Campus Alive

സിനിമയും വിശ്വാസവും തമ്മില്‍: ഹലാല്‍ ലവ് സ്റ്റോറിയെ കുറിച്ച്

(ജമീൽ അഹ്മദും കെ അഷ്റഫും ചേർന്ന് എഡിറ്റ് ചെയ്ത ഉടൻ പുറത്തിറങ്ങുന്ന ഹലാൽ സിനിമ എന്ന പുസ്തകത്തിൽ നിന്നും)


ഹലാല്‍ ലവ് സ്റ്റോറിയെ കുറിച്ച് ധാരാളം റിവ്യൂകളും വിമര്‍ശനങ്ങളും പ്രസിദ്ധീകരണങ്ങളിലും ഓണ്‍ലൈന്‍ ഇടങ്ങളിലും ഉണ്ടായി. അവയില്‍ കുറേയെങ്കിലും സിനിമയേക്കാളും അതില്‍ പരാമർശിക്കപ്പെടുന്നുവെന്നു കരുതുന്ന പ്രസ്ഥാനത്തെ കുറിച്ചുള്ള വിമര്‍ശനങ്ങളോ അല്ലെങ്കില്‍  മുസ്‌ലിം സമുദായത്തെ കുറിച്ചുള്ള മുന്‍വിധികളില്‍ നിന്നും വന്നവയോ ആയിട്ടാണ് തോന്നിയത്. സിനിമയെ ഇഷ്ട്ടപ്പെട്ടവരും ഇഷ്ട്ടപ്പെടാത്തവരും ഉണ്ടാവുക സ്വാഭാവികമാണ്. അതാണല്ലോ സിനിമ. സിനിമ നല്ലതോ ചീത്തയോ എന്ന് പറയാനുള്ള ശ്രമമല്ല ഈ കുറിപ്പില്‍ നടത്താന്‍ ഉദ്ദേശിക്കുന്നത്. മറിച്ച് ആ സിനിമയുമായി ബന്ധപ്പെട്ട് ഉണ്ടായ ചില ചര്‍ച്ചകളെ കുറിച്ചും സിനിമ ഉന്നയിക്കുന്നതെന്ന് കരുതുന്ന ചില പ്രശ്നങ്ങളെകുറിച്ചുമാണ് ഇതില്‍ പറയുക. ഹലാല്‍ ലവ് സ്റ്റോറിയെന്ന സിനിമ കണ്ടപ്പോഴുണ്ടായ അനുഭവവും അതിന്റെ ചര്‍ച്ചകള്‍ ശ്രദ്ധിച്ചപ്പോള്‍ തോന്നിയ ചില കാര്യങ്ങളും ചേര്‍ന്നതാണ് ഇതില്‍ പരാമര്‍ശിക്കുന്ന വിഷയങ്ങള്‍. സിനിമയ്ക്കും സിനിമയുടെ ചര്‍ച്ചകള്‍ക്കും പ്രേക്ഷക പ്രതികരണങ്ങള്‍ക്കും ഇടയിലായിരിക്കാം ഈ കുറിപ്പിന്റെ ഇടം.

സക്കരിയയുടെ “സുഡാനി ഫ്രം നൈജീരിയ”യെ കുറിച്ച് നേരത്തെ എഴുതിയിരുന്നു. മലയാള സിനിമയോടുള്ള മുസ്‌ലിം ഇടപാടുകളിലെ നീക്കുപോക്കുകളുടെ ചില സാധ്യതകള്‍ ആ സിനിമ മുന്നോട്ടു വെക്കുന്നുവെന്നാണ് അതില്‍ സൂചിപ്പിക്കാന്‍ ശ്രമിച്ചത്. സമീപനത്തിന്റെ കാര്യത്തില്‍ സുഡാനിയുടെ തുടര്‍ച്ചയായിട്ടല്ല ലവ് സ്റ്റോറിയെ കുറിച്ച് തോന്നിയത്. അതില്‍ നിന്നുമുള്ള ചില മാറ്റങ്ങള്‍ ഇതിനുണ്ടെന്നു കരുതുന്നു. അതില്‍ പ്രധാനം മുസ്‌ലിം സമുദായവും “മത വിശ്വാസ”വും രണ്ടിലും കടന്നുവരുന്ന രീതികളിലാണ്. സുഡാനിയില്‍ മുസ്‌ലിം സമുദായത്തെ  സിനിമാറ്റിക് ലോകത്ത് നോര്‍മലൈസ് ചെയ്യുന്ന ഒരു രീതിയാണ് കണ്ടത്. അത് പൊതുവായ ഒരു  മലയാള സിനിമാ പ്രേക്ഷകയിടത്തെ പെട്ടന്നുലയ്ക്കാത്ത രീതിയില്‍ മുസ്‌ലിം സമുദായത്തിന്റെ സാധുത നേടിയെടുക്കുന്നതാണ് കണ്ടത്. അത് കൊണ്ട് തന്നെയാണ് “മാനവികത”യുടെ മാതൃകയായും മറ്റും അതിനെ ചിലര്‍ മനസിലാക്കിയത്. “മുസ്‌ലി”മിനെ കുറിച്ചാണ് അത് സംസാരിക്കുന്നതെന്ന് അത് അധികം ആരെയും അലോസരപ്പെടുത്തിയില്ല. എന്നാല്‍ ഹലാല്‍ ലവ് സ്റ്റോറിയിലേക്ക് വരുമ്പോള്‍ മതം, വിശ്വാസം എന്നത് ഒരു നിര്‍ണ്ണായക സാന്നിധ്യമാകുന്നു. അത് പലരെയും അസ്വസ്ഥരാക്കുന്നതായും മനസിലാക്കാന്‍ കഴിയും. മതവും, വിശ്വാസവും, “മതസംഘടന”യുമെല്ലാം അതായി തന്നെ വരുന്നു.  ഇസ്‌ലാമിനെ കുറിച്ചും മുസ്‌ലിമിനെ കുറിച്ചും വളരെ സ്പഷ്ടമായ പ്രയോഗങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. സുഡാനിയില്‍ സ്പഷ്ടമായി വരുന്ന സന്ദര്‍ഭങ്ങളില്‍ അത് “പശ്ചാത്തല”മായി നില്‍ക്കുമ്പോള്‍ ഇതില്‍ ആ നിലയ്ക്കല്ല അവ വരുന്നത്. കഥാപാത്രങ്ങളുടെ സംഭാഷണത്തില്‍ മാത്രമല്ല,  മതവും, വിശ്വാസവും, സിനിമയും എല്ലാം കഥാപാത്രങ്ങളായി തന്നെ നില്‍ക്കുന്നതായി അനുഭവപ്പെടും. മതവും സമുദായവും  സിനിമയും തമ്മിലുള്ള ഇടപാടുകളാവാം ഈ സിനിമയിലെ ആകാംക്ഷയെ നിലനിര്‍ത്തുന്നത്. അന്തിമമായ ഒരു പരിഹാരത്തെക്കാള്‍ അവയെകുറിച്ചുള്ള ഒരു പിരിമുറുക്കം രസകരമായി അവതരിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. ഒരു പക്ഷേ അത് ഈ സിനിമയുടെ സൃഷ്ടാക്കളുടെ തന്നെ സംഘര്‍ഷങ്ങളാവാം. ഒപ്പം മലയാളി പ്രേക്ഷകത്വത്തിന്റെ സംഘര്‍ഷങ്ങളുമാവാം, അതിനെ കുറച്ചു കൂടി വിശദീകരിക്കാന്‍ ശ്രമിക്കാം.

സിനിമയെടുക്കാനുള്ള ശ്രമമാണ് ഹലാല്‍ ലവ് സ്റ്റോറിയിലുള്ളത്. സിനിമയ്ക്കുള്ളിലെ സിനിമയേക്കാളും ആ ചെറു  സിനിമയെടുക്കുന്നതിന്റെ സമസ്യകളാണ് ഇതിലുള്ളത്. അത് ശരിക്കും മലയാള സിനിമയോടുള്ള ഇടപാടുകളുടെ സമസ്യകള്‍ തന്നെയാണ് പറയാന്‍ ശ്രമിക്കുന്നതെന്നു തോന്നുന്നു. അത്തരത്തിലുള്ള ധാരാളം സൂചനകളുണ്ട് ഇതില്‍. ഒരു “പൊതു”വായ സംവിധായകനെയാണ് വേണ്ടതെന്ന് അവര്‍ “ആഗ്രഹിക്കുന്നു”. ഒരു മത പശ്ചാത്തലത്തിലുള്ള സംഘടനയെ സംബന്ധിച്ച് ഒരു പൊതുയിടത്തെ  ഇടപെടലിന് സാധുത വേണമെങ്കില്‍ “പൊതു”വായി കരുതപ്പെടുന്ന ഒന്ന് വേണമെന്നാണ് ഒരു സമസ്യ. ആ പ്രതിസന്ധിയോടു ഇടപെടാനും നീക്കുപോക്ക് നടത്താനുമുള്ള ശ്രമമാണ് ആദ്യം തന്നെയുള്ളത്. ഇത് വളരെ  എളുപ്പത്തില്‍ മനസ്സിലാകുന്ന ഒന്നാണ്. എന്നാല്‍ അത് മലയാള സിനിമയുടെ ചില പ്രശ്നങ്ങളെ കുറിച്ച് തന്നെയല്ലേ പറയുന്നത്? ഹിന്ദു/സവര്‍ണ്ണ ചിഹ്നങ്ങളോ, കുടുംബാന്തരീക്ഷമോ, സാംസ്കാരിക അടയാളങ്ങളോ  മലയാള സിനിമയില്‍ ഈ ഒരു പ്രതിസന്ധി നേരിടുന്നില്ലായെന്നതിന്റെ കാരണമെന്താവാം? ഒരു കാലത്ത് ഷാജി കൈലാസിന്റെ സിനിമകളെ കുറിച്ച് ഹൈന്ദവ ചിഹ്നങ്ങള്‍ കടന്നു വരുന്നതിനെ കുറിച്ച് വിമര്‍ശനങ്ങള്‍ വന്നപ്പോള്‍ ഒരു സുഹൃത്ത് പറഞ്ഞതോര്‍ക്കുന്നു. അടുത്തതില്‍ കൂടുതല്‍ സ്പഷ്ടമായി ശക്തമായി അവ കടന്നു വരുമെന്നാണ്. നൂറു നിലവിളക്കിന്റെ സ്ഥാനത്ത് ആയിരം നിലവിളക്ക് ആയിരിക്കും ഉണ്ടാവുകയെന്നാണ്. അത് കൊണ്ട് തന്നെ വളരെ ലളിതമായ രീതിയിലുള്ള വിമർശനങ്ങളുടെ  ആവര്‍ത്തനങ്ങള്‍ കൊണ്ട് കാര്യമില്ലായെന്നു വന്നു. മതേതരം എന്ന് കരുതപ്പെടുന്ന സിനിമയുടെ പൊതുയിടം ആ നിലയ്ക്ക് പലതരം പ്രശ്നങ്ങള്‍ നിറഞ്ഞതാണ്. കേവലം ഏതെങ്കിലും ആധിപത്യം നിലനില്‍ക്കുന്നുവെന്നല്ല അര്‍ത്ഥമാക്കുന്നത്. ആ സംഘര്‍ഷങ്ങള്‍ നിറഞ്ഞ ഒരു പോപ്പുലര്‍ സിനിമായിടത്തോട് മുസ്‌ലിം പശ്ചാത്തലത്തില്‍ നിന്നും വരുന്ന സിനിമക്കാര്‍ ഇടപെടുന്നതിന്റെ സമസ്യകളായിരിക്കാം ഹലാല്‍ ലവ് സ്റ്റോറി പറയാന്‍ ശ്രമിക്കുന്നത്. വിശ്വാസത്തിന്റെ തലത്തില്‍ നിന്ന് കൊണ്ട് എങ്ങനെയാണ് സിനിമയുമായുള്ള നീക്ക്പോക്ക് നടത്തുകയെന്നതാണ് ഇതിലെ ഏറ്റവും വലിയ സമസ്യ. ഈ സിനിമയെ കുറിച്ചുള്ള ചര്‍ച്ചകളില്‍ ചിലതിലെങ്കിലും മുഴച്ചുനിന്നത് സിനിമ വളരെ “ശുദ്ധ”വും, ശരിയും, മതേതരവും, ആധുനികവും, രാഷ്ട്രീയമായി ശരിയായതും എന്നാല്‍ മുസ്‌ലിം സമുദായം അതിലേക്കു ഇനിയും എത്തി ചേര്‍ന്നിട്ടില്ലാത്ത ഒന്നാണെന്നുമുള്ള സങ്കല്‍പ്പമാണ്. അത് കൊണ്ട് ഈ സിനിമ മുസ്‌ലിംകളുടെ സിനിമയോടുള്ള പ്രശ്നത്തെ പരിഹരിക്കാനുള്ള ശ്രമമായാണ് ചിലര്‍ വായിച്ചെടുത്തത്. ഇത്തരത്തിൽ ഒരു സിവിലൈസിംഗ് പ്രൊജക്റ്റ്‌ എന്ന നിലയില്‍ മനസിലാക്കിയവരുടെ പ്രതികരണങ്ങള്‍ ഫെയ്സ്ബുക്കിലും മറ്റും കണ്ടിരുന്നു. എന്നാല്‍  ഈ സിനിമ അതാണ്‌ ചെയ്യുന്നതെന്ന് കരുതുന്നില്ല. ആദ്യം മനസിലാക്കേണ്ടത് സിനിമ എന്നത് ഒരു പ്രശ്നവുമില്ലാത്ത സാമൂഹിക, അധികാര സംഘര്‍ഷങ്ങള്‍ ഒന്നുമില്ലാത്ത ഒന്നല്ല. സിനിമയും ഏതെങ്കിലും സമുദായവും മതവിശ്വാസവും തമ്മിലുള്ള നീക്കുപോക്കുകള്‍ സങ്കീര്‍ണ്ണമായ രണ്ടു വഴിക്കുമുള്ള ഇടപാടാണ്. സിനിമാ നിര്‍മ്മാണം, താര വ്യവസ്ഥകള്‍, വ്യത്യസ്തമായ പ്രേക്ഷകത്വങ്ങള്‍, ഫാന്‍സ്‌ ഗ്രൂപ്പുകള്‍, കാഴ്ചാ–കേൾവീ ശീലങ്ങള്‍, തൃഷ്ണകള്‍, ആനന്ദങ്ങള്‍, വിശ്വാസങ്ങള്‍ എല്ലാം ചേര്‍ന്ന സങ്കീര്‍ണതകൾക്കുള്ളിലാണ് അത് നടക്കുന്നത്. അത് കൊണ്ട് തന്നെ ഈ സിനിമയും നീക്കുപോക്കുകള്‍ നടത്താന്‍ ശ്രമിക്കുന്നത് സിനിമയുടെ സാധ്യതകളെ തേടിക്കൊണ്ടാണ്. അല്ലാതെ സിനിമയുടെ ഒരു മുന്‍കൂട്ടി രൂപീകരിക്കപെട്ട “ശ്രേഷ്ഠ” മാതൃകയിലെത്താനുള്ള ഏതെങ്കിലും “ആധുനികതയില്‍ ഇനിയും എത്തിചേരാത്ത” ഒരു സമുദായത്തിന്റെ ശ്രമമല്ല. സിനിമയും മാറേണ്ടതുണ്ട് എന്ന ഒരു സങ്കല്പം കൂടിയാണ് അത് മുന്നോട്ടു വെക്കുന്നത്. അവസാന രംഗങ്ങളില്‍ കെട്ടിപിടിച്ചഭിനയിക്കുന്ന കാര്യം ചർച്ചയാകുമ്പോള്‍ സംവിധായകനായ സിറാജ് പറ്റില്ലായെന്നു ഉറപ്പിച്ചു പറയുമ്പോള്‍ കലയില്‍ പല സാധ്യതകളുണ്ട് എന്ന് തൗഫീക്കും റഹീമും  തര്‍ക്കിക്കുന്നത്  ആ നിലയ്ക്കാണ്. മത വിശ്വാസത്തിന്റെ ഒരു തലത്തില്‍ നിന്നും സംഘടനയുടെ സങ്കല്‍പ്പങ്ങളില്‍ നിന്നും തങ്ങള്‍ ചെയ്യുന്ന സിനിമയോടാണ് അവര്‍ ഇടപെടുന്നത്. ആ തലത്തില്‍ നിന്ന് മലയാള സിനിമയോട് എങ്ങനെ നീക്കുപോക്ക് നടത്താമെന്നാണ് ആലോചിക്കുന്നത്. അത് ശരിയോ തെറ്റോ എന്നതല്ല അവരെ സംബന്ധിച്ച പ്രശ്നം. സിനിമയുടെ ക്ലൈമാക്സ് ഒരു പക്ഷെ ഒരു അവസാന വാക്കിനേക്കാളും വിശ്വാസവും, സംഘടനയും, സിനിമയും തമ്മിലുള്ള ഇടപാടുകളെ കുറിച്ചുള്ള ചോദ്യങ്ങള്‍ മാത്രമായിരിക്കാം ഉന്നയിക്കാന്‍ ശ്രമിക്കുന്നത്.

സിനിമ എന്ന മതം, മതം എന്ന സിനിമ

സിനിമയോടുള്ള പ്രേക്ഷകയിടപാടുകള്‍ വ്യത്യസ്തമാണ്. അതേ പോലെ സിനിമയും മതവുമായുള്ള ഇടപാടുകളും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. സിനിമയ്ക്കെതിരെ മതത്തെ പ്രതിഷ്ഠിക്കുന്ന നിലപാടുകള്‍ മതേതര മണ്ഡലത്തില്‍ നിന്നുണ്ടാകാറുണ്ട്. എന്നാല്‍ സിനിമയും മതവും തമ്മിലുള്ള ബന്ധം ഇന്ന് ഒരു പഠന മേഖലയാണ്. ഇവ തമ്മിലുള്ള ബന്ധത്തെ കുറിച്ച് എസ് ബ്രെന്റ് പ്ലേറ്റ്, ജോണ്‍ ലേഡെന്‍ തുടങ്ങിയവര്‍ വളരെ ശ്രേദ്ധേയമായ നിരീക്ഷണങ്ങള്‍ മുന്നോട്ടു വച്ചിട്ടുണ്ട്. ജോണ്‍ ലേഡെന്‍ ഒരു പ്രശ്നത്തെ കുറിച്ച് സൂചിപ്പിക്കുന്നത്, നമ്മളിലധികം ബുദ്ധിമുട്ടുകളില്ലാതെയാണ് “മതം” എന്നതിനെ മനസിലാക്കുന്നതെന്നാണ്. അവരവര്‍ ജീവിക്കുന്ന സംസ്കാരത്തില്‍ മതം എന്ന് മനസിലാക്കപ്പെടുന്ന അടയാളങ്ങള്‍ വെച്ച് അത് എളുപ്പത്തില്‍ മനസിലാക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ “മതപരം” എന്ന് വിവക്ഷിക്കപ്പെട്ടിട്ടുള്ളവയില്‍ അല്ലാതെയും “മതപര”മായത് കാണാന്‍ കഴിയും. സിനിമയെ തന്നെ ഒരു മതമായി കാണാവുന്ന സമീപനം ലേഡെന്‍ മുന്നോട്ടു വെക്കുന്നുണ്ട്. ബ്രെനെറ്റ് പ്ലേറ്റും അത്തരം ഒരു വീക്ഷണം മുന്നോട്ടു വച്ചിട്ടുണ്ട്. സിനിമയും മതവും തമ്മിലുള്ള സാമ്യതകള്‍ അദ്ദേഹം ചര്‍ച്ച ചെയ്യുന്നുണ്ട്. ഇവ രണ്ടും നമ്മള്‍  ജീവിക്കുന്ന ലോകമല്ലാതെ മറ്റൊരു ലോകത്തെ നിര്‍മ്മിക്കുന്നുണ്ട്. സിനിമ സ്ഥലം (space), സമയം, ഭൗതിക സാമഗ്രികൾ എന്നിവയെ പ്രത്യേക രീതിയില്‍ ഉപയോഗിക്കാനും അതേ പോലെ ചില മാനദണ്ഡങ്ങള്‍ക്കിണങ്ങുന്ന വിധമാക്കാനും ചില പ്രത്യേക തൃഷ്ണകള്‍ നിര്‍മ്മിക്കുവാനും ശ്രമിച്ചു കൊണ്ടാണ് ഇത് സാധ്യമാക്കുന്നത്. ക്യാമറയുടെ ആംഗിളുകളും ചലനങ്ങളും, ഫ്രേമിംഗ്, ലൈറ്റിംഗ്ഗ്, വസ്ത്രാലങ്കാരം, അഭിനയം തുടങ്ങിയ സിനിമാ നിര്‍മ്മാണത്തിന്റെ പല സങ്കേതങ്ങള്‍ സിനിമ ഇതിനായി ഉപയോഗിക്കുന്നു. അത് വഴിയാണ് സിനിമ ഇത് സാധ്യമാക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു. ചില പ്രത്യേക വസ്തുക്കളില്‍(ചിഹ്നങ്ങള്‍) ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട്, കഥകള്‍(ഐതീഹ്യം-myth) പറഞ്ഞു കൊണ്ട് ഒരു പ്രത്യേക ഇവന്റിലേക്ക് (അനുഷ്ടാനം) ജനങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടും അത് വഴി ചില വസ്തുക്കളെയും കാലഘട്ടത്തെയും മറ്റുള്ളവയില്‍ നിന്നും “വിശുദ്ധ”മായി വേര്‍തിരിച്ചുമാണ് സിനിമ ഇത് നേടിയെടുക്കുന്നത്. അത് വഴി സിനിമയും മതവും ഒരു പുനര്‍-നിര്‍മ്മിക്കപ്പെട്ട ലോകമാണെന്ന് അദ്ദേഹം പറയുന്നു. അത്തരത്തില്‍ മതത്തിന്റെ പല സങ്കേതങ്ങളും സിനിമ ഉപയോഗിക്കുന്നതും തിരിച്ചു മതപരമായ ലോകം സിനിമയില്‍ നിന്നും സ്വീകരിച്ചതും ചര്‍ച്ച ചെയ്യുന്നുണ്ട്.

ഹലാല്‍ ലവ് സ്റ്റോറിയിലേക്ക് വരുമ്പോള്‍ ഇതേ പോലെ സിനിമയും മതവും തമ്മിലുള്ള അതിരുകളും സിനിമയും ജീവിതവും തമ്മിലുള്ള അതിരുകളും നേര്‍ത്തതാകുന്നുണ്ട്. സിനിമയിലെ കഥാപാത്രങ്ങളും സിനിമയ്ക്കുള്ളിലെ കഥാപത്രങ്ങളും അകത്തേക്കും പുറത്തേക്കും പോകുന്നത് കാണുന്നു. പലപ്പോഴും സിനിമയിലെ ഭര്‍ത്താവും ഭാര്യയും (സുഹറയും ഷെരീഫും) സിനിമയ്ക്കുള്ളിലെ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ഇടപാടുകള്‍ തിരിച്ചറിയാതെയാക്കുന്നു. അത് ഒരേ സമയം മതവും/ സിനിമയും തമ്മിലുള്ള അതിരിനെ തന്നെ നേര്‍ത്തതാക്കുന്നു. അതിനെ കുറേ കൂടി വ്യക്തമാക്കുന്ന ഒന്നാണ് സിനിമയിലെ “നാട്ടുകാരുടെ” ഇടം. സിനിമയുടെ ശബ്ദ ഡിസൈനിനെ ഉലയ്ക്കുന്ന ശബ്ദങ്ങള്‍ ഉണ്ടാക്കുന്ന നാട്ടുകാര്‍ പ്രശ്നമുണ്ടാക്കാന്‍ വരുന്നതും ഈ അതിരുകളെ ഭേദിക്കുന്നു. അതിലെ രസമുള്ള ഒരു കാര്യം സിനിമയുടെ റിയലിസ്റ്റിക് ശബ്ദത്തിന് നാട്ടിലെ “യഥാര്‍ത്ഥ” ശബ്ദങ്ങള്‍ തടസ്സമാണെന്നതാണ്. അത് സിനിമയുടെ സാങ്കേതികതയുമായി ബന്ധപെട്ട ഒന്നാണ്. പുനര്‍ -നിര്‍മ്മിക്കപ്പെടുന്ന ലോകത്തിന്റെ സമസ്യകള്‍ അതില്‍ അറിയാന്‍ കഴിയുന്നു.

ഹലാല്‍ ലവ് സ്റ്റോറിയെ കുറിച്ചുള്ള എസ് സഞ്ജീവിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ സിനിമയിലെ മൈനര്‍ സംഗതികളെ സൂചിപ്പിക്കുന്നുണ്ട്: “[ ]… മേജര്‍ സംഗതികള്‍ക്കിടയില്‍ ചില minor സംഗതികള്‍. ഒരു Minor സമുദായത്തിലെ minor വിഭാഗം. ടെലിസിനിമയും ഓ ടി ടി സിനിമയും. രണ്ജിത്ത് ഗുഹ പറഞ്ഞ പോലെ നിലത്തേക്ക് നല്ലവണ്ണം കുനിഞ്ഞാല്‍ മാത്രം കേള്‍ക്കാവുന്ന ചെറുശബ്ദങ്ങള്‍ എല്ലാം കേള്‍ക്കാവുന്ന ശബ്ദലേഖകന് സഹിക്കാനാവാത്ത ഇടം. “ഹലാല്‍ ലവ് സ്റ്റോറിയിലെ ഉള്ളിലെ മൈനര്‍ സിനിമ മലബാറിലെ ഹോം സിനിമ ആണെന്ന് കരുതാം. ഷഫീഖ് വളാഞ്ചേരി കാമ്പസ് അലൈവില്‍ എഴുതിയ ‘ഹലാല്‍ ലവ്വും സാംസ്കാരിക വിമര്‍ശനത്തിന്റെ പുതു സാധ്യതകളും’ എന്ന ലേഖനത്തില്‍ അതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ട്. അതില്‍ അദ്ദേഹം പറയുന്നു “രണ്ടായിരങ്ങളുടെ തുടക്കത്തില്‍ പുതുതായി പ്രചാരത്തില്‍ വന്ന സി ഡി (കോമ്പാക്റ്റ് ഡിസ്ക്) സാങ്കേതിക വിദ്യയും വര്‍ദ്ധിച്ചു വന്ന കേബിള്‍ ടി വി ചാനലുകളും അതോടൊപ്പം തന്നെ മുന്‍പ് തന്നെ നിലനിന്നിരുന്ന വീഡിയോ വാടക കടകളുടെ ശൃംഖലകളുടെ സൗകര്യങ്ങളും ഉപയോഗിച്ച് മലബാറില്‍ വികസിച്ചു വന്ന ഇസ്‌ലാമിക അന്തരീക്ഷമുള്ള ഹോം സിനിമകളാണ് ഹലാല്‍ ലവ്‌ സ്റ്റോറിയുടെ സിനിമാ പരിസരം”. അതിലെ നിര്‍ണ്ണായക പങ്കു വഹിച്ച സലാം കൊടിയത്തൂരിനെ കുറിച്ച് അദ്ദേഹത്തിന്റെ മറ്റൊരു പ്രബന്ധത്തില്‍ (the Islamic subject of home cinema of Kerala) വിശദമായി എഴുതിയിട്ടുണ്ട്. പ്രസ്തുത പ്രബന്ധത്തില്‍ ഷഫീഖ് ഈ സിനിമയിലെ ഇസ്‌ലാമിക വിഷയി (Islamic subject)  പരസ്പരം ബന്ധപ്പെട്ടതും എന്നാല്‍ വ്യതിരിക്തവുമായ രണ്ടുദ്ദേശങ്ങളില്‍ പെട്ടിരിക്കുന്നതായി സൂചിപ്പിക്കുന്നുണ്ട്. അതിലൊന്ന് ധാര്‍മികമായ corrupting ആയതായി മനസിലാക്കപ്പെട്ട മുഖ്യധാരാ സിനിമക്കെതിരായ ഒരു ഭാഷയുണ്ടാക്കാനുള്ള ശ്രമം, രണ്ട്, മലബാറിന്റെ ഒരു പ്രാദേശിക ഭാഷ (rural-vernacular) സൃഷ്ട്ടിക്കാനുള്ള ശ്രമം. ഗള്‍ഫ് കുടിയേറ്റവുമായി ബന്ധപെട്ട അധീശ സംസ്കാരത്തിലെ ആശങ്കകളെ പരിഹരിക്കാന്‍ ഈ ഹോം സിനിമകള്‍ എങ്ങനെയാണ് ഒരു ഇസ്‌ലാമിക വിഷയിയെ നിര്‍മ്മിക്കുന്നതെന്ന് പ്രബന്ധം പരിശോധിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ കാമ്പസ് അലൈവ് ലേഖനത്തില്‍ ലവ് സ്റ്റോറിയെ കുറിച് മറ്റൊരു കാഴ്ചപ്പാടാണ് ഷഫീഖ് മുന്നോട്ടു വെക്കുന്നത്. അതില്‍ മുഖ്യധാരയ്ക്ക് ഒരു ബദലായി കൊണ്ട് ഒരു സിനിമ നിര്‍മ്മിക്കുകയല്ല റഹീം സാഹിബ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. “ദൈവത്തിന്റെ അതൃപ്തിക്ക് പാത്രമാവാതെ ആ ആസ്വാദനത്തില്‍ ഭാഗമാവാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു” എന്നും പറയുന്നു. ഈ കാഴ്ചപ്പാട് ശ്രദ്ധേയമായാണ് തോന്നുന്നത്. കാരണം സക്കരിയയുടെ സിനിമകളില്‍ ഈ നിലയ്ക്ക് ഒരു പ്രവണതയുണ്ടെന്നാണ് തോന്നിയിട്ടുള്ളത്. കേവലമായ ഒരു ദ്വന്ദം സൃഷ്ട്ടിക്കാതിരിക്കുന്നത് കാണാം. സുഡാനിയെ കുറിച്ച് എഴുതുമ്പോള്‍ ഞാന്‍ സൂചിപ്പിക്കാന്‍ ശ്രമിച്ച ഒന്നാണത്. അതില്‍ ഒരേ സമയം മുസ്‌ലിം പുരുഷനെ കുറിച്ചുള്ള വാര്‍പ്പ് മാതൃകയുമില്ല അതേ പോലെ അതിനെ എതിര്‍ക്കുന്ന ഒരു “ഇസ്‌ലാമിക” പ്രതിനിധാനവുമില്ല. പ്രതീക്ഷിക്കുന്ന രണ്ടു ദ്വന്ദങ്ങളെ അദൃശ്യമാക്കി കൊണ്ടാണ് അതില്‍ മൂന്നാമതൊരു തലത്തില്‍ നിന്നുള്ള മുസ്‌ലിം ലോകം വരുന്നത്. ഹലാല്‍ ലവ് സ്റ്റോറിയിലും അതേപോലെ പരസ്പരം എതിര് നില്‍ക്കുന്ന പ്രതിനിധാനങ്ങളില്ല. മുഖ്യധാരാ സിനിമയോടോ സങ്കൽപ്പത്തോടോ ഉള്ള ഒരു നേര്‍ക്കുനേര്‍ എതിരിടലില്ല എന്നാല്‍ അത് മറ്റൊരു ലോകത്തെ സംവാദത്തിലൂടെ ചര്‍ച്ചയ്ക്കു കൊണ്ട് വരുന്നുമുണ്ട്. അത് കൊണ്ട് തന്നെ കേവലം “ഗൗരവമുള്ള” സൈദ്ധാന്തിക ചര്‍ച്ചകൾക്കപ്പുറം പോപ്പുലര്‍ സിനിമയുടെ പല ആനന്ദങ്ങളെയും തൃഷ്ണകളെയും ഹലാല്‍ ലവ് സ്റ്റോറി അഭിസംബോധന ചെയ്യുന്നുണ്ട് എന്നാണു കരുതുന്നത്. അത് കൊണ്ട് തന്നെ ഇതില്‍ പ്രകടമാകുന്ന മതം/സിനിമ എന്നിവയുടെ നീക്കുപോക്കിനെ സംബന്ധിച്ചുള്ള താല്പര്യമില്ലാത്തവര്‍ക്കും പോപ്പുലര്‍ ആസ്വാദനത്തിന്റെ മറ്റു തലങ്ങളും പ്രദാനം ചെയ്യാന്‍ ഇതിനു കഴിയുന്നുണ്ടെന്നു കരുതാം.


റഫറന്‍സ്

1) S Brent plate, Religion and film: Cinema and the recreation of the world (Newyork:2017)

2) Mohamed shafeeq karinkurayil, The Islamic subject of home cinema in Kerala (published in  Bioscope, south Asian screen studies, July 25, 2019)

3) Dr. shafeeq valanchery  https://campusalive.net/halal-love-story-and-critical-theory/

4) JOhn c Lyden, Film as religion, Myths, morals and rituals (Newyork: 2019)

എ എസ് അജിത് കുമാര്‍