Campus Alive

അക്ബേറിയൻ ലോകം: പ്രതിനിധാനത്തിന്റെ പ്രശ്നങ്ങൾ

ഇബ്നു അറബിയെ  ആത്മീയ തത്വജ്ഞാനത്തിന്റെ ആചാര്യനായി പരിഗണിക്കുന്ന നിരവധി അക്കാദമിക പഠനങ്ങളും സാംസ്കാരിക വ്യവഹാരങ്ങളും പാശ്ചാത്യ ചിന്താമണ്ഡലത്തിൽ കഴിഞ്ഞു പോയ നൂറ്റാണ്ടു മുതൽ തന്നെ രൂപപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ചിന്തകളോട് പുലർത്തപ്പെടുന്ന വർദ്ധിത താല്പര്യം ഇന്ന് വ്യാപകമായി ദൃശ്യവുമാണ്. എന്നാൽ ഭൂരിഭാഗം അക്ബേറിയൻ(1) പഠനങ്ങളും പരിഭാഷകളും, റിലീജിയോ പെരന്നിയലിസം (religio perennis)(2) എന്ന ‘ആധുനിക’ പാരമ്പര്യ വാദത്തിന്റെ(3) വ്യാഖ്യാന ദർപ്പണങ്ങളിലൂടെയാണ് കടന്നു വരുന്നത്. ഇവയിൽ ഏറിയ പങ്കും ഈ അന്തലൂസിയൻ സൂഫി ചിന്തകന്റെ സാംസ്കാരിക-വൈജ്ഞാനിക-ചരിത്ര പശ്ചാത്തലങ്ങളെ  അന്യായമായി അവഗണിച്ച്, അവയെ തെറ്റായി പ്രതിനിധാനം ചെയ്യാൻ തന്നെ കെൽപ്പുള്ള അധീശ വ്യവഹാരങ്ങളെ രൂപപ്പെടുത്തുന്നവയാണ് എന്ന് വാദിക്കുന്ന  പഠനമാണ് ‘ഇബ്നു അറബിയെ പുനരാലോചിക്കുമ്പോൾ’ (Rethinking Ibn Arabi) എന്ന ഗ്രിഗറി ലിപ്റ്റണിന്റെ പുസ്തകം(4). മതത്തെക്കുറിച്ച് ആധുനിക യൂറോപ്പിൽ മാത്രം രൂപപ്പെട്ട ചില സവിശേഷ ചിന്തകളെ സാംസ്കാരിക ചരിത്ര ഘടനകൾക്ക് അതീതമായി സ്ഥാപനവത്കരിച്ചു കൊണ്ട് അക്ബേറിയൻ ആശയങ്ങളെന്ന വണ്ണം പ്രചരിപ്പിക്കുന്ന സ്ഥിതിവിശേഷമാണ് ഇതിന്റെ അനന്തര ഫലം. യൂറോപ്യൻ അറിവിന്റെ വാഴ്ച്ചാക്രമങ്ങളെ ബുദ്ധി ഹീനമായ വിധത്തിൽ നിലനിർത്തുന്നതും, അക്ബേറിയൻ ലോകത്തോട് നീതി പുലർത്താത്തതുമായ ഇത്തരം കണ്ണടകളെ കണ്ടെടുക്കാനും നിരൂപണ വിധേയമാക്കാനും കഴിയുന്നു എന്നതാണ് ഗ്രന്ഥകാരന്റെ നേട്ടം.

മനുഷ്യന്റെ പൊതുവായ ആത്മീയ പൈതൃകം എന്ന നിലയിൽ എല്ലാ മതങ്ങളും ശരികളാണെന്നും, ബാഹ്യമായ രൂപങ്ങൾക്കപ്പുറമുള്ള അവയുടെ സാർവലൗകിക സത്തയാണ് പ്രധാനമെന്നും,  അതാണ് ‘religio perennis’ എന്നതുമാണ് അതിന്റെ വക്താക്കൾ പറയുന്ന ആശയം. റെനെ ഗുനോൻ ഇതിനെ അനാദിയായ പാരമ്പര്യം (primordial tradition) എന്ന് വിളിച്ചു. അതിനെ പിന്തുടർന്ന് ഒരു പടി കൂടി കടന്നു ഫ്രിജോഫ് ശുഓനാണ് (Frithjof Schuon) മതങ്ങളുടെ അതീന്ദ്രിയമായ ഏകത (The Transcendent Unity of Religions) എന്ന  ആശയമായി അതിനെ പരിവർത്തനപ്പെടുത്തിയത്. എല്ലാ മതങ്ങൾക്കും ആന്തരികവും ബാഹ്യവുമായ ഘടകങ്ങൾ ഉണ്ട് എന്നും, ബാഹ്യരൂപം സവിശേഷ ഭൗതിക സാമൂഹിക സാഹചര്യങ്ങളുടെ പരിധിക്കുള്ളിൽ കാലികമായി വെളിപ്പെടുന്ന ലൗകികമായ ദൈവിക യാഥാർത്ഥ്യങ്ങളും, ആന്തരിക രൂപം അതിഭൗതികമായ നിത്യയാഥാർത്ഥ്യവും എന്ന ഒരു വാദം അതു പഠിപ്പിക്കുന്നു. ഭൗതികമായി വ്യത്യസ്തമാണെങ്കിലും  ആന്തരികമായി സർവ്വ മതങ്ങളും ഏകത പുലർത്തുന്നതായി അവകാശപ്പെടുന്ന ഒരു സർവമത സത്യവാദമാണിത്. ‘ഈ സത്യത്തെ തിരിച്ചറിഞ്ഞ ജ്ഞാനികളിൽ ഒരാളായി’ ഇബ്നു അറബിയെ ഇവരുടെ കൃതികൾ അവതരിപ്പിക്കുന്നു.

ഇബ്നു അറബിയെയും അദ്ദേഹത്തിന്റെ രചനകളെയും പാശ്ചാത്യ ലോകത്തിനു പരിചയപ്പെടുത്തുന്നതിൽ ശ്രദ്ധേയമായ സംഭാവനകൾ അർപ്പിച്ച സയ്യിദ് ഹുസൈൻ നസ്ർ, വില്യം ചിറ്റിക്ക്, റെസ ഷാ കസേമി തുടങ്ങിയവരെല്ലാം ഏറിയോ കുറഞ്ഞോ ശുഓനിയൻ ആശയങ്ങളിൽ സ്വാധീനിക്കപ്പെട്ടിരുന്നു. പെരണ്ണിയൽ വൃത്തത്തിന് പുറത്തു നിന്ന് വന്നവർ കൂടി  ശുഓൺ അടിത്തറയിട്ട സർവമത സത്യവാദത്തിന്റെ കണ്ണടയിലൂടെയാണ് ഇബ്നു അറബിയെ തുടർന്നും വായിച്ചത്.

രണ്ടു വിധത്തിലാണ് ഗ്രന്ഥകർത്താവ് ഈ പ്രശ്നത്തിനെ അഭിമുഖീകരിക്കുന്നത്. ഒന്നാമതായി,  എപ്രകാരമാണ് പരിഭാഷകളിലൂടെ പാശ്ചാത്യലോകത്ത് രൂപപ്പെടുന്ന ഇബ്നു അറബി, സ്വയം പ്രതിനിധാനം ചെയ്തതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ആശയധാരയുടെ പ്രയോക്താവായി ഉപയുക്തമാക്കപ്പെടുന്നത് എന്നതിന്റെ പരിശോധനയാണ്. പെരന്നിയലിസം (religio perennis) എന്ന ശുഓനിയൻ ആശയത്തിൽ അടങ്ങിയിട്ടുള്ള സാർവ്വലൗകികത എപ്രകാരമാണ്, മറ്റു ആധുനിക പാശ്ചാത്യ അധീശ വ്യവഹാരങ്ങളുടെ മാതൃകയിൽ തന്നെ, വൈവിധ്യങ്ങളെ നിരസിക്കുന്ന സാമ്രാജ്യത്വ സ്വഭാവത്തോട് കൂടിയ ഒരു വർഗ്ഗീകരണ ക്രമത്തിന്റെ സങ്കുചിത വാദമായിരിക്കുന്നത് എന്ന പഠനമാണ് രണ്ടാമത്തേത്. ഏതൊരു അധീശ പദ്ധതിയെയും പോലെ സ്വഭാവത്തിൽ  ഏകതയും സമഗ്രതയും കാംക്ഷിച്ചുകൊണ്ട്, അത് സാർവലൗകികതയുടെ പേരിൽ അപരത്തെ സൃഷ്ടിക്കുകയും അറിവിന്റെ പദാവലികളിൽ അവയെ  നിയന്ത്രിക്കാൻ ഇച്ഛിക്കുകയും ചെയ്യുന്നു. ഈയൊരു സ്ഥൂലമായ ഭാഷയുടെ കളിനിയമങ്ങൾക്ക് ഉള്ളിലാണ് ഇബ്നു അറബി അങ്ങനെ പാശ്ചാത്യ ഭാവനയിൽ സ്ഥാപിക്കപ്പെടുന്നത്.

“ഈ ഹൃദയം ഏതൊരു രൂപം ആർജ്ജിക്കാനും പ്രാപ്തമാണ്;

മാൻപേടകളുടെ മേച്ചിൽപ്പുറമോ, ക്രിസ്ത്യൻ സന്യാസി മഠമോ,

പ്രതിഷ്ഠകളുള്ള അമ്പലംമോ,

ഹാജിമാരുടെ കഅ്ബാലയമോ,

തോറയുടെ ഏടുകളോ,

ഖുർആനിന്റെ കിതാബോ.

ഞാൻ പ്രണയമതം പിന്തുടരുന്നു.

പ്രണയത്തിന്റെ ഒട്ടകങ്ങൾ

തെളിക്കുന്ന ആ വഴിയേയാണ്

എന്റെ മതവും എന്റെ വിശ്വാസവും”.

(“My heart has become capable of every form: it is a

pasture for gazelles and a convent for Christian monks,

And a temple for idols and the pilgrim’s Kaaba and the

Tables of the Torah and the book of the Qur’an.

I follow the religion of Love: whatever way Love’s

Camels take, that is my religion and my faith”)

തർജുമാനുൽ അഷ്‌വാഖ് എന്ന ഇബ്നു അറബിയുടെ കവിതാസമാഹാരത്തിൽ നിന്നുള്ള ഈ വരികൾ ഇന്ന് വ്യാപകമായി ഉദ്ധരിക്കപ്പെടുന്നതാണ്. തീർച്ചയായും ഏറ്റവുമധികം ഉദ്ധരിക്കപ്പെടുന്നത് തന്നെ. സകല മതങ്ങളുടെയും സത്തയായ പെരന്നിയലിസം (religio perennis) എന്ന കാലാതിവർത്തിയായ ആശയത്തെയാണ് ഇതിൽ അക്ബേറിയൻ ദർശനം പരിചയപ്പെടുത്തുന്നത് എന്നാണ് പ്രധാനമായ വായന. ഷാ കസെമി എഴുതുന്നു. “ഇവിടെ മതങ്ങളെ നിരവധിയായ അതിന്റെ ഭൗതിക രൂപങ്ങൾക്കപ്പുറം രൂപാതീതമായ ഒരു അപരിമേയ യാഥാർഥ്യം എന്ന് (ഇബ്നു അറബി) തിരിച്ചറിയുന്നു. പരമമായ യാഥാർത്ഥ്യത്തെ തിരിച്ചറിയാൻ എല്ലാ മതങ്ങളുടെയും പാവന രൂപങ്ങളെ ദൈവികതയുടെ വ്യത്യസ്തമായ ഭാവങ്ങൾ എന്ന വിധം ധ്യാനാത്മകമായ വിലമതിക്കേണ്ടതുണ്ട് എന്നും കാണുന്നു”.(5) യഥാർത്ഥത്തിൽ അങ്ങനെ സകല മതങ്ങളെയും, അവയുടെ ചരിത്ര പാരമ്പര്യങ്ങളെയും ഒരേപോലെ സത്യത്തിന്റെ വിവിധങ്ങളായ ഭാവങ്ങൾ എന്ന നിലയിൽ തുല്യമായി സാധുവാക്കുന്ന ശുഓനിയൻ ചിന്തയെ പിന്താങ്ങുന്ന വരികളാണോ ഇത്? ഇബ്നു അറബിയെ തികച്ചും അന്യമായ ഒരു വ്യാഖ്യാന മണ്ഡലത്തിൽ പ്രതിഷ്ഠിച്ചു വ്യത്യസ്തമായ അർത്ഥ കൽപനകൾ നൽകുന്ന ഈ പ്രവണത അദ്ദേഹത്തിന്റെ ആശയങ്ങളോട് ഏതെങ്കിലും വിധത്തിൽ നീതി പുലർത്തുന്നുണ്ടോ? നിക്കോൾസണിൽ തുടങ്ങി ഇത്സുസു, ഹെൻറി കോർബിൻ, വില്ല്യം സി ചിറ്റിക്ക് തുടങ്ങിയ നിരവധിയായ ചിന്തകർ ഈ വിധം കാലാനുരൂപമല്ലാത്ത ആശയ താരതമ്യങ്ങളുടെ അന്ധതയിൽ അകപ്പെട്ടതായി കാണാം.

ഗ്രിഗറി ലിപ്റ്റൺ

എന്താണ് ഇവിടുത്തെ കാലാനുരൂപമല്ലാത്ത ആശയ താരതമ്യമെന്നും അതിൽ ഉൾച്ചേരുന്ന  വ്യാഖ്യാന പിഴവുകളെന്നും ഈ കവിതാ ശകലത്തെ മുൻനിർത്തി നമുക്ക് ആലോചിക്കാം. പ്രധാനമായും ‘മത’മെന്ന (religion) നവോത്ഥാനാനന്തര പ്രൊട്ടസ്റ്റന്റ് പദം സൂചിപ്പിക്കുന്ന അർത്ഥതലങ്ങളെ സൂക്ഷ്മത കൂടാതെ മറ്റൊരു സംജ്ഞയിലേക്കും കാലത്തിലേക്കും ആരോപിക്കുക വഴിയാണ് ഈ വരികൾ തികച്ചും വ്യത്യസ്തമായ ക്രമത്തിൽ ഇന്ന് മനസ്സിലാക്കപ്പെടുന്നത് എന്ന് കാണാം. ആദ്യമായി മതത്തെ വൈയക്തിക വിശ്വാസമായി, അത്തരത്തിൽ ഒരു വിശ്വാസസംഹിത മാത്രമായി, ചുരുക്കി കെട്ടുന്നത് തികച്ചും ആധുനികമായ പ്രവണത മാത്രമാണ് എന്ന് മനസ്സിലാക്കണം. ‘ഈ ഹൃദയം ഏതൊരു രൂപം ആർജിക്കാനും പ്രാപ്തമാണ്’ എന്ന വരികളിൽ വിശ്വാസം എന്ന അർത്ഥമുള്ള ഇഅ്തിഖാത്ത് (I’tiqat) എന്ന പദമാണ് ഇബ്നു അറബി ഉപയോഗിക്കുന്നത്. അഖ്ദ് എന്ന ക്രിയാ നാമത്തിൽ നിന്നാണ് അതിന്റെ ഉൽപത്തി. കെട്ടിയിടുക, ഉറപ്പിക്കുക എന്നൊക്കെ ഇതിന് അർത്ഥങ്ങളുണ്ട്. ഹൃദയത്തെ ഒന്നിനോട് കെട്ടിയിടുക എന്ന അർത്ഥത്തിലാണ് അത് വിശ്വാസമായി തീരുക. എന്നാലത് വിശ്വാസം സമം മതം എന്ന അർത്ഥത്തിലാണോ ഉപയോഗിക്കപ്പെടുന്നത്? അല്ല എന്നതാണ് യാഥാർത്ഥ്യം. വിശ്വാസം എന്ന പ്രയോഗത്തെ തികച്ചും ഭിന്നമായ ഒരു പരിസരത്തു നിന്നുമാണ് അക്ബേറിയൻ ലോകം സമീപിക്കുന്നത് എന്നതാണ് അദ്ദേഹത്തിന്റെ ചിന്തകളെ അതിന്റെ സമ്പൂർണ്ണതയിൽ സമീപിക്കുമ്പോൾ നിസ്സംശയമായി തിരിച്ചറിയാൻ കഴിയുന്നത്.

ഇബ്നു അറബി ഫുസൂസുൽ ഹികമിൽ (Fusus-al-Hikam) വിശ്വാസത്തെ ഒരു ഖുദ്സിയ്യായ ഹദീസുമായി ഇങ്ങനെ ബന്ധപ്പെടുത്തുന്നു. “എന്റെ അടിമ എന്നെ കുറിച്ച് ചിന്തിക്കുന്ന ചിന്തയാണ് ഞാൻ”. (I am the thought my servant has of me). ഒരാൾ ദൈവത്തെ ഏതു വിധേന ഭാവന ചെയ്യുന്നുവോ അപ്രകാരം മാത്രമാണ് യാഥാർത്ഥ്യത്തെ ആ ഹൃദയത്തിൽ ദൈവം വെളിപ്പെടുത്തുന്നത് എന്ന് ഇതിനെ ഇബ്നു അറബി വിശദീകരിക്കുന്നു. ഇതിനോട് ചേർത്ത് മനസ്സിലാക്കേണ്ട അദ്ദേഹത്തിന്റെ മറ്റൊരു ആശയം കൂടിയുണ്ട്. ഏതൊരു വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള ആരാധനകളും അതിനു പിന്നിലെ ഇംഗിതത്തിന് അതീതമായ വിധത്തിൽ ദൈവത്തിലേക്ക് മാത്രമേ ചെന്ന് ചേരുകയുള്ളൂ എന്നതാണത്. കാരണം,  എല്ലാം കേൾക്കുന്നവനായി, ആത്യന്തിക യാഥാർത്ഥ്യത്തിന്റെ തലത്തിൽ അവൻ മാത്രമേയുള്ളൂ. ‘നിങ്ങൾ ഏകനായ നാഥനെ അല്ലാതെ മറ്റാരെയും ആരാധിക്കരുത് എന്ന് അവൻ കൽപിച്ചിരിക്കുന്നു’ എന്ന ഖുർആനിക വചനം (17:23) ഉൽബോധത്തിനപ്പുറം, അല്ലാഹുവിന്റെ വിധിതത്ത്വമായി ഇബ്നു അറബി കരുതുന്നു. വഹ്ജത്തുൽ വുജൂദിന്റെ ലോകവീക്ഷണത്തിന് അനുഗുണമായ ഒരു യാഥാർത്ഥ്യമായി ഇത് വിശദീകരിക്കുന്നത് പക്ഷേ എല്ലാ വിശ്വാസവും ഒരേ പോലെ ശരിയായ മോക്ഷപദ്ധതിയാണ് എന്ന സർവ്വമത സത്യവാദത്തിന്റെ വാദഗതി സ്ഥാപിക്കാനല്ല എന്നത് സുപ്രധാനമാണ്. മതവും വിശ്വാസവും തമ്മിലുള്ള വ്യാഖ്യാന ഭേദം ഇല്ലാതാക്കിക്കൊണ്ടുള്ള ഒരു കുതിച്ചുചാട്ടം വഴി മാത്രമേ അതിൽ നിന്ന് ഇങ്ങനെ ഒരു ബന്ധം സ്ഥാപിച്ച് എടുക്കാൻ കഴിയൂ. അക്ബേറിയൻ ജ്ഞാന പരിസരത്ത് അത് ഒരിക്കലും സാധ്യമല്ല. കാരണം അവിടെ ‘മതം’ തികച്ചും വ്യത്യസ്തമായ ഒരു പരികല്പനയിലാണ് മനസ്സിലാക്കപ്പെടുന്നത്. വിശ്വസിക്കപ്പെടുന്ന സംഹിതകളുടെ ആകെത്തുക എന്ന ആധുനികമായ പരിപേക്ഷ്യത്തിലല്ല.

മതമെന്ന സംജ്ഞയോട് കുറച്ചുകൂടി അടുത്തുനിൽക്കുന്ന ‘ദീൻ’  എന്ന പദം അക്ബേറിയൻ  പാഠങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് എപ്രകാരമാണ് എന്ന് നോക്കാം. ഫുസൂസിൽ തന്നെ ഇബ്നു അറബി പറയുന്നു: “മതമെന്നത് (Al-din) അനുസരണമാണ്. പരമോന്നതനായ റബ്ബിൽ നിന്നും അവതരിപ്പിക്കപ്പെട്ട നിയമത്തോടുള്ള (al-shari’a) ഒരാളുടെ അനുസരണം”. ഇസ്‌ലാമിക ഫിഖ്ഹിലും ദൈവശാസ്ത്രത്തിലും കാണാൻ കഴിയുന്ന പൊതു മാനദണ്ഡം തന്നെയാണിത്. മതം ഇതിൽ കേവലമായ സ്വകാര്യ വിശ്വാസരൂപമല്ല. ഈ അർത്ഥത്തിന് വിരുദ്ധമായി ആധുനികപൂർവ കാലഘട്ടത്തിൽ അത് (മതം) ‘എല്ലാ വിധമായ (സാമൂഹികവും വ്യക്തിപരവും) വ്യവഹാരങ്ങളെയും വ്യവസ്ഥയെയും സംബന്ധിച്ച നടപടി ക്രമങ്ങളെ സൃഷ്ടിക്കുന്ന അറിവിന്റെ ഉത്പാദനവുമായി ബന്ധപ്പെട്ടാണ്  പ്രയോഗിച്ചിരുന്നത്’ എന്ന് തലാൽ അസദ് നിരീക്ഷിക്കുന്നുണ്ട്(6). വൈയക്തികമായ വിശ്വാസം അതിന്റെ പരിണിതിയായി രൂപപ്പെടുകയാണ്, മറിച്ച് മുന്നാധാരമായി വർത്തിക്കുകയല്ല. മതത്തെ ശരീഅത്തിനോടുള്ള അനുസരണമായി ഇബ്നു അറബി വിശദീകരിക്കുമ്പോൾ ഈയൊരു അർത്ഥതലമാണ് അത് ഉത്പാദിപ്പിക്കുന്നത്. ഉണ്മയുടെ ഏകത്വം എന്ന തത്ത്വജ്ഞാന യാഥാർഥ്യത്തിന്റെ തലത്തിൽ എല്ലാ ആരാധനകളും പരമോന്നതനായ ദൈവത്തിലേക്ക് തന്നെയാണ് എത്തിച്ചേരുക എന്നത് ഒരു വശം. വിശ്വാസത്തിന്റെ വ്യത്യസ്ത രൂപങ്ങൾ ആർജ്ജിക്കാൻ ഹൃദയത്തിന് കഴിയുന്നു എന്നത് മറ്റൊരു വശം. ഇവയിൽ നിന്നും ആ വിശ്വാസങ്ങൾ എല്ലാം ഒരേ പോലെ സത്യമാർഗമാണെന്നോ പ്രതിഫലത്തിന് അർഹമാണെന്നോ (മതത്തെ കുറിച്ച ഇബ്നു അറബിയുടെ കാഴ്ചപ്പാടിൽ ഇതും പ്രധാനപ്പെട്ട ഒന്നാണ്) ഉള്ള യാതൊരു നിഗമനവും ഇബ്നു അറബിയിൽ കാണുക സാധ്യമല്ല. യുക്ത്യാധിഷ്ടിതമായി സ്ഥാപിതമാവുന്ന ദൈവശാസ്ത്രങ്ങളെല്ലാം തന്നെ വിശ്വാസത്തിന്റെ പരിമിതികൾ വഹിക്കുന്നതിന്റെ ഉദാഹരണം മത താരതമ്യ സ്വഭാവത്തിൽ കൂടി വിമർശനമായി ഉന്നയിക്കുക മാത്രമാണ് യഥാർത്ഥത്തിൽ ഇവിടെ ചെയ്യുന്നത്. ‘വിശ്വാസത്തിന്റെ കെട്ടുകൾ അഴിച്ചു കളയുന്ന’ ആഴമുള്ള അനുഭവ യാഥാർത്ഥ്യത്തെ ആർജ്ജിക്കുന്നതിനെ കുറിച്ച് ഇമാം ഗസ്സാലിയും സൂചിപ്പിച്ചിട്ടുണ്ട്(7). അതിന്റെ വിശദീകരണം തന്നെയാണ് ഇബ്നു അറബിയിൽ കാണുന്നത്. ഇരുവരും വ്യക്തിയുടെ ഹൃദയത്തിലുള്ള വിശ്വാസത്തിന്റെ താരതമ്യത്തിലൂടെ മതത്തിന്റെ തന്നെയും താരതമ്യ സ്വഭാവത്തിലേക്ക് ഒരിക്കലും ചെല്ലുകയല്ല. അവരുടെ വ്യവഹാര മണ്ഡലം അത്തരം ഒരു സാധ്യത തുറക്കുന്നുമില്ല. മതത്തെ സംബന്ധിച്ച വിശ്വാസ സംഹിത എന്ന തികഞ്ഞ ആധുനികമായ മുൻധാരണയിൽ നിന്നും പാശ്ചാത്യ വ്യാഖ്യാതാക്കൾ മറിച്ചൊരു നിഗമനത്തിൽ എത്തിച്ചേരുമ്പോൾ അത് ഏറ്റവും ചുരുങ്ങിയത് പണ്ഡിതോചിതമല്ലാത്ത വലിയ പിഴവ് എന്നെങ്കിലും സമ്മതിക്കണം.

ഇബ്നു അറബിയെ സംബന്ധിച്ച് മതം (ദീൻ) അനുസരണമാണ് എന്ന് നാം കണ്ടു. സമാനമായ വിധത്തിൽ അത് പ്രതിഫലാർഹമായ ഒന്നു കൂടിയാണ്. അദ്ദേഹം എഴുതുന്നു. “അടിയാറുകൾ മതം (al-din) സ്ഥാപിക്കുന്നു. പരമോന്നതൻ (Al-Haqq) നിയമങ്ങൾ സ്ഥാപിക്കുന്നു. മതം പ്രതിഫലത്തിന് (al Jaza) അർഹമാക്കുന്നു. അത് സമർപ്പണമാകുന്നു (al Islam). സമർപ്പണം അനുസരണം തന്നെയാകുന്നു”. ഇബ്നു അറബി എപ്പോഴെങ്കിലും മതങ്ങളെ താരതമ്യ വിധേയമാക്കുന്നുവെങ്കിൽ അത് ഈ പരിസരത്തിലാണ്. അവിടെയാവട്ടെ യാതൊരു അർത്ഥശങ്കക്കും ഇടം നൽകാതെ ഇസ്‌ലാം മാത്രമാണ് സത്യം എന്നതാണ് അദ്ദേഹത്തിന്റെ സുചിന്തിത നിലപാട്.

ഫുതുഹാത്തിൽ (futuhat al-makkiyya) ഇബ്നു അറബി പറയുന്നത് കാണുക: “ഖുർആൻ (17:23) പറയുന്നു. ‘നിങ്ങൾ ഏകനായ നാഥനെ അല്ലാതെ മറ്റാരെയും ആരാധിക്കരുത് എന്ന് അവൻ കൽപിച്ചിരിക്കുന്നു.’ അതായത് അവൻ അങ്ങനെ നിർണയിച്ചു. തദ്ഫലമായി ബഹുദൈവങ്ങളെ വിളിച്ചു പ്രാർത്ഥിക്കുന്നവരും യഥാർത്ഥത്തിൽ ഏകനായ ദൈവത്തിലേക്ക് തന്നെയാണ് തിരിയുന്നത്. ആരാധന സാധ്യമായത് അവനോട് മാത്രമാണ് (എന്നവൻ നിർണയിച്ചു). അവനു പങ്കുകാരെ കല്പിക്കുന്നവർ തെറ്റുകാരാവുന്നത് വെളിപാടിന്റെ കല്പനകൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നു എന്നത് കൊണ്ടാണ്. അപ്രകാരം ശരീഅത്തിന്റെ അടിസ്ഥാനത്തിൽ അവർ നഷ്ടക്കാരായി തീർന്നിരിക്കുന്നു”. വിശ്വാസം എന്ന സംവർഗ്ഗത്തിനപ്പുറം നിയമമാണ് മതത്തെ സ്ഥാപിക്കുന്നത് എന്നും, അപ്രകാരം ഇസ്‌ലാം ഒഴികെയുള്ള മതങ്ങളെ ഒന്നും തന്നെ സാധുവായി പരിഗണിക്കാനാവില്ല എന്നതുമാണ് അക്ബേറിയൻ ചിന്ത ഇവിടെ വ്യക്തമാക്കുന്നത്.

ഇനി ഈ കവിതാശകലത്തിന്റെ അവസാന വരികളിൽ സൂചിപ്പിച്ചിരിക്കുന്ന പ്രണയത്തിന്റെ മതം (al-din hubb) എന്താണ് എന്ന് കൂടി നോക്കാം. പ്രണയത്തിന്റെ ഒട്ടകങ്ങൾ നയിക്കുന്നത് എവിടെക്കാണോ അതാണ് തന്റെ മതവും വിശ്വാസവും എന്ന് ഷെയ്ഖ് പറയുന്നുണ്ടല്ലോ. ഇതിലെ ‘മതാതീതമായ’ ഈ പ്രണയമതമാണ് എല്ലാ മിസ്റ്റിക്കുകളും കണ്ടെത്തിയ പരമമായ സത്യം (അതായത്  religio perennialism) എന്ന വാദം ഉയർത്തപ്പെടാറുണ്ട്. യാഥാർത്ഥ്യമെന്താണ്? അക്ബേറിയൻ പാഠത്തിലെ സുപ്രധാന സ്തംഭമായ മുഹമ്മദൻ യഥാർത്ഥ്യം(Haqiqa Muhammediya) എന്ന ആശയത്തിന്റെ പശ്ചാത്തലത്തിൽ മാത്രം വായിക്കാൻ കഴിയുന്ന ഒരു പരാമർശമാണിത്. ഈ ആശയം വിശദീകരിക്കുന്നതാവട്ടെ എല്ലാം പൂർവ്വ വിശ്വാസ-ആചാരങ്ങളും പ്രവാചക സൂര്യന്റെ (മുഹമ്മദ്‌ (സ)) ഉദയത്തോടെ അസാധുവാക്കപ്പെട്ടിരിക്കുന്നു എന്നതാണ്. ഈ പ്രണയമതം മതങ്ങളുടെ ആപേക്ഷിക സ്വഭാവമോ മതാതീതമായ ആശയഗരിമയോ കുറിക്കുന്ന യാതൊന്നുമല്ല എന്ന് സാരം. പ്രപഞ്ചഘടനയുടെ ആത്മീയ കേന്ദ്രവും ഇൻസാൻ അൽ കാമിലുമായ (സമ്പൂർണ മനുഷ്യൻ) പ്രവാചകനെ (സ) കുറിച്ചാണ് ഇത്‌ എന്ന് ഇബ്നു അറബി തന്നെ വ്യക്തമാക്കുന്നു. ഖുർആൻ 3:31 ലെ വചനങ്ങളാണ് പ്രണയ മതത്തിന്റെ വിവക്ഷ എന്ന് തർജുമാനുൽ അഷ്‌വാഖിന് സ്വയം തയ്യാറാക്കിയ വിശദീകരണത്തിൽ അദ്ദേഹം പറയുന്നു: “പറയുക, നിങ്ങൾ ദൈവത്തെ സ്നേഹിക്കുന്നു എങ്കിൽ എന്നെ പിന്തുടരുക, അപ്പോൾ ദൈവം നിങ്ങളെ സ്നേഹിക്കും”. ഈ വചനത്തിന്റെ പരമ്പരാഗത വ്യാഖ്യാനങ്ങളിൽ അത് പ്രവാചകൻ ഒരുകൂട്ടം ബഹുദൈവാരാധകരെയും ജൂതന്മാരെയും ക്രിസ്ത്യാനികളെയും ഇസ്‌ലാമിലേക്ക് ആനയിക്കുന്നതുമായി ബന്ധപ്പെട്ടാണ് വിശദീകരിക്കുന്നത് എന്ന് കാണാം. ‘ഞാൻ പ്രണയമതം പിന്തുടരുന്നു’ എന്ന ഇബ്നു അറബിയുടെ പ്രസ്താവന ഈ പശ്ചാത്തലത്തിലുള്ളതാണ്. അത് പ്രവാചകനോടുള്ള പ്രണയത്തിന്റെ പ്രഖ്യാപനമാണ്. അതിലേക്കുള്ള ക്ഷണമാണ്. മുഹമ്മദൻ യാഥാർത്ഥ്യത്തിന്റെ ആശയ ഭൂപടത്തെ ചിന്തകളുടെ കേന്ദ്രമായി സ്വീകരിക്കുന്ന നിലപാടിന്റെ പ്രഖ്യാപനമാണ്. പ്രവാചകനെ പിന്തുടരുക മാത്രമാണ് മോക്ഷത്തിന്റെ വഴി എന്നത് കൂടിയാണ് അത് പറയുന്നത്.

അക്ബേറിയൻ തത്വജ്ഞാനത്തെ പക്ഷേ അതിന്റെ ചിന്താപശ്ചാത്തലത്തിൽ നിന്നും പ്രപഞ്ച വീക്ഷണത്തിൽ നിന്നും അടർത്തി മാറ്റുകയും വ്യത്യസ്തമായ ആശയ പ്രചാരണങ്ങളുടെ ഉപാധിയാക്കി മാറ്റുകയും ചെയ്യുന്നതാണ് നാം ഇന്ന് കാണുന്നത്. അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ ഒരു ഉദ്ധരണിയുടെ കാര്യം മാത്രമാണ് ഇവിടെ പരിശോധിച്ചത്. സമാനമായ വിധത്തിൽ ശൈഖിന്റെ  നിരവധിയായ പാശ്ചാത്യ പരിഭാഷാ ഗ്രന്ഥങ്ങളിൽ എമ്പാടും രൂപപ്പെട്ടിട്ടുള്ള ആശയങ്ങൾ ഇപ്രകാരം പെരണ്ണിയലിസ്റ്റ് വ്യാഖ്യാന വ്യാകരണ മണ്ഡലങ്ങളുടെ അരിപ്പയിലൂടെയാണ് കടന്നു വന്നിട്ടുള്ളത്. ഇവയുടെ പിന്നിൽ പ്രവർത്തിച്ചിട്ടുള്ള വൈജ്ഞാനിക അദ്ധ്വാനത്തെ വിലമതിക്കുമ്പോഴും (ഉദാ: വില്യം ചിറ്റിക്ക്) അവയിലൊക്കെയും തന്നെ ഇത്തരത്തിലുള്ള സ്വാധീനങ്ങൾ നിലനിൽക്കുന്നു എന്നതിനെ വിമർശനാത്മകമായി തിരിച്ചറിയണം. യഥാർത്ഥത്തിൽ റിലീജിയോ പെരന്നിയലിസത്തിന്റെ  ‘സാർവ്വലൗകിക’മെന്ന് വ്യവഹരിക്കപ്പെടുന്ന ചിന്തയുടെ കാന്റിയൻ അടിത്തറ പരിശോധിക്കുമ്പോൾ, യൂറോപ്പ്യൻ വൈയക്തികതയുടെ ആത്മ പ്രതിസന്ധികളും പ്രതിബിംബങ്ങളുമാണ് അതീന്ദ്രീയതയുടെ (Transcendent) ഭാഷയിലൂടെ കടന്നു വരുന്നതെന്ന് കണ്ടെത്താനാവും. പൊതു സാർവ്വലൗകികതയുടെ രൂപീകരണത്തിലൂടെ ചരിത്ര മത പാരമ്പര്യങ്ങളെ, കേവലം ‘ബാഹ്യ ഭൗതിക രൂപങ്ങൾ’ എന്ന നിലയിൽ അപരവൽക്കരിക്കുന്ന ഒരു പ്രക്രിയയാണ് സൂക്ഷ്മപരിശോധനയിൽ തെളിയുന്നത്. പ്രാദേശികമായ യൂറോപ്യൻ ജ്ഞാനശാസ്ത്രത്തെ സാമ്രാജ്യ രൂപരേഖയുടെ ബോധ്യത്തിനനുസരിച്ച് കാലാതീതമെന്ന് ഭാവന ചെയ്യുന്ന ഒരു പ്രക്രിയ മാത്രമായിരുന്നു സാർവലൗകിക കാറ്റഗറികളുടെ കണ്ടെത്തൽ എന്ന വിമർശനം നിലനിൽക്കുന്നുണ്ടല്ലോ(8). ആ രീതിയിൽ നിരീക്ഷിച്ച് പത്തൊമ്പതാം നൂറ്റാണ്ടിൽ രൂപപ്പെട്ട ആര്യൻ വംശീയ മേൽകോയ്മാ സിദ്ധാന്തങ്ങളും മറ്റും എപ്രകാരമാണ് ഈയൊരു സിദ്ധാന്തത്തിന്റെ (The Transcendent Unity of Religions) ആശയപരമായ വംശാവലിയിൽ സ്വാധീനം ചെലുത്തിയത് എന്നതും ഗ്രന്ഥകർത്താവ് അന്വേഷണ വിധേയമാക്കുന്നുണ്ട്. മുസ്‌ലിം ചിന്തയെ സംബന്ധിച്ചിടത്തോളം ഇബ്നു അറബിയെ കൂടുതൽ വൈജ്ഞാനികമായി അറിയേണ്ടതിന്റെയും അദ്ദേഹത്തെ കൃത്യമായ ജ്ഞാന പാരമ്പര്യത്തിൽ സ്ഥാപിച്ച് മനസ്സിലാക്കേണ്ടതിന്റെയും പ്രാധാന്യം വിളിച്ചോതുന്ന നിരവധി ഉൾക്കാഴ്ച്ചകളിലേക്കാണ് പുസ്തകം ക്ഷണിക്കുന്നത്. ഫ്രിജോഫ് ശുഓനെ പോലുള്ളവർ മുന്നോട്ട് വയ്ക്കുന്ന ‘ആധുനിക’ പാരമ്പര്യവാദത്തിനെ വിമർശനാത്മകമായി വിലയിരുത്താനും അതിന്റെ പരിമിതികൾ മനസ്സിലാക്കാനും, ഉദ്ദേശിക്കുന്നവർക്ക്, ഒഴിച്ച് കൂടാനാവാത്തതാണ്  ഈ പുസ്തകം.

 


Notes

1) സൂഫീ പണ്ഡിത ലോകത്ത് ‘ശെയ്ഖുൽ അക്ബർ’ എന്നറിയപ്പെടുന്ന മുഹിയുദ്ദീൻ ഇബ്നു അറബിയുടെ ചിന്തകളെയാണ് ‘അക്ബേറിയൻ തത്വചിന്ത’ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

2) പെരന്നിയലിസം എന്ന പദം religio perennis എന്നതിന് തുല്യമായി താഴെ പറയുന്ന അർത്ഥത്തിലാണ് ഉപയോഗിക്കുന്നത്.  According to Frithjof Schuon, “One could speak in the same sense of a religio perennis, designating by this term the essence of every religion; this means the essence of every form of worship, every form of prayer, and every system of morality, just as the Sophia perennis is the essence of all dogmas and all expressions of wisdom”.

3) മതങ്ങളിലും ആത്മീയ പാരമ്പര്യങ്ങളിലും അടങ്ങിയ അനാദിയായ സത്യങ്ങളെ കണ്ടെത്തുവാൻ മുതിരുന്ന, ആ ആശയങ്ങളെ ആധുനികതയുടെ എതിരിൽ ഉയർത്തുവാൻ പ്രയത്നിച്ചിട്ടുള്ള ഇരുപതാം നൂറ്റാണ്ടിൽ ആരംഭിക്കുന്നതും,  René Guénon, Ananda Coomaraswamy,  Frithjof Schuon, Titus Burckhardt, Huston Smith, Hossein Nasr തുടങ്ങിയവരിലൂടെ വികസിച്ചതുമായ ചിന്തകളെയാണ് ‘ആധുനിക’ പാരമ്പര്യവാദം എന്നിവിടെ വിവക്ഷിക്കുന്നത്.

4) Rethinking Ibn ‘Arabi by Gregory A. Lipton (OUP)

5)Shah-Kazemi,  Paths to Transcendence.

6) Genealogies of Religion: Discipline and Reasons of Power in Christianity and Islam – Talal Asad

7) വിശ്വാസത്തിന്റെ കെട്ടുകൾ അഴിക്കുന്ന (uqdat al-i tiqadat) ഈ ജ്ഞാനം നേടുന്നത് (ma’rifa) ദിക്റിലൂടെയും ഇസ്‌ലാമിലെ കർമങ്ങളുടെ ആചരണത്തിലൂടെയുമാണ് എന്നും ഇമാം ഗസ്സാലി തുടർന്ന് പറയുന്നു. (Fayzal al-tafriqa bayna al-islam wa al-zandaqa)

8) For example, refer: Walter Mignolo, The darker side of renaissance

ഹസീം മുഹമ്മദ്