലേക്ക് ദീർഘയാത്ര നടത്തി. ജയിലിന്റെ അഴികൾക്ക് പുറത്ത് നിന്നുകൊണ്ട് അദ്ദേഹം അൻസാറിനെ സൗമ്യമായ ഒരു “സലാം” കൊണ്ട് അഭിവാദ്യം ചെയ്തു. എന്നാൽ അദ്ദേഹത്തിന്റെ ഹൃദയം തകർത്തുകൊണ്ട്, അൻസാർ അദ്ദേഹത്തെ തിരിച്ചറിഞ്ഞില്ല. കഠിനമായ മാനസികവും ശാരീരികവുമായ പീഡനം അൻസാറിനെ മരവിപ്പിക്കുകയും ദിശാ ബോധമില്ലാത്തവനാക്കുകയും ചെയ്തിരുന്നു. ആ ഞെട്ടലോടെ വീട്ടിലേക്ക് മടങ്ങിയ റസാഖ്, ഒരു മാസത്തിനുശേഷം വീണ്ടും മകനെ കാണാൻ ചെന്നു. ഇത്തവണ അൻസാറിന് പിതാവിനെ തിരിച്ചറിയാനും സംസാരിക്കാനും കഴിഞ്ഞു. ആ പുനഃസമാഗമം റസാഖിന് വലിയ ആശ്വാസവും ആഘോഷവുമായിരുന്നു; അതിന്റെ സന്തോഷത്തിൽ അദ്ദേഹം ഒരു കന്നുകാലിയെ ബലിയർപ്പിക്കുകയും അതിന്റെ മാംസം ഗ്രാമത്തിൽ വിതരണം ചെയ്യുകയും ചെയ്തു. പിന്നീട് റസാഖ് മക്കയിലേക്ക് ഉംറ തീർത്ഥാടനം നടത്തുകയും, അവിടെ നിന്ന് മകനായി ഈന്തപ്പഴവും സംസവും കൊണ്ടുവരികയും ചെയ്തു. എന്നാൽ, അൻസാറിന്റെ അടുത്തെത്തുന്നതിന് മുമ്പ് റസാഖ് സാഹിബ് റെയിൽവേ സ്റ്റേഷനിൽ വെച്ച് മരണപ്പെട്ടു. വേർപാടിനാൽ അടയാളപ്പെടുത്തിയതും എന്നാൽ വേദനയിലൂടെ ആഴത്തിൽ ബന്ധിക്കപ്പെട്ടതുമായ, ജയിലിനകത്തും പുറത്തുമുള്ള ഇടങ്ങൾ തമ്മിലുള്ള വൈകാരിക സമാഗമങ്ങളുടെ ഉത്തമ ഉദാഹരണമാണ് ഈ ആഖ്യാനം.
ഖേദകരമെന്നു പറയട്ടെ, ‘ബ്ലാക്ക് വാറണ്ട്’ എന്ന പരമ്പരയുടെ ദൃശ്യാവിഷ്കാരത്തിൽ ഇത്തരം സൂക്ഷ്മമായ വൈകാരിക മാനങ്ങൾ പ്രകടമായിരുന്നില്ല. പകരം, തടവുകാരായ ത്യാഗികൾ, ഹദ്ദീകൾ, സർദാർമാർ എന്നിവർക്കിടയിലെ ഗുണ്ടാ സംഘട്ടനങ്ങൾക്കായിരുന്നു പരമ്പര ഊന്നൽ നൽകിയത്. തടവുകാരുടെ പ്രണയങ്ങൾ, കുടുംബ ബന്ധങ്ങൾ, ഒറ്റപ്പെട്ട ദുർബല നിമിഷങ്ങൾ തുടങ്ങിയ വൈകാരിക ജീവിതങ്ങൾ അവഗണിക്കപ്പെട്ടു. ജയിൽ സന്ദർശിക്കുന്ന ഇന്റേണുമായി പ്രണയത്തിലാകുന്ന തടവുകാരനായ ഗർവിത്തിനോ (പുസ്തകത്തിലെ ബഗ്ഗ), മഖ്ബൂൽ ഭട്ടിനോ, മറ്റ് തടവുകാർക്കോ അവരുടെ കുടുംബങ്ങൾക്കോ പുസ്തകം വളരെ ശ്രദ്ധയോടെ വെളിപ്പെടുത്തിയ വൈകാരിക ആഴം പരമ്പരയിൽ നൽകിയില്ല. താൻ തന്റെ ജോലിയെ ഒരു “റൊമാന്റിക് ആശയം” എന്ന നിലയിലാണ് സമീപിച്ചതെന്ന് പുസ്തകത്തിൽ സുനിൽ പറയുന്നുണ്ട്; എന്നാൽ വൈകാരികമായി നിർവചിക്കപ്പെട്ട ഈ കാഴ്ചപ്പാട് വേണ്ടത്ര പിടിച്ചെടുക്കാൻ സംവിധായകന് കഴിഞ്ഞില്ല. ജയിലർമാരുടെയും ഡി.എസ്.പിമാരുടെയും കുടുംബങ്ങളുടെ വ്യക്തിപരമായ ബന്ധങ്ങൾക്കും സംഘർഷങ്ങൾക്കും കാര്യമായ സ്ക്രീൻ സമയം നൽകിയപ്പോൾ, തടവുകാരുടെ ആന്തരിക വൈകാരിക ലോകങ്ങൾ പരമ്പരയുടെ ആദ്യ സീസണിൽ പാർശ്വവൽക്കരിക്കപ്പെട്ടു.
പുസ്തകത്തിന്റെ രചയിതാവായ സുനിൽ ഗുപ്ത, ജയിലിന്റെ വൈകാരിക രൂപരേഖകൾ അറിയിക്കുന്നതിനുള്ള ഒരു സുപ്രധാന ഉപാധിയായാണ് മഖ്ബൂൽ ഭട്ടിന്റെ ജീവിതത്തെ പരിഗണിക്കുന്നത്. മഖ്ബൂലിന്റെ ഭക്തി അദ്ദേഹത്തിന്റെ ആചാരപരമായ പ്രാർത്ഥനകൾ, ഖുർആനുമായുള്ള ഇടപെടൽ, തിഹാറിന്റെ ചരിത്രത്തിൽ ആദ്യമായി ജയിൽ വളപ്പിൽ നടന്ന അദ്ദേഹത്തിന്റെ ഖബറടക്കം, മുസ്ലീം തടവുകാരുടെ മൗനാനുവാദം, അദ്ദേഹത്തിന്റെ കശ്മീരി അനുയായികൾ നയിച്ച പ്രതിഷേധങ്ങൾ, സഹോദരന്റെയും അഭിഭാഷകന്റെയും തടവ്, കുടുംബവുമായുള്ള പരിമിതമായ ആശയവിനിമയം—ഇവയെല്ലാം വൈകാരികവും രാഷ്ട്രീയവുമായ ഒരു ചിത്രംവരയ്ക്കുന്നു. മഖ്ബൂൽ ഭട്ടിന്റെ കാരുണ്യമുള്ള ആത്മാവിനെക്കുറിച്ചുള്ള തിഹാറിലെ ഐതിഹ്യങ്ങൾ—അദ്ദേഹത്തിന്റെ പ്രേതത്തിന് പോലും ആരെയും ഉപദ്രവിക്കാൻ കഴിയില്ലെന്ന കഥകൾ ഉൾപ്പെടെ—ഇന്ത്യൻ നയതന്ത്രജ്ഞനെ കൊന്നതിന് ഉത്തരവാദികളായ കെ.എൽ.എഫും മഖ്ബൂൽ സ്ഥാപിച്ച ജെ.കെ.എൽ.എഫും തമ്മിൽ ബന്ധമില്ലായിരുന്നു എന്ന രചയിതാവിന്റെ നിരീക്ഷണവും, അദ്ദേഹത്തിന്റെ തൂക്കിക്കൊല്ലൽ പ്രധാനമായും പൊതുജനവികാരം ശമിപ്പിക്കാനായിരുന്നു എന്ന വിലയിരുത്തലും പുസ്തകത്തിന് ഒരു വൈകാരിക ഭാരം നൽകുന്നു. മഖ്ബൂൽ സുനിലിനോട് ഉദ്ധരിച്ച ഫൈസ് അഹമ്മദ് ഫൈസിന്റെ ഈരടി പോലു —“ജിസ് ധജ് സെ കോയിമഖ്തൽ മേം ഗയാ വോ ഷാൻ സലാമത് രെഹ്തി ഹേ, യേ ജാൻ തോ ആനി ജാനി ഹേ, ഇസ് ജാൻ കി തോ കോയി ബാത് നഹിം”—സുനിൽ വ്യക്തമായി ഓർക്കുന്നുണ്ട്.
അഫ്സലുമായി ചെലവഴിച്ച അവസാന നിമിഷങ്ങളിലേക്ക് മടങ്ങാൻ അദ്ദേഹം’അപ്നെ ലിയേ ജിയേ തോ ക്യാ ജിയേ’ എന്ന ഗാനം തുടർച്ചയായി കേൾക്കുന്നു. പുസ്തകം ഊന്നിപ്പറയുന്ന ഈ വൈകാരിക ഭാരം സിനിമയായപ്പോൾ അദൃശ്യമായി. ഈ അദൃശ്യത തന്നെയാണ്, ബ്ലാക്ക് വാറണ്ട് പുസ്തകം പരമ്പരയായി മാറിയപ്പോൾ മുസ്ലീം പ്രതിനിധാനത്തിനും സംഭവിച്ചത് എന്ന് കാണാൻ കഴിയും.

സുനിൽ ഗുപ്ത പുസ്തകത്തിലുടനീളം വ്യക്തമാക്കാൻ ശ്രമിച്ച വൈകാരികമായ ആഴം മാറ്റിവെച്ച്, സിനിമ അതിന്റെ കേന്ദ്ര ആഖ്യാനം ഗാങ് വാറുകളിലേക്ക് മാറ്റുന്നു. അങ്ങനെ ചെയ്യുന്നതിലൂടെ, സംവിധായകൻ തിഹാറിനെ അതിന്റെ പരിചിതമായ വാർപ്പുമാതൃകയിലേക്ക് തിരികെ കൊണ്ടുവരുന്നു: അശുദ്ധരും മനുഷ്യത്വമില്ലാത്തവരുമായ കുറ്റവാളികൾ വസിക്കുന്ന ഒരിടം എന്ന നിലയിലേക്ക്. തന്മൂലം, പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്ന ജയിൽ ജീവിതത്തിന്റെ ആന്തരികവും സൂക്ഷ്മവുമായ ചിത്രീകരണവും, സ്ക്രീനിൽ അവതരിപ്പിക്കുന്ന ബാഹ്യവും ലളിതവൽക്കരിക്കപ്പെട്ടതുമായ ചിത്രീകരണവും തമ്മിൽ അടിസ്ഥാനപരമായ ഒരു പൊരുത്തക്കേട് ഈ സിനിമ സൃഷ്ടിക്കുന്നു. ഈ വ്യതിചലനം സിനിമയെയും അതിന്റെ തിരക്കഥയെയും സംവിധാനത്തെയും അതിന്റെ ഉറവിടമായ പുസ്തകവുമായും രചയിതാവുമായും നേരിട്ടുള്ള സംഘർഷത്തിലാക്കുന്നു. ഇത് തടവിനെക്കുറിച്ചുള്ള ‘അകത്തുള്ളവന്റെയും’ ‘പുറത്തുള്ളവന്റെയും’ കാഴ്ചപ്പാടുകൾ തമ്മിലുള്ള വിശാലമായ സംഘർഷത്തെത്തന്നെയാണ് പ്രതിനിധീകരിക്കുന്നത്.
കൗതുകകരമെന്നു പറയട്ടെ, ഒരു ജീവചരിത്രപരമായ ഈ ആവിഷ്കാരം, വിരോധാഭാസമായി അതിന്റെ തന്നെ നായകനുമായി (സുനിൽ ഗുപ്ത, ജയിലർ) സംഘർഷത്തിലാകുന്നു. പുസ്തകവും ദൃശ്യവും, അകവും പുറവും, സിനിമയും നായകനും തമ്മിലുള്ള ഒരു വലിയ സംഘർഷമായി ഈ ജയിൽ ആഖ്യാനം മാറുന്നു. ജയിലിനെക്കുറിച്ച്, അത് അനുഭവിക്കാത്ത ഞാനടക്കമുള്ള ഏതൊരാളും പ്രവേശിക്കുന്ന അതേ സംഘർഷം.
കാര്യണ്യവും പ്രതിരോധവുമില്ലാത്ത ഇടം : പീഡനങ്ങളും വിശ്വാസവും
ജയിലനുഭവങ്ങളെക്കുറിച്ചുള്ള ഈ വായനകളെല്ലാം ഒരു സാമാന്യവൽക്കരണത്തിന് വിധേയമാക്കാൻ കഴിയില്ല. ഓരോ ജയിലും, ഓരോ ജയിലറും, ഓരോ തടവുകാരന്റെ അനുഭവവും വ്യത്യസ്തമാണ്. എങ്കിലും, ഈ വ്യത്യസ്ത അനുഭവങ്ങൾക്കിടയിലും മുസ്ലീം തടവുകാർക്കിടയിൽ പങ്കുവെക്കപ്പെട്ട ഒരു പൊതു ഇടം (Shared Space) സാധ്യമാണോ? ഭോപ്പാൽ ജയിലിലെ ഷിബിലിയുടെയും ഷാദുലിയുടെയും ഭയാനകമായ വിവരണങ്ങളിലൂടെ, റാസിക് റഹീം തന്റെ പുസ്തകത്തിൽ മൂന്നാമതൊരു ഇടം അവതരിപ്പിക്കുന്നുണ്ട്—വിശ്വാസം. അബോധാവസ്ഥയിലാകുന്നതുവരെ പീഡിപ്പിക്കപ്പെട്ട് ‘അണ്ടാ സെല്ലിൽ’ എറിയപ്പെട്ട അവരുടെ കഷ്ടപ്പാടുകളും വേദനയും, ഓരോ തവണയും സ്വപ്നങ്ങളിൽ പ്രവാചകൻ പ്രത്യക്ഷപ്പെട്ട് സുഖപ്പെടുത്തുന്നതായി അവർ അനുഭവിക്കുന്നു.
ഈ വിശ്വാസത്തിന്റെ ഇടം അവർക്കൊരു സങ്കേതമായി മാറുന്നു; അവിടെ വേദനയും നിരാശയും അല്ലാഹുവിന്റെയും പ്രവാചകന്റെയും സാന്നിധ്യത്തിൽ ആശ്വാസം കണ്ടെത്തുന്നു. അങ്ങനെ ഭോപ്പാൽ ജയിലിലെ ഇരുണ്ട അറകളെ പ്രവാചകനാകുന്ന പ്രകാശം (“നൂർ”) കൊണ്ട് വിശ്വാസം പ്രഭാപൂരിതമാക്കുന്നു. ഈ ആത്മീയമായ ഇടം, തടവറയിലെ മറ്റ് ഇടങ്ങളുമായി സംയോജിച്ച് അതിജീവനത്തിനും പ്രതിരോധത്തിനുമുള്ള അഗാധമായ ഒരു ഉറവിടമായി മാറുന്നു.
ഇബ്നു സീനയുടെ ഉൾക്കാഴ്ചകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, വലാക്വിസേയും അസിം ഖുറേഷിയും ഇതേക്കുറിച്ച് പഠിക്കുന്നുണ്ട്. പീഡനങ്ങൾ ആത്മാവും ശരീരവും തമ്മിൽ ഒരു വിഘടനം സൃഷ്ടിക്കുമ്പോഴാണ് സ്വപ്ന ദർശനങ്ങൾ ഉണ്ടാകുന്നതെന്നും, ഈ അവസ്ഥയെ പ്രാർത്ഥനയിലൂടെ അനുരഞ്ജിപ്പിക്കാൻ കഴിയുമെന്നും അവർ വാദിക്കുന്നു. ശരീര ചലനങ്ങൾ ആചാരപരമായ രീതികൾ പിന്തുടരുകയും മനസ്സ് കേന്ദ്രീകൃതമായ ഏകാഗ്രത കൈവരിക്കുകയും ചെയ്യുന്ന ഒരു പരിശീലനമാണ് പ്രാർത്ഥന. പ്രാർത്ഥനയിലൂടെ തടവുകാർ ഒരു സമൂഹത്തിലേക്ക് പുനഃസംയോജിപ്പിക്കപ്പെടുന്നുവെന്ന് റാസിഖിന്റെ വിവരണങ്ങളും വ്യക്തമാക്കുന്നു. പീഡനങ്ങൾ സൃഷ്ടിക്കുന്ന ഈ വിഘടിത അവസ്ഥയിൽ നിന്ന് പ്രാർത്ഥനയിലൂടെ വ്യക്തിപരവും സാമുദായികവുമായ ഒരു പുതിയ ഐക്യത്തിലേക്ക് എത്തുമ്പോൾ, വിശ്വാസം ജയിലിന്റെ പരിമിതികൾക്കുള്ളിൽ വ്യതിരിക്തമായ ഒരു മുസ്ലീം ഇടം രൂപപ്പെടുത്തുന്നു.
ഈ സ്വപ്നങ്ങൾ കേവലം ആശ്വാസത്തിന്റെയോ പ്രതീക്ഷയുടെയോ ഉറവിടങ്ങൾ എന്നതിനപ്പുറം, ഗാഢമായ ദൈവശാസ്ത്രപരമായ പ്രാധാന്യം വഹിക്കുന്നു. പ്രവാചകന്റെ ദർശനങ്ങൾ ഭക്തർക്കും, തിരഞ്ഞെടുക്കപ്പെട്ട ചുരുക്കം ചിലർക്കും മാത്രം ലഭിക്കുന്ന ഒരു അപൂർവ അനുഗ്രഹമാണെന്ന് ഇസ്ലാമിക സിദ്ധാന്തങ്ങൾ പറയുന്നു. അതിനാൽ, അത്തരം സ്വപ്നങ്ങൾ ഒന്നിലധികം ദൈവശാസ്ത്രപരമായ മാനങ്ങൾ ഉൾക്കൊള്ളുന്നു: ഒന്നാമതായി, ഇസ്ലാമിൽ ഭക്തരാണ് പലപ്പോഴും ഏറ്റവും കഠിനമായി പരീക്ഷിക്കപ്പെടുന്നത്, പ്രവാചകന്മാർ നേരിടേണ്ടി വന്ന പരീക്ഷണങ്ങളും സഹനവും ഇതിനു ഉത്തമോദാഹരണമാണ്. രണ്ടാമതായി, ഈ തടവിലാക്കപ്പെട്ട യുവാക്കൾ നിരപരാധികളാണെന്നും, സ്വപ്നത്തിലെ ദൈവിക ഇടപെടൽ അവരുടെ നിരപരാധിത്വം ഉറപ്പിക്കുന്നുവെന്നും വിശ്വസിക്കപ്പെടുന്നു. ഇത് എണ്ണമറ്റ ഉമ്മമാർക്കും, ഭാര്യമാർക്കും, പിതാക്കന്മാർക്കും, കുട്ടികൾക്കും അവരുടെ സഹനപാതയിൽ നിലയുറപ്പിക്കുന്നതിന് അതീന്ദ്രിയമായ കരുത്ത് നൽകുന്നു. സക്കരിയയുടെ ഉമ്മ ബിയ്യുമ്മ ഈ അഗാധമായ ബോധ്യം പ്രകടിപ്പിക്കുന്നു: “ഞങ്ങളുടെ വിശ്വാസവും ആശ്രയവും അല്ലാഹുവിന്റെ കോടതിയിലാണ്”.
റാസിക് റഹീം തന്നെ ഇത്തരമൊരു സ്വപ്ന ദർശനം വിവരിക്കുന്നുണ്ട്. വീട് സന്ദർശിച്ചതിന് തൊട്ടുപിന്നാലെ അബ്ദു റഹിമാൻ സാഹിബ് മരിക്കുന്നത് അദ്ദേഹം സ്വപ്നത്തിൽ കണ്ടു. ഈ മുൻകൂട്ടിയുള്ള അറിവ് പിന്നീട് യാഥാർത്ഥ്യമായി. പാനായിക്കുളം കേസിൽ പ്രതിചേർക്കപ്പെട്ട മുസ്ലീം യുവാക്കളുടെ നിരപരാധിത്വം തെളിയിക്കാൻ ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിയായിരുന്നു അബ്ദു റഹിമാൻ സാഹിബ്. ജയിൽ മോചിതനായ ശേഷം അദ്ദേഹത്തെ സന്ദർശിച്ചതിന് തൊട്ടുപിന്നാലെ റസിക് അദ്ദേഹത്തിന്റെ മരണവാർത്ത അറിയുകയുണ്ടായി.
ജയിലിന്റെ അഴികൾക്ക് പുറത്ത് നിന്ന് രചിക്കപ്പെട്ട ‘ബ്ലാക്ക് വാറണ്ടിൽ’, തടവുകാർ പ്രവാചകനെ സ്വപ്നം കാണുന്നതിനെക്കുറിച്ച് ഒരു സൂചനയുമില്ല. പകരം, സുനിൽ ഗുപ്ത ആ പ്രതീകാത്മക സ്ഥാനം നൽകുന്ന മഖ്ബൂൽ ഭട്ടിനാണ്. സാധാരണക്കാരായ തടവുകാരുടെ സ്വപ്നങ്ങളിൽ അവരുടെ മോചനം പ്രവചിച്ചുകൊണ്ട് മഖ്ബൂൽ പ്രത്യക്ഷപ്പെടുന്ന നിരവധി സന്ദർഭങ്ങൾ അദ്ദേഹം ചിത്രീകരിക്കുന്നു. ഷിബിലിക്കും ഷാദുലിക്കും മറ്റു മുസ്ലീം തടവുകാർക്കും പ്രവാചകൻ ആത്മീയമായ ഇടം നൽകുമ്പോൾ, ‘ബ്ലാക്ക് വാറണ്ട്’ എന്ന പുസ്തകത്തിൽ ആ ദൗത്യം ഏറ്റെടുക്കുന്നത് മഖ്ബൂൽ ഭട്ടാണ്; ദർശനങ്ങളിലൂടെ തടവുകാർക്ക് പ്രതീക്ഷ നൽകുന്ന ഒരു പ്രതീകമായി അദ്ദേഹം മാറുന്നു. എന്നിരുന്നാലും, ഈ ആഴത്തിലുള്ള ആത്മീയവും വൈകാരികവുമായ തലം, ‘ബ്ലാക്ക് വാറണ്ട്’ എന്ന പുസ്തകത്തിന്റെ സിനിമാ ആവിഷ്കാരത്തിൽ വലിയൊരളവിൽ പ്രതിനിധീകരിക്കപ്പെടാതെ പോയി എന്നത് ശ്രദ്ധേയമാണ്.
ലോകമെമ്പാടും തടവിലാക്കപ്പെട്ട മുസ്ലീങ്ങൾക്ക്, സ്വപ്നങ്ങൾ ദൈവിക സന്ദേശങ്ങളാണെന്ന ഇസ്ലാമിക പാരമ്പര്യത്തിൽ അധിഷ്ഠിതമായി, ഏകാന്തതയിൽ തങ്ങളുടെ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകൾ നൽകുന്ന സുപ്രധാന കവാടങ്ങളായി സ്വപ്നങ്ങൾ വർത്തിക്കുന്നു. വായന സാധ്യമായ ജയിലുകളിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുകയും ഉപയോഗിക്കപ്പെടുകയും ചെയ്യുന്ന ഗ്രന്ഥങ്ങളിലൊന്ന്, സ്വപ്ന വ്യാഖ്യാനത്തെക്കുറിച്ചുള്ള ഇബ്നു സീനായുടെ പ്രബന്ധമാണെന്ന് വലാ ക്വിസേയും അസിം ഖുറേഷിയും കുറിക്കുന്നു. ഇത് ഇസ്ലാമിക പാരമ്പര്യത്തിലെ ഏറ്റവും ആധികാരികമായ കൃതികളിലൊന്നാണ്.
റെയിൻഹാർട്ട് കോസെലെക്കിന്റെ ‘ഫ്യൂച്ചേഴ്സ് പാസ്റ്റ്’ എന്ന കൃതി, നാസി ജർമ്മനിയിൽ ഷാർലറ്റ് ബെറാഡ് രേഖപ്പെടുത്തിയ മുന്നൂറിലധികം സ്വപ്നങ്ങളുടെ ശേഖരം പരിശോധിക്കുന്നുണ്ട്. സ്വപ്നങ്ങൾ വ്യക്തിപരമാണെങ്കിലും, ബെറാഡിന്റെ സമാഹാരം ഒരു പ്രത്യേക കാലഘട്ടത്തിലെ സാമൂഹിക ഗ്രൂപ്പുകൾക്കിടയിൽ പങ്കുവെക്കപ്പെട്ട അനുഭവങ്ങളെ വെളിപ്പെടുത്തുന്നു. വംശഹത്യയുടെ പ്രാരംഭ ഘട്ടത്തിൽ, വരാനിരിക്കുന്ന ഭീകരതയുടെ പ്രവചനങ്ങളായിരുന്നു ആ സ്വപ്നങ്ങളുടെ ഉള്ളടക്കം. എന്നാൽ ഇതിന് വിപരീതമായി, കോൺസെൻട്രേഷൻ ക്യാമ്പുകൾക്കുള്ളിൽ നിന്ന് വരുന്ന, കോസെലെക്ക് ‘മോക്ഷാത്മക സ്വപ്നങ്ങൾ’ (salvational dreams) എന്ന് വിളിക്കുന്നവ, യഥാർത്ഥ ഭീകരതയിൽ നിന്നുള്ള ഒരു വേർപാട് പ്രതിഫലിപ്പിക്കുകയും രാഷ്ട്രീയ വർഗ്ഗീകരണങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറുകയും ചെയ്തു. ഈ വ്യത്യാസം, മുസ്ലീം തടവുകാരുടെ സ്വപ്നങ്ങളെയും തടവറയ്ക്കുള്ളിൽ അവ വഹിക്കുന്ന പൊതുവായ അർത്ഥങ്ങളെയും കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു.
ഒരു മുസ്ലീം തടവുകാരന്റെ മോക്ഷത്തിന്റെ കൂട്ടായ പ്രകടനം എന്താണ്? അത് പ്രവാചകൻ തന്നെയാണോ ഭോപ്പാൽ മുതൽ തിഹാർ വരെ, അഹമ്മദാബാദ് മുതൽ ഇസ്ലാമാബാദ് വരെ, കെയ്റോ മുതൽ ഗ്വാണ്ടനാമോ വരെ—വിവിധ സ്ഥലങ്ങളിൽ—തടവുകാരുടെ സ്വപ്നങ്ങളിൽ പ്രവാചകൻ ഒരു കേന്ദ്ര ബിന്ദുവായി ഉയർന്നു വരുന്നു. റാസിഖ് റഹീം നിരീക്ഷിക്കുന്നതു പോലെ, “ഏത് ജയിലിൽ പോയാലും പീഡനത്തിനിരയായ മുസ്ലീം യു.എ.പി.എ തടവുകാരോട് നിങ്ങൾ ചോദിച്ചാൽ—ഷിബിലിയും ഷാദുലിയും മാത്രമല്ല—നൂറുകണക്കിന് പേർ ഇതിനകം പ്രവാചകനെ സ്വപ്നം കാണുകയും അനുഭവിക്കുകയും ചെയ്തിട്ടുണ്ടാകും”. ഈ പാരമ്പര്യം നൽകുന്ന അടിത്തറയാണ്, ഹൈന്ദവ ധാർമ്മിക ബോധത്തിലെ ജയിൽ എന്ന അശുദ്ധിയുടെ ഇടത്തിൽ നിന്ന് വ്യത്യസ്തമായി, ഒരു വിശ്വാസത്തിന്റെ ഇടം ജയിലിൽ സൃഷ്ടിച്ചെടുക്കാൻ മുസ്ലീം തടവുകാർക്ക് സഹായകമാകുന്നത്.
യു.എ.പി.എ പ്രകാരം കുറ്റം ചുമത്തപ്പെട്ട മുസ്ലീങ്ങളാണ് ഏറ്റവും നല്ല തടവുകാരെന്നും, എന്നാൽ അവരുടെ “കുഴപ്പം” അവർ “വളരെ മത വിശ്വാസികളാണ്” എന്നും ഒരു ജയിൽ സൂപ്രണ്ട് പറഞ്ഞ സംഭാഷണം റാസിഖ് വിവരിക്കുന്നുണ്ട്. റസിക്കിന്റെ പ്രതികരണം ഈ മൂന്നാമത്തെ ഇടത്തിന്റെ സത്തയെ വാചാലമായി ഉൾക്കൊള്ളുന്നു: “ആ മതബോധമാണ് ഞങ്ങളുടെ നന്മ”.
ഉപസംഹാരം
തന്റെ പുസ്തകം എഴുതാൻ പ്രേരിപ്പിച്ച സാഹചര്യങ്ങളെ കുറിച് റാസിഖ് റഹീം പലപ്പോഴും സംസാരിച്ചിട്ടുണ്ട്. രാജ്യ വ്യാപകമായി സി.ഐ.എ വിരുദ്ധ പ്രസ്ഥാനം ശക്തിപ്പെടുകയും ഡൽഹിയിൽ നിരവധി വിദ്യാർത്ഥി ആക്ടിവിസ്റ്റുകൾ അറസ്റ്റിലാകുകയും ചെയ്ത സാഹചര്യത്തിൽ, ഒരു വിദ്യാർത്ഥി റാസിഖിനെ സമീപിച്ച് ജയിൽ വാസത്തിന് എങ്ങനെ തയ്യാറെടുക്കാമെന്ന് ചോദിച്ചു. ആ നിമിഷത്തിലാണ് അദ്ദേഹം തന്റെ ജയിൽ അനുഭവങ്ങൾ ഒരു പഠനമായും പ്രചോദനവുമായി എഴുതാൻ തീരുമാനിച്ചത്. നിരാശയിലോ പ്രതീക്ഷയില്ലായ്മയിലോ വീഴാതെ, തടവറയിലെ അനുഭവങ്ങളെ വിശ്വാസവും അറിവും വളർത്താനും സഹതടവുകാരുടെ അവകാശങ്ങൾക്കായി നിലകൊള്ളാനുമുള്ള ഒരവസരമായി എങ്ങനെ ഉപയോഗിക്കാം എന്ന് കാണിക്കുകയായിരുന്നു പുസ്തകത്തിന്റെ പ്രധാന ലക്ഷ്യം. സമാനമായ രീതിയിൽ, സുനിൽ ഗുപ്തയും സുനേത്ര ചൗധരിയും ജയിൽ സംവിധാനത്തിലെ വ്യവസ്ഥാപിത പിഴവുകൾ തുറന്നുകാട്ടുകയും, കൂടുതൽ സഹാനുഭൂതിയുള്ള ഒരു അന്തരീക്ഷം വളർത്തുന്നതിനായി സ്ഥാപനപരവും നയപരവുമായ തലങ്ങളിൽ പരിഷ്കാരങ്ങൾക്കായി വാദിക്കുകയും ചെയ്യുന്നു. തടവുകാരും ജയിലർമാരും അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ എടുത്തുകാണിക്കുന്നതിലൂടെ, ‘ബ്ലാക്ക് വാറണ്ട്’ എന്ന പുസ്തകം ജയിൽ സംവിധാനത്തിനുള്ളിലെ എല്ലാ വ്യക്തികളെയും മനുഷ്യരായി ഉൾക്കൊള്ളേണ്ടതിന്റെ അനിവാര്യതയിലേക്ക് വിരൽ ചൂണ്ടുന്നു. ഉജാഗർ സിംഗിന്റെയും കർത്താറിന്റെയും ആഖ്യാനങ്ങളിലൂടെയും തടവുകാർക്കായി ഒരു നിയമസഹായ സെൽ രൂപീകരിക്കാനുള്ള സുനിൽ ഗുപ്തയുടെ ശ്രമത്തിലൂടെയും, ജയിലിനെ ഒരു പുനരധിവാസ സ്ഥാപനമെന്ന ആദർശത്തിലേക്ക് തിരികെ ക്കൊണ്ടുവരാൻ പുസ്തകം ശ്രമിക്കുന്നു.

എന്നിരുന്നാലും, സഹനം, വിശ്വാസം, പരിഷ്കരണം, പുനരധിവാസം എന്നിവയ്ക്ക് ഊന്നൽ നൽകുന്നതിനാൽ, ജയിലിന്റെ മതിലുകൾക്കുള്ളിൽ വ്യക്തികൾക്കും സമുദായങ്ങൾക്കും നേരെയുണ്ടാകുന്ന പീഡനങ്ങളുടെയും അക്രമങ്ങളുടെയും സംവിധാനങ്ങളെക്കുറിച്ച് ഈ രണ്ടു കൃതികളും വിപുലമായി പരിശോധിക്കുന്നില്ല. അതുകൊണ്ടുതന്നെ, ജയിലുകൾ മുസ്ലീങ്ങൾ അവരുടെ പൗരത്വം പൂർണ്ണമായി വീണ്ടെടുക്കുന്ന ഇടങ്ങളാണെന്ന് ഈ പുസ്തകങ്ങളെ മാത്രം ആധാരമാക്കി വാദിക്കാൻ സാധ്യമല്ല. കശ്മീർ മുതല് കോയമ്പത്തൂർ വരെ മുസ്ലിം തടവുകാർ പീഡനത്തിന് ഇരയായതായി സ്ഥിരീകരിക്കുന്ന റിപ്പോർട്ടുകൾ ഇതിന്റെ മറുവശം വ്യക്തമാക്കുന്നു. ഇതിന് സമാന്തരമായി, ജയിലുകൾക്കുള്ളിലെ ജാതി അടിസ്ഥാനത്തിലുള്ള വേർ തിരിവിനെയും നിർബന്ധിത തൊഴിലിനെയും കുറിച്ചുള്ള സുകന്യ ശാന്തയുടെ റിപ്പോർട്ട്, ദളിതരും ആദിവാസികളും മറ്റ് പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങളും അനുഭവിക്കുന്ന പാർശ്വവൽക്കരണം തുറന്നുകാട്ടുന്നു.
ഈ ലേഖനം ഇത്തരം ഘടനാപരമായ അക്രമങ്ങളിലേക്ക് ആഴത്തിൽ കടക്കുന്നില്ല. പകരം, പരിശോധിച്ച രണ്ട് കൃതികൾ ജയിൽ ജീവിതത്തിനുള്ളിലെ വ്യത്യസ്ത ഇടങ്ങളെ (spatialities) എങ്ങനെ വ്യക്തമാക്കുന്നുവെന്നും, മുസ്ലീം തടവുകാർ ഈ സംഘർഷ ഭരിതമായ ഇടങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നും—സഹാനുഭൂതി, വിലപേശൽ, അവകാശവാദം, എല്ലാത്തിലുമുപരി വിശ്വാസത്തിലൂടെ—വിശകലനം ചെയ്യാനാണ് ശ്രമിച്ചത്. എന്നിട്ടും, നേരത്തെ ചർച്ച ചെയ്ത സിനിമകളും വെബ് സീരീസുകളും പോലുള്ള മുഖ്യധാരാ ജനപ്രിയ ആവിഷ്കാരങ്ങൾ, ജയിൽ അസ്തിത്വത്തിന്റെ ഈ മുസ്ലീം അനുഭവങ്ങളെയോ അതിന്റെ സങ്കീർണ്ണമായ സ്വഭാവത്തെയോ വേണ്ടത്ര പകർത്തുന്നതിൽ പരാജയപ്പെടുന്നു. മുസ്ലിം അനുഭവങ്ങളുടെ ഈ അദൃശ്യതയ്ക്ക് പ്രധാനമായും കാരണമാവുന്നത് ജയിലിനെക്കുറിച്ചുള്ള ജാതി സങ്കല്പങ്ങളില് നിന്ന് മാറിക്കൊണ്ടുള്ള ഒരു ധാർമിക ചട്ടക്കൂട് പോപുലർ വിഷ്വൽ ഭാഷകൾക്ക് ഒരു പരിധി വരെ ഇന്ന് അ പ്രാപ്യമാവുന്നു എന്നതാണ്.








