Campus Alive

സയണിസ്റ്റ് പ്രതിസന്ധിയും അബ്രഹാം അക്കോഡും

“ചരിത്രത്തിന്റെ ആവർത്തനമല്ലാതെ ഈ ഭൂമിയിൽ പുതുതായി ഒന്നും സംഭവിക്കുന്നില്ല” – ഷെർലക്ക് ഹോംസ്

2020 ആഗസ്റ്റ് 13-ാം തിയ്യതിയാണ്, ഏറെ ചരിത്ര പ്രാധാന്യവും രാഷ്ട്രീയ പ്രാധാന്യവുമുള്ള, യു.എ.ഇയും ഇസ്രായേലും തമ്മിൽ വിവിധ മേഖലകളിൽ സഹകരണവും സഹവർത്തിത്വവും സാധ്യമാക്കുന്ന, ‘അബ്രഹാം അക്കോഡ്’ എന്ന് നാമകരണം ചെയ്തിട്ടുള്ള ഉടമ്പടി നിലവിൽ വന്നതായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ലോകത്തെ അറിയിച്ചത്. നയതന്ത്രം, വാണിജ്യം, പ്രതിരോധം, പശ്ചിമേഷ്യൻ മേഖലയിലെ സുരക്ഷ എന്നിങ്ങനെ തന്ത്രപ്രധാനമായ വിവിധ മേഖലകളിൽ ഇക്കാലമത്രയും നിലനിന്ന സമവാക്യങ്ങളെ മുഴുവൻ പുനർ നിർവചിക്കുന്നതാണ് പുതിയ ഉടമ്പടി.  പശ്ചിമേഷ്യൻ ചരിത്രത്തെയും രാഷ്ട്രീയത്തെയും വലിയ രീതിയിൽ സ്വാധീനിക്കാൻ തക്ക പ്രഹര ശേഷിയുള്ള പ്രസ്തുത ഉടമ്പടി, നടപ്പിലാക്കപ്പെട്ടാൽ അബ്രഹാം അക്കോഡിനു മുമ്പും ശേഷവും എന്ന രീതിയിൽ ആയിരിക്കും പശ്ചിമേഷ്യൻ രാഷ്ട്രീയത്തെ ചരിത്രം അടയാളപ്പെടുത്തുക.

അമേരിക്കൻ പ്രസിഡന്റായ ഡോണാൾഡ് ട്രംപിന്റെ പ്രത്യേക താൽപര്യപ്രകാരം യു.എ.ഇക്കും ഇസ്രായേലിനും ഇടയിൽ നിലവിൽ വന്നു എന്നു പറയപ്പെടുന്ന, പശ്ചിമേഷ്യൻ രാഷ്ട്രീയത്തിലും അതുവഴി ലോക രാഷ്ട്രീയത്തിലും സുപ്രധാനമായ ചലനങ്ങൾ സൃഷ്ടിക്കാൻ ശേഷിയുള്ള അബ്രഹാം അക്കോഡ് അതുകൊണ്ടു തന്നെ വിവിധ കാരണങ്ങളാൽ എറെ പ്രസക്തമാണ്. ഉടമ്പടിയുടെ രാഷ്ട്രീയ ചരിത്ര മാനങ്ങളെ കുറിച്ച് വിശകലനം ചെയ്യുന്നതിനു മുമ്പ് അതിലെ വ്യവസ്ഥകൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.

അബ്രഹാം അക്കോഡിലെ വ്യവസ്ഥകളെ കുറിച്ച് വളരെ ചുരുക്കം വിവരങ്ങൾ മാത്രമേ ഇപ്പോൾ ലഭ്യമായിട്ടുള്ളൂ. ആധുനിക ഇസ്രായേലിന്റെ  ചരിത്രത്തിൽ പലഘട്ടങ്ങളിലും അമേരിക്കൻ മധ്യസ്ഥതയിൽ വിവിധ അറബ് രാജ്യങ്ങളുമായും ഫലസ്തീൻ നേരിട്ടുതന്നെയും ഇസ്രായേലുമായി, പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ എന്ന പേരിൽ ചരിത്ര പ്രാധാന്യമുള്ള ഒട്ടേറെ ഉടമ്പടികൾ നിലവിൽ വരികയോ അവയ്ക്കു വേണ്ടി പ്രയത്നിക്കുകയോ ചെയ്തിട്ടുണ്ട്. അവയിൽ നിന്നെല്ലാം വിഭിന്നമായി അബ്രഹാം അക്കോഡിനെ സംബന്ധിക്കുന്ന യാതൊരു വിവരവും അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഔദ്യോഗിക പ്രഖ്യാപനം വരുന്നതു വരെ മാധ്യമങ്ങൾക്കോ പൊതുജനങ്ങൾക്കൊ പ്രാപ്യമായിരുന്നില്ല.

പശ്ചിമേഷ്യയിൽ നയതന്ത്ര, സാമ്പത്തിക, വാണിജ്യ, സുരക്ഷാ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം എന്ന ലക്ഷ്യത്തിലേക്കുള്ള ഏറ്റവും സുപ്രധാന ചുവടുവയ്പ്പാണ് അബ്രഹാം അക്കോഡ് എന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രസ്താവിച്ചത്. ഉടമ്പടിയിലെ എറ്റവും സുപ്രധാനമായ ഒരു വ്യവസ്ഥ യു.എ.ഇക്കും ഇസ്രായേലിനും ഇടയിൽ സമ്പൂർണാർത്ഥത്തിൽ നയതന്ത്ര ബന്ധങ്ങൾ സ്ഥാപിക്കപ്പെടും എന്നതാണ്. തെൽ അവീവിൽ ആയിരിക്കും യു.എ.ഇ എംബസി ആരംഭിക്കുക എന്നാണ് യു.എ.ഇ വക്താവ് പ്രസ്താവിച്ചത്. നയതന്ത്ര ബന്ധത്തിനു പുറമെ സാമ്പത്തിക – വാണിജ്യ മേഖലയിലും ടൂറിസം, വ്യോമഗതാഗതം, ശാസ്ത്രം, ഗവേഷണം, സുരക്ഷ എന്നീ തന്ത്രപ്രധാന മേഖലകളിലും വിപുലമായ സഹകരണവും പങ്കുവയ്പ്പുമാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

അബ്രഹാം അക്കോഡിലൂടെ, പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്കു പരിഹാരം നിർദ്ദേശിക്കാൻ സാധിക്കും എന്നാണ് യു.എ.ഇ ഭാഷ്യം. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ കാതൽ ഫലസ്തീനിനും ഇസ്രായേലിനും ഇടയിൽ നിലനിൽക്കുന്ന, ഭൂമിക്കും അധികാരത്തിനും വേണ്ടിയുള്ള പ്രശ്നങ്ങളാണ് എന്നും 1947 ൽ തന്നെ ഐക്യരാഷ്ട്രസഭയും പാശ്ചാത്യ ലോകങ്ങളും അമേരിക്കയും മറ്റും അംഗീകരിച്ച, തദ്ദേശീയരായ ഫലസ്തീനികൾക്ക് ഫലസ്തീൻ എന്ന രാഷ്ട്രവും ജൂതർക്ക് ഇസ്രായേൽ എന്ന രാഷ്ട്രവും എന്ന, ദ്വിരാഷ്ട്ര പരിഹാരം എന്നറിയപ്പെടുന്ന വ്യവസ്ഥയിലേക്ക് എത്തുന്നതാണ് പശ്ചിമേഷ്യൽ സംഘർഷത്തെ ലഘൂകരിക്കാൻ ഉള്ള ശരിയായ നയം എന്നതാണ് യു.എ.ഇ ഇപ്പോൾ എടുത്തിരിക്കുന്ന നിലപാട്. മാത്രമല്ല അബ്രഹാം അക്കോഡിലെ സുപ്രധാനമായ ഒരു വ്യവസ്ഥ ഇസ്രായേൽ വെസ്റ്റ് ബാങ്കിൽ നടത്തികൊണ്ടിരുന്ന അധിനിവേശം നിർത്തിവെക്കും എന്നതാണ്. എന്നാൽ വെസ്റ്റ് ബാങ്ക് അധിനിവേശ പദ്ധതി റദ്ദുചെയ്യപ്പെട്ടിട്ടില്ല എന്നും മറിച്ച് താൽക്കാലികമായി നീട്ടിവെക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.

മേൽ വിവരിച്ച വിവരങ്ങൾ മാത്രമാണ് അബ്രഹാം അക്കോഡിനെ സംബന്ധിച്ച ഔദ്യോഗികമായി ലഭ്യമായിട്ടുള്ള വിവരണം. അവയിൽ നിന്ന് ഭിന്നമായി, സൂക്ഷ്മാർത്ഥത്തിൽ എറെ സങ്കീർണതകളും, അമേരിക്കൻ മധ്യസ്ഥതയിൽ യു.എ.ഇയും ഇസ്രായേലും തമ്മിലുള്ള ഒരു ഉടമ്പടി എന്ന ഔദ്യോഗിക ഭാഷ്യത്തിനപ്പുറം, പൊതുജനങ്ങൾക്ക് ദൃശ്യമാവാത്ത വിധം യു.എ.ഇക്കും അമേരിക്കക്കും ഇസ്രായേലിനും പുറമേ ധാരാളം കക്ഷികളും താൽപര്യങ്ങളും ലക്ഷ്യങ്ങളും അബ്രഹാം അക്കോഡിന്റെ പിറകിൽ ഉണ്ട് എന്നതാണ് വസ്തുത.

ചരിത്രപരമായി, പശ്ചിമേഷ്യയിലെ പ്രകൃതി വിഭവ സമ്പത്ത് ലോകത്തിനു വെളിപ്പെടുന്നതിനു സഹസ്രാബ്ദങ്ങൾക്കു മുമ്പു തന്നെ, അബ്രഹാമിക മതങ്ങളെ സംബന്ധിച്ചിടത്തോളം പശ്ചിമേഷ്യ എറെ പ്രാധാന്യം അർഹിക്കുന്ന വിശുദ്ധ ഭൂപ്രദേശം ആണ്. പശ്ചിമേഷ്യൻ ഭൂപ്രദേശത്തിനു അബ്രഹാമിക് സംസ്കാരം നൽകുന്ന പ്രാധാന്യത്തിന്റെ അടിസ്ഥാനം ദൈവം അബ്രഹാമിനു നൽകുന്ന വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിൽ കൈവരുന്നതാണ്. മുസ്‌ലിം, ക്രിസ്ത്യൻ, ജൂത വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം പശ്ചിമേഷ്യ ആരു ഭരിക്കുന്നു എന്നതാണ് ലോകം ആരു ഭരിക്കുന്നു എന്നതിന്റെ ഉത്തരം. പ്രസ്തുത ഉത്തരം കേവലമായ സ്റ്റേറ്റ് ഭാഷ്യത്തിന്റെ അടിസ്ഥാനത്തിൽ രൂപം കൊള്ളുന്നതല്ല മറിച്ച് പ്രവാചകനായ ഇബ്രാഹീം (അ) മിന് ദൈവം നൽകിയ വാഗ്ദാനത്തിന്റെ പൂർത്തീകരണം കൂടിയാണ്. അതുകൊണ്ടു തന്നെ ലോക ജനസംഖ്യയുടെ പകുതിയിൽ എറെ വരുന്ന അബ്രഹാമിക് മതവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം അബ്രഹാം അക്കോഡ് എന്നത് വളരെ ഉപരിപ്ലവമായി വായിക്കാനോ വിശകലനം ചെയ്യാനോ സാധിക്കുന്ന ഒരു ജഡ രേഖയല്ല.

പ്രത്യക്ഷത്തിൽ ഇസ്രായേലും യു.എ.ഇയും അമേരിക്കയും ആണ് അബ്രഹാം അക്കോഡിലെ പ്രധാന കക്ഷികളെങ്കിലും ഉടമ്പടിയെ ചരിത്രപരമായി വിശകലനം ചെയ്യുമ്പോൾ ഫലസ്തീൻ പ്രശ്നത്തിന് പരിഹാരം എന്ന യു.എ.ഇ ഭാഷ്യത്തിനും ഉടമ്പടിയിലെ ഔദ്യോഗിക കക്ഷികൾക്കും ഉപരിയായി വിവിധ രാഷ്ട്രീയവും ദൈവശാസ്ത്രപരവുമായ കാരണങ്ങളും ഔദ്യോഗികമായ മൂന്ന് കക്ഷികൾക്കുമപ്പുറം ക്രിസ്ത്യൻ സയണിസ്റ്റു ലോബിക്കും ജൂത സയണിസ്റ്റു ലോബിക്കും അബ്രഹാം അക്കോഡിലെ വ്യവസ്ഥകൾ രൂപപ്പെടുത്തുന്നതിനു പിന്നിലും യു.എ.ഇയെ ഒരു പ്രധാന കക്ഷിയാക്കുന്നതിലും സുപ്രധാനമായ പങ്കുണ്ട്. മറ്റൊരു തരത്തിൽ പറഞ്ഞാൽ യു.എ.ഇ അബ്രഹാം അക്കോഡിലെ പ്രധാന കക്ഷിയാവുന്നത് യാദൃശ്ചികമായി സംഭവിച്ച ഒരു പ്രക്രിയയല്ല.

മുൻപ് പ്രസ്താവിച്ചത് പോലെ അബ്രഹാം അക്കോഡ് ഉടമ്പടിയിൽ പ്രത്യക്ഷമായും പരോക്ഷമായും എർപ്പെട്ടിരിക്കുന്ന വിവിധ കക്ഷികൾക്ക് വിവിധ തരത്തിലുള്ള താൽപര്യങ്ങളും ലക്ഷ്യങ്ങളുമാണ് ഉള്ളത് എന്നതാണ് പ്രസ്തുത ഉടമ്പടിയുടെ ചരിത്രപരവും രാഷ്ട്രീയപരവും ആയ വിശകലനത്തിൽ പ്രാഥമികമായി മനസ്സിലാക്കേണ്ട വസ്തുത. അതുകൊണ്ടു തന്നെ ഒരോ കക്ഷികളുടെ താൽപര്യത്തെയും സൂക്ഷ്മമായി വിശകലനം ചെയ്യുന്നതിലൂടെ മാത്രമേ അബ്രഹാം അക്കോഡിന്റെ ചരിത്ര പ്രാധാന്യം വിശദമായി അനാവരണം ചെയ്യുവാൻ സാധിക്കുകയുള്ളൂ.

അബ്രഹാം അക്കോഡിലെ എറ്റവും പ്രധാനമായ കക്ഷികളിൽ ഒന്ന് അമേരിക്കയാണ്. ട്രംപ് ഭരണകൂടത്തിന്റെ നയതന്ത്ര വീഴ്ച്ചയും കോവിഡ് മഹാമാരിയെ നേരിടുന്നതിൽ സംഭവിച്ച ഗുരുതരമായ പാളിച്ചകളും വരാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പ്രതികൂലമായി ബാധിക്കും എന്ന തിരിച്ചറിവാണ് തിടുക്കപ്പെട്ട് അബ്രഹാം അക്കോഡ് എന്ന ഒരു സുപ്രധാന ഉടമ്പടിയിലേക്ക് നയിച്ചതെന്ന ഒരു വാദം പാശ്ചാത്യ മാധ്യമങ്ങളും മറ്റു പല രാഷ്ട്രീയ നിരീക്ഷകരും മുന്നോട്ടു വച്ചിരുന്നു. യാതൊരു ചരിത്ര രാഷ്ട്രീയ പിൻബലവും ഇല്ലാത്ത ഒരു വാദമാണത് എന്നു പറയാൻ ആവില്ല. കാരണം അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അമേരിക്കയുടെ വിദേശ നയം എന്തായിരിക്കും എന്നത് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന സുപ്രധാനമായ ഒരു വിഷയമാണ്. എന്നു മാത്രമല്ല സയണിസ്റ്റ് അനുകൂല സംഘടനകളും ഇവാഞ്ചലിസ്റ്റ് വിഭാഗവും അമേരിക്കൻ തിരഞ്ഞെടുപ്പിനെ സ്വാധീക്കാൻ ശക്തിയുളള ശക്തമായ രാഷ്ട്രീയ വിഭാഗമായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. മുൻ യു.എസ് പ്രസിഡന്റും ക്രിസ്ത്യൻ സയണിസ്റ്റുമായിരുന്ന ജിമ്മി കാർട്ടർ, സയണിസ്റ്റ് വിഭാഗങ്ങളുടെ ഇടപെടൽ എപ്രകാരം അമേരിക്കൻ പ്രസിഡന്റുമാരെ ഫലസ്തീൻ വിഷയത്തിൽ പക്ഷപാതമില്ലാത്ത ഒരിടപെടൽ നടത്തുന്നതിൽ നിന്ന് തടയുന്നു എന്ന് ‘Palestine; Peace Not  Apartheid’ എന്ന പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. മാത്രമല്ല വളരെ സ്പഷ്ടമായി ഇസ്രായേലിന്റെ വംശീയ ഉന്മൂലനത്തിനെതിരെയും ഫലസ്തീനികളുടെ സ്വന്തം ഭൂമിയിലേക്ക് മടങ്ങാനുളള അവകാശത്തിനു വേണ്ടിയും നിലപാടെടുത്ത ബെർണി സാന്റഴ്സിനു ലഭിച്ച മികച്ച പ്രതികരണവുമെല്ലാം അമേരിക്കൻ രാഷ്ട്രീയത്തെ കൃത്യമായി വിഭജിച്ച ഘട്ടത്തിൽ രണ്ടാം തവണയും പ്രസിഡന്റാവുക എന്നതാണ് അബ്രഹാം അക്കോഡിനു പിന്നിലെ അമേരിക്കൻ ലക്ഷ്യം എന്നതു തികച്ചും യുക്തിപരമായ ഒരനുമാനം തന്നെയാണ്. ജൂത-ക്രിസ്ത്യൻ സയണിസ്റ്റു വിഭാഗമാണ് ഭരണതലത്തിലും ജന പങ്കാളിത്താടിസ്ഥാനത്തിലും അമേരിക്കയിലെ എറ്റവും ശക്തമായ ലോബിയിങ്ങ് ഗ്രൂപ്പ് എന്ന് അമേരിക്കയുടെ പശ്ചിമേഷ്യൻ നയത്തെ സംബന്ധിച്ച് പോൾ ഫിൻഡ്ലി എഴുതിയ ‘They Dare to Speak Out: People and Institutions Confront Israel’s Lobby’ എന്ന പുസ്തകത്തിൽ വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സയണിസ്റ്റ് അനുകൂല വിഭാഗത്തെ ഒപ്പം നിർത്തുക എന്ന തിരഞ്ഞെടുപ്പു തന്ത്രം തീർച്ചയായും അബ്രഹാം അക്കോഡിൽ ഉണ്ട് എന്നത് ഒരു വസ്തുത ആയിരിക്കുമ്പോൾ പോലും അങ്ങനെ മാത്രം അബ്രഹാം അക്കോഡിനെ കാണാൻ സാധിക്കാത്തത് മുൻപ് പ്രസ്താവിച്ചതു പോലെ ഔദ്യോഗികമായി പ്രസ്തുത ഉടമ്പടിയിൽ എർപ്പെട്ടിരിക്കുന്ന മൂന്നു രാഷ്ട്രങ്ങൾക്കു പുറമേ ജൂത-ക്രിസ്ത്യൻ സയണിസ്റ്റ് ലോബിയുടെ കൂടെ ഇടപെടൽ പ്രസ്തുത ഉടമ്പടിയിൽ അദൃശ്യമായെങ്കിലും നിലനിൽക്കുന്നതു കൊണ്ടാണ്. അത്തരത്തിൽ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സയണിസ്റ്റു പ്രസ്ഥാനങ്ങളുടെയും സയണിസ്റ്റാനുഭാവികളുടെയും പിന്തുണ ഉറപ്പാക്കാൻ എങ്ങനെ, എന്തുകൊണ്ട് അബ്രഹാം അക്കോഡ് കാരണമാകുന്നു എന്ന ചോദ്യത്തിൽ നിന്നാണ് കേവലമായ നയതന്ത്ര, സാമ്പത്തിക, സുരക്ഷാ ഉടമ്പടി എന്നതിൽ നിന്ന് ഉപരിയായി എപ്രകാരമാണ് ഉടമ്പടി സയണിസ്റ്റു താൽപര്യങ്ങളെ സംരക്ഷിക്കുന്നത് എന്ന ചരിത്രപരമായ വിശകലനത്തിലേക്ക് എത്തിച്ചേരുന്നത്.

1967 ലെ സുപ്രധാനമായ ‘ആറു ദിവസ യുദ്ധം’ അമേരിക്കൻ സഹായത്തോടെ ഇസ്രായേൽ വിജയിക്കുകയും പശ്ചിമേഷ്യൻ മേഖലയിൽ ശക്തമായ സൈനികവും സാമ്പത്തികവും രാഷ്ട്രീയപരവുമായ ആധിപത്യം കരസ്ഥമാക്കുകയും ചെയ്തതിനു ശേഷം ജൂത-ക്രിസ്ത്യൻ സയണിസ്റ്റു പ്രസ്ഥാനം തങ്ങളുടെ ലക്ഷ്യം വലിയ രീതിയിൽ മുന്നോട്ട് എടുത്തിരുന്നു (ജൂത-ക്രിസ്റ്റ്യൻ സയണിസ്റ്റു പ്രസ്ഥാനത്തിന്റെ പശ്ചിമേഷ്യൻ നയവും അവ എപ്രകാരം മിശിഹയുടെയും യേശുവിന്റെയും ആഗമനത്തെയും പുനരാഗമനത്തെയും സംബന്ധിച്ച തോറാ-ബൈബിൾ പ്രവചനങ്ങളെയും അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു എന്നതിനെ സംബന്ധിച്ചും എങ്ങനെ ജൂത-ക്രിസ്ത്യൻ സയണിസ്റ്റ് ലോബി അമേരിക്കയുടെ പശ്ചിമേഷ്യൻ നയങ്ങളെ നിർണയിക്കുന്നു എന്നതിനെ സംബന്ധിച്ചും ഈ ലേഖകൻ തന്നെ എഴുതിയ ‘സയണിസത്തിന്റെ ദൈവശാസ്ത്രം’ എന്ന പഠനം, ക്യാമ്പസ് അലൈവ് തന്നെ മുൻപ് പ്രസിദ്ധീകരിച്ചിരുന്നു). 1967 ലെ യുദ്ധത്തിനു ശേഷം മധ്യ പൗരസ്ത്യ ദേശത്ത് സംഭവിച്ച സുപ്രധാനമായ സൈനിക നീക്കങ്ങളും ഇറാഖിനെതിരായ അമേരിക്കൻ അച്ചുതണ്ടിന്റെ യുദ്ധവും കൃത്യമായും ഇസ്രായേലിന്റെയും ക്രിസ്റ്റ്യൻ സയണിസ്റ്റു പ്രസ്ഥാനത്തിന്റെയും താൽപ്പര്യ പ്രകാരമായിരുന്നു എന്ന് ‘The Israel Lobby and U.S. Foreign Policy’ എന്ന പുസ്തകത്തിൽ ജോർജ് മീർഷിമർ നിരീക്ഷിക്കുന്നുണ്ട്. അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിനും ‘war on Terror’ അഥവാ ഭീകരതയ്ക്കെതിരായ അമേരിക്കയുടെ ഓറിയന്റൽ ലോകത്തോടുള്ള യുദ്ധത്തിനും ശേഷം, ഒരു തരത്തിലുള്ള രാഷ്ട്രീയ പ്രതിപക്ഷമോ സൈനിക പ്രതിരോധമോ ഇസ്രായേലിനു മേഖലയിൽ ഉണ്ടായിരുന്നില്ല. മാത്രമല്ല വിശാല ഇസ്രായേൽ എന്ന ബൈബിൾ പ്രവചനം (ബൈബിളിന്റെ പ്രവചനപ്രകാരം, നൈൽ നദി മുതൽ യൂഫ്രട്ടീസ് നദി വരെയുള്ള പ്രദേശമാണ് വാഗ്ദത്ത ഇസ്രായേൽ രാഷ്ട്രത്തിന്റെ അതിർത്തി. അതിൽ ഫലസ്തീൻ, സിറിയ, ലബനാൻ, ജോർദാൻ, ഇറാഖ് എന്നീ രാഷ്ട്രങ്ങൾ മുഴുവനും തുർക്കിയിൽ നിന്ന് ഇസ്കന്തറും ഈജിപ്തിൽ നിന്ന് സിനായി പ്രദേശവും സൗദി അറേബ്യയിൽ നിന്ന് ഹിജാസിന്റെയും നജ്ദിന്റെയും ഉയർന്ന പ്രദേശങ്ങളും – ഇക്കൂട്ടത്തിൽ മദീനയും ഉൾപ്പെടുന്നു) എന്ന ലക്ഷ്യത്തിലേക്ക് കൂടുതൽ അടുക്കാനും ഇസ്രായേലിനു സാധിച്ചിരുന്നു. അത്തരമൊരു ഘട്ടത്തിലാണ് പശ്ചിമേഷ്യയിൽ ഇറാനും ഗൾഫ് മേഖലയിൽ നിന്ന് ഖത്തറും യൂറോപ്പിൽ നിന്ന് തുർക്കിയും ഇസ്രായേലിനെതിരെ ഭരണകൂടതലത്തിൽ പ്രതിരോധം സൃഷ്ടിക്കുകയും പല തരത്തിൽ പശ്ചിമേഷ്യൻ രാഷ്ട്രീയ ബലാബലത്തിൽ പങ്കു ചേരുകയും ചെയ്യുന്നത്. അതേ ഘട്ടത്തിൽ തന്നെയാണ് കഴിഞ്ഞ ബ്രിട്ടീഷ് തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായിരുന്ന ലേബർ പാർട്ടി നേതാവ് ജെർമി കോർബിൻ ഇസ്രായേലിന്റെ വംശീയവും അധിനിവേശപരവുമായ നയങ്ങൾക്കെതിരെ രംഗത്തു വരികയും ഫലസ്തീൻ ജനതയുടെ ഒരു രാജ്യം ആയി നിലനിൽക്കാനുള്ള അവകാശം ബ്രിട്ടീഷ് തിരഞ്ഞെടുപ്പിൽ സുപ്രധാന വിഷയം ആവുകയും ചെയ്തത്. War on Terror ക്യാമ്പയിനും അതു വലിയ രീതിയിൽ ഉൽപാദിപ്പിച്ച ഇസ്‌ലാമോഫോബിയയും ഇസ്രായേലിന് പശ്ചിമേഷ്യയിലും വിശിഷ്യാ ഫലസ്തീനിലും നടത്തുന്ന വംശീയ ഉന്മൂലനത്തിനു പൊതുസമ്മതി നൽകപ്പെട്ടിരുന്ന ഒരു ഘട്ടത്തിൽ നിന്നും ഇസ്രായേൽ ഭാഷ്യത്തെ ചോദ്യം ചെയ്യുന്ന ഒരു പ്രവണത ആഗോളതലത്തിലും, നിഷ്ക്രിയമായിരുന്ന മുസ്‌ലിം ലോകത്തു നിന്നു തന്നെ, കുറഞ്ഞ രാജ്യങ്ങളാണെങ്കിൽ പോലും, ഇസ്രായേലിന്റെ വംശീയവും അധിനിവേശപരവുമായ നയങ്ങൾക്കെതിരെ നിലപാട് സ്വീകരിക്കുകയും മേഖലയിൽ ഇസ്രായേലിനു ശക്തമായ പ്രതിരോധം തീർക്കുകയും ചെയ്ത നിർണായക ഘട്ടത്തിലാണ് അബ്രഹാം അക്കോഡ് നിലവിൽ വരുന്നത് എന്നത് പ്രത്യേകം ശ്രദ്ധ അർഹിക്കുന്നുണ്ട്.

ഇത്തരമൊരു ഘട്ടത്തിലാണ് എന്തുകൊണ്ട് അബ്രഹാം അക്കോഡ് എന്ന ചോദ്യത്തിന് കൂടുതൽ സൂക്ഷ്മമായ ഉത്തരം തേടാൻ നമ്മെ പ്രേരിപ്പിക്കുന്നത്. യു.എ.ഇക്കും ഇസ്രായേലിനും ഇടയിൽ, ഔദ്യോഗികമായി അല്ലെങ്കിൽ പോലും, പതിറ്റാണ്ടുകളായി നയതന്ത്ര ബന്ധങ്ങൾ നിലനിൽക്കുന്നുണ്ട്. മുൻപു സൂചിപ്പിച്ചതു പോലെ പശ്ചിമേഷ്യൻ സംഘർഷങ്ങൾ ലോമെമ്പാടുമുള്ള അബ്രഹാമിക പിൻമുറക്കാരെ വലിയ രീതിയിൽ സ്വാധീനിക്കുന്ന വിഷയമാണ് എന്നതിൽ തർക്കമില്ല. എന്നുമാത്രമല്ല ചരിത്രപരമായി ആധുനിക അറബ് ലോകത്ത് സംഭവിച്ച സുപ്രധാനമായ പല രാഷ്ട്രീയ സംഭവ വികാസങ്ങളിലും ഫലസ്തീൻ പ്രശ്നം വലിയ സ്വാധീനം ചെലുത്തിയതായി കാണാം. മുസ്‌ലിം സമൂഹത്തിന്റെ സാംസ്കാരിക വീണ്ടെടുപ്പ് ലക്ഷ്യമിട്ട് ആരംഭിച്ച ഇഖ് വാനുൽ മുസ്ലിമൂൻ (മുസ്‌ലിം ബ്രദർഹുഡ്) പല രീതിയിൽ നയിച്ച, ഈജിപ്തിലെ എകാധിപതി ഹുസ്നി മുബാറക്കിനെ സ്ഥാനഭ്രഷ്ടനാക്കുന്നതിലേക്കും ഈജിപ്തിൽ മുഹമ്മദ് മുർസിയുടെ നേതൃത്വത്തിൽ ജനാധിപത്യ സർക്കാർ നിലവിൽ വരുന്നതിലേക്കും നയിച്ച അറബ് വിപ്ലവത്തിലും, തുനീഷ്യയെ പിടിച്ചുലച്ച മുല്ലപ്പൂ വിപ്ലവത്തിലും, യമൻ വിപ്ലവത്തിലും എല്ലാം തന്നെ ഫലസ്തീൻ വിമോചനം എന്ന മുദ്രാവാക്യം അടങ്ങിയിരുന്നു. 2010 ലെ അറബ് വിപ്ലവത്തിനു ശേഷം ഫലസ്തീൻ പ്രശ്നത്തിൽ ശക്തമായ നിലപാട് കൈക്കൊണ്ട പശ്ചിമേഷ്യൻ രാഷ്ട്രം ഇറാനും ഗൾഫ് മേഖലയിൽ നിന്ന് ഖത്തറും യൂറോപ്പിൽ നിന്ന് തുർക്കിയും ആയിരുന്നു. മുൻപ് സൂചിപ്പിച്ചതു പോലെ ഫലസ്തീനെ സംബന്ധിച്ച നിലപാടാണ് മുസ്‌ലിം സമൂഹത്തിന്റെ നേതൃത്വം ആര് എന്ന ചോദ്യത്തിന്റെ ഉത്തരത്തെ നിർണയിക്കുന്നത്. മുസ്‌ലിം ഉയിർത്തെഴുന്നേലപ്പിന്റെ പ്രഖ്യാപനവും പശ്ചിമേഷ്യൻ നയത്തെ സംബന്ധിച്ച രാഷ്ട്രീയ ഇച്ഛാശക്തിയും ഇറാൻ – ഖത്തർ – തുർക്കി അച്ചുതണ്ട് ലോകമെമ്പാടുമുള്ള മുസ്‌ലിം സമൂഹത്തെ, വിശിഷ്യാ മുസ്‌ലിം യുവതയെ വിശ്വാസപരമായും രാഷ്ട്രീയപരമായും സ്വാധീനിക്കുന്ന ഘട്ടത്തിലാണ് യു.എ.ഇ പോലെയുള്ള ഒരു മുസ്‌ലിം രാഷ്ട്രം ഇസ്രായേലുമായി കൈകോർക്കുന്നത്. ഇസ്രായേലുമായി  നയതന്ത്ര ബന്ധങ്ങളും സാമ്പത്തിക- സുരക്ഷാ സഹകരണവും സ്ഥാപിക്കുമ്പോൾ സ്വാഭാവികമായും ഉയർന്നു വരുന്ന ഫലസ്തീൻ പ്രശ്നത്തെ മറിക്കടക്കാനാണ്, വെസ്റ്റ് ബാങ്ക് അധിനിവേശം ഇസ്രായേൽ റദ്ദുചെയ്തത് അബ്രഹാം അക്കോഡ് കാരണമാണ് എന്ന വാദം അബുദാബി ഉയർത്തുന്നത്. പക്ഷേ വെസ്റ്റ് ബാങ്ക് അധിനിവേശ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും നീട്ടി വെക്കുകമാത്രമാണ് ചെയ്തിട്ടുള്ളതെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയിരുന്നു. യഥാർത്ഥത്തിൽ അബ്രഹാം അക്കോഡിനു മുമ്പ് തന്നെ, അമേരിക്കൻ മധ്യസ്ഥതയിൽ, ഇസ്രായേലും ഈജിപ്തും തമ്മിൽ 1978-ൽ നടന്ന ‘Camp David Accord’ എന്ന ഉടമ്പടിയിലും വെസ്റ്റ് ബാങ്കിലും ഗാസയിലും നടത്തുന്ന അധിനിവേശം നിർത്തിവെക്കാം എന്ന വാഗ്ദാനം ഇസ്രായേൽ നൽകുകയും അംഗീകരിക്കുകയും ചെയ്തിരുന്നു. അതുപ്രകാരം തങ്ങളുടെ അധിവേശ സൈന്യത്തെയും കുടിയേറ്റ ജനതയെയും വെസ്റ്റ് ബാങ്കിൽ നിന്ന് പിൻവലിക്കുമെന്നും പ്രസ്തുത ഉടമ്പടിയിൽ ഇസ്രായേൽ വ്യക്തമാക്കിയിരുന്നു. അതേ വാഗ്ദാനം തന്നെയാണ് ‘Camp David Accord’ നിലവിൽ വന്നതിനു 42 വർഷങ്ങൾക്കു ശേഷം യു.എ.ഇക്കും നൽകിയിരിക്കുന്നത് എന്നതു തന്നെ ഇസ്രായേൽ വാഗ്ദാനത്തിന്റെ ആധികാരികത എത്രത്തോളമാണെന്ന് വെളിപ്പെടുത്തുന്നുണ്ട്.

അബ്രഹാം അക്കോഡിനു പിന്നിലെ യു.എ.ഇ താൽപര്യം ലോക മാധ്യമങ്ങൾ പല തവണ ചർച്ച ചെയ്തതാണ്. മേഖലയിൽ ഉയർന്നു വരുന്ന ഇറാൻ – ഖത്തർ – തുർക്കി അച്ചുതണ്ടിന്റെ സ്വാധീനത്തെ അമേരിക്കയുടെയും ഇസ്രായേലിന്റെയും സഹായത്തോടെ ചെറുക്കുക എന്നതും പ്രസ്തുത അച്ചുതണ്ട് ഉയർത്തുന്ന രാഷ്ട്രീയ വെല്ലുവിളികളെ വൻശക്തികളായ അമേരിക്കയുമായും ഇസ്രായേലുമായും ശക്തമായ നയതന്ത്ര, സാമ്പത്തിക, രാഷ്ട്രീയ, സുരക്ഷാ സഖ്യം സ്ഥാപിച്ചുകൊണ്ടു മറികടക്കുക എന്ന യു.എ.ഇയുടെ താൽപര്യമാണ് അബ്രഹാം അക്കോഡിലൂടെ യു.എ.ഇ അടിസ്ഥാനപരമായി ലക്ഷ്യം വെക്കുന്നത് എന്നു നിരീക്ഷകർ വിലയിരുത്തുകയുണ്ടായി. പ്രസ്തുത നിരീക്ഷണം സൂക്ഷ്മവും ചരിത്രപരവുമാണ്. ശക്തമായ നിലപാടോ രാഷ്ട്രീയ ഇച്ഛാശക്തിയോ സയണിസ്റ്റു പദ്ധതിയെ ചെറുക്കാൻ തക്ക ധൈഷണിക നേതൃത്വമോ കൈവശം ഇല്ലാത്ത രാഷ്ട്രങ്ങൾ ഇസ്രായേലിന്റെ ദൈവശാസ്ത്രപരമായ അധിനിവേശ ആധിപത്യ ലക്ഷ്യത്തെ ചെറുക്കാനോ ഇസ്രായേൽ തന്ത്രത്തെ തിരിച്ചറിയാനോ പ്രാപ്തമല്ലെന്നത് ഗൾഫ് രാഷ്ട്രീയം നിരീക്ഷിക്കുന്ന ആർക്കും സുവ്യക്തമാവുന്ന വസ്തുതയാണ്. അതു കൊണ്ട് തന്നെ അബ്രഹാം അക്കോഡിലൂടെ യു.എ.ഇ ലക്ഷ്യം വെക്കുന്നതും വ്യക്തമാണ്.

പക്ഷേ, യു.എ.ഇ എന്തു ലക്ഷ്യം വയ്ക്കുന്നു എന്നതിനേക്കാൾ പ്രാധാന്യം ഇസ്രായേലും അമേരിക്കയും അവയെ നിയന്ത്രിക്കുന്ന ജൂത-സയണിസ്റ്റു ലോബിയും എന്തുകൊണ്ടു യു.എ.ഇയെ ഒരു പ്രധാന കക്ഷിയായി തിരഞ്ഞെടുത്തു എന്ന ചോദ്യത്തിനാണ്. രാഷ്ട്രീയ നിരീക്ഷകർ വിട്ടു കളഞ്ഞ ഒരു സുപ്രധാന ചോദ്യവും അതായിരുന്നു. യു.എ.ഇ എന്തുകൊണ്ടു അബ്രഹാം അക്കോഡിലെ ഒരു സുപ്രധാന കക്ഷിയായി എന്ന ചോദ്യത്തിന്റെ ഉത്തരം കിടക്കുന്നത് പശ്ചിമേഷ്യൻ മേഖലയിലും മുസ്‌ലിം സമൂഹത്തിനിടയിലും വർദ്ധിച്ചു വരുന്ന തുർക്കി – ഇറാൻ – ഖത്തർ സഖ്യത്തോടുള്ള അനുഭാവത്തിലാണ്. 1948-ൽ ഇസ്രായേൽ രൂപീകൃതമായതു മുതൽ പശ്ചിമേഷ്യൻ മേഖലയിൽ നിന്ന് ഇസ്രായേലിനെതിരെ രാഷ്ട്രീയപരമോ സൈനികപരമോ ആയ എതു വെല്ലുവിളിയെയും ഇസ്രായേൽ – അമേരിക്കൻ – പാശ്ചാത്യ സഖ്യം ദുർബലപ്പെടുത്തുകയോ അതിജീവിക്കുകയോ ചെയ്തിട്ടുണ്ട്. ഇറാഖ് യുദ്ധവും, ഈജിപ്തിൽ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട മുർസി സർക്കാറിനെ സൈനിക അട്ടിമറിയിലൂടെ സ്ഥാനഭ്രഷ്ടനാക്കിയതും എല്ലാം അത്തരത്തിലുള്ള തന്ത്രത്തിന്റെ ഫലമായിരുന്നു. പിന്നീട് തുർക്കി – ഇറാൻ – ഖത്തർ സഖ്യം മേഖലയിൽ സജീവമായി ഇടപെടുകയും മുസ്‌ലിം ലോകത്തെ ഐക്യപ്പെടുത്താൻ ഉള്ള ശ്രമങ്ങൾ സജീവമാക്കുകയും ഇസ്രായേലിനു പശ്ചിമേഷ്യയിൽ ഉള്ള ആധിപത്യത്തെ രാഷ്ട്രീയമായും സൈനികമായും വെല്ലുവിളിക്കുകയും സയണിസ്റ്റ് താൽപര്യത്തെ പല തരത്തിൽ പ്രതിരോധിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് അബ്രഹാം അക്കോഡ് ഉടമ്പടിയിലൂടെ ഇസ്രായേലിനു ഗൾഫു മേഖലയിലെ രാഷ്ട്രീയത്തിലും സുരക്ഷയിലും പ്രധാന സ്ഥാനം ലഭിക്കുന്നത്. ഉയർന്നു വരുന്ന തുർക്കി -ഇറാൻ – ഖത്തർ സഖ്യത്തെയും അതിലൂടെ സംഭവിക്കാൻ സാധ്യതയുള്ള മുസ്‌ലിം ഐക്യത്തെയും പ്രതിരോധിക്കാൻ അമേരിക്കൻ – ഇസ്രായേൽ -യു.എ.ഇ – സൗദി സഖ്യം ആദ്യ ഘട്ടം മുതൽ തന്നെയും ശ്രമിച്ചിരുന്നു. അമേരിക്കയും ചൈനയും ബ്രിട്ടനും റഷ്യയും ഫ്രാൻസുമടങ്ങുന്ന യു.എൻ സെക്യൂരിറ്റി കൗൺസിലിലെ സ്ഥിരാംഗങ്ങളും പുറമേ നിന്ന് ജർമ്മനിയും അടങ്ങുന്ന, P5+1 എന്നറിയപ്പെടുന്ന രാജ്യങ്ങൾ ബറാക്ക് ഒബാമ അമേരിക്കൻ പ്രസിഡന്റായിരുന്ന കാലഘട്ടത്തിൽ ഇറാൻ ആണവായുധ പദ്ധതി ‘ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി’യുടെ പരിധിയിൽ കൊണ്ടു വന്ന ഉടമ്പടിയിലൂടെ നീക്കിയ ഇറാനെതിരായ ഉപരോധം, ഉടമ്പടിയിൽ നിന്ന് എകപക്ഷീയമായി പിൻവാങ്ങി കൊണ്ട് ഇറാനെ ഒറ്റപ്പെടുത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമം, യഥാർത്ഥത്തിൽ മേഖലയിൽ വർദ്ധിച്ചു വരുന്ന ഇറാൻ സ്വാധീനം, ഉപരോധം എർപ്പെടുത്തുന്നതിലൂടെ ഇറാന്റെ സാമ്പത്തിക മേഖലയും ആയുധ കച്ചവടത്തിനുള്ള വിലക്കിലൂടെ സൈനിക മേഖലയെയും തകർക്കാനുള്ള നീക്കമായിരുന്നു. അമേരിക്കയൊഴികെ ഉടമ്പടിയിലെ മറ്റു കക്ഷികൾ ഉടമ്പടിയിൽ ഉറച്ചു നിന്നതു കൊണ്ടാണ് ഇറാനെതിരായ നീക്കം വേണ്ടവിധം വിജയിക്കാതെ വന്നത്.

സൗദി അറേബ്യയും യു.എ.ഇ സഖ്യവും ഖത്തറിനെതിരെ എർപ്പെടുത്തിയ ഉപരോധവും യഥാർത്ഥത്തിൽ ഇസ്രായേൽ – അമേരിക്കൻ – ജൂത ക്രിസ്ത്യൻ സയണിസ്റ്റ് താൽപര്യത്തെ മുൻനിർത്തി ആയിരുന്നു. ഉപരോധം നീക്കുവാൻ സൗദി – യു.എ.ഇ സഖ്യം മുന്നോട്ടു വച്ച ഉടമ്പടിയിൽ, പാശ്ചാത്യ മാധ്യമങ്ങളുടെ സയണിസ്റ്റ് അനുകൂല വാദങ്ങളെ പ്രതിരോധിക്കുന്ന അന്താരാഷ്ട്ര മാധ്യമമായ അൽ ജസീറയുടെ പ്രവർത്തനം എന്നന്നേക്കുമായി നിർത്തണം എന്ന ഉപാധിയും ഉണ്ടായിരുന്നു. പ്രസ്തുത ഉപരോധത്തെ തുർക്കി സഹായത്തോടെയും സ്വയം പര്യാപ്തത കൈവരിക്കാനുള്ള ലക്ഷ്യത്തോടെ ഉൽപാദനം വർദ്ധിപ്പിച്ചതിലൂടെയും ഖത്തർ അതിജീവിച്ചതുകൊണ്ടാണ് ഇസ്രായേൽ – അമേരിക്കൻ തന്ത്രം വിജയം കാണാതെ പോയത്. തുർക്കിയിൽ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട റജബ് ത്വയ്യിബ് ഉർദുഗാന്റെ സർക്കാറിനെ സൈനിക അട്ടിമറിയിലൂടെ പുറത്താക്കാൻ ശ്രമിച്ചതും അപ്രകാരം ഒരു കുതന്ത്രത്തിന്റെ ഭാഗമായിരുന്നു. അതിനു പിന്നിലെ മുഖ്യ ആസൂത്രകൻ എന്ന് തുർക്കി ആരോപിച്ച ആത്മീയ നേതാവായ ഫതഹുൽ ഗുലാനെ അമേരിക്ക അഭയം നൽകി സംരക്ഷിക്കുന്നതും അതുകൊണ്ടാണ്.

ഇറാന്റെയും ഖത്തറിന്റെയും തുർക്കിയുടെയും രാഷ്ട്രീയ സ്ഥിരതയെ ഇസ്രായേലിന്റെ സൈനിക മികവുപയോഗിച്ച് നേരിടാൻ സാധ്യമല്ലാതിരുന്നത് കൊണ്ടാണ് ഗൾഫ് മേഖലയിൽ നിന്നും പശ്ചിമേഷ്യൻ മേഖലയിൽ നിന്നും ഉയർന്നു വരുന്ന മുസ്‌ലിം പ്രതിരോധവും അതുവഴി സാധ്യമാവാനിടയുള്ള മുസ്‌ലിം ഐക്യത്തെയും പ്രതിരോധിക്കാൻ ഗൾഫ് മേഖലയിൽ വലിയ സ്വാധീനമുള്ള യു.എ.ഇയെ ഇസ്രായേലും അമേരിക്കയും ജൂത – ക്രിസ്ത്യൻ സയണിസ്റ്റു പ്രസ്ഥാനവും അബ്രഹാം അക്കോഡിൽ പ്രധാന കക്ഷിയാക്കുന്നത്. യു.എ.ഇക്ക് ലോക മുസ്‌ലിം സമൂഹത്തിനിടയിൽ ഉള്ള സ്വാധീനം മുസ്‌ലിം സമൂഹം തുർക്കി – ഖത്തർ നേതൃത്വത്തിനു കീഴിൽ അണിനിരക്കാനുള്ള സാധ്യതയെ പ്രതിരോധിക്കുമെന്ന കണക്കുകൂട്ടലും സയണിസത്തിനുണ്ട്. സുരക്ഷ, ടെക്നോളജി തുടങ്ങിയ യു.എ.ഇയുടെ സുപ്രധാന മേഖലകളിൽ ഇടപെടാൻ ഉള്ള അധികാരം ലഭിക്കുന്ന ഇസ്രായേൽ ഗൾഫ് മേഖലകളിൽ നിന്നുള്ള ശക്തമായ പ്രതിരോധം തീർക്കുകയും ചെയ്യും.

സയണിസത്തിന്റെ കുടില തന്ത്രത്തെ തിരിച്ചറിയുന്നില്ലെങ്കിൽ ഫലസ്തീന്റേതിനു സമാനമായി ഗൾഫ് മേഖലയും ഇസ്രായേൽ അധിനിവേശത്തിനു കീഴിലാവും എന്നത് പശ്ചിമേഷ്യൻ ചരിത്രം പഠിപ്പിക്കുന്ന വലിയ പാഠങ്ങളിൽ ഒന്നാണ്.

മുഹമ്മദ് റാഷിദ്