Campus Alive

ഇസ്‌ലാമും വിമര്‍ശനത്തിന്റെ പാരമ്പര്യവും

തന്റെ പുതിയ പുസ്തകമായ Religion as Critique നെക്കുറിച്ച് ഇര്‍ഫാന്‍ അഹ്മദ് സംസാരിക്കുന്നു

ബീഹാറിലാണ് ഞാന്‍ വളര്‍ന്നത്. ഇന്ത്യയില്‍ നടന്ന മിക്ക സംഭവങ്ങളും (റുഷ്ദി വിവാദം, ബാബരി മസ്ജിദിന്റെ തകര്‍ച്ച, യുക്തിയുടെ ഐക്കണായിക്കൊണ്ടുള്ള തസ്ലീമ നസ്‌റിന്റെ വരവ്) എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. മുസ്‌ലിംകള്‍ യുക്തിവിരുദ്ധരാണ് എന്നായിരുന്നു പൊതുവെ പറയപ്പെട്ടിരുന്നത്. എന്നാല്‍ എന്റെ മദ്‌റസ വിദ്യാഭ്യാസത്തിലൂടെ ഇസ്‌ലാമിനെക്കുറിച്ചും മുസ്‌ലിംകളെക്കുറിച്ചും ഞാന്‍ പഠിച്ച കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നു. വിമര്‍ശനത്തിനും സ്വാതന്ത്ര്യത്തിനുമെല്ലാം സാധ്യതകളുള്ള ഒരു പാരമ്പര്യമായായിരുന്നു ഞാന്‍ ഇസ്‌ലാമിനെ മനസ്സിലാക്കിയിരുന്നത്.

2001 ലാണ് ആംസ്റ്റര്‍ഡാം യൂണിവേഴ്‌സിറ്റിയില്‍ ഞാനെന്റെ ഗവേഷണം ആരംഭിക്കുന്നത്. ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ച എത്‌നോഗ്രഫിക് പഠനം ആരംഭിക്കുന്നതും അപ്പോഴാണ്. അക്കാലത്താണ് സല്‍മാന്‍ റുഷ്ദി അടക്കമുള്ള ബുദ്ധിജീവികള്‍ മുസ്‌ലിംകളോട് യുക്തിയെയും വിമര്‍ശനത്തെയും പു്ല്‍കാന്‍ ആവശ്യപ്പെടുന്നത്.

അതേസമയം മുസ്‌ലിംകള്‍ക്കിടയില്‍ നിലനിന്ന യുക്തിയുടെയും വിമര്‍ശനത്തിന്റെയും പാരമ്പര്യത്തെക്കുറിച്ചാണ് ഞാന്‍ അന്വേഷിക്കുന്നത്. ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ചാണ് പ്രധാനമായും ഞാന്‍ പഠിക്കുന്നത്. അക്കൂട്ടത്തില്‍ ജമാഅത്തിനെക്കുറിച്ച വിമര്‍ശന സാഹിത്യത്തെയും പരിശോധിക്കുന്നുണ്ട്.

പുസ്തകം അഭിമുഖീകരിക്കുന്ന പ്രധാന വിഷയങ്ങള്‍

യുക്തിയും വിമര്‍ശനവുമാണ് ഈ പുസ്തകത്തിലൂടെ ഞാന്‍ കൈകാര്യം ചെയ്യുന്ന പ്രധാന വിഷയങ്ങള്‍. യൂറോപ്പ്യന്‍ നവോത്ഥാനമാണ് അവ അവ കൊണ്ടുവന്നത് എന്നാണ് പൊതുവെ പറയപ്പെടുന്നത്. ആ വിശ്വാസത്തിനൊരു വിമര്‍ശനമാണ് ഞാന്‍ മുമ്പോട്ടു വെക്കുന്നത്. ആധുനികതയോടൊപ്പം വിമര്‍ശനത്തെയും യുക്തിയെയും സമീകരിക്കുന്നതിന് പകരം മോസസ്, ബുദ്ധ, ക്രിസ്തു, മുഹമ്മദ് തുടങ്ങിയവരുടെ മതപാരമ്പര്യങ്ങളിലെ വിമര്‍ശന-യുക്തി സാധ്യതകളെ അന്വേഷിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്.

പഴയ വര്‍ക്കുകളെക്കുറിച്ച്

എന്റെ ആദ്യ പുസ്തകമായ Islamism and Democracy in India ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ച ഒരു എത്‌നോഗ്രഫിക് പഠനമായിരുന്നു. ജമാഅത്തിന്റെ പരിണാമത്തെക്കുറിച്ച പഠനമായിരുന്നു അത്. അതേ സമയം Religion as Critique വ്യത്യസ്തങ്ങളായ ചോദ്യങ്ങളാണ് ഉന്നയിക്കുന്നത്. മതത്തെക്കുറിച്ചും ഒരു വിമര്‍ശന പാരമ്പര്യം എന്ന നിലക്കുള്ള മതത്തിന്റെ സാധ്യതകളെക്കുറിച്ചുമുള്ള ചോദ്യങ്ങളാണ് അത് അഭിമുഖീകരിക്കുന്നത്. ഫിലോസഫിക്കല്‍ ആന്ത്രപ്പോളജിയാണ് അതിനായി ഈ പുസ്തകത്തില്‍ ഞാനുപയോഗിക്കുന്ന രീതിശാസ്ത്രം. 2012 ല്‍ തന്നെ പുസ്തകം പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും അതിന് സാധിച്ചില്ല. എന്നാല്‍ ഫിലോസഫിയിലുള്ള എന്റെ പരിമിതി മൂലം മൂന്ന് കൊല്ലത്തോളം ഞാന്‍ ഫിലോസഫി പഠിക്കാനായി നീക്കിവെക്കുകയാണുണ്ടായത്.

പുസ്തകത്തിന്റെ വായനാ\ചര്‍ച്ചാ സാധ്യതകള്‍

ഇതൊരു അക്കാദമിക പഠനമാണ്. അതിനാല്‍ തന്നെ അക്കാദമിക രംഗത്തുള്ളവര്‍ ഈ പുസ്തകം വായിക്കും എന്ന് ഞാന്‍ കരുതുന്നു. കൂടാതെ ആക്റ്റിവിസ്റ്റുകളും വിദ്യാര്‍ത്ഥികളും പുസ്തകം തുറന്ന് തരുന്ന പുതിയ സാധ്യതകളെ അന്വേഷിക്കും എന്നത് തീര്‍ച്ചയാണ്.

വിവിധങ്ങളായ സമൂഹങ്ങള്‍ക്കിടയില്‍ മതത്തെക്കുറിച്ച ചര്‍ച്ചകള്‍ ഉയര്‍ന്ന് വരേണ്ടതുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. മതത്തെക്കുറിച്ചും വിശേഷിച്ചും ഇസ്‌ലാമിനെക്കുറിച്ച് നിലനില്‍ക്കുന്ന അബന്ധധാരണകളെ പുറത്തുകാണിക്കാന്‍ വേണ്ടിയാണ് ഞാന്‍ ഈ പുസ്തകം എഴുതിയിട്ടുള്ളത്.

ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്ന മറ്റ് പ്രൊജക്റ്റുകള്‍

രണ്ട് പുസ്തകങ്ങളുടെ പണിപ്പുരയിലാണ് ഞാനിപ്പോള്‍ ഉള്ളത്. അതില്‍ ആദ്യത്തേത് നരവംശശാസ്ത്രപരമായി ‘ഭീകരതയെ’ സമീപിക്കുന്ന പുസ്തകമാണ്. അഥവാ, എങ്ങനെയായിരിക്കും ഭീകരതയെക്കുറിച്ച നരവംശശാസ്ത്ര പഠനം എന്ന ചോദ്യമാണ് ഞാനുന്നയിക്കുന്നത്. ഒരു തലാല്‍ അസദിയന്‍ സമീപനമാണിതെന്ന് പറയാവുന്നതാണ്. അതിനാല്‍ തന്നെ ഭീകരര്‍ ആരാണെന്നോ ഭീകരത എങ്ങനെ അവസാനിപ്പിക്കാം എന്നോ ഉള്ള ചോദ്യങ്ങള്‍ക്ക് പകരം ആര്‍ക്കാണ് ഭീകരത എന്ന കാറ്റഗറി ആവശ്യമുള്ളത് എന്ന ചോദ്യമാണ് ഞാനുന്നയിക്കുന്നത്.

രണ്ടാമത്തെ പുസ്തകം അന്വേഷിക്കുന്നത് എങ്ങനെയാണ് ഇന്ത്യന്‍ സോഷ്യോളജി ഇസ്‌ലാമിനെയും മുസ്ലിംകളെയും സൈദ്ധാന്തികവല്‍ക്കരിക്കുന്നത് എന്നതാണ്. അഥവാ, ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ച ആന്ത്രപ്പോളജിസ്റ്റുകളുടെയും സോഷ്യോളജിസ്റ്റുകളുടെയും വ്യവഹാരങ്ങളും ദേശത്തെക്കുറിച്ച ഹിന്ദു വ്യവഹാരങ്ങളും തമ്മിലുള്ള ബന്ധത്തെയാണ് ഈ പുസ്തകം അന്വേഷിക്കുന്നത്. ദേശീയതയുടെ വയലന്‍സുമായി ഇന്ത്യന്‍ ആന്ത്രപ്പോളജി\സോഷ്യോളജി വ്യവഹാരങ്ങള്‍ക്ക് ബന്ധമുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. മാത്രമല്ല, കൊളോണിയലിസവും ഓറിയന്റലിസവുമാണ് പോസ്റ്റ്-കൊളോണിയല്‍ സോഷ്യോളജിയെയും ആന്ത്രപ്പോളജിയെയും സ്വാധീനിക്കുന്നത് എന്നും പുസ്തകം വാദിക്കുന്നുണ്ട്.
പുസ്തകത്തിന്റെ തലക്കെട്ട്

ആധുനികതയുടെ ഉദയത്തിന് ശേഷം മതത്തെ ഒരു പ്രശ്‌നകരമായ കാറ്റഗറിയായാണ് പലരും കാണുന്നത്. അതുകൊണ്ടുതന്നെ മതത്തോടുള്ള പലരുടെയും സമീപനം വിമര്‍ശനാത്മകം മാത്രമാണ്. എന്നാല്‍ മതത്തെ തന്നെ വിമര്‍ശന പാരമ്പര്യമായി കണ്ടുകൊണ്ടാണ് ഞാന്‍ ഈ പുസ്തകത്തെ വികസിപ്പിക്കുന്നത്. മോസസ്, ഏകലവ്യ, ബുദ്ധ, ക്രിസ്തു തുടങ്ങിയവരെ വിമര്‍ശകരായാണ് (critics) ഞാന്‍ അവതരിപ്പിക്കുന്നത്. വിമര്‍ശനം ഉദയം ചെയ്തത് യൂറോപ്പിലാണെന്ന അബന്ധധാരണയെ ഞാന്‍ തിരുത്തുന്നു. വിമര്‍ശനത്തിന്റെ പ്രവാചകന്‍ ഇമ്മാനുവല്‍ കാന്റാണെന്ന വിശ്വാസത്തെയും ഞാന്‍ വെല്ലുവിളിക്കുന്നു. വിമര്‍ശനത്തിന്റെ വ്യത്യസതങ്ങളായ കൈവഴികളെയാണ് ഞാനന്വേഷിക്കുന്നത്.

പുസ്തകത്തെക്കുറിച്ച് തന്നെ

2012 ലാണ് ജേര്‍ണലിസ്റ്റായിരുന്ന എഡ് വെസ്റ്റ് can islam ever accept criticism എന്ന തലക്കെട്ടില്‍ ഒരു ലേഖനമെഴുതുന്നത്. ആ ലേഖനത്തില്‍ ഉന്നയിക്കപ്പെട്ട വാദം ഇസ്‌ലാമിന് വിമര്‍ശനത്തെ സ്വീകരിക്കാനോ ഉയര്‍ത്തിപ്പിടിക്കാനോ സാധ്യമല്ല എന്നായിരുന്നു. ഇത് പടിഞ്ഞാറിലുടനീളം പൊതുവായി നിലനില്‍ക്കുന്ന ഒരു ധാരണയാണ്. എന്നാല്‍ എന്റെ പുസ്തകം വാദിക്കുന്നത് ഇസ്‌ലാമില്‍ വിമര്‍ശനം ഒരു പാരമ്പര്യമായി നിലനില്‍ക്കുകയും ഇപ്പോഴും തുടരുകയും ചെയ്യുന്നുണ്ട് എന്നാണ്. ഇന്ത്യയിലാണ് ഞാന്‍ അതിനായി എത്‌നോഗ്രഫി നടത്തിയിട്ടുള്ളത്.

മതത്തെ വിമര്‍ശനത്തിന്റെ ഇരയായി മാത്രം കാണുന്ന ആധുനിക വീക്ഷണത്തില്‍ നിന്നും വ്യത്യസ്തമായി വിമര്‍ശനത്തിന്റെ നിര്‍വാഹകരായാണ് മതവിശ്വാസികളെ ഞാന്‍ കാണുന്നത്. മോസസ്, ബുദ്ധ, ക്രിസ്തു, മുഹമ്മദ്, അബ്ദുല്‍ ഗഫാര്‍ ഖാന്‍, അബുല്‍ അഅ്‌ലാ മൗദൂദി തുടങ്ങിയവരെയെല്ലാം വിമര്‍ശകരായാണ് (critics) ഞാന്‍ അവതരിപ്പിക്കുന്നത്. ഇസ്‌ലാമിലെ വിമര്‍ശനത്തിന്റെ വ്യത്യസ്തമായ ഒരു വംശാവലിയാണ് ഞാന്‍ പരിശോധിക്കുന്നത്. ഗ്രീസാണ് വിമര്‍ശനത്തിന്റെ കേന്ദ്രം എന്ന ധാരണയെയാണ് ഞാന്‍ വെല്ലുവിളിക്കുന്നത്. മാത്രമ്ല, വിമര്‍ശനം രൂപപ്പെടുന്നു എന്ന് പൊതുവെ വിശ്വസിക്കപ്പെടുന്ന എലീറ്റായ ഇടങ്ങളില്‍ നിന്ന് സാധാരണ മതവിശ്വാസികളുടെ ജീവിതങ്ങളിലേക്ക് തിരിഞ്ഞുകൊണ്ടാണ് ഞാനതിന്റെ പാരമ്പര്യത്തെ തിരയുന്നത്.

പ്രധാനമായും അബുല്‍ അഅ്‌ലാ മൗദൂദിയെയും ജമാഅത്തെ ഇസ്‌ലാമിയെയും കേന്ദ്രീകരിച്ചാണ് ഇസ്‌ലാമിലെ വിമര്‍ശന പാരമ്പര്യത്തെ ഞാന്‍ അന്വേഷിക്കുന്നത്. അഥവാ, ജമാഅത്തിന് അകത്ത് തന്നെ സാധ്യമാകുന്ന വിമര്‍ശന ഭൂപടത്തെക്കുറിച്ചാണ് ഞാനെഴുതുന്നത്. കൂടാതെ സോഷ്യല്‍ മൂവ്‌മെന്റുകള്‍ക്ക് പുറത്ത് നിലനില്‍ക്കുന്ന മുസ്‌ലിം വിമര്‍ശന പാരമ്പര്യങ്ങളെക്കുറിച്ചും പുസ്തകത്തില്‍ പരിചയപ്പെടുത്തുന്നുണ്ട്.

ചുരുക്കത്തില്‍, ഇസ്‌ലാമിനകത്തെ വിമര്‍ശനത്തിന്റെ വംശാവലിയെയാണ് ഞാന്‍ പരിശോധിക്കുന്നത്. അതിനായി പ്രധാനമായും ഇന്ത്യന്‍ ഉപഭൂഗണ്ഡത്തിലെ മുസ്‌ലിം മൂവ്‌മെന്റുകളെയും സംസ്‌കാരങ്ങളെയും പാരമ്പര്യങ്ങളെയുമാണ് ഞാന്‍ ആശ്രയിക്കുന്നത്. അതിലൂടെ ഒരുപക്ഷേ ആധുനികതയെക്കാള്‍ വേഗത്തില്‍ സഞ്ചരിച്ച ഇസ്‌ലാമിക ജ്ഞാന പാരമ്പര്യത്തിന്റെ വ്യത്യസ്തങ്ങളായ കൈവഴികളെക്കുറിച്ച ചിത്രം ലഭിച്ചേക്കാം.

ഇര്‍ഫാന്‍ അഹ്മദ്‌