Campus Alive

ഷെയ്ഖ് ബിന്‍ ബയ്യാഹും യു.എ.ഇ–ഇസ്രായേല്‍ സമാധാന ഉടമ്പടിയും

 

യു.എ.ഇ ഇസ്രായേല്‍ സമാധാന ഉടമ്പടിയും ഫോറം ഫോര്‍ പ്രൊമോട്ടിങ്ങ് പീസ് ഇന്‍ മുസ്‌ലിം സൊസൈറ്റീസും’(FPPMS)

ആഗസ്റ്റ് പതിമൂന്നാം തീയ്യതി, യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഇസ്രായേലീ പ്രധാനമന്ത്രി ബെന്‍ജമിന്‍ നെതന്യാഹുവും യു.എ.ഇ വിദേശകാര്യ മന്ത്രി മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാനും തമ്മിലുള്ള ഒരു ഉടമ്പടി പ്രഖ്യാപിക്കുകയുണ്ടായി. ഇസ്രായേല്‍ വെസ്റ്റ് ബേങ്കിന്റെ ഭാഗങ്ങള്‍ കയ്യേറുന്നത് നിര്‍ത്തിവെക്കുന്നതിന് പകരമായി – ഇതിനെ രണ്ട് രാജ്യങ്ങളും വ്യത്യസ്തമായ രീതിയിലാണ് വ്യാഖ്യാനിക്കുന്നത് – ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളെ പൂര്‍ണ്ണമായും സ്വാഭാവികവത്കരിക്കും എന്നതാണ് ഉടമ്പടിയിലെ വാഗ്ദാനം. ഇസ്രായേലും യു.എ.ഇയും തമ്മില്‍ ഏറെക്കാലമായി അടുത്ത ബന്ധം സൂക്ഷിക്കുന്നുണ്ടെങ്കിലും, ഈയൊരു ഉടമ്പടി പലര്‍ക്കും ഒരു അത്ഭുതമായിരുന്നു. ഈ നീക്കത്തിന് അനുകൂലമായി പ്രസ്താവന പുറപ്പെടുവിച്ച ‘ഫോറം ഫോര്‍ പ്രൊമോട്ടിങ്ങ് പീസ് ഇന്‍ മുസ്‌ലിം സൊസൈറ്റീസ്’ (FPPMS) എന്ന യു.എ.ഇ സ്പോണ്‍സര്‍ ചെയ്യുന്ന സംഘടനയുടെ സമിതിക്ക് നേരെയായിരുന്നു പ്രധാനമായും വിമര്‍ശനങ്ങളുയര്‍ന്നത്. ഈ കോലാഹലങ്ങള്‍ക്കിടയില്‍ ഈ പ്രസ്താവനയിലൊപ്പുവെച്ചിരുന്ന പലരും ഇതിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ല എന്ന് പറഞ്ഞ്കൊണ്ട് ഇതില്‍ നിന്നും വിട്ടുനിന്നു. കൂടാതെ, അയ്ഷ അല്‍ അദവിയ്യ എന്ന അംഗം പ്രതിഷേധസൂചകമായി സമിതിയില്‍ നിന്ന് രാജിവെക്കുക വരെയുണ്ടായി.

ഷെയ്ഖ് ബിന്‍ ബയ്യാഹ്

അതേ സമയം, FPPMS ന്റെ തലവനും എമിറാത്തി ഫത്‌വ കൗണ്‍സിലിന്റെ പ്രസിഡണ്ടുമായ മൗറിത്താനിയൻ ഷെയ്ഖ് അബ്ദുല്ലാഹ് ബിന്‍ ബയ്യാഹ് ഒരു പ്രസ്തവാന പുറത്തിറക്കുകയുണ്ടായി. അന്താരാഷ്ട്ര ബന്ധങ്ങളും ഉടമ്പടികളുമെല്ലാം ഭരണാധികാരിയുടെ നയപരമായ അധികാര പരിധിയില്‍ വരുന്നതാണെന്ന് പറഞ്ഞ അദ്ദേഹം ഈ ഒരു നീക്കം സമാധാനത്തിലേക്ക് നയിക്കട്ടെ എന്ന് കൂടി കൂട്ടിച്ചേര്‍ക്കുകയുണ്ടായി. ഒറ്റനോട്ടത്തില്‍ നിരുപദ്രവകാരിയായ ഈ പ്രസ്താവന വിദേശ ഭരണകൂടങ്ങളുമായി ഉടമ്പടിയിലേര്‍പ്പെട്ടുകൊണ്ട് പൊതുനയങ്ങള്‍ രൂപീകരിക്കാനുള്ള അധികാരം ഭരണാധികാരിക്ക് നല്‍കുന്ന സിയാസ എന്ന പൂര്‍വാധുനിക ഇസ്‌ലാമിക പ്രമാണത്തിന്റെ കേവലമായ പുനരാഖ്യാനമായിട്ടാണ് മനസ്സിലാക്കപ്പെട്ടത്. എന്നിരുന്നാലും, ബിന്‍ ബയ്യാഹിന്റെ മിക്ക പൊതുപ്രഭാഷണങ്ങളും പുസ്തകങ്ങളുമെല്ലാം തന്നെ പൂര്‍വ്വാധുനിക ചിന്തകളില്‍ നിന്നും വ്യതസ്തമായിക്കൊണ്ട് വ്യക്തമായ ആധുനിക യുക്തിയെ പ്രകാശിപ്പിക്കുന്നതാണ്. ഇസ്‌ലാമിക ചിന്തയിലെ ഈ പുതിയ പ്രവണതയെ ഒരു അക്കാദമിക യുക്തിയില്‍ ആലോചിക്കുമ്പോള്‍ ബിന്‍ ബയ്യാഹിനെ ഒരു നവ പാരമ്പര്യവാദ (Neo-Traditionalist) പ്രവണതയുടെ ഭാഗമായി കാണുകയോ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ തത്വജ്ഞാനത്തെ അത്തരമൊരു രീതിയില്‍ വായിക്കുകയോ ചെയ്യുന്നത് പലപ്പോഴും ഉപകാരപ്പെടും. എന്നിരുന്നാലും, ബിന്‍ ബയ്യാഹിന്റെ രാഷ്ട്രീയ ചിന്താധാരയെ മനസ്സിലാക്കാന്‍ ഈ പരികല്‍പനകള്‍ പലപ്പോഴും അപര്യാപ്തമാണ്. എങ്കിലും ഈ ഒരു വേര്‍തിരിക്കല്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ബിന്‍ ബയ്യാഹിന്റെ ഭാവനയിലെ ഇസ്‌ലാമിക ഏകാധിപത്യം (Islamic Autocracy) ഇന്ന് കാണുന്ന തരത്തിലുള്ള വിജയം കരസ്ഥമാക്കാന്‍ കാരണം അദ്ദേഹം അതിനെ പ്രാതിനിധ്യം, സ്വയം ഭരണം, ഉത്തരവാദിത്വം തുടങ്ങിയ സ്പഷ്ടമായ ആധുനിക ശൈലിയിലൂടെ ആവിഷ്കരിക്കുന്നത് കൊണ്ടാണ് എന്നതാണ് ഇതിന് കാരണം.

ഇസ്‌ലാമിക ആധുനികതാവാദത്തിന്റെ പൈതൃകം

റിഫാ അല്‍ തഹ്താവിയെയും (മരണം 1878) ഖൈർ അല്‍ ദീന്‍ അല്‍ തുനീസിയെയും (മരണം 1890) റഷീദ് രിദയെയുമൊക്കെ (മരണം 1935) പോലെയുള്ള ആധുനികവാദികളായ മുസ്‌ലിം ചിന്തകര്‍ സുല്‍ത്താനും അദ്ദേഹത്തിന്റെ പ്രജകളും തമ്മിലുള്ള പൂര്‍വാധുനിക ശ്രേണീബന്ധത്തെ മാറ്റിപ്പണിയുകയുണ്ടായി. സ്വയം ജനാധിപത്യത്തിന്റെ പ്രചാരകനല്ലായിരുന്നെങ്കില്‍ കൂടി, സാധാരണക്കാരനായ മനുഷ്യനെ പൗരനെന്ന നിലക്ക് സ്വയം ഭരണത്തിന് കെല്‍പുള്ള, ആധുനിക സ്റ്റേറ്റിലേക്ക് പരിവര്‍ത്തിപ്പിച്ചെടുക്കാന്‍ കഴിയുന്ന ഒരംഗമായിട്ടാണ് തഹ്താവി വീക്ഷിച്ചിരുന്നത്. ഖുര്‍ആനിക സങ്കല്‍പമായ കൂടിയാലോചനയെ (ശൂറ) അടിസ്ഥാനമാക്കിക്കൊണ്ടാണ് തുനീസി ഏകാധിപത്യത്തിനെതിരെയുള്ള തന്റെ വിമര്‍ശനത്തെ രൂപപ്പെടുത്തിയത്. ഏറ്റവും വിശ്വസ്തനായ ഭരണാധികാരിക്ക് പോലും പൊതുജനതാല്‍പര്യത്തെ സ്വന്തം നിലക്ക് നിരാകരിക്കാനാവില്ല എന്നും മുസ്‌ലിം ചിന്തകരുടെയും ഉദ്യോഗസ്ഥരുടെയും കൂടെ കാഴ്ച്ചപ്പാടുകളെക്കൂടി ആവശ്യമുണ്ട് എന്നും പറഞ്ഞു കൊണ്ടാണ് അദ്ദേഹം പ്രാതിനിധ്യപരമായ ഒരു ഭരണകൂട സംവിധാനത്തിന് വേണ്ടി വാദിക്കുന്നത്. ഇസ്‌ലാമിക പ്രമാണങ്ങളെയും സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെയും മനസ്സിലാക്കിക്കൊണ്ടുള്ള കൂട്ടായ, സ്ഥാപനവത്കരിച്ച ആലോചനകളിലൂടെ (ഇജ്തിഹാദ്) സാധ്യമാകുന്ന ജനകീയ പരമാധികാരത്തെയും നിയമനിര്‍മാണത്തെയും മുന്‍നിര്‍ത്തിയായിരുന്നു  മതകീയ സ്വേച്ഛാധിപത്യത്തിനെതിരെയുള്ള റഷീദ് രിദയുടെ പരിഷ്കരണത്തിന്റെ കേന്ദ്രയുക്തി. ആധുനിക ജനാധിപത്യത്തെക്കൂടി ആവിഷ്കരിക്കാന്‍ ഉപയോഗിക്കുന്നതാണ് ഇതില്‍ പല സങ്കല്‍പ്പങ്ങളുമെങ്കിലും, ബിന്‍ ബയ്യാഹ് ആധുനിക ഏകാധിപത്യത്തിന് വേണ്ടി ഇതില്‍ പലതിനെയും കീഴ്മേല്‍ മറിച്ചിടുന്നുണ്ട്.

റഷീദ് രിദ

അബ്ദുല്ലാഹ് ബിന്‍ ബയ്യാഹും അല്‍ നഹ്യാന്‍ രാജകുടുംബവും

യു.എ.ഇയുടെ ഭരണാധികാരികളായ അല്‍ നഹ്യാന്‍ കുടുംബവുമായി ബിന്‍ ബയ്യാഹിന് ഏറെ കാലത്തെ അടുപ്പമുണ്ട്. 1970കള്‍ മുതല്‍ തുടങ്ങുന്നതാണിത്. ബിന്‍ ബയ്യാഹ് മൗറിത്താനിയന്‍ ഭരണകൂടത്തിന്റെ മന്ത്രിയായിരിക്കുന്ന കാലത്ത് യു.എ.ഇ ഭരണാധികാരിയായിരുന്ന ഷെയ്ഖ് സായിദ് അല്‍ നഹ്യാന്‍ മൗറിത്താനിയയിലേക്ക് നിര്‍ണ്ണായകമായ ഒരുപാട് സന്ദര്‍ശനങ്ങള്‍ നടത്തിയിരുന്നു. ഈ സന്ദര്‍ശനങ്ങള്‍ക്കിടയില്‍ ഇരുവര്‍ക്കിടയിലും ഏറെ അടുപ്പം രൂപപ്പെട്ടുവന്നിരുന്നു എന്ന് ബിന്‍ ബയ്യാഹ് പിന്നീട് ഏറെ താല്‍പര്യത്തോടെ ഓര്‍ക്കുന്നുണ്ട്.

യു.എ.ഇ ആ സമയത്ത് മൗറിത്താനിയയുടെ ഏറ്റവും വലിയ സാമ്പത്തിക സേവന ദാതാക്കളിലൊരാളായിരുന്നു. 1981ല്‍ ജിദ്ദയിലേക്ക് മാറിയതിന് ശേഷം, ബിന്‍ ബയ്യാഹ് നഹ്യാന്‍ കുടുംബവുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ചുപോന്നു. 9/11ന് ശേഷം, യു.എ.ഇ സ്വയം സൗദി അറേബ്യയുടെ വഹാബിസത്തില്‍ നിന്നും ഖത്തറിന്റെ മുസ്‌ലിം ബ്രദര്‍ഹുഡുമായുള്ള അടുപ്പത്തില്‍ നിന്നും അകലം പാലിക്കാന്‍ തീരുമാനിച്ചു. അത് വരെ നിഷ്ക്രിയമായി നിലനിന്നിരുന്ന സൂഫീ ചരിത്രത്തെ വീണ്ടെടുത്തുകൊണ്ടും അത്പോലെ മാലിക്കി മദ്ഹബുമായുള്ള അടുപ്പം നിലനിര്‍ത്തിക്കൊണ്ടുമുള്ള ഒരു ആശയലോകത്തെ സൃഷ്ടിച്ചുക്കൊണ്ടായിരുന്നു യു.എ.ഇ ഈ പുതിയ നീക്കത്തിന് തുടക്കമിട്ടത്. ഈ നീക്കത്തിന്റെ ഭാഗമായി, രണ്ടായിരങ്ങളില്‍ അബൂദാബിയിലെ ചടങ്ങുകളിലെ പ്രധാന പ്രഭാഷകനായും ദുബൈയിലെ പരിപാടികളിലെ വിശിഷ്ഠാഥിതിയായുമെല്ലാം ബിൻ ബയ്യാഹ് യു.എ.ഇയിലേക്ക് നിരന്തരം സന്ദര്‍ശനങ്ങള്‍ നടത്തുകയുണ്ടായി.

ബിന്‍ ബയ്യാഹും ഇസ്‌ലാമിക ആധുനികതാവാദവും

ബിന്‍ ബയ്യാഹിന്റെ ചിന്താപദ്ധതികള്‍ ഇസ്‌ലാമിക ആധുനികതാവാദവുമായി ഏറെ കടപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ പൂര്‍വ്വ സഹപ്രവര്‍ത്തകനായിരുന്ന യൂസുഫുല്‍ ഖറദാവിയെ പോലെ, അദ്ദേഹവും വസത്വിയ്യയുടെ (മധ്യമാര്‍ഗം, മിതത്വം) വക്താവാണ്. ഇസ്‌ലാമിക ചിന്തയിലുള്ള ഈ ഒരു സമീപനത്തെ ഏറെ സ്വാധീനിച്ചിട്ടുള്ളത് മുഹമ്മദ് അബ്ദുവും റഷീദ് രിദയുമാണ്. 2013ല്‍ അറബ് വസന്തത്തെ തുടര്‍ന്ന് ഇരുവരും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് രാജിവെക്കുന്നതിന് മുന്‍പ് യൂറോപ്യന്‍ കൗണ്‍സില്‍ ഫോര്‍ ഫത്‌വ ആന്‍ഡ് റിസേര്‍ച്ച് (ECFR),  ഖത്തര്‍ കേന്ദ്രീകരിച്ചുള്ള അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിത കൂട്ടായ്മ (IUMS) എന്നീ സംഘടനകളില്‍ ഖറദാവിയുടെ അടുത്തയാളായിരുന്നു ബിന്‍ ബയ്യാഹ്. 2007ല്‍ ജിദ്ദയില്‍ നടത്തിയ പ്രഭാഷണത്തില്‍ ബിന്‍ ബയ്യാഹ് ആധുനികയുഗത്തിലെ ജനാധിപത്യ സങ്കല്‍പത്തോടുള്ള തന്റെ ആശങ്കകള്‍ വ്യക്തമാക്കുകയും തന്റെ ആധുനിക ഏകാധിപത്യ സങ്കല്‍പത്തെ കുറിച്ച് വിശദമാക്കുകയും ചെയ്യുകയുണ്ടായി. ആധുനിക ജനാധിപത്യം സാധാരണയായി “എല്ലാ രോഗങ്ങള്‍ക്കും, പ്രത്യേകിച്ച് ഭീകരവാദത്തിനുമുള്ള പ്രതിവിധി”യായാണ് കല്‍പിക്കപ്പെട്ട് പോരുന്നതെന്നും എന്നാല്‍ ഭീകരവാദത്തിനുള്ള യഥാര്‍ത്ഥ “മരുന്ന്” നീതിയാണെന്നും ആ നീതി സാധ്യമാവുന്നത് ശൂറയിലൂടെയാണെന്നും, അല്ലാതെ ജനാധിപത്യത്തിലൂടെയല്ല എന്നും തന്റെ പ്രഭാഷണത്തിനിടയില്‍ അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. ശൂറയെയും ജനാധിപത്യത്തെയും അടിസ്ഥാനപരമായി ഒരേപോലെ മനസ്സിലാക്കുന്ന ഖറദാവിയെ പോലുള്ള ആധുനികവാദികളില്‍ നിന്നും വ്യതിരിക്തമായിക്കൊണ്ട് ശൂറയെയും ജനാധിപത്യത്തെയും വ്യത്യസ്ത സങ്കല്‍പങ്ങളായിട്ടാണ് ബിന്‍ ബയ്യാഹ് മനസ്സിലാക്കുന്നത്. ബിന്‍ ബയ്യാഹിന്റെ അഭിപ്രായത്തില്‍ ശൂറ എന്നത് രാഷ്ട്രീയ മേഖലയില്‍ മാത്രമൊതുങ്ങിനില്‍ക്കാത്ത സാമൂഹിക ബന്ധങ്ങളുടെ സമസ്ത മേഖലകള്‍ക്കും ജീവന്‍ നല്‍കുന്ന കൂടിയാലോചനയുടെ ദൈവികമായ മാര്‍ഗമാണ്.

ഈ ആശയത്തെ വ്യക്തമാക്കാന്‍ വേണ്ടി അദ്ദേഹം ഒരു ഭാര്യയുടെയും ഭര്‍ത്താവിന്റെയുമിടയിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഒരുദാഹരണം നല്‍കുന്നുണ്ട്. ബിന്‍ ബയ്യാഹിനെ സംബന്ധിച്ച്, ഭര്‍ത്താവിന് ഭാര്യയുടെ മുകളില്‍ ചില അധികാരങ്ങളുണ്ടെങ്കിലും, വൈവാഹിക ബന്ധം നിലനിര്‍ത്തുന്നത് ആധിപത്യമോ(ഇംല) പരിപൂര്‍ണ്ണ അധികാരമോ (അല്‍ സുല്‍ത്ത അല്‍ മുത്‌ലഖ) അല്ല, മറിച്ച് പരസ്പരമുള്ള വിട്ടുവീഴ്ച്ചയും (തറാദി) പരസ്പരമുള്ള കൂടിയാലോചനകളുമാണ് (തശവ്വുര്‍). പരസ്പര കൂടിയാലോചനകളില്ലാതെ അധികാരം പ്രയോഗിക്കുന്ന ഭര്‍ത്താവ് “വൈവാഹികബന്ധത്തിന്റെ അടിസ്ഥാനമായ സ്നേഹത്തെയും കാരുണ്യ”ത്തെയും അവഗണിക്കുകയാണ് ചെയ്യുന്നത്. അണുകുടുംബങ്ങളാണ് ആധുനിക ദേശരാഷ്ട്രത്തിന്റെ അടിസ്ഥാനം. കുടുംബത്തിലെ ഭര്‍ത്താവിന്റെ അധികാരത്തിനുമേല്‍ നൈതികമായ സ്വയം നിയന്ത്രണങ്ങളല്ലാതെ നിയമപരമായുള്ള നിയന്ത്രണങ്ങളെക്കുറിച്ച് ആലോചിക്കാത്തതുപോലെ തന്നെ ബിന്‍ ബയ്യാഹ് ഭരണാധികാരിയുടെ അധികാരത്തിനുമേലും ഭരണഘടനാപരമായോ നിയമപരമായോ ഉള്ള ഒരു നിയന്ത്രണങ്ങളും സങ്കല്‍പിക്കുന്നില്ല. ഉദാഹരണത്തിന്, ആ തീരുമാനത്തിന് മുഴുവന്‍ കുടുംബത്തെയും സ്വാധീനിക്കാനിടയുണ്ടെങ്കില്‍ക്കൂടി, രണ്ടാം ഭാര്യയെ സ്വീകരിക്കണോ വേണ്ടയോ എന്നുള്ള കാര്യം ഭര്‍ത്താവിന്റെ തീരുമാനമാണെന്ന് അദ്ദേഹം പറയുന്നു. ഇത് പോലെ, മുഴുവന്‍ സമൂഹത്തെയും ബാധിക്കുന്നുതാണെങ്കില്‍ കൂടി ഭരണാധികാരിക്ക് (സുല്‍ത്താനുല്‍ അക്ബര്‍) ഉടമ്പടികളെ റദ്ദാക്കാനും യുദ്ധം പ്രഖ്യാപിക്കാനുമുള്ള അധികാരമുണ്ട് എന്ന് വരുന്നു. ഈ രണ്ട് സന്ദര്‍ഭങ്ങളിലും, ഭര്‍ത്താവിന്റെ കുടുംബത്തിനോ ഭരണാധികാരിയുടെ സമൂഹത്തിനോ ഭര്‍ത്താവിന്റെയോ ഭരണാധികാരിയുടെയോ തീരുമാനങ്ങളില്‍ വലിയ രീതിയിലുള്ള അഭിപ്രായങ്ങള്‍ക്കുള്ള സ്വാതന്ത്ര്യം വേണ്ടതില്ല എന്നതാണ് ബിന്‍ ബയ്യാഹിന്റെ പക്ഷം. കലാപങ്ങളോ കുഴപ്പങ്ങളോ ആണ് കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഇണക്കത്തോടെയുള്ള പ്രവര്‍ത്തനങ്ങളുടെ വിപരീതം. ഭരണാധികാരിയും നിയമവ്യവസ്ഥയുടെ കീഴില്‍ വരിക എന്നതായിരുന്ന തഹ്താവിയെ പോലെയുള്ള ആധുനികവാദികളുടെ പ്രധാനവാദമെങ്കില്‍, പക്ഷെ ബിന്‍ ബയ്യാഹ് നീതിക്കും ഉത്തരവാദിത്വബോധത്തിനും വേണ്ടിയുള്ള ആധുനികയുക്തികളെ നിരാകരിക്കാതെ തന്നെ അവയെ കീഴ്മേല്‍ മറിക്കുകയും തികച്ചും വ്യത്യസ്തമായ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുകയുമാണ് ചെയ്യുന്നത്.

ഷെയ്ഖ് യൂസുഫുൽ ഖറദാവി

ജനകീയ പ്രാതിനിധ്യമെന്ന ആധുനിക തത്വം മുന്നോട്ട് വെക്കുന്നുണ്ടെങ്കിലും, ഈ പറഞ്ഞ പ്രതിനിധികളെ ജനാധിപത്യ സംവിധാനങ്ങളുപയോഗിച്ച് തിരഞ്ഞെടുക്കേണ്ടതിന്റെ ആവശ്യകത ബിന്‍ ബയ്യാഹ് നിരാകരിക്കുന്നുണ്ട്. പ്രവാചകന്‍ മുഹമ്മദ് ചില സമയങ്ങളില്‍ ജനങ്ങളുടെ പ്രതിനിധികളുമായി (നവാബ് അല്‍ നാസ്) കൂടിയാലോചിക്കാറുണ്ടായിരുന്നു എന്നദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. ഹുനൈന്‍ യുദ്ധത്തിന് ശേഷം ഹവാസിന്‍ ഗോത്രവുമായുള്ള പ്രവാചകന്റെ ഇടപെടലുകളുമായി ബന്ധപ്പെട്ടുള്ള ഒരു ഹദീസ് ഉദ്ധരിച്ചുകൊണ്ട്, ആ ഗോത്രപ്രതിനിധികളെ സൂചിപ്പിക്കുന്ന തരത്തിലുള്ള പ്രവാചകന്റെ പരാമര്‍ശങ്ങളെ (ഉറഫ, ആരിഫ്) മുന്‍നിര്‍ത്തിക്കൊണ്ട് അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ഒരു സമുദായത്തിന്റെ ആവശ്യങ്ങളെ കുറിച്ചും വ്യവഹാരങ്ങളെ കുറിച്ചും ആഴത്തിൽ അറിവുള്ള പ്രതിനിധിയെ കുറിക്കാനാണ് ഉറഫ എന്ന പദം – അറിയുക എന്നാണ് ഈ പദത്തിന്റെ അറബിയിലെ മൂലാര്‍ത്ഥം – ഉപയോഗിക്കുന്നത് എന്നാണ് ബിന്‍ ബയ്യാഹിന്റെ നിരീക്ഷണം. തത്ഫലമായി, ഒരു പ്രതിനിധി ഏത് രീതിയില്‍ തിരഞ്ഞെടുക്കപ്പെടുന്നു എന്നല്ല, ഒരു സമുദായത്തില്‍ നിന്ന് ഒരു വ്യക്തിയെ നിര്‍ബന്ധമായും പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെടുന്നു (ഇര്‍ഫാസ്) എന്ന കാര്യമാണ് ബിന്‍ ബയ്യാഹിനെ സംബന്ധിച്ചിടത്തോളം ആ പ്രതിനിധിയെ ഭരണാധികാരിയുമായുള്ള കൂടിയാലോചനകള്‍ക്കുള്ള നിയമപരമായ പ്രതിനിധിയാക്കി മാറ്റുന്നത്. വസത്വിയ്യ പോലെയുള്ള സങ്കല്‍പങ്ങളെ ഉയര്‍ത്തിപ്പിടുക്കുന്ന അഹ്മദ് അല്‍ റയ്സൂനിയെ പോലെയുള്ള മറ്റ് ആധുനികവാദികളായ മുസ്‌ലിം ചിന്തകരില്‍ നിന്നും വ്യത്യസ്തമാണിത്. റയ്സൂനിയെ സംബന്ധിച്ചിടത്തോളം ഉറഫയെ സംബന്ധിച്ചുള്ള പ്രവാചകന്റെ പരാമര്‍ശങ്ങള്‍ തിരഞ്ഞെടുപ്പ് വ്യവസ്ഥയെ അദ്ദേഹം അംഗീകരിക്കുന്നു എന്നതിന്റെ തെളിവാണ്.

അറബ് വസന്തം

അറബ് വസന്തത്തിന്റെ വരവ് ജനാധിപത്യത്തെ കുറിച്ചുള്ള തന്റെ എതിര്‍പ്പുകളെ കൂടുതല്‍ വ്യക്തമാക്കി ആവിഷ്കരിക്കാന്‍ ബിന്‍ ബയ്യാഹിന് കൂടുതല്‍ സൗകര്യം നല്‍കി. ഐ.യു.എം.എസ്സിലെ തന്റെ പൂര്‍വ്വ സഹചാരികളായിരുന്ന ഖറദാവിയെയും റയ്സൂനിയെയും പോലുള്ളവര്‍ അറബ് വസന്തത്തിന്റെ ഭാഗമായുള്ള പല വിപ്ലവപ്പോരാട്ടങ്ങളെയും അംഗീകരിച്ചപ്പോള്‍, പ്രദേശത്തെ അസ്ഥിരാവസ്ഥയായി അദ്ദേഹം മനസ്സിലാക്കിയ കാര്യങ്ങളെ കുറിച്ച് ആകുലത കൊള്ളുകയായിരുന്നു ബിന്‍ ബയ്യാഹ്. 2012 ആയപ്പോഴേക്കും, നുആക്ച്ചോത്തിലും തുനീസിലുമെല്ലാം സംഘടിപ്പിച്ച ഒരു കൂട്ടം ശില്‍പശാലകളിലൂടെ ഇതുമായി ബന്ധപ്പെട്ട തന്റെ ചിന്താപദ്ധതിയെ അദ്ദേഹം കൂടുതല്‍ വ്യക്തമാക്കാന്‍ തുടങ്ങി.  യുക്തിയുടെയും, പൊതുജനതാല്‍പ്പര്യത്തിന്റെയും പാതയില്‍ നിന്നും വ്യതിചലിച്ച, മൂല്യച്യുതി സംഭവിച്ച മുന്നേറ്റമായിട്ടാണ് അറബ് വസന്തത്തെ അദ്ദേഹം പിന്നീട് വിലയിരുത്തിയത്. 2013 ല്‍, തന്റെ മുന്‍കാല സഹചാരികളുമായിട്ടുള്ള ബന്ധം അദ്ദേഹം വിച്ഛേദിക്കുകയും, തുടര്‍ന്ന് 2014 ല്‍ FPPMS സ്ഥാപിക്കുകയും ചെയ്തു.

യു.എ.യി – ഇസ്രായേൽ ഉടമ്പടിയെ പിന്തുണച്ചുകൊണ്ടുള്ള FPPMS പുറപ്പെടുവിച്ച പ്രസ്താവന, Image Courtesy: MYDAN

FPPMS ന്റെ സ്ഥാപനത്തിന്റെ സമയത്ത് തന്നെ, ബിന്‍ ബയ്യാഹ് മുസ്‌ലിം വ്യക്തികളുടെ സ്വയം ഭരണത്തിനുള്ള ശേഷിയെ പ്രകീര്‍ത്തിച്ചുകൊണ്ടും അതേസമയം ജനാധിപത്യത്തോടുള്ള തന്റെ സന്ദേഹങ്ങള്‍ പങ്കുവെച്ചുകൊണ്ടുമുള്ള ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയുണ്ടായി. വ്യക്തികളുടെ തീരുമാനങ്ങളില്‍ മുസ്‌ലിം പണ്ഡിതര്‍ക്ക് പ്രത്യേകമായ അധികാരമില്ല (ഹുക്ര്‍) എന്ന കാര്യത്തിലൂന്നിക്കൊണ്ട് പണ്ഡിതവിരുദ്ധമായ ഒരു വാദത്തെ അദ്ദേഹം ഈ പുസ്തകത്തില്‍ മുന്നോട്ട് വെക്കുന്നുണ്ട്. പകരം, തന്റെ കാര്യങ്ങളിലും വിധികളിലും ഓരോ വ്യക്തികള്‍ക്കും തീരുമാനമെടുക്കാനുള്ള അധികാരമുണ്ടെന്ന് അദ്ദേഹം പറയുന്നു. ഉദാഹരണത്തിന്, രോഗിയായ ഒരാള്‍ക്ക് റമദാനില്‍ നോമ്പ് ഒഴിവാക്കാന്‍ മാത്രം രോഗം തനിക്കുണ്ടോ എന്ന് സ്വയം തീരുമാനിക്കാം. ഇതേ യുക്തി തന്നെ ഭരണാധികാരിയുടെ കാര്യത്തിലും പ്രാവര്‍ത്തികമാക്കാന്‍ അദ്ദേഹം ശ്രമിക്കുമ്പോളാണ് യഥാര്‍ഥ പ്രതിസന്ധി ഉടലെടുക്കുന്നത്. അപ്പോള്‍, വിശ്വാസിയായ ഒരു വ്യക്തി നോമ്പ് ഒഴിവാക്കാന്‍ മാത്രം രോഗിയാണോ എന്ന കാര്യം തീരുമാനിക്കാന്‍ പണ്ഡിതര്‍ക്ക് അധികാരമില്ലാത്തത് പോലെ തന്നെ, ഭരണഘടനാപരമായ രീതിയിലോ ഔപചാരികമായ രീതിയിലോ ഉള്ള ഭരണാധികാരിയുടെ തീരുമാനങ്ങളിലും പണ്ഡിതര്‍ക്ക് തീരുമാനമെടുക്കാനധികാരമില്ല എന്ന് വരുന്നു.

ഒരു വിഷയത്തിന്റെ മുഴുവന്‍ വശങ്ങളോ (ജാലിയത്ത് അല്‍ അംറ്) അല്ലെങ്കില്‍ ഒരു പ്രത്യേക നടപടിയുടെ പൂര്‍ണ്ണപരിണിതഫലങ്ങളോ പണ്ഡിതര്‍ക്ക് അറിയില്ല എന്നും, അതുപോലെ തന്നെ മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ള ഭരണാധികാരിയുടെ സ്വകാര്യമായ വിധികളും (അല്‍ ദവാഫി അല്‍ ഖാഫിയ) പണ്ഡിതര്‍ക്ക് അറിയാന്‍ വഴിയില്ല എന്നുമാണ് ബിന്‍ ബയ്യാഹിന്റെ പക്ഷം.

പൗരന്‍മാര്‍ക്ക് ഭരണാധികാരികളില്‍ നിന്നുമുള്ള ഉത്തരവാദിത്വബോധത്തിനും നീതിക്കും അര്‍ഹതയുണ്ട് എന്നതായിരുന്നു ആധുനികതാ വാദത്തിന്റെ പ്രധാന ഘടകങ്ങളിലൊന്ന്. ബിന്‍ ബയ്യാഹിന്റെ മുസ്‌ലിം ഏകാധിപത്യ സിദ്ധാന്തം ഈ തത്വവുമായിട്ട് പ്രത്യക്ഷത്തില്‍ വിയോജിക്കുന്നില്ല. എന്നാലദ്ദേഹം ഈ വാദത്തെ മാറ്റിപ്രയോഗിക്കുന്നുണ്ട്. 2014ല്‍ FPPMSലെ തന്റെ സ്വാഗത പ്രസംഗത്തില്‍, നീതിക്കും പ്രാതിനിധ്യ ഭരണസംവിധാനത്തിനുമുള്ള പൗരന്മാരുടെ അവകാശത്തെ അദ്ദേഹം അംഗീകരിക്കുന്നുണ്ട്. എന്നിരുന്നാലും, മക്കയില്‍ പ്രവേശിക്കാനും ഹജ്ജ് ചെയ്യാനുമുള്ള തന്റെ അവകാശത്തെ ഹുദൈബിയാ സന്ധിയുടെ തുടര്‍ച്ചയായി പ്രവാചകന്‍ ത്യജിച്ചതുപോലെയും, ഖിലാഫത്തിനുള്ള തന്റെ അവകാശത്തെ പ്രവാചകന്റെ പേരക്കുട്ടിയായ ഹസന്‍ നിരാകരിച്ചതുപോലെയും സമാധാനത്തിന് വേണ്ടി ചില അവകാശങ്ങളെ ഉപേക്ഷിക്കേണ്ടി വരും എന്ന് അദ്ദേഹം പറയുന്നു: “ഒരു വ്യക്തിയുടെ അവകാശങ്ങളെ പരിത്യജിക്കുന്നത് പരാജയമല്ല, മറിച്ച് ഉന്നതമായ ധാര്‍മിക നിലവാരമാണ് സൂചിപ്പിക്കുന്നത്. ഇത് മറ്റുള്ളവരുടെ ആരാധന പിടിച്ച് പറ്റുകയും അവരുടെ തീരുമാനങ്ങളെ പുനരാലോചിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഇത് സമാധാനത്തിന് വേണ്ടി അനീതിക്ക് മുന്നിലുള്ള കീഴടങ്ങലായി തെറ്റിദ്ധരിക്കരുത്. ഈ തീരുമാനമെടുക്കുന്ന വ്യക്തി കൂടുതല്‍ ദയാപരമായ മാര്‍ഗങ്ങളിലൂടെ സമാധാനം തേടുന്നുവെന്നും ഏവരും സഹതാപത്തോടെ വീക്ഷിക്കുന്ന, തന്റെ തന്നെ കാമനകളുടെ ഇരയായ ഏകാധിപതിയെ പരിഷ്കരിക്കാനുള്ള മാര്‍ഗങ്ങള്‍ കൂടെ അന്വേഷിക്കുന്നു എന്നുമാണ് മനസ്സിലാക്കേണ്ടത്.”

ബിന്‍ ബയ്യാഹിനെ സംബന്ധിച്ചിടത്തോളം, നീതിക്കും ഉത്തരവാദിത്വസംരക്ഷണത്തിനും വേണ്ടിയുള്ള പൗരന്റെ അവകാശങ്ങളുടെ ചോദ്യങ്ങളെ ഈ നയം ഉപേക്ഷിക്കുകയല്ല ചെയ്യുന്നത്, മറിച്ച് കേവലാര്‍ത്ഥത്തില്‍ മാറ്റിവെക്കുക മാത്രമാണ് ചെയ്യുന്നത്. ജനങ്ങളുടെ മേല്‍ ഹിംസാത്മകമായ പ്രയോഗങ്ങള്‍ നടത്തുവാനുള്ള സ്വന്തം കാമനകളെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെടുന്നു എന്ന കാരണം കൊണ്ട് മാത്രമേ ഒരു ഏകാധിപതിയോട് സഹതപിക്കേണ്ടതുള്ളൂ എന്ന് വരുന്നു. യു.എ.ഇയുമായുള്ള സമാധാന ഉടമ്പടി ഇസ്രായേലില്‍ വലിയ നയതന്ത്ര വിജയമായി സ്വീകരിക്കപ്പെട്ടിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും മുന്‍ വൈസ് പ്രസിഡണ്ട് ജോ ബിഡനും ഈ ഉടമ്പടിയെ ഏറെ പ്രകീര്‍ത്തിക്കുന്നുണ്ട്. യമനിലെ ഇപ്പോഴത്തെ വ്യാപകമായ പട്ടിണിക്കും ദാരിദ്ര്യത്തിനും കാരണമായ രാഷ്ട്രീയ സാഹചര്യങ്ങളില്‍ രാജ്യം വഹിക്കുന്ന പ്രധാന പങ്കിനോടും മനുഷ്യാവകാശ കാര്യങ്ങളിലുള്ള മോശം ട്രാക്ക് റെക്കോഡുകളോടും കണ്ണടച്ചുകൊണ്ട് അമേരിക്കയുടെ മേഖലയിലെ പ്രധാന സഖ്യകക്ഷിയായുള്ള യു.എ.ഇയുടെ സ്ഥാനം ഊട്ടിയുറപ്പിക്കുന്നുണ്ട് ഉടമ്പടിയും ഈ പ്രതികരണങ്ങളും. “ഒരു അറബ് രാജ്യം, (അത് ഒരു ജനാധിപത്യ രാജ്യമായിരുന്നെങ്കില്‍) ഇസ്രയേലുമായി ഒരു സമാധാന ഉടമ്പടിയിലേര്‍പ്പെടുന്ന കാര്യം ആലോചിക്കുമ്പോള്‍ ഏറെ പ്രയാസമുണ്ടാക്കുന്നുണ്ട്” എന്ന് ഷാദി ഹാമിദ് വ്യക്തമായി നിരീക്ഷിക്കുന്നുണ്ട്. അറബ് വസന്തത്തിന്റെ സമയത്ത് ജനാധിപത്യ രാജ്യങ്ങളെ പിന്തുണക്കുക എന്ന യു.എസ് നയവും ഏറേക്കാലമായിട്ട് ഇപ്പോള്‍ വിസ്മൃതിയിലാണ്. ആധുനികതാ പ്രയോഗങ്ങളിലൂടെയും യുക്തിപരമായ പ്രസംഗപാടവത്തിലൂടെയും, ജനാധിപത്യത്തെ പിന്തുണക്കുന്നത് അത്ര സുഖകരമല്ലാത്ത ഓര്‍മയല്ലാത്തവര്‍ക്ക് ഇസ്‌ലാമിക ഏകാധിപത്യത്തമെന്ന സങ്കല്‍പത്തെ പ്രയോജനകരമായ ഒരു പദ്ധതിയായി ബിന്‍ ബയ്യാഹ് പരിചയപ്പെടുത്തുന്നു.

 

(വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിൽ പോസ്റ്റ് ഡോക്ടറൽ ഫെല്ലോ ആണ് ഡേവിഡ് എച്ച് വാറൻ. അദ്ദേഹത്തിന്റെ 2021-ൽ പുറത്തിറങ്ങാനിരിക്കുന്ന ‘Rivals in the Gulf: Yusuf al-Qaradawi, Abdullah Bin Bayyah, and the Qatar-UAE Contest over the Arab Spring and the Gulf Crisis’ എന്ന പുസ്തകത്തിലേതാണ് ഈ ലേഖനം)


വിവർത്തനം: അഫീഫ് അഹ്മദ്

Courtesy: The Maydan

ഡേവിഡ് എച്ച് വാറൻ