Campus Alive

പൗരത്വ പ്രക്ഷോഭം: ഡൽഹി പോലീസിന്റെ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ

 

കഴിഞ്ഞ ഫെബ്രുവരി 10ന് പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഡൽഹി ജാമിഅ നഗറിൽ നടന്ന ഡൽഹി പോലീസ് നരനായാട്ടിൽ അമ്പതോളം സ്ത്രീകൾക്ക് നേരെ ക്രൂരമായ ലൈംഗികാതിക്രമം നടന്നതായി തെളിയിക്കുന്ന റിപ്പോർട്ട് നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമൻ (NFIW) പുറത്തുവിട്ടിരിക്കുകയാണ്. “സ്ത്രീകൾക്ക് നേരെ പുരുഷ പോലീസുകാർ ലൈംഗികമായി അതിക്രമിക്കുകയും, അവരുടെ വസ്ത്രം വലിച്ചു കീറാൻ ശ്രമിക്കുകയും നെഞ്ചിൽ ഇടിക്കുകയും ചവിട്ടുകയും ചെയ്തു. ലാത്തി ഉപയോഗിച്ച് ലൈംഗികാവയവത്തിലേക്ക് കുത്തികയറ്റാൻ നോക്കി. പതിനഞ്ചോളം സ്ത്രീകൾക്ക്, ലൈംഗികാവയവത്തിൽ ബൂട്ടിട്ട് ചവിട്ടിയതിനാൽ പരിക്കേൽക്കുകയുണ്ടായി”. പോലീസ് ചെയ്തികളെ കുറിച്ച് റിപ്പോർട്ടിൽ പറയുന്ന വാക്കുകളാണിവ.

പോലീസ് അതിക്രമത്തിന്റെ ഇരകളായ, വാരിയെല്ലുകൾ തകർന്ന് കണങ്കാലുകളും എല്ലുകളും നുറുങ്ങിയ പ്രക്ഷോഭകരെ ചികിത്സിച്ച ഡോക്ടർമാരുടെ മൊഴികൾ കൂടി റിപ്പോർട്ടിന്റെ ഉള്ളടക്കത്തിൽ പെടുന്നു. ഭീതിതവും അതിക്രൂരവുമായ കയ്യേറ്റമാണ് സമരക്കാർക്ക് നേരിടേണ്ടി വന്നതെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. സ്ത്രീകൾക്ക് നേരെയുള്ള ലൈംഗികാതിക്രമത്തിന്റെ പേരിൽ ഡൽഹി പോലീസിന് പ്രതിസ്ഥാനത്ത് നിൽക്കേണ്ടി വരുന്നത് ആദ്യത്തെ സംഭവമല്ല.

ഡൽഹി ന്യൂനപക്ഷ കമ്മീഷന്റെ വസ്തുതാന്വേഷണ റിപ്പോർട്ടിലും ഡൽഹി പോലീസിനെതിരെയുള്ള ലൈംഗികാതിക്രമ ആരോപണം ഉയരുന്നുണ്ട്. ചാന്ദ്ബാഗിലെ സി.എ.എ വിരുദ്ധ പ്രക്ഷോഭകാരികളായ സ്ത്രീകൾക്ക് നേരെ പോലീസ് അതിക്രമം നടത്തിയതായി തെളിയിക്കുന്ന ദയാൽപൂരിൽ നിന്നുള്ള ഒരു സ്ത്രീയുടെ പരാതി കൂടി റിപ്പോർട്ടിൽ ഉദ്ധരിക്കുന്നുണ്ട്: “പോലീസ് സ്ത്രീകളുടെ മുന്നിൽ വന്ന് വസ്ത്രം അഴിക്കുകയും ലൈംഗികാവയവം അവരുടെ നേർക്ക് കാണിച്ച് കൊണ്ട്, ‘നിങ്ങൾക്കു ആസാദി വേണ്ടേ, ഇതാ നിങ്ങളുടെ ആസാദി, ഞങ്ങൾ നിങ്ങൾക്ക് ഈ ആസാദി തരാനാണ് വന്നത്’ എന്ന് പറയുകയും ചെയ്തു”. ഡൽഹിയിലെ മുസ്‌ലിം വംശഹത്യാ വേളയിൽ കലാപകാരികൾ മുസ്‌ലിം സ്ത്രീകളെ ലൈംഗികമായി പീഠിപ്പിക്കുകയും ആസിഡ് ആക്രമണം നടത്തുകയും ചെയ്ത സമയത്ത്, സഹായം ചോദിച്ചുകൊണ്ട് അവർ വിളിച്ച ഫോൺ കോളുകൾ ഡൽഹി പോലീസ് എടുക്കുക പോലും ചെയ്തില്ലെന്നു അനുഭവ സാക്ഷ്യങ്ങളും മാധ്യമ വാർത്തകളും മുൻനിർത്തി റിപ്പോർട്ടിൽ പറയുന്നു.

Credit: Two Circles

മാത്രമല്ല, രണ്ടു സ്ത്രീകളും ഒരു കൗമാരക്കാരനും അടക്കം വടക്ക് കിഴക്കൻ ഡൽഹിയിലെ നോർത്ത് ഗോണ്ടക്കടുത്തുള്ള സുബാഷ് മോഹല്ലയിലെ മുഴുവൻ താമസക്കാരും, ഡൽഹി ഭജൻപുര പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ തങ്ങളെ മർദ്ദിക്കുകയും ലൈംഗികമായി പീഠിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിക്കുകയും ചെയ്യുന്നു. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഇതേ സ്ഥലത്ത് ഷഹീൻ ഖാൻ, ഷാനോ എന്നീ ദമ്പതികൾ പതിനേഴുകാരിയായ മകൾക്കൊപ്പം, അയോധ്യാ ഭൂമി പൂജ നടക്കുന്ന ദിവസം സംഘപരിവാർ ഗുണ്ടകൾ മുസ്‌ലിംകൾക്കെതിരിൽ വംശീയ മുദ്രാവാക്യങ്ങൾ മുഴക്കുകയും അക്രമം അഴിച്ചു വിടുകയും ചെയ്തതിനെ തുടർന്ന് പരാതി കൊടുക്കാൻ വേണ്ടി ഭജൻപുര പോലീസ് സ്റ്റേഷനിൽ പോയിരുന്നു. ഈ സമയം പോലീസുകാർ സ്റ്റേഷനുള്ളിൽ വെച്ച് അവരെ മർദ്ദിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്യുകയാണുണ്ടായത്. പോലീസുകാർ തങ്ങളെ കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയതായും അവർ പറയുന്നു. പോലീസ് ഉദ്യോഗസ്ഥർ അതിനിന്ദ്യമായാണ് തങ്ങളോട് പെരുമാറിയതെന്നും അവർ തന്റെ അരക്കെട്ടിലും നെഞ്ചിലും പിടിച്ചെന്നും പെൺകുട്ടി പറഞ്ഞതായി ‘ദി കാരവാൻ’ മാഗസിൻ പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു.

കുറ്റകൃത്യങ്ങൾ തടയുന്നതിനും സുരക്ഷ ഉറപ്പുവരുത്താനും നിയോഗിക്കപ്പെട്ട പോലീസുദ്യോഗസ്ഥർ തന്നെ എങ്ങനെയാണ് കുറ്റവാളികളെ പോലെ പെരുമാറുന്നതെന്ന് മേൽപ്പഞ്ഞവ ഉൾപ്പെടെയുള്ള നിരവധി സംഭവങ്ങൾ വിവരിക്കുന്നു. വടക്ക് കിഴക്കൻ ഡൽഹിയിലെ മുസ്‌ലിം ഉന്മൂലനത്തിനിടെ മുസ്‌ലിം സ്ത്രീകൾക്കെതിരിൽ നടന്ന ഹീനമായ ലൈംഗികാതിക്രമത്തിന്റെയും കൊലപതാകങ്ങളുടെയും നിരവധി തെളിവുകളും ദൃക്സാക്ഷ്യങ്ങളുമാണ് ഇത്തരം റിപ്പോർട്ടുകളിലൂടെ പുറത്ത് വന്ന്‌ കൊണ്ടിരിക്കുന്നത്.

Credit: Two Circles

അതേസമയം പുരോഗമന ഫെമിനിസ്റ്റുകൾ എന്നവകാശപ്പെടുകയും മറ്റവസരങ്ങളിൽ ലിംഗ വിവേചനത്തിനെതിരെ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ നിരന്തരം പോസ്റ്റുകളിടുകയും ചെയ്യുന്ന സവർണ ഫെമിനിസ്റ്റുകൾ ഈ നീച അതിക്രങ്ങൾക്കെതിരിൽ നിർലജ്ജമായ മൗനവും നിസ്സംഗതയുമാണ് അവലംബിച്ചിരിക്കുന്നത്. വിരോധാഭാസമെന്തെന്നാൽ, ഇതേ ഫെമിനിസ്റ്റുകൾ മുസ്‌ലിം സ്ത്രീകളുടെ നേതൃത്വത്തിലുള്ള പോരാട്ടത്തെ ‘എല്ലാ സ്ത്രീകളുടെയും  പോരാട്ടമായി വിശേഷിപ്പിക്കുകയും ഒരു ഫെമിനിസ്റ്റ് വിപ്ലവ മുന്നേറ്റമായി അതിനെ പ്രഖ്യാപിക്കുകയും അവരെ മുസ്‌ലിം പുരുഷാധിപത്യത്തെ തകർത്തെറിഞ്ഞ് കൊണ്ട് പൊതുയിടങ്ങളിലേക്ക് ഇറങ്ങി വന്നവരായി വ്യാഖ്യാനിച്ചുകൊണ്ട് അഭിനന്ദിക്കുകയും ചെയ്തവരാണ് എന്നുള്ളതാണ്. മുൻപ് മുസ്‌ലിം സ്ത്രീകളുടെ രക്ഷകരായി അവതരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പടെയുള്ള ‘രക്ഷകർ’ ഇത്തരം നികൃഷ്ടമായ അതിക്രമങ്ങൾ നടന്നുകൊണ്ടിരിക്കുമ്പോഴും നിശബ്ദരായ വെറും കാഴ്ചക്കാർ മാത്രമായിരുന്നു. ഈ ക്രൂര കൃത്യങ്ങളിൽ ഇരയാക്കപ്പെട്ടവരെ സംബന്ധിച്ച് ഒരു എഫ്.ഐ.ആർ പോലും ഫയൽ ചെയ്തിട്ടില്ല എന്നതാണ് ഇതിലേറെ അന്യായമായ മറ്റൊരു വസ്തുത.

പ്രസ്തുത റിപ്പോർട്ടിന്റെ പ്രകാശന വേളയിൽ ആക്ടിവിസ്റ്റ് അരുണ റോയ് പറഞ്ഞ കാര്യം ശ്രദ്ധേയമാണ്: “സ്വതന്ത്രമായ വസ്തുതാന്വേഷണ ദൗത്യങ്ങൾ ഏറെ നിർണ്ണായകമാണ്. കാരണം, നിലവിലെ സാഹചര്യത്തിൽ ആർക്കും അന്വേഷണ ഏജൻസികളെ വിശ്വസിക്കാൻ കഴിയില്ല.”

(ഡൽഹി യൂണിവേഴ്സിറ്റി, ഹിന്ദു കോളേജിലെ ബിഎ സോഷ്യോളജി വിദ്യാർത്ഥിനിയാണ് ലേഖിക)


വിവർത്തനം: അംജദ് കരുനാഗപ്പള്ളി

നിദ പർവീൻ

ഡൽഹി യൂണിവേഴ്സിറ്റി, ഹിന്ദു കോളേജിലെ ബിഎ സോഷ്യോളജി വിദ്യാർത്ഥിനിയാണ് ലേഖിക