Campus Alive

ശഹീദ് സർമദും അബുൽ കലാം ആസാദും

(മുശീറുൽ ഹസൻ എഡിറ്റ് ചെയ്ത ‘Islam and Indian Nationalism: Reflections on Abul Kalam Azad’ എന്ന പുസ്തകത്തിൽ നിന്നും)


I

ചെറുപ്രായത്തിൽ തന്നെ മൗലാന അബുൽ കലാം ആസാദ്‌ സർമദ് എന്ന പ്രതിഭയെകുറിച്ചും അദ്ദേഹത്തിന്റെ വിധി നിയോഗത്തെ കുറിച്ചും ആശ്ചര്യപ്പെട്ടിരുന്നു. ആസാദ്‌ യുവാവായിരിക്കുമ്പോൾ തന്നെ അദ്ദേഹവുമായി ബന്ധമുണ്ടായിരുന്ന ഖ്വാജ ഹസൻ നിസാമി ഉറുദു മാസികയായിരുന്ന നിസാം-അൽ-മശാഇഖിഷാഹിദ് നമ്പാർ എന്ന പ്രത്യേക പംക്തി തയ്യാറാക്കുമ്പോൾ അതിലേക്ക് സർമദിനെ കുറിച്ച് ഒരു ലേഖനം എഴുതാൻ ആവശ്യപ്പെടുകയുണ്ടായി. ആസാദിന് സർമദിനോടുള്ള ഭ്രമം അറിഞ്ഞതുകൊണ്ടുതന്നെയാണ് അങ്ങനെ ചെയ്യാൻ ആവശ്യപ്പെട്ടത്. ആസാദ്‌   ലേഖനം ക്രോഡീകരിക്കുകയും 1910 ജൂലൈ 9 നു പൂർത്തീകരിച്ചു ഖ്വാജ സാഹിബിനു അയക്കുകയും ചെയ്തു.

അൽ-ഹിലാൽ തുടങ്ങുന്നതിനു ഏകദേശം 2 വര്‍ഷം മുൻപായിരുന്നു ലേഖനം എഴുതിയത് (12 ജൂലൈ, 1912). യഥാർത്ഥത്തിൽ, ആസാദിന്റെ അൽ-ഹിലാലിലും 1916-1918 കാലഘട്ടത്തിൽ രചിച്ച തസ്കിറയിലും പ്രതിഫലിച്ച   ആദ്യത്തേതോ, ചുരുങ്ങിയത് ശ്രദ്ധേയമായ ആദ്യത്തേതോ ആയ രചനാ ശൈലിയുടെ ഉദാഹരണമായിരുന്നു അത്. പക്ഷെ, അതിനേക്കാൾ പ്രധാനമായി ‘അന്വേഷണത്തിന്റെയും’ ഒരുപക്ഷെ അന്ധകാരത്തിന്റെയും വിഷാദത്തിന്റെയും സുദീർഘമായ കാലഘട്ടത്തിനു ശേഷം അദ്ദേഹം കണ്ടെത്തിയ ഇസ്‌ലാമിക ദൃഢവിശ്വാസത്തിൽ ഊന്നികൊണ്ടുള്ള മൗലികമായ സദാചാര-മത മൂല്യങ്ങൾ ഈ രചന പ്രതിഫലിപ്പിക്കുന്നുണ്ട്. പിതാവിന്റെ മരണം നടന്ന ഓഗസ്റ്റ് 1908 മുതൽ 1909 അവസാനം വരെ ഉൾപ്പെടുന്ന ഡൗഗ്ലസ് (Douglas) സൂക്ഷ്മനിരീക്ഷണം നടത്തുന്ന ആസാദിന്റെ ജീവിതത്തിലെ 1908-1910 കാലഘട്ടത്തെ കുറിച്ചാണ് നാം സംസാരിക്കുന്നത്.

തസ്‌കിറയിലെ അവസാന ഭാഗത്തെ ഒരു ഖണ്ഡികയിലുള്ള അബ്ദുൽ റസാഖ് മാലിഹാബാദിയുമായി നടത്തിയ സംഭാഷണത്തിൽ നിന്നും നമുക്ക്‌ മനസ്സിലാകുന്നത് ആസാദിന്റെ മതജീവിത്തിലെ ഈ പ്രതിസന്ധികാലം ഒരു പ്രണയബന്ധവുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്ന വസ്തുതയാണ്. ജീവിതത്തിലുടനീളം അതിന്റെ അനുരണനം ഉണ്ടായെങ്കിലും തസ്‌കിറയിൽ  വളരെ കാവ്യാത്മകമായ ഒരു ചെറു വിവരണം മാത്രമാണുള്ളത്.

അബുൽ കലാം ആസാദ്

ദൈവിക പ്രണയത്തെ കുറിച്ചുള്ള കാവ്യോചിതമായ സൂഫീ ഭാവനയെ ഉപയോഗപ്പെടുത്തികൊണ്ട്, ആസാദ് വളരെ ഭൗതികമായ പ്രണയമായും ധാര്‍മ്മികച്യുതിയായും ആണ് ആ അനുഭവത്തെ കാണുന്നത്. ‘ഒരു വർഷവും അഞ്ച് മാസവും’ കൊണ്ട് ‘ഒരു മുക്കോ മൂലയോ വിടാതെ’ അദ്ദേഹം എല്ലാം അനുഭവിച്ചു. പൂർണമായി ആ അദ്ധ്യായം അല്ലെങ്കിൽ ആ കാലഘട്ടം പരാജയത്തിലും വിഷാദത്തിലും ആണ് അവസാനിച്ചതെങ്കിലും ആസാദ് അതിനെ നോക്കിക്കാണുന്നത്, തസ്കിറയിൽ വിവരിക്കുന്നതുപോലെ, അത് അദ്ദേഹത്തെ വിജയത്തിലേക്കും നേട്ടത്തിലേക്കും നയിച്ചു എന്നാണ്.

‘വിജയവും നേട്ടവും’ ഏത് അർത്ഥത്തിൽ? അത്കൊണ്ട് അർത്ഥം വെക്കുന്നത് ആസാദിന്റെ ദൈവത്തിലേക്കുള്ള തിരിച്ചുപോക്ക് എന്നാണ്. അത് വ്യക്തിപരമായ മതാനുഭവത്തിലൂടെ വിശ്വാസത്തിന്റെ സംസ്ഥാപനത്തിലേക്ക് അദ്ദേഹത്തെ നയിച്ചു. തസ്കിറയിൽ ആസാദ് ഈ അനുഭവത്തെ മിസ്റ്റിക്കൽ ആയാണ് വിശദീകരിക്കുന്നത്. ഡൗഗ്ലസ് വിവരിക്കുന്നതുപോലെ; “1909 ന്റെ അവസാനത്തിൽ ആസാദിന് സംഭവിച്ചതെന്തെന്നാൽ തീർത്തും വാസ്തവമായ ഒരു മതാനുഭവമായിരുന്നുവെന്ന് ഒരാൾക്ക് സംഗ്രഹിക്കേണ്ടി വരും. അതാവട്ടെ കഴിഞ്ഞ ഒരുപാട് വർഷങ്ങളുടെ തയ്യാറെടുപ്പിന്റെ പര്യവസാനമാണുതാനും. ഈയൊരു അനുഭവമാണ് അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്ന രാഷ്ട്രീയ പദ്ധതികൾ നടപ്പിലാക്കാനുള്ള ആത്മീയ ഊർജം നൽകിയത്”. ശഹീദായ സർമദിനെ കുറിച്ചുള്ള ലേഖനം പരോക്ഷമായി ആസാദിന്റെ ഈ അനുഭവത്തെ കുറിച്ചും അദ്ദേഹം അതിൽ നിന്നും ഉൾക്കൊണ്ട ‘പാഠത്തെ’ കുറിച്ചും ഒരുപാട് പറയുന്നുണ്ട്. വിശിഷ്യാ ദൈവിക പ്രണയത്തിന്റെയും മാനുഷിക പ്രണയത്തിന്റെയും സ്വഭാവ  സവിശേഷതകളെ കുറിച്ച്.

 

II

‘ദൈവിക-മാനുഷിക പ്രണയത്തെ കുറിച്ചുള്ള സർമദിന്റെ അനുഭവങ്ങൾ’ എന്ന ലേഖനത്തിന്റെ കേന്ദ്ര ബിന്ദുവിലേക്കു വരുന്നതിനു മുൻപ് ആസാദ് വിവരിക്കുന്നത് സർമദിന്റെ അർമേനിയൻ ജൂത പശ്ചാത്തലത്തെക്കുറിച്ചും അദ്ദേഹത്തിന്റെ ആദ്യകാല ഇസ്‌ലാമിലേക്കുള്ള പരിവർത്തനത്തെ കുറിച്ചുമാണ്. അതിനു ശേഷം ഇസ്‌ലാമിന്റെ സർവ്വലൗകികത എന്ന  വിഷയത്തിലേക്ക് ആഴ്ന്നിറങ്ങുന്നു: “ദൈവിക മഹിമയാകുന്ന സമുദ്രത്തിന്റെ (ഇസ്‌ലാമിന്റെ) തിരകൾ ഉയർന്നുപൊങ്ങിയപ്പോൾ, അത് വരെ ഉണ്ടായിരുന്ന വംശം, ദേശം, രക്തം തുടങ്ങിയവയിൽ കെട്ടിപ്പൊക്കിയ വേർതിരിവുകളെ അത് മായ്ച്ചു കളഞ്ഞു. അതിനു ശേഷം, അത് പൂർണതോതിൽ വിരിഞ്ഞപ്പോൾ, സ്വതന്ത്രരായ ഖുറൈശികളും ദരിദ്രരായ എത്യോപ്യരും മക്കയും മദീനയും പേർഷ്യക്കാരും ഫ്രഞ്ച്കാരും, ഗസ്സനിദുകളും അറേബ്യയിലെ നാടോടികളും, ഉയർന്നവരും താഴ്ന്നവരും, എല്ലാവരിലും ഒരുപോലെ ഇസ്‌ലാം അതിന്റെ കാരുണ്യം ചൊരിഞ്ഞു. ഈ കനിയുടെ നിറഞ്ഞൊഴുകുന്ന കാരുണ്യം, ഇസ്‌ലാമിന്റെ ഉത്ഭവകേന്ദ്രത്തിൽ ഉണ്ടായിരുന്നവരായിട്ടു പോലും, അറബികൾ തങ്ങൾക്കു മാത്രമായി പരിമിതപ്പെടുത്തുകയോ സവിശേഷമാക്കുകയോ ചെയ്തില്ല”.

കഴിഞ്ഞു പോയ നൂറ്റാണ്ടുകളിലെ മുസ്‌ലിംകൾ ഇസ്‌ലാമികശാസ്ത്രത്തിനു വേണ്ടിയും ഇസ്‌ലാമിക്ക് മിസ്റ്റിസിസത്തിനു വേണ്ടിയും അനുഭവിച്ച ത്യാഗങ്ങളെ നന്ദിപൂർവം ആസാദ് സ്മരിക്കുന്നുണ്ട്. ഇസ്‌ലാമിന്റെ ഈ സാർവ്വലൗകിക സ്വഭാവത്തെ, എല്ലാമനുഷ്യരെയും അവന്റെ പിൽക്കാല ജീവിതത്തെയോ പശ്ചാത്തലത്തെയോ ഗൗനിക്കാതെ സ്വീകരിക്കാൻ ഉള്ള ഇസ്‌ലാം ഉയർത്തിപ്പിടിക്കുന്ന കഴിവിനെ, ദൈവത്തിന്റെ പരമമായ സ്വഭാവഗുണത്തിൽ ആണ് അദ്ദേഹം കാണുന്നത്: “എവിടെയാണ് ദൈവിക മഹാമനസ്കത മേഘവർഷം ചൊരിയാതിരുന്നത്‌? ദൈവത്തിന്റെ സ്നേഹം പോലെ, ഇസ്‌ലാമിന്റെ അപരിമിതമായ കനിവ് വംശപരമ്പരക്കും ദേശീയതക്കും നിറത്തിനും കുടുംബമഹിമക്കും അതീതമായ സാർവ്വലൗകിക മാനം ഉള്ളതാണ്. സ്വർണകിരീടങ്ങളും പട്ടുവസ്ത്രങ്ങളുമല്ല,  മുഹർറത്തിന്റെ മൺപാത്രങ്ങൾ (സബീൽ) ആണ് വിശ്വാസിയുടെ ദാഹം ശമിപ്പിക്കുക. അതുപോലെ തന്നെ, പ്രണയാർദ്രരായവർക്ക് നിറഞ്ഞൊഴുകുന്ന ദൈവിക കടാക്ഷത്തിൽ നിന്ന് മാത്രമേ ശമനം ലഭിക്കുകയുള്ളു. അതിന്റെ മുൻപിലാവട്ടെ, വംശപരമ്പരയ്ക്കോ ദേശീയതക്കോ വർണത്തിനോ കുലത്തിനോ ഒരു പ്രാധാന്യവുമില്ല”.

ആസാദിന്റെ മാനവരാശിയുടെ ഒരുമയെ കുറിച്ചും (ഇൻസാനി വഹ്ദത്) മതങ്ങളുടെ ഒരുമയെ കുറിച്ചുമുള്ള പ്രസ്താവനകളെ ഇവിടെ സൂചിപ്പിച്ച കാഴ്ചപ്പാടുമായി കൂട്ടിച്ചേർത്തു കൊണ്ട് അതിന്റെ ഒരു വികസനമായി കാണുന്നത് പെരുപ്പിച്ചു കാട്ടൽ ആവുമോ?  ആസാദിന്റെ ഫാത്തിഹ സൂറത്തിന്റെ വ്യാഖ്യാനത്തിലെ പ്രസിദ്ധമായ ഖണ്ഡിക ആണ് ഇപ്പോൾ ഓർമ്മ വരുന്നത്. അവിടെ അദ്ദേഹം മാനവരാശിയുടെയും സർവ്വപ്രപഞ്ചത്തിന്റെയും, ചേതനവും അചേതനവുമായ എല്ലാ സൃഷ്ടികളുടെയും മാറിമാറി വരുന്ന സാഹചര്യങ്ങളെയും ആവശ്യങ്ങളെയും എപ്രകാരമാണ് ദൈവം സസൂക്ഷ്മം കൈകാര്യം ചെയ്യുന്നതെന്നും, ഒരുമക്ക് ഊന്നൽ എങ്ങനെയാണ് കൊടുക്കുന്നതെന്നും അടിവരയിട്ടു പറയുന്നു: “ദൈവത്തെ റബ്ബുൽ ആലമീനായി അഥവാ എല്ലാ സൃഷ്ടികളുടെയും  റബ്ബായി കാണുക എന്നതിന്റെ അർത്ഥം ദൈവത്തെ കേവലം സൃഷ്ടികർത്താവായി മാത്രം മനസ്സിലാക്കുക എന്നല്ല, അതോടൊപ്പം സൃഷ്ടികളുടെ പരിപാലകനും ആയിക്കൂടി മനസ്സിലാക്കുക എന്നാണ്. അതിശയകരമാംവണ്ണം ഓരോന്നിന്റെ പ്രകൃതത്തിനും അനുസരിച്ച്, അതേസമയം, മാറിവരുന്ന ഓരോ സാഹചര്യങ്ങളെയും ആവശ്യകതയെയും പരിഗണിച്ചുകൊണ്ട് എല്ലാത്തിന്റെയും വളർച്ചയും പരിപാലനവും കൃത്യമായ പദ്ധതിയിലൂടെയാണ് അവൻ നിർവഹിച്ചിരിക്കുന്നത്”.

 

III

സിന്ധിൽ എത്തിയ ശേഷം സർമദ് ഒരു ഹിന്ദു ബാലനുമായി പ്രണയത്തിലാവുകയുണ്ടായി. ‘തട്ട’ എന്ന സ്ഥലത്തു വെച്ചാണ് അത് സംഭവിച്ചത്. സൗന്ദര്യത്തിന്റെ മൂർത്തീഭാവമായ ലൈല ആദ്യമായി തന്റെ മൂടുപടം അഴിച്ച് ദൈവിക പ്രണയത്തിന്റെ സാക്ഷാത്കാരം പുൽകിയ വിശുദ്ധ സീന പർവതം എന്നാണ് ആസാദ് ആ സ്ഥലത്തെ വിശേഷിപ്പിക്കുന്നത്. തസ്കിറയിൽ ഒരിടത്ത് കൃത്യമായി ലൗകിക പ്രണയത്തെയും ദൈവിക പ്രണയത്തെയും ആസാദ് വേർതിരിക്കുന്നുണ്ട്. കേവലം ഭൗതികമായ, കലർപ്പുള്ള, ഇടുങ്ങിയ സ്വഭാവമുള്ള ഉല്ലാസത്തിന്റെ വളഞ്ഞുപുളഞ്ഞ വഴിയാണ് ലൗകിക പ്രണയമെങ്കിൽ, സർവ്വചരാചരങ്ങളെയും പുൽകുന്ന ‘പരമമായ’ യാഥാർഥ്യമാണ് ദൈവിക പ്രണയം എന്നത്. രണ്ടും തമ്മിലുള്ള സാമ്യതയെ കുറിച്ചും തസ്‌കിറ പറയുന്നുണ്ട്; രണ്ടും പരസ്പരം ബന്ധപ്പെട്ടു കിടക്കുകയും മറ്റുള്ളവയിൽനിന്നും വേർപെട്ടുനിൽക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ദൈവിക പ്രണയത്തിലേക്ക് എത്തിചേരാനുള്ള ഏറ്റവും എളുപ്പ വഴി ലൗകിക പ്രണയം തന്നെയാണ്.

തസ്കിറ

പക്ഷേ,  അടുത്ത ഘട്ടത്തിലേക്ക് കടക്കുക എന്നത് വളരെ പ്രധാനമാണ്. എന്തെന്നാൽ, ‘നീങ്ങാതെ അവിടെതന്നെ തങ്ങുക എന്നത് വിഗ്രഹമാവുകയും യാത്രക്കാരൻ വിഗ്രഹാരാധകൻ ആവുക എന്നതിനും തുല്യമാണ്’. ലൗകിക പ്രണയമാവട്ടെ,  യാഥാസ്ഥിക വിശ്വാസമാവട്ടെ, സൂഫീ പാതയാവട്ടെ – യാത്രക്കാരൻ യാത്ര തുടരാതിരുന്നാൽ ഏകത്വത്തിലേക്ക്, യാഥാർഥ്യത്തിലേക്ക്, സത്യത്തിലേക്ക്, സൗന്ദര്യത്തിലേക്ക് എത്താൻ ഇവയെല്ലാം തടസ്സമായേക്കാം. സർമദ് ഒരു കച്ചവടക്കാരനായിരുന്നു എന്ന കാര്യം വളരെ പ്രാധാന്യത്തോടെ ആസാദ് ഇവിടെ എടുത്തു പറയുന്നു; ‘അദ്ദേഹം ഇറാനിയൻ വസ്തുക്കൾ വിൽക്കുകയും ലോകം മുഴുവൻ അസൂയയോടെ കണ്ടിരുന്ന ഇന്ത്യൻ ഉൽപന്നങ്ങൾ വാങ്ങിക്കുകയും ചെയ്തിരുന്നു. ഭൗതിക ഉൽപന്നങ്ങളുടെ കച്ചവടം കൂടുതൽ അഗാധമായ ആദ്ധ്യാത്മികമായ കച്ചവട ബന്ധത്തിലേക്ക് വിരൽ ചൂണ്ടുന്നു.

“ജീവിതാവസാനം വരെയും അദ്ദേഹത്തിന് കച്ചവടം ചെയ്യണം. പക്ഷെ, സൗന്ദര്യത്തിന്റെയും പ്രണയത്തിന്റെയും അങ്ങാടിയിൽ ആണെന്ന് മാത്രം. അവിടെ സ്വർണ്ണനാണയങ്ങൾക്കും വെള്ളി നാണയങ്ങൾക്കും പകരം ആയിരംവട്ടം നുറുങ്ങിയ ഹൃദയത്തിന്റെയും മുറിവേറ്റ കരളിന്റെയും നാണയമാണ് വ്യാപരം നടത്തുക. അവിടെ, ക്ഷമയും കാത്തിരിപ്പും ബുദ്ധിയും വിധിന്യായവും കച്ചവടം ചെയ്യുമ്പോൾ നിങ്ങൾക്ക് തിരികെ ലഭിക്കുക വെറുമൊരു നോക്ക് കാണാനുള്ള അവസരമോ ഒരു നെറ്റിചുളിക്കലോ സ്നേഹിതന്റെ മുഖത്തേക്കുള്ള അശ്രദ്ധമായ നോട്ടമോ ആയിരിക്കാം. വളരെ വിലപിടിപ്പുള്ള സാധനങ്ങൾ തീർത്തും സൗജന്യമായിട്ടാണ് നിങ്ങൾ അവിടെ നൽകുക”. പക്ഷെ, കച്ചവടക്കാരൻ ധൈര്യവും സഹനതയും കൈവിടാതെ മുന്നോട്ടു പോവും. എന്തെന്നാൽ, ആത്യന്തികമായി അവസാന ഇടപാട് സ്വന്തം ജീവനിൽ കുറഞ്ഞ മറ്റൊന്നും അല്ലെന്ന് ബോധ്യമാണ്. മറ്റൊരു അർത്ഥത്തിൽ അയാൾ സ്വജീവനു പകരമായി നടത്തുന്ന ഇടപാട് രക്തസാക്ഷിത്വമാണ്.

തട്ടയിൽ വെച്ച് നടക്കുന്ന ഈ ‘പ്രണയത്തിന്റെ കച്ചവടത്തിലേക്കുള്ള’ പ്രവേശനം ‘മരുഭൂമിയുടെ മണലാരണ്യത്തിൽ അലയുന്നതിലേക്കുള്ള’ ആദ്യപടി മാത്രമാണ്. ആസാദ് കൂട്ടിച്ചർക്കുന്നു; “ഇത് സർമദിന് മാത്രം സംഭവിക്കുന്ന ഒന്നല്ല. യാഥാർഥ്യത്തിലേക്കും സത്യത്തിലേക്കുമുള്ള ആദ്യ പടി ആണ് പ്രണയം എപ്പോഴും. പ്രണയത്തിലേക്ക് പ്രവേശിക്കുമ്പോൾ യുക്തിക്കും ബോധത്തിനും സ്ഥാനം ഇല്ലാതാവുന്നു. ഭ്രാന്തമായി പ്രണയിക്കുന്നവർ പൊതുവെ യുക്തിരഹിതരും ചുമതലകളിൽ നിന്ന് ഒഴിഞ്ഞു പോവുകയും ചെയ്യുന്നവർ ആവും. സർമദ് തന്റെ സമ്പാദ്യങ്ങളും കച്ചവട ഉൽപന്നങ്ങളും നശിച്ചു പോവുമാറ് പ്രണയത്തിലേക്ക് ഇഴുകിച്ചേരുന്നുണ്ട്”.

ഈ ഖണ്ഡിക തസ്കിറയിലും തർജുമാനുൽ ഖുർആനിലും വിശദീകരിക്കും വിധം അവതീർണ ദൈവിക വചനം (നഖ്ൽ) യുക്തിക്ക് (അഖ്‌ൽ) ഉത്തരം പറയേണ്ടതാണ് എന്ന ആധുനികവാദത്തെ ശക്തിയുക്തം ആസാദ് നിരാകരിക്കുന്നുണ്ട് എന്നതിലേക്ക് വെളിച്ചം വീശുന്നുണ്ട്.

“മതപരമായ വിജ്ഞാനത്തിന് ചിന്തയെയും പാരമ്പര്യത്തെയും അളക്കാൻ അതിന്റേതായ അളവുകോലുകളുണ്ട്. നിങ്ങൾ ‘ഉലമാക്കൾ ആധുനിക കാര്യങ്ങളിൽ വേണ്ടരീതിയിൽ ശ്രദ്ധ ചെലുത്തുന്നില്ല’ എന്ന് പരാതി പറയാറുണ്ട്. പക്ഷെ നിങ്ങൾ മുന്നിൽ വെക്കുന്നത് ‘അവതീർണവും യുക്തിപരവുമായ കാര്യങ്ങൾ തമ്മിൽ അന്യോന്യമുള്ള സ്ഥിരീകരണം’ എന്ന് നിങ്ങൾ പറയുന്ന കത്രികയാണ്. അത്കൊണ്ട് നിങ്ങൾ അലസമായി വെട്ടിമുറിക്കുകയും ചെയ്യുന്നു”.

മേല്പറഞ്ഞ അൽ-ഹിലാലിലെ ലേഖനത്തിലെ ഭാഗവും സർമദിനെ കുറിച്ചുള്ള ലേഖനവും കൂട്ടിവായിക്കുമ്പോൾ സലഫിയ്യ ധാരയിൽ ഉള്ള, ജീവിത്തിലുടനീളം പുലർത്തിയ ആസാദിന്റെ താല്പര്യത്തിനുള്ള കാരണം മനസ്സിലാവും. മുഅ്തസിലിയ്യ യുക്തിവാദത്തിനു എതിരായി ഇമാം ഇബ്ൻ ഹമ്പലിനെ പിൻപറ്റി, അവതീർണമായതിൽ പരിപൂർണമായി വിശ്വസിക്കുക എന്നതാണ് സലഫിയ്യ ധാര.

ഖുർആൻ നമ്മോടു പറയുന്നത് ആഴത്തിൽ ചിന്തിക്കാനാണ്. സത്യം അന്വേഷിക്കാൻ മനുഷ്യന് ദൈവികമായി ലഭിച്ച ധിഷണയെയും ഉൾകാഴ്ച്ചയെയും ഉപയോഗപ്പെടുത്തേണ്ടതും മുൻകാല മതങ്ങളെ അപേക്ഷിച്ച് ഖുർആൻ “വിവേകപൂർണമായ ആശയഗ്രഹണത്തിന്” പ്രാധാന്യം നൽകുകയും ചെയ്യുന്നു എന്ന തർജുമാനുൽ ഖുർആനിലെ വിവരണം ആസാദിന്റെ ആദ്യകാല നിലപാടിന് യഥാർത്ഥത്തിൽ കടകവിരുദ്ധമല്ല.

യുക്തി എന്നത് കൊണ്ട് അദ്ദേഹം പറയുന്നത് ‘ഖുർആൻ സൈദ്ധാന്തിക വാദങ്ങൾ കൊണ്ട് ധൈഷണിക സംഗതികൾ പറയുന്നു’ എന്നല്ല. മറിച്ച്, അദ്ദേഹത്തിന്റെ ഊന്നൽ ഖുർആൻ മനുഷ്യന്റെ ഏറ്റവും ആഴത്തിലുള്ള വികാരങ്ങളോട്, സംവദിക്കുന്നു എന്നതിലാണ്. ആ സംവേദനം ആവട്ടെ ദൈവിക സ്വഭാവത്തിന്റെയും കാരുണ്യത്തിന്റെയും രീതിയാണ്, മറ്റൊരർത്ഥത്തിൽ ദൈവിക പ്രണയം തന്നെയാണത്. ദൈവിക ഏകത്വത്തിന്റെയും അവതരണത്തിന്റെയും പാരത്രിക ജീവിതത്തിന്റെയും ഖുർആനിക വാദങ്ങൾ നിരത്തിയ ശേഷം ആസാദ് പറയുന്നത് ഇവയൊന്നും യുക്തിപരമായ വാദമുഖങ്ങളോ വാദപ്രതിവാദങ്ങളോ ആവശ്യമായ സംഗതികളല്ല എന്നാണ്. മറിച്ച്, ഖുർആൻ നേരിട്ട് നമ്മളെ അഭിസംബോധന ചെയ്തു കൊണ്ടാണ് നമ്മെ ഇക്കാര്യങ്ങൾ ഉണർത്തുന്നത്.

ഇമാം ഇബ്നു ഹമ്പലിന്റെയും ഇബ്നു തൈമിയ്യഃയുടെയും വഴിയേ ആസാദ് ദൈവശാസ്ത്രപരമായ യുക്തിവാദത്തെയും ചിന്തയിലും പ്രവർത്തനത്തിലുമുള്ള അമിതമായ സൂഫീ സ്വാധീനത്തെയും എതിർത്തിരുന്നു. അതേസമയം,  സൂഫിസത്തിന്റെ ധാർമികവും മതപരവുമായ തലത്തോടൊപ്പം ദൈവിക നിയമത്തിനും അവതീർണമായ ദൈവിക വചനത്തിനും തത്തുല്യമായ പ്രാധാന്യം കല്പിച്ചിരുന്നു.

ലേഖനത്തിൽ ആസാദ് പിന്നീട സർമദിന്റെ ‘മരുഭൂമിയിലൂടെയുള്ള അലച്ചിൽ’ കാലഘട്ടത്തെ മജ്‌നൂനുമായി താരതമ്യപ്പെടുത്തുകയാണ്. ആസാദ് ചോദിക്കുന്നു; “അടിസ്ഥാനപരമായി പ്രണയത്തിന്റെ പരമമായ വിചാരണക്ക് വേണ്ടി ഒരിടത്ത് കാത്തിരിക്കുന്നതിനു പകരം എന്തിനാണ് അദ്ദേഹം മരുഭൂമിയിലൂടെ അലയുന്നത്?” പക്ഷേ, മരുഭൂമിയിലൂടെയുള്ള അലച്ചില് കൂടി പ്രണയത്തിന്റെ നിയമത്തിന്റെ ഭാഗമാണ് എന്നദ്ദേഹം തന്നെ ഉറപ്പിച്ചു പറയുന്നു. അതുകൊണ്ടുതന്നെ, തസ്‌കിറയിൽ അസ്സംശയം ആസാദ് പറയുന്നു; ‘എങ്ങോട്ടെന്നില്ലാതെ അലയുന്ന സാർഥവാഹക സംഘത്തിന്റെ ഭാഗമാണ് താനും’ എന്ന്.

 

IV

പ്രണയത്തിന്റെ അവസാന ഘട്ടം എന്നത് ദുരിതം അല്ലെങ്കിൽ സഹനം ആണ്. സർമദ് ഈ ഘട്ടത്തിലേക്ക് പ്രവേശിച്ചത് ദാരാ ശിഖോഹിയുമായുള്ള (Dara Shikoh) സംസർഗ്ഗത്തിലൂടെയാണ്. ഷാജഹാന്റെ അവസാന കാലത്തെ കിരീടാവകാശികളിൽ ഒരാളായിരുന്നു അദ്ദേഹം. ദാരാ ശിഖോഹ് സർമദിൽ അനുരക്തനായിരുന്നു. രാഷ്ട്രീയ സങ്കീർണ്ണതകളിൽ പെട്ട് ശിഖോഹിയുടെ ഈ മുഖം അത്രമേൽ ആർക്കും പരിചിതമായിരുന്നില്ല.

ആസാദിനെ സംബന്ധിച്ചിടത്തോളം ആദ്ധ്യാത്മിക പ്രകൃതവും അഭിരുചിയുമുള്ള, സുവ്യക്തമായ മിസ്റ്റിക്കൽ അനുഭവം രുചിച്ചറിഞ്ഞ ‘യഥാർത്ഥ മതത്തിന്റെ’ പ്രതിരൂപമായിരുന്നു ദാരാ ശിഖോഹ്. ആലംഗീർ അഥവാ ഔറംഗസേബ് ‘നിയമത്തിനും’ ‘പ്രകടനപരമായ പ്രാർഥനക്കും’ ‘സമചിത്തതക്കും’ ‘യുക്തിക്കും’ ‘വിശ്വാസവും അവിശ്വാസവും തമ്മിലുള്ള വാദപ്രതിവാദങ്ങൾക്കും’ ‘കർക്കശസ്വഭാവത്തിനും’ ‘ഹിംസക്കും രക്തം ചിന്തുന്നതിനും’ വേണ്ടി ആണ് നിലകൊണ്ടതെങ്കിൽ ദാരാ ശിഖോഹിയുടെ പ്രകൃതം എന്നത് ‘പ്രണയത്തിന്റെ ഭ്രാന്തും’ ‘യുക്തിരഹിതനും’ ‘സീനയുടെ പ്രണയവാലയത്തിൽ പെട്ടുപോയവനും’ ‘ആത്മത്യാഗത്തിന്റെ’ പ്രതിരൂപവുമായിരുന്നു.

വിചിത്രമെന്നു പറയട്ടെ, ആലംഗീറിന്റെ കോടതിയിൽ ഹാജരാക്കിയ സർമദിന് സമാനമായിരുന്നു കലാപം നടത്തി എന്നാരോപിച്ചു ബ്രിട്ടീഷ് കോടതി നടത്തിയ ആസാദിന് എതിരെയുള്ള വിചാരണ. അവിടെ അദ്ദേഹം നടത്തിയ പ്രസിദ്ധമായ ഖൗൽ-എ-ഫൈസൽ എന്ന പ്രസംഗത്തിൽ പറയുന്നു: “ബ്രിട്ടീഷ് ഭരണകൂടം ഒരു കാര്യം മനസ്സിലാക്കണം; ഏറ്റവും ക്ലേശകരമായ അവസ്ഥയിൽ മരണത്തെ അഭിമുഖീകരിക്കേണ്ടി വന്നാലും സത്യത്തിനു വേണ്ടി നിലകൊള്ളുക എന്നത് ഒരു മുസ്‌ലിമിന്റെ ബാധ്യതയാണ്. ഒരു മുസ്‌ലിമിന്റെ സ്വതന്ത്രമായി തെറ്റും ശെരിയും ഏതെന്ന് പറയാൻ ഉള്ള ആവിഷ്കാര സ്വാതന്ത്ര്യത്തെ ഹനിച്ചുകൊണ്ട് അവനോട്/അവളോട് മിണ്ടാതിരിക്കാൻ പറയുകയും സ്വേച്ഛാധിപതിയെ സ്വേച്ഛാധിപതി എന്നോ ക്രൂരനായ ഭരണാധികാരി എന്നോ വിളിക്കാതിരിക്കാൻ പറയുകയും ചെയ്യുകയാണ് ഇപ്പോൾ ചെയ്യുന്നത്. പക്ഷെ ഞാൻ ഒരു കാര്യം പറയട്ടെ, പുതിയൊരു വിചാരണ ആരംഭിക്കുകയും ദൈവിക നിയമം പ്രാബല്യത്തിൽ വരുവാനും അധികം സമയം എടുക്കില്ല. കാലം അതാവശ്യപ്പെടുന്നു. അവിടെ നിന്നും വരുന്ന വിധിപ്രസ്താവ്യം നീതിയുക്തവും ഒഴിച്ച് കൂടാനാവാത്തതും ആയിരിക്കും”.

ആലംഗീറിന്റെ കയ്യാൽ സർമദ് രക്തസാക്ഷിയാകുന്നതിനെ വിവരിച്ചു കൊണ്ട് ആസാദ് താൻ ഇസ്‌ലാമിക ചരിത്രത്തിൽ നിന്നും ഉൾക്കൊണ്ട പാഠം നമ്മെ ഉദ്ബോധിപ്പിക്കുന്നു: “ഇസ്‌ലാമിക ചരിത്രത്തിലെ പതിമൂന്നു നൂറ്റാണ്ടുകളിലും ന്യായാധിപന്റെ പേന ആയിരകണക്കിന് സത്യസന്ധരായിട്ടുള്ള വ്യക്തികളുടെ ചോര ചിന്താൻ കാരണമായിട്ടുണ്ട്. ഏതുവശത്തു നിന്ന് നോക്കിയാലും മുഫ്തിയുടെ പേനയും പട്ടാളജനറലിന്റെ വാളും ഒരേ കർമമാണ് നിർവഹിച്ചിട്ടുള്ളത്. സൂഫികൾക്കും മഹാന്മാർക്കും മാത്രമായിരുന്നില്ല ഈ വിധി, മറിച്ച് സത്യത്തിന്റെയും യാഥാർത്ഥ്യത്തിന്റെയും അടുത്തെത്തിയ മഹാത്മാക്കളോട് ചേർന്നുനിന്ന ഉലമാക്കൾക്കും ഇത് തന്നെയാണ് സംഭവിച്ചത്. സർമദും ഇതേ വാളിന് ഇരയാവുകയാണുണ്ടായത്”.

 

V

തർജുമാനുൽ ഖുർആനിലെ അധ്യാപനപ്രകാരം ദാരാ ശിഖോഹിയിലും സർമദിലും അദ്ദേഹം കാണുന്നത് മറ്റു മതങ്ങളും ഇസ്‌ലാമും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള വ്യതിരിക്തമായ കാഴ്ചപ്പാടാണ്. ആസാദ് കുറിക്കുന്നു; ദാരാ ശിഖോഹ് ലക്ഷ്യത്തിലേക്കുള്ള പാതയിൽ പള്ളിയും ക്ഷേത്രവും തമ്മിലുള്ള വ്യത്യാസം തള്ളിക്കളഞ്ഞിരുന്നു. ആദരസൂചകമായി മുസ്‌ലിം സന്ന്യാസിമാരുടെ മുൻപിൽ തല കുനിച്ച അദ്ദേഹം ഹിന്ദു ദർവീശുമാരുടെ മുൻപിലും അത് ചെയ്തിരുന്നു. യഥാർത്ഥമായ മിസ്റ്റിക്കൽ അനുഭവമുള്ള ആരാണ് ഈ തത്വത്തെ നിരാകരിക്കുക? ഈയൊരു തലത്തിലും നമ്മൾ അവിശ്വാസവും ഇസ്‌ലാമും തമ്മിൽ വേർതിരിക്കാൻ നിന്നാൽ അന്ധകാരവും വെളിച്ചവും തമ്മിൽ എന്ത് വ്യത്യാസമാണ് ഉണ്ടാവുക? ആത്യന്തികമായി, നിശാശലഭം മെഴുകുതിരിയെ ആണ് തിരയേണ്ടത്. ശലഭം കേവലം മക്കയുടെ പ്രഭാവലയത്തിൽ മാത്രം  അഭിരമിച്ചു കൊണ്ട് എരിഞ്ഞുതീരുക എന്നത് അപൂർണമായ പ്രക്രിയ ആണ്”.

ശഹാദത്തിന്റെ ലാ ഇലാഹ ഇല്ലല്ലാഹ് ചൊല്ലാതിരുന്നതുകൊണ്ടാണ് സർമദ് വധശിക്ഷക്ക് വിധിക്കപ്പെട്ടത്. ‘ഇനിയും താൻ സത്യപ്രമാണം ഉറപ്പിച്ചു പറയുന്നതിലേക്ക് എത്തിയിട്ടില്ല’ എന്ന വാദമായിരുന്നു അദ്ദേഹത്തിന്. സർമദിന് യഥാർത്ഥമായ സാക്ഷ്യപ്പെടുത്തൽ എന്നത് സത്യത്തിലേക്ക് എത്തുക എന്നതായിരുന്നു. അതാവട്ടെ ഇനിയും എത്തിയിരുന്നില്ല. മൻസൂർ അൽ ഹല്ലാജിനെ പോലെയാണ്  സർമദും പ്രവർത്തിച്ചത് എന്ന് ആസാദ് വിലയിരുത്തുന്നു: “നിഷേധത്തിലാണ് ഞാനിപ്പോഴും. പ്രമാണീകരണത്തിലേക്ക് എത്തിയിട്ടില്ല ഇനിയും. ഞാനിപ്പോൾ ലഇലാഹ ഇല്ലല്ലാഹ് ചൊല്ലിയാൽ അത് കളവായി പോവും. ഹൃദയത്തിലില്ലാത്തത് എങ്ങനെയാണ് നാവു കൊണ്ട് ഉച്ചരിക്കുക? അദൃശ്യലോകത്തിലെ വിശ്വാസം കൊണ്ട് തൃപ്തിയാവാത്തവർ അവരുടെ സംശയം ദൂരീകരിക്കാനും വിശ്വാസം ദൃഢപ്പെടുത്താനും യാഥാർത്ഥ്യം കണ്ണ്കൊണ്ട് കാണുക തന്നെവേണം. ഈയൊരു തൃപ്തിയാവാത്ത അവസ്ഥയെ തന്നെയാണ് ‘സത്യവും യാഥാർത്ഥ്യവും അന്വേഷിക്കുക’ എന്ന് പറയുന്നത്. യഥാർത്ഥമായ സാക്ഷ്യപ്പെടുത്തൽ (ശഹാദത്ത്) എന്നത് സത്യത്തിന്റെ വെളിപ്പെടൽ തന്നെയാണ്”.

സത്യത്തിലേക്ക് എത്തുന്നതിനുള്ള പാതയായിരുന്നു സർമദിന് ശഹാദത്ത് അഥവാ രക്തസാക്ഷ്യം.

മതങ്ങളുടെ ഏകത്വത്തിനെ കുറിച്ചും (വഹ്ദത്-എ-ദീൻ) ‘സത്യത്തിന്റെ ഏകതയെയും നാമങ്ങളുടെ വ്യത്യസ്തത’യെ കുറിച്ചും ആസാദ് സർമദിനെ കുറിച്ച് പറയുന്നിടത്തും തർജുമാനുൽ ഖുർആനിൽ ഒരുപാട് പറയുന്നുണ്ട്. 1920 ലെ ഖിലാഫത്ത് സമ്മേളനത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രഭാഷണത്തിൽ ഇങ്ങനെ പറയുന്നു: “സത്യം എല്ലായിടത്തും ഒന്ന് തന്നെയാണ്. അതിനു പല മാനങ്ങളും നാമങ്ങളും മാത്രമേ ഉള്ളൂ. അതിനാൽ എല്ലാവരും സത്യത്തെ തന്നെയാണ് ആരാധിക്കുന്നതെങ്കിലും അതിന്റെ വ്യത്യസ്ത മാനങ്ങളെ ചൊല്ലി തർക്കിക്കുന്നു. ഈ പുറംമോടികൾ ഒരുനാൾ തകർന്നു വീഴുകയും എല്ലാവരും സത്യത്തെയും യാഥാർഥ്യത്തെയും (ഹഖീഖത്) കണ്ടാൽ ഈ തർക്കങ്ങൾ എല്ലാം അവസാനിപ്പിക്കുകയും അവർ ഇതുവരെ തർക്കിച്ചത് ഒരൊറ്റ സംഗതിയെ കുറിച്ച് തന്നെയാണെന്ന് ബോധ്യമാവുകയും ചെയ്യും”. ആസാദിന്റെ ഈ പ്രസ്താവനകളിൽ നിന്ന് അദ്ദേഹം വാദിച്ച ഹിന്ദു-മുസ്‌ലിം സഹകരണത്തിന്റെ ദൈവശാസ്ത്രപരമായ മാനം വായിച്ചെടുക്കാനാവും.

 

IV

അവസാനമായി, ആസാദിന്റെ കാഴ്ചപ്പാടിൽ സുപ്രധാനമായ ‘സഹിഷ്ണുതയുടെയും വിട്ടുവീഴ്ചയുടെയും’ തലങ്ങൾ അദ്ദേഹം വ്യക്തമായി ഗ്രഹിക്കുന്നത് സർമദിന്റെ സത്യവാചകത്തിന്റെ പ്രമാണീകരണത്തിൽ നിന്നാണ്. അതാവട്ടെ നമ്മുടെ ഈ ലേഖനത്തിന്റെ തുടക്കത്തിൽ പ്രതിപാദിച്ച അല്ലാഹുവിന്റെ അപാരമായ കടാക്ഷവുമായും സാർവലൗകികതയുമായും ബന്ധപ്പെട്ടു കിടക്കുന്നു.

സർമദിനെ വധശിക്ഷക്ക് വിധിച്ചതിൽ ആലംഗീറിനെ കുറ്റപ്പെടുത്താനോ അദ്ദേഹത്തെ പഴിചാരാനോ ആസാദ് മുതിരുന്നില്ല. “പ്രണയത്തിന്റെ രക്തസാക്ഷികൾ തന്നെ തങ്ങളുടെ ഘാതകരെ കുറ്റപ്പെടുത്താതിരിക്കുമ്പോൾ നമുക്കെങ്ങനെയാണ് അത് ചെയ്യാൻ കഴിയുക? പ്രണയത്തിന്റെ ലോകത്ത് പ്രതികാരത്തിന് സ്ഥാനമോ പ്രണയത്തിന്റെ  മതത്തിൽ ശത്രുതക്ക് സ്ഥാനമോ ഇല്ല. ഇവിടെ ഏറ്റവും വലിയ ആരാധന എന്നത് ഘാതകന് മുന്നിൽ തല കുനിച്ചു കൊടുക്കലും പറ്റുമെങ്കിൽ അയാളുടെ കയ്യിൽ മുത്തുകയും ചെയ്യുക എന്നതാണ്.

ശത്രുക്കളോടു മഹാമനസ്കത കാട്ടുന്ന ആസാദിന്റെ അപാരമായ സ്വഭാവഗുണത്തെ കുറിച്ച് ഒരുപാട് സാക്ഷ്യങ്ങളുണ്ട്. ആസാദ് തന്റെ ജനതയോട് അഭിസംബോധന ചെയ്തു കൊണ്ട് ബ്രിട്ടീഷ് കോടതിയിൽ വെച്ച് നടത്തുന്ന പ്രസംഗത്തിലെ ഒരു ഭാഗത്തോട് കൂടി ഉപസംഹരിക്കാം: “എന്റെ സുഹൃത്തുക്കളെ, നിങ്ങൾക്കെതിരെ എനിക്ക് പകയോ വിധ്വേഷമോ ശത്രുതയോ ലവലേശം ഇല്ല. നിങ്ങൾ എനിക്കെതിരെ നിരത്തിയ തെളിവുകൾ സത്യം തന്നെയാണ്. പക്ഷേ, ഒന്നോർക്കുക, സ്വേച്ഛാധിപതികളായ ബ്രിട്ടീഷ് ഭരണകൂടത്തെ സഹായിക്കുക വഴി നിങ്ങൾ ദൈവിക കൽപനക്ക് എതിരെയാണ് പ്രവർത്തിച്ചത്. അതിന്റെ പാപഭാരം നിങ്ങളെ വേവലാതിപ്പെടുത്തുന്നുണ്ട് എന്നും നിലനിൽപ്പിനു വേണ്ടിയും സ്വകുടുംബത്തെ ഓർത്തുമാണ് നിങ്ങൾ അത് ചെയ്തതെന്നും എനിക്കറിയാം. സത്യത്തിനും യാഥാർത്ഥ്യത്തിനും വേണ്ടി സഹിക്കാനും ക്ഷമിക്കാനും നിങ്ങൾ അശക്തരാണെന്നും എനിക്കറിയാം. അതുകൊണ്ടുതന്നെ ഞാൻ നിങ്ങൾക്ക് മാപ്പു നൽകുകയും നിങ്ങൾക്ക് പൊറുത്തു തരുവാൻ വേണ്ടി സർവ്വശക്തനോട് പ്രാർത്ഥിക്കുകയും ചെയ്യുന്നു”.

 


വിവർത്തനം: ബിലാൽ ഇബ്നു ഷാഹുൽ

ക്രിസ്റ്റ്യൻ ഡബ്ല്യു ട്രോൾ