Campus Alive

വിപ്ലവത്തിന്റെ കർമ്മശാസ്ത്രം

2010 ൽ, ഒരു തുനീഷ്യൻ പഴക്കച്ചവടക്കാരൻ പോലീസിന്റെ നിരന്തരമായ പീഡനം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്യുന്നു. “അറബ് വസന്തം” എന്ന പേരിലറിയപ്പെട്ട വിപ്ലവത്തിന്റെ തുടക്കമങ്ങനെയാണ്. പിന്നീട് ഏകദേശം ഒരു മാസത്തിന് ശേഷം, 2011 ജനുവരി 25 ന് ആയിരക്കണക്കിന് ഈജിപ്ഷ്യൻ പൗരന്മാർ തഹ്‌രീർ സ്ക്വയറിൽ മർദ്ദക ഭരണകൂടത്തിനെതിരിൽ മുദ്രവാക്യങ്ങളുമായി ഒരുമിച്ചു കൂടി. തുടർന്നുള്ള ദിനങ്ങളിൽ ആ മുദ്രാവാക്യം മറ്റ് പ്രദേശങ്ങളിലെല്ലാം അലയടിക്കുകയും വിജയ – പരാജയങ്ങൾ ഏറ്റുവാങ്ങിയ ചെറുതും വലുതുമായ അനേകം സമരങ്ങൾ ഉയർന്നുവരികയും ചെയ്തു.

തുടർന്നുണ്ടായ സംഭവവികാസങ്ങളിൽ ഇരുപക്ഷത്തുമുള്ള കർമ്മശാസ്ത്ര പണ്ഡിതന്മാർ വഹിച്ച പങ്ക് വളരെ പ്രാധാനപ്പെട്ടതായിരുന്നു. പ്രശസ്ത മോറോക്കൻ കർമ്മശാസ്ത്ര പണ്ഡിതനായ അഹ്മദ് അൽ-റയ്സൂനി, 2013 ൽ പുറത്തിറങ്ങിയ “ഫിഖ്ഹു സ്സൗറ” (വിപ്ലവത്തിന്റെ കർമ്മശാസ്ത്രം) എന്ന പുസ്തകത്തിൽ ഈ സംഭവ വികാസങ്ങളെ കുറിച്ച് വ്യക്തമായി എഴുതുന്നുണ്ട്. വിപ്ലവം പൊട്ടിപുറപ്പെട്ടപ്പോൾ അദ്ദേഹം ഈജ്പ്തിൽ ഉണ്ടായിരുന്നു. വിപ്ലവത്തിന്റെ പ്രഭവകേന്ദ്രമായ തഹ്‌രീർ സ്ക്വയറിൽ നിന്ന് അദ്ദേഹത്തിന് ഒരു ഫോൺ കോൾ അർദ്ധരാത്രിയിൽ വരികയുണ്ടായി. സർക്കാർ അനുകൂലികൾ നിരവധി ഫത്‌വകൾ പ്രതിഷേധക്കാർക്കിടയിൽ പ്രചരിപ്പിക്കുകയും ഇസ്‌ലാമിക നിയമപ്രകാരം പ്രക്ഷോഭം നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നതിനാൽ, ആശങ്കയിലായ ഒരു വിപ്ലവ അനുകൂലിയായിരുന്നു മറുതലക്കൽ. ഇസ്‌ലാമിക നിയമത്തെ അടിസ്ഥാനമാക്കി നിയമപരമായ അഭിപ്രായങ്ങൾ പുറപ്പെടുവിക്കാനുള്ള ഉത്തരവാദിത്തമുള്ള ഈജിപ്തിലെ ദാറുൽ ഇഫ്തായുടെയും, സലഫി പ്രസ്ഥാനത്തിലെയും കർമ്മശാസ്ത്ര പണ്ഡിതരാണ് വിപ്ലവത്തെ എതിർത്ത് ഫത്‌വ പുറത്തിറക്കിയത്. പല പ്രകടനക്കാർക്കിടയിലും, ഈ വിപ്ലവ വിരുദ്ധ ഫത്‌വകൾ ഭിന്നത സൃഷ്ടിച്ചിരുന്നു. നീതിയും, സ്വാതന്ത്ര്യവും നേടിത്തരുന്നത് തന്നെയാണോ തങ്ങളുടെ ഈ പോരാട്ടമെന്ന ചോദ്യം അവരെ നന്നായി അലട്ടിയിരുന്നു. മർദ്ദക ഭരണകൂടത്തിന്റെ പതനത്തിനായി തെരുവിലിറങ്ങിയ ചെറുപ്പക്കാരുടെ ലക്ഷ്യത്തെയും മാർഗത്തെയും, എന്ത് കൊണ്ടും ഇസ്‌ലാമിക നിയമം പിന്തുണക്കുന്നുവെന്ന മറുപടി തയ്യാറാക്കാൻ വേണ്ടി താൻ ആ രാത്രി മുഴുവൻ ചെലവഴിച്ചുവെന്ന് അഹ്മദ് റയ്സൂനി തുടർന്ന് പറയുന്നു. അദ്ദേഹം മാത്രമായിരുന്നില്ല, അറബ് ലോകത്തും പുറത്തുമുള്ള അനേകം കർമ്മശാസ്ത്ര പണ്ഡിതർ വിപ്ലവത്തെ അനുകൂലിച്ച് ഫത്‌വയുമായി അന്ന് രംഗത്ത് വരികയുണ്ടായി.

അഹ്മദ് റയ്സൂനി

വിപ്ലവാനുകൂലികളായിരുന്ന പണ്ഡിതർ ഇരട്ടി വെല്ലുവിളി നേരിട്ടിരുന്നു. യാഥാസ്ഥിക സുന്നി പാരമ്പര്യത്തിലുള്ള, ഇസ്‌ലാമിക നിയമപ്രകാരം വിപ്ലവം പാടില്ല എന്ന വാദങ്ങളോട് പ്രതികരിക്കുകയും, അതേ സമയം തന്നെ അതേ പാരമ്പര്യത്തിൽ തന്നെ ഉറച്ച് നിൽക്കുകയും ചെയ്യേണ്ടതുണ്ടായിരുന്നു അവർക്ക്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഇസ്‌ലാമിക നിയമ വ്യവഹാരത്തിന്റെ ആധികാരിക സ്രോതസ്സായി നിലയുറപ്പിക്കുന്നതിനോടൊപ്പം തന്നെ വിപ്ലവത്തിന് വേണ്ടി വാദിക്കാനും പുതിയ നിയമപരമായ ചിന്തകൾ വികസിപ്പിക്കാനും അവർക്ക് ശ്രമിക്കേണ്ടതുണ്ടായിരുന്നു.

ഇസ്‌ലാമിക നിയമപ്രകാരം ഭരണകൂടത്തിനെതിരെ വിപ്ലവം നയിക്കാൻ പാടില്ലെന്ന വാദം ചരിത്രപരമായി സുന്നി പണ്ഡിതന്മാരുടെ പൊതു നിലപാടാണ്. ആധുനിക കാലഘട്ടത്തിൽ, അറിയപ്പെട്ട സലഫീ പണ്ഡിതന്മാരായ ശൈഖ് അബ്ദുൽ അസീസ് ബിൻ ബാസ്, ശൈഖ് സ്വാലിഹ് ഫൗസാൻ എന്നിവർ ഈ നിലപാടിന്റെ കടുത്ത വക്താക്കൾ ആയിരുന്നു. ഒരു രാഷ്ട്രത്തലവൻ മതത്തെ നിരാകരിക്കുന്നില്ലെങ്കിൽ, അദ്ദേഹത്തിനെതിരെ വിപ്ലവം നടത്താൻ പാടുള്ളതല്ലായെന്നും അല്ലാഹുവിനേയും അവന്റെ പ്രവാചകനെയും അനുസരിക്കുന്നതിന്റെ വിശാലരൂപം എന്ന നിലയിൽ രാഷ്ട്രതലവനെ അനുസരിക്കലും നിർബന്ധമാണെന്നതാണ് അവരുടെ പ്രധാന വാദങ്ങൾ. ഏതൊരു പ്രക്ഷോഭവും സാമൂഹിക അരാജ്വകത്വമുണ്ടാക്കുന്നതാണ്(social disorder), കുടാതെ ഒരു പ്രക്ഷോഭം സമൂഹത്തിലുണ്ടാക്കുന്ന നഷ്ടങ്ങൾ അവ നേടിയെടുക്കുന്ന നേട്ടങ്ങളെക്കാൾ വളരെ കൂടുതലാണ് തുടങ്ങിയ അനുമാനങ്ങളായിരുന്നു അത്തരം വാദങ്ങൾക്ക് പിന്നിൽ. അതുകൊണ്ടുതന്നെ സാമൂഹിക സ്ഥിരതാവസ്ഥക്ക് പ്രാമുഖ്യം നൽകുന്ന ഇസ്‌ലാമിക നിയമങ്ങൾക്ക് അടിസ്ഥാനപരമായി തന്നെ ഇത് വിരുദ്ധമാണ് എന്നവർ വാദിച്ചു.

ഈ വിപ്ലവ വിരുദ്ധ നിലപാടിനോടുള്ള പ്രതികരണമെന്നോണം, അറബ് വസന്തത്തിന്റെ ആദ്യ വർഷത്തിൽ ശൈഖ് യൂസുഫുൽ ഖറദാവി, ശൈഖ് മുഹമ്മദ് അൽ യഅ്ഖൂബി, അഹ്മദ് അൽ-റൈസൂനി എന്നീ വിപ്ലവാനുകൂലികളായ കർമ്മശാസ്ത്ര പണ്ഡിതർക്കിടയിൽ ചലനാത്മകമായ ഒരു നിയമവ്യവഹാരം രൂപപ്പെട്ടുവന്നു. അവരുടെ പ്രതികരണങ്ങൾ, ഇസ്‌ലാമിക നിയമത്തെ രൂപപ്പെടുത്തുന്ന അടിസ്ഥാന പ്രേരണകളെയും, വിപ്ലവ സമയത്തുള്ള ഇസ്‌ലാമിക നിയമങ്ങളുടെ സാധ്യതകളെയും, വിപ്ലവാനുകൂലികളായ പണ്ഡിതരുടെ സർഗാത്മകതയെയും വെളിപ്പെടുത്തുന്നതായിരുന്നു. പുതിയ നിയമനിർദ്ദേശം രൂപപ്പെടുത്തുന്നതിനായി, ഖുർആൻ, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് തുടങ്ങിയ ഇസ്‌ലാമിക നിയമത്തിന്റെ പ്രാഥമിക ഉറവിടങ്ങളെ അവർ ആശ്രയിച്ചു. അവരുടെ ആധികാരികത അധികവും അവരുടെ പഠനത്തിന്റെ വ്യാപ്തിയിൽ നിന്നും, ഇസ്‌ലാമിക സ്ത്രോതസുകളും വ്യാഖ്യാന രീതികളും ഉപയോഗിക്കുന്നതിലെ അവരുടെ വൈദഗ്ധ്യത്തിൽ നിന്നും ഉരുത്തിരിഞ്ഞതായിരുന്നു. എന്നിരുന്നാലും, “പൊതുജനാഭിപ്രായം” നിയമപരമായ അഭിപ്രായങ്ങളെ സ്വാധീനിക്കുന്നതിൽ ഒരു പ്രധാന ഘടകമാണ്. കർമ്മശാസ്ത്ര പണ്ഡിതർ അവർ അഭിമുഖീകരിക്കുന്ന പൊതുജനങ്ങളോട് പ്രതികരിക്കുന്നവരാണ്. ഒരു കർമ്മശാസ്ത്രപണ്ഡിതന്റെ നിയമ നിർദ്ദേശത്തിന്റെ ആധികാരികതയെ നിർണ്ണയിക്കുന്നതിൽ അതിന് പൊതുജനങ്ങൾക്കിടയിൽ നിന്ന് ലഭിക്കുന്ന സ്വീകാര്യതയുടെ തോത് പ്രധാനമാണ്. നിങ്ങളുടെ നിയമ വിധികളെ കൂടുതൽ ജനങ്ങൾ പിന്തുടരുന്നുവെങ്കിൽ ദൈവം ചുമതലപ്പെടുത്തിയതിനെ ജനങ്ങളിലേക്കെത്തിക്കുന്നതിൽ നിങ്ങൾ ആധികാരികമാണ് എന്ന് തീരുമാനിക്കാൻ എളുപ്പമാണ്. ഭരണകൂടത്തിന്റെ പിന്തുണയുള്ള നിയമജ്ഞരിൽ നിന്ന് വ്യത്യസ്തമായി, തങ്ങളെ സ്വീകരിക്കുന്ന പൊതുസമൂഹമാണ് വിപ്ലവാനുകൂലികളായ പണ്ഡിതരുടെ ചാലക ശക്തി.

മേൽപറഞ്ഞതിന്റെ അടിസ്ഥാനത്തിൽ, 2011-ലെ പ്രക്ഷോഭത്തിന് അനുകൂലമായ രണ്ട് പ്രധാന തരത്തിലുള്ള വാദങ്ങളാണ് രൂപപ്പെട്ടത്. ഒന്ന് പ്രമാണ കേന്ദ്രീകൃതവും (Textual) മറ്റൊന്ന് നയ-കേന്ദ്രീകൃതവുമാണ് (Policy-Based).

പരമ്പരാഗത ഇസ്‌ലാമിക നിയമ വ്യവഹാരത്തിൽ വേരൂന്നിയതാണ് പ്രമാണ കേന്ദ്രീകൃതമായ വാദങ്ങൾ. അവ ഭാഷ, പ്രമാണം, ചരിത്രപരത എന്നിവയിൽ ഊന്നി നിൽക്കുന്നു. പ്രകടനങ്ങൾ/സമരങ്ങൾ (മുളാഹറാത്ത്), കലാപം (ഖുറൂജ്), സാമൂഹിക അരാജകത്വം/കുഴപ്പങ്ങൾ (ഫിത്ന) തുടങ്ങിയ പദങ്ങളെയും നിയമ പ്രാധാന്യമുള്ള അവയുടെ നിർവ്വചനങ്ങളെയും മുന്നോട്ടുവെച്ച് കൊണ്ടാണ് ഇത്തരം വാദങ്ങൾ കർമ്മശാസ്ത്രപണ്ഡിതർ ആരംഭിക്കുന്നത്. ശേഷം പ്രാമാണിക തെളിവുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ അവർ അഭിസംബോധന ചെയ്യുന്നു; പ്രത്യേകിച്ച്, വിപ്ലവവുമായി നേരിട്ട് സംവദിക്കുന്ന ഒന്നും തന്നെ പ്രാഥമിക പ്രമാണങ്ങളായ ഖുർആനിലും സുന്നത്തിലും ഇല്ലെന്ന വസ്തുത. അവസാനമായി, തങ്ങളുടെ നിലപാടിന് ഉപോൽബലകമായ പ്രവർത്തിയോ അഭിപ്രായങ്ങളോ മുൻകഴിഞ്ഞുപോയ വിശ്വാസികളായ മഹാന്മാർ ആരെങ്കിലും നടത്തിയിട്ടുണ്ടോ എന്നറിയാൻ വേണ്ടി അവർ ആധികാരികമായ ചരിത്രരേഖകളിലേക്ക് തിരിയുന്നു[1].

അറബ് വസന്തം

വിശാലമായി പറഞ്ഞാൽ, വിപ്ലവാനുകൂലികളായ കർമ്മശാസ്ത്രപണ്ഡിതർ അതുമായി ബന്ധപ്പെട്ട പ്രാമാണികമായ തെളിവുകളുടെ അഭാവത്തെ രണ്ടു രീതിയിലാണ് കൈകാര്യം ചെയ്യുന്നത്. ഒന്നാമതായി, പ്രശ്നവുമായി നേരിട്ട് സംവദിക്കാത്ത, എന്നാൽ പ്രതിഷേധം ആവശ്യമായി വരുന്ന സാഹചര്യത്തോട് ചേർത്ത് വായിക്കാൻ കഴിയുന്ന തത്വങ്ങളും കൽപനകളും പ്രദാനം ചെയ്യുന്ന മറ്റ് പ്രാമാണിക തെളിവുകളിലേക്ക് അവർ നോക്കുന്നു. പലപ്പോഴും സാഹചര്യങ്ങൾക്കനുസരിച്ച് വ്യാഖ്യാനിക്കാൻ കഴിയുന്ന അവ്യക്തമായ വാക്കുകൾ ഉള്ളടങ്ങിയവയായിരിക്കും അത്തരം വചനങ്ങൾ. ഉദാഹരണത്തിന്, ‘നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക’ (അൽ ഹജ്ജ്: 41) എന്ന ഖുർആനിക വചനത്തെ കർമ്മശാസ്ത്രപണ്ഡിതർ പലപ്പോഴും ഇവ്വിധത്തിൽ ഉയോഗപ്പെടുത്താറുണ്ട്. ഈ ആയത്തിന്റെ ചരിത്രപരമായ പ്രയോഗം പരിശോധിച്ചാൽ ഇത് ഭരണകൂടത്തിനെതിരായ പ്രതിഷേധ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചതിന്റെ തെളിവുകളൊന്നും കണ്ടെത്തുക സാധ്യമല്ല. എങ്കിലും കർമ്മശാസ്ത്രപണ്ഡിതന്മാർ നന്മ (മഅ്റൂഫ്), തിന്മ (മുൻകർ) എന്നീ പദങ്ങളെ എടുക്കുകയും സമരം കൊണ്ട് ലക്ഷ്യം വെക്കുന്ന നന്മയെയും ഭരണകൂടത്തിന്റെ തിന്മയെയും സൂചിപ്പിക്കാനുതകും വിധം അവയുടെ അർത്ഥങ്ങളെ വികസിപ്പിക്കുകയും ചെയ്യുന്നു. ഈ തരത്തിൽ വായിക്കുമ്പോൾ, ഖുർആൻ ജനങ്ങളോട് സമരത്തിന്റെ നന്മ നിറഞ്ഞ മൂല്യങ്ങളെ പിന്തുടരാനും അതേസമയം തന്നെ ഭരണകൂടത്തിന്റെ തിന്മ നിറഞ്ഞ പ്രവർത്തനങ്ങളെ തടയാനും കൽപ്പിക്കുന്നതായി കാണാൻ കഴിയുന്നു. രണ്ടാമതായി അവർ കൈക്കൊള്ളുന്ന സമീപനത്തെ നിയമപരമായി നിസ്സാരമായ (മിനിമലിസ്റ്റിക്) ഒന്നായി വിശേഷിപ്പിക്കുവാൻ സാധിക്കും. ചരിത്രപരമായി, എല്ലാ കാര്യങ്ങളിലുമുള്ള പ്രാഥമിക നിലപാട് ‘നിരോധത്തിന് തെളിവില്ലാത്തിടത്തോളം എല്ലാം അനുവദനീയമാണ്’ എന്ന നിയമ തത്വത്തിൽ അധിഷ്ഠിതമാണ് എന്ന് കർമ്മശാസ്ത്രപണ്ഡിതർ വാദിക്കുന്നു. എന്നാൽ ഇസ്‌ലാമിക നിയമശാസ്ത്രത്തിൽ കണ്ടുവരുന്ന ഒരു ആധുനിക പ്രവണതയാണ് ഈ തത്വത്തെ അട്ടിമറിക്കുകയും പകരം അനുവദനീയമാണ് എന്നതിന് തെളിവ് ആവശ്യമാക്കുകയും ചെയ്യൽ. സമരാനുകൂലികളായ കർമ്മശാസ്ത്രപണ്ഡിതർ ഈ വികാസത്തെ എതിർക്കുയും ഒരു പ്രവർത്തിയെ നിരോധിച്ചു കൊണ്ടുള്ള പ്രമാണത്തിന്റെ അഭാവം, പ്രസ്തുത പ്രവർത്തി ഇസ്‌ലാമിക നിയമത്തിന്റെ പരിധിക്ക് പുറത്താണെന്നാണ് സൂചിപ്പിക്കുന്നത് എന്ന് വാദിക്കുകയും ചെയ്തു. നിയമത്തിന്റെ, എന്തിനെയും നിയമവിരുദ്ധമായി പ്രഖ്യാപിക്കാൻ കഴിഞ്ഞിരുന്ന മേഖലകളെ ഇത് പരിമിതപ്പെടുത്തി, അല്ലെങ്കിൽ കുറച്ചു.

പ്രമാണ കേന്ദ്രീകൃതമായ വാദങ്ങളോടൊപ്പം തന്നെ ഞാൻ നേരത്തെ നയ-കേന്ദ്രീകൃത വാദങ്ങൾ (പോളിസി ആർഗ്യുമെന്റ്സ്) എന്ന് നാമകരണം ചെയ്ത വാദങ്ങളും പ്രതിഷേധത്തെ അനുകൂലിക്കുന്ന കർമ്മശാസ്ത്രപണ്ഡിതർ മുന്നോട്ട് വെച്ചു. പ്രാഥമിക പ്രമാണങ്ങൾക്ക് പുറത്തുള്ള നിയമതത്വങ്ങളും ആശയങ്ങളും ഉൾക്കൊള്ളുന്നതാണ് ഈ വാദങ്ങൾ. അവ പാരമ്പര്യത്തിനകത്ത് തന്നെ വേരൂന്നി നിൽക്കുമ്പോഴും നിയമശാസ്ത്രജ്ഞന് തന്റെ വാദത്തെ രൂപപ്പെടുത്തുന്നതിൽ കൂടുതൽ വിശാലത അവ അനുവദിച്ചു നൽകുന്നു.

പ്രാഥമികമായി രണ്ട് ഘടകങ്ങളാണ് ഈ സമീപനത്തിൽ ഉള്ളത്. ഒന്ന്, ഇസ്‌ലാമിക നിയമത്തിലെ നിലനിൽക്കുന്ന നിയമ തത്ത്വങ്ങളെ കർമ്മശാസ്ത്രപണ്ഡിതന്മാർ തങ്ങൾ അഭിമുഖീകരിക്കുന്ന പ്രതിഷേധങ്ങളെയും മൂല്യങ്ങളെയും ഉൾക്കൊള്ളും വിധം വികസിപ്പിക്കുന്നു. രണ്ട്, മറ്റ് നിയമ വ്യവഹാരങ്ങളിൽ നിന്നുള്ള ആശയങ്ങളെ ഇസ്‌ലാമിക നിയമവുമായി സംയോജിപ്പിക്കുന്നു. ഇസ്‌ലാമിക നിയമ പാരമ്പര്യത്തിലെ ‘അവകാശം’ എന്ന ആശയം ഇതിന് നല്ല ഉദാഹരണമാണ്. അതിന്റെ ഇന്നത്തെ രൂപമായ ‘രാഷ്ട്രീയ അവകാശം’ എന്ന ആശയം വിശാലാർത്ഥത്തിൽ മുൻപുണ്ടായിരുന്നില്ല.

എങ്ങനെയാണ് നിലനിൽക്കുന്ന നിയമ തത്വങ്ങളെ നിയമജ്ഞർ വികസിപ്പിക്കുന്നത് എന്നതിന്റെ ഉദാഹരണം മറ്റൊരു ലേഖനത്തിൽ ഞാൻ ഉയർത്തിയ കടമയെ/ബാധ്യതയെ കുറിച്ചുള്ള ചർച്ചയിലേക്ക് നമ്മെ കൊണ്ടുപോവുന്നു[2]. മുൻപ് സൂചിപ്പിച്ച പോലെ കർമ്മശാസ്ത്ര പണ്ഡിതന്റെ കയ്യിലെ ഏറ്റവും ബലവത്തായ ഉപകരണമാണിത്. ഇസ്‌ലാമിക നിയമനിർമ്മാണ ഉദ്യമത്തിന്റെ കാതലായ വശമാണ് കടമ/ബാധ്യത (ഫർദ്-Obligation) എന്നത്. അവ നിങ്ങൾ എന്ത് ചെയ്യരുത് എന്നും എന്ത് ചെയ്യണമെന്നും നിഷ്കർശിക്കുന്നു. നിയമപരമായ ബാധ്യതയെയാണ് പ്രക്ഷോഭാനുകൂലികളായ കർമ്മശാസ്ത്രപണ്ഡിതർ അവലംബമാക്കുന്നത്, പ്രത്യേകിച്ച് ഏതെങ്കിലും കുറച്ച് ആളുകളെങ്കിലും പങ്കെടുക്കൽ അനിവാര്യമാക്കുന്ന ഫർദ് കിഫായഃ (സംഘടിത ബാധ്യത). നല്ല ഉപദേശം നൽകുക എന്നത് പാരമ്പര്യമായി ഒരു സംഘടിത ബാധ്യതയാണെന്നും സമരം ചെയ്യൽ അധികാരത്തിലുള്ളവർക്ക് ആവശ്യമായ ഉപദേശം നൽകുന്നതിന്റെ ഒരു രൂപമാണെന്നും ചില പണ്ഡിതർ വാദിക്കുന്നു.

മുഹമ്മദ് അൽ യഅ്ഖൂബി

ജോർദാനിയൻ മുസ്‌ലിം ബ്രദർഹുഡിന്റെ പണ്ഡിത സഭ പറയുന്നത് സമരം ചെയ്യൽ, ഒരു പൊതു വിഷയത്തിന്മേലുള്ള സംഘടിതമായ അഭിപ്രായ പ്രകടനത്തിന്റെ ഒരു രീതിയായിരുന്നുവെന്നാണ്. ഒരു മർദ്ദക ഭരണാധികാരി ഒരു “പൊതു ലംഘനമാണ്”, അതിനെ പരസ്യമായി വിമർശന വിധേയമാക്കൽ ഒരു കർത്തവ്യവുമാണ്. സമരം ചെയ്യൽ ഭരണീയരായ പൊതുസമൂഹത്തിന്റെ ആവലാതികളെ ഭരണകർത്താക്കളെ അറിയിക്കുന്ന രീതിയായത് കൊണ്ടാണ് അതൊരു പൊതു ബാധ്യതയായി തീരുന്നതെന്നാണ് മറ്റുള്ളവർ വാദിക്കുന്നത്. മുഹമ്മദ് അൽ-യഅ്ഖൂബി എന്ന സിറിയൻ കർമ്മശാസ്ത്രപണ്ഡിതൻ, നീതി രഹിതനായ ഭരണാധികാരിക്കെതിരെ നിലകൊള്ളുക എന്ന ഇസ്‌ലാമിക നിയമത്തിന്റെ താത്പര്യത്തിന്റെ പൂർത്തീകരാണാർത്ഥം പ്രതിഷേധങ്ങളെ ബാധ്യതയാക്കി തീർക്കുന്ന ഒരു ഫത്‌വ പുറപ്പെടുവിച്ചിരുന്നു. രാഷ്ട്ര തലവന്മാരെ അനുസരിക്കുക എന്ന പരമ്പരാഗത നിയമത്തെ നീതിമാന്മാരായ ഭരണാധികാരികളുടെ കാര്യത്തിൽ മാത്രം ബാധകമായതായാണ് അദ്ദേഹം മനസ്സിലാക്കുന്നത്. നീതിരഹിതനായ ഭരണാധികാരിയോട് ചേർന്ന് നിൽക്കാൻ പാടില്ല എന്ന് പറഞ്ഞ് കൊണ്ട് മാത്രമല്ല ഈ ഉത്തരവാദിത്വത്തെ അദ്ദേഹം വികസിപ്പിക്കുന്നത്, ഒപ്പം ‘മർദ്ദിതന്റെ വിജയ സംരക്ഷണ’വും നിങ്ങളുടെ കടമയാണെന്ന് അദ്ദേഹം പറയുന്നു.

പ്രക്ഷോഭങ്ങളെ പിന്തുണക്കുന്ന കർമ്മശാസ്ത്രപണ്ഡിതന്മാർ ക്രിയാത്മകമായ മറ്റ് വഴികളിലൂടെയും നിയമപരമായ കടമ നേടിയെടുക്കുന്നുണ്ട്. യമനീ പണ്ഡിതനും മുൻ നീതിന്യായ മന്ത്രിയുമായ അബ്ദുൽ വഹാബ് ദൈലാനി ഇതിനുദാഹരണമാണ്. അദ്ദേഹം ഇസ്‌ലാമിക നിയമത്തിലെ കരാറ് സംബന്ധിയായ കടമകളെ അടിസ്ഥാനപ്പെടുത്തി പ്രക്ഷോഭങ്ങൾക്ക് വേണ്ടി വാദിച്ചു. ഭരണകൂടവും ജനങ്ങളും തമ്മിലുള്ള ബന്ധം രണ്ട് കരാറുകാർ തമ്മിലുള്ള ബന്ധത്തിന് സമാനമാണെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടനയാണ് ജനങ്ങളും ഭരണകൂടവും തമ്മിലുള്ള കരാർ. അത് മുറുകെ പിടിക്കാൻ അവർ പ്രതിജ്ഞാബദ്ധരാണ്. എന്നാൽ അവർ ജനങ്ങളെ അടിച്ചമർത്തുകയും അവരുടെ അവകാശങ്ങളെ ഹനിക്കുകയും ചെയ്യുകയാണെങ്കിൽ ഭരണഘടനയുടെ പ്രകടമായ ലംഘനമാണത്. അങ്ങനെ സംഭവിക്കുകയാണെങ്കിൽ അതൊരു കരാർലംഘനമാണ്. കരാർ ലംഘനവും പ്രതിജ്ഞാ ലംഘനവും ഇസ്‌ലാമിക നിയമപ്രകാരം അനുവദനീയമല്ല. അതായത് ഭരണനിർവ്വാഹകരുടെ ഭരണഘടനാ ലംഘനം ഇസ്‌ലാമിക നിയമത്തിന്റെ ലംഘനം കൂടിയാണ്.

ഇനി, എന്ത്കൊണ്ടാണ് ഈ കാര്യങ്ങളെയെല്ലാം ഞാൻ ആലോചിച്ചതെന്ന് ചുരുക്കി പറയാം. ഒന്നാമതായി, ബഹുജന പിന്തുണയോടെയുള്ള, അഹിംസാ മാർഗത്തിലുള്ള പ്രക്ഷോഭങ്ങളെ വികസിപ്പിക്കുന്ന വ്യവഹാരങ്ങൾ ഇസ്‌ലാമിക നിയമ ചരിത്രത്തിൽ താരതമ്യേന പുതിയ ഒന്നാണ്. ഇതിനോട് അനുബന്ധമായ ചില വിഷയങ്ങൾ മുൻപ് ചർച്ചകളിലുണ്ടായിരുന്നെങ്കിലും പുതിയ അടിത്തറയുള്ള ഈ വ്യവഹാരത്തിന്റെ പൂർവ്വരൂപമല്ല അതൊന്നും. ഇതിന്റെ ഫലമായി ഭാവിയിലെ നിയമ ചിന്തകളെ സ്വാധീനിക്കുന്ന തരത്തിലുള്ള വ്യാഖ്യാനപരമായ തത്വങ്ങളും സമീപനങ്ങളും രൂപപ്പെട്ടു വന്നിട്ടുണ്ട്. രണ്ടാമതായി, ഈ വ്യവഹാരം എങ്ങനെയാണ് മുസ്‌ലിം കർമ്മശാസ്ത്രപണ്ഡിതന്മാർ നിയമപരമായ മാറ്റങ്ങളെ കൈകാര്യം ചെയ്യുകയും തങ്ങളുടെ തന്നെ നിയമ പാരമ്പര്യത്തിനകത്തെ യാഥാസ്ഥികതയുമായി ഇടപഴകുകയും ചെയ്യുന്നത് എന്നതിന്റെ പ്രായോഗിക ഉദാഹരണമാണ്. ഇസ്‌ലാമിക നിയമത്തെ മാറ്റത്തിന് കൂട്ടാക്കാത്തതും കുടുസ്സായതുമായ ഒന്നായി പലപ്പോഴും മനസ്സിലാക്കപ്പെടുമ്പോൾ അറബ് വസന്തത്തിൽ അത് വഹിച്ച പങ്ക് സൂചിപ്പിക്കുന്നത് മറിച്ചാണ്. ഇസ്‌ലാമിക കർമ്മശാസ്ത്രപണ്ഡിതന്മാർക്ക് ക്രിയാത്മകവും ചലനാത്മകവും ഫലവത്തായതുമായ രീതിയിലുള്ള പരിഹാരങ്ങൾ ജനങ്ങൾക്കായി കൊണ്ടുവരാൻ യഥാർത്ഥത്തിൽ കഴിയും. മൂന്നാമതായി, പൊതുജനം എല്ലാകാലത്തും ഇസ്‌ലാമിക നിയമത്തിലെ പ്രധാനപങ്കാളികളായിരുന്നു. അറബ് വസന്തം അതിന്റെ പരിപൂർണ്ണമായ ഒരു കാഴ്ചയായിരുന്നു. പൊതുജനങ്ങൾ അവരുടെ പ്രവർത്തനങ്ങളിലൂടെ വിപ്ലവാത്മകമായ ഈ നിയമശാസ്ത്രത്തിന്റെ ഉത്ഭവത്തിൽ വലിയ പ്രോത്സാഹനമായിരുന്നു നൽകിയത്. അതുപോലെ പ്രസ്തുത കർമ്മശാസ്ത്രപണ്ഡിതർ രൂപംകൊടുക്കുന്ന വാദങ്ങളിലെ മുഖ്യഘടകവുമായിരുന്നു പൊതുജനം. “പൊതുജന താൽപര്യം”, ജനങ്ങളുടെ “രാഷ്ട്രീയ അവകാശം”, ‘അതുപോലെ രാഷ്ട്രത്തിന് ജനതയോട് കരാറുസംബന്ധിയായ ബാധ്യതയുണ്ട്’ എന്ന ആശയം എന്നിവയൊക്കെ, ഭരണാധികാരി/ഭരണീയർ എന്ന തരത്തിലുള്ള അധികാര ബന്ധങ്ങൾ പ്രബലമായിരുന്ന സാമ്രാജ്യ ഭരണ രൂപങ്ങളിൽ നിന്ന് വികസിച്ചു വന്ന ഇസ്‌ലാമിക നിയമ പാരമ്പര്യങ്ങളിൽ വിശാലാർത്ഥത്തിൽ ഇല്ലാത്ത ഒന്നായിരുന്നു. കൂടാതെ, ഇസ്‌ലാമിക നിയമവും പൊതുജനവും തമ്മിലുള്ള ബന്ധം പരസ്പരാശ്രയത്വത്തിന്റെ (Symbiotic) രൂപത്തിലുള്ളതുമാണ്. പൊതുജനങ്ങൾ തങ്ങൾ പിന്തുടരുന്ന മൂല്യങ്ങളെ സാധൂകരിക്കുവാൻ ഇസ്‌ലാമിക നിയമത്തെ ആശ്രയിക്കുന്നുവെങ്കിലും ഇസ്‌ലാമിക നിയമശാസ്ത്രത്തിന്റെ അവരോട് പ്രതികരിക്കാനുള്ള കഴിവ് ഇസ്‌ലാമിക നിയമങ്ങൾക്ക് അവരുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെ നിലനിർത്തുന്നു. നിയമത്തിന്റെ ചില അധികാരങ്ങൾ പൊതുജനത്തിൽ നിന്ന് രൂപപ്പെടുന്നതായതിനാൽ ഇസ്‌ലാമിക നിയമത്തിന്റെ തന്നെ നിയമസാധുതക്ക് നിയമശാസ്ത്രജ്ഞർ പൊതുജനത്തെ കേൾക്കുന്നത് തുടരേണ്ടതുണ്ട്.

 

സൂചന

[1] ഉദാഹരണത്തിന്, ഖലീഫ അലി (റ) വിന്റെ മുൻ ഖലീഫ ഉസ്മാൻ (റ) ന്റെ ഘാതകരെ വെറുതെ വിടാനുള്ള തീരുമാനത്തിന് എതിരെയുള്ള പ്രതിഷേധമായി ജമൽ യുദ്ധത്തെ അവർ കണ്ടെത്തുന്നു.

[2] Collective duties in Islamic Law, Adnan Zulfiqar.


വിവർത്തനം: ദിൽഷാദ് & അബു അനസ്

കടപ്പാട്: ഇസ്‌ലാമിക് ലോ ബ്ലോഗ്

അദ്നാൻ അഹ്മദ് സുൽഫിക്കർ

റൂട്ജേഴ്സ് ലോ സ്കൂൾ നിയമ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ആണ് അദ്നാൻ സുൽഫിക്കർ.