Campus Alive

ഇസ്‌ലാമോഫോബിയ: മതേതര കേരളത്തിന്റെ മുസ്‌ലിം ഭാവനകൾ

 

മതേതര/പുരോഗമന പുകമറക്കപ്പുറം കേരളത്തിലെ സവിശേഷ സാഹചര്യത്തിലെ ഇസ്‌ലാമോഫോബിയയെക്കുറിച്ചുള്ള അന്വേഷണാത്മക പഠനമാണ് യുവ ചിന്തകനും ജോഹന്നാസ്ബർഗ് യൂണിവേഴ്സിറ്റി പ്രൊഫസറുമായ കെ. അഷ്‌റഫിന്റെ ‘ഇസ്‌ലാമോഫോബിയ; മലയാളം ഭൂപടം’ എന്ന കൃതി. ഇസ്‌ലാമോഫോബിയയെക്കുറിച്ച് യൂറോ-അമേരിക്കൻ കുടിയേറ്റ മുസ്‌ലിം സാഹചര്യത്തിൽ എഴുതപ്പെട്ട പഠനങ്ങൾ ഇന്ന് സുലഭമാണെങ്കിലും മുസ്‌ലിം വിരുദ്ധതയുടെ കേരളീയ സാഹചര്യത്തെ വിശദ വിമർശനത്തിന് വിധേയമാക്കുന്ന മലയാളത്തിലെ ആദ്യ പുസ്തകമാണിത്. 2009 – 2019 കാലയളവിൽ കേരളത്തിൽ നടന്ന മുസ്‌ലിം പ്രശ്നങ്ങളിലെ രാഷ്ട്രീയ പ്രതികരണ സ്വഭാവമുള്ള ലേഖനങ്ങളുടെ ഈ സമാഹാരം കേരളത്തിൽ ഇസ്‌ലാമോഫോബിയയുടെ മേഖലയിൽ പുതിയൊരു വിജ്ഞാന രാഷ്ട്രീയം രൂപപ്പെടുത്തുന്നതിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ്.

സാമ്രാജ്യത്വ അധിനിവേശത്തിന്റെ വംശീയ രാഷ്ട്രീയം, ഭീകരതക്കെതിരായ യുദ്ധം(war on terror) നിർമ്മിച്ച ആഗോള ഇസ്‌ലാമോഫോബിയ, ഇന്ത്യയിൽ വേരാഴ്ത്തിയ സവർണ മേൽജാതി പുരുഷാധിപത്യ രൂപകല്പനകൾ തുടങ്ങി ഇസ്‌ലാമോഫോബിയയുടെ ദേശീയ-ആഗോള സാഹചര്യങ്ങൾക്കൊപ്പം തന്നെ കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തിൽ ഇടതുപക്ഷ മതേതര പുരോഗമന രാഷ്ട്രീയ വ്യവഹാരങ്ങളും ഇസ്‌ലാമോഫോബിയയുടെ നിർവാഹകരാണ് എന്ന് പുസ്തകം വാദിക്കുന്നു. ബീമാപള്ളി വെടിവെപ്പ്, ലൗ ജിഹാദ് വ്യാജപ്രചാരണം, മഅ്ദനിയുടെ തടവ് ജീവിതം, യുഎപിഎ വേട്ട, പച്ച ബോർഡ്‌ – പച്ച ബ്ലൗസ് വിവാദം, ഭരണകൂടത്തിന്റെ പുസ്തക വേട്ട, ഫാത്തിമ ലത്തീഫിന്റെ സ്ഥാപനവൽകൃത കൊലപാതകം തുടങ്ങിയ സന്ദർഭങ്ങൾ വിശകലനം ചെയ്ത് കേരളീയ പൊതുമണ്ഡലത്തിൽ മുസ്‌ലിം വിഷയിയെ രൂപപ്പെടുത്തുന്ന സാമൂഹിക ഇടങ്ങളിലെ ഇസ്‌ലാമോഫോബിയ അന്വേഷിക്കുകയാണ് എഴുത്തുകാരൻ. ജനാധിപത്യം, മതേതരത്വം തുടങ്ങിയ വാക്കുകളേയും ആശയങ്ങളേയും പോലെ ഇസ്‌ലാമോഫോബിയ എന്ന വാക്കും സമകാലിക ലോകക്രമത്തിലെ സാമൂഹ്യ യാഥാർത്ഥ്യം(social reality) ആണ്. അതുകൊണ്ടുതന്നെ മുസ്‌ലിം രാഷ്ട്രീയ കർതൃത്വത്തെ നിയന്ത്രിക്കുന്ന ഇസ്‌ലാമോഫോബിയയുടെ ഘടനാപരമായ സ്വഭാവത്തെക്കുറിച്ച സൂക്ഷ്മവും സവിശേഷവുമായ ജൈവിക വിമർശന സംസ്കാരം വികസിച്ചു വരേണ്ടതുണ്ട്. ഇസ്‌ലാമോഫോബിയയുടെ ഘടനാപരമായ സ്വഭാവം രാഷ്ട്രീയം, സമുദായം, ജാതി, ദേശീയത, ഭരണകൂടം, മതം, സാമ്പത്തികം, ലിംഗപദവി തുടങ്ങിയ ആധുനിക വ്യവഹാരങ്ങളിൽ തന്നെയാണ് എന്ന അനിവാര്യമായ തിരിച്ചറിവാണ് ഈ കൃതി മുന്നോട്ട് വെക്കുന്നത്.

സകരിയ & അബ്ദുന്നാസർ മഅ്ദനി

കേരള ചരിത്രത്തിൽ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ സ്ഥാനം കൃത്യമായി അടയാളപ്പെടുത്തിയ സംഭവമാണ് 6 മുസ്‌ലിം പുരുഷന്മാർ കൊല്ലപ്പെടുകയും 52 ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്ത ബീമാപള്ളി പോലീസ് വെടിവെപ്പ്. ‘വർഗീയ കലാപം’ തടയാൻ എന്ന വ്യാജേന നടന്ന ഏകപക്ഷീയ വെടിവെപ്പ് ഒരു ജനസമൂഹത്തെ അവരുടെ സാമൂഹിക വ്യത്യാസങ്ങളുടെ പേരിൽ മനുഷ്യ പദവി തന്നെ നിഷേധിച്ച് വേട്ടയാടുകയെന്ന ഭരണകൂട ഹിംസയായി(state violence) തിരിച്ചറിയുന്നതിലും മാറിമാറിവരുന്ന ഭരണകൂടങ്ങളുടെയും അനുബന്ധ സംവിധാനങ്ങളുടെയും കുറ്റകരമായ അവഗണന മൂലം ഇന്നും ആരുമറിയാതെ ബീമാപള്ളിയിൽ നടന്നുകൊണ്ടിരിക്കുന്ന സാമൂഹിക മരണത്തെ (social death) അഭിമുഖീകരിക്കുന്നതിലും മതേതര കേരളം പൂർണമായി പരാജയപ്പെട്ടു എന്ന് പുസ്തകം സമർത്ഥിക്കുന്നു. “നാം ലോകത്തെക്കുറിച്ച് ആലോചിക്കുമ്പോൾ ചില ജീവിതങ്ങളെയും മരണങ്ങളെയും കൂടുതൽ അനുശോചനവും വിലാപവും അർഹിക്കുന്നതും എന്നാൽ മറുവശത്ത് ചില ജീവിതങ്ങളെയും മരണങ്ങളെയും ഒരുതരത്തിലുള്ള വിലാപവും അർഹിക്കാത്ത പാഴ്‌വസ്തുക്കളായും മാറ്റുന്നു” എന്ന ജൂഡിത് ബട്ലറിന്റെ വാക്കുകളോർക്കുമ്പോൾ ബീമാപള്ളിയിലെ മുസ്‌ലിം സ്വത്വത്തിന് കേരള ജനത നൽകിയ മാനം വ്യക്തമാകുന്നു.

ഇന്ത്യൻ പൊതുമാതൃകയിൽ നിന്നും മാറി ‘കേരളാമോഡൽ ഭീകരവേട്ട’യുടെ പ്രത്യേക പശ്ചാത്തലത്തിൽ യുഎപിഎ പോലുള്ള ഭീകര നിയമങ്ങളുടെ രാഷ്ട്രീയം വിശദീകരിക്കുമ്പോൾ ഗ്രന്ഥകാരൻ കാമ്പേറിയ ചില ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.

ടാഡയും പോട്ടയും നടപ്പിലാക്കാത്ത സംസ്ഥാനമായിരുന്ന കേരളത്തിൽ എന്തുകൊണ്ട് ഇടതുപക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും സ്വീകാര്യതയോടെ യുഎപിഎ നടപ്പിലായി? ജയിലിലടക്കപ്പെട്ട മലയാളികളിൽ ബഹുഭൂരിപക്ഷവും എന്തുകൊണ്ട് മുസ്‌ലിംകളായി? കേരളത്തിൽ സാമ്പത്തികമായും രാഷ്ട്രീയമായും ശക്തിയുണ്ടെന്ന് പറയപ്പെടുന്ന മുസ്‌ലീങ്ങൾക്ക് എന്തുകൊണ്ട് നിയമപരിരക്ഷ പോലും നിഷേധിക്കപ്പെട്ട് ഈ നിയമത്തിന്റെ പേരിൽ വർഷങ്ങളോളം വിചാരണ പോലും കൂടാതെ ജയിലിൽ കഴിയേണ്ടിവരുന്നു?

സുരക്ഷാ ഭരണകൂടം (security state) ജനകീയ മനോഭാവമായി മാറുന്ന ഇടങ്ങളിൽ അരക്ഷിതാവസ്ഥയെകുറിച്ച സങ്കല്പങ്ങൾക്ക് പ്രാമുഖ്യം ലഭിക്കുകയും ‘ഭീകരരെ പോലെ തോന്നിക്കുന്നവരു’ടെ സാന്നിധ്യം അപര ഹിംസയെ ന്യായീകരിക്കുകയും ചെയ്യുന്ന കേരളീയ പൊതുബോധമാണ് പാനായിക്കുളം കേസിലും സകരിയയുടെ അനുഭവങ്ങളിലുമെല്ലാം നാം കാണുന്നത്. അബ്ദുന്നാസർ മഅ്ദനിയുടെ കേസിൽ അന്വേഷണാത്മക പത്രപ്രവർത്തനം നടത്തിയ മാധ്യമപ്രവർത്തക കെ.കെ ഷാഹിനക്കുണ്ടായ ദുരനുഭവങ്ങൾക്ക് പിന്നിൽ, ‘മതേതര രാഷ്ട്രത്തിന്റെ/സംസ്കാരത്തിന്റെ മൗലികവാദിയായ അപരൻ’ ആയ മഅ്ദനിയുടെ ദലിത് ബഹുജൻ മുസ്‌ലിം ചോദ്യങ്ങൾ ഉന്നയിക്കുന്ന കീഴാള രാഷ്ട്രീയവും അവരുടെ തന്നെ മുസ്‌ലിം സ്ത്രീ സ്വത്വവും ആണെന്ന് തീർച്ച. എന്നിരിക്കെ യുഎപിഎ പോലുള്ള അമിതാധികാര നിയമങ്ങൾ ചർച്ച ചെയ്യുമ്പോൾ കേവലം ‘ജനവിരുദ്ധത’യിൽ പരിമിതപ്പെടാതെ കേരളത്തിൽ ‘ജനം’ എന്നത് എങ്ങനെയാണ് ‘മുസ്‌ലി’മായി വിവർത്തനം ചെയ്യപ്പെടുന്നതെന്നും ഈ പ്രക്രിയ എങ്ങനെ ഇസ്‌ലാമിക രാഷ്ട്രീയവുമായി (ഇസ്‌ലാമിലെ സാമൂഹിക നീതി പോലുള്ള സങ്കല്പങ്ങൾ പ്രധാനമാകുന്ന മുസ്‌ലിം ഇടപെടലുകൾ) ബന്ധപ്പെട്ടിരിക്കുന്നതെന്നും ജനാധിപത്യ സംവാദങ്ങളുടെ ഭാഗമാകണമെന്ന് ഗ്രന്ഥകാരൻ ഉണർത്തുന്നു.

ഫൈസൽ കൊടിഞ്ഞി & റിയാസ് മൗലവി

‘മുസ്‌ലിം ന്യൂനപക്ഷത്തെ എല്ലായ്‌പ്പോഴും സംശയാസ്പദവും ചോദ്യം ചെയ്യപ്പെടേണ്ടതുമായ, ജന്മനാ കുറ്റക്കാരായ ഒന്നായി’ കാണുന്ന ഇസ്‌ലാമാഫോബിയയുടെ മാധ്യമ സംസ്കാരത്തിൽ നിന്ന് ഒട്ടും ഭിന്നമല്ലെന്നു തന്നെയാണ് കേരളത്തിലെ മാധ്യമ ചരിത്രവും സാക്ഷ്യപ്പെടുത്തുന്നത്. വ്യവസ്ഥാപിത ഹിംസയിലൂടെ അധികാരം സ്ഥിരപ്പെടുത്തുന്ന സംഘപരിവാറിന്റെ മുസ്‌ലിം ന്യൂനപക്ഷത്തിന് നേരെയുള്ള കൊലവെറികളെ പലതരം പ്രത്യയശാസ്ത്ര മൗലിക വാദങ്ങൾ ഉണ്ടായി വരുന്നതിനോടുള്ള ‘സ്വാഭാവിക പ്രതികരണ’മായാണ് കേരളത്തിലും മാധ്യമങ്ങൾ ഇന്നും ചിത്രീകരിക്കുന്നത്. കാസർഗോഡ് റിയാസ് മൗലവി വധത്തിലും കൊടിഞ്ഞിയിലെ ഫൈസൽ വധത്തിലും സംഘപരിവാറിന്റെ പങ്ക് തുറന്നുപറഞ്ഞ മലയാള മാധ്യമങ്ങൾ വിരളമാണ്. സംഘപരിവാർ തുടങ്ങിവച്ച, പിന്നീട് സവർണവൽക്കരിക്കപ്പെട്ട മാധ്യമങ്ങൾ ഏറ്റെടുത്ത ലൗജിഹാദ് വ്യാജപ്രചരണം കേരളാ മുഖ്യധാരയിൽ സ്ഥിരമായ ഇടവേളകളിൽ ചർച്ചാ വിഷയമാകുമ്പോൾ, ആവർത്തനത്തെ മേൽക്കോയ്മ അധികാരത്തിന്റെ തുടർച്ചയായി തിരിച്ചറിയണമെന്ന കീഴാള ഫെമിനിസ്റ്റ് ചിന്തക സാറാ അഹ്മദിന്റെ വാക്കുകൾ സവിശേഷ പ്രാധാന്യം അർഹിക്കുന്നു. അബ്ദുറബ്ബ് വിദ്യാഭ്യാസ മന്ത്രിയായ കാലത്തുണ്ടായ പച്ച ബോർഡ്, പച്ച ബ്ലൗസ് വിവാദങ്ങൾ, മാധ്യമങ്ങൾ വിവാദങ്ങളുടെ ഉൽപാദന/വിതരണക്കാർ എന്ന നിലയിലും വായിക്കുന്നവർ അതിൽ ഉപഭോക്താക്കൾ എന്ന നിലയിലും നിലനിർത്തിപോരുന്ന താൽപര്യങ്ങളുടെ നിർമ്മിതിയായി കൂടി കാണേണ്ടതുണ്ട്.

മുസ്‌ലിം ലീഗ് വിദ്യാഭ്യാസ മന്ത്രിമാർ ഉൾപ്പെടുന്ന വിവാദങ്ങൾ ‘സമുദായ’ പ്രശ്നങ്ങൾ ആയി മാറുമ്പോൾ ക്രിസ്ത്യൻ മേൽജാതി ഹിന്ദു സ്ഥാനങ്ങളിൽ നിന്ന് വരുന്ന ഇടത്-വലത് രാഷ്ട്രീയത്തിന്റെ ഭാഗമായ മന്ത്രിമാർ ഉൾപ്പെടുന്നവ കേവല ‘വ്യക്തിവാദം’ ആയി മാറുന്നു എന്ന സാമൂഹിക വിമർശകനായ എ.എസ് അജിത് കുമാറിന്റെ നിരീക്ഷണം ഇസ്‌ലാമോഫോബിയയുടെ പ്രത്യേകമായ കേരളീയ സാഹചര്യത്തെ വരച്ചു കാണിക്കുന്നു.

കീഴാളരുടെ മേൽ ആവർത്തിച്ചു പൊതുചർച്ചകൾ വരുന്നതിന്റെ ക്രമവും രീതികളും പഠിക്കാനും കീഴാളരെ ഒരു വിനോദ വസ്തുവിലേക്ക് ചുരുക്കുന്ന ഘടനാപരമായ രാഷ്ട്രീയത്തെ കേരളീയ സാഹചര്യത്തിൽ പ്രശ്നവൽക്കരിക്കാനുമുള്ള എഴുത്തുകാരന്റെ ആവശ്യം മുഖവിലക്കെടുക്കേണ്ടതുണ്ട്.

കത്വയിലെ പെൺകുട്ടിയുടെ ദാരുണാന്ത്യത്തിൽ പ്രതിഷേധിച്ച് 2017 ഏപ്രിൽ 16ന് കേരളത്തിൽ നടന്ന ഹർത്താലിനെ തുടർന്നുണ്ടായ ആശയക്കുഴപ്പങ്ങൾ ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിലെ മുസ്‌ലിമിനെ ഇരയായും ശിശുവൽക്കരിച്ചും(infantalise) മാത്രം പരിചയിച്ചിട്ടുള്ള കേരളത്തിലെ പാരമ്പര്യ രാഷ്ട്രീയ വ്യവഹാരങ്ങളുടെ പ്രതിസന്ധിയെയാണ് വെളിപ്പെടുത്തുന്നത്. ‘അദൃശ്യമായ (anonymous) ബദൽ സംസ്കാരത്തെ ഏറെ പ്രോത്സാഹിപ്പിക്കുന്ന കേരളം’ പക്ഷേ, ഗെയിൽ വാതക പൈപ്പ് ലൈൻ ദേശീയപാത സ്ഥലമെടുപ്പ് സമരങ്ങളിൽ കണ്ടപോലെ പോലെ മുസ്‌ലിം തീവ്രവാദമെന്നും മുസ്‌ലിം സംഘടനകളുടെ ‘ഹിഡൻ അജണ്ട’യെന്നും ആരോപിച്ചുകൊണ്ടാണ് രാഷ്ട്രീയമായി ഏറെ പുതുമകളുള്ള ഈ ജനകീയ സമരത്തെയും നേരിട്ടത്. 2016 ഡിസംബർ മാസത്തിൽ എറണാകുളത്ത് ‘ഫാസിസത്തിനെതിരെ മനുഷ്യ സംഗമം’ സംഘടിപ്പിച്ചപ്പോൾ മുസ്‌ലിങ്ങൾക്ക് പ്രവേശനാനുമതി നൽകിയത് രാഷ്ട്രീയ/മത/സാമുദായിക സംഘടനകളും അതുമായി ബന്ധപ്പെട്ട വ്യക്തികളും പാടില്ല എന്ന മുന്നുപാധിയോടെയാണ്. ഒരുതരത്തിലും മുസ്‌ലിം സംഘടനകൾ ഉന്നയിക്കുന്ന രാഷ്ട്രീയത്തോട് സവിശേഷമായി ഇടപെടാൻ സന്നദ്ധത പ്രകടിപ്പിക്കാത്ത, ഭൂരിപക്ഷ/ന്യൂനപക്ഷ വർഗീയതാ വാദത്തിലൂന്നിയ മതേതര നിർമിതികൾ മതപരതയുള്ള, സ്വയം സംഘടിക്കുന്ന മുസ്‌ലിമിനെ അരികുവത്കരിക്കരിച്ചും ബഹിഷ്കരിച്ചും കൊണ്ടു തന്നെയാണ് കേരളത്തിൽ നിലനിൽപ്പ് സാധ്യമാക്കുന്നത്. ഇടതുപക്ഷ പുരോഗമന വ്യവഹാരങ്ങളുടെ മുന്നണിപ്പോരാളി സങ്കല്പവും സാമൂഹിക അധികാരവും (ജാതി/ലിംഗ/വർഗ്ഗ) ഐക്യദാർഢ്യത്തിന്റെ പുതിയ രാഷ്ട്രീയത്തെ നിഷേധിക്കുമ്പോൾ ഫാസിസത്തിന്റെ പ്രഥമ ഇരകളെ സ്വയം സംഘടിക്കാൻ അനുവദിക്കാത്ത കേരളത്തിലെ ‘ഫാസിസ്റ്റ് വിരുദ്ധ ചെറുത്തുനിൽപ്പുകളു’ടെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്.

ഹാദിയ & ഷെഫിൻ ജഹാൻ

മുസ്‌ലിം സ്ത്രീവിഷയിയെ ചുറ്റിപ്പറ്റിയുള്ള വാർപ്പുമാതൃകകളെയും പ്രത്യയശാസ്ത്ര നിർമ്മിതികളെയും ഈ കൃതിയിൽ എഴുത്തുകാരൻ തുറന്ന വിമർശനത്തിന് വിധേയമാക്കുന്നുണ്ട്. കാസർഗോഡ് റയാന ഖാസി എന്ന വിദ്യാർത്ഥിനിക്ക് പർദ്ദ ധരിക്കണമെന്ന ഭീഷണിക്കത്തുകൾ ലഭിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ ലിബറൽ സെക്കുലർ ലോകത്തിലെ സ്ത്രീകൾ സ്വാതന്ത്ര്യത്തിന്റെ ഉന്നതങ്ങളിൽ ജീവിക്കുന്നവരും മുസ്‌ലിം സ്ത്രീകൾ ഒരേ സമയം മതത്തിന്റെയും മുസ്‌ലിം പുരുഷന്റേയും അടിച്ചമർത്തലുകളിൽ നിന്നും മോചനം കാംക്ഷിക്കുന്നവരുമാണെന്ന ഇസ്‌ലാമോഫോബിക് ആകുലതകൾ ഈ കൃതി ചർച്ചാവിഷയമാക്കുന്നു. സ്ത്രീ ശരീരങ്ങളുടെ മേലുള്ള നിയന്ത്രണങ്ങൾ മലയാളിസമൂഹത്തിന്റെ പൊതു പ്രശ്നമാകുന്നത് അതിൽ മുസ്‌ലിം സമുദായം കണ്ണി ചേർക്കപ്പെടുമ്പോൾ മാത്രമാണ്. സി.ബി.എസ്.ഇ പരീക്ഷയിൽ മുസ്‌ലിം വിദ്യാർത്ഥിനികളുടെ സവിശേഷ വസ്ത്രമായ ഹിജാബ് വിലക്കിയപ്പോൾ ഉണരാത്ത സ്വാതന്ത്ര്യബോധം മലപ്പുറത്ത് ഫ്ലാഷ്മോബ് നടന്നു എന്ന് കേൾക്കുമ്പോൾ ഞെട്ടിയുണരുന്നത് കേരളീയ പൊതു മണ്ഡലത്തിന്റെ തെരഞ്ഞെടുത്ത വിലാപങ്ങളിലേക്കാണ് (selective mourning) വിരൽ ചൂണ്ടുന്നത്. സിഎഎ വിരുദ്ധ സമര നായിക ആയിഷ റെന്നയോട് രാഷ്ട്രീയം വീട്ടിലിരുന്ന് പറഞ്ഞാൽ മതി എന്ന് പറയുന്ന, സ്വന്തം ഇഷ്ടപ്രകാരം ഇസ്‌ലാം സ്വീകരിച്ച ഹാദിയയുടെ സ്വതന്ത്ര കർതൃത്വത്തെ നിഷേധിക്കുന്ന നിലപാടുകൾ കേരളത്തിലെ പുരോഗമന ലിംഗ രാഷ്ട്രീയത്തിന്റെ ഇരട്ടത്താപ്പിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ്. മുസ്‌ലിങ്ങൾ തൊഴിലെടുക്കുന്നവർ എന്ന നിലയിൽ ഗൾഫ് നാടുകളിൽ അനുഭവിക്കുന്ന പ്രതിസന്ധികളെക്കാൾ പർദ്ദ അടക്കമുള്ള വസ്ത്രങ്ങളുടെ സ്വാധീനമാണ് കേരളത്തിൽ ഗൾഫ് കുടിയേറ്റം സൃഷ്ടിച്ച പ്രധാന ആശങ്ക. കേരളത്തിൽ നിന്ന് മറ്റു സമുദായങ്ങളെ അപേക്ഷിച്ച് മുസ്‌ലിംകൾ കടൽ കടന്നുപോയതിന്റെ സാംസ്കാരികവും രാഷ്ട്രീയപരവുമായ സന്ദർഭം തൊഴിൽ രാഷ്ട്രീയത്തിന്റെ തലത്തിൽ ഉന്നയിക്കാൻ ഇവിടുത്തെ ഇടതു പക്ഷത്തിനോ അവരുടെ തൊഴിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കോ സാധ്യമായിട്ടില്ലെന്നു മാത്രമല്ല, ഈ തൊഴിലാളികളെ ദുഷിപ്പിന്റെ പ്രതീകമായി അവതരിപ്പിക്കാനാണ് പലപ്പോഴും ശ്രമിച്ചിട്ടുള്ളത്. ഇങ്ങനെ നിയോലിബറൽ സാമ്പത്തിക രാഷ്ട്രീയം ഉണ്ടാക്കുന്ന തൊഴിലിടങ്ങളിലെ പ്രതിസന്ധി എന്നതിൽ നിന്ന് മാറി തൊഴിലാളിയുടെ വസ്ത്രത്തിന്റെ പ്രതിസന്ധിയിലേക്ക് ചർച്ച വഴിതിരിച്ചുവിടുന്ന കേരളത്തിന്റെ യുക്തിയെ എഴുത്തുകാരൻ നിശിതമായി വിമർശിക്കുന്നുണ്ട്.

അക്രമകാരികളായ, യാഥാസ്ഥിതികരായ, പിന്തിരിപ്പനായ, സദാചാരവാദികളായ മുസ്‌ലിങ്ങൾ എന്ന കേരളീയ പൊതുമണ്ഡലത്തിന്റെ മുസ്‌ലിമിനെക്കുറിച്ചുള്ള സങ്കല്പനങ്ങൾ സ്ഥാപിക്കുന്നതായിരുന്നു എറണാകുളം ചുംബന സമരത്തെ ചുറ്റിപ്പറ്റി വികസിച്ച പൊതുവ്യവഹാരങ്ങൾ. സംഘപരിവാറിന്റെ കോഴിക്കോട് ഡൗൺ ടൗൺ കഫെ ആക്രമണത്തിലെ മുസ്‌ലിം വിഷയത്തെ സൗകര്യപൂർവ്വം മറച്ചു വെച്ചപ്പോൾ അതേ കാലയളവിൽ നടന്ന കിസ്സ് ഓഫ് ലവ് സമരത്തെ എതിർത്ത മുസ്‌ലിമിനെ പെരുപ്പിച്ച് കാണിച്ച് സദാചാരം ഒരു മത പ്രശ്നമായി (മുസ്‌ലിം പ്രശ്നമായി) ചുരുക്കുന്നതാണ് പിന്നീട് കണ്ടത്. അങ്ങനെ സംഘപരിവാർ പോലും ചിത്രത്തിൽ നിന്നും അപ്രത്യക്ഷമാകുന്ന രീതിയിൽ മുസ്‌ലിം വിരുദ്ധ പൊതുബോധം നിർമിക്കപ്പെട്ടു എന്ന് കാണാം. എന്നാൽ ഇന്റലക്ച്വൽ ജിഹാദ് പോലുള്ള ഉപജാപങ്ങൾ ഏറ്റെടുത്തുകൊണ്ട് അദർ ബുക്സ്, നന്മ ബുക്സ് തുടങ്ങി കോഴിക്കോട്ടെ മുസ്‌ലിം പശ്ചാത്തലമുള്ള പ്രസാധക ശാലകളിലും ജമാഅത്തെ ഇസ്‌ലാമിയുടെ ആസ്ഥാനമായ ഹിറാ സെന്റർ ലൈബ്രറിയിലും നടന്ന ഭരണകൂടത്തിന്റെ പുസ്തക വേട്ട ഇസ്‌ലാമോഫോബിയ മുസ്‌ലിങ്ങളുടെ മേലുള്ള ജ്ഞാനശാസ്ത്ര ഹിംസ കൂടിയാണെന്ന് അടിവരയിടുന്നു. ചെന്നൈ ഐഐടിയിലെ മലയാളി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ സ്ഥാപനവൽകൃത കൊലപാതകം വ്യക്തിഗത പ്രശ്നമായി ചുരുക്കാൻ ശ്രമിച്ച ലിബറൽ മാധ്യമങ്ങളും ഇന്ത്യൻ യൂണിവേഴ്സിറ്റികളിൽ രണ്ടാം മണ്ഡലിനു ശേഷം സാധ്യമായ വൻതോതിലുള്ള കീഴാള കടന്നുകയറ്റത്തെ തടയുകയെന്ന ഇസ്‌ലാമോഫോബിയയുടെ സങ്കീർണമായ ഈ ജ്ഞാനശാസ്ത്ര ഹിംസയുടെ തലത്തെ തന്നെയാണ് പ്രതിഫലിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ ഫ്രഞ്ച് സാമൂഹ്യശാസ്ത്രജ്ഞനായ പിയറെ ബോർദ്യോ ആഹ്വാനം ചെയ്യുന്ന പോലെ വിദ്യാഭ്യാസം വിമോചിപ്പിക്കുമെന്ന് ആശ്വസിക്കുന്നത്തിനു പകരം രാഷ്ട്രീയ പോരാട്ടത്തിന്റെ ഇടമായി അക്കാദമിക ഇടങ്ങളെ പരിവർത്തിപ്പിക്കാനാണ് എഴുത്തുകാരൻ ആവശ്യപ്പെടുന്നത്.

ഇസ്‌ലാമോഫോബിയ മലയാള ഭൂപടം

ഇസ്‌ലാമോഫോബിയയുടെ കേരള ചരിത്രത്തെ അന്വേഷിക്കുമ്പോൾ കേവലാർത്ഥത്തിൽ ഇസ്‌ലാമോഫോബിയ എന്ന വാക്കിനെയും അതിന്റെ ഉറവിടങ്ങളെയും മുൻനിർത്തിയുള്ള ചർച്ചകൾക്കപ്പുറം അനിവാര്യമായ ഇസ്‌ലാമോഫോബിയയുടെ സാമൂഹിക-രാഷ്ട്രീയ വിമർശനത്തിന്റെ തലത്തെ ഈ കൃതി കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. കൊട്ടിഘോഷിക്കപ്പെടുന്ന കേരള മാതൃകയിൽ ഇസ്‌ലാമോഫോബിയ ഉണ്ടോ എന്ന മതേതര ചോദ്യത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടി മലയാളി പൊതുബോധത്തിൽ ഉൾച്ചേർന്നിരിക്കുന്ന അധികമാരും പഠനവിധേയമാക്കിയിട്ടില്ലാത്ത സ്ഥാപനവൽക്കരിക്കപ്പെട്ട അധികാരത്തിന്റെ ഭാഗമായുള്ള മുസ്‌ലിംവിരുദ്ധത വിശകലനം ചെയ്യാനുള്ള എഴുത്തുകാരന്റെ ശ്രമം സമകാലിക സാഹചര്യത്തിൽ നിർണ്ണായകമാണ്. നിലവിൽ കേരളത്തിൽ ആധിപത്യം നേടിയിട്ടുള്ള മതേതരത്വം/വർഗീയത എന്ന ബൈനറിയെ മറികടക്കുന്ന സൂക്ഷ്മമായ അധികാര വിമർശനത്തിന്റെ രാഷ്ട്രീയം തന്നെയാണ് ഇസ്‌ലാമോഫോബിയക്കെതിരായി ഇനിയും ഉയർന്നുവരേണ്ടത്. കേരളത്തിലെ സവിശേഷ സാഹചര്യത്തിൽ ഇസ്‌ലാമോഫോബിയയെ പോലെ ഇസ്‌ലാമോഫീലിയയെയും (ഇസ്‌ലാം സ്നേഹം) പ്രശ്നവൽക്കരിച്ച് കൊണ്ട് മുസ്‌ലിം എന്ന സാമൂഹിക രാഷ്ട്രീയ സ്ഥാനത്തെ ഉൾക്കൊള്ളുന്ന ഈ ലേഖന സമാഹാരം നിലവിലെ മതേതര പുരോഗമന വ്യവഹാരങ്ങളിലെ മുസ്‌ലിം വിഷയിയെ പുനർനിർവ്വചിക്കാൻ നിർബന്ധിക്കുന്നുണ്ട്. ഇസ്‌ലാമോഫോബിയക്കെതിരായും സവർണ്ണ ഫാസിസത്തിനെതിരായും സാമ്രാജ്യത്വ/വംശീയ അധിനിവേശത്തിനെതിരായുമുള്ള പോരാട്ടത്തിലെ പുതിയ രാഷ്ട്രീയ പ്രവണതകളെ ഉൾക്കൊള്ളുന്ന ഈ കൃതി കണ്ടെടുക്കുന്ന പ്രതിഷേധിക്കുകയും, സംഘടിക്കുകയും, അപരത്വത്തെക്കൂടി ഉൾക്കൊള്ളുകയും ചെയ്യുന്ന മുസ്‌ലിം രാഷ്ട്രീയത്തിൽ ഏറെ പ്രതീക്ഷയുണ്ട്.


(ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ എം.എ സോഷ്യോളജി ഒന്നാം വർഷ വിദ്യാർത്ഥിയാണ് ലേഖിക)

പുസ്തകം ഓൺലൈനായി ലഭിക്കുവാൻ ക്ലിക്ക് ചെയ്യുക

ഫർഹ ശരീഫ്

(ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ എം.എ സോഷ്യോളജി ഒന്നാം വർഷ വിദ്യാർത്ഥിയാണ് ലേഖിക)