Campus Alive

ഖുര്‍ആന്‍ ട്രാന്‍സ്ഹിസ്റ്ററിയുടെ ആശയധാര

ഇസ്‌ലാം ചരിത്രപ്രവാഹത്തിന്റെ കാച്‌മെന്റ് ഏരിയ ( വെള്ളം തങ്ങി നില്‍ക്കാനുള്ള സ്ഥലം) ആകുന്നതിനപ്പുറം, ചരിത്രത്തെ ഒരു വഴിയിലേക്ക് മാറ്റി നിര്‍ത്തി, ഇന്ന്, ഇന്നലെ, നാളെ എന്നുള്ള ത്രികോണ വിഭജനത്തിന്റെ ന്യൂനതയെ മറികടക്കുന്ന മറ്റൊരു പ്രവാഹമാകുവാനുള്ള സാധ്യത അവശേഷിപ്പിക്കുന്നുണ്ടോ? അതിനെ സഹായിക്കുന്ന ഖുര്‍ആന്‍ വായന സാധ്യമാണോ? ഈ ചോദ്യമാണ് ഞാനിവിടെ ഉന്നയിക്കുന്നത്, കുറച്ച് വിശദമായി. ഇസ്‌ലാമിനെ ചരിത്രപ്രവാഹത്തിന്റെ ഒരു സ്വീകരണസ്ഥലമായി വിഭാവനം ചെയ്തു എന്ന് ഞാന്‍ വായിക്കുന്ന രണ്ട് ചിന്തകരെ ( അത് മിസ്‌റീഡിംഗ് ആകാം. മിസ് റീഡിംഗ് സാമാന്യം നല്ലൊരു വായനയാണെന്ന് ഉംബെര്‍ട്ടോ എക്കോ) വിമര്‍ശനാത്മകമായി വായിച്ച് കൊണ്ടാണ് ഞാന്‍ എന്റെ ആലോചനകള്‍ പങ്ക് വെക്കുന്നത്. അതിലൊരാള്‍ ഷിക്കാഗോയില്‍ മരണപ്പെട്ട പാക്കിസ്ഥാന്‍ ചിന്തകന്‍ ഫസലുറഹ്മാനും, സുഡാനില്‍ വധശിക്ഷക്ക് വിധേയനായ ഉസ്താദ് മഹ്മൂദ് ത്വാഹയുമാണ്. അല്ലാഹു ഇരുവരുടെയും സല്‍ക്കര്‍മ്മങ്ങള്‍ സ്വീകരിക്കുമാറാകട്ടെ.

Fazlur_rahman

ഇബ്രാഹിം എന്ന വാക്കിന് രസകരമായ ഒരു പദോത്പത്തിയുണ്ട് ( etymology). ഹിബ്രുവില്‍ അബ്രഹാം. ഇമാം മാവര്‍ദി ഹംദ് എന്ന വാക്കിലെ ‘ഹ’ വരുന്ന അബു റഹീം എന്നതാണ് അതിന്റെ നിരുക്തി എന്ന് പ്രസ്താവിച്ചതായി ഇമാം നവവി തഹ്ദീബില്‍ പറയുന്നുണ്ട്. അങ്ങിനെ വരുമ്പോള്‍ ഗോത്രപിതാവ് (റഹ്ം) എന്ന അര്‍ത്ഥം അതിന് ലഭിക്കുന്നു. ഹിബ്രു പദോത്പത്തി പ്രകാരം അബ്രഹാം ഗോത്രപിതാവാണ്. അബുന്‍ (പിതാവ്) അറബിയിലുണ്ടല്ലോ. പിന്നെന്തിനാണ് അബിന് പകരം ഇബ്? റഹ്മ് എന്നതിനെ ദ്യോതിപ്പിക്കുന്ന റഹാമിന് പകരം അജമിയായ റാഹിം? ( ബഹീമത്ത് എന്ന ശബ്ദത്തിലെ ഹ). ഖുര്‍ആന്‍ ഇബ്രാഹീമിനെ ഇസ്മായീല്‍ എന്ന ശബ്ദത്തോട് തുടര്‍ത്തുകയാണ്. വംശപിതാവ് എന്ന സങ്കല്‍പ്പത്തില്‍ നിന്ന് തന്നെ വ്യത്യസ്തമായ ഒരു പ്രവാഹത്തിന്റെ തുടര്‍ച്ചയാണ് അവിടെയുള്ളത്. യഹൂദ-ക്രൈസ്തവ പാരമ്പര്യത്തിലെ വംശ-ഗോത്ര സങ്കല്‍പ്പങ്ങളോട്, അഥവാ Race എന്നതിനോടും father of race എന്ന ഭാവനയോടും വിയോജിക്കുകയും, കറുത്ത വര്‍ഗക്കാരിയും ബഹിഷ്‌കൃതയുമായ ഹാജറയില്‍ നിന്ന് ഇസ്‌ലാമിന്റെ പാരമ്പര്യത്തെ ബന്ധിപ്പിക്കുകയും ചെയ്ത ഒരു തിരുത്തായി വേണം ഇബ്രാഹീമിനെ കാണുവാന്‍. ഇസ്‌ലാമില്‍ പിതാവുണ്ട്. അത് മനുഷ്യരാശിയുടെ മുഴുവന്‍ പിതാവായ അബൂനാ അബുല്‍ ബഷറ് ആദമാണ്. ഒരു വംശത്തിന്റെ മാത്രം പിതാവല്ല അദ്ദേഹം. ഇസ്‌ലാമിന്റെ പ്രവാഹം വംശഗാഥയുമല്ല. ഇബ്രാഹിമിനെ അബ്രഹാം ആയി പരിഭാഷപ്പെടുത്തുന്നവര്‍ ഒരു വട്ടം ആലോചിക്കുക.

സ്റ്റീവ് ബാനന്‍-അതെ ട്രംപിന്റെ ഉപദേശകന്‍ ബാനന്‍ തന്നെ- യഹൂദ ക്രൈസ്തവ പാരമ്പര്യത്തിലേക്ക് ലോകത്തെ കൈപിടിച്ച് നടത്താന്‍ ഒരുമ്പെട്ടിറങ്ങിയിരിക്കുന്ന സമയത്ത് ഈ ആലോചനക്ക് പ്രസക്തിയുണ്ട്. അത് വംശവെറിയുടെയും, അധിനിവേശങ്ങളുടെയും, പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിച്ചതിന്റെയും ശാസ്ത്രകാരന്‍മാരെ പൊരിച്ച് തിന്നതിന്റെയും പാരമ്പര്യമാണ് എന്നാലോചിക്കുക. അതല്ലാത്ത ക്രൈസ്തവ-യഹൂദ പാരമ്പര്യങ്ങളുണ്ട്, കബ്ബാലിസ്റ്റിക്കായ, യൂണിറ്റേറിയനായ മഹിത പാരമ്പര്യം. മെയ്ഷര്‍ എക്കാര്‍ട്ടിെൈന്റെയും സ്പിനോസയുടെയും പാരമ്പര്യം. എന്നാല്‍ ബാനന്‍ നമ്മെ കൊണ്ട് പോകുന്നത് അഗോറയെ നഗ്നയായി നടത്തി കല്ലെറിഞ്ഞു കൊന്ന പാരമ്പര്യത്തിലേക്കാണ്.

banon
സ്റ്റീവ് ബാനന്‍

പക്ഷെ അതാണ് ചരിത്രം. ചരിത്രത്തിന്റെ അന്ത്യമെന്ന് ഹെഗലും ഫുക്കുയാമയും പറഞ്ഞുവെങ്കിലും ചരിത്രം അവസാനിക്കാതെ തുടരുകയാണ്. നേര്‍രേഖയിലൂടെ. നിയാണ്ടര്‍ താലില്‍ നിന്ന് ടെക്‌നോളജിയിലേക്കുള്ള തുടര്‍ച്ച. അന്ധവിശ്വാസത്തില്‍ നിന്ന് ആര്‍ടിഫിഷ്യല്‍ ബുദ്ധിയിലേക്കുള്ള തുടര്‍ച്ച. എന്നാല്‍ ഈ തുടര്‍ച്ചയെ ഭേദിച്ച് കൊണ്ടുള്ള ചരിത്രാതീതമായ ദര്‍ശനമാണ് ഇസ്‌ലാം മുന്നോട്ട് വെക്കുന്നത്. അത് ട്രാന്‍സ് ഹിസ്‌റ്റോറിക്കലാണ്.

നിയമപരിഷ്‌കരണത്തെ മുന്‍നിര്‍ത്തിയുള്ള ഖുര്‍ആന്‍ വായനകള്‍, ഖുര്‍ആനെ പരിഷ്‌കരണത്തിന്റെ മാനിഫെസ്റ്റോ ആയി കണ്ട് കൊണ്ടുള്ള വായനകള്‍ ഇബ്രാഹിമിനെ അബ്രഹാം ആയി പരിഭാഷപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇസ്‌ലാം നിയമാതീതമാണ്. അത് ചരിത്രാതീതമാണ് എന്ന് പറയുന്ന പോലെ. Islam is as trans-legal as it is transhistorical. കത്തോലിക്കാ മതവിശ്വാസത്തിന് മുതലാളിത്ത വികാസത്തിന്റെ കാലത്ത് സംഭവിച്ച തിരുത്തായി പ്രൊട്ടസ്റ്റന്റ് നവീകരണം വരുകയും, secularism- ത്തിന്റെ കാലത്ത് മതംം രാഷ്ട്രീയത്തിന്റെ വെപ്പാട്ടിയാവുകയും, ചൂഷണോപാധിയാവുകയും ചെയ്തതിനെ മറയിടുന്ന പുരോഗമന സിദ്ധാന്തമാണ് ( theory of progress) ചരിത്രത്തിന്റെ നേര്‍രേഖയിലുള്ള വികാസമായി അവതരിപ്പിക്കപ്പെട്ടത്. ആ സമവാക്യത്തിലേക്ക് ഇസ്‌ലാമിനെ ചേര്‍ത്ത് വെക്കുന്ന നിയമപരിഷ്‌കരണങ്ങള്‍ ഇബ്രാഹിമിനെ അബ്രഹാമായി തിരുത്തുകയാണ് ചെയ്യുന്നത്.

ഫസലുറഹ്മാന്റെ മൗലികമായ ആവിഷ്‌കാരമാണ് ദ്വിചലന സിദ്ധാന്തം. ഖുര്‍ആന്‍ അവതരിച്ച കാലത്തേക്കും സമകാലീനതയിലേക്കും അങ്ങുമിങ്ങും സഞ്ചരിച്ച് വചനങ്ങളുടെ സന്ദര്‍ഭത്തില്‍ നിന്ന് മൂല്യങ്ങള്‍ നിര്‍ദ്ദാരണം ചെയ്ത് പുതിയ കാലത്തെ മൂല്യാനുസരണം പുനര്‍നിര്‍മ്മിക്കാനുള്ള ആഹ്വാനമാണതിലുള്ളത്. ഇമാം ശാഥിബിയുടെ ഉസൂലുല്‍ ഫിഖ്ഹിന്റെ മാതൃക ഈ സിദ്ധാന്തത്തിനുണ്ടെന്ന് വാഇല്‍ ഹല്ലാഖ് പറയുന്നുണ്ട്. എന്നാല്‍ ശാഥിബിയില്‍ നിന്നും റഹ്മാനുള്ള വ്യത്യാസം പ്രശ്‌നപരമാണ്. ഖുര്‍ആന്‍ വിഭാവനം ചെയ്യുന്ന ചരിത്രത്തിന്റെ പുരോഗതിയുണ്ട്. അത് ലിബറല്‍ പ്ലൂരലിസമാണെന്ന് റഹ്മാന്‍ പറയുന്നുണ്ട്. ആ പുരോഗതിയില്‍ എത്തിച്ചേരുകയാണ് ഖുര്‍ആന്‍ അടിവരയിടുന്ന പ്രപഞ്ചബോധം. യൂറോപ്പ് എത്തിയിടത്ത് നമ്മളും എത്തുക എന്നതാണ് അദ്ദേഹം വ്യംഖ്യമായി സൂചിപ്പിക്കുന്ന ഗതി. ലിബറല്‍ ജനാധിപത്യത്തില്‍ ചരിത്രം ബ്രേക്കിട്ട് നിര്‍ത്തിയെന്ന് ഫുക്കുയാമയും, തിരുത്തി തിരുത്തി തിരുത്താനാകാത്ത വിധം പ്രാപഞ്ചികമാകുന്ന ഐഡിയലിസത്തില്‍ ചരിത്രം ഇല്ലാതാകുമെന്ന് ഹെഗലലും പറഞ്ഞത് ഇവിടെ ചേര്‍ത്ത് വായിക്കണം.

kahf

ഉസ്താദ് മഹ്മൂദ് ത്വാഹ transhistory യിലേക്കുള്ള ചില സൂചനകള്‍ അവശശേഷിപ്പിച്ചു എന്നല്ലാതെ അതദ്ദേഹം വികസിപ്പിച്ചില്ല. അദ്ദേഹവും നിയമപരിഷ്‌കരണത്തില്‍ തട്ടിവീണു. ഖുര്‍ആന്‍ രണ്ട് വെളിപാടുകളാണെന്ന് അദ്ദേഹം പറഞ്ഞു. ഒന്നാം വെളിപാട് മക്കയിലുണ്ടായി. ഹിറാ ഗുഹയിലുണ്ടായി. ദൈവം ആര് എന്നതും, നാം എന്ത് എന്നതും ദൈവത്തെ കീശയിലാക്കി നടക്കുന്നവരുടെ ഹാലിളക്കി. അവര്‍ ഇസ്‌ലാമിനെയും ഖുര്‍ആനെയും മദീനയിലേക്ക് പായിച്ചു. അവിടെ രണ്ടാം വെളിപാടുണ്ടായി. സാഹചര്യങ്ങള്‍ക്ക് അനുസൃതമായ നിയമങ്ങളുണ്ടായി. സാഹചര്യാനുസൃതമായ നിയമമാണ് രണ്ടാം വെളിപാടിന്റെ കാതല്‍. ഖുര്‍ആന്റെ അന്തസത്ത ഒന്നാം വെളിപാടിലാണുള്ളത്. മക്കം ഫതഹിന് ശേഷം ഇസ്‌ലാം അങ്ങോട്ടാണ് തിരിച്ചെത്തുന്നത്. ഇസ്‌ലാം നിയമത്തില്‍ അവസാനിക്കാനുള്ളതല്ല. നിയമത്തെ അതിര്‍വര്‍ത്തിക്കുന്ന ദൈവജ്ഞാനത്തിലേക്ക് തിരിച്ച് വരാനുള്ളതാണ്. പക്ഷെ രണ്ടാം വെളിപാടിന് തുല്യമായ സന്ദര്‍ഭങ്ങളുണ്ടാകുമ്പോള്‍ ഒന്നാം വെളിപാടിനെ മുന്‍നിര്‍ത്തി പരിഷ്‌കരണം നടത്തണമെന്നും അത്തരമൊരു പരിഷ്‌കരണത്തിന്റെ മാനിഫെസ്റ്റോ ആണ് ഖുര്‍ആനെന്നും ഉസ്താദ് ത്വാഹ പറഞ്ഞു. അതില്‍ പ്രശ്‌നമുണ്ട്.

നമുക്ക് ഇബ്രാഹിമിലേക്കും മനുഷ്യരാശിയുടെ പിതാവായ ആദമിലേക്കും തിരിച്ച് പോണം. യൂറോപ്പിന്റെ വംശഗാഥയായ ചരിത്രത്തില്‍ നിന്ന് തിരിച്ച് നടക്കണം. കഹ്ഫില്‍ എത്ര പേരുണ്ടായി എത്ര ചോദ്യവും, കഹ്ഫ് നിവാസികള്‍ക്കായി സ്മാരകം പണിയണമെന്ന നിര്‍ദ്ദേശവും ചരിത്രപരമാണ്. സൂറത്തുല്‍ കഹ്ഫില്‍ അത്തരം ചരിത്രപരതയുടെ മുനയൊടിക്കുകയാണ്. ചരിത്രത്തിന്റെ ഹിക്മത്ത് ബാധകമാകാത്ത ഖിള്‌റ് വരുന്ന അദ്ധ്യായമാണല്ലോ അത്. അസ്ഹാബുല്‍ കഹ്ഫ് എന്നാല്‍ അവരുടെ ചരിത്രമല്ല. അതറിയണമെങ്കില്‍ ഗുഹയുടെ അകത്ത് കയറി നോക്കണം. മുഹമ്മദ് (സ) ഹിറാ ഗുഹക്കക്കത്ത് കയറിയ പോലെ. സ്റ്റീവ് ബാനനും സംഘവും ചരിത്രത്തിലേക്ക് മാര്‍ച്ച് ചെയ്‌തോട്ടെ, അത് കഴിഞ്ഞ് വംശമഹിമ സ്ഥാപിക്കാന്‍ ചൊവ്വയിലോ മറ്റോ പോകട്ടെ. നമുക്ക് ഗുഹയിലേക്ക് പോകാം.

ഷമീര്‍ കെ എസ്‌