Campus Alive

ആഫ്രോപെസിമിസ്റ്റ് വായനകളും ലോകവിമര്‍ശവും

ഓര്‍ലാന്‍ഡോ പാറ്റേഴ്‌സണെപ്പോലെയുള്ള ബ്ലാക്ക് റാഡിക്കല്‍ എഴുത്തുകാരും ചിന്തകരുമൊക്കെ പറയുന്നത് ആഫ്രോപെസിമിസം എന്നത് അടിമത്വത്തെയും ബ്ലാക്ക് വിരുദ്ധതയെയുമൊക്കെ പുതിയ വായനകളിലൂടെയും വിമര്‍ശനങ്ങളിലൂടെയുമൊക്കെ മനസ്സിലാക്കാനുള്ള തിയററ്റിക്കല്‍ അപ്രോച്ച് ആണെന്നാണ്. ആഫ്രോപെസിമിസം പറയുന്നത് തൊഴില്‍പരമായ അധികാരപ്രയോഗം മാത്രമല്ല അടിമകളുടെ മേല്‍ പ്രയോഗിക്കപ്പെടുന്നത് എന്നാണ്. മറിച്ച്, അവരുടെ being നെത്തന്നെയാണ് സവിശേഷമായ അധികാരപ്രയോഗങ്ങളിലൂടെ അസന്നിഹിതമാക്കിക്കൊണ്ടിരിക്കുന്നത്. അതിനാല്‍ തന്നെ ഒരു സാമൂഹിക വിഷയിയായി അവര്‍ മനസ്സിലാക്കപ്പെടുകയോ മനുഷ്യന്‍ എന്ന സാര്‍വ്വലൗകിക കാറ്റഗറിയില്‍ ഉള്‍പ്പെടുത്തപ്പെടുകയോ ചെയ്യുന്നില്ല.

ഒരു ഒബ്ജക്ട് എന്ന നിലയില്‍ അടിമ സാമൂഹികമായി മരിച്ചവനാണ്. അതിനാല്‍ തന്നെ അവന്‍ തുടര്‍ച്ചയായ വയലന്‍സിന് വിധേയനായിരിക്കും. അത്പക്ഷെ എന്തെങ്കിലും കുറ്റം ചെയ്തതിന്റെ പേരിലോ അതിക്രമം പ്രവര്‍ത്തിച്ചതിന്റെ പേരിലോ സാധാരണ ആളുകള്‍ നേരിടാറുള്ള വയലന്‍സിന് സമാനമല്ല. മറിച്ച്, ഓണ്‍ടോളജിക്കലായ വയലന്‍സാണത്. അടിമയുടെ സാമൂഹികമരണം എന്നത് അവന്റെ being മായാണ് ബന്ധപ്പെട്ടിരിക്കുന്നത്. അങ്ങനെയാണ് അവന്റെ ഓണ്‍ടോളജി നിര്‍വ്വചിക്കപ്പെടുന്നത്. ആഫ്രോപെസിമിസം പറയുന്നത് അടിമ തന്റെ അടിമത്വം അനുഭവിക്കുന്നത് ഓണ്‍ടോളജിക്കലായാണ് എന്നാണ്. അല്ലാതെ ചൂഷണവും ഒറ്റപ്പെടലും നേരിടുന്ന അടിച്ചമര്‍ത്തപ്പെടുന്ന ഒരു വസ്തു എന്ന നിലക്കല്ല.

fa

ആഫ്രോപെസ്സിമിസത്തെ സംബന്ധിച്ചിടത്തോളം അടിമത്വം ഒരിക്കലും അവസാനിച്ചിട്ടില്ല. മറിച്ച്, അധികാരവും ആധിപത്യവുമെല്ലാം പുതിയ രീതികളിലൂടെയും ഭാഷകളിലൂടെയുമാണ് നിലനില്‍ക്കുന്നത്. വംശീയവല്‍ക്കരിക്കപ്പെട്ട ഒരു ബ്ലാക്ക് സബ്ജക്ട് ആയി അടിമ രൂപാന്തരപ്പെടുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. ഫനോന്‍ അതിനെക്കുറിച്ച് എഴുതുന്നുണ്ട്‌ (Black Skin, White Masks). അത്‌കൊണ്ടാണ് അടിമത്വത്തെ നിലനിര്‍ത്തിയ ഘടനാപരമായ വയലന്‍സ് പോലീസ് അതിക്രമങ്ങളുടെയും വെളുത്ത വംശീയാധിപത്യത്തിന്റെയും രൂപത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നത്. അങ്ങനെയാണ് ബ്ലാക്ക് സബ്ജക്ട് ഇപ്പോഴും സാമൂഹിക മരണം സംഭവിച്ചവനാകുന്നത്. അഥവാ, പ്ലാന്റേഷനുകളില്‍ അടിമകള്‍ നേരിട്ട വയലന്‍സ് തന്നെയാണ് തെരുവുകളില്‍ ബ്ലാക്ക് സബ്ജക്ടുകള്‍ നേരിടുന്നത്. പ്രത്യേകിച്ച് ഒരു കുറ്റവും ചെയ്യാതെ തന്നെയാണ് അവര്‍ വംശീയാതിക്രമങ്ങള്‍ക്ക് ഇരയാകുന്നത്. ഓണ്‍ടോളജിക്കലായ വയലന്‍സാണ് ബ്ലാക്ക് സബ്ജക്ടുകള്‍ നേരിടുന്നത് എന്ന് നേരത്തെ സൂചിപ്പിച്ചത് ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. ബ്ലാക്കനെസ്സ് തന്നെയാണ് ഇവിടെ ക്രിമിനല്‍വല്‍ക്കരിക്കപ്പെടുന്നത്.

ബ്ലാക്ക്‌\വൈറ്റ് എന്ന ബൈനറിയില്‍ നിന്നും മാറിക്കൊണ്ട് ബ്ലാക്ക്‌\നോണ്‍ബ്ലാക്ക് എന്ന് ഫ്രെയിമിംഗ് ആണ് ആഫ്രോപെസ്സിമിസം നല്‍കുന്നത്. അതിലൂടെ വൈറ്റ്‌നെസ്സ് എന്ന സ്റ്റാറ്റസിനെ അസന്നിഹിതമാക്കാനും വംശത്തിന്റെയും ആധുനിക സമൂഹത്തിന്റെയും ആന്റി-ബ്ലാക്ക് അടിത്തറകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനും വേണ്ടിയാണത്. അഥവാ, ബ്ലാക്ക്‌നെസ്സ്, ആന്റി-ബ്ലാക്ക്‌നെസ്സ് എന്ന വിഭജനത്തെ ഓണ്‍ടോളജിക്കലായാണ് ആഫ്രോപെസിമിസ്റ്റുകള്‍ ഐഡന്റിഫൈ ചെയ്യുന്നത്. അപ്പോള്‍ നോണ്‍ബ്ലാക്ക് എന്ന കാറ്റഗറിക്കകത്ത് വരുന്ന ( human എന്ന കാറ്റഗറിയെ മൊത്തത്തില്‍ ബ്ലാക്ക്‌നെസ്സിന് പുറത്തായാണ് ആഫ്രോപെസിമിസ്റ്റുകള്‍ മനസ്സിലാക്കുന്നത്) എല്ലാത്തിനോടും ആന്റഗോണിസ്റ്റിക് ആയ ബന്ധമാണ് ബ്ലാക്ക് സബ്ജക്ടിനുണ്ടാകുക. അതിലൂടെ അടിച്ചമര്‍ത്തുന്നവന്‍\ അടിച്ചമര്‍ത്തപ്പെടുന്നവന്‍ എന്ന പൈങ്കിളി വിഭജനത്തിന് പുറത്ത് കടന്ന് കൊണ്ട് നോണ്‍-റിലേഷനലും സവിശേഷവുമായ ഒരു രാഷ്ട്രീയ അസ്തിത്വം ബ്ലാക്ക് സബ്ജക്ടിന് സാധ്യമാകുന്നു.

ഐഡന്റിറ്റിയെക്കുറിച്ച അഫേര്‍മേറ്റീവ് ആയ എല്ലാ വായനകളെയും ആഫ്രോപെസ്സിമിസം ചോദ്യം ചെയ്യുന്നുണ്ട്. ആന്റി-ബ്ലാക്ക്‌നെസ്സിനാല്‍ ക്രമപ്പെടുത്തപ്പെട്ട വ്യവഹാരങ്ങളിലൂടെ തന്നെയാണ് ഐഡന്റിറ്റിയെക്കുറിച്ച ബോധങ്ങളും രൂപപ്പെടുന്നത്. വയലന്‍സിനാല്‍ നിര്‍മ്മിക്കപ്പെട്ട ലോകത്തിന്റെ അംഗീകാരവും അവകാശങ്ങളും തേടുകയാണ് ഐഡന്റിറ്റിയെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടുള്ള വിമോചന വ്യവഹാരങ്ങള്‍ ചെയ്യുന്നത് എന്ന് ആഫ്രോപെസിമിസ്റ്റുകള്‍ പറയുന്നു. അഥവാ ബ്ലാക്ക് സബ്ജക്ടിവിറ്റിയെ വയലന്‍സിന് വിധേയമാക്കുന്ന ലോകഘടനയെത്തന്നെ അബോളിഷ് ചെയ്യേണ്ട റാഡിക്കല്‍ ആക്ടിനെക്കുറിച്ചാണ് അവര്‍ സംസാരിക്കുന്നത്.

d

പൗരാവകാശ പ്രസ്ഥാനങ്ങളുടെയും ബ്ലാക്ക് മൂവ്‌മെന്റുകളുടെയും ഐഡന്റിറ്റിയെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടുള്ള റിഫോര്‍മിസ്റ്റ് ആശയങ്ങളെ ആഫ്രോപൈസിമിസ്റ്റുകള്‍ തള്ളിക്കളയുന്നുണ്ട്. ആന്റി-ബ്ലാക്ക് വയലന്‍സിനെക്കുറിച്ച് സംസാരിക്കാതെ ബ്ലാക്ക്‌നെസ്സിനെക്കുറിച്ച സംസാരം അസാധ്യമാണ് എന്നതിനാല്‍ തന്നെ സമൂഹത്തിലെ അംഗീകാരത്തിനും സ്വാംശീകരണത്തിനും വേണ്ടിയുള്ള പൗരാവകാശ പ്രസ്ഥാനങ്ങളുടെ ശ്രമങ്ങള്‍ കൂടുതല്‍ സാമൂഹിക മരണങ്ങളെ സൃഷ്ടിക്കുകയാണ് ചെയ്യുക. അതിനാല്‍ തന്നെ ഈ അംഗീകാരവും അവകാശങ്ങളും സാധ്യമാക്കുന്ന ഈ ലോകത്തെ തന്നെ അബോളിഷ് ചെയ്യേണ്ട ഫനോനിയന്‍ ആക്ടിനെക്കുറിച്ചാണ് ആഫ്രോപെസിമിസ്റ്റുകള്‍ സംസാരിക്കുന്നത്.

ഐഡന്റിറ്റിയെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള രാഷ്ട്രീയത്തെ ആഫ്രോപെസിമിസ്റ്റുകള്‍ വിമര്‍ശനത്തിന് വിധേയമാക്കുന്നുണ്ട്. coherent ആയ ഒരു സബ്ജക്ടിനെ ഉല്‍പാദിപ്പിക്കുകയും പ്രതിനിധാനപരമായ ഒരു പൊസിഷനിലേക്ക് ആന്റഗോണിസത്തിന്റെ വാല്യുവിനെ ചുരുക്കിക്കെട്ടുകയുമാണ് സ്വത്വരാഷ്ട്രീയം ചെയ്യുന്നത് എന്നാണവര്‍ പറയുന്നത്. സ്റ്റേറ്റിലും സൊസൈറ്റിയിലുമുള്ള അവകാശങ്ങളെക്കുറിച്ചാണ് സ്വത്വരാഷ്ട്രീയം സംസാരിക്കുന്നത്. എന്നാല്‍ ഈ സ്റ്റേറ്റിന്റെയും സൊസൈറ്റിയുടെയും അബോളിഷനാണ് ആഫ്രോപെസിമിസം മുന്നോട്ട് വെക്കുന്നത്. negative dialectic ആയാണ് ബ്ലാക്ക് ലിബറേഷനെ അത് മനസ്സിലാക്കുന്നത്. നിരാകരണത്തിന്റെ രാഷ്ട്രീയമാണത്‌ ( politics of refusal). ക്രമരാഹിത്യത്തെ (disorder) യാണ് അത് മുന്നോട്ട് വെക്കുന്നത്.

സമുദായം, സമത്വം, നീതി എന്നിവയെക്കുറിച്ചൊക്കെയുള്ള ലിബറല്‍ വ്യവഹാരങ്ങളെ ആഫ്രോപെസ്സിമിസം രൂക്ഷമായ വിമര്‍ശനത്തിന് വിധേയമാക്കുന്നുണ്ട്. അത്തരം വ്യവഹാരങ്ങള്‍ ബ്ലാക്ക് സബ്ജക്ടുകളെ നിയന്ത്രിക്കുകയും ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളെ അബോളിഷ് ചെയ്യുന്നതിന് പകരം പുനര്‍നിര്‍മ്മിക്കുകയാണ് ചെയ്യുന്നത്. അത്‌പോലെ യൂണിവേഴ്‌സലായ സോഷ്യല്‍ കാറ്റഗറികളെ നിര്‍മ്മിക്കുന്ന ലിബറല്‍ രാഷ്ട്രീയ സംവിധാനങ്ങളെയും അത് ചോദ്യം ചെയ്യുന്നു. വ്യത്യസ്തങ്ങളായ സോഷ്യല്‍ കാറ്റഗറികള്‍ക്കിടയില്‍ ഓണ്‍ടോളജിക്കലായി നിലനില്‍ക്കുന്ന അകല്‍ച്ചകളെ നിലനിര്‍ത്തിക്കൊണ്ട് നിര്‍മ്മിക്കപ്പെടുന്ന ഇത്തരം വ്യവഹാരങ്ങള്‍ വയലന്‍സിലധിഷ്ഠിതമായ ഈ ലോകക്രമത്തെ താങ്ങിനിര്‍ത്തുകയാണ് ചെയ്യുന്നത്.

ആഫ്രോപെസ്സിമിസം നമ്മോടാവശ്യപ്പെടുന്നത് സെല്‍ഫിന്റെയും ഐഡന്റിറ്റിയുടെയും നിര്‍മ്മാര്‍ജനമാണ്. self-less existence നെക്കുറിച്ചാണ് അത് സംസാരിക്കുന്നത്. recognition, affirmation, identity തുടങ്ങിയവയെ അടിസ്ഥാനപ്പെടുത്തിയുള്ള എല്ലാ പൈങ്കിളി രാഷ്ട്രീയങ്ങളോടും അത് കലഹം പ്രഖ്യാപിക്കുന്നുണ്ട്. അതിലൂടെ ഈ ലോകത്തോടും ഈ ലോകത്തെ ക്രമപ്പെടുത്തിയിട്ടുള്ള വയലന്‍സിനോടുമാണ് അത് കലഹം പ്രഖ്യാപിക്കുന്നത്. അങ്ങനെയാണ് സെല്‍ഫ്‌\അദര്‍ എന്ന ബൈനറിക്ക് പുറത്ത് നോണ്‍റിലേഷനലായ ഒരു പുതിയ ഓണ്‍ടോളജിയെക്കുറിച്ച് പുതിയ ചിന്തകള്‍ മുന്നോട്ട് വെക്കാന്‍ ആഫ്രോപെസ്സിമിസ്സത്തിന് കഴിയുന്നത്. നമ്മുടെ സെല്‍ഫിനോട് തന്നെയാണ് അതേറ്റ് മുട്ടുന്നത്. സെല്‍ഫിന്റെ തുടര്‍ച്ചയായ നിര്‍മ്മാണവും സംഹാരവുമാണ് അത് സാധ്യമാക്കുന്നത്. self-annihilation നെക്കുറിച്ചും self-abolishment നെക്കുറിച്ചുമാണ് അത് സംസാരിക്കുന്നത്. അതിലൂടെ നമുക്ക് സാധ്യമാകുന്നത് ഈ ലോകക്രമത്തോടുള്ള ആന്റഗോണിസ്റ്റിക്കായ ബന്ധമാണ്.


Reference

1- Jared Sexton, The Social Life of Social Death: On Afro-Pessimism and Black Optimism

2- Frank B. Wilderson, Incognegro: A Memoir of Exile and Apartheid

3- Frank B. Wilderson ,Red, White & Black: Cinema and the Structure of U.S. Antagonisms

4- Fred Moten , In the Break: The Aesthetics of the Black Radical Tradition

5- Saidiya Hartman, Scenes of subjection

9- Orlando Patterson, Slavery and Social Death

ഹനാൻ മുഹമ്മദ്