Campus Alive

ഇഖ്ബാല്‍ ആയിത്തീരാനുള്ള വഴികളെന്തൊക്കെയാണ്?

ഫ്രഞ്ച് ഫിലോസഫറായ ദെല്യൂസ് concept person എന്ന ഒരു ഐഡിയയെക്കുറിച്ച് പറയുന്നുണ്ട്. അഥവാ, ഏതൊരാളുടെയും എന്‍ഗേജ്‌മെന്റുകള്‍ ഒരുപാട് ആളുകളുമായുള്ള ഇടപെടലുകളിലൂടെ ഉണ്ടാകുന്നതാണ്. ദെല്യൂസ് പറയുന്നത് ഒരുപാട് concept person കളുമായുള്ള ഇടപെടലുകളാണ് ചിന്തിക്കുക എന്ന പ്രവൃത്തി എന്നാണ്. അങ്ങനെയാണെങ്കില്‍ ഇഖ്ബാലിന്റെ ജീവിതത്തില്‍ ഒരുപാട് concept person കളെ കാണാന്‍ പറ്റും. നീഷെ, ഗസ്സാലി, റൂമി തുടങ്ങിയ നിരവധി concept person കളുമായുള്ള എന്‍ഗേജ്‌മെന്റുകള്‍ ഇഖ്ബാലില്‍ കാണാം. നിക്കോളാസ് ആഡംസ് എന്ന ഒരു സ്‌കോളര്‍ മുപ്പതുകളില്‍ എങ്ങനെയാണ് ഇഖ്ബാല്‍ ഫിലോസഫി പ്രാക്ടീസ് ചെയ്തത് എന്ന് ചോദിക്കുന്നുണ്ട്. ഇഖ്ബാല്‍ എങ്ങനെയാണ് ചിന്തിച്ചത്? ways of being Iqbal എന്നാണ് നിക്കോളാസ് ആഡംസ് പറയുന്നത്. അഥവാ ഇഖ്ബാല്‍ എങ്ങനെയാണ് ആയിത്തീര്‍ന്നത്? ഇഖ്ബാല്‍ ആയിത്തീരാനുള്ള വഴി എന്താണെന്നാണ് അദ്ദേഹം ചോദിക്കുന്നത്.

de
ദെല്യൂസ്

നിക്കോളാസ് പറയുന്നത് 1920 കളില്‍ മാര്‍ക്കറ്റില്‍ ലഭ്യമായിരുന്ന ഫിലോസഫി പുസ്തകങ്ങള്‍ ഇഖ്ബാല്‍ വാങ്ങുകയും വായിക്കുകയും അവയെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു എന്നാണ്. യൂറോപ്പില്‍ അന്നിറങ്ങിയിരുന്ന പുസ്തകങ്ങളെല്ലാം അദ്ദേഹം തിരഞ്ഞ് പിടിച്ച് വായിച്ചിരുന്നു. നിക്കോളാസ് പറയുന്നത് വെറുതെ വായിക്കുക എന്നത് പോലും ways of being Iqbal ആണെന്നാണ്. നമ്മള്‍ ഇവിടെ നിന്ന് ഇഖ്ബാലിനെ വായിക്കുകയും ചര്‍ച്ച ചെയ്യുകയും ദെല്യൂസ് പോലെയുള്ളവരുടെ ഫിലോസഫി വായിക്കുകയും ചെയ്യുന്നതിലൂടെ നമ്മളും ഇഖ്ബാലാവുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്.

വെസ്റ്റിലെ പുസ്‌കങ്ങള്‍ ഈസ്റ്റിലിരുന്ന് ഒരാള്‍ വായിക്കുന്നു എന്നതാണ് നിക്കോളാസ് ആഡംസ് ഇഖ്ബാലില്‍ കാണുന്ന പ്രധാനപ്പെട്ട കാര്യം. എന്നാല്‍ എനിക്ക് തോന്നുന്നത് അദ്ദേഹത്തിന് അതില്‍ അത്ര വലിയ അത്ഭുതം തോന്നേണ്ട കാര്യമില്ല എന്നാണ്. ഇഖ്ബാലിനെ സംബന്ധിച്ചിടത്തോളം വെസ്റ്റ്‌\ഈസ്റ്റ് എന്ന ബൈനറി നിലനില്‍ക്കുന്നില്ല. അഥവാ, വെസ്റ്റിലുള്ള പുസ്തകങ്ങള്‍ ഈസ്റ്റിലുള്ള ഒരു മുസ്‌ലിം വായിക്കുക എന്നത് വളരെ സ്വാഭാവികമായ പ്രവൃത്തിയായാണ് ഇഖ്ബാല്‍ ചെയ്തത്. നിക്കോളാസ് ആഡംസിന് മാത്രമാണ് അത് അത്ഭുത പ്രവൃത്തിയായി തോന്നുന്നത്. മാത്രമല്ല, ഇഖ്ബാല്‍ മുന്നോട്ട് വെച്ചതും ഇത്‌പോലെ നിങ്ങളൊക്കെയും ഇഖ്ബാലിയന്‍ ആയി മാറണം എന്നത് തന്നെയാണ്.

ad
നിക്കോളാസ് ആഡംസ്

നമ്മള്‍ പുറത്തിറങ്ങിയാല്‍ പലപ്പോഴും കേള്‍ക്കുന്ന മുദ്രാവാക്യം പാശ്ചാത്യവല്‍ക്കരണം തുലയട്ടെ എന്നാണ്. പാശ്ചാത്യം എന്നത് പലപ്പോഴും അന്യസ്ഥലമായാണ് അവതരിപ്പിക്കപ്പെടുന്നത്. എന്നാല്‍ ഇഖ്ബാലിന്റെ ചിന്തയില്‍ അങ്ങനെയൊന്നില്ല. അതിനാല്‍ തന്നെ ഇഖ്ബാലിന്റെ പാരമ്പര്യത്തെക്കുറിച്ച് ചിന്തിക്കുകയും വായിക്കുകയും ചെയ്യുന്ന നമ്മള്‍ ചെയ്യേണ്ട പ്രധാനപ്പെട്ട പണി എന്നത് പാശ്ചാത്യവല്‍ക്കരണം തുലയട്ടെ എന്ന് ഇനി മുതല്‍ പറയാതിരിക്കുക എന്നതാണ്. കാരണം ഇഖ്ബാലിന്റെ ലോകബോധത്തില്‍ പാശ്ചാത്യം\പൗരസ്ത്യം എന്നത് അങ്ങനെ വേറിട്ട് നില്‍ക്കുന്ന സ്ഥലങ്ങളല്ല.

ഇഖ്ബാല്‍ പറയുന്നത് ഗ്രീക്ക് ചിന്തയെ വെറുതെ അനുകരിക്കുകയല്ല ഇസ്‌ലാമിക ലോകം ചെയ്തത് എന്നാണ്. ലോകത്തിനുള്ള ഇസ്‌ലാമിന്റെ സംഭാവന എന്നത് വെറും ഗ്രീക്ക് ചിന്തയെ പരിഭാഷപ്പെടുത്തി എന്നതല്ല. ഇഖ്ബാല്‍ പറയുന്നത് ഗ്രീക്ക് ഫിലോസഫിയോടുള്ള റാഡിക്കലായ വിമര്‍ശനമാണ് മുസ്‌ലിം ലോകം നടത്തിയത് എന്നാണ്. ഉദാഹരണത്തിന് universe എന്നത് വളരെ measurable ആയിട്ടുള്ള ഒന്നാണെന്നാണ് ഗ്രീക്ക് ഫിലോസഫി പറയുന്നത്. അഥവാ, ഗ്രീക്ക് ഫിലോസഫി മൊത്തത്തില്‍ മാഗ്നിറ്റിയൂഡിനെക്കുറിച്ചാണ് ചിന്തിച്ചത്. അതേസമയം ഇസ്‌ലാമാണ് ഇന്‍ഫിനിറ്റി എന്ന ഐഡിയ മുന്നോട്ട് വെക്കുന്നത്. അപ്പോള്‍ ഗ്രീക്ക് ഫിലോസഫിയുടെ വെറും പരിഭാഷയോ പുനരാഖ്യാനമോ അല്ല ഇസ്‌ലാം നടത്തുന്നത്. മറിച്ച്, ഗ്രീക്ക് ഫിലോസഫിക്ക് റാഡിക്കലായ ഒരു തിരുത്താണ് ഇസ്‌ലാം മുന്നോട്ട് വെക്കുന്നത്.

ഇഖ്ബാലിന്റെ പ്രധാന പ്രവൃത്തി എന്നത് റീകണ്‍സ്ട്രക്ഷനാണ്. അത്‌പോലെ റീകണ്‍സിലിയേഷന്‍ എന്ന ആക്ട് കൂടി ഇഖ്ബാല്‍ നടത്തുന്നുണ്ട്. അതിനെക്കുറിച്ച് പിന്നെ സംസാരിക്കാം. ഇഖ്ബാല്‍ പറഞ്ഞത് ലോകത്ത് തന്നെ ഇസ്‌ലാം ഒരു പുതിയ മൊമന്റാണ് ക്രിയേറ്റ് ചെയ്യുന്നത് എന്നാണ്. ഉദാഹരണത്തിന് ഖാദിയാനികള്‍ക്ക് മറുപടിയായി ഇഖ്ബാല്‍ പറയുന്നത് ഇസ്‌ലാമിന് ഇനി പ്രവാചകന്‍മാര്‍ വരേണ്ടതില്ല എന്നാണ്. ഒരു കോസ്‌മോളജിക്കല്‍ ഡയമെന്‍ഷ്യനിലാണ് അദ്ദേഹം സംസാരിക്കുന്നത്. നബിയുടെ വരവ് എന്നത് പ്രാചീന ലോകത്തിനും ആധുനിക ലോകത്തിനുമിടയിലുള്ള ഒരു മൊമന്റാണ്. നബിയില്‍ ഒരേസമയം പ്രാചീനലോകവും ആധുനികലോകവുമുണ്ടെന്നാണ് ഇഖ്ബാല്‍ പറഞ്ഞത്. റെവെലേഷനൊക്കെ ലഭിക്കുക എന്നത് പ്രാചീനലോകത്തിന്റെ ഉദാഹരണമായാണ് ഇഖ്ബാല്‍ കാണുന്നത്. പ്രവാചകത്വത്തെ തന്നെ ഇഖ്ബാല്‍ paradox ആയാണ് കാണുന്നത്. അതിനെ ഒരു സാധ്യതയായാണ് ഇഖ്ബാല്‍ മനസ്സിലാക്കുന്നത്. അഥവാ, ഞാന്‍ റെവെലേഷനൊക്കെ ലഭിക്കുന്ന ഒരു പ്രവാചകനാണ്, എന്നാല്‍ എനിക്ക് ശേഷം ഇനി പ്രവാചകന്‍മാര്‍ വരാനില്ല എന്ന നബിയുടെ പാരഡോക്‌സിക്കല്‍ സ്‌റ്റേറ്റ്‌മെന്റിനെക്കുറിച്ചാണ് ഇഖ്ബാല്‍ സംസാരിക്കുന്നത്.

ഇസ്‌ലാമിന്റെ ആഗമനത്തിന് മുമ്പ് വരെ ലോകത്ത് നിലനിന്നത് ക്ലാസിക്കല്‍ ലോകബോധമാണെന്നാണ് ഇഖ്ബാല്‍ പറയുന്നത്. ഇസ്‌ലാമാണ് ആന്റി ക്ലാസിക്കലായ ലോകബോധം കൊണ്ടുവന്നത് എന്നാണ് ഇഖ്ബാലിന്റെ റീഡിംഗ്.

രണ്ട് തരത്തിലാണ് അക്കാദമിക ലോകം ഇഖ്ബാലിനെ വായിച്ചത്. ഒരു കൂട്ടര്‍ ഇഖ്ബാലിന്റെ കവിതയെയും സാഹിത്യത്തെയും കുറിച്ച് സംസാരിച്ചു. വേറൊരു കൂട്ടര്‍ ഇഖ്ബാലിന്റെ പൊളിറ്റിക്കല്‍ ഫിലോസഫിയെക്കുറിച്ച് ആലോചിച്ചു. ബാര്‍ബറ മെറ്റ്കാഫ്, ആന്‍മേരി ഷിമ്മല്‍ തുടങ്ങിയ സ്‌കോളേര്‍സെല്ലാം ഇഖ്ബാലിന്റെ കാവ്യലോകത്തെ കുറിച്ച് ധാരാളം എഴുതിയിട്ടുണ്ട്. ഇതില്‍ നിന്നും വ്യത്യസ്തമായി ജാവേദ് മജീദ് അന്വേഷിക്കുന്നത് യൂറോപ്യന്‍ സാഹിത്യത്തില്‍ ഇഖ്ബാലിന്റെ സാഹിത്യം എങ്ങനെ ഇടപെട്ടു എന്നാണ്. എന്നാല്‍ ഇതൊന്നുമല്ലാത്ത ഒരു പൊട്ടെന്‍ഷ്യല്‍ ഇഖ്ബാലിന്റെ ചിന്തയിലുണ്ട്. അദ്ദേഹമൊരു ഫനാറ്റിക്ക് ആയിരുന്നു എന്നതാണ് ആ പൊട്ടെന്‍ഷ്യല്‍. ഇഖ്ബാല്‍ പ്രോല്‍സാഹിപ്പിച്ചത് ഫനാറ്റിസിസത്തെയായിരുന്നു. ഫൈസല്‍ ദേവ്ജിയാണ് ഈയര്‍ത്ഥത്തില്‍ ഇഖ്ബാലിനെ വിലയിരുത്തുന്നത്. ദേവ്ജിയുടെ landscapes of jihad, terrorists in search of humanity എന്നീ പുസ്തകങ്ങള്‍ യഥാര്‍ത്ഥത്തില്‍ പിന്തുടരുന്നത് ഇഖ്ബാലിയന്‍ മെത്തഡോളജിയാണ്. ഇഖ്ബാല്‍ മുന്നോട്ട് വെച്ച ഫനറ്റിക്ക് എന്ന ഐഡിയയുപയോഗിച്ച് കൊണ്ടാണ് ദേവ്ജി ലോകത്തുടനീളമുള്ള ഇസ്‌ലാമിക് മിലിറ്റന്റ് ഗ്രൂപ്പുകളെ അനലൈസ് ചെയ്യുന്നത്.

faisaldevji
ഫൈസല്‍ ദേവ്ജി

ഇനി നമുക്ക് എത്തിക്‌സിനെക്കുറിച്ച കിര്‍ക്കെഗാദിന്റെ ചിന്തകളെ പരിശോധിക്കാം. അദ്ദേഹം പറയുന്നത് മനുഷ്യകുലത്തിലെ ഏറ്റവും വലിയ എത്തിക്കല്‍ മൊമന്റായി കാണുന്നത് ഇബ്രാഹിം നബി ഇസ്മാഈലിനെ അറുക്കാനൊരുമ്പെട്ട സംഭവമാണ്. ഇസ്മാഈല്‍ നബിയുടെ പ്രവൃത്തിയിലാണ് കിര്‍ക്കെഗാദ് എത്തിക്‌സിനെ കാണുന്നത്. irrational ആയ മൊമന്റാണിത്. ഇത് ഇസ്മാഈലിന് ലഭിക്കുന്നത് പ്രേമത്തില്‍ നിന്നാണ്. സ്വന്തം ഉപ്പയോടും ദൈവത്തോടുമുള്ള പ്രേമമാണത്.

കിര്‍ക്കെക്കാദിനെ സംബന്ധിച്ചിടത്തോളം faith എന്നത് വളരെ പ്രധാനപ്പെട്ട ഒരു സംഭവമാണ്. ഇഖ്ബാലും വളരെ പ്രധാനപ്പെട്ട ഒരാശയമായാണ് ഫെയ്ത്തിനെ കാണുന്നത്. അത്‌പോലെ ഫെയ്ത്തിനെക്കുറിച്ച് വളരെയധികം ആകുലപ്പെട്ടിട്ടുള്ള ഒരാള്‍ മുഹമ്മദലി ജിന്നയാണ്. എങ്ങനെയാണ് നിങ്ങള്‍ പാക്കിസ്ഥാന്‍ നിര്‍മ്മിക്കുക എന്ന് ജിന്നയോട് ഒരു ഇന്റര്‍വ്യൂവില്‍ ചോദിക്കുന്നുണ്ട്. അതിന് ജിന്ന കൊടുക്കുന്ന മറുപടി faith എന്നാണ്. ഈ ആശയമാണ് പാക്കിസ്ഥാനെ നിര്‍മ്മിക്കുക എന്നായിരുന്നു ജിന്ന പറഞ്ഞത്. അല്ലാതെ ടെറിട്ടറിയോ നാഷണലിസമോ ഒന്നുമല്ല.

ഇഖ്ബാലില്‍ ഒരേസമയം റീകണ്‍സ്ട്രക്ഷന്റെയും റീകണ്‍സിലിയേഷന്റെയും ശ്രമങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും. റീകണ്‍സിലിയേഷന്‍ ഉണ്ടാകുമ്പോഴാണല്ലോ റീകണ്‍സ്ട്രക്ഷന്‍ സാധ്യമാകുന്നത്. ഇഖ്ബാല്‍ ശ്രമിക്കുന്നത് എക്‌സോട്ടറിക്, ഈസോട്ടറിക്, അല്ലെങ്കില്‍ ളാഹിര്‍, ബാതിന്‍ എന്നിങ്ങനെ വിവിധ തരത്തിലുള്ള ജ്ഞാനവഴികളെ റീകണ്‍സിലിയേറ്റ് ചെയ്യാനാണ്. ഇങ്ങനെ ഇസ്‌ലാമിന്റെ ജ്ഞാനപാരമ്പര്യത്തെ റീകണ്‍സട്രക്ട് ചെയ്യാനും റീകണ്‍സിലിയേറ്റ് ചെയ്യാനുമുള്ള ശ്രമങ്ങള്‍ ഇഖ്ബാലില്‍ നമുക്ക് ധാരാളം കണ്ടെത്താന്‍ സാധിക്കും.

ഹുദൈഫ റഹ്മാന്‍