Campus Alive

പൂളകാക്ക: മലപ്പുറത്തെ ഫുട്ബാള്‍ ഇതിഹാസം!

മരച്ചീനിക്ക് മലബാറില്‍ പൂള എന്ന് പറയും. ഫുട്ബോളും മരച്ചീനിയും തമ്മില്‍ വല്ല ബന്ധവുമുണ്ടോ? ഇല്ല, പക്ഷെ ഒരുകാലത്ത്‌ മലപ്പുറത്തെ കിളിനക്കോട്ടെ കാശ്മീര്‍ ക്ലബ്ബിന്റെ ആരാധകര്‍ കളി കാണാന്‍ വന്നത് മരച്ചീനി കമ്പുകളുമായാണ്. ‘പൂളകാക്ക’ എന്നായിരുന്നു ആ
ക്ലബ്ബിന്റെ മുതലാളിയുടെ പേര്.
മലപ്പുറത്തെ ഫുട്ബാള്‍ ഇതിഹാസമായിരുന്നു രണ്ട് ദിവസം മുമ്പ് മരണപ്പെട്ട യു.കെ. അബ്ദുറഹ്മാൻ എന്ന പൂളക്കാക്ക. മരിച്ചീനി കൃഷി ചെയ്ത് അതിന്റെ വരുമാനം കൊണ്ട് താരങ്ങളെ കൊണ്ടുവന്ന് സെവന്‍സ് ടൂര്‍ണമെന്റുകളില്‍ പങ്കെടുപ്പിക്കുന്ന ‘കാക്ക’ മലപ്പുറത്തെ ഫുട്ബോള്‍ ചരിത്രത്തിലെ അസാധാരണ കഥാപാത്രമാണ്. ജീവിതത്തിന്റെ സായാഹ്നത്തിലും ഫുട്ബോളിനെ കുറിച്ചു പറയാന്‍ നൂറുനാക്കായിരുന്നു അദ്ദേഹത്തിന്. മലപ്പുറത്തെ ഫുട്ബോളിന്റെ ചരിത്രത്തിനൊപ്പം സഞ്ചരിച്ച പൂളകാക്ക 2014 ഓഗസ്റ്റില്‍ ‘കാമ്പസ് അലൈവി’ നോട് പങ്കുവെച്ച ഓര്‍മ്മകള്‍.

ചോദ്യം: പന്തുകളിയോടുളള കമ്പം തുടങ്ങുന്നത് എപ്പോഴാണ്?
പത്തു മുപ്പത്തഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൂലിപ്പണിക്ക് വയനാട്ടില്‍ പോയ കാലത്ത് വോളിബോളിനോട് കമ്പം കേറി. വയനാട്ടിലൊക്കെ അന്ന് വോളിബോളായിരുന്നു. 1963 ല്‍ ഞങ്ങളും വയനാട്ടിലെ ചേട്ടന്‍മാരുടെ ക്ലബ്ബുമായി മത്സരിച്ചിരുന്നു. അന്ന് ചന്ദ്രശേഖരന്‍ എന്നൊരു കളിക്കാരനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേരിലാണ് പിന്നീട് തിരുവനന്തപുരത്ത് സ്റ്റേഡിയമൊക്കെ വന്നത്. അതിനുശേഷം നാട്ടില്‍ വന്ന് പാടത്ത് ടൂര്‍ണമെന്റൊക്കെ നടത്താന്‍ തുടങ്ങി. അന്ന് അരീക്കോട് നിന്നൊക്കെ നാട്ടില്‍ ആളുകളെ കൊണ്ടുവന്നാണ് ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ നടത്തിയത്.

ചോ: കാശ്മീര്‍ ക്ലബ്ബ് എന്ന പേരുണ്ടായത് എങ്ങനെ?
ഇവിടത്തെ പാടത്തിനപ്പുറം ചേരൂറാണ്, ഇപ്പുറം കാശ്മീരും. ഇങ്ങനെയൊരു പേര് ഈ നാടിന് വന്നതിനൊരു കഥയുണ്ട്. ചേരൂരില്‍ വഅള് (മത പ്രഭാഷണം) വെച്ചതിന്റെ സമയത്ത്, ഇന്നാട്ടുക്കാരും വഅള് വെച്ചു. ഇതറിഞ്ഞ ചേറൂരിലെ കുഞ്ഞാലിക്കുട്ടി മൊയ്‌ല്യാരാണ് ‘അവിടൊരു കാശ്മീരാണ്‌’ എന്ന് പറഞ്ഞത്. അങ്ങനെ നാടിന് കാശ്മീര്‍ എന്ന് വിളിപ്പേരായി. പിന്നീട് ക്ലബ്ബ് തുടങ്ങിയപ്പോള്‍ ആ പേര് തന്നെയിട്ടു.

ചോ: ക്ലബ്ബില്‍ ആരൊക്കെയാണ് കളിച്ചിരുന്നത്.
ഇന്ത്യന്‍ താരങ്ങളും പുറം നാട്ടിലെ താരങ്ങളുമെല്ലാം കളിച്ചിട്ടുണ്ട്. ഐ. എം വിജയന്‍ അന്ന് കേരള പോലീസിലായിരുന്നു. അദ്ദേഹത്തെ ഞങ്ങള്‍ അദ്ദേഹത്തിന്റെ നാട്ടില്‍ പോയി കൊണ്ടുവന്നതാണ്. നജീബും ഞങ്ങള്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 1994 ലോകകപ്പില്‍ നൈജീരിയക്ക് വേണ്ടി കളിച്ച ഓക്കയും ടോണിയും ഞങ്ങളുടെ ക്ലബ്ബിനുവേണ്ടി കളിച്ചിട്ടുണ്ട്. മലപ്പുറത്ത് തന്നെ ആദ്യമായി പുറം നാട്ടുകാരെ കളിപ്പിച്ചത് ഞങ്ങളാണ്. അന്ന് ആയിരവും രണ്ടായിരവും കൊടുത്താല്‍ ആളെക്കിട്ടുമായിരുന്നു.

ചോ: അന്നത്തെ ക്ലബ്ബുകള്‍ എങ്ങനെയായിരുന്നു?
അന്നിവിടെ സൂപ്പര്‍ സ്റ്റുഡിയോ, ബ്ലാക്ക് ആന്റ് വൈറ്റ്, ജിംഖാന, എടപ്പാളിലെ യൂസാഫ്, കെ.എ. ടീം ഇങ്ങനെയുളള ടീമുകളെല്ലാം സെവന്‍സിലുണ്ടായിരുന്നു. എല്ലാ മത്സരങ്ങള്‍ക്കും തിരൂരങ്ങാടി ജനങ്ങളെ കൊണ്ട് നിറയുമായിരുന്നു. ഞങ്ങള്‍ മൈസൂര്‍ ടീമിനെ തോല്‍പ്പിച്ചിട്ടുണ്ട്. ഗോവയില്‍ നിന്ന് ‘കാന ബാനാ ബഗൂലിയന്‍ ഗോവ’ എന്ന ടീം വന്നിരുന്നു. അവരുമായും ഞങ്ങള്‍ കളിച്ചിരുന്നു. പുറം ടീമുകളെയൊക്കെ പരാജയപ്പെടുത്തിയ കാശ്മീര്‍ ക്ലബ്ബ് ഫെയ്മസായി. കാണികള്‍ക്ക് ഞങ്ങളെ അറിയുമായിരുന്നു. ഞങ്ങള്‍ പുറം കളിക്കാരെ കൊണ്ടുവരുമെന്ന് അവര്‍ പ്രതീക്ഷിച്ചു. ഞങ്ങളുടെ കാണികള്‍ പൂളകമ്പുകളുമായാണ് കളി കാണാന്‍ വന്നിരുന്നത്.

ചോ: ഇതിലൊക്കെ എന്ത് ലാഭമാണ് കിട്ടിയിരുന്നത്?
ഇതിലൊന്നും കാര്യമായ ലാഭമുണ്ടായിരുന്നില്ല. അന്നൊന്നും സെവന്‍സിന് അംഗീകാരമുണ്ടായിരുന്നില്ല. ഇന്നിപ്പോള്‍ അസോസിയേഷനുമൊക്കെയുണ്ട്. എനിക്ക് അതില്‍ മെമ്പര്‍ഷിപ്പുമുണ്ട്. ഏറ്റവും കൂടുതല്‍ സെവന്‍സ് മത്സരങ്ങള്‍ നടക്കുന്നത് മലപ്പുറത്താണ്. മലപ്പുറത്ത് മുപ്പതിലധികം സെവന്‍സ് മത്സരങ്ങള്‍ നടക്കുന്നുണ്ട്.

ചോ: ലോകകപ്പില്‍ ഏത് ടീമിനൊപ്പമാണ്?
ഞാനോ? ഞാന്‍ അര്‍ജീന്റീനക്കൊപ്പം!

2014 ജൂലൈ- ഓഗസ്റ്റ് ലക്കം കാമ്പസ് അലൈവ് പ്രിന്റില്‍ നിന്ന് പുന: പ്രസിദ്ധീകരണം.