Campus Alive

തുര്‍ക്കി:ഗുലെര്‍ ഫ്രെയിമുകളിലൂടെ ഒരു പാമുക്കിയന്‍ സഞ്ചാരം

തുര്‍ക്കിഷ് ഫോട്ടോഗ്രാഫറായ അറ ഗുലെറിനെ സാഹിത്യകാരനായ ഓര്‍ഹാന്‍ പാമുക്ക് ഓര്‍ക്കുന്നു

 

ആധുനിക തുര്‍ക്കിയിലെ പ്രസിദ്ധനായ ഒരു ഫോട്ടോഗ്രാഫറായിരുന്നു കഴിഞ്ഞ ഒക്ടോബര്‍ പതിനേഴിന് മരണപ്പെട്ട അറ ഗുലെര്‍. 1928 ല്‍ ഇസ്തംബൂളിലെ ഒരു അര്‍മേനിയന്‍ കുടുംബത്തിലാണ് അദ്ദേഹം ജനിക്കുന്നത്. 1950 മുതല്‍ക്ക് തന്നെ ഇസ്തംബൂള്‍ നഗരത്തിന്റെ ചിത്രങ്ങള്‍ ഗുലെര്‍ പകര്‍ത്താന്‍ തുടങ്ങിയിരുന്നു. ഇസ്തംബൂളിലൂടെ പ്രൗഢിയോടെ ഒഴുകുന്ന നീരുറവകള്‍, അതിഗംഭീരമായ പള്ളികള്‍, ഒട്ടോമന്‍ സ്മാരക വാസ്തുവിദ്യ എന്നിവയോടൊപ്പം മനുഷ്യ ജീവിതങ്ങളെയും അദ്ദേഹം ഒപ്പിയെടുത്തു. ഗുലെര്‍ ഫോട്ടോ എടുക്കാന്‍ തുടങ്ങി രണ്ട് വര്‍ഷത്തിന് ശേഷം 1952ലാണ് ഞാന്‍ ജനിക്കുന്നത്. അദ്ദേഹത്തിന്റെ അയല്‍പക്ക പ്രദേശങ്ങളിലാണ് ഞാന്‍ ജീവിച്ചത്. അറ ഗുലെറിന്റെ ഇസ്തംബൂളാണ് എന്റെയും ഇസ്തംബൂള്‍.

1960 ലാണ് ഞാന്‍ ആദ്യമായി ഗുലെറിനെക്കുറിച്ച് കേള്‍ക്കുന്നത്. ഫോട്ടോഗ്രഫിക്ക് പ്രധാന ഊന്നല്‍ നല്‍കുന്ന ഹയാത്ത് എന്ന ന്യൂസ് മാഗസിനില്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ച് വന്നപ്പോഴായിരുന്നു അത്. എന്റെ അമ്മാവന്‍മാരിലൊരാളാണ് അത് എഡിറ്റ് ചെയ്തിരുന്നത്. പിക്കാസോ, ഡാലി തുടങ്ങിയ കലാകാരന്‍മാരുടെയും എഴുത്തുകാരുടെയും നോവലിസ്റ്റായ അഹ്മെത് ഹംദി തന്‍പിനാറിനെപ്പോലുള്ള പഴയ തലമുറയില്‍ പെട്ട സാഹിത്യ-സാംസ്‌കാരിക പ്രതിഭകളുടെയും ചിത്രങ്ങള്‍ ഗുലെര്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. The Black Book എന്ന എന്റെ നോവലിന്റെ വിജയത്തിന് ശേഷമാണ് ഗുലെര്‍ ആദ്യമായി എന്റെ ഫോട്ടോ എടുക്കുന്നത്. ഒരു എഴുത്തുകാരനായിത്തീര്‍ന്നതിന്റെ സന്തോഷമാണ് എനിക്കപ്പോള്‍ അനുഭവപ്പെട്ടത്.

അര നൂറ്റാണ്ടോളം ഗുലെര്‍ ഇസ്തംബൂളിനെ ക്യാമറയില്‍ ഒപ്പിയെടുത്തിട്ടുണ്ട്. വളരെ താല്‍പര്യത്തോടെ തന്നെ ഞാനദ്ദേഹത്തിന്റെ ഫോട്ടോകളെക്കുറിച്ച് പഠിച്ചിട്ടുണ്ട്. ഇസ്തംബൂള്‍ നഗരത്തിന്റെ പരിവര്‍ത്തനവും വികാസവും അവയിലൂടെ കാണാന്‍ വേണ്ടിയായിരുന്നു അത്. 2003 ലാണ് ഗുലെറുമായുള്ള സുഹൃദ്ബന്ധം ഞാന്‍ തുടങ്ങുന്നത്. ‘ഇസ്തംബൂള്‍’ എന്ന എന്റെ പുസ്തകമെഴുത്തുമായി ബന്ധപ്പെട്ട പഠനത്തിനിടയില്‍ അദ്ദേഹത്തിന്റെ ഒമ്പത് ലക്ഷത്തോളം വരുന്ന ഫോട്ടോശേഖരം പരിശോധിക്കുന്നതിനിടയിലായിരുന്നു അത്. മൂന്ന് നിലകളുള്ള തന്റെ വീടിനെ അദ്ദേഹം ഒരു വര്‍ക്ക്ഷോപ്പും ഓഫീസുമൊക്കെയാക്കി മാറ്റിയിട്ടുണ്ടായിരുന്നു. കൂടാതെ അദ്ദേഹത്തിന്റെ ഫോട്ടോശേഖരവും അവിടെയുണ്ടായിരുന്നു.

എന്റെ പുസ്തകത്തിന് വേണ്ടത് എല്ലാവര്‍ക്കും പരിചിതമായ അറ ഗുലെറിന്റെ പ്രസിദ്ധമായ ചിത്രങ്ങളായിരുന്നില്ല. മറിച്ച് ഞാന്‍ വര്‍ണിച്ചു കൊണ്ടിരുന്ന വ്യഥ നിറഞ്ഞ ഇസ്തംബൂളിനോട് പൊരുത്തപ്പെടുന്ന ചിത്രങ്ങളായിരുന്നു എന്റെ തേട്ടം. കുട്ടിക്കാലത്തെ അന്തരീക്ഷമായിരുന്നു എന്റെ മനസ്സിലുണ്ടായിരുന്നത്. എന്നാല്‍ ഞാന്‍ പ്രതീക്ഷിച്ചതിലുമേറെ ചിത്രകള്‍ ഗുലെറിന്റെ പക്കലുണ്ടായിരുന്നു. ശൂന്യവും ശുദ്ധവും വിനോദസഞ്ചാരവുമായി ബന്ധപ്പെട്ടതുമായ ചിത്രങ്ങളെ അദ്ദേഹം വെറുത്തിരുന്നു. എന്റെ താല്‍പര്യത്തിനനുസരിച്ച് തന്റെ ഫോട്ടോശേഖരത്തെ എനിക്ക് മുമ്പില്‍ തുറന്നിടുകയായിരുന്നു അദ്ദേഹം.

1950 കളില്‍ പത്രങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെടാന്‍ തുടങ്ങിയ അറയുടെ ദരിദ്രരുടെയും തൊഴില്‍രഹിതരുടെയും വിദൂരഗ്രാമങ്ങളില്‍ നിന്ന് പുതിയ മനുഷ്യരുടെയും ചിത്രങ്ങളിലൂടെയാണ് ഞാന്‍ ‘അജ്ഞാതമായ’ ഇസ്തംബൂളിനെ അറിയാന്‍ തുടങ്ങിയത്.

കോഫി ഷോപ്പുകളിലിരുന്ന് വലയുടെ കേടുപാടുകള്‍ തീര്‍ക്കുന്ന മുക്കുവന്‍മാര്‍, മദ്യശാലകളില്‍ ബോധം കെട്ടിരിക്കുന്ന തൊഴില്‍രഹിതര്‍, നഗരത്തിലെ പൊളിഞ്ഞുവീണ പുരാതന മതിലുകള്‍ക്ക് സമീപമിരുന്ന് കാര്‍ ചക്രങ്ങള്‍ ശരിയാക്കുന്ന കുട്ടികള്‍, നിര്‍മ്മാണ തൊഴിലാളികള്‍, റെയില്‍വെ തൊഴിലാളികള്‍, ഒരു നദീതീരത്ത് നിന്നും മറ്റൊരു തീരത്തേക്ക് നഗരവാസികളെ കൊണ്ടുപോകുന്ന വഞ്ചിക്കാര്‍, ഉന്തുവണ്ടികളുമായി നടക്കുന്ന പഴക്കച്ചവടക്കാര്‍, ഗലാത്ത പാലം തുറക്കാന്‍ രാവിലെത്തന്നെ കാത്തിരിക്കുന്ന ജനങ്ങള്‍, അതിരാവിലെ ഓടുന്ന മിനിബസ് ഡ്രൈവര്‍മാര്‍ തുടങ്ങിയ ഇസ്തംബൂള്‍ തെരുവുകളിലെ നിവാസികളുടെ ജീവിതങ്ങള്‍ അറയുടെ ചിത്രങ്ങളില്‍ നമുക്ക് കാണാം. ഇസ്തംബൂള്‍ നഗരത്തോടും അവിടുത്തെ ജനതയോടും അദ്ദേഹം എത്രത്തോളം ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ തെളിവാണത്.

അറയുടെ ചിത്രങ്ങള്‍ നമ്മോട് പറയുന്നതിതാണ്: ഇസ്തംബൂളിലെ മനോഹരമായ നഗര ചിത്രങ്ങള്‍ക്ക് അവസാനമില്ല. എന്നാല്‍ മനുഷ്യജീവിതങ്ങളാണ് കൂടുതല്‍ മനോഹരം!’ അറ ഗുലെര്‍ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത നഗരങ്ങളും മനുഷ്യജീവിതങ്ങളും തമ്മില്‍ അദ്ദേഹം കണ്ടെത്തുന്ന വൈകാരികമായ ബന്ധമാണ്. നഗരത്തിന്റെ ഓട്ടോമന്‍ സ്മാരകങ്ങളോടും പ്രൗഢമായ പള്ളികളോടും അരുവികളോടും കൂടെ പകര്‍ത്തപ്പെടുന്ന ഇസ്തംബൂളിലെ ജീവിതങ്ങള്‍ എത്രത്തോളം ദുര്‍ബലമാണ് എന്ന തിരിച്ചറിവ് അറയുടെ ചിത്രങ്ങള്‍ എനിക്ക് നല്‍കിയിട്ടുണ്ട്.

അദ്ദേഹം എന്നോട് അസ്വസ്ഥതയോടൈ പറയാറുണ്ട്: ‘നീ എന്റെ ചിത്രങ്ങള്‍ ഇഷ്ടപ്പെടാനുള്ള കാരണം അത് നിന്റെ ചെറുപ്പകാലത്തെ ഇസ്തംബൂളിനെ ഓര്‍മ്മിപ്പിക്കുന്നത് കൊണ്ടാണ്’.

അപ്പോള്‍ ഞാന്‍ പറയും: ‘ഒരിക്കലുമല്ല. നിങ്ങളുടെ ചിത്രങ്ങള്‍ മനോഹരമായതു കൊണ്ടാണ് ഞാനിഷ്ടപ്പെടുന്നത്.’

എന്നാല്‍ സൗന്ദര്യവും ഓര്‍മ്മയും വ്യത്യസ്തമായ കാര്യങ്ങളാണോ? നമ്മുടെ ഓര്‍മ്മകള്‍ക്ക് പരിചിതമായ കാര്യങ്ങളെല്ലാം മനോഹരമല്ലേ? ഇത്തരം ചോദ്യങ്ങളെല്ലാം അദ്ദേഹവുമായി ചര്‍ച്ച ചെയ്യുന്നതിനെ ഞാന്‍ ആസ്വദിച്ചിരുന്നു.

അദ്ദേഹത്തിന്റെ ഇസ്തംബൂള്‍ ഫോട്ടോശേഖരത്തെക്കുറിച്ച് പഠിക്കുന്ന സമയത്ത് എന്തുകൊണ്ടാണ് അവ എന്നെ ഇത്രത്തോളം ആകര്‍ഷിക്കുന്നത് എന്ന് ഞാന്‍ ആശ്ചര്യം കൊണ്ടിരുന്നു. ആ ചിത്രങ്ങള്‍ എല്ലാവരെയും എന്നെപ്പോലെ ആകര്‍ഷിക്കുമോ? അവഗണിക്കപ്പെട്ടതാണെങ്കിലും ഞാന്‍ എന്റെ ജീവിതം ചെലവഴിച്ച നഗരത്തിലെ ജീവിത ചിത്രങ്ങള്‍ നോക്കിനില്‍ക്കുക എന്നത് അമ്പരപ്പിക്കുന്ന കാര്യം തന്നെയാണ്. തെരുവുകളിലെ കാറുകള്‍, വഴിവാണിഭക്കാര്‍, ട്രാഫിക് പോലീസ്, തൊഴിലാളികള്‍, മഞ്ഞു മൂടിയ പാലങ്ങള്‍ മുറിച്ചുകടക്കുന്ന മുഖമക്കന ധരിച്ച സത്രീകള്‍, പഴയ ബസ് സ്റ്റോപ്പുകള്‍, അവിടെയുള്ള മരങ്ങളുടെ നിഴലുകള്‍, ചുവര്‍ചിത്രങ്ങള്‍ എന്നിവയെല്ലാം അവയില്‍ ചിലതാണ്.

എന്നെപ്പോലെ 65 വര്‍ഷം ഒരു നഗരത്തില്‍ തന്നെ ജീവിതം ചെലവഴിച്ചവരെ സംബന്ധിച്ചിടത്തോളം അവിടുത്തെ ഭൂദൃശ്യങ്ങള്‍ നമ്മുടെ വൈകാരിക ജീവിതത്തിന്റെ സൂചികയായി മാറിയിട്ടുണ്ടാകും. ഒരുപക്ഷെ ഒരു നഗരം നമ്മെ ഓര്‍മ്മിപ്പിക്കുക ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ട വേദനാജനകമായ സന്ദര്‍ഭത്തെയായിരിക്കും. ഏതെങ്കിലും ഒരു പാലത്തിന്റെ ദൃശ്യത നമ്മുടെ യുവത്വത്തിന്റെ ഏകാന്തതയെ തിരികെ കൊണ്ടുവന്നേക്കാം. ആനന്ദകരമായ ഒരു പ്രണയബന്ധത്തിന്റെ ഓര്‍മ്മകളെ തിരിച്ചുപിടിക്കാന്‍ ഒരു നഗരചത്വരത്തിന് സാധിക്കും. ഇരുണ്ട ഇടവഴി നമ്മുടെ രാഷ്ട്രീയ ഭയങ്ങളുടെ ഓര്‍മ്മപ്പെടുത്തലായേക്കാം. ജയിലിലടക്കപ്പെട്ട നമ്മുടെ സുഹൃത്തുക്കളുടെ ഓര്‍മ്മയെ ഉദ്ദീപിപ്പിക്കാന്‍ ഒരു പഴയ കോഫിഹൗസിന് സാധിക്കും. ഒരു ഫലവൃക്ഷമാകട്ടെ, നമ്മുടെ ദാരിദ്ര്യാവസ്ഥയെ ഓര്‍മ്മിപ്പിക്കും.

സുഹൃദ്ബന്ധത്തിന്റെ ആദ്യ ദിവസങ്ങളില്‍ ഞങ്ങളൊരിക്കലും അറയുടെ അര്‍മീനിയന്‍ പാരമ്പര്യത്തെക്കുറിച്ചോ ഒട്ടോമന്‍ അര്‍മീനിയക്കാരുടെ വേദനാജനകമായ അടിച്ചമര്‍ത്തലിന്റെ ചരിത്രത്തെക്കുറിച്ചോ സംസാരിച്ചിട്ടില്ല. തുര്‍ക്കിയില്‍ ഈ വിഷയം സംസാരിക്കുന്നത് തന്നെ നിരോധിച്ചിട്ടുണ്ട്. അതിനെക്കുറിച്ച് അദ്ദേഹത്തോട് സംസാരിക്കുന്നത് പ്രയാസകരമാണെന്നാണ് എനിക്ക് തോന്നിയത്. ഞങ്ങളുടെ സുഹൃദ്ബന്ധത്തെ തന്നെ അത് സാരമായി ബാധിച്ചേക്കാം. ആ വിഷയത്തെക്കുറിച്ച സംസാരം തുര്‍ക്കിയിലെ തന്റെ അതിജീവനത്തിന് തന്നെ ഭീഷണിയാണെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു.

എന്നാല്‍ പിന്നീട് അദ്ദേഹം എന്നെ കുറച്ചൊക്കെ വിശ്വസിക്കാന്‍ തുടങ്ങുകയും മറ്റുള്ളവരുമായി ചര്‍ച്ച ചെയ്യാത്ത രാഷ്ട്രീയ വിഷയങ്ങള്‍ എന്നോട് പങ്കുവെക്കാന്‍ തുടങ്ങുകയും ചെയ്തു. ഒരിക്കല്‍ അദ്ദേഹം എന്നോട് 1942 ല്‍ നടന്ന ഒരു സംഭവം വിവരിക്കുകയുണ്ടായി. അമുസ്ലിം പൗരന്‍മാരുടെ മേല്‍ അന്നത്തെ തുര്‍ക്കി ഭരണകൂടം നടപ്പിലാക്കിയ ഭീമമായ വിഭവനികുതി ഒഴിവാക്കാനും ലേബര്‍ ക്യാമ്പില്‍ നിന്ന് രക്ഷപ്പെടാനും ഒരിക്കല്‍ പോലും പുറത്ത് പോയിട്ടില്ലാത്ത അദ്ദേഹത്തിന്റെ പിതാവ് സ്വന്തം വീട്ടില്‍ നിന്ന് വേറൊരിടത്ത് ഒളിച്ചുതാമസിച്ച ഭീതിജനകമായ ദിനങ്ങളെക്കുറിച്ചായിരുന്നു അദ്ദേഹം എന്നോട് സംസാരിച്ചത്.

1955 സെപ്റ്റംബര്‍ ആറിന് രാത്രി നടന്ന ഒരു സംഭവവും അദ്ദേഹം വിവരിക്കുകയുണ്ടായി. സൈപ്രസിലെ സംഭവങ്ങളെത്തുടര്‍ന്ന് തുര്‍ക്കിയും ഗ്രീസും തമ്മില്‍ രാഷ്ട്രീയ സംഘര്‍ഷം ഉടലൈടുത്തപ്പോള്‍ തുര്‍ക്കി ഭരണകൂടം തന്നെ നിയമിച്ച ഒരു സംഘമാളുകള്‍ ഗ്രീക്കുകാരുടെയും അര്‍മീനിയക്കാരുടെയും ജൂതന്‍മാരുടെയും ഷോപ്പുകള്‍ കൊളളയടിക്കുകയും ചര്‍ച്ചുകളും ജൂത പള്ളികളും തകര്‍ക്കുകയും ചെയ്തിരുന്നു. ഇസ്തിഖാല്‍ നഗരത്തെ ഒരു യുദ്ധഭൂമിയാക്കി അന്ന് തുര്‍ക്കി ഭരണകൂടം മാറ്റുകയുണ്ടായി.

ഇസ്തിഖാല്‍ നഗരത്തിലെ ഒട്ടുമിക്ക കടകളും അര്‍മീനിയന്‍, ഗ്രീക്ക് കുടുംബങ്ങളുടേതാണ്. 1950 കളില്‍ എന്റെ മാതാവിന്റെ കൂടെ ഞാന്‍ ആ കടകളിലെല്ലാം കയറാറുണ്ടായിരുന്നു. അവര്‍ തുര്‍ക്കിഷ് ആണ് സംസാരിച്ചിരുന്നത്. ഞങ്ങള്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ അവരുടെ തുര്‍ക്കിഷ് ഉച്ചാരണത്തെ ഞാന്‍ അനുകരിക്കാറുണ്ടായിരുന്നു. 1955 ല്‍ നടന്ന വംശീയ ഉന്‍മൂലനത്തിന് ശേഷം മിക്ക അര്‍മീനിയക്കാരും ഗ്രീക്കുകാരും ഇസ്തിഖാല്‍ നഗരവും ഇസ്തംബൂളിലെ സ്വന്തം വീടുകളും ഉപേക്ഷിച്ച് പലായനം ചെയ്യുകയുണ്ടായി. 1960 കളുടെ പകുതിയായപ്പോഴേക്കും ഇസ്തംബൂള്‍ വിടാത്തവരായി ആരുമുണ്ടായിരുന്നില്ല.

ഈ സംഭവങ്ങളെയെല്ലാം ക്യാമറയില്‍ പകര്‍ത്തിയതിനെക്കുറിച്ച് അറയും ഞാനും സംസാരിക്കുകയുണ്ടായി. എന്നാല്‍ ഒട്ടോമന്‍ അര്‍മീനിയക്കാരുടെയും അറയുടെ പിതാമഹന്‍മാരുടെയുമെല്ലാം വിനാശത്തെക്കുറിച്ച് ഞങ്ങളൊന്നും ചര്‍ച്ച ചെയ്തിരുന്നില്ല.

2005 ല്‍ ഒരു ഇന്റര്‍വ്യൂവില്‍ വെച്ച് തുര്‍ക്കിയില്‍ ചിന്താസ്വാതന്ത്ര്യമില്ല എന്നും 90 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒട്ടോമന്‍ അര്‍മീനിയക്കാര്‍ക്കെതിരെ നടന്ന വംശഹത്യയെക്കുറിച്ച് സംസാരിക്കാന്‍ പോലും സാധ്യമല്ല എന്നും ഞാന്‍ സൂചിപ്പിക്കുകയുണ്ടായി. ഒരു ദേശീയ പത്രം ഞാന്‍ പറയാത്തതെല്ലാം കൂട്ടിച്ചേര്‍ത്ത് പ്രസിദ്ധീകരിക്കുകയും ചെയ്തു. തുര്‍ക്കി പാരമ്പര്യത്തെ അപമാനിക്കുക എന്ന മൂന്ന് വര്‍ഷത്തോളം ജയിലില്‍ കിടക്കേണ്ടി വരുന്ന കുറ്റം ചാര്‍ത്തിയാണ് എന്നെ അന്ന് ഇസ്തംബൂള്‍ കോടതിയില്‍ ഹാജരാക്കിയത്.

രണ്ട് വര്‍ഷത്തിന് ശേഷമാണ് എന്റെ സുഹൃത്തും അര്‍മീനിയന്‍ പത്രപ്രവര്‍ത്തകനുമായ ഹ്രാന്റ് ടിക്ക് ഇസ്തംബൂള്‍ നഗരത്തിന്റെ മധ്യത്തില്‍ വെടിയേറ്റ് കൊല്ലപ്പെടുന്നത്. ‘അര്‍മീനിയന്‍ വംശഹത്യ’ എന്ന് ഉച്ചരിച്ചതിന്റെ പേരിലായിരുന്നു അത്. അടുത്ത ഇര ഞാനാകുമെന്ന് ചില പത്രങ്ങള്‍ സൂചന നല്‍കുകയും ചെയ്തു. എനിക്ക് നേരെയുള്ള വധശ്രമങ്ങള്‍ അധികരിക്കുകയും ദേശീയമാധ്യമങ്ങള്‍ എനിക്കെതിരെ ക്യാംപെയ്ന്‍ ആരംഭിക്കുകയും ചെയ്തപ്പോള്‍ ഞാന്‍ ന്യൂയോര്‍ക്കില്‍ തന്നെ കൂടുതല്‍ ദിനങ്ങള്‍ ചെലവഴിക്കാന്‍ തുടങ്ങി. ആരോടും പറയാതെയാണ് ഇസ്തംബൂളിലെ ഓഫീസിലേക്ക് ഇടക്കൊക്കെ ഞാന്‍ വരാറുള്ളത്.

ഹ്രാന്റ് ഡിങ്കിന്റെ കൊലപാതകത്തിന് ശേഷമുള്ള ഒരു ദിവസം ഞാന്‍ നാട്ടിലേക്ക് തിരിക്കുകയും ഓഫീസിലേക്ക് പോവുകയും ചെയ്തു. ഞാനെത്തിയ ഉടന്‍ തന്നെ ഫോണ്‍ ബെല്ലടിക്കാന്‍ തുടങ്ങി. ഓഫീസില്‍ വെച്ച് ഞാന്‍ ഫോണ്‍ എടുക്കാറുണ്ടായിരുന്നില്ല. കുറേ നേരം അടിച്ചപ്പോള്‍ സഹികെട്ട് ഞാന്‍ ഫോണ്‍ എടുത്തു. അത് അറയായിരുന്നു. ‘നീ തിരിച്ചു വന്നോ? ഞാനിപ്പോള്‍ വരാം,’ അതും പറഞ്ഞ് അദ്ദേഹം ഫോണ്‍ വെക്കുകയും ചെയ്തു.

പതിനഞ്ച് മിനുറ്റുകള്‍ക്ക് ശേഷം അറ എന്റെ ഓഫീസിലേക്ക് കയറി വന്നു. അദ്ദേഹത്തിന് ശ്വാസം കിട്ടുന്നുണ്ടായിരുന്നില്ല. എല്ലാവരെയും അപ്പോഴദ്ദേഹം ശപിക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന് എന്നെ അദ്ദേഹം ആലിംഗനം ചെയ്യുകയും കരയാന്‍ തുടങ്ങുകയും ചെയ്തു. ഞാനാകെ അന്തംവിട്ടുപോയി. അറയെ അറിയുന്നവര്‍ക്കൊക്കെ അദ്ദേഹം എത്രത്തോളം മാനസികമായി കരുത്തുള്ളവനായിരുന്നു എന്നറിയാം. അവര്‍ക്ക് എന്റെ ആശ്ചര്യത്തിന്റെ കാരണം മനസ്സിലായിട്ടുണ്ടാകും. അദ്ദേഹം എന്നോട് ആവര്‍ത്തിച്ച് പറഞ്ഞതിതായിരുന്നു: ‘അവര്‍ക്ക് നിന്നെ തൊടാന്‍ കഴിയില്ല.’

അദ്ദേഹം കരച്ചില്‍ നിര്‍ത്തിയില്ല. കൂടുതല്‍ അദ്ദേഹം കരയുന്തോറും എന്നെ കുറ്റബോധം പിടികൂടിക്കൊണ്ടിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ അദ്ദേഹം ശാന്തനാവുകയും ഒരു ഗ്ലാസ് വെള്ളം കുടിച്ചതിന് ശേഷം തിരിച്ചുപോവുകയും ചെയ്തു.

അതിന് ശേഷം ഞങ്ങള്‍ വീണ്ടും കണ്ടുമുട്ടി. ഒന്നും സംഭവിക്കാത്ത പോലെ അദ്ദേഹത്തിന്റെ ഫോട്ടോശേഖരത്തില്‍ ഞാന്‍ എന്റെ പഠനം തുടരുകയും ചെയ്തു. അദ്ദേഹത്തിന്റെ പിതാമഹന്‍മാരെക്കുറിച്ച് ചോദിക്കാന്‍ ഞാന്‍ തിടുക്കം കൂട്ടിയിരുന്നില്ല. മഹാനായ ആ ഫോട്ടോഗ്രാഫര്‍ തന്റെ കണ്ണുനീരിലൂടെ തന്നെ എല്ലാം പറഞ്ഞുതന്നിരുന്നു.

കൊല്ലപ്പെട്ട തങ്ങളുടെ പൂര്‍വ്വികരെക്കുറിച്ച് മനുഷ്യര്‍ക്ക് സ്വതന്ത്രമായി സംസാരിക്കാന്‍ കഴിയുന്ന ഒരു ജനാധിപത്യത്തെ അറ സ്വപ്നം കണ്ടിരുന്നു. എന്നാല്‍ തുര്‍ക്കി ഒരിക്കലും ഒരു ജനാധിപത്യ രാഷ്ട്രമായി മാറിയിട്ടില്ല. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടയില്‍ രാഷ്ട്രം കൈവരിച്ച പുരോഗതിയും സാമ്പത്തിക വളര്‍ച്ചയുമൊന്നും ജനാധിപത്യത്തെ വികസിപ്പിക്കാനല്ല ഉപയോഗപ്പെടുത്തിയത്. മറിച്ച്, സ്വതന്ത്രചിന്തയെ കൂടുതല്‍ പരിമിതപ്പെടുത്താന്‍ വേണ്ടിയാണ്. എല്ലാ തരത്തിലുമുള്ള രാഷ്ട്ര വളര്‍ച്ചക്ക് ശേഷവും അറ ഗുലെറിന്റെ പഴയ ഇസ്തംബൂള്‍ അദ്ദേഹത്തിന്റെ ഒരു പുസ്തകത്തിന്റെ തലക്കെട്ട് കടമെടുത്ത് പറയുകയാണെങ്കില്‍ ഒരു ‘നഷ്ടപ്പെട്ട ഇസ്തംബൂളാണ്’.

ഓര്‍ഹാന്‍ പാമുക്ക്‌