Campus Alive

ഖുര്‍ആന്‍: വായനയും ഭാഷാശാസ്ത്ര സമീപനവും

നാസര്‍ അബൂസയ്ദിന്റെ ആലോചനകള്‍- ഭാഗം 2

മൂന്ന പ്രധാനപ്പെട്ട തീമുകളാണ് അബൂസയ്ദിന്റെ വര്‍ക്കുകളില്‍ കാണാന്‍ സാധിക്കുന്നത്: 1) ഇസ്‌ലാമിന്റെ ആദ്യകാലം മുതല്‍ ഇക്കാലം വരെയുള്ള ഖുര്‍ആന്‍ വ്യാഖ്യാന പാരമ്പര്യത്തിന്റെ ചരിത്ര പശ്ചാത്തലങ്ങളെ മനസ്സിലാക്കുക. 2) ഇസ്‌ലാമിക പാരമ്പര്യത്തിനകത്ത് നിലനില്‍ക്കുന്ന വ്യാഖ്യാന ബഹുസ്വരതയെ അടയാളപ്പെടുത്തുക. 3) ഇസ്‌ലാമിക ചരിത്രത്തിലുടനീളം എങ്ങനെയാണ് ഈ ബഹുസ്വരത തുടര്‍ച്ചയായി അവഗണിക്കപ്പെട്ടതെന്ന് കാണുക. തന്റെ മാസ്റ്റര്‍ തിസീസില്‍ അബൂസയ്ദ് ഈ വിഷയങ്ങളെക്കുറിച്ചെല്ലാം വിശദീകരിക്കുന്നുണ്ട്. മുഅ്തസില വിഭാഗം മുന്നോട്ടുവെച്ച ഖുര്‍ആനിന്റെ യുക്തിപരമായ വ്യാഖ്യാനത്തെയാണ് അദ്ദേഹം പരിശോധിക്കുന്നത്. അതുപോലെ ഓരോ കാലത്തെയും രാഷ്ട്രീയ, സാമ്പത്തിക, സാമൂഹ്യ അവസ്ഥകള്‍ക്കനുസരിച്ച് ഖുര്‍ആനിനെ വായിക്കാനുള്ള മുഅത്സിലി ശ്രമത്തെയും അബൂസയ്ദ് പരിഗണിക്കുന്നുണ്ട്. മുഹ്യുദ്ദീന്‍ ഇബ്‌നു അറബിയുടെ ഖുര്‍ആനിന്റെ മിസ്റ്റിക്കല്‍ വ്യാഖ്യാനമടക്കമുള്ള ക്ലാസിക്കല്‍ വ്യാഖ്യാന പാരമ്പര്യത്തെയും അദ്ദേഹം എടുക്കുന്നു. ദൈവവും മനുഷ്യനും തമ്മിലുള്ള തുറന്ന വിനിമയമായി നിലനില്‍പ്പിനെയും ഖുര്‍ആനെയും മനസ്സിലാക്കുന്ന ഇബ്‌നുഅറബിയുടെ വ്യാഖ്യാനത്തെക്കുറിച്ച ആലോചനകള്‍ അബൂസ്ദിന്റെ വ്യാഖ്യാനശാസ്ത്ര സമീപനത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. തന്റെ ആത്മകഥയില്‍ അദ്ദേഹം അത് പറയുന്നുണ്ട്. ഇസ്‌ലാമിക തിയോളജിയെക്കുറിച്ച അബൂസയ്ദിന്റെ വിമര്‍ശനാത്മക എഴുത്തുകളില്‍ ഇമാം ശാഫിഈ, അബൂഹാമിദുല്‍ ഗസ്സാലി, മുഹമ്മദ് അബ്ദു തുടങ്ങിയവരുമായുള്ള തുറന്ന സംവാദത്തെ നമുക്ക് കാണാന്‍ കഴിയും.

എങ്ങനെയാണ് സവിശേഷമായ ചരിത്ര-രാഷ്ട്രീയ-പ്രത്യയശാസ്ത്ര സ്വാധീനങ്ങള്‍ പാരമ്പര്യ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളില്‍ കടന്നുവരുന്നതെന്നും അതെങ്ങനെയാണ് സമകാലിക ഖുര്‍ആന്‍ വ്യാഖ്യാനത്തിന്റെ മൂലശിലയായി മാറുന്നതെന്നുമാണ് തന്റെ പഠനങ്ങളില്‍ അബൂസയ്ദ് പരിശോധിക്കുന്നത്. പാരമ്പര്യത്തെച്ചൊല്ലിയുള്ള നിര്‍ണ്ണയ സമീപനങ്ങള്‍ ഖുര്‍ആനിന്റെ മിസ്റ്റിക്കല്‍ വായനയടക്കമുള്ള സമീപനങ്ങളെ തടഞ്ഞുനിര്‍ത്തുന്നുണ്ട് എന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശം. ഇസ്‌ലാമിന്റെ സാംസ്‌കാരിക ചരിത്രത്തെ രാഷ്ട്രീയ യാഥാസ്ഥിതികതയിലേക്കും പരമ്പരാഗത തിയോളജിയിലേക്കും ചുരുക്കുകയാണ് അവ ചെയ്യുന്നത്. ടെക്‌സറ്റിന്റെ അര്‍ത്ഥവ്യാപനത്തെ തടഞ്ഞുകൊണ്ട് അവ ആവര്‍ത്തനത്തെ ആഘോഷിക്കുന്നു.

ഖുര്‍ആനുമായുള്ള സ്വതന്ത്രമായ ബന്ധം മുസ്‌ലിംകള്‍ക്ക് നഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ് അബുസയ്ദ് പറയുന്നത്. അഥവാ, തൊട്ടുകൂടാന്‍ പാടില്ലാത്ത ഒന്നായി ഖുര്‍ആന്‍ മാറിയിരിക്കുന്നു. ഒരു ഒബ്ജക്ട് ആയി ഖുര്‍ആനെ ചുരുക്കുന്നതിനെ അദ്ദേഹം കണക്കറ്റ് വിമര്‍ശിക്കുന്നുണ്ട്. ഒരു ചരിത്ര പുസ്തകമായി, ചരിത്രത്തെ വിശദീകരിക്കുന്ന ഒരു ഇടപാടായി ഖുര്‍ആന് നിലനില്‍ക്കാന്‍ കഴിയില്ല എന്നാണദ്ദേഹം പറയുന്നത്. രണ്ട് പ്രധാനപ്പെട്ട പ്രശ്‌നങ്ങളെയാണ് താന്‍ അഭിമുഖീകരിക്കുന്നതെന്നാണ് അബൂസയ്ദ് പറയുന്നത്: 1) ഖുര്‍ആനെ എങ്ങനെ സയന്റിഫിക്കലായി മനസ്സിലാക്കാന്‍ സാധിക്കും? 2) ടെക്‌സ്റ്റിന്റെ ചരിത്ര യാഥാര്‍ത്ഥ്യത്തെ വെളിച്ചത്തു കൊണ്ടുവരാന്‍ വേണ്ടി പ്രത്യയശാസ്ത്രപരമായ വ്യാഖ്യാനത്തെ എങ്ങനെ മാറ്റിനിര്‍ത്തും?

അവതരണവും ഖുര്‍ആന്റെ വൈരുദ്ധ്യാത്മകതയും

ഖുര്‍ആന്‍ അവതരണത്തിന്റെ ചരിത്ര പശ്ചാത്തലത്തെ ശ്രദ്ധിക്കുക എന്നത് അനിവാര്യമാണ് എന്നാണ് അബൂസയ്ദ് പറയുന്നത്. അതിലൂടെ മാത്രമേ ചരിത്രപരമായ അര്‍ത്ഥത്തെയും (മഅ്‌നാ) അതിന്റെ വിശാലവും സവിശേഷവുമായ പ്രാധാന്യത്തെയും (മഗ്‌സ) വേര്‍തിരിച്ച് മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. ഖുര്‍ആന്റെ ഭാഷാശാസ്ത്ര വ്യവസ്ഥ അഭിമുഖീകരിക്കുന്നത് അതാദ്യം ആര്‍ക്കാണോ അവതരിച്ചത് അവരെയാണ്. അപ്പോള്‍ ഇന്ന് അതിന്റെ സന്ദേശം മനസ്സിലാക്കണമെങ്കില്‍ ടെക്‌സ്റ്റിന്റെ ചരിത്രപരതയെക്കുറിച്ച ജ്ഞാനം അനിവാര്യമാണ്. അബൂസയ്ദ് എഴുതുന്നു:

‘തീര്‍ച്ചയായും സ്വര്‍ഗ്ഗത്തില്‍ നിന്ന് ഭൂമിയിലേക്കുള്ള ഒരു സന്ദേശം തന്നെയാണ് ഖുര്‍ആന്‍. എന്നാല്‍ യാഥാര്‍ത്ഥ്യത്തിന് എതിരെ നില്‍ക്കുന്ന ഒന്നല്ല അത്.’

ആദ്യമായി ഖുര്‍ആന്‍ അവതരിപ്പിക്കപ്പെടുന്നവരുടെ ഭാഷാശാസ്ത്രപരവും ബൗദ്ധികവുമായ ചക്രവാളത്തിലേക്ക് അത് ഊഴ്ന്നിറങ്ങുമെന്നാണ് അബൂസയ്ദ് പറയുന്നത്. യാഥാര്‍ത്ഥ്യത്തിന് മാറ്റം വരുത്തണമെങ്കില്‍ ആദ്യം അതുമായി ഒരു തരത്തിലുള്ള Embodiment ഖുര്‍ആന്‍ സാധ്യമാക്കേണ്ടതുണ്ട്. അതിനര്‍ത്ഥം ഖുര്‍ആന് യാഥാര്‍ത്ഥ്യവുമായി (വൈരുദ്ധ്യാത്മകമാണെങ്കിലും) ബന്ധമുണ്ടെന്നാണ്. ഖുര്‍ആനും യാഥാര്‍ത്ഥ്യവും തമ്മില്‍ ചരിത്രപരമായി തന്നെ നിലനില്‍ക്കുന്ന വൈരുദ്ധ്യാത്മക ബന്ധത്തെക്കുറിച്ചാണ് (അലഖ ജദലിയ്യ) അബൂസയ്ദ് എഴുതുന്നത്. അഥവാ, ഇസ്‌ലാമിന്റെ ആഗമനത്തിന് മുമ്പ് നിലനിന്നിരുന്ന ആത്മീയ-നൈതിക സങ്കല്‍പ്പങ്ങളെ ഏകദൈവവിശ്വാസത്തില്‍ അധിഷ്ഠിതമായ ഒരു മൂല്യവ്യവസ്ഥയുമായി ഖുര്‍ആന്‍ ബന്ധിപ്പിക്കുകയാണ് ചെയ്തത് എന്നാണ് അദ്ദേഹം പറയുന്നത്. എങ്ങനെയാണ് സവിശേഷമായ ചരിത്ര സംഭവങ്ങളോട് ഖുര്‍ആന്‍ പ്രതികരിച്ചതെന്ന് അബൂസയ്ദ് വിശദീകരിക്കുന്നുണ്ട്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഉലൂമുല്‍ ഖുര്‍ആനും അതിന്റെ തന്നെ വ്യവഹാരങ്ങളായ അസ്ഹാബുല്‍ നൂസൂലും (causes of revelation) അല്‍ നാസിക്ക് വല്‍ മന്‍സൂഖും (abrogating and the abrogated) വികസിച്ചത് ഖുര്‍ആന്റെ ചരിത്രപരമായ മാനത്തെക്കുറിച്ച മനസ്സിലാക്കലില്‍ നിന്നാണ്. സാഹിത്യപഠനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അബൂസയ്ദ് ഖുര്‍ആന്റെ ഭാഷയെക്കുറിച്ചാണ് സംസാരിക്കുന്നത്. തോഷികോ ഇസുത്സുവിന്റെ പഠനങ്ങളെയാണ് അതിനായി അദ്ദേഹം ആശ്രയിക്കുന്നത്. അറബിയില്‍ ഖുര്‍ആന്‍ ഇറക്കിയതിലൂടെ ആ ഭാഷയെ ഉല്‍പ്പാദിപ്പിച്ച സംസ്‌കാരത്തെയും മനുഷ്യഭാഷയെയും ദൈവം സ്വീകരിക്കുകയായിരുന്നു. അതുകൊണ്ട് ഖുര്‍ആന്‍ അടിസ്ഥാനപരമായി ഒരു സംസ്‌കാരത്തിന്റെ ഉല്‍പ്പന്നമാണ്. അബൂസയ്ദ് എഴുതുന്നു:

‘ദൈവം പ്രവാചകന് ഖുര്‍ആന്‍ ഇറക്കിക്കൊടുത്തപ്പോള്‍ ആദ്യമായി അത് സ്വീകരിക്കുന്നവരുടെ ഭാഷയാണ് ഭാഷയാണ് സ്വീകരിച്ചത്. ഒരു ഭാഷയുടെ സംസ്‌കാരത്തില്‍ നിന്നും യാഥാര്‍ത്ഥ്യത്തില്‍ നിന്നും മാറ്റിനിര്‍ത്തിക്കൊണ്ട് ആ ഭാഷയെക്കുറിച്ച് സംസാരിക്കാന്‍ കഴിയില്ല. അതുപോലെ ഒരു ടെക്‌സ്റ്റിനെയും അതിന്റെ സംസ്‌കാരത്തില്‍ നിന്നും യാഥാര്‍ത്ഥ്യത്തില്‍ നിന്നും മാറ്റി വായിക്കാന്‍ കഴിയില്ല. കാരണം ഭാഷയുടെയും സംസ്‌കാരത്തിന്റെയും ചട്ടക്കൂടിലാണ് ഒരു ടെക്‌സ്റ്റ് നിലനില്‍ക്കുന്നത്.’

മനുഷ്യനുമായി സംവദിക്കാന്‍ ദൈവം തിരഞ്ഞെടുത്തത് അറബി ഭാഷയാണ്. വേറേതൊരു ഭാഷയും വായിക്കുന്ന രീതിയുപയോഗിച്ച് തന്നെയാണ് ദൈവത്തിന്റെ ഭാഷയെയും അവന്‍ വായിക്കേണ്ടത്. കാരണം, ഈ ലോകത്തെ ദൈവിക പ്രവര്‍ത്തനം നടക്കുന്നത് സമയത്തിന്റെയും കാലത്തിന്റെയും പരിധിക്കകത്താണ്. അഥവാ, ഈ ലോകത്തിന്റെ നിയമ ചട്ടക്കൂടിനകത്താണ് അത് സംഭവിക്കുന്നത്. ദൈവിക ഭാഷയെ മനസ്സിലാക്കാന്‍ ശ്രമിക്കാന്‍ മനുഷ്യയുക്തിക്ക് സാധ്യമല്ല എന്ന തോന്നല്‍ വരുന്നത് മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധം വേര്‍തിരിവിന്റേതാണ് (separation) എന്ന് മനസ്സിലാക്കുന്നത് കൊണ്ടാണ്. അശ്അരി കാഴ്ചപ്പാടാണത്.

ടെക്‌സ്റ്റും വ്യാഖ്യാതാവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സൂചിപ്പിച്ചതിന് ശേഷം അബൂസയ്ദ് പറയുന്നത് ലിറ്റററി ടെക്‌സ്റ്റുകളുടെ കാര്യത്തില്‍ ഈ ബന്ധം സങ്കീര്‍ണ്ണമാണ് എന്നാണ്. ഖുര്‍ആന്റെ കാര്യവും സമാനമാണ്. ഖുര്‍ആന്റെ അമാനുഷികത തന്നെ നിലനില്‍ക്കുന്നത് അതിന്റെ സാഹിത്യഘടനയിലാണ്. പൊതുവായ ഭാഷാവ്യവസ്ഥയില്‍ നിന്ന് ഖുര്‍ആന്റെ ഭാഷ മാറുന്നില്ലെങ്കിലും അതിന് സ്വന്തമായ ഒരു കോഡുണ്ട്. മാത്രമല്ല, ഭാഷാവ്യവസ്ഥയെ തന്നെ അത് പുനര്‍നിര്‍മ്മിക്കുകയും ചെയ്യുന്നുണ്ട്. ഖുര്‍ആന്റെ വളരെ സവിശേഷമായ ഭാഷാഘടന അതിനെ ഇതര സംസാരങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നുണ്ടെന്നാണ് അബൂസയ്ദ് പറയുന്നത്. ഭാഷയുടെ പലതരത്തിലുള്ള കളികളിലൂടെയാണ് (പച്ചവര്‍ത്താനം മുതല്‍ സാഹിത്യഭാഷ വരെ ഖുര്‍ആന്‍ ഉപയോഗിക്കുന്നുണ്ട്.) അത് സാധ്യമാകുന്നത്. ഖുര്‍ആനിന്റെ സവിശേഷമായ ഈ സാഹിത്യഭാഷയെ വായിക്കണമെങ്കില്‍ സാഹിത്യപഠനങ്ങളിലെ വിശകലന സാമഗ്രികള്‍ അനിവാര്യമാണ്. അതില്‍ വ്യാഖ്യാനശാസ്ത്രവും സാഹിത്യവിമര്‍ശവും ഭാഷാശാസ്ത്രവും ഉള്‍പ്പെടുന്നു. ഖുര്‍ആനും സാഹിത്യപഠനങ്ങളും തമ്മിലുള്ള ഒരു സങ്കലനമാണ് അബൂസയ്ദ് മുന്നോട്ടുവെക്കുന്നത്. ഖുര്‍ആന്റെ ഭാഷാശാസ്ത്രപരമായ ഉള്ളടക്കത്തെ മനസ്സിലാക്കിയെങ്കില്‍ മാത്രമേ അതിന്റെ കാലികമായ സന്ദേശത്തെ ഉള്‍ക്കൊള്ളാന്‍ കഴിയൂ എന്നാണ് അബൂസയ്ദ് പറയുന്നത്. അതിലൂടെ ഖുര്‍ആനിന്റെ ചരിത്രപരമായ വ്യാഖ്യാനത്തെ (ആറാം നൂറ്റാണ്ടില്‍ കുടുങ്ങിക്കിടക്കുന്ന) മറികടക്കാന്‍ കഴിയുമെന്നാണ് അബൂസയ്ദ് പറയുന്നത്. (തുടരും)

വിവര്‍ത്തകക്കുറിപ്പ്

നിരന്തരമായ അര്‍ത്ഥോല്‍പ്പാദനത്തെ സാധ്യമാക്കുന്ന എഴുത്താണ് അബൂസയ്ദിന്റേതെങ്കിലും ലോകത്തോടുള്ള വളരെ അഫേര്‍മാറ്റീവ് ആയ ഇടപാടുകളിലൂടെയാണ് അത് സാധ്യമാകുന്നത്. അതുകൊണ്ടാണ് ചരിത്രം, സമയം, കാലം, ആഖ്യാനം എന്നിവയെയെല്ലാം മറികടക്കേണ്ട ഖുര്‍ആന്‍ വായനയെക്കുറിച്ച് പറയുമ്പോഴും ഖുര്‍ആനെ വായിക്കാന്‍ നമുക്ക് ചുറ്റുമുള്ള ജ്ഞാനമണ്ഡലത്തെ (History, Literature, Hermeneutics, semantics, literary studies തുടങ്ങിയവ) തന്നെ അബൂസയ്ദ് ഉപയോഗിക്കുന്നത്. അതൊരു പരിമിതിയായിട്ടാണ് ഞാന്‍ മനസ്സിലാക്കുന്നത്. സെക്കുലാരിറ്റിയുടെ (sanity എന്നും വായിക്കാം) ലോകത്ത് അഫേര്‍മാറ്റീവ് ആയി നിലനില്‍ക്കാന്‍ അതുകൊണ്ട് സാധിച്ചേക്കാം. അങ്ങനെയുള്ള ഒരു നിലനില്‍പ്പ് ആഗ്രഹിക്കുന്നവര്‍ക്ക് അബൂസയ്ദിനൊപ്പം സഞ്ചരിക്കാവുന്നതാണ്.

വിവ: സഅദ് സല്‍മി

നവീദ് കിര്‍മ്മാനി