Campus Alive

അബൂസയ്ദും ഖുര്‍ആന്റെ നൈതിക സമീപനങ്ങളും

ഭാഗം മൂന്ന്

ഖുര്‍ആനെക്കുറിച്ച അബൂസയ്ദിന്റെ സാഹിത്യപഠനം പ്രധാനമായും ആശ്രയിക്കുന്നത് അബ്ദുല്‍ ജബ്ബാര്‍, അബ്ദുല്‍ ഖാഹിര്‍ അല്‍ ജുര്‍ജാനി തുടങ്ങിയ പണ്ഡിതരെയാണ്. കവിതയുടെയും അതുമായി ബന്ധപ്പെട്ട പഠനങ്ങളുടെയും അടിസ്ഥാനത്തിലാണ് അവര്‍ ഖുര്‍ആന്റെ ഭാഷ പഠിക്കുന്നത്. കൂടാതെ കൈറോ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ (Quran interpretation) അമീന്‍ അല്‍-ഖുലിയുടെ ഖുര്‍ആന്റെ സാഹിത്യ വ്യാഖ്യാനത്തെക്കുറിച്ച സിദ്ധാന്തത്തെയും (അല്‍-തഫ്‌സീര്‍ അല്‍-അദബിലി അല്‍-ഖുര്‍ആന്‍) അബൂസയ്ദ് പരിശോധിക്കുന്നുണ്ട്. അല്‍-ഖുലിയെ സംബന്ധിച്ചിടത്തോളം ഖുര്‍ആന്‍ പഠനത്തിന് ചരിത്രപരവും ഭാഷാശാസ്ത്രപരവുമായ പശ്ചാത്തലത്തെ അറിയുക എന്നത് അനിവാര്യമാണ്. മാത്രമല്ല, ഒരു പ്രത്യേക വിഷയത്തെ കൈകാര്യം ചെയ്യുന്ന സൂക്തങ്ങളുടെ ഭാഷാശാസ്ത്രപരമായ വിശദീകരണവും വേണ്ടതുണ്ട്. അതുപോലെ പദഘടനയും കേള്‍ക്കുന്നവരില്‍ ഖുര്‍ആന്റെ ഭാഷ ചെലുത്തുന്ന മനശ്ശാസ്ത്രപരമായ സ്വാധീനവും ഒരു വ്യാഖ്യാതാവ് പരിശോധിക്കേണ്ടതുണ്ട്. ചുരുക്കത്തില്‍, അബൂസയ്ദിനെപ്പോലെ അല്‍-കുല്ലിയും വ്യാഖ്യാതാവിന്റെ പങ്കിനെക്കുറിച്ച് പറയുന്നുണ്ട്:

‘ഒരു ടെക്സ്റ്റിനെ വ്യാഖ്യാനിക്കുന്ന ഒരുത്തന്‍ തന്റെ വ്യാഖ്യാനത്തിലൂടെ ആ ടെക്‌സ്റ്റിനെ കൂടുതല്‍ വര്‍ണ്ണമാക്കുകയാണ് ചെയ്യുന്നത്. അതേസമയം ഒരു ആവിഷ്‌കാരത്തെ മനസ്സിലാക്കാന്‍ ശ്രമിക്കുന്ന ഒരാളുടെ വ്യക്തിത്വം ആ ആവിഷ്‌കാരത്തെ പരിമിതപ്പെടുത്തുന്നു. അതിന്റെ ബൗദ്ധിക ചക്രവാളത്തെ തീരുമാനിക്കുന്നത് അയാള്‍ തന്നെയാണ്. തന്റെ വ്യക്തിപരമായ ബൗദ്ധികലോകത്ത് നിന്നാണ് അയാള്‍ ആ ആവിഷ്‌കാരത്തെ വായിക്കാനും അനുഭവിക്കാനും ശ്രമിക്കുന്നത്. കാരണം തന്റെ വ്യക്തിത്വത്തിന് പുറത്ത് കടക്കാന്‍ അയാള്‍ക്ക് സാധ്യമല്ല. തന്റെ ചിന്തക്കും ബുദ്ധിക്കും പുറത്ത് ഒരാള്‍ക്കും ഒരു ടെക്സ്റ്റ് വായിക്കുക സാധ്യമല്ല.’

ഖുര്‍ആനിലുള്ള സൗന്ദര്യശാസ്ത്രപരമായ താല്‍പര്യമാണ് അബൂസയ്ദിന്റെയും അല്‍-ഖുലിയുടെയും വായനയെ ഏകീകരിക്കുന്ന ഘടകം. അറബിഭാഷയില്‍ ഇറങ്ങിയതില്‍ വെച്ച് ഏറ്റവും മഹത്തായ സാഹിത്യ കൃതിയാണ് ഖുര്‍ആനെന്നാണ് അല്‍-ഖുലി പറയുന്നത്. ഖുര്‍ആന്‍ അറബി ഭാഷയെയും അതിന്റെ സത്തയെയും അനശ്വരമാക്കിയിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

ഇനി അബൂസയ്ദ് എഴുതുന്നത് നോക്കൂ: ‘മുസ്‌ലിംകളും ക്രൈസ്തവരും മതമില്ലാത്തവരുമെല്ലാം വായിക്കേണ്ട ഒരു ടെക്‌സറ്റായാണ് ഞാന്‍ ഖുര്‍ആനെ മനസ്സിലാക്കുന്നത്. കാരണം അറബ് സംസ്‌കാരം അതില്‍ അടങ്ങിയിരിക്കുന്നു. അതില്‍തന്നെയുള്ള ഇതര ടെക്‌സറ്റുകളെ സ്വാധീനിക്കാനുള്ള കഴിവും അതിനുണ്ട്. ഉദാഹരണത്തിന് വിവിധ തരത്തിലുള്ള ആര്‍ട്ട് ഫോമുകള്‍ ഖുര്‍ആനില്‍ നിന്നും ഉയര്‍ന്നു വന്നിട്ടുണ്ട്. എങ്ങനെയാണ് അര്‍ത്ഥത്തിന്റെ ഇത്തരത്തിലുള്ള ഒരു വ്യാപനം തടയപ്പെട്ടത്? ഓരോ പാരായണത്തിലും പുതിയ അര്‍ത്ഥങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് പകരം നമ്മുടേതായ നിര്‍ണ്ണയങ്ങളാണ് നാം ഖുര്‍ആനിന് നല്‍കുന്നത്. ഈ നിര്‍ണ്ണയങ്ങളില്‍ നിന്ന് ഖുര്‍ആനെ വിമോചിപ്പിക്കുക എന്നതാണ് എന്റെ ലക്ഷ്യം.

വ്യാഖ്യാനശാസ്ത്രം

തന്റെ ഈജിപ്ഷ്യന്‍ വേരുകളെ കാണിക്കാന്‍ വേണ്ടിയാണ് അബൂസയ്ദ് അമീന്‍ അല്‍ കുല്ലിയുമായുള്ള തന്റെ ബന്ധത്തെ എടുത്തുകാണിക്കുന്നത്. അതേസമയം വ്യത്യസ്ത സമയങ്ങളിലും പശ്ചാത്തലങ്ങളിലും ജീവിച്ച എഴുത്തുകാരുമായുള്ള (ഉദാഹരണത്തിന് ഇറാനിയന്‍ വ്യാകരണ വിദഗ്ധന്‍ സിബവയ്ഹി, ജാപ്പനീസ് ഇസ്‌ലാമിക പണ്ഡിതനായ തോഷികോ ഇസുത്സു) എന്‍ഗേജ്‌മെന്റുകളെ അദ്ദേഹം മറച്ചുവെക്കുന്നില്ല. അതുപോലെ ജര്‍മ്മന്‍ ഫിലോസഫറും വ്യാഖ്യാനശാസ്ത്ര സൈദ്ധാന്തികനുമായ ഗദ്ദാമറുമായും അബൂസയ്ദ് ഇടപാടുകള്‍ നടത്തുന്നുണ്ട്. തന്റെ ഇശ്ഖലിയ്യാത്തുല്‍ ഖിറാഅ വ അലിയ്യത് അത്താവീല്‍ എന്ന ഗ്രന്ഥത്തില്‍ അബൂസയ്ദ് അത്തരം എന്‍ഗേജ്‌മെന്‍ുകളെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. യൂറോപ്പിലെ ഫിലോസഫിക്കല്‍ വ്യാഖ്യാനശാസ്ത്രത്തിലേക്കുള്ള ഒരാമുഖവും അതില്‍ അടങ്ങിയിട്ടുണ്ട്. 1981 ലാണ് ആദ്യമായി അത് പ്രസിദ്ധീകരിക്കപ്പെടുന്നത്. ഏത് രീതിയിലും ഒരു ടെക്‌സറ്റിനെ മനസ്സിലാക്കുന്നതിന്റെ സാധ്യതകളെ നിര്‍മ്മിക്കുന്നു എന്നതാണ് ഇതര ജ്ഞാനവ്യവഹാരങ്ങളില്‍ നിന്ന് വ്യാഖ്യാനശാസ്ത്രത്തെ വ്യത്യസ്തമാക്കുന്നത്. തത്വചിന്താപരമായ വ്യാഖ്യാനശാസ്ത്രത്തില്‍ ഒരു വ്യക്തി തന്റെ വ്യക്തിപരമായ സാഹചര്യങ്ങളെയും പ്രതിഫലിപ്പിക്കുന്നുണ്ട്. വിജ്ഞാനമൊരിക്കലും സബ്ജക്ടിറ്റില്‍ നിന്നും സ്വതന്ത്രമായി നിന്നുകൊണ്ട് യാഥാര്‍ത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്നില്ല. അപ്പോള്‍ ഖുര്‍ആനൊരിക്കലും വളരെ ഒബ്ജക്ടീവായ ജ്ഞാനത്തെ ഉല്‍പ്പാദിപ്പിക്കുന്നില്ല. അതുപോലെ സബ്ജക്റ്റ് (വ്യാഖ്യാതാവ്), ഒബ്ജക്റ്റ് (ടെക്‌സ്റ്റ്) എന്ന വിഭജനവും ഖുര്‍ആന്റെ കാര്യത്തില്‍ നിലനില്‍ക്കുന്നില്ല. മറിച്ച് ഓരോ വ്യാഖ്യാനവും ടെക്‌സ്റ്റും വ്യാഖ്യാതാവും തമ്മിലുള്ള ബന്ധത്തിന്റെ ഫലമാണ്. അതുകൊണ്ടുതന്നെ രണ്ട് സാമൂഹ്യ പശ്ചാത്തലങ്ങളിലെ വ്യാഖ്യാനങ്ങള്‍ അടിസ്ഥാനപരമായി വ്യത്യസ്തമായിരിക്കും. അതേസമയം സബ്ജക്ടിനെ മാത്രം കേന്ദ്രീകരിച്ചുള്ള ഖുര്‍ആന്‍ വായന ഒബ്ജക്ടീവായ ഒരു സത്യത്തെ മാത്രം തേടുന്നതായിരിക്കും. ഒരിക്കലും മാറ്റം വരാത്ത ആ സത്യത്തെ നോക്കിനില്‍ക്കുക എന്നത് മാത്രമാണ് സബ്ജക്ടിന്റെ ധര്‍മ്മം.

അര്‍കൂന്‍

മതവ്യവഹാരങ്ങളോടുള്ള വിമര്‍ശം

ഈജിപ്തിലെ അധീശമായ ഇസ്‌ലാമിക വ്യവഹാരത്തോടുള്ള അബൂസയ്ദിന്റെ വിമര്‍ശം നഖ്ദ് അല്‍ കിത്താബ് അല്‍ദീനി എന്ന പുസ്തകത്തില്‍ ഉന്നയിക്കുന്നുണ്ട്. സ്ത്രീകളുടെ പദവിയുമായി ബന്ധപ്പെട്ടും അദ്ദേഹം മതവ്യവഹാരങ്ങളെ വിമര്‍ശിക്കുന്നുണ്ട്. ടെക്സ്റ്റിനെക്കുറിച്ച തന്റെ കണ്‍സപ്റ്റിനെ മുന്‍നിര്‍ത്തിയാണ് അദ്ദേഹം വിമര്‍ശനമുന്നയിക്കുന്നത്. വ്യാഖ്യാനപരമായ അധികാരം നിര്‍മ്മിക്കുകയാണ് അത് ചെയ്യുന്നത്. അഥവാ, ഒരു പ്രത്യേക വ്യാഖ്യാനത്തെ പരമമായ സത്യമായി അത് കണക്കാക്കുകയും അര്‍ത്ഥോല്‍പ്പാദനത്തെ തടയുകയും ചെയ്യുന്നു. അബൂസയ്ദ് എഴുതുന്നു: ‘എല്ലാവരും ഒരു ഇസ്‌ലാമിനെക്കുറിച്ചാണ് സംസാരിക്കുന്നത്. ഇസ്‌ലാമിനെക്കുറിച്ച ഓരോരുത്തരുടെയും മനസ്സിലാക്കലുകളാണ് അവര്‍ ആവിഷ്‌കരിക്കുന്നതെന്ന് ആരും ചിന്തിക്കുന്നില്ല’.

സവിഷേമായ ഒരു വ്യാഖ്യാനത്തെ മാത്രം അനുവദിക്കുന്നതിലൂടെ ദൈവശാസ്ത്രകാരന്‍മാര്‍ ദൈവത്തിന്റെ പേരില്‍ സംസാരിക്കുന്ന (speaking in God’s name) പണിയാണ് എടുക്കുന്നത് എന്ന് അബൂസയ്ദ് ചൂണ്ടിക്കാണിക്കുന്നുണ്ട്. നിയമത്തിന്റെയും സാഹിത്യത്തിന്റെയും കലയുടെയുമെല്ലാം ഇസ്‌ലാമികവല്‍ക്കരണത്തെ അദ്ദേഹം എതിര്‍ക്കുന്നുണ്ട്. ഇസ്‌ലാമികവല്‍ക്കരണം എന്നതുകൊണ്ട് അദ്ദേഹം ഉദ്ദേശിക്കുന്നത് മതവ്യവഹാരങ്ങളുടെ നിര്‍ണ്ണയം (fixation) എന്നതാണ്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സ്‌റ്റേറ്റിന്റെയും മതത്തിന്റെയും സങ്കലനമാണ് അടിസ്ഥാനപരമായി നിര്‍ണ്ണയത്തെയും അധികാരത്തെയുമെല്ലാം ഉല്‍പ്പാദിപ്പിക്കുന്നത്.

ഇസുത്സു

വളരെ സബ്ജക്ടീവായ മതാനുഭവത്തെയും വായനയെയും മുന്നോട്ടുവെക്കുന്ന അബൂസയ്ദ് പരിഷ്‌കരണ ചിന്തകരായ മുഹമ്മദ് അര്‍കൂന്‍, അബ്ദുല്‍ കരീം സോറോഷ് തുടങ്ങിയവരുടെ പാരമ്പര്യത്തിലാണ് വന്നുചേരുന്നത്. അവരെ സംബന്ധിച്ചിടത്തോളമെല്ലാം ഖുര്‍ആന്‍ നല്‍കുന്നത് പൊതുവായ നൈതിക മാര്‍ഗ്ഗനിര്‍ദേശങ്ങളാണ്. അതേസമയം അബൂസയ്ദിന്റെ ഖുര്‍ആന്‍ വായനയെ വ്യത്യസ്തമാക്കുന്നത് ആധുനിക ഭാഷാശാസ്ത്രത്തെയും തത്വചിന്താപരമായ വ്യാഖ്യാനശാസ്ത്രത്തെയും വ്യാഖ്യാന ഇടപാടുമായി ബന്ധിപ്പിച്ചു എന്നിടത്താണ്. അതിലൂടെ ഖുര്‍ആന്റെ സൗന്ദര്യശാസ്ത്ര ഉള്ളടക്കത്തെ വിളംബരം ചെയ്യുകയായിരുന്നു അദ്ദേഹം ചെയ്തത്.

വിവര്‍ത്തനക്കുറിപ്പ്

അബൂസയ്ദിന്റെ എഴുത്തുകള്‍ അധികാരത്തെക്കുറിച്ച് പുനരാലോചിക്കാന്‍ ഇട നല്‍കുന്നുണ്ട്. ‘പാരമ്പര്യത്തെ’ക്കുറിച്ചും മതവ്യവഹാരങ്ങളെക്കുറിച്ചുമെല്ലാം സംസാരിക്കുമ്പോള്‍ അധികാരം എന്ന ഒരൊറ്റ റഫറന്‍സ് പോയിന്റില്‍ നിന്നുകൊണ്ട് സംസാരിക്കുന്നതെന്തു കൊണ്ടാണ്? അധികാരം എന്ന വ്യവഹാരത്തെ മുന്‍നിര്‍ത്തി മാത്രമായിരിക്കുമോ മുസ്‌ലിംകള്‍ ‘പാരമ്പര്യത്തെ’ കണ്‍സീവ് ചെയ്തിട്ടുണ്ടാവുക? അപ്പോള്‍ തസവ്വുഫിനെ എങ്ങനെയായിരിക്കും അബൂസയ്ദ് മനസ്സിലാക്കുക? അധികാരം\ചെറുത്തുനില്‍പ്പ് എന്ന ദ്വന്ദ്വത്തെ മുന്‍നിര്‍ത്തിയുള്ള മതവിമര്‍ശം മതത്തിനകത്ത് തന്നെ നിലനില്‍ക്കുന്ന നിരവധി സങ്കീര്‍ണ്ണതകളെ അഭിമുഖീകരിക്കുന്നില്ല . സബ്ജക്റ്റിവിറ്റിയെക്കുറിച്ചല്ല  ഇവിടെ പറയുന്നത്‌.  മറിച്ച് ഒരു എത്തിക്കല്‍ സെല്‍ഫ് എന്ന അര്‍ത്ഥത്തില്‍ തന്നെ ‘പാരമ്പര്യത്തെ’സമീപിക്കുമ്പോള്‍ അധികാരം എന്ന നോട്ടം അപര്യാപ്തമാണ്. (അവസാനിച്ചു)

വിവ: സഅദ് സല്‍മി

നവീദ് കിര്‍മ്മാനി