Campus Alive

അങ്ങനെയെങ്കിൽ ഈ ദേശരാഷ്ട്രം ഒരു സമുദായം എന്ന നിലയിൽ മുസ്‌ലിംകൾക്ക് നൽകുന്ന ഉറപ്പുകൾ എന്തെല്ലാമാണ്?

“പുറത്തെ ഓരോ അനുഭൂതിയും അസഹ്യമാണ്. അഴുക്കുചാലുകളിൽ നിന്നുള്ള രൂക്ഷഗന്ധം എന്റെ മൂക്കിലേക്ക് അടിച്ചുകയറുന്നു. മുന്നോട്ട് നടക്കുമ്പോൾ എനിക്ക് വലിയ അസ്വസ്ഥത അനുഭവപ്പെടുന്നു. ഈ തകർന്ന നഗരത്തിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുന്നതുപോലെയാണ് ഞാൻ നടക്കുന്നത്, എന്നാൽ നഗരം എന്നെ പിന്തുടരുകയാണ്, എനിക്കതിൽ നിന്ന് പുറത്തുകടക്കാനും കഴിയുന്നില്ല. ബൂരിഗംഗ നദിക്ക് അഭിമുഖമായി നിൽക്കുക എന്നതാണ് എന്റെ മുന്നിലുള്ള ഏറ്റവും മികച്ച മാർഗം. ഐതിഹ്യങ്ങളിൽ മാത്രമാണ് അതൊരു മനോഹരമായ നദി. മനുഷ്യന്റെ മൂത്രവും കാഷ്ഠവും പ്ലാസ്റ്റിക്കും ഫാക്ടറി അവശിഷ്ടങ്ങളും എല്ലാം വന്ന് ചേരുന്ന ഒരു സംഗമകേന്ദ്രമാണ് യഥാർത്ഥത്തിൽ ഈ നദി. ജല ഉപരിതലത്തിന് താഴെ ജീവൻ അപകടത്തിലാണ്; നമ്മുടേതിനേക്കാൾ ഭയാനകമായ ഒരു വിനാശം. മുകളിലെ ചാരനിറത്തിലുള്ള ആകാശം അവിശ്വാസത്തിനുള്ള സാധ്യതകളെ സൃഷ്ടിക്കുന്നു. ആകാശം എന്നത് ഒരു തെറ്റായ പ്രതീക്ഷ മാത്രമാണ്. ഞാൻ മുകളിലേക്ക് നോക്കുന്നു, സപ്തസ്വർഗ്ഗങ്ങളെക്കുറിച്ച് ചിന്തിക്കുന്നു, എങ്കിലും പാരിസ്ഥിതികതയുടെയും ചരിത്രത്തിന്റെയും ക്രൂരതയുടെ രൂപത്തിൽ നിർമ്മിക്കപ്പെട്ട പരമാധികാര ശക്തികളുടെയും ഭാരം എനിക്ക് അനുഭവപ്പെടുന്നു. ഭൂമിയുടെ അതിരുകളിൽ, വെള്ളത്തിനടുത്ത്, ആകാശത്തിന് താഴെ, ലോകം എന്നിലേക്ക് ചുരുങ്ങിവരുന്നതുപോലെയുള്ള ഒരു ശ്വാസംമുട്ടലോടെ ഞാൻ നിൽക്കുന്നു. ആ ബഹളങ്ങൾക്കിടയിൽ ബാങ്ക് വിളിയുടെ ഹ്രസ്വമായ ഇടവേളകളുണ്ട്. എന്നാൽ മതേതരത്വം അത്രമേൽ സമഗ്രമായതുകൊണ്ട്, ഭീകരവാദത്തിനെതിരെയുള്ള യുദ്ധം (War on Terror) അടിത്തറയിട്ട ഒരു ലോകത്തിലെ വലിയ ശക്തികൾക്ക് മുന്നിൽ പ്രാർത്ഥനയ്ക്കുള്ള ആ വിളി പോലും മുങ്ങിപ്പോകാനുള്ള സാധ്യതയുണ്ട്.”

2013-ൽ ബംഗ്ലാദേശിലെ ധാക്കയിൽ നടന്ന ശപ്‌ല വംശഹത്യയെക്കുറിച്ച് തൻസീം ദോഹ എഴുതിയ ഏതാനും വാക്കുകളാണിത്. ഉഗ്രരൂപിയായ മതേതരത്വത്തിന് മേൽ നേർത്ത, നനുത്ത ശബ്ദമായൊടുങ്ങുന്ന ബാങ്ക്  വീണ്ടെടുക്കേണ്ടുന്ന അർത്ഥമെന്തായിരിക്കും? കോലാഹലങ്ങൾക്കിടയിൽ പ്രതിഫലനമൊന്നുമില്ലാത്തൊരു ശബ്‌ദമായി, ‘ഒച്ചപ്പാടി’ൻ്റെ മൂല്യം പോലുമില്ലാതെയവസാനിക്കുന്ന ബാങ്ക് എന്താണ് പങ്ക് വെക്കുന്നത്?

കാന്താൾ ചൗരഹക്കും ഗോപാൽ മന്ദിറിനും ഇടയിലുള്ള 900 മീറ്റർ റോഡ് 15 മീറ്ററായി വീതികൂട്ടാനായി ഉജ്ജയിനിലെ ചരിത്രപ്രസിദ്ധവും നൂറ്റാണ്ടിലധികം പഴക്കമുള്ളതുമായ ഷാഹി മസ്ജിദിന്‍റെ ഒരു ഭാഗം പൊളിച്ചുനീക്കാനുള്ള ഭരണകൂട നടപടിയുടെ പശ്ചാത്തലത്തിലാണ് തൻസീം ദോഹയുടെ ഈ വാചകങ്ങൾ ഓർത്തെടുക്കുന്നത്.

2028-ൽ നടക്കുന്ന സിംഹസ്ത കുംഭമേളയുടെ മുന്നൊരുക്കമായിട്ടാണീ വീതി കൂട്ടൽ. മസ്ജിദ് വഖഫ് സ്വത്താണെന്നും മറ്റൊരു ഭാഗത്തുകൂടി റോഡ് വികസിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പള്ളി കമ്മിറ്റിയും പ്രദേശവാസികളും ഹൈകോടതിയുടെ ഇൻഡോർ ബെഞ്ചിനെ സമീപിച്ചെങ്കിലും ഹരജി തള്ളപ്പെടുകയായിരുന്നു.

രണ്ടുരാത്രി മുഴുവൻ പള്ളിയിൽ കുത്തിയിരുന്നാണ് മുസ്‌ലിംകൾ ബുൾഡോസർ രാജിനെ പ്രതിരോധിക്കാൻ ശ്രമിച്ചത്.

“ഈ പള്ളി പൊളിക്കുകയാണെങ്കിൽ, അവ ലക്ഷ്യമിടുന്ന മറ്റ് 28 പള്ളികൾ കൂടിയുണ്ട്. ഇത് ഏകപക്ഷീയമാണ്; എന്തിന്റെയെങ്കിലും വഴിയിൽ വരുന്നു എന്ന കാരണത്താൽ മാത്രം അവർക്ക് പള്ളികൾ മാത്രം പൊളിച്ചുനീക്കാൻ കഴിയില്ല,” എന്നാണ് ഇൻഡോറിലെ പ്രമുഖ പണ്ഡിതനായ മുഫ്തി ജുനൈദ് പറഞ്ഞത്.

ശബ്നം തേജാനി

ഇന്ത്യൻ മതേതരത്വത്തെക്കുറിച്ച് ശബ്നം തേജാനി ഇപ്രകാരം എഴുതുന്നുണ്ട് “ഇന്ത്യൻ മതേതരത്വം എന്നത് രാഷ്ട്രീയ സ്ഥാപനങ്ങളെ മതപരമായ സ്ഥാപനങ്ങളിൽ നിന്ന് വേർതിരിക്കുന്നതിനെക്കുറിച്ചോ; അല്ലെങ്കിൽ ‘സർവ്വധർമ്മ സമഭാവം’ (എല്ലാ മതങ്ങളും സത്യമാണെന്ന ആശയം) എന്ന സവിശേഷമായ ഒരു ഇന്ത്യൻ സഹിഷ്ണുതാ ധാർമ്മികത രൂപപ്പെടുത്തുന്നതിനെക്കുറിച്ചോ മാത്രമായിരുന്നില്ല. മറിച്ച്, വ്യക്തിഗത പ്രാതിനിധ്യത്തെക്കുറിച്ചുള്ള ഉദാരവൽക്കരണ ചിന്തകളെ, ജനകീയ ഭൂരിപക്ഷത്തെ വിശാലമായ രീതിയിൽ ഹിന്ദുക്കളായി നിർവചിക്കുന്നതുമായി കൂട്ടിയോജിപ്പിക്കുന്ന ദേശീയതയുടെ രൂപീകരണത്തെയാണ് അത് പ്രതിനിധീകരിക്കുന്നത്. കൂടാതെ, പുതിയ ദേശരാഷ്ട്രത്തിന്റെ ശില്പികളായ ഭൂരിഭാഗം വരുന്ന മധ്യവർഗ്ഗ, ഉന്നതജാതി ഹിന്ദു പുരുഷന്മാർ, മുസ്‌ലിംകളിൽ നിന്നും ദളിതരിൽ നിന്നും പാർശ്വവൽക്കരിക്കപ്പെട്ട മേഖലകളിൽ ഉയർന്നുവന്ന വെല്ലുവിളികളെ ചെറുക്കാനുള്ള ഒരു പ്രതിരോധമാർഗ്ഗമായി മതേതരത്വത്തെ കണ്ടതിനാലാണ് അത് ഇന്ത്യൻ ദേശീയ ചിന്തയുടെ പ്രധാന തൂണുകളിലൊന്നായി മാറിയത്”

ഇവിടെ ഉജ്ജയിനിലെ പള്ളി ബുൾഡോസ് ചെയ്യാനുള്ള ഭരണകൂട നടപടി ‘പൊതു താൽപര്യം’ എന്നോ ‘വികസനം’ എന്നോ ഒക്കെയുള്ള ലിബറൽ തത്വങ്ങളെ മുൻനിർത്തിയാലും യഥാർത്ഥത്തിൽ ഭരണകൂടത്തിന്റെ വികസന യുക്തിയും ഹിന്ദുത്വത്തിന്റെ സാംസ്‌കാരിക താൽപ്പര്യങ്ങളും ഒന്നിച്ചുചേരുന്ന സന്ദർഭമാണിത്. ഇവിടം മുസ്‌ലിം സമുദായത്തിന്റെ വഖഫ് സ്വത്തോ ചരിത്രപരമായ ആരാധനാലയമോ പ്രതിരോധം തീർക്കുമ്പോൾ, അത് നിയമപരമായിത്തന്നെ റദ്ദാക്കപ്പെടുന്നതായാണ് കാണുന്നത്.

ബുൾഡോസർ ഉപയോഗിച്ചുള്ള പൂർണ്ണമായ പൊളിക്കൽ നടപടി ഒഴിവാക്കുന്നതിനായി, പള്ളി കമ്മിറ്റിയുടെ സന്നദ്ധപ്രവർത്തകർ പള്ളിയുടെ പുറത്തേക്ക് തള്ളിനിൽക്കുന്ന സ്ലാബിന്റെ മൂന്ന് അടി ഭാഗം സ്വയം പൊളിച്ചുമാറ്റേണ്ടി വരുന്ന അനുഭവങ്ങൾക്കും ഈ പ്രവൃത്തി നടക്കുന്നതിനിടെ വിശ്വാസികൾ പൊട്ടിക്കരയുന്ന ദൃശ്യങ്ങൾക്കുമാണ് നാം സാക്ഷിയാവുന്നത്.

അങ്ങനെയെങ്കിൽ ഈ ദേശരാഷ്ട്രം ഒരു സമുദായം എന്ന നിലയിൽ  മുസ്‌ലിംകൾക്ക് നൽകുന്ന  ഉറപ്പുകൾ എന്തെല്ലാമാണ്?

ബാബരി മസ്ജിദ് തകർത്തത് നിയമവിരുദ്ധമാണെന്ന് അംഗീകരിച്ചിട്ടും, എം. സിദ്ദീഖ് കേസിൽ ആ സ്ഥലം ഹിന്ദു പക്ഷത്തിന് വിട്ടുനൽകിയത് എന്തിൻ്റെ അടിസ്ഥാനത്തിലാണ്? വിശ്വാസത്തിൻ്റെ അടിസ്ഥാനത്തിലാണെങ്കിൽ അത് ദേശത്തിൻ്റെ വിശ്വാസമാണോ സോ കോൾഡ് ഹിന്ദുവിൻ്റെ വിശ്വാസമാണോ? ദേശത്തിന് വിശ്വാസം സാധ്യമാണോ? ദേശവും ഹിന്ദുവും തമ്മിൽ നേർത്ത അതിർ വരമ്പുകളെങ്കിലുമുണ്ടോ?

ഗ്യാനേന്ദ്ര പാണ്ഡെയുടെ ആ പഴയ ചോദ്യം തന്നെ, ‘മുസ്‌ലിമിന് ഇന്ത്യക്കാരനാകാൻ കഴിയുമോ’ എന്ന്!

അങ്ങനെയെങ്കിൽ ഈ ദേശരാഷ്ട്രം ഒരു സമുദായം എന്ന നിലയിൽ  മുസ്‌ലിംകൾക്ക് നൽകുന്ന ഉറപ്പുകൾ എന്തെല്ലാമാണ്?

JEM Research Team തയ്യാറാക്കിയ ‘A Critical Analysis of the Babri Masjid Judgement and the Case of the Places of Worship Act, 1991’ എന്ന റിപ്പോർട്ട് നിരീക്ഷിച്ചത് പോലെ പള്ളികൾ ഇസ്ലാമിന് അത്യന്താപേക്ഷിതമല്ലെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ച, അതുവഴി പള്ളികളുടെ മതപരമായ പവിത്രതയും ഭരണഘടനാപരമായ സംരക്ഷണവും ഇല്ലാതാക്കിയ, അവയെ കേവലം ‘സാധാരണ സ്വത്ത്’ (ordinary property) ആയി ചുരുക്കിയ ഒരിടത്ത് നീതി അമൂർത്തമായൊരു അശ്ലീലമായിരിക്കുന്നു.

അതേ റിപ്പോർട്ട് തന്നെ സൂചിപ്പിക്കുന്നത് പോലെ “ഇന്ത്യൻ സുപ്രീം കോടതിയെ നിഷ്പക്ഷമായ രീതിയിൽ നീതി നടപ്പാക്കുന്ന ഒരു മതേതര സ്ഥാപനമായി വിശേഷിപ്പിക്കുന്നത് പറയൻ കൊള്ളാവുന്ന ഒരു പ്രസ്താവനയാണെങ്കിലും, അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ള ഒന്നാണ്. സുപ്രീം കോടതി ഇന്ത്യൻ പാർലമെന്റിനേക്കാൾ ഒട്ടും കുറഞ്ഞ രാഷ്ട്രീയം പുലർത്തുന്ന ഒന്നല്ല. ജനങ്ങളുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയല്ല, മറിച്ച് നിയമങ്ങളെ സെലക്ടീവായ രീതിയിൽ വ്യാഖ്യാനിച്ചുകൊണ്ടാണ് അത് സ്വന്തം രാഷ്ട്രീയ ശൈലി നടപ്പിലാക്കുന്നത്. ചില സമയങ്ങളിൽ ഇത് എത്രത്തോളം പ്രകടമാകുന്നുവെന്നാൽ, നിയമ വിദഗ്ധരുടെ കണ്ണിൽത്തന്നെ കോടതിക്ക് അതിന്റെ വിശ്വാസ്യത നഷ്ടപ്പെടുന്നതായി തോന്നാറുണ്ട്,” എന്നിങ്ങനെയാണത്.

അങ്ങനെയെങ്കിൽ ഈ ദേശരാഷ്ട്രം ഒരു സമുദായം എന്ന നിലയിൽ  മുസ്‌ലിംകൾക്ക് നൽകുന്ന ഉറപ്പുകൾ എന്തെല്ലാമാണ്?

ഹാമിദ് ടിപി