Campus Alive

യൂറോപ്പില്ലാത്ത ഇസ്‌ലാം എത്ര സമ്പന്നം

ജോര്‍ജ് ടൗണ്‍ സർവ്വകലാശാലയില്‍ ഇസ്‌ലാമിക് സ്​റ്റഡീസ് അസിസ്​റ്റൻറ്​ പ്രഫസറായ അഹ്​മദ് ദലാലിന്റെ പുതിയ ഗ്രന്ഥമാണ്​  ‘ISLAM WITHOUT EUROPE: TRADITIONS OF REFORM IN EIGHTEENTH CENTURY ISLAMIC THOUGHT (CHAPEL HILL: THE UNIVERSITY OF NORTH CAROLINA PRESS, 2018) എന്നത്. ഇസ്‌ലാമിക തത്വചിന്തയിലും ചരിത്രത്തിലും പ്രമുഖരുടെ രചനകള്‍ സമ്പന്നമാണെങ്കിലും, അഹ്​മദ് ദലാലിന്റെ ഇൗ രചന പതിനെട്ടാം നൂറ്റാണ്ട് മത മൗലികവാദത്തിന്റെയും സാംസ്‌കാരിക- ബൗദ്ധിക മുരടിപ്പിന്റെയും ഇരുണ്ട കാലഘട്ടമാണെന്ന ആധുനിക ചരിത്രാഖ്യാനങ്ങളെ ശക്തമായി വെല്ലുവിളിക്കുന്നുണ്ട്. ഇസ്‌ലാമിക ചിന്തയിലെ ഫലഭൂയിഷ്​ടമായ കാലഘട്ടമായാണ് വ്യവസ്ഥാപിത യൂറോപ്യന്‍ ഏറ്റുമുട്ടലുകള്‍ക്ക് മുമ്പുള്ള ഇസ്‌ലാമിന്റെ പതിനെട്ടാം നൂറ്റാണ്ടിനെ ദലാൽ നോക്കികാണുന്നത്. ഇസ്‌ലാമിക പ്രദേശങ്ങളില്‍ മതപരമായ ജ്ഞാനത്തെ എങ്ങനെ ചിന്തകര്‍ പുനക്രമീകരിച്ചു എന്നതിനപ്പുറം, അവ എങ്ങനെ സ്വീകാരയോഗ്യമായി എന്ന് നോക്കികാണുകകൂടി ചെയ്യുന്നു ഈ പുസ്തകം. യൂറോപ്യന്‍ കോളനിവൽകരണത്തിന് മുമ്പുള്ള കാലഘട്ടത്തില്‍ മുസ്‌ലിം നാടുകളില്‍ പരമ്പരാഗത വിജ്ഞാനങ്ങള്‍ എങ്ങനെ സംരക്ഷിക്കപ്പെട്ടുവെന്നും അവയുടെ വികാസത്തില്‍ പണ്ഡിതന്മാർ മുതല്‍ സാധാരണക്കാര്‍ വരെ നടത്തിയ പങ്കാളിത്തം ചര്‍ച്ചക്ക് എടുക്കുന്നു. ഇതിനൊപ്പം യൂറോപ്പിന്റെ അധിനിവേശത്തിനു ശേഷം ഇസ്‌ലാം/ മുസ്‌ലിം എങ്ങനെ പരണമിക്കുന്നുവെന്നും ദലാല്‍ തന്റെ ഗ്രന്ഥത്തിലൂടെ അടയാളപ്പെടുത്തുന്നു.

സമീപകാലത്ത് പുറത്തിറങ്ങിയ പ്രസ്​തുത ഗ്രന്ഥത്തിന്റെ വെളിച്ചത്തില്‍ ‘ജദലിയ്യ’ (http://jadaliyya.com) ദലാലുമായി നടത്തിയ അഭിമുഖം.

ജദലിയ്യ: എന്താണ്​ ഇൗ ഗ്രനഥം രചിക്കാൻ താങ്കളെ പ്രചോദിപ്പിച്ചത്​?

ദലാല്‍: ‘ഇസ്‌ലാം വിതൗട്ട് യൂറോപ്പ്’ എന്ന ഗ്രന്ഥം പതിനെട്ടാം നൂറ്റാണ്ടിലെ ഇസ്​ലാമിന്റെ നവോത്ഥാന പാരമ്പര്യങ്ങളെക്കുറിച്ച ഒരു പഠനമാണ്​. പതിനെട്ടാം നൂറ്റാണ്ടിലെ പരമ്പരാഗത ചരിത്രരചനാ രീതികളെ പുന:പരിശോധിക്കാനും അവയെ വീണ്ടുവിചാരത്തിന് വിധേയക്കമാക്കലുമാണ്​ ഇൗ പുസ്​തകത്തിന്റെ ലക്ഷ്യം. ഇസ്‌ലാമിന്റെ പതിനെട്ടാം നൂറ്റാണ്ടിനെ കേവലം തകര്‍ച്ചയുടെയും ജഡത്വത്തിന്റെയും കാലഘട്ടമായി വിശേഷിപ്പിക്കുന്ന മുഖ്യധാരാ അക്കാദമിക വിധിയെഴുത്തുകളെ വെല്ലുവിളിക്കുകയാണ് ഈ ഗ്രന്ഥം. ഈ താരതമ്യ പഠനത്തില്‍ ലോകത്തെ പ്രശസ്​തരായ എല്ലാ ഇസ്‌ലാമിക ചിന്തകരുടെ അഭിപ്രായങ്ങളെയും ഞാന്‍ ഉള്‍കൊള്ളിക്കുന്നുണ്ട്. കൂടാതെ അക്കാലത്ത് സാംസ്‌കാരികമായും സാമൂഹികമായും നടന്ന മുന്നേറ്റങ്ങളെയും പരിശോധനക്ക് വിധേയമാക്കുക കൂടി ചെയ്യുന്നു. പ്രസ്തുത കാലഘട്ടത്തെക്കുറിച്ച് നിലവിലെ ചരിത്രവിചാരങ്ങളുടെ വാര്‍പ്പുമാതൃകകള്‍ക്ക് വിരുദ്ധമായി, യൂറോപ്പുമായുള്ള നിരന്തര ഏറ്റുമുട്ടലുകളിലൂടെ രൂപപ്പെട്ട കോളനിവൽകരണ കാലഘട്ടത്തെ നവോത്ഥാന മുന്നേറ്റങ്ങള്‍ക്കുള്ള ആമുഖ സംരഭമായിട്ടോ ധൈഷണിക അധപതനത്തിന്റെ കാലഘട്ടമായിട്ടോ വാദിക്കാന്‍ ഞാന്‍ ഇവിടെ ശ്രമിക്കുന്നില്ല. മറിച്ച്​ പതിനെട്ടാം നൂറ്റാണ്ടില്‍ നടന്ന സുപ്രധാന ഇസ്‌ലാമിക നവോത്ഥാന മുന്നേറ്റങ്ങളെ പുനര്‍ നിര്‍മാണത്തിന് വിധേയമാക്കുക മാത്രമാണ് ചെയ്യുന്നത്.

ജദലിയ്യ: താങ്കളുടെ ഗ്രന്ഥം ഏതൊക്കെ രീതിയിലുള്ള വിഷയങ്ങളെയും പ്രശ്‌നങ്ങളെയും സാഹിത്യങ്ങളെയുമാണ് അഭിമുഖീകരിക്കുന്നത്?

ദലാല്‍: ആധുനിക ഇസ്‌ലാമിക ചിന്തയെക്കുറിച്ചുള്ള പഠനങ്ങള്‍ രണ്ട് വിപരീത അർഥങ്ങളിലാണ് പതിനെട്ടാം നൂറ്റാണ്ടിലെ ഇസ്‌ലാമിക നവോത്ഥാനത്തെ വരച്ചുവെച്ചിട്ടുള്ളത്. ഒന്നാമത്തേത്, രാഷ്ട്രീയമായ അധപതനത്തിന്റെയും ചിന്താപരമായ മുരടിപ്പിന്റെയും കാലഘട്ടമാണന്ന വായന. അത് കൊണ്ട്തന്നെ ഇസ്‌ലാമിനുനേരെയുള്ള ധൈഷണിക വെല്ലുവിളികളുടെയും യൂറോപ്യന്‍ സ്വാധീനത്തിന്റെയും ക്രമാതീതമായ വളര്‍ച്ചയുടെ അനന്തരഫലം കൊണ്ട് മാത്രമേ രാഷ്ട്രീയ- ധൈഷണിക നവോത്ഥാനം സാധ്യമാവൂ എന്ന് വായിക്കപ്പെടുന്നു. രണ്ടാമത്തേത്, പത്തൊമ്പതാം നൂറ്റാണ്ടിലെ നവോത്ഥാനം പതിനെട്ടാം നൂറ്റാണ്ടിലെ ഇസ്‌ലാമിക നവോത്ഥാന നായകര്‍ സാധിച്ചെടുത്ത ധൈഷണിക പാരമ്പര്യത്തില്‍ ഉടലെടുത്തതാണന്ന വായനയാണ്.

ഈ രണ്ട് കാഴ്ചപ്പാടുകള്‍ക്കും വിരുദ്ധമായി, പതിനെട്ടാം നൂറ്റാണ്ടിനെ ഞാന്‍ മനസ്സിലാക്കുന്നത് പാരമ്പര്യ ഇസ്‌ലാമിക ചിന്തയെ സമൂലമായി പരിഷ്‌കരിക്കാന്‍ വ്യവസ്ഥാപിതമായി നടത്തപ്പെട്ട ധൈഷണിക സമരത്തിന്റെ/ പ്രവര്‍ത്തനത്തിന്റെ മഹത്തായ കാലഘട്ടമായിട്ടാണ്. ധൈഷണികമായ അതിന്റെ സ്വീകാര്യതയിലും (ഷാഹ് വലിയുല്ലാഹ്, സന്‍ആനി, ശൗകാനി തുടങ്ങിയവര്‍ സാധ്യമാക്കിയതുപോലെ), രാഷ്ട്രീയവും സാമൂഹികവുമായ പ്രതിഫലനങ്ങളിലും (ഇബ്‌നു ഫുദി, സനൂസി എന്നിവര്‍ സാധിച്ചെടുത്ത പോലെ) ഒരു പോലെ വിഭിന്നവും വിജയകരവുമായ ഫലപ്രാപ്തി ലഭിച്ച കാലഘട്ടമാണത്. പതിനെട്ടാം നൂറ്റാണ്ട് ധൈഷണിക മുരടിപ്പിന്റെ കാലഘട്ടമെന്ന് വിശേഷിപ്പിക്കുന്ന പരമ്പരാഗത ചരിത്രരചനയെ ഭാഗികമായി മാറികടന്നത് യൂറോപ്പിനോടുള്ള നിരന്തരമായ ഏറ്റുമുട്ടലുകളിലൂടെയാണ്. പതിനെട്ടാം നൂറ്റാണ്ടിലെ മുസ്‌ലിം ധൈഷണിക പാരമ്പര്യത്തിന്റെ സജീവതയെ സ്തംഭനാവസ്ഥയിലാക്കിയത് പ്രസ്തുത ഏറ്റുമുട്ടലാണെന്നാണ് ഞാന്‍ വാദിക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടിന്റെയും പത്തൊമ്പതാം നൂറ്റാണ്ടിന്റെയും ന​വോത്ഥാന മുന്നേങ്ങള്‍ക്കിടയില്‍ ഒരു തുടര്‍ച്ച ഉണ്ടായിരുന്നില്ല. മറിച്ച്, ആ ഏറ്റുമുട്ടല്‍ ഇസ്‌ലാമിക ചിന്തയുടെ അതിപ്രസരത്തില്‍ വിള്ളല്‍ സൃഷ്​ടിക്കുകയും അത് നിരന്തരം മാറികൊണ്ടിരിക്കുന്ന ഇസ്‌ലാമിക പാരമ്പര്യം എന്ന രീതിയിലേക്ക് സമൂലമായി പരിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്തു.

പഴയ ചരിത്രമെഴുത്തുകളും ഗവേഷണ കുറിപ്പുകളും പതിനെട്ടാം നൂറ്റാണ്ടിലെ ഇസ്‌ലാമിക ആക്ടിവിസത്തിന്റെയും ചിന്താവിപ്ലവത്തിന്റെയും മോഡലായി അവതരിപ്പിക്കുന്നത് വഹാബിസത്തെയാണ്. എന്നാല്‍ അന്ന് സമൂഹത്തില്‍ നിലനിന്നിരുന്നരുന്ന ‘തക്ഫീര്‍’ എന്ന സമ്പ്രദായത്തിനെതിരെയുള്ള കാതലായ ചര്‍ച്ചയും സംവാദവും ഞാന്‍ പ്രസ്തുത പുസ്തകത്തില്‍ കൊണ്ടുവരുന്നുണ്ട്. അതേ സമയം തന്നെ മക്കയിലൂടെയും മദീനയിലൂടെയും യാത്രചെയ്തും താമസിച്ചും വിദ്യ നുകര്‍ന്നും ജ്ഞാന സമൃദ്ധി നേടിയ സമചിത്തരായ നവോത്ഥാന നായകരുടെ ധൈഷണിക വലയം ആ സജീവതയ്ക്ക് കാരണമായി എന്ന പൊതു ഗവേഷണധാരണയെ ഞാന്‍ കൂടെചേര്‍ക്കുകയും ചെയ്യുന്നു. അക്കാലത്ത് നടന്ന നവോത്ഥാന സംരഭങ്ങളില്‍ പ്രാദേശികമായ അസ്തിത്വവും ബഹുസ്വരചിഹ്നങ്ങളും കാണപ്പെട്ടിരുന്നു. ഉദാഹരണത്തിന്, ഇജ്തിഹാദ് എന്ന മഹത്തായ ആശയത്തെ ഏത് രൂപത്തിലാണ് നടപ്പാക്കേണ്ടത് എന്ന വിഷയത്തില്‍ വിഭിന്നമായ കാഴ്ചപ്പാടുകള്‍ അന്ന് നിലനിന്നിരുന്നു. പ്രസ്തുത വിഭിന്നത അക്കാലത്തെ നിപുണരായ പണ്ഡിതപാരമ്പര്യത്തിന്റെ ജ്ഞാന ബലം കൊണ്ട് മാത്രമാണ് സാധിച്ചെടുത്തത്. അതുപോലെ ചരിത്രകാരന്മാരായ ചില നവീകരണവാദികള്‍ ഉന്നയിച്ച പ്രധാന വാദമാണ് നിയോ സൂഫീസം. അഥവാ പതിനെട്ടാം നൂറ്റാണ്ടില്‍ നടന്ന ഇസ്‌ലാമിക ചിന്താ പ്രസരണത്തിന് നവോത്ഥാന സൂഫിസത്തിന്റെ പുതിയ ബ്രാൻറായ നിയോ സൂഫിസത്തിന്റെ ശക്തമായ സ്വാധീനമുണ്ടെന്ന് അവര്‍ വാദിക്കുന്നു. നിയോ സൂഫീസത്തെ അവര്‍ നിര്‍വചിക്കുന്നത് ആത്മീയ നിരപേക്ഷവും യാഥാസ്ഥിക ഇസ്‌ലാമിന്റെ സേവനം ലഭിക്കാത്ത മുന്നേറ്റമായിട്ടാണ്. എന്നാല്‍ പതിനെട്ടാം നൂറ്റാണ്ടിലെ സൂഫിസം അത്മീയത ഉപേക്ഷിച്ചിട്ടുള്ള ഒരു സംരംഭം എന്ന വാദമുഖത്തിലേക്ക് എനിക്ക് എത്തിചേരാന്‍ സാധ്യമല്ല. റാത്‌കെയുടെയും(RADTKE) ഒ ഫാഹെ(O FAHEY) യുടെയും വാദങ്ങളെ പിന്തുണച്ച് കൊണ്ടുതന്നെ, പതിനെട്ടാം നൂറ്റാണ്ടിലെ ഇസ്‌ലാമിക നവോത്ഥാനത്തെ അല്ലെങ്കില്‍ സൂഫിസത്തെ മനസ്സിലാക്കാന്‍ നിയോ സുഫിസം എന്ന സങ്കല്‍പ്പം ഉപയുക്തമല്ല എന്നാണ് കരുതുന്നത്. കൂടാതെ പ്രസ്​തുത പുസ്തകത്തില്‍, സൂഫിസത്തെക്കുറിച്ചുള്ള പതിനെട്ടാം നൂറ്റാണ്ടിന്റെ വിമര്‍ശനാത്മക വിശകലനങ്ങളും ഞാന്‍ ഉള്‍കൊള്ളിക്കുന്നുണ്ട്.

എല്ലായിടങ്ങളിലും ഞാന്‍ കണ്ടത്തുന്ന ഒരു പ്രധാന വസ്തുതയുണ്ട്. പതിനെട്ടാം നൂറ്റാണ്ടിലെ എല്ലാ പ്രമുഖ ചിന്തകരും തങ്ങളുടെ ബൗദ്ധിക ഇടപെടലുകള്‍ അവര്‍ ജീവിക്കുന്ന ഇടങ്ങളിലെ രാഷ്ടീയ അധികാര വൃന്ദങ്ങള്‍ക്കും വ്യവസ്ഥാപിത കോര്‍പറേറ്റ് വൃന്ദങ്ങള്‍ക്കും വിഘാതവും അസ്വസ്ഥതയും സൃഷ്ടിക്കുന്നതായി അവര്‍ മനസ്സിലാക്കിയിരുന്നുവെന്നതാണ്. ഒരു പാഠഭാഗത്ത് സാംസ്‌കാരിക/ ധൈഷണിക പരിസരങ്ങളില്‍ നിന്ന് സാമൂഹിക/രാഷ്ടീയ പരിസരത്തിലേക്ക് ഞാന്‍ എന്റെ ചര്‍ച്ച വികസിപ്പിക്കുന്നുണ്ട്. ഉദാഹരണത്തിന് ശൗകാനിയുടെ ബൗദ്ധിക ഇടപെലുകളെയും അദ്ദേഹത്തിന്റെ അധികാരവുമായുള്ള സങ്കീര്‍ണ്ണ ബന്ധത്തെക്കുറിച്ചുമാണത്.

ഭേദഗതി വരുത്തപ്പെട്ട ചരിത്രരചനാ ശാസ്​ത്രത്തിലെ മറ്റൊരു വാദം പതിനെട്ടാം നൂറ്റാണ്ടിലെ ഹദീസ് പഠനങ്ങള്‍ പരിഷ്‌കരിക്കപ്പെട്ടതും അവ സാമൂഹത്തിന്റെ നൈതിക ഭദ്രതക്കുവേണ്ടി പുനക്രമീകരിക്കപ്പെട്ടതാ​ണെന്നുമായിരുന്നു. രണ്ടാമത്തെ വസ്തുത കേവല ധൈഷണിക പരിസരങ്ങള്‍ക്കപ്പുറം യഥാർതഥമായ സാമൂഹിക ജീവിതം പ്രദാനം ചെയ്യുന്നതിലും സാമൂഹിക സ്വഭാവരീതി കെട്ടിപടുക്കുന്നതിലും ഹദീസുകള്‍ക്ക് പ്രധാന്യമുണ്ടെന്ന് തെളിയിക്കുന്നു. എന്നാല്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധയൂന്നുന്നത് ഹദീസിന്റെ താത്വികവും അക്കാദമിക ചര്‍ച്ചകളിലും സുപ്രധാനമായി ഗണിക്കപ്പെടുന്ന ചില ആശയങ്ങള്‍ക്കുമേലാണ്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഇൽമു മുസ്തലഹുല്‍ ഹദീസ് എന്ന പാഠഭാഗം. പ്രാമാണികമായി ഹദീസുകളില്‍ പരിഗണിക്കപ്പെടുന്ന രീതിശാസ്ത്രത്തെക്കുറിച്ചാണത്. അതിന്റെ ഭാഗമായി ഇന്ത്യയിലും യമനിലും ഉണ്ടായ രണ്ട് ഹദീസ് വിജ്ഞാന ശാഖകളുടെ വികാസത്തെക്കുറിച്ച് ഞാന്‍ പഠിച്ചിരുന്നു. ആധികാരികതക്ക് വേണ്ടി ഇത്തരം തിയറികള്‍ എത്രത്തോളം ഫലപ്രദമാണെന്നാണ് ഞാന്‍ പരിശോധിക്കുന്നത്. സാംസ്‌കാരിക- സാമൂഹികാര്‍ഥത്തില്‍ മാത്രമല്ല, മറിച്ച് പുരാതന ഹദീസ് ഗ്രന്ഥങ്ങളുമായി തുലനം ചെയ്ത് ഹദീസുകളെ വിശകലന- അപഗ്രഥനക്ക് വിധേയമാക്കുകയാണ് ചെയ്യുന്നത്.

ജദലിയ്യ: ഇൗ ഗ്രന്ഥം താങ്കളുടെ മൂന്‍കൃതികളുമായി ബന്ധപ്പെട്ടാണോ അതോ വേറിട്ടാണോ നിൽകുന്നത്​​?

ദലാല്‍: പതിനെട്ടാം നൂറ്റാണ്ടിലെ നവോത്ഥാന പ്രക്രിയക്കുറിച്ച് ഞാന്‍ നേരത്തെ തയ്യാറാക്കിയ ചില പഠനങ്ങളെ ആധാരപ്പെടുത്തിയാണ്​ ഇൗ ഗ്രന്ഥം രചിച്ചത്​. പക്ഷേ ഇതിന്റെ സാധ്യത അതിന്റെ പ്രാദേശികസ്വഭാവങ്ങളുടെ ബലത്തിലും ഞാന്‍ തെരഞ്ഞെടുത്ത ചില ആശയങ്ങളുടെയും നിഗമനങ്ങളുടെയും വെളിച്ചത്തിലും വിശാലമാണ്. കൂടാതെ ഇസ്‌ലാമിലെ മറ്റു വിജ്ഞാന ശാഖകളുമായി നേരിട്ട് ബന്ധപ്പെടുന്ന ഒരു കൃതിയായിട്ടാണ് ഞാനിതിനെ വിലയിരുത്തുന്നത്. ആധുനികതയുടെ കാഴ്ചപ്പാടുകളും അവയുടെ അധപതനത്തിന്റെ കാലഘട്ടം എന്ന വിലയിരുത്തലുകളും മാറ്റിനിര്‍ത്തി പൂര്‍വ്വാധുനിക പാരമ്പര്യത്തെ അതിന്റെ തനതായ വീക്ഷണകോണിലൂടെ നോക്കികാണാനും ആ കാലഘട്ടത്തെക്കുറിച്ചുള്ള നിരവധി ചോദ്യങ്ങളെ അഭിമൂഖീകരിക്കാനുമാണ് ശ്രമിക്കുന്നത്.

ജദലിയ്യ: താങ്കളുടെ പുസ്തകത്തെ സമീപിക്കുന്ന വായനക്കാരില്‍ നിന്ന് എന്ത് പ്രതീക്ഷിക്കുന്നു? എന്ത് സ്വാധീനമാണ് ഇതുണ്ടാക്കുക?

ദലാല്‍: ഇസ്‌ലാം, പ്രാദേശിക സമ്പ്രദായം, താരതമ്യ ചരിത്രപഠനം എന്നിവ ഇഷ്​ടപ്പെടുന്ന വായനക്കാര്‍ക്ക് തികച്ചും ഉപകരിക്കുന്ന ഒന്നാണിത്. കൂടാതെ ഇസ്‌ലാമിക ചിന്തയും പാരമ്പര്യവും ആഴത്തില്‍ പഠിക്കുന്നവരെ ഇവ നന്നായി പ്രീതിപ്പെടുത്തുകയും ചെയ്യും. ഇസ്‌ലാമിന്റെ മധ്യ -ആധുനിക കാലഘട്ടവും അവ പിന്നീട് യുറോപ്യന്‍ കോളനിവൽകരണത്തെ എങ്ങനെ നേരിട്ടുവെന്നും പഠിക്കുന്നവര്‍ക്ക് ഇത് നിരന്തരം അവലംബിക്കാവുന്ന ഗ്രന്ഥമായിരുക്കുമെന്ന് പ്രതീക്ഷിക്കുന്നു. മാത്രമല്ല എന്റെ വാദങ്ങള്‍ പതിനെട്ടാം നൂറ്റാണ്ടിലെ ഇസ്​ലാമിക ചരിത്രത്തെ പുനസ്ഥാപിക്കുക മാത്രമല്ല ചെയ്യുന്നത്, മറിച്ച് ഇസ്‌ലാമിക ചരിത്രത്തെക്കുറിച്ചുള്ള ആധുനിക വീക്ഷണത്തില്‍ പുതിയൊരു ചിന്താരീതിയാണ് ഞാന്‍ മുന്നോട്ട് വെക്കുന്നത്.

ജദലിയ്യ: ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന മറ്റു രചനകള്‍ വല്ലതുമുണ്ടോ?

ദലാല്‍: ആദ്യകാല പശ്​ചിമാഫ്രിക്കന്‍ മുസ്‌ലിം പണ്ഡിതനായ ഉഥ്മാന് ഇബ്​ൻ ഫുദിയെക്കുറിച്ചും അദ്ദേഹം 1800കളില്‍ സ്ഥാപിച്ച സൊകോടോ ഖിലാഫത്തിനെക്കുറിച്ചുമുള്ള ഒരു നീണ്ട പഠനം ഉദ്ദേശിക്കുന്നുണ്ട്.

ജദലിയ്യ: താങ്കളുടെ ഗവേഷണരീതി ഏത് രൂപത്തിലാണ്?

ദലാല്‍: ഗ്രന്ഥത്തില്‍ ഞാന്‍ സ്വീകരിച്ച രീതി ശാസ്ത്രം അല്‍പം വേറിട്ടുനില്‍ക്കുന്നത് ആ കാലഘട്ടത്തില്‍ പണ്ഡിതര്‍ നടപ്പാക്കിയ വിജ്ഞാനശാഖകളുടെ പാരമ്പര്യത്തെയും അവയുടെ കാലാന്തരങ്ങളിലുള്ള പരിണാമത്തെയും വേറിട്ട് പരിശോധിക്കുന്നതിലൂടെയാണ്. വിശിഷ്യാ ഇത്തരത്തിലുള്ള മാറ്റങ്ങളെ സാംസ്‌കാരിക പാരമ്പര്യങ്ങളിലുള്ള മാറ്റമായി കാണാനും അത് ഏത് ചരിത്രപരമായ സാഹചര്യത്തിലാണ് ഉടലെടുത്തെതെന്നും കണ്ടത്തുന്നു. പ്രാഥമികമായി അക്കാലത്തെ ധൈഷണികപാരമ്പര്യത്തിലുണ്ടായ പരണാമത്തിന്റെ സാമൂഹിക പ്രാധാന്യവും ഉള്ളടക്കവും ചികഞ്ഞന്വേഷിക്കുകയും ചെയ്യുന്നു. കൂടാതെ ഹദീസ്, നിയമശാസ്ത്രം, സൂഫിസം എന്നീ ശാഖകളില്‍ ഇടപെട്ട പതിനെട്ടാം നൂറ്റാണ്ടിലെ പണ്ഡിതരുടെ കൃതികളുടെ ആഴത്തിലുള്ള വായനയും നടത്തുന്നുണ്ട്. ഹദീസിലെയും കര്‍മശാസ്ത്രത്തിലെയും അടിസ്ഥാന തത്വങ്ങളെ എങ്ങനെയാണ് അക്കാലത്തെ പണ്ഡിതര്‍ പുനപരിശോധനക്ക് വിധേയമാക്കിയതെന്നും അവ ഏത് രാഷ്ട്രീയ ധൈഷണിക അധികാര വൃത്തങ്ങള്‍ക്ക് അനുകൂലമായാണ് പണ്ഡിതരുടെ കൃതികള്‍ നിര്‍മിക്കപ്പെട്ടതെന്നും അന്വേഷിക്കുന്നു. അത് കൊണ്ടുതന്നെ സമൂലമായ നവോത്ഥാനം സാധ്യമായത് പരമ്പരാഗത ഗ്രന്ഥങ്ങളിലാണെന്നാണ് ഞാന്‍ വാദിക്കുന്നത്. പ്രസ്തുത ഗ്രന്ഥത്തില്‍ രണ്ട് ഘടകങ്ങളെ മുഖ്യമായും ഉള്‍കൊള്ളിക്കുന്നുണ്ട്. ഒന്നാമത്തേത് പതിനെട്ടാം നൂറ്റാണ്ടിന്റെ ചരിത്ര രചനാ രീതിശാസ്ത്രത്തെക്കുറിച്ചും അക്കാലത്ത് സാധ്യമാക്കിയ ധൈഷണിക പാരമ്പര്യത്തിന്റെ ഉള്ളടക്കത്തെയും കൈകാര്യം ചെയ്യുന്നതാണ്. രണ്ടാമത്തേത് പുരാതന കാലഘട്ടത്തിലെ രചനാ രീതിയെ പഠിക്കുന്നതിന് വേണ്ടിയുള്ള വേറിട്ട രീതിശാസ്ത്രത്തെക്കുറിച്ചും അവയുടെ മാറ്റങ്ങള്‍ എങ്ങനെ അക്കാലത്ത് സാധ്യമായി എന്നതിനെക്കുറിച്ചുമാണ്.

………………………………..
ഇൗ ഗ്രന്ഥം കൂടാതെ മൂന്ന് ഗ്രന്ഥങ്ങള്‍ അഹ്​മദ്​ ദലാൽ രചിച്ചിട്ടുണ്ട് -Islam, Science, and the Challenge of History (Yale University Press, 2010), and the recently released The Political Theology of ISIS: Prophets, Messiahs, and the Extinction of the Grayzone, (Tadween Publishing, 2017).

മൊഴിമാറ്റം: സി സ്വാലിഹ് അമ്മിനിക്കാട്

അഹ്‌മദ്‌ ദലാൽ